ചന്ദ്രമതിയുടെ കഥകൾ: ആകാശം നഷ്ടപ്പെടുന്നവർ

ഡോ: മിനി പ്രസാദ്

പുരുഷാധിപത്യപരമായൊരു മൂല്യവ്യവസ്ഥ സ്വന്തം സൗകര്യങ്ങൾക്കനുസൃതമായി നിർമ്മിച്ച ഒരു മൂല്യ വ്യവസ്ഥിതിയാണ് നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നത്. ലോകത്തെ നിയന്ത്രിക്കുന്നതും അതേ വ്യവസ്ഥിതിയാണ്. ദൈവസങ്കല്പങ്ങളെപ്പോലും പുരുഷനാക്കിമാറ്റിയ ഈയൊരു വ്യവസ്ഥിതിയിൽ സ്‌ത്രീകൾക്കായി അനേകം അലിഖിത നിയമങ്ങളുണ്ടായിരുന്നു. പക്ഷേ വീടിന്റെ വിളക്ക്, ഐശ്വര്യം എന്നിങ്ങനെ ചില സുന്ദരപദങ്ങൾകൊണ്ട് ഇത്തരം നിയന്ത്രണങ്ങളെ മഹത്വവത്ക്കരിക്കാനും അതേ വ്യവസ്ഥിതി ജാഗരൂകമായിരുന്നു. അങ്ങനെ വിട്ടടിമകളായിരുന്നവർക്ക് മോഹങ്ങളും സ്വപ്‌നങ്ങളുമൊക്കെയുണ്ടായിരുന്നുവെങ്കിലും സമൂഹത്തിന്റെ അവഹേളനം ഭയന്ന് അവയൊക്കെ എന്നും അവർ ഉള്ളിലൊളിപ്പിച്ചു. ഈയൊരു ലോകത്തെ വെളിച്ചം കാണിക്കുക എന്ന ശ്രമകരമായൊരു ദൗത്യമായിരുന്നു എഴുത്തുകാരികൾക്ക് നിർവ്വഹിക്കാനുണ്ടായിരുന്നത്.

ഡോ: മിനി പ്രസാദ്
പൊതുസമൂഹം (പുരുഷകേന്ദ്രീകൃതമായത്) വെറുതേ ഇരുന്നതേയില്ല. പെണ്ണെഴുത്ത്, പോരെഴുത്ത്, അടക്കള കഥകൾ എന്നിങ്ങനെ കുറെ വാക്കുകളോടെ അവർ ഇത്തരം വെളിപ്പെടുത്തലുകൾക്കെതിരെ ആഞ്ഞടിച്ചു. കാരണം മറ്റൊന്നുമല്ലായിരുന്നു; ഈ അടിമവർഗ്ഗം സ്വതന്ത്രമായി സംസാരിച്ചുതുടങ്ങിയാൽ തങ്ങളുടെ സിംഹാസനങ്ങൾക്ക് ഇളക്കം തട്ടുമോ എന്ന ഭയം മാത്രമായിരുന്നു അത്. ഇത്തരം തുച്ഛീകരണങ്ങൾക്കും എതിർപ്പുകൾക്കും അപ്പുറം വളരെ ശക്തമായൊരു ദൗത്യമാണ് തങ്ങൾക്ക് നിറവേറ്റാനുള്ളത് എന്ന ബോദ്ധ്യം ഈ രചനകളുടെ ശക്തി വർദ്ധിപ്പിച്ചിരിക്കുന്നു. എഴുത്തുകാരികളുടെ ഒരു സമൂഹം തന്നെ മലയാളം സാഹിത്യത്തിലുണ്ട്; പ്രമേയത്തിൽ അടിസ്ഥാനപരമായ ചില സമാനതകൾ പുലർത്തുന്നുണ്ടെങ്കിലും ഒരാളെയും മറ്റൊരാളോട് സാദൃശ്യപ്പെടുത്താനാവാത്തവിധം എഴുത്തിൽ അവർ വ്യത്യസ്തരാണ്. ഇവരിലെ ശക്തമായൊരു സാന്നിധ്യമാണ് ചന്ദ്രമതി. നിലവിലുള്ള മൂല്യവ്യവസ്ഥകൾക്കും അതിന്റെ ഇരട്ടത്താപ്പുകൾക്കും നേരെ ഏറ്റവും നിശിതവും ശക്തവുമായ പ്രതിഷേധം ഉയർത്തിക്കൊണ്ട് നിൽക്കുകയാണ് ചന്ദ്രമതിയുടെ കഥകൾ.

