വാണി.എൻ.എം: രണ്ടു നദികളുടെ കരയിൽ ഒരു ചിത്രകാരി

ദേവൻ മടങ്ങാർലി

ആവർത്തനങ്ങൾ നിറഞ്ഞ കുടുംബാന്തരീക്ഷത്തിലെ യാന്ത്രികമായ ചടങ്ങുകൾ ഉല്പാദിപ്പിക്കുന്ന സംഘർഷങ്ങളുമായി രമ്യപ്പെട്ട് വരച്ച വാണിയുടെ ആദ്യകാല ചിത്രങ്ങൾ കണ്ടപ്പോൾ ഞാൻ ഓർത്തത് എം.ബി.മനോജ് എഴുതിയ ചിഹ്നങ്ങൾക്കുള്ള അർത്ഥം എന്ന കവിതയിലെ ചില വരികളാണ്.

എനിക്കിവിടെ ഭാഷയില്ല
പദാവലികളില്ല
ചിഹ്നങ്ങളില്ല
ആവർത്തനങ്ങൾ മാത്രം
അതെന്നെ വല്ലാതെ പിടികൂടുന്നു
ഒരു മന്ത്രവാദിയെപ്പോലെ ഞാൻ
മനസ്സിൽ പിളരുന്നു.

ദേവൻ മടങ്ങാർലി

കലയേയും കുടുംബത്തേയും രണ്ടു നദികളായി സങ്കൽപ്പിച്ചാൽ രണ്ടിൻ്റേയും തീരത്ത് താമസിച്ചു കൊണ്ട്, തൻ്റെ കലാസപര്യയേയും കുടുംബ ജീവിതത്തേയും സമന്വയിപ്പിച്ചുകൊണ്ട്, ചിത്രരചനയുമായി മുന്നോട്ടു പോകുന്നുണ്ട്, വാണി.

അധികമാരും അറിയാതെ നിശ്ശബ്ദയായി കലാജീവിതവും കുടുംബജീവിതവും നയിക്കുന്ന വാണി എൻ.എം. എന്ന ചിത്രകാരി പാലക്കാട് ജില്ലയിലുള്ള വെള്ളിനേഴിയിലാണ് ഇപ്പോൾ താമസിക്കുന്നത്. കലയുടെ ഗ്രാമമാണ് വെള്ളിനേഴി. കുന്തിപ്പുഴയുടെ തീരം. പക്ഷേ, വാണി ജനിച്ചത് മലപ്പുറം ജില്ലയിലെ വണ്ടൂരിനടുത്തുള്ള നടുവത്താണ്. പ്രാഥമിക വിദ്യാഭ്യാസമെല്ലാം നാട്ടിൽത്തന്നെയായിരുന്നു. 2006-ൽ തിരുവനന്തപുരത്തുള്ള കോളേജ് ഓഫ് ഫൈൻ ആർട്ട്സിൽ നിന്ന് BFA യും, 2010-ൽ ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്ന് MFA യും എടുത്തു.

ഒരേസമയം ചിത്രകാരിയും, കുടുംബിനിയും, ആയിരിക്കുമ്പോൾ ഉണ്ടാകുന്ന ആത്മസംഘർഷങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ വിഷയങ്ങളായിരുന്നു ആദ്യകാല ചിത്രങ്ങളുടെ പ്രമേയം. ദൈനംദിന കുടുംബാനുഭവങ്ങളുടെ നേർക്കാഴ്ചകൾ ചിത്രങ്ങളിലെമ്പാടും കാണാം. തൻ്റെ തന്നെ ഛായാചിത്രങ്ങളാണെന്ന് ദ്യോതിപ്പിക്കുന്ന സ്ത്രീകളുടെ വികാരവിചാര തലങ്ങളിലൂടെയാണ് ചിത്രങ്ങളുടെ സഞ്ചാരം. യാഥാർത്ഥ്യരീതിയിലുള്ള ചിത്രങ്ങളെല്ലാം തന്നെ പ്രമേയപരവും, ഭാവപരവും, രൂപപരവുമാണ്. മാറുന്ന കാലത്തിനൊപ്പം, സ്ഥലത്തിനൊപ്പം, വ്യക്തിപരമായ ജീവിതാനുഭവങ്ങൾക്കുമൊപ്പം വാണിയുടെ കല സഞ്ചരിക്കുന്നതായി കാണാം. അധികം സങ്കീർണമാവാതെ ലളിതമായ ശൈലിയിലാണ് രചനകളെല്ലാം നിർവ്വഹിച്ചിരിക്കുന്നത്.

