മലയാള സാഹിത്യത്തിലെ ആധുനികതയുടെ ഇടി മുഴക്കങ്ങളായിരുന്നു 1970-കൾ. ഭാഷയിലും രൂപത്തിലും ശൈലിയിലും ആഖ്യാനത്തിലുമെല്ലാം പുതുമകൾ നിറഞ്ഞ ഒരു കാലഘട്ടം. 50 വർഷങ്ങൾക്ക് മുൻപ് മലയാളനാട് വാരികയിൽ സാഹിത്യത്തിലെ ആ നവീനതയെക്കുറിച്ച് കാക്കനാടൻ ഒരു പ്രബന്ധം അവതരിപ്പിക്കുകയുണ്ടായി. തുടർന്ന് നടന്ന ചർച്ചയിൽ പങ്കെടുത്തത് ജോസഫ് മുണ്ടശ്ശേരിയും കെ.പി. അപ്പനുമാണ്. ആ പ്രബന്ധവും തുടർന്നുള്ള ലേഖനങ്ങളുമാണ് ഈ ലക്കം കാക്കയിൽ കൊടുത്തിരിക്കുന്നത്.
ദുർഗ്രഹത എന്ന പരാതിയെക്കുറിച്ച്
സുഗ്രഹത എന്നതിനെ മാത്രം മാനദണ്ഡമാക്കിക്കൊണ്ട് സാഹിത്യകൃതികളെ വിലയിരുത്തണം എന്നാരെങ്കിലും സിദ്ധാന്തിക്കുന്നുണ്ടെങ്കിൽ അത് തെറ്റാണെന്നുള്ള അഭിപ്രായം തെറ്റല്ല. പക്ഷേ, സുഗ്രഹതയെ മാത്രം മാനദണ്ഡമാക്കണമെന്നു സാഹിത്യാദി കലകളെക്കുറിച്ച് വിവരമുള്ളവർ പറയുകയില്ല, പിന്നെ, സ്വതേ സാഹിത്യകൃതികൾ, ആസ്വാദനപ്രക്രിയയ്ക്കുള്ള സാംസ്‌കാരിക പശ്ചാത്തലം ഉള്ളവർക്കെങ്കിലും സുഗ്രഹമായിരിക്കണം എന്നാശിക്കുന്നത് സ്വാഭാവികമാണ്. മനുഷ്യൻ ഭാഷ കണ്ടുപിടിച്ചത് അന്യോന്യം ആശയങ്ങളും അഭിലാഷങ്ങളും മറ്റും കൈമാറുവാനാണ്. സാഹിത്യത്തിൽ ഭാഷ ഉപയോഗിക്കുമ്പോഴും ആ ഉദ്ദേശം ഏറെക്കുറെ നിറവേറ്റണം. കൂടുതൽ
ഹൃദയാകർഷകമാവും വിധം ആശയങ്ങളും അഭിപ്രായങ്ങളും അഭിലാഷങ്ങളുമെല്ലാം
ഉൾക്കൊള്ളിച്ചു ശില്പഭംഗിയോടു കൂടി ഏതെങ്കിലുമൊരു സങ്കല്പം ആവിഷ്‌കരിക്കുമ്പോഴും
മേല്പറഞ്ഞ ഉദ്ദേശം കൺമുമ്പിൽ വേണ്ടതാണ്.
ദുർഗ്രഹത കഴിയുന്നത്ര ഒഴിവാക്കണമെന്നു പറയുമ്പോൾ വിവക്ഷിക്കുന്നത് ആസ്വാദകപ്രക്രിയയ്ക്ക് ആവശ്യമായ സാംസ്‌കാരിക പശ്ചാത്തലവും സാഹിത്യകൃതികൾ വായിച്ചുവായിച്ചു ഏറെക്കാലത്തെ പരിചയവും ഉള്ള ആസ്വാദകർക്ക് അഥവാ സഹൃദയന്മാർക്ക് സ്വല്പം ശ്രമിച്ചാലെങ്കിലും മനസ്സിലാവണം എന്നുമാത്രമാണ്. ഏതു നിലവാരത്തിലുള്ള വായനക്കാരനും സുഗ്രഹമായിത്തോന്നണം ഏതു നിലവാരത്തിലുള്ള കൃതിയും എന്നാരും വിവക്ഷിക്കുകയില്ല.
