അരനൂറ്റാണ്ട് പിന്നിട്ട ‘കാലം’

ഡോ. റഷീദ് പാനൂർ

മലയാളത്തിലെ ക്ലാസിക്കൽ നോവൽ പാരമ്പര്യം സി.വിയിൽ തുടങ്ങുന്നു. സി.വിയുടെ നോവലുകൾ ഇന്നും പുനർവ്യാഖ്യാനത്തിനുള്ള സാധ്യതകൾ ഉള്ളവയും സൗന്ദര്യാത്മകതലത്തിൽ ആധുനിക നോവലുകൾക്ക് ഒപ്പം നിൽക്കാൻ കെല്പുള്ളവയുമാണ്.

Dr Rasheed Panoor
തകഴിയും കേശവദേവും പൊറ്റക്കാടും ചെറുകാടും വിശപ്പാണ് മനുഷ്യന്റെ ഏറ്റവും വലിയ ശത്രുവെന്നും അത് സമൂഹത്തിൽ നിലനിൽക്കുന്ന വർഗവൈരുധ്യത്തിന്റെ ഫലമാണെന്നും, അദ്ധ്വാനിക്കുന്നവന്റെ സ്വർഗലോകം ചിറകൊടിഞ്ഞുവീണാൽ ബൂർഷ്വാസമൂഹം നശിക്കുമെന്നും വിശ്വസിച്ചു. എഴുത്തുകാർ അദ്ധ്വാനിക്കുന്നവന്റെ സംസ്‌കാരം കെട്ടിപ്പടുക്കാൻ ബാധ്യസ്ഥനാണെന്ന് വിശ്വസിക്കുകയും കലയുടെ ദൗത്യം വർഗരഹിത സമൂഹമുണ്ടാക്കിയെടുക്കലാണെന്ന് കരുതുകയും ചെയ്തു. സമുദായത്തിന്റെ ചരിത്രം വർഗസമരത്തിന്റെ ചരിത്രമാണ്. അപ്പോൾ ഉല്പാദകശക്തികൾക്ക് പ്രാതിനിധ്യം കിട്ടുന്ന കാലഘട്ടത്തിൽ മാത്രമേ ഒരു വർഗത്തിന് ഭരിക്കാനാവൂ എന്ന കമ്മ്യൂണിസ്റ്റ്, സ്റ്റാലിനിസ്റ്റ് രീതിക്ക് അടിക്കുറിപ്പെഴുതിയ തകഴിയും ദേവും ചെറുകാടും എഴുതിയ കൃതികൾ മിക്കതും കാലത്തിന്റെ കുത്തിയൊഴുക്കിൽ മാഞ്ഞുപോയി. പ്രശസ്ത സാഹിത്യനിരൂപകൻ എം. കൃഷ്ണൻ നായർ ബൻയമിൻ എന്ന മാർകിസിയൻ സൗന്ദര്യശാസ്ത്രകാരനെ കുറിച്ചെഴുതിയ ലേഖനത്തിൽ നിന്നുള്ള ഒരു ഭാഗമിതാ:

‘വ്യക്തിയിൽ നിന്നോ വസ്തുവിൽ നിന്നോ ഉത്ഭവിക്കുന്നതും, ആ വ്യക്തിയുടെയോ വസ്തുവിന്റെയോ ചുറ്റും വ്യാപിക്കുന്നതുമായ അന്തരീക്ഷത്തെ ഇംഗ്ലീഷിൽ ഔറ (aura) എന്ന് പറയുന്നു. കലാസൃഷ്ടികളെക്കുറിച്ച് പറയുമ്പോൾ ബൻയമിൻ ഉപയോഗിക്കാറുള്ള വാക്കാണിത്. കലാസൃഷ്ടിയുടെ സവിശേഷതായാർന്ന ഈ അന്തരീക്ഷം യാന്ത്രികമായി പുനരാവിഷ്‌കരിച്ചാൽ കല ഇല്ലാതാവുന്നു’.