വാണിയുടെ ചില ചിത്രങ്ങളിലേക്ക് നമുക്കൊന്ന് എത്തിനോക്കാം. ഭൂമിയിൽ എല്ലാം അർപ്പിച്ച ഒരു സ്ത്രീയുടെ വിഹ്വലതകൾ ‘ Give and Take ‘ എന്ന ചിത്രത്തിൽ സൂചിപ്പിച്ചിരിക്കുന്നു. സാഷ്ടാഗം നമസ്കരിക്കൽ തന്നെയാണ് എറ്റവും നല്ല അർച്ചന. ‘Survival of the fittest’ എന്ന ചിത്രത്തിലെ സ്ത്രീയുടെ നെറ്റിയിലെ പാറ്റ ഒരു പ്രതീകമായി ചിത്രത്തെ സേവിക്കുന്നു. പാറ്റയെ നെറ്റിയിൽ സ്വീകരിച്ചിരിക്കുന്ന സ്ത്രീ, പക്ഷേ അതവിടെ ഉണ്ടെന്ന വിശ്വാസത്തോടെ കണ്ണടച്ചിരിക്കുകയാണ്. ‘The Wall’ എന്ന ചിത്രത്തിൽ, നമ്മുടെ ശ്രദ്ധയിൽ ആദ്യം പെടുന്നത്, നമ്മെ ഉറ്റുനോക്കുന്ന മടിയിൽ ഉറങ്ങുന്ന കുട്ടിയോടു കൂടി ഇരിക്കുന്ന സ്ത്രീയെയാണ്. മറ്റേതോ ലോകത്താണവൾ. എന്നാൽ പിന്നിലുള്ള ചുമരിലേക്കൊന്ന് ശ്രദ്ധിച്ചുനോക്കിയാൽ, സ്വതന്ത്രയാവാൻ ആഗ്രഹിക്കുന്ന തൻ്റെ ഉള്ളിലെ വ്യക്തിയുടെ ചില മോഹങ്ങളുടെ ദൃശ്യാവിഷ്കാരങ്ങൾ അവിടെ കാണാം. ചിത്രത്തിലെ രണ്ടു പൂച്ചകളിൽ ഒന്ന് ചുമരിലെ ചിത്രത്തിലേക്ക് നമ്മെ ക്ഷണിക്കുമ്പോൾ, മറ്റൊന്ന് സ്ത്രീയുടെ അരികെ നിലത്തു കിടന്ന് നമ്മെ ഉറ്റു നോക്കുകയാണ്. ബൃഹദാരണ്യകോപനിഷത്തിൽ പ്രതിപാദിച്ചിട്ടുള്ള ‘ഗാർഗി’യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് വരച്ച, ‘അദ്വൈതം’ എന്ന ചിത്രത്തിൽ പരസ്പരം മുഖത്തോടു മുഖം നോക്കി ഗഹനമായ എന്തോ വിഷയത്തെക്കുറിച്ച്, സംസാരത്തിലേർപ്പെട്ടിരിക്കുന്ന രണ്ടു സ്ത്രീകളെ കാണാം. ഒരാൾ നഗ്നയും മറ്റൊരാൾ വസ്ത്രങ്ങൾ ധരിച്ചവളും. ചിതറിക്കിടക്കുന്ന പൂക്കളിലൂടെയും, താഴെ വീണു കിടക്കുന്ന പൂർത്തീകരിക്കപ്പെടാത്ത മാലയിലൂടെയും, അവസാനമില്ലാത്ത ചോദ്യങ്ങളുടേയും ഉത്തരങ്ങളുടേയും അന്തരീക്ഷത്തിലേക്ക് കാഴ്ചക്കാരനെ ക്ഷണിക്കുന്നു. വിശാലമായ പ്രകൃതി ദൃശ്യവും, അകത്തും പുറത്തുമല്ലെന്ന രീതിയിലുള്ള രണ്ടു പേരുടെയും ഇരിപ്പും ചിത്രത്തെ വേറൊരു തലത്തിലേക്കുയർത്തുന്നുണ്ട്.