പഴയ സാഹിത്യകാരന്മാരെക്കാൾ ഇന്നത്തെ സാഹിത്യകാരന്മാർ ഗൗരവബുദ്ധിയോടെയാണ് സാഹിത്യരചന നടത്തുന്നത് എന്ന ലേഖകന്റെ വാദം
പഴയ സാഹിത്യകാരന്മാർക്ക് സാഹിത്യരചന ഒരു സാധനയായിരുന്നില്ലെന്നും ഇന്നത്തെ എഴുത്തുകാർക്കാണ് അതൊരു സാധനയായിത്തീർന്നിട്ടുളളതെന്നും വാദിക്കുന്നതിനെപ്പറ്റി എന്തു പറയണമെന്നറിഞ്ഞുകൂടാ. ഇന്നത്തെ എഴുത്തുകാർക്ക് അങ്ങനെ വാദിച്ചിട്ടു
വല്ല ആളഹസംതൃപ്തിയുമുണ്ടാവുന്നുണ്ടെങ്കിൽ അവരത് അനുഭവിച്ചുകൊള്ളട്ടെ. പക്ഷേ, വാത്മീകിക്കും ഹോമർക്കും കാളിദാസനും, ആശാനും വള്ളത്തോളിനും സി.വി.യ്ക്കുമെല്ലാം സാഹിത്യരചന ഒരു കുട്ടിക്കളി മാത്രമായിരുന്നു എന്നു വാദിക്കാനുള്ള ചങ്കൂറ്റം എനിക്കില്ല. അവർ ഓരോ കൃതിയുടെയും രചനയിൽ എത്രമാത്രം ഏകാഗ്രമതികളായിരുന്നു എന്നുള്ളത് ആ അത്യുത്തമ കൃതികൾ,
ആസ്വാദന പ്രക്രിയയെ വെറുമൊരു തമാശയായിട്ടാവില്ല കണക്കാക്കിയിട്ടുണ്ടാവുക. പുതിയ
എഴുത്തുകാരുടെ കൃതികൾ ഗൗരവമേറിയവയാണെങ്കിൽ അതനുസരിച്ചുള്ള ഗൗരവം അവയെ ആസ്വദിക്കണമെന്ന് നിർബന്ധമുള്ള ഇന്നത്തെ വായനക്കാർക്കുണ്ടാകുമെന്നാണ് എനിക്ക് തോന്നുന്നത്. ഇന്നത്തെ എഴുത്തുകാർക്കു വേണ്ടി പുതിയ ഒരു കൂട്ടം ആസ്വാദകരെ
സൃഷ്ടിക്കണമെന്നു പറയുന്നത് എന്തോ നടപ്പില്ലാത്ത ഒരു കാര്യമാണ്. വായനക്കാർ നാട്ടിൽ
വിദ്യാഭ്യാസം വർദ്ധിച്ചുവരുന്നതനുസരിച്ച് കൂടിക്കൂടിവരുന്നുണ്ട്. അവർ പുതിയ എഴുത്തുകാരുടെ താൽപര്യം നോക്കി വളർന്നുവരണമോ അതോ അവരുടെ താൽപര്യം കൂടി കണക്കിലെടുത്തുകൊണ്ട് എഴുത്തുകാർ വളർന്നുവരണമോ ഇതിലേതാണ് വേണ്ടതെന്ന് കാലം തിരുമാനിച്ചുകൊള്ളും.
സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം ഇൻഡ്യയിലെ സാഹിത്യകാരൻമാർക്ക് പ്രത്യേകിച്ചൊരു ലക്ഷ്യമില്ലാതായി എന്നുള്ള ന്യായീകരണം.