കാലിൽ ദർഭമുനകൊണ്ടെന്ന് നടിക്കുന്ന ശകുന്തളയുടെ ചിത്രം രവിവർമ വരച്ചിട്ടുണ്ട്. ഈ ചിത്രം ആർട് ഗാലറിയിൽ നിന്ന്
നാം കാണുമ്പോൾ നമുക്ക് അനുഭവപ്പെടുന്ന വികാരം അത് മൊബൈലിൽ പകർത്തി മറ്റൊരാൾക്ക് അയച്ചാൽ കിട്ടണമെന്നില്ല.
സാംസ്‌കാരികപാരമ്പര്യം നൽകിയ ഒരു മൂല്യം ഒറിജിനലായ രവിവർമചിത്രത്തിനുണ്ട്. മൊബൈൽ ക്യാമറ പാരമ്പര്യം തകർക്കുന്നു.

എം. കൃഷ്ണൻ നായർ മാത്രമല്ല വിശ്വമഹാകവിയായഒക്ടാവിയോ പാസ്സും ഇത് പറയുന്നുണ്ട്. തൊഴിലാളിവർഗത്തിനുവേണ്ടിയോ അവരുടെ സംഘടിതശക്തിയുടെ ആക്കം കൂട്ടാൻ വേണ്ടിയോ രചിക്കപ്പെടുന്ന കല വിപ്ലവാത്മകമാവുകയില്ല എന്ന്
മാർക്‌സിയൻ നിരുപണത്തിന്റെ അതിരുകൾ വികസിപ്പിച്ചെടുത്ത ഹെർബർട്ട് മർകൂസ് തന്റെ Aesthetic Dimensions എന്ന ഗ്രന്ഥ
ത്തിൽ പറയുന്നു. The political potential of art lies only in its own aesthetic dimension (കലയുടെ രാഷ്ട്ര വ്യവഹാര സംബന്ധിയായ ശക്തിയിരിക്കുന്നത് അതിന്റെ കലാത്മകമായ മാനങ്ങളിൽ മാത്രമാണ്).

ആഴമില്ലാത്ത സാമൂഹ്യ ചിത്രങ്ങളെ തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് ഒരു സാഹിതിക്കും ഏറെക്കാലം പിടിച്ചുനിൽക്കാൻ
കഴിയില്ല. തകഴിയും ദേവും മികച്ച കഥകളും നോവലുകളും സംഭാവന ചെയ്തിട്ടുണ്ട്. പക്ഷേ കേരളീയ സാമൂഹ്യജീവിതത്തിന്റെ പ്രശ്‌നങ്ങളെ അനാവരണം ചെയ്യുന്നതിൽ സാമൂഹ്യശാസ്ത്രപരമോ മന:ശാസ്ത്രപരമോ ആയ ഉൾക്കാഴ്ചകൾ തരുന്ന സോഷ്യജിക്കൽ നോവലുകൾ തകഴിയും പൊറ്റക്കാടും ദേവും വളരെക്കുറച്ച് മാത്രമേ എഴുതിയിട്ടുള്ളൂ. വൈക്കം മുഹമ്മദ് ബഷീർ ഇന്നും ആധുനികനായി വിലസുന്നത് അദ്ദേഹത്തിന്റെ കല നിത്യനൂതനമായതുകൊണ്ടാണ്. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയിൽ വിപ്ലവം കണ്ട പോലീസ് കോൺസ്റ്റബിളിന്റെ പ്രത്യയശാസ്ത്രപരമായ ഉൾക്കാഴ്ച മാത്രമേ മലയാളത്തിലെ കമ്മിറ്റ്‌മെന്റ് എഴുത്തുകാരിൽ പലർക്കുമുണ്ടായുള്ളൂ.

എം.ടിയുടെ ഉൾക്കാഴ്ച
എം.ടിയും മാധവിക്കുട്ടിയും സമൂഹത്തിന്റ പരന്ന ദൃശ്യങ്ങൾ സൂപ്പർഫിഷലായി പകർത്താതെ വ്യക്തിയിലേക്ക് അവനെ ചൂഴുന്ന പ്രശ്‌നങ്ങളിലേക്ക് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന സാമൂഹ്യ വ്യവസ്ഥിതിയുടെ ഊടുവഴിയിലേക്ക് നീങ്ങി. മലയാളനോവൽ സാഹിത്യത്തിൽ എം.ടി വേറിട്ട് നിൽക്കുന്ന ഒരു വ്യക്തിയാണ്. ജീവിതത്തിന്റെ പരക്കെ അറിയപ്പെടാത്ത അംശങ്ങളിലേക്ക് കണ്ണെത്തുമ്പോഴാണ് സാധാരണ കാര്യങ്ങൾ കഥയായി പരിണമിക്കുന്നത്. ‘ബാല്യകാല സഖി’യിലെ സുഹ്‌റയും മജീദും, ‘മഞ്ഞി’ലെ വിമല, ‘കാല’ത്തിലെ സേതു തുടങ്ങിയ കഥാപാത്രങ്ങൾക്കില്ലാത്ത വർണപ്പകിട്ട് ലേഖാമാധവന്മാർക്കില്ല.