ഉദ്യോഗസ്ഥയായ ഭാര്യ ഇന്ന് കുടുംബജീവിതത്തിന്റെ സുരക്ഷിതത്വത്തിനൊരാവശ്യമാണ്. വർദ്ധിച്ചുവരുന്ന ജീവിതചിലവുകൾ സ്വന്തം വരുമാനം കൊണ്ടുമാത്രം പരിഹരിക്കാനാവാതെ വരുമ്പോഴുള്ള പുരുഷന്റെ നീക്കുപോക്കുമാത്രമാണിത്. ഭാര്യ ജോലിക്കാരിയാണ് എന്നത് സമൂഹത്തിൽ നേടിത്തരുന്ന മാന്യതയും ഇതിന്റെ ഭാഗമാണ്. അവളുടെ അദ്ധ്വാനഭാരം ഇരട്ടിയാക്കുന്ന ഈ ഉദ്യോഗസ്ഥ ഭരണത്തിന്റെ എല്ലാ ഗുണവും പുരുഷനുതന്നെയാണ്. അവൾ വീടിനുള്ളിൽനിന്ന് സ്വതന്ത്രയാവുകയല്ലേ എന്നൊരു ചോദ്യംകൊണ്ട് സമൂഹം ഇതിനെ നേരിട്ടേക്കാം. പക്ഷെ ഇത്തരം ഒരു കുടുംബ വ്യവസ്ഥിതിയിൽ അവൾ സഹിക്കുന്ന ത്യാഗങ്ങൾ ഉദ്യോഗഭരണവും മറ്റൊരു പീഢനാവസ്ഥയാക്കി മാറ്റുന്നു. തന്റെയും വീടിന്റെയും കാര്യങ്ങൾക്കൊഴികെ മറ്റൊന്നിനും അവൾ സമയം നീക്കിവയ്ക്കാൻ പാടില്ല എന്ന നിർബന്ധബുദ്ധിയും പുരുഷനുണ്ട്. പുസ്തക വായനയ്‌ക്കോ എഴുത്തിനോ അത്തരം സ്വകാര്യ സന്തോഷങ്ങൾക്കോ സമയം നീക്കിവെയ്ക്കുന്ന ഒരുവളെ സമൂഹം എങ്ങനെ ക്രൂരമായി വിചാരണ ചെയ്യും എന്ന് തെളിയിക്കുന്ന കഥയാണ് ചന്ദ്രമതിയുടെ “ജനകീയ കോടതി”. വീട്ടുകാര്യങ്ങളിൽ ശ്രദ്ധയില്ലായ്മ, രാത്രികാലങ്ങളിൽ പുറത്തിറങ്ങിയുള്ള നില്പ്, കവിതയെഴുത്ത് എന്നീകുറ്റങ്ങളാൽ ജനകീയ വിചാരണ നേരിടുന്നവളാണ് കഥാനായിക മേബിൾ.
അവൾക്കെതിരെ ജനകീയ കോടതിയിൽ പരാതി സമർപ്പിച്ചിരിക്കുന്നത് അവളുടെ ഭർത്താവായ മൈക്കിൾ ജോസഫാണ്. അയാൾ അവളെപ്പറ്റിയുള്ള അഭിപ്രായങ്ങൾ
ഇങ്ങനെയൊക്കെ “മേബിൾ ധാരാളം വിചിത്ര സ്വഭാവങ്ങളുള്ള ഒരു പെണ്ണാണെന്ന് എനിക്ക് തോന്നിയിരുന്നു. പുസ്തകം കൈയിൽ കിട്ടിയാൽ പാല് തിളച്ചുപോവുന്നതുപോലും അവളറിയില്ല. എല്ലാറ്റിനും അവൾക്ക് അവളുടേതായ അഭിപ്രയങ്ങളും സിദ്ധാന്തങ്ങളുമുണ്ട്. സ്ര്തീകൾ ചെയ്യേണ്ട ഒന്നിലും അവൾക്ക് താല്പര്യമില്ല. ചുളുങ്ങിയ കിടക്കവിരി നിവർത്തിവിരിക്കുകയോ ചുവരുകൾ മാറാൻ കൂടാതെ സൂക്ഷിക്കുകയോ വാല്യക്കാരിപെണ്ണ്
കട്ടിലിനടിയിലെ പൊടി തുടയ്ക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുകയോ ഒന്നും അവൾക്ക് വയ്യ. എനിക്കിഷ്ടമുള്ള ആഹാരം എന്തെന്നറിഞ്ഞ് പാകപ്പെടുത്തി തരിക വയ്യ. മേബിളിന് എപ്പോഴും വായിക്കണം, അതിലേറെ സമയം ശൂന്യതിയിൽ നോക്കി ആലോചിച്ചിരിക്കണം”.