സ്വാതന്ത്ര്യപ്രാപ്തിക്കു മുൻപു സാജ്രാജ്യ ശക്തിയായ ബ്രിട്ടൻ ഇൻഡ്യയിൽ നിന്നു കെട്ടുകെട്ടണം എന്നെല്ലാവരും ആശിച്ചുകൊണ്ടിരുന്നു. ഒരുപക്ഷേ, കുറെ ഐ.സി.എസ്. കാരും അവരോടു ബന്ധപ്പെട്ടവരും മാത്രമേ മറിച്ചാശിച്ചിരുന്നിരിക്കുകയുള്ളു. സാമ്രാജ്യശക്തി ഇവിടെ നിന്നു പോയിക്കിട്ടണമെന്നുള്ള ലക്ഷ്യം എഴുത്തുകാരുൾപ്പെടെ എല്ലാവർക്കും അന്നുണ്ടാകാൻ എളുപ്പമായിരുന്നു. ആ ലക്ഷ്യത്തിന്റെ വിശദാംശങ്ങളിലേക്കു കടക്കേണ്ട ഭാരം ആർക്കുമുണ്ടായിരുന്നില്ല. സ്വാതന്ത്ര്യം പ്രാപിച്ചതിനു ശേഷം അതായിരിക്കാൻ പാടില്ലല്ലോ ലക്ഷ്യം, സ്വാതന്ത്ര്യം പ്രാപിക്കണമെന്നുള്ള ലക്ഷ്യം എഴുത്തുകാർക്കുണ്ടായിരുന്നുവെങ്കിൽ സ്വാതന്ത്ര്യപ്രാപ്തിക്കുശേഷവും വ്യക്തമായൊരു ലക്ഷ്യം ഉണ്ടാകേണ്ടതല്ലേ എഴുത്തുകാർക്ക്? അങ്ങനെ വല്ല ലക്ഷ്യവും പുതിയ എഴുത്തുകാർ മുന്നോട്ടു വച്ചിട്ടുണ്ടോ? നമ്മുടേതായ ഭരണസംവിധാനമുണ്ടായതിൽ പിന്നെ നമ്മുടെ ഭാവി ഭദ്രമാക്കിതീർക്കുവാൻ എന്തു ചെയ്യണം എന്നതിനെപ്പറ്റി വ്യക്തമായൊരഭിപ്രായം പുതിയ എഴുത്തുകാർ ഉന്നയിച്ചിട്ടുണ്ടൊ? അങ്ങനെ ഒന്ന് ഉന്നയിക്കാൻ തങ്ങൾ ഉത്തരവാദപ്പെട്ടിട്ടില്ലെന്നു പറയുന്നത്,
സ്വാതന്ത്ര്യപ്രാപ്തിക്കുമുമ്പുണ്ടായിരുന്ന ലക്ഷ്യബോധം കണക്കിലെടുക്കുകയാണെങ്കിൽ എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ശരിയാവുകയില്ല. അന്നു ലക്ഷ്യബോധം വേണം, ഇന്നു ലക്ഷ്യബോധം വേണ്ട എന്നു വാദിച്ചാലോ? പുതിയ ലക്ഷ്യബോധമുണ്ടാക്കാൻ കുറെയേറെ പഠിക്കുകയും കുറെയേറെ ചിന്തിക്കുകയും കുറെയേറെ അനുഭവങ്ങളിലൂടെ കടന്നുപോരികയും വേണം. അതെല്ലാം ചെയ്തിട്ടുള്ളവരാണ് പുതിയ എഴുത്തുകാർ എല്ലാവരും തന്നെ എന്നു വിശ്വസിക്കുവാൻ പ്രയാസം. ചിലരുണ്ടാകാം. അവരിന്നല്ലെങ്കിൽ നാളെ പുതിയ ലക്ഷ്യബോധത്തോടുകൂടി അത്യുത്തമകൃതികൾ സംഭാവന ചെയ്തുവെന്നും വരാം. ചുറ്റുപാടും ധാർമ്മികാധഃപതനം ഉണ്ടാവുന്നതു കണ്ടിട്ടു പുതിയ എഴുത്തുകാരൻ തന്നിലേക്കുതന്നെ തിരിച്ചുപോരുന്നു എന്നുള്ള വാദം അതിന്റെ മുഖവിലയ്‌ക്കെടുക്കുവാൻ പ്രയാസമുണ്ട്. മോഷണവും കൈക്കൂലിയും വ്യഭിചാരവും കള്ളക്കടത്തും എല്ലാം ഒരതിർത്തിവരെ പണ്ടുമുണ്ടായിരുന്നു, അതെല്ലാം സ്വാതന്ത്ര്യപ്രാപ്തിക്കുശേഷമേ ഇൻഡ്യയിലുണ്ടായുള്ളു എന്നു വിചാരിക്കുന്നതു ശരിയാവില്ല. കള്ളക്കടത്ത് ഇന്നു വർദ്ധിച്ചിട്ടുണ്ടെങ്കിൽ അത് ഇൻഡ്യ ഒരു സ്വതന്ത്ര രാഷ്ട്രമായതുകൊണ്ടാണ്. ബ്രിട്ടീഷ് ഭരണകാലത്ത് എല്ലാ കടത്തും ഒരുപക്ഷേ ശരിയായ കടത്തുകളായിരുന്നു. വാസ്തവത്തിൽ, വ്യഭിചാരമോഷണാദി വൃത്തികേടുകൾ നിലവിലുള്ള സാമൂഹികവും സാമ്പത്തികവുമായ വ്യവസ്ഥിതിയുടെ സന്തതികളാണെന്നു മനസ്സിലാക്കാൻ വിഷമമില്ല. ഒറ്റയ്‌ക്കൊറ്റയ്ക്കാളുകളെ നന്നാക്കിയെടുത്തു കൈക്കൂലിയും വ്യഭിചാരവും മോഷണവും മറ്റും തീർത്തുമില്ലാതിരിക്കാൻ വ്യാമോഹിക്കുന്നത് വിഡ്ഢിത്തമാണ്.
വ്യക്തികളെ നന്നാക്കി പരക്കെ ക്ഷേമം കൈവരുത്താൻ വാതോരാതെ പ്രസംഗിച്ചവരാണ് എല്ലാ പ്രവാചകരും. എന്നിട്ടെന്തുണ്ടായി? മനുഷ്യൻ വ്യക്തിയായിരിക്കെത്തന്നെ സമൂഹനീതിയുടെ കുരുക്കിൽപ്പെട്ട് ഞെരുങ്ങുന്നുണ്ട്. സമൂഹനീതിയുടെ ക്രൂരമായ
കടുംപിടിത്തത്തിൽ നിന്നു തികച്ചും തലയുയർത്തിപ്പിടിക്കാൻ സാധിക്കാത്ത കാലത്തോളം
വ്യക്തിത്വത്തിനു നാമാശിക്കുന്നിടത്തോളം വിലകല്പിച്ചു കൂടാ. സമൂഹനീതിയോടമർഷം
തോന്നാതെ അതിന്റെ സന്തതികളായുള്ള ദുഷ്‌കൃത്യങ്ങളോടു മാത്രമമർഷം തോന്നുകയും അതിന്റെ പേരിൽ ആത്മാവിലേക്ക് പിൻവലിയുകയും ചെയ്യുന്നതിന്റെ സാധൂകരണം എത്ര അന്വേഷിച്ചിട്ടും വേണ്ടത്ര പിടികിട്ടുന്നില്ല. കൈക്കൂലിയും വ്യഭിചാരവും മോഷണവും അതുപോലുള്ള വൃത്തികേടുകളും പ്രതീകാത്മകമായോ അല്ലാതെയോ വർണ്ണിച്ചു കൃതകൃത്യനാവുന്ന എഴുത്തുകാരന് അവയ്‌ക്കെല്ലാമുത്തരവാദപ്പെട്ട സമൂഹനീതിയെയും ആ നീതിയിലാവശ്യം നടത്തേണ്ട പരിവർത്തനത്തേയും സംബന്ധിച്ചു സംസാരിക്കരുതോ? ഏതായാലും ഈ പ്രശ്‌നങ്ങളെക്കുറിച്ചെല്ലാം ഗാഢമായി ചിന്തിക്കുന്നതു കൊള്ളാം.