മൂന്ന് കാര്യങ്ങൾ മികച്ച നോവലുകൾക്ക് ഊടും പാവും നൽകുന്നു. 1. നോവലിന്റെ ദൃശ്യഭംഗി 2. ഭാഷയുടെ റിഥം 3. കഥാപാത്രങ്ങളുടെ മന:ശാസ്ത്രപരമായ ഉൾക്കാഴ്ച. എം.ടിയുടെ ‘നാലുെകട്ടും’ ‘അസുരവിത്തും’ ‘കാല’വും ‘മഞ്ഞും’ ‘രണ്ടാമൂഴ’വും മലയാളത്തിലെ മികച്ച നോവലുകളിൽ ഉൾപ്പെടുത്തുന്നതിൽ തെറ്റില്ല. ബഷീർ, ഉറൂബ്, കോവിലൻ, ഒ.വി. വിജയൻ, ആനന്ദ് തുടങ്ങിയ മേജർ നോവലിസ്റ്റുകളുടെ പട്ടികയിൽ എം.ടിക്ക് സ്ഥാനമുണ്ടോ? ഇത് കാലം തെളി
യിക്കും.

മഞ്ഞ്
എം.ടിയുടെ ‘മഞ്ഞ്’ ഭഗ്‌നപ്രണയത്തിന്റെ വിലാപകാവ്യമാണെന്ന് എഴുതിപ്പിടിപ്പിച്ച കെ.പി. ശങ്കരനെപ്പോലുള്ള സീനിയർ
നിരൂപകർ വായിച്ചിരിക്കേണ്ട ലേഖനമാണ് കെ.പി. അപ്പനെഴുതിയ ‘സമയ തീരങ്ങളിലെ സംഗീതം’. ഈ നോവലിന് ഒരു നവജീവൻ നൽകിയ നിരൂപണമാണിത്. കെ.പി. അപ്പൻ പറയുന്നതിങ്ങണെയാണ്: ”പൊതുവെ പറഞ്ഞാൽ മനുഷ്യാവസ്ഥയെ കുറിച്ചുള്ള കാല്പനിക ധ്യാനങ്ങളാണ് എം.ടിയുടെ കൃതികൾ. ഒറ്റപ്പെടുന്ന വ്യക്തിയുടെ വ്യസനം ഈ എഴുത്തുകാരന്റെ ബോധത്തെ എപ്പോഴും വലയം ചെയ്ത് നിർമാണാത്മകമാക്കിയിരിക്കുന്നു. ഒറ്റപ്പെടുന്ന മനുഷ്യന്റെ അവസ്ഥ കുടുംബവുമായി ബന്ധപ്പെടുത്തിയാണ് എം.ടി. അപഗ്രഥിച്ചത്. സമൂഹത്തിന്റെ ഏറ്റവും ചെറിയ ഘടകമായ കുടുംബം നേരിടുന്ന തരിശുയുഗ വ്യസനങ്ങൾ തന്റെ നോവലുകളിൽ അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്. മതം, തൊഴിൽ, സുദൃഢമായ വ്യക്തിബന്ധങ്ങൾ, പരസ്പരാശ്രയത്വം, സുരക്ഷിതത്വബോധം എന്നിങ്ങനെ കുടുംബത്തെ നിലനിർത്തുന്ന പ്രധാന ഘടകങ്ങൾ കുടുംബ സംവിധാനത്തെ ദുരന്തത്തിലേക്ക് നയിക്കും വിധം ഇളകിത്തുടങ്ങുന്നത് എം.ടിയുടെ നോവലുകളിൽ നാം കാണുന്നു’.
(മാറുന്ന മലയാള നോവൽ പുറം 24)