ഈ പരാതിപറച്ചലിലെ ശ്രദ്ധാർഹമായ കാര്യം സ്‌ത്രീകൾ ചെയ്യാവുന്നതും ചെയ്യരുതാത്തതുമായ കാര്യങ്ങളെപ്പറ്റി അയാൾക്കുള്ള കാഴ്ചപ്പാടാണ്. ഇത് മൈക്കിൾ ജോസഫ് എന്ന ഏക വ്യക്തിയുടെ കാഴ്ചപ്പാടല്ല, ഒരു സമൂഹത്തിന്റെ മുഴുവൻ കാഴ്ചപ്പാടാണ്. മേബളിന്റെ മനസ്സിനെ പിടികിട്ടാപ്പുള്ളിയായി കണ്ടെത്തിയ കോടതി അവളെ വിചാരണ ചെയ്യുന്നു. ഒരു ഗ്യാസ് സിലിണ്ടറിന്റെ വിലയെത്രാ? അവിയലിന് ഉപയോഗിക്കാത്ത പച്ചക്കറികൾ ഏവ? കുട്ടിയെ കടന്നൽ കുത്തിയാൽ ഉപയോഗിക്കേണ്ട മരുന്ന് ഏത്? എന്നിങ്ങനെ ചോദ്യങ്ങൾ തികച്ചും “ഗാർഹീകമായിരുന്നു” എങ്കിലും മേബിളിന് വെറും ഒന്നര മാർക്കെ കിട്ടിയുള്ളൂ. അവളുടെ ചുമതലാബോധമില്ലായ്മയുടെ ഉത്തമ ഉദാഹരണം എന്ന നിലയിലാണ് ഈ പരാജയം സ്വീകരിക്കപ്പെടുന്നത്. ഒരു സ്‌ത്രീ എന്ന നിലയിൽ ജീവിതം അർത്ഥവത്താക്കുന്ന ഏതു പ്രവർത്തിയാണ് നീ ചെയ്തിട്ടുള്ളത് എന്ന ചോദ്യത്തിന് ഉദ്യോഗത്തിൽ ഡബിൾ പ്രമോഷൻ കിട്ടിയതിനെപ്പറ്റി അവൾ അഭിമാനത്തോടെ പറയുന്നുണ്ടെങ്കിലും ആ നേട്ടം കോടതിയുടെ മുന്നിൽ വെറും വിലകെട്ടതാവുന്നു. ഭാവിയിൽ എങ്ങനെ ജീവിക്കണം എന്നതിന് ‘വിലയേറിയ’ ചില നിർദ്ദേശങ്ങൾ കോടതി അവൾക്ക് നൽകുന്നു.

“മൈക്കിൾ ജോസഫിന്റെ ഭാര്യയായ നീ ശലോമിയുടെ വെള്ളിത്താമ്പാളം നിലത്തിറക്കി മേബിൾ ജോസഫായി കഴയുക. അവനു പ്രിയപ്പെട്ട വെണ്ടയ്ക്ക സമ്പാറും കോഴി ചാപ്‌സും വയ്ക്കാൻ പഠിക്കുക. അവന്റെ വസ്‍ത്രങ്ങളലക്കി അവന്റെ ഗൃഹം വെടിപ്പാക്കിവെച്ച് അവന്റെ കുഞ്ഞിനെ ശുശ്രൂഷിച്ച് ഉദ്യോഗം ഹോബിയായെടുത്ത് നല്ല ഭാര്യയായി, നല്ല അമ്മയായി നിന്റെ ജീവിതാവസാനം വരെ കഴിയാൻ ഈ കോടതി വിധിക്കുന്നു”. ഒരു സ്‌ത്രീ നല്ലവൾ എന്ന പദവി നേടാനായി എങ്ങനെയൊക്കെ എന്തൊക്കെ ആയിത്തീരണം എന്ന സമൂഹത്തിന്റെ നിർബന്ധബുദ്ധിയാണ് ഈ വാക്കുകളിൽ തെളിയുന്നത്. അവൾ രാത്രി പുറത്തിറങ്ങി നിൽക്കുന്നത് ഒരു പരാതിയായി അയാൾ ഉന്നയിക്കുമ്പോൾ ഹൃദയം തകർന്ന് അവൾ ഒരു ചോദ്യം ഉന്നയിക്കുന്നുണ്ട്, “എന്റെ ആ ചെറിയ സ്വകാര്യതയ്ക്ക് നിങ്ങൾ ഇത്ര വില കല്പിച്ചിരുന്നുവോ? എന്ന്. അവളുടെ ഒരു സ്വകാര്യചിന്തകൾക്കും കുടുംബ ജീവതത്തിൽ സ്ഥാനമില്ല. നക്ഷത്രങ്ങൾ പൂത്ത ആകാശം കാണാനായി രാത്രി പുറത്തിറങ്ങി നിൽക്കുന്നു എന്ന അവളുടെ വാദം തീരെ വിലപ്പോവുന്നില്ല. ഒരു കീറ് ആകാശത്തിന്റെ കാഴ്ച സ്വതന്ത്രത്തിന്റെ പ്രതീകമായി മാറുന്നു. സ്വത്വാവിഷ്‌കാരത്തിന്റെ രചനയുടെ സമയത്താണ് അവൾ ശലോമിയായി മാറുന്നത്. ആ വെള്ളിത്താമ്പാളം താഴെ വെയ്ക്കൂ എന്ന ആജ്ഞ അവളിലെ അപരസ്വത്വത്തെ ഇല്ലായ്മ ചെയ്യാനുള്ള ധൃതിയാണ്. ഉദ്യോഗം ഹോബിയായി മാത്രം എടുക്കുക എന്ന നിർദ്ദേശമാവട്ടെ വീട്ടിലേക്ക് ഒതുങ്ങുക എന്ന നിർദ്ദേശത്തിന്റെ മറുപുറമാണ്.“നിലത്തിൽപ്പോര്” എന്ന കഥയിൽ അജയൻ പറയുന്ന “എന്നെ സംബന്ധിച്ചിടത്തോളം ഭാര്യ ജോലിയെ ഹോബിയായി മാത്രം എടുത്താൽ മതി. കുടുംബത്തോടുള്ളതിനേക്കാൾ ആത്മാർത്ഥത ജോലിയോടു കാണിക്കേണ്ട കാര്യമില്ല. ഈ വാക്കുകൾ കൂടിയാവുമ്പോൾ അവളുടെ ജോലി അവന്റെ ഔദാര്യം മാത്രമാണ് എന്ന് വ്യക്തമാവുന്നു. മറ്റൊന്നു കൂടിയുണ്ട്. ഇത് അത്തരം വിഷയം സംബന്ധിച്ച് പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടാണ്. എഴുത്ത് എന്നത് ഒരാളുടെ സ്വത്വാവിഷ്‌കാരമാണ് എന്നിരിക്കെ സ്‌ത്രീയുടെ അത്തരം സ്വതന്ത്ര്യങ്ങൾ കുടുംബത്തിനകത്ത് ഒരിക്കലും സാക്ഷാത്കരിക്കപ്പെടുന്നില്ല.

“കവിതയുടെ കഥ”യിൽ സുഷമ ഒരു പകൽകൊണ്ട് വീട്ടുജോലിക്കിടെ വളരെ കഷ്ടപ്പെട്ട് എഴുതിത്തീർക്കുന്ന കവിത ഭർത്താവും കുട്ടികളും ഓഫീസിൽനിന്നു എത്തി എന്ന് മനസ്സിലാവുമ്പോൾ അവൾ കീറിക്കളയുന്നു. അഭിമാനത്തോടെ താൻ ഇന്ന് എഴുതിയ കവിതയാണ് എന്ന് അവരോട് പറയാനാവാത്ത സാഹചര്യം അവിടെ നിലനിൽക്കുന്നുണ്ട്.
സുഷുമ കവിത എഴുതി എന്ന് കേട്ടാൽ തന്നെ അവളുടെ ഭർത്താവായ രഘുരാമൻ അത് ഒരിക്കലും വിശ്വസിക്കയില്ല. കാരണം അയാളെ സംബന്ധിച്ചിടത്തോളം അവൾ അധികം സംസാരിക്കാത്ത, അടങ്ങി ഒതുങ്ങിക്കഴിയുന്ന, വീടുനോക്കുന്ന, പാചക വിദഗ്ദ്ധയായ ഒരു സ്‌ത്രീ മാത്രമാണ്. അവൾക്ക് ഭാവനസമ്പന്നമായൊരു ലോകം ഉണ്ട് എന്നറിഞ്ഞാൽതന്നെ അത് ഒരിക്കലും അയാൾ സ്വീകരിക്കുകയില്ല. അവളുടെ സ്വകാര്യതകൾക്ക് കുടുംബജീവതത്തിൽ സ്ഥാനമില്ല. മേബിൾ രാത്രി പുറത്തിറങ്ങി നിൽക്കുന്നു എന്ന് ജനകീയ കോടതിയിൽ പരാതി കൊടുക്കുന്ന മൈക്കിളിനോട് മേബിൾ അതീവ സങ്കടത്തോടെ ചോദിക്കുന്നുണ്ട്, എന്റെ ആ ചെറിയ സ്വകാര്യതയ്ക്ക് നിങ്ങൾ ഇത്ര പ്രധാന്യം കല്പിച്ചിരുന്നുവോ എന്ന്. ഇതും ആത്മഗതമാണ്.

