അകത്തുള്ള വൈറസ്, പുറത്തുള്ള വൈറസ്

സജി എബ്രഹാം

വൈറസുകൾ നിറഞ്ഞാടുകയാണ് അകത്തും പുറത്തും. മരണം അതിന്റെ താണ്ഡവം തുടരുന്നു. മരുന്നുകളാൽ തെല്ലു കാലത്തേക്ക് അമർച്ച ചെയ്യപ്പെട്ടും പിന്നെ പേരു മാറി പേരു മാറി അതിസൂക്ഷ്മങ്ങളായ വൈറസുകൾ മനുഷ്യരെ ഭീതിയുടെ ഗുഹകളിലേക്ക്

സജി എബ്രഹാം
തുരത്തിയോടിക്കുന്നു. താൻ താൻ മാത്രമാണ് കേമൻ എന്ന മനുഷ്യന്റെ അഹന്തക്കു മീതെ ഘനപ്രഹരങ്ങളേല്പിച്ചു കൊണ്ട് വൈറസ് അവനെ കേവലം നിസ്സാരനായ ഒരു ജീവിയാക്കി മാറ്റുന്നു. പുറത്തെ വൈറസുകൾ അതിന്റെ കേളികൾ തുടരുന്നു; ലോകം വിറയ്ക്കുന്നു. എന്നാൽ ഇതിനെക്കാൾ മാരകമായ വൈറസുകളാണ് മനുഷ്യന്റെ ഉള്ളിൽ നിന്നും പുറത്തേക്ക് പടരുന്നത്. പുറത്തുള്ള വൈറസുകൾ കൊന്നൊടുക്കിയതിനെക്കാൾ എത്രയോ അധികമാണ് അകത്തുള്ള വൈറസുകളുടെ കൊലയെണ്ണം. പ്രകൃതി മനുഷ്യരെ ഇല്ലാതാക്കിയതിനെക്കാൾ എത്രയോ ക്രൂരമായും വേഗതയിലുമാണ് മനുഷ്യർ മനുഷ്യരെ ഇല്ലാതാക്കുന്നത്.

മനുഷ്യന്റെയുള്ളിലെ അസൂയ, ക്രൂരത, പക, പ്രതികാര ദാഹം, ചതി, ദുഷ്ടത, വർണ്ണ വെറി, വംശീയ വൈരം… അകത്തുള്ള വൈറസ് മൂർത്ത രൂപത്തിൽ പുറത്തേക്കു പടരുമ്പോഴാണ് ഒരാൾ തന്റെ ഭാര്യയെ ഉഗ്രവിഷമുള്ള പാമ്പിനെക്കൊണ്ട് കൊത്തിച്ചു കൊല്ലുന്നത്, മറ്റൊരാൾ തന്റെ ഭാര്യയെ കേവലം അഞ്ചു വയസുള്ള സ്വന്തം മകന്റെ മുൻപിൽ വച്ച് കൂട്ടുകാർക്ക് ഭോഗിക്കാനായി ഒരു താലത്തിലെന്നോണം വച്ചു കൊടുക്കുന്നത്. ഇനിയുമൊരാൾ തന്റെ കാമുകിയുടെ ആറു വയസ്സുള്ള കുട്ടിയെ ഒരു കാൽപ്പന്തു പോലെ ചവിട്ടിത്തെറിപ്പിക്കുന്നത്. ഒരു സാദാ വീട്ടമ്മ തന്റെ ഭർത്താവിനെയും ബന്ധുക്കളെയും സയനൈഡ് കൊടുത്ത് കൊല്ലുന്നത്. അതിർത്തിത്തർക്കത്തെത്തുടർന്ന് ഗ്രാമത്തിലെ നാട്ടു മനുഷ്യരായ അയലുകാരും രാജ്യാതിർത്തികളിൽ വ്യക്തിശത്രുത ഒട്ടുമേ തീണ്ടാത്ത പട്ടാളക്കാരും പരസ്പരം വധിക്കുന്നത്. വംശീയ വെറി മൂത്ത് ഒരു പ്രത്യേക വിഭാഗം ആളുകളെ ഗ്യാസ് ചേംബറുകളിൽ പുകയ്ക്കുന്നത്. വിശപ്പടക്കാനിത്തിരി മാംസം കൈവശം വെച്ചതിനാൽ സാധു മനുഷ്യർ തെരുവിൽ അടിച്ചുകൊല്ലപ്പെടുന്നത്. അകത്തുള്ള വൈറസ് അതിന്റെ ജൈത്രയാത്ര അങ്ങനെ തുടരുകയാണ്.രേഖയിൽ എഴുതപ്പെട്ട ആദ്യത്തെ വൈറസ് ബി.സി.ഇ മൂവായിരാമാണ്ടിൽ (BCE 3000) എത്തിയ സിർക്കയാണ്. പിന്നെ അതിന്റെ തുടർച്ചയായി പലപല കാലങ്ങളിൽ പലപല ദേശങ്ങളിൽ പലപല നാമങ്ങളിൽ അതിന്റെ യാത്ര തുടരുന്നു. ഇതാ ഇപ്പോൾ ഇതുവരേയ്ക്കും അഞ്ചു ലക്ഷത്തിലധികം മനുഷ്യരെ കൊന്നുകൊണ്ട് കോവിഡ്-19 എന്ന നാമധാരി നിറഞ്ഞ് വിലസുകയാണ്.