‘അദ്വൈതം’ എന്ന ചിത്രത്തിനു ശേഷം പ്രകൃതിയിലേക്കിറങ്ങിയ ചിത്രകാരിയെ ആണ് നാം കാണുന്നത്. നേരത്തെ പ്രകൃതി ചിത്രത്തിൽ വന്നിട്ടില്ലെന്ന് അതിനർത്ഥമില്ല. സ്വയം നവീകരണത്തിനു വേണ്ടിയെന്നോണം പ്രകൃതിയിൽ മുഴുകിനിൽക്കുന്ന പക്ഷികളേയും മൃഗങ്ങളേയും, വാണി പിന്നീട് തൻ്റെ ചിത്രങ്ങൾക്കാധാരമാക്കി. ആന ചിത്രങ്ങളാണ് കൂടുതൽ. പരസ്പരം കൊമ്പു കോർക്കുകയും, നീരാടുകയും, കൂട്ടം കൂടിയും, ഒറ്റയ്ക്കും നിൽക്കുന്ന ആനകളെ ചിത്രങ്ങളിൽ കാണാം. പൂർവ്വജന്മങ്ങൾ ഓർത്തെടുക്കുവാൻ കഴിവുള്ളവരായി ജാതകകഥകളിൽ ആനകളെ രേഖപ്പെടുത്തിയിട്ടുണ്ട്. മൃഗങ്ങളിൽ ഏറ്റവും വിവേകമുള്ളവനും ദീർഘനേരം മൗനം പാലിച്ച് നിശ്ചലമായി നിൽക്കുവാൻ കഴിയുന്നവരും ആണ് ആനകൾ. അതും അനന്തമായ പ്രശാന്തത ഉളളിൽ പേറിക്കൊണ്ട്. അത്തരമൊരു പ്രശാന്തത വാണിയുടെ പുതിയ ചിത്രങ്ങളിൽ ദർശനീയമാണ്.

വാണി കവിതകളെഴുതാറുണ്ട്. ചിത്രം വരയ്ക്കുവാൻ പറ്റാതെ വരുമ്പോൾ, ചിത്രഭാഷ അക്ഷരങ്ങളുടെ ചാലായി, കവിതയായി, രൂപാന്തരപ്പെടുന്നു. പക്ഷേ ചിത്രഭാഷയോടു തന്നെയാണ് കൂടുതൽ അടുപ്പം. മാധവിക്കുട്ടി ഒരിക്കൽ എഴുതിയ വരികളിലൂടെ ഈ എഴുത്ത് ഞാൻ പൂർണമാക്കട്ടെ : ”ഞാൻ ഇഷ്ടപ്പെടുന്ന ഭാഷ / സംസാരിക്കാൻ / എന്നെ അനുവദിക്കുക / ഞാൻ സംസാരിക്കുന്ന ഭാഷ / എൻ്റേതാകുന്നു / അതിൻ്റെ വൈചിത്ര്യങ്ങൾ / വൈകല്യങ്ങൾ / എല്ലാം എൻ്റേത്.”

Mobile: വാണി.എൻ.എം.: 9847089075
ദേവൻ മടങ്ങാർലി: 8547847598