ഏതു തരത്തിലുള്ള കലാപ്രവർത്തനവും വിവാഹത്തോടെ അവസാനിപ്പിക്കണം എന്നും വീടിനുള്ളിൽ അടങ്ങിയൊതുങ്ങിക്കഴിയണം എന്നും അനുശാസിക്കുന്ന സമൂഹത്തിന്റെ തീർപ്പുകളാണിവ. പുരുഷനെ സന്തോഷിപ്പിക്കാനും അവന്റെ ഗൃഹം വെടിപ്പാക്കി വെയ്ക്കാനും നിയുക്തയായവൾക്ക് ആഢംബരപൂർണ്ണമായൊരു വീടും ആധുനിക സുഖസൗകര്യങ്ങളും പരിചാരികവൃന്ദവുമുണ്ടായാൽ സംതൃപ്തി ലഭിക്കും എന്നാണ് പൊതുധാരണ. അവർക്ക് ഒന്നു തുറന്നുസംസാരിക്കാനാണ് ആഗ്രഹം. സ്വന്തമായ
സ്വപ്നങ്ങളെപ്പറ്റി, മോഹങ്ങളെപ്പറ്റി, കണ്ടെത്തുകളെപ്പറ്റി തുറന്നുപറയാൻ ആളും അവസരവും അവരാഗ്രഹിക്കുന്നു. ഈ മോഹമാണ് അർദ്ധരാത്രി വീട്ടിലെത്തുന്ന കള്ളനോട് “ഞാൻ കൂടി നിന്നോടൊപ്പം വരട്ടെ? കുടുമ്പുളിയിട്ട് പുഴമീൻ വറ്റിച്ചതും കപ്പ വേവിച്ചതും ഞാൻ നിനക്കുണ്ടാക്കിത്തരാം. ആവിപാറുന്ന ചൂടുകഞ്ഞിയിൽ തേങ്ങാപ്പീര വിതറി വിളമ്പിത്തരാം. നിലാവുള്ള രാത്രിയിൽ അമ്പലക്കുളത്തിന്റെ പായൽ പിടിച്ച കൽപ്പടവിലിരുന്ന് നമുക്ക് ഒത്തിരി സംസാരിക്കാം. എനിക്ക് കൊച്ചുകൊച്ചു മോഹങ്ങളെയുള്ളൂ. (‘കൊള്ള’).

ഇത്തരം ഒരു ചോദ്യം സമൂഹ്യ സദാചാര അവസ്ഥകളുടെ കടുത്ത ലംഘനവും കുടുംബം ഉപേക്ഷിക്കാനുള്ള ഉദ്യമവും ഒക്കെയായി വ്യാഖ്യാപിക്കപ്പെടും. ഇത്തരം ഒരു ചോദ്യത്തിലേക്ക് നയിച്ച സാഹചര്യങ്ങളെപ്പറ്റി അവൾ പറയുന്നുണ്ട്. “ഈ വീടു നിറയെ പരിചാരകരാണ്. കൈവെള്ളയുടെ മൃദുത്വം പോകുമെന്ന് ഭയന്ന് ഒരു ചായഗ്ലസ്സ് കഴുകാൻപോലും എനിക്കനുവാദമില്ല. ഇലത്താളി തേച്ച് പുഴവെള്ളത്തിൽ മുടിയുലച്ച് കഴുകിക്കളയാൻ എനിക്ക് വലിയ ഇഷ്ടമാണ്. ഇവിടെ ബാത്ത്ടബ്ബിലെ ദ്വാരം താളിയില കയറി അടയുമെന്ന് ഭയന്ന് എനിക്ക് കഠിനമായ സുഗന്ധമുള്ള വിദേശനിർമിത ഷാംബു വരുത്തിതന്നിരിക്കുന്നു. നിന്റെ വീടിനരികിൽ കുളവും ക്ഷേത്രവുമൊക്കെയുണ്ടോ? പാഞ്ചവാദ്യവും ശ്രീവെങ്കടേശ്വര സുപ്രഭാതവും നീകേൾക്കാറുണ്ടോ? ഇത്തരം ഒരു ചോദ്യത്തോട് തികഞ്ഞ അഹമ്മതി എന്നല്ലാതെ എന്താണ് സമൂഹം പ്രതികരിക്കുക? പക്ഷേ ഇത്തരം പാവജന്മം; അത് അവൾക്ക് മതിയായി. അതിനാലാണ് കള്ളനോട് ഒപ്പം വരട്ടെ എന്ന് ചോദിച്ചുപോവുന്നത്. എന്തുകൊണ്ട് കള്ളൻ എന്നാണെങ്കിൽ അവൾക്കും കള്ളനും പൊതുവായ ഒരു കീറ്. ആകാശവും അവിടെ ഒരു ചന്ദ്രനുമുണ്ട് എന്നതുതന്നെ കാരണം. ഇവിടെയും ആകാശം സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി മാറുന്നു.
വിവാഹത്തിനുശേഷം തന്റെ സ്വപ്നങ്ങളെപ്പറ്റി ഭർത്താവിനോട് വിശദമായി പറഞ്ഞതോടെ ഭ്രാന്തിയെന്ന് പഴി കേൾക്കേണ്ടിവന്നവളാണ് ‘കലിയുഗ സന്ധ്യ’യിലെ നായിക. അതോടെ മനസ്സിൽ തോന്നുന്നതൊക്കെ തുറന്നുപറയുവാൻ അവൾക്കൊരു സുഹൃത്തിനെ
തേടേണ്ടിവരുന്നു. ഇങ്ങനെ മനസ്സിൽ തോന്നുന്നതൊക്കെ മറ്റാരോടെങ്കിലും തുറന്നുപറയുക എന്നത് കുലസ്‌ത്രീകൾക്ക് അനുയോജ്യമല്ല.