എന്നാൽ ഈ അഞ്ചു ലക്ഷം കടന്ന് മുന്നേറുന്ന നിരപരാധികളുടെ മരണത്തേക്കാൾ മനസ്സിനെ നടുക്കിത്തരിപ്പിച്ചത് ഇക്കഴിഞ്ഞ ഏതാനും ആഴ്ച്ചകൾക്കു മുൻപ് അമേരിക്കയിൽ നടന്ന രണ്ടു കൊലപാതകങ്ങളാണ്. മിനിയാപോളിസിൽ സിഗററ്റ് വാങ്ങാൻ കൊടുത്ത ഇരുപത് ഡോളർ വ്യാജമാണെന്ന കാരണത്താൽ ജോർജ് ഫ്ലോയിഡ് എന്ന കറുത്ത വർഗ്ഗക്കാരനെ എട്ടര മിനിറ്റോളം കഴുത്തിൽ കാൽമുട്ട് അമർത്തി ശ്വാസം മുട്ടിച്ചാണ് വെളുത്ത പോലീസുകാരൻ കൊന്നത്. ഈ നരഹത്യക്കെതിരെ ലോകമെങ്ങും വൻപ്രതിഷേധമിരമ്പവെ ജോർജിയയിൽ വച്ച് ഒറ്റവരിപ്പാതയിലൂടെ കാറോടിച്ചതിനും ലഹരിപരിശോധനയിൽ പരാജയപ്പെട്ടതിനും റെയ്ഷാർഡ് ബ്രൂക്ക്സ് എന്ന മറ്റൊരു കറുത്ത വംശജനെ വെളുത്ത വംശജരായ പോലീസുകാർ വെടിവെച്ചു കൊലപ്പെടുത്തി. അങ്ങനെ വർണ്ണ വെറിയുടെയും വംശീയ വിദ്വേഷത്തിന്റേയും വൈറസുകൾ മനുഷ്യന്റെയുള്ളിൽ നിന്നും വർദ്ധിത വീര്യത്തോടെ ഉഗ്രമായ പകയോടെ പുറത്തിറങ്ങി മനുഷ്യരെ കൊല്ലുന്നത് അനന്തമായി തുടരുകയാണ്. മനുഷ്യൻ എന്നാൽ തീരെ അപരിഷ്‌കൃതനായ ഒരു ജീവിയാണെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് അകത്തുള്ള വൈറസ് അതിന്റെ ജൈത്ര യാത്ര അനുസ്യൂതം തുടരുന്നു. മനുഷ്യൻ എത്ര മഹത്തായ പദം എന്നൊക്കെ പറഞ്ഞ് പുളകം കൊള്ളാൻ ഇനിയൊരിക്കലും കഴിയാത്ത വിധം ക്രൂരത അതിന്റെ അപ്രമാദിത്ത്വം ഉയരെ വെളിപ്പെടുത്തുകയാണ്.


അപരന്റെ മേൽ തന്റെ ആധിപത്യം സ്ഥാപിക്കുവാനും അവനെ ലഘുതോതിലോ വൻതോതിലോ അടിമയാക്കാനുമുള്ള ത്വര മനുഷ്യൻ എന്ന ജീവിയിൽ സദാ സജീവമാണ്. നിറത്തിന്റെ, വംശത്തിന്റെ, വർഗ്ഗത്തിന്റെ, വിശ്വാസത്തിന്റെ, ഗോത്രത്തിന്റെ, ജാതിയുടെ, മതത്തിന്റെ ഒക്കെ പേരുകളിൽ ഈ ത്വര സംഘടിതരൂപം കൊള്ളുകയും അതിന്റേതായ ഒരു പ്രത്യയശാസ്ത്രം രൂപപ്പെടുത്തുകയും ഒരു മാനിഫെസ്റ്റോ നിർമ്മിച്ചു കൊണ്ട് വാഴ്ച്ച നടത്തുകയും ചെയ്യുന്നു. മനുഷ്യചരിത്രം അതിന്റെ ആകെത്തുകയിൽ ഇത്തരം വാഴ്ച്ചകളുടെ ചരിത്രമാണ്. ഇതെപ്പോഴും സാമ്പത്തിക ആധിപത്യവുമായും അധികാരവുമായും ഇഴ ചേർന്നു കിടക്കുന്നു. അടിമത്തത്തിന്റെ ചരിത്രം ചികയുമ്പോൾ നാമീ കഠിനയാഥാർത്ഥ്യത്തിന്റെ മുന്നിലാണ് എത്തിച്ചേരുന്നത്. അതുകൊണ്ട് അധികാരത്തിനും സമ്പത്തിനും വേണ്ടിയുള്ള മനുഷ്യന്റെ പാച്ചിൽ ഒടുങ്ങാത്തിടത്തോളം ഇത്തരം വംശ വെറിയുടെ നെറികെട്ട കാഴ്ച്ചകൾക്കു നാം സാക്ഷികളായിക്കൊണ്ടേയിരിക്കും. അമേരിക്കയെ കോളനിയാക്കാൻ ബ്രിട്ടനു വേണ്ടി വന്ന നാലു ലക്ഷത്തോളം ആഫ്രിക്കൻ മനുഷ്യരുടെ സന്തതി പരമ്പരകൾ ആ വൻകരയിൽ കാലാകാലങ്ങളായി എത്രമേൽ ക്രൂരമായും മനുഷ്യത്വരഹിതമായും കൊല്ലപ്പെട്ടുകൊണ്ടേയിരിക്കുന്നു. കപ്പലുകളിൽ കുടിവെള്ളം കിട്ടാതെ, ചക്കുകളിൽ ചുറ്റിത്തളർന്ന്, പാടങ്ങളിൽ വെന്തുരുകി, പട്ടിണിയാലും രോഗത്താലും വലഞ