പച്ചയെ കറുപ്പിയ്ക്കുകയല്ല വേനൽ

ഡോ: ഇ. എം. സുരജ

ക്ഷീണിച്ച വേനലിരിയ്ക്കുന്നു, വഴിവക്കിൽ:
കൂടയിലേറെപ്പഴങ്ങൾ നിറച്ചുകൊണ്ടും

വിറ്റുപോകാത്തതിതെന്തെന്നൊരാധിയാൽ
വിങ്ങും മുഖം കനപ്പിച്ചുകൊണ്ടും

കാലത്തേ തീയൂതിപ്പാറ്റിയ വെയിലിന്റെ
അലകളിൽച്ചിലതിനെത്താലോലിച്ചും

ദാഹിച്ച വെള്ളമിറക്കാതതൊക്കെയാ
പൂവിനും വേരിനും പങ്കുവെച്ചും

പൊട്ടിത്തെറിയ്ക്കാനിരിക്കുന്ന വാക്കിൽ
നിന്നർത്ഥത്തെയൂരിപ്പറത്തി വിട്ടും:

ക്ഷീണിച്ച വേനലിരിയ്ക്കും വഴിവക്കിൽ,
കാണുമോ, നീയതെന്നുള്ളു ചുട്ടും!

Mobile: 9446153629