‘അമലയുടെ മോചനം’ എന്ന കഥയിൽ ഭർത്താവിനോട് യോജിക്കാനാവാതെ കോടതി കയറാൻ പോവുന്ന അമലയെ പലരും ഉപദേശിക്കുന്നുണ്ട്. അതിൽ മുഖ്യമായത് ഒരു സുഹൃത്തിന്റെ ഉപദേശമാണ്. ‘നിന്റെ വാശി ഇതിനെ കോടതി മുറിയിൽ എത്തിച്ചാൽ എത്ര അസ്ഥിക്കൂടങ്ങളാണ് അലമാരയിൽനിന്നും പുറത്തു ചാടുക. നമ്മളൊക്കെ വിവരവും വിദ്യാഭ്യാസവും ഉള്ള സ്‌ത്രീകളല്ലേ അമലേ? അലമാരയിലെ അസ്ഥിപഞ്ജരം ഒരിക്കലും പുറത്തുകാണാത്തവിധം മൂടിവെയ്ക്കാനല്ലേ നമ്മുടെ വിദ്യാഭ്യാസം നമ്മെ പഠിപ്പിച്ചിട്ടുള്ളത്? ഈ ചോദ്യം വ്യക്തമാക്കുന്ന ഒരു കാര്യം നമ്മുടെ വിദ്യാഭ്യാസം പോലും അടിസ്ഥാനപരമായി സ്‌ത്രീയെ അടങ്ങി ഒതുങ്ങി ഇരിക്കാൻ ഉപദേശിക്കുന്ന ഒന്നാണ് എന്നതാണ്. അതിന്റെ സൃഷ്ടാക്കളും പ്രയോക്താക്കളും ഒക്കെ പിതൃ ആധിപത്യ വ്യവസ്ഥിതിയുടെ പ്രമുഖർ തന്നെയാണല്ലോ. ദാമ്പത്യത്തിലെ അസ്വാരസ്യങ്ങളെ അലമാരിയിലെ അസ്ഥിപഞ്ജരങ്ങൾ എന്ന് വിശേഷിപ്പിച്ചതിലൂടെ രണ്ട് കാര്യങ്ങൾ എഴുത്തുകാരി സാധിച്ചു. ഒന്ന് അവ അത്രയും വികൃതവും ബീഭത്‌സവവുമാണെന്നും രണ്ടുമത്തേത് അവ എത്രമാത്രം കെട്ടിപ്പൂട്ടി വെയ്‌ക്കേണ്ടതാണെന്നും. എത്ര ഇവയെ മൂടിപ്പുതഞ്ഞുവെയ്ക്കാൻ കഴിയുന്നുവോ അത്രയും സമൂഹത്തിൽ നാം സ്വീകാര്യനാവുന്നു.

മുപ്പത്തിരണ്ടുവർഷമായി ഓരോ നിമിഷവും മറ്റുള്ളവർ തട്ടിയുരുട്ടിക്കളിക്കുന്ന ഒരു കളികോപ്പാണ് താനെന്ന തിരിച്ചറിവിൽനിന്നാണ് ‘അഞ്ചാമന്റെ വര’വിലെ സാവിത്രി ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുന്നത്. പുളിച്ച തെറിയും കുറ്റപ്പെടുത്തുകളും മാത്രം തനിക്കായി കരുതിവയ്ക്കുന്ന ഭർത്താവ്. വന്യവും സ്‌നേഹരഹിതവുമായ കാമം
ഉറങ്ങിക്കിടക്കുന്ന കിടപ്പുമുറി. ഓരോ നിമിഷവും തന്നിൽനിന്നകന്നു പോവുന്ന കുട്ടികൾ. ഇവരിൽ നിന്നൊക്കെയാണ് സാവിത്രി മോചനം ആഗ്രഹിച്ചത്. അവൾക്ക് ഒരു മുറിയും എഴുത്തുമേശയും സ്വന്തമായി കിട്ടണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. ഇതൊന്നും ലഭിക്കുന്നില്ല.