ബാഹ്യലോകത്തിന്റെ ന്യായരഹിതമായ മൗനമാണ് ‘മഞ്ഞ്’ എന്ന നോവലിൽ നിറഞ്ഞ് നിൽക്കുന്ന ദർശനബോധമെന്ന് നവീന നിരൂപകർ കണ്ടെത്തുന്നു. ഈ നോവലിലെ സർദാർജിയുടെ ജീവിതതത്തോടുള്ള നിലപാട് അസ്തിത്വ ദു:ഖത്തിന്റെ ആ
ചാര്യന്മാരായ അൽബേർ കമ്യൂവിന്റെയും കാഫ്കയുടെയും സാർത്രിന്റേയും നിലപാടുകളോട് സാമ്യമുണ്ട്. മരണത്തെ രംഗബോധമില്ലാത്ത കോമാളിയെന്ന് വിശേഷിപ്പിക്കുകയും, ദു:ഖത്തെ ഫലിതമായി കാണുകയും ചെയ്യുന്ന ഈ കഥാപാത്രത്തെ ‘കാഫ്കയിസ്‌ക് (Kafkeyisque) രീതിയിലാണ് എം.ടി വാർത്തെടുത്തത്.

‘ഈ നാലുകെട്ട് പൊളിക്കാൻ ഏർപ്പാട് ചെയ്യണം, ഇവിടെ കാറ്റും വെളിച്ചവും കടക്കുന്ന ചെറിയ വീടു മതി’ എന്ന അപ്പുണ്ണിയുടെ നിലപാട് കഴിഞ്ഞ 50 വർഷമായി മലയാളത്തിൽ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നു.

മരണവും കാലവും എം.ടിയിൽ വൈകാരികമായ അശാന്തി സൃഷ്ടിച്ചു എന്നതിന് അദ്ദേഹത്തിന്റെ എല്ലാ രചനകളും തെളിവാണ്. എം.ടിയുടെ ‘കാലം’ എന്ന നോവലിലും, ‘അസുരവിത്ത്’, ‘വിലാപയാത്ര’, ‘വാരാണസി’ തുടങ്ങിയ നോവലുകളിലും എം.ടിയുടെ കാലബോധത്തെ കുറിച്ചുള്ള നിലപാടുകൾ കണ്ടെത്താൻ കഴിയും. ഭൂതകാലത്തെയും വർത്തമാനകാലത്തെയും ലയിപ്പിക്കുന്ന ഒരു ആത്മീയ സമഗ്രത എം.ടിയിലുണ്ട്. ഇത് ബഷീറിൽ ശക്തമായി കാണാൻ കഴിയും. ഭൂതം, വർത്തമാനം, ഭാവി എന്നിങ്ങനെ മുറിച്ചെടുത്ത് ഒട്ടിച്ചു വയ്ക്കാൻ സാദ്ധ്യമല്ല എന്ന ബോധം എം.ടിക്കുണ്ട്. വിശ്വമഹാകവി ടി.എസ് എലിയറ്റ് എഴുതിയതു പോലെ ‘Time is fast, Time is Present, and both belong to the future’.

കാലം
എം.ടിയുടെ വിഖ്യാത നോവൽ ‘കാലം’ അര നൂറ്റാണ്ട് പിന്നിടുകയാണ്. കാലബോധത്തിൽ ലയിച്ചു കിടക്കുന്ന എം.ടിയുടെ
കൃതികളിൽ വേറിട്ടുനിൽക്കുന്ന ഒരു സൃഷ്ടിയാണ് ‘കാലം’ എന്ന നോവൽ. ജീവിതത്തിന് മേൽ കാലത്തിനുള്ള നിഷ്ഠൂരമായ
ആധിപത്യവും, ശൂന്യതയെ കുറിച്ചുള്ള ബോധവും എം.ടിയുടെ മനസ്സിനെ ഒരു നരകാഗ്നിയാക്കി മാറ്റിയതിന് മറ്റൊരു തെളിവാണ് ‘കാലം’ എന്ന നോവൽ.

