69

വിമീഷ് മണിയൂർ

മോശം മോശം
ആറും ഒമ്പതും
എന്താണ് ചെയത്കാണിക്കുന്നത്?
അക്കങ്ങൾക്കും വേണ്ടേ
ഇത്തിരി സദാചാരം.

വിശന്ന് വിശന്ന്
പരസ്പരം തിന്ന്
ജീവിക്കുന്ന രണ്ട് മനുഷ്യർ.

തലയും തലയും
തിരിച്ചുവെച്ച്
ഒട്ടിച്ച രണ്ട് വീണകൾ.

തുറന്ന് കണ്ടിട്ടില്ലാത്ത
ശവക്കുഴികളിലേക്ക്
വാ പിളർന്ന് നോക്കുന്ന
രണ്ട് കുറുക്കൻമാർ.

പിറന്ന് വീണ വഴികളിലേക്ക്
അവധിക്ക് യാത്ര പോകുന്ന
രണ്ട് കാമുകിമാർ
രണ്ട് കാമുകൻമാർ.

കെട്ടിപിടിച്ചുറങ്ങുന്ന
തന്നോളം വലിപ്പമുള്ള
മകനും അമ്മയും.

ഒരേ വീടിൻ്റെ
പൂട്ട് തുറക്കുന്ന
രണ്ട് കള്ളൻമാർ.

തിരിച്ച് വെച്ചപ്പോൾ
തല മാറിപോയ
നടുവളഞ്ഞ
രണ്ട് തീപ്പെട്ടിക്കൊള്ളികൾ.

മാന്തി മാന്തി
ശവം പരിശോധിക്കുന്ന
രണ്ട് ഫോറൻസിക്കുകാർ.

പരസ്പരം
കാവൽ കിടക്കുന്ന
മരിച്ചു പോയ
ഇരട്ടകുട്ടികൾ.

ബലാൽസംഘത്തിനിടയിൽ
പ്രണയിച്ചുതുടങ്ങുന്ന
രണ്ട് പേർ.

ഒരു ഫോട്ടോയും അതിൻ്റെ നെഗറ്റീവും
തമ്മിലുള്ള കണ്ടുമുട്ടൽ.

സ്വപ്നത്തിൽ കെട്ടിപ്പിടിക്കുന്ന
ഒരുമിച്ച് മരിച്ചുപോകാനുള്ള
രണ്ട് ആളുകൾ.

എല്ലാ തിരക്കുകൾക്കിടയിലും
ഒന്ന് തുറന്ന് നോക്കൂ
ജനിക്കുന്നതിന് മുമ്പെ
നഷ്ടപ്പെട്ടു പോയ
നിങ്ങളുടെ മണം
69 ൽ കാത്തിരിക്കുന്നു.

Mob: 9349658538