എഴുത്തുകാർ തങ്ങളെത്തന്നെ കണ്ടെത്താൻ ശ്രമിക്കുകയാണെന്നും, ആ കണ്ടെത്തലിലൂടെ മറ്റെല്ലാവരെയും കണ്ടെത്താൻ കഴിയുമെന്നും ഉള്ള വാദവും അങ്ങനെതന്നെ സ്വീകരിക്കാൻ പ്രയാസം. തങ്ങളുടെ കുറിയ മുഴക്കോൽ കൊണ്ടു ലോകത്തെ മുഴുവൻ അളന്നുകളയാം എന്നുള്ള വ്യാമോഹം ഷേക്‌സ്പിയറുടെ കാര്യത്തിൽ ഒരു യാഥാർത്ഥ്യമായി തീർന്നിട്ടില്ല. തപസ്സുകൊണ്ട് ആത്മാവിന്റെ ആഴക്കടലിൽ മുങ്ങിത്തപ്പിയാൽ പോലും ഒരു ജനതയുടെ മുഴുവൻ ആശയാഭിലാഷങ്ങൾ പൊക്കിയെടുത്തു രൂപപ്പെടുത്തിയവതരിപ്പിക്കുവാൻ ഒരു എഴുത്തുകാരനു കഴിയും എന്നെനിക്കു വിശ്വാസമില്ല: ചുറ്റുപാടുമുള്ള ലോകത്തിൽ നിന്ന് ധാരാളമനുഭവങ്ങളും അറിവും ഉൾക്കൊണ്ടിട്ടല്ലാതെ ഒരെഴുത്തുകാരന്റെ അളഹസത്ത വികസിപ്പിക്കാൻ കഴിയുകയില്ല. സാഹിത്യരചനയ്ക്കുള്ള കലാകൗശലം വളർത്തിയെടുത്താൽ എല്ലാത്തരമറിവും അതിലന്തർഭവിച്ചിരിക്കും എന്നവകാശപ്പെടുന്നതു കടന്നകയ്യാണ്.
ഇതൊക്കെ പറയുന്നതുകൊണ്ട് എഴുത്തുകാരന്റെ വ്യക്തിത്വത്തിന് വിലയിടിച്ചുകാണുന്നു എന്നർത്ഥമാക്കരുത്. വാസ്തവത്തിൽ അയാളുടെ വ്യക്തിത്വമാണ് അയാളുടെ കൃതിക്ക്
വ്യക്തിത്വമുണ്ടാക്കുന്നത്. പക്ഷേ, ആ വ്യക്തിത്വം അയാളുടെ കാഴ്ചപ്പാടിലും അതനുസരിച്ച്
ഉരുത്തിരിയുന്ന രൂപശില്പത്തിലും ഒതുങ്ങി നിൽക്കുന്നു. വ്യക്തിയ്ക്കതീതമായ എല്ലാത്തരം
അറിവുകളുടെയും വിളഭൂമിയാണ് എഴുത്തുകാരന്റെ പ്രതിഭ എന്നും അതുകൊണ്ടയാളുടെ വ്യക്തിത്വം സർഗ്രാഹിയാണെന്നും ഉള്ള വാദം വകവെച്ചുകൊടുക്കുവാൻ ബുദ്ധിയുള്ളവർക്കു
കഴിയുകയില്ല.
മലയാളനാട് 1970