ഇപ്പോഴും എത്ര വലിയ വീടു പണിയുമ്പോഴും അമ്മക്ക്, ഭാര്യക്ക് അവിടെ ഒരു ഇടവും ഇല്ല. ‘(സ്‌നേഹ)ലതയുടെ സുഹൃത്തിൽ’ പരമേശ്വരൻ ലതയോട് ചോദിക്കുന്നുണ്ട്. ഞാൻ നിനക്ക് കൊട്ടാരം പോലുള്ള വീട് പണിതുതന്നു. നമ്മുടെ കുട്ടികൾ ഏറ്റവും അധികം സംഭാവന വാങ്ങുന്ന സ്‌കൂളുകളിൽ പഠിക്കും. നിന്റെ ചിത്രങ്ങളുടെ പ്രദർശനങ്ങൾ ഞാൻ സംഘടിപ്പിക്കും. കൃതികൾ പാഠപുസ്തകങ്ങളാക്കും. നമ്മൾ ഉന്നതരുടെ ആദരവും സുഹൃദ്ബന്ധവും നേടും. ഇതിൽ കൂടുതൽ എന്താണ് ഒരു സ്‌ത്രീക്ക് വേണ്ടത്? ഇതേ നിർണ്ണായകമായ ചോദ്യമാണ് ചുറ്റിലുമുള്ള ഒരു സമൂഹം ചോദിച്ചത്. ഭൗതീക
നേട്ടങ്ങൾക്കനുസൃതമായി മാറാനാവാത്ത സ്‌ത്രീമനസ്സും മാറാൻ നിരന്തരം പ്രേരിപ്പിക്കുന്ന ഒരു സമൂഹവും തമ്മിലുള്ള സംഘർഷമാണിത്.

സമൂഹത്തെപ്പറ്റി ചന്ദ്രമതിയുടെ കഥാപാത്രങ്ങൾക്ക് പൊതുവേയുള്ള കാഴ്ചപ്പാട് ”വഴിയുന്ന
ചിരിക്കുപിന്നിൽ വാൾത്തല ഒളിപ്പിക്കുന്നവർ. ഉപദേശങ്ങളുടെ മറക്കുടയിൽ വിഷസൂചി പിടിച്ചവർ” എന്നാണ്. ഇങ്ങനെ ഇരട്ട മുഖവും ഇരട്ട നാവുമുള്ള ഒരു സമൂഹത്തിന്റെ സംരക്ഷണം തനിക്കാവശ്യമില്ലെന്ന് ഈ സ്‌ത്രീകൾ തീരുമാനിക്കുന്നു. അതുകൊണ്ടുതന്നെ സദാചാര സമൂഹ്യബോദ്ധ്യങ്ങൾക്ക് ഒരിക്കലും നിരപ്പാവാനാകാത്ത ചില
ബന്ധങ്ങളിൽ അവർ ചെന്നെത്തുന്നു. ‘ആർക്കുവേണ്ടി’, ‘കുട്ടിരാമന്റെ ആചാര്യൻ’, ‘കൊള്ള’ ഇങ്ങനെ പല കഥകളിലും ഇത്തരം ബന്ധങ്ങൾ കാണാം. ജീവിത സ്വതന്ത്ര്യത്തിന്റെയും സ്വപ്നത്തിന്റെയും അവസാനമാണ് ഇവർക്കൊക്കെ വിവാഹം.
(സ്‌നേഹ)ലതയുടെ സുഹൃത്തിൽ ലത ഇങ്ങനെ പറയുന്നു. ”പരമേശ്വരൻ പതിനാറുഗ്രാം സ്വർണ്ണത്തിന്റെ ചങ്ങലയുണ്ടാക്കി കഴുത്തിൽ കെട്ടി എന്റെ അടിച്ചിറക്കുകൾ മുറിച്ചു”. ‘അടിച്ചിറക്കുകൾ’ എന്നൊരു കഥതന്നെ ഈ സമാഹരത്തിലുണ്ട്. അടിച്ചിറക്കുകൾ മുറിച്ച് ആകാശത്തേക്ക് പറന്നുയരുന്നതിനെ വിലക്കിയ ഒരു പക്ഷിയുടെ കഥയാണിതെങ്കിലും കഥ വളരെ പ്രതീകാത്മകമാണ്. ‘തികച്ചും വൈവാഹികം’ എന്ന കഥ മൂന്നു തലമുറകളിലെ
പുരുഷന്മാരുടെ വധു സങ്കല്പം പങ്കുവയ്ക്കുന്നു. അതിലൂടെ കടന്നുപോവുമ്പോൾ എത്ര പരിഷ്‌കാരവും വിദ്യാഭ്യാസവും നേടിയവരായാലും ഭാര്യ എന്ന സങ്കല്പത്തിൽ അവരെത്ര പഴഞ്ചനാണ് എന്ന് ഇതിൽ നിന്നും വ്യക്തമാവുന്നു.

ഇങ്ങനെയുള്ള ഒരു ലോകത്തിൽ സ്വതന്തന്ത്രബുദ്ധിയുള്ള ഒരുവൾക്ക് യോജിക്കാനാവുന്നില്ല.
