സാന്നിധ്യം…

വിനു മുത്തത്തി

ചിലരുണ്ട്,
എന്നും എല്ലായിടത്തും
സാന്നിധ്യം
അറിയിക്കുന്നവർ..
പലരിലും
ഉണർവായി,ഊർജ്ജമായി
അവരങ്ങിനെ നിറഞ്ഞ്
നിൽക്കുമ്പോൾ
അസാധ്യമായത്
സാധ്യമാകും,
പൂക്കാത്തത്
പൂവിടും,കായ്ക്കും
നിഴലുകൾ
ഉൾവലിയും…

മറ്റു ചിലരുണ്ട്,
എവിടെയും ഒരിക്കലും
സാന്നിധ്യം
അറിയിക്കാത്തവർ..
അറിയാതെ പോകും
അവരുടെ
വരവ് പോക്കുകൾ …
ശ്വാസഗതി പോലും
കേൾപ്പിക്കാതെ,
ഒരു ചടങ്ങുപോലവർ
നടന്നുപോകും..

ചിലരുണ്ട്,
അസാന്നിധ്യത്തിലും സ്വയം
അടയാളപ്പെടുത്തുന്നവർ..
അവരുടെ ചിന്തകളും
അവരെക്കുറിച്ചുള്ള
ചിന്തകളും
ആവേശമാകും…
നൈമിഷിക സാന്നിധ്യം
പ്രോജ്വലവും…

ഇനിയും ചിലരുണ്ട്,
കൂടെ കഴിയുമ്പോഴും
പരസ്പരം അറിയാത്തവർ,
മനസ്സിന്റെ പുസ്തകത്തിൽ
ഹാജർ രേഖപ്പെടുത്താത്തവർ…
അവർ ഒന്നും
അറിയുന്നില്ല
അറിയിക്കുന്നുമില്ല-
സുഖം…