പുറമേ ശ്യാമരാഗത്തിന്റെ ശാന്തസ്വഭാവം പ്രകടിപ്പിക്കുന്ന കാലമെന്ന നോവൽ എം.ടിയുടെ മറ്റു നോവലുകൾ പോലെ മനുഷ്യാവസ്ഥയുടെ ദാരുണമായ പ്രതിഫലനമാണ്. പ്രകൃതിയും മനുഷ്യാവസ്ഥയും തമ്മിലുള്ള സന്തുലനം ‘കാല’ത്തിലെ എല്ലാ ചാപ്റ്ററുകളിലും നിറഞ്ഞു നിൽക്കുന്നു. ഗ്രാമചിത്രങ്ങളുടെ കാവ്യാത്മകമായ ഇമേജറിയിലൂടെയാണ് ‘കാല’ത്തിന്റെ ആദ്യ അധ്യായം വികസിക്കുന്നത്. വെയിൽ, മഴ, പൂക്കൾ, നനഞ്ഞ മണൽ, അരയാൽ വീണു കിടക്കുന്ന പറമ്പ്, വേലി കെട്ടിയ വാഴത്തോപ്പുകൾ, കട്ട ഉടച്ചിട്ട പാടങ്ങൾ, താലപ്പൊലി ഇങ്ങനെ ഗ്രാമത്തിന്റെ ആത്മാവ് തലോടിക്കൊണ്ട് പതുക്കെ ഇതൾ വിടർത്തുന്ന ‘കാല’ത്തിന്റെ ആദ്യ അധ്യായത്തിൽ നിന്ന് ഒരു ഭാഗമിതാ ‘വയൽവരമ്പിൽ അങ്ങിങ്ങായി തെന്നിച്ചാടിയ പച്ചക്കുതിരകൾ പുറപ്പെടുവിച്ച വളരെ നേർത്ത ശബ്ദത്തെപ്പെറ്റി അപ്പോൾ പൊടുന്നനെ ഓർമ വന്നു. നീല പൂക്കളുള്ള ജാക്കറ്റിലെ പ്രസ് ബട്ടൺ പൊട്ടുന്നതുപോലെ’.

പ്രകൃതിയും സ്ത്രീത്വത്തിന്റെ വശ്യതയും അനാവൃതമാക്കിക്കൊണ്ടു തുടങ്ങുന്ന ഈ നോവലിൽ നാഗരിക സംസ്‌കാരവും
ഗ്രാമീണതയുടെ ശാലീനതയും ഇളകി മറിയുന്ന മിന്നൽപ്പിണറുകളായി വായനക്കാരെ ലഹരി പിടിപ്പിക്കുന്നു. നാഗരികതയുടെ നടുമുറ്റത്തേക്ക് ഗ്രാമീണതയുടെ പൊട്ടക്കിണറ്റിൽ നിന്ന് ഒരു ചെറുപ്പക്കാരൻ എത്തുമ്പോൾ ഉണ്ടാകുന്ന മാറ്റമാണ് ഈ നോവലിന്റെ ‘തീം’ (theme). തന്റെ ബാല്യകാലസഖിയായ സുമിത്ര മനസ്സിൽ തീർത്ത ഉദ്യാനത്തിന് വെളിയിൽ പോയി നഗരവെളിച്ചത്തിന്റെ മായികപ്രഭയിൽ അനേകം സ്ത്രീകളുമായി ശയിച്ചപ്പോൾ നഗരംതന്നെ ഒരു വലിയ അഭിസാരികയാണെന്ന് കഥാനായകൻ സേതുവിന് തോന്നി. നഗരത്തിന്റെ നിശാഗന്ധത്തിന് കൃത്രിമമായ മണമാണെന്ന് മനസ്സിലാക്കിയ സേതു ഗ്രാമത്തിന്റെ ആത്മാവിലേക്ക് തിരിച്ചുവരുന്നു. താൻ നഗരത്തിൽ നിന്ന് നേടിയത് കാപട്യവും പൊള്ളയായ (hollow) മനുഷ്യബന്ധങ്ങളുമാണെന്ന തിരിച്ചറിവ് അവനെ അസ്വസ്ഥനാക്കുന്നു. സ്ത്രീകളിൽ നീന്തിക്കുളിച്ചെങ്കിലും, പണം ആവശ്യത്തിലേറെ നേടിയെങ്കിലും സേതുവിന് തന്നോടുതന്നെ വെറുപ്പും അറപ്പും തോന്നി.

ഗ്രാമത്തിന്റെ ആത്മാവിൽ തുടങ്ങി, ഗ്രാമഭംഗി നഷ്ടപ്പെട്ട വ്യഥയിൽ അവസാനിക്കുന്ന ‘കാലം’ എന്ന നോവൽ യഥാർത്ഥ
ത്തിൽ 2 കാലങ്ങളെ പ്രതിനിധീകരിക്കുന്നു. ‘മലവെള്ളം ഒഴുകുമ്പോൾ പുഴ വീർത്ത് വീർത്ത് വരുന്നത്’ സ്വപ്‌നം കണ്ട സേതു പിന്നീട് കാണുന്നത് ചോര വാർന്ന് വീണ ചലനമറ്റ പുഴയാണ്.

‘ചതി’ (cheat) എം.ടിയുടെ കഥകളിലും നോവലുകളിലും നിരന്തരം ആവർത്തിക്കുന്ന തീമാണ് (theame). ‘കാലം’ എന്ന നോവലിലെ നായിക സുമിത്രയുടെ സാനനിധ്യം മിക്ക അധ്യായങ്ങളിലുമുണ്ട്. കളഭക്കൂട്ടിന്റെ ഭംഗിയുള്ള സുമിത്രയുടെ ഭംഗിയെ തേടുന്ന സേതുവിന്റെ യൗവനം എം.ടി കടുത്ത ചായക്കൂട്ട് ഉപയോഗിച്ച് വരച്ചിടുന്നു. തന്റെ സ്വപ്‌നത്തിൽ സുമിത്ര നിറഞ്ഞത് നഗരത്തിന്റെ മെട്രോപൊളിറ്റൻ പ്രഭാവലയത്തിൽ സേതു മറന്നു പോകുന്നു. മെട്രോ സുന്ദരികളുടെ നൃത്തച്ചുവടും അംഗഭംഗിയും ശരീരവും ആസ്വദിച്ചപ്പോൾ സേതുവിന് സുമിത്ര ഒരനവശ്യ വസ്തുവായി മാറി.

മനസ്സിന്റെ ഏതോ കോണുകളിൽ ഗ്രാമം വീണ്ടും വീണ്ടും പിറവിയെടുക്കുന്നു. ഇറയത്തു നിന്ന് മഴവെള്ളം ഒച്ചയോടെ വീഴുമ്പോൾ ഉറങ്ങാൻ രസമാണെന്ന് സേതുവിന് തോന്നിയ കാലത്ത് സുമിത്ര മനസ്സിൽ ദേവതയെപ്പോലെയുണ്ടായിരുന്നു.
നഗരജീവിതത്തിൽ സേതു കാലത്തിനൊത്ത് കോലം കെട്ടാൻ ശ്രമിച്ചു പരാജയപ്പെടുകയാണ്. ഈ നോവലിൽ പട്ടണസം
സ്‌കാരം വാരിപ്പുണരുന്ന ലളിത ശ്രീനിവാസനും മിസിസ് മേനോനും സമൂഹത്തിന്റെ ഉയരങ്ങളിൽ ആർഭാടത്വത്തിന്റെ പറുദീസ അന്വേഷിക്കുന്നവരാണ്. ഗ്രാമജീവിതത്തിന്റെ ചില മൂല്യങ്ങളിൽ വിശ്വസിക്കുന്ന സേതുവിന് കുത്തഴിഞ്ഞ സ്ത്രീകളുടെ ഗന്ധം ഒടുവിൽ മടുപ്പുളവാക്കി. പട്ടണസംസ്‌കാരത്തോടുള്ള രോഷം കാറിന്റെ വേഗത കൂട്ടി സേതു പ്രകടിപ്പിക്കുമ്പോൾ തന്റെ യജമാനത്തിയും സ്വപ്‌ന നായികയുമായ ലളിത പറഞ്ഞു, ‘നിങ്ങൾക്ക് ഭ്രാന്താണ്’. സേതു മറുപടി പറഞ്ഞു, ‘യെസ്, നമുക്കെല്ലാം, ഈ കാറിനും’. താളംതെറ്റിയ മനസ്സിന്റെ ഗതിമാറ്റമാണ് ഈ കാറോടിക്കൽ സൂചിപ്പിക്കുന്നത്. ട്രാൻക്വലൈസറിന്റെ സഹായത്തോടെ മാത്രം ഉറങ്ങാൻ കഴിയുന്ന സേതു നാട്ടിലെത്തിയപ്പോൾ പലതും
മാറിപ്പോയിരിക്കുന്നു.

അമ്പലത്തിയപ്പോൾ അയാൾക്ക് പ്രാർത്ഥിക്കാനുണ്ടായിരുന്നത് ‘ഒരിക്കൽ കൂടി ഈ ഗ്രാമത്തിൽ കഴിയാൻ അവസരം തരൂ’
എന്നാണ്. കാലത്തിലൂടെ പിന്നോട്ടുള്ള യാത്ര അസാധ്യമാണെന്ന് അറിയാവുന്ന സേതുവിന്റെ മനസ്സിൽ പ്രത്യാശയുടെ കിരണ
ങ്ങൾ കെട്ടുപോകാതെ നിൽക്കുന്നു. ചെറുപ്പത്തിൽ തന്നെ താനാക്കിയ നാട്ടുവിശേഷങ്ങളും താൻ കണ്ടു മറന്ന ദൃശ്യങ്ങളും സേതുവിനെ ഇപ്പോൾ വേട്ടയാടുന്നു.

‘നിനക്ക് എന്നോട് വെറുപ്പുണ്ടോ?’ എന്ന സേതുവിന്റെ ചോദ്യത്തിന് തന്റെ കരളിന്റെ കഷ്ണമായിരുന്ന സുമിത്രയുടെ മറുപടി ഇങ്ങനെയായിരുന്നു. ‘സേതുവിന് എന്നും സേതുവിനോട് മാത്രമേ ഇഷ്ടമുണ്ടായിരുന്നുള്ളു’. സേതുവിനെ ശരിക്ക് മനസ്സിലാ
ക്കിയത് സുമിത്ര മാത്രം.

‘ഓർമിക്കാനാവുന്നില്ല, വരണ്ട പുഴപോലെ മനസ്സ് ഒഴിഞ്ഞുകിടക്കുന്നു, അവസാനിക്കാത്ത മണൽതിട്ടയിലൂടെ പൂഴ്ന്നു പോകുന്ന കാലടികൾ വലിച്ചു വലിച്ചു നടക്കുമ്പോൾ നിസ്സഹായത മനസ്സിലാവുന്നു, ഓർമിക്കാനാവുന്നില്ല’.
നാടുവിട്ട അപ്പുണ്ണി (നാലുകെട്ട്), ധനവാനായി മടങ്ങി വന്ന് തന്നെ അവഗണിച്ചവരോട് പകരം വീട്ടുന്ന ഗോവിന്ദൻകുട്ടി (അസുരവിത്ത്), പക്ഷേ സേതുവിന്റെ നാടുവിടൽ തിരിച്ചുവന്ന് നഷ്ടസാമ്രാജ്യങ്ങൾ പിടിച്ചടക്കാനല്ല. ലളിതയുടെ ഭർത്താവ് ആകുന്നതിലും, മുതലാളിയുടെ കോട്ട് ധരിക്കുന്നതിലും, നഗരത്തിൽ തന്നെ പരിഹസിച്ചവരോടുള്ള പ്രതികാരത്തിന്റെ അഗ്നിയുണ്ട്. നങ്കൂരമിടാൻ കൂട്ടാക്കാത്ത ഒരു നൗകപോലെയാണ് സേതുവിന്റെ ജീവിതം.

‘ജനനം മുതലേ മനുഷ്യൻ അലഞ്ഞുനടക്കുന്നു. കാലമാകുന്ന നദിയിലൂടെ ഒഴുകുന്ന മനുഷ്യജീവിതം ചില കരകളിൽ എ
ത്തിച്ചേരുന്നു’ എന്ന് മാത്യു ആർനോൾഡ് പറഞ്ഞത് ഓർമയിലെത്തുന്നു. കാലത്തിനെതിരെ പോരാടാൻ ശ്രമിക്കുന്ന സേതുവിന്റെ മനസ്സിലെ കവിത ഒടുവിൽ വറ്റിപ്പോകുന്നു.

‘കാലം’ കാലത്തെ അതിജീവിക്കാൻ സാധ്യതയുള്ള നോവലാണ്. കാരണം ആഴത്തിലുള്ള ജീവിത ചിത്രീകരണവും, കഥാപാത്രങ്ങളുടെ മന:ശാസ്ത്ര അപഗ്രഥനവും അസാധാരണമാണ്.

ഒരു കവിമനസ്സ് എം.ടിയുടെ എല്ലാ കൃതികളിലും പ്രത്യക്ഷപ്പെടുന്നു. കാവ്യാത്മകമായ ഇമേജറികൾ ഈ നോവലിലുടനീളം കാണാം. ഒ.വി. വിജയന്റെ കൃതികൾ പോലെ എം.ടിയിലും, കവിത മഴയായി പെയ്യുന്നു. ‘പുഴ വരണ്ടു പോയിരിക്കുന്നു. മാറിയ മുഖച്ഛായകളും, നൃത്തം ചെയ്യുന്ന രൂപമില്ലാത്ത കാനൽച്ചോലകളും പിന്നിട്ട് നനവിന്റെ ഓർമകൾ സ്വപ്‌നം കണ്ടുകിടക്കുന്ന മണൽ പരപ്പിന്റെ തീരത്തിൽ നിൽക്കുമ്പോൾ അയാൾ ഓർക്കുന്നു. വർഷങ്ങൾക്കുശേഷം ഞാൻ തിരിച്ചെത്തിയിരിക്കുന്നു'(കാലം, പുറം 314).

ഭാഷാപരമായ ധ്വനിസാന്ദ്രതയും ബിംബാത്മകമായ ഭാഷാരീതിയും ഈ നോവലിനെ കാലാതീതമാക്കുന്നു. ഭാഷയെ സംഗീതസാന്ദ്രമാക്കി വാക്കുകൾ അർത്ഥത്തിന്റെ അതിരുകൾ പൊട്ടിച്ച് പുഴപോലെ ഒഴുകുന്നു.

‘പകലിന്റെ അവസാനത്തെ മങ്ങിയ വെളിച്ചത്തിൽ പാതിമറന്ന ഒരു ദു:ഖം പോലെ ഒതുക്കുകല്ലിൽ വച്ച് അന്തിത്തിരി വിളറി
നിന്നു കത്തി’ (പുറം 401).

‘ഇരുണ്ട രാത്രിയും, പിന്നിട്ട നീണ്ട വഴിയും ഒന്നുമല്ല… കാത്തിരിപ്പിന്റെ നിമിഷങ്ങളിൽ അനുഭവിച്ച ആനന്ദവും തലയണപ്പാടുകളുടെ സുഗന്ധവും ഒന്നുമല്ല…’ (പുറം 400)

ഇവിടെ അപൂർണ വാക്യങ്ങളാണ് എം.ടി ഉപയോഗിക്കുന്നത്. പദങ്ങൾക്ക് ശേഷമുള്ള അവിരാമ ചിഹ്നങ്ങൾ ആശയങ്ങളുടെ വിശാലതലം സൃഷ്ടിക്കുന്നു. മധുവിധുരാത്രിയിൽ അമ്മയുടെ മരണം ഫോൺ വഴി അറിയുമ്പോൾ സേതുവിന്റെ മനസ്സിന്റെ വി
ങ്ങലാണ് ഈ അപൂർണ വാക്യങ്ങൾ. ബിംബങ്ങളെ പഞ്ചേന്ദ്രിയങ്ങളെ അടിസ്ഥാനമാക്കി തരംതിരിക്കാറുണ്ട്. പക്ഷെ ഇന്ദ്രിയാതീതമായ മനസ്സിന്റെ അദൃശ്യതലങ്ങളിൽ പൂത്തുലയുന്ന ഭാവകല്പനകളെ ശക്തമായ ഇമേജറിയിലൂടെയാണ് എം.ടി അവതരിപ്പിക്കുന്നത്.

‘നിലവും, സുഗന്ധവും മേളമൊരുക്കുന്ന ലോകം’ (147), ‘വാക്കുകളുടെ നനുത്ത കിലുക്കം’ (147), ‘കളഭക്കൂട്ടിന്റെ നിറമുള്ള സുമിത്ര’ (121),’കാറ്റിന്റെ നെടുവീർപ്പിൽ അരിച്ചെത്തുന്ന പൂക്കളുടെ നേർത്ത ഗന്ധം’ (351) തുടങ്ങിയ ഇമേജറികൾ ‘കാലം’ എന്ന നോവലിന് ഒരു ഭാവനഗാനത്തിന്റെ രൂപവും ഭാവവും നൽകുന്നു.