തന്നോടുതന്നെയും ലോകത്തോടും പ്രതിഷേധിക്കുക എന്നതുമാത്രമാണ് അവളെക്കൊണ്ടാവുക. അത്തരം ഒരു പ്രതിഷേധമാണ് തന്റെ വളർത്തുപൂച്ചക്ക് ലൂസിഫർ എന്ന പേര് നല്കി അതിന്റെ ഗർഭപാത്രം നീക്കം ചെയ്ത് മീന നിർവ്വഹിക്കുന്നത്. ഭാര്യ, അമ്മ എന്നീനിലകളിൽ താൻ എന്തുമാത്രം സഹിച്ചു എന്ന് ജോത്‌സനയെ ഒർമ്മപ്പെടുത്തുന്നു. ഒപ്പം ഒന്നുകൂടി പറയുന്നു. മനസ്സുവായിക്കാവുന്ന വല്ല യന്ത്രവും ഉണ്ടെങ്കിൽ കൊണ്ടുവന്നു
ഭർത്താവിന്റെയും മക്കളുടെയും ഹൃദയം വായിച്ചുനോക്കൂ എന്ന ആഭ്യർത്ഥനയാണത്. അവരുടെ മനസ്സ് യഥാർത്ഥത്തിൽ കണ്ടുകഴിഞ്ഞാൽ ഹൃദയം പൊട്ടിച്ചത്തുപോകും എന്നു മീന സ്വന്തം അനുഭവത്തിൽ പറയുന്നതാവാം. പക്ഷേ നമ്മുടെ ‘ഭദ്രമായ’ കുടുംബ സങ്കല്പങ്ങൾക്ക് നേരയുള്ള ഒരു നിശിതമായ ചോദ്യമാണത്. ഇങ്ങനെ പറയുമ്പോഴും സ്‌ത്രീ എന്ന നിലയിൽ സമൂഹത്തിന്റെ ഉപരിവർഗ്ഗങ്ങളിലെ ചിലർ മാധ്യമശ്രദ്ധക്കായി കാണിക്കുന്ന പൊങ്ങച്ചങ്ങളെയും കെട്ടുകാഴ്ചകളെയും അംഗീകരിക്കാനേ ചന്ദ്രമതി എന്ന എഴുത്തുകാരി തയ്യാറാവുന്നില്ല. അത്തരം ഭ്രമങ്ങളെ കണക്കറ്റ് പരിഹസിക്കുകയും ചെയ്യുന്നുണ്ട്. ‘സർവ്വംസഹ’ എന്ന കഥയിലൂടെ പടിഞ്ഞാറൻ സ്‌ത്രീവിമോചാനാശയങ്ങൾ ആശയങ്ങളായി മാത്രം നിലനിൽക്കുന്നു എന്ന് ഓർമ്മപ്പെടുത്തുന്നു.‘സർവ്വം സഹ’, ‘ബോൺസായ്’, ‘ശ്രീകൃഷ്ണ’ ഇവയെക്കെ പൊങ്ങച്ചങ്ങളോടുള്ള വിമർശനമാണ്. അന്താരാഷ്ട്ര വനിതാദിനമൊക്കെ ആഘോഷങ്ങളായി മാറുമ്പോഴും യാഥാർത്ഥ്യങ്ങൾ വളരെ വളരെ ദൂരെയാണെന്ന് ആ പേരിൽ എഴുതിയ കഥയിലൂടെ ചന്ദ്രമതി വ്യക്തമാക്കുന്നു. ഹാസ്യ സ്‌ത്രീകൾക്ക് അത്ര വഴങ്ങില്ല എന്ന പൊതുധാരണയെ ഈ കഥകൾ തിരുത്തുന്നു. ‘ഫെലിസിറ്റിയും നരസിംഹവും’ എന്ന ഒരൊറ്റ കഥ മതി ഇതു വെളിപ്പെടുത്താൻ. വിവാഹം, കുടുംബം എന്നിവയൊക്കെ സ്ഥാപനവത്ക്കരിക്കപ്പെടുന്ന ഒരു സമൂഹത്തിൽ അവയുടെ യുക്തിരാഹിത്യത്തെ ചോദ്യം ചെയ്യുന്നവരാണ് ഈ കഥാപാത്രങ്ങൾ. സ്‌ത്രീയുടെ ആന്തരിക ശക്തിയിൽ തനിക്ക് വിശ്വാസമാണ് എന്ന കഥാകാരിയുടെ വിശ്വാസത്തിന്റെ ഫലമാണ് ദേവീഗ്രാമവും ഗ്രാമമുത്തശ്ശിയും ഒക്കെ. അടുത്ത ജന്മം പുരുഷനാവാൻ വരം വാങ്ങിയവളും ഗ്രാമയക്ഷിയായ ബാലയും ഒക്കെ ദേവീഗ്രമത്തിന്റെ സന്തതികളാണ്. അലമാരയിലെ അസ്ഥിപഞ്ജരങ്ങൾപോലെ ഉള്ളിലുള്ളതത്രയും മൂടിവയ്ക്കണം എന്ന് അറിയാഞ്ഞിട്ടല്ല. ഒരു കീറ് ആകാശം കാണാനുള്ള കൊതി അതിനുമപ്പുറത്താവുന്നു എന്നുമാത്രം.

Mobile: 94965 20398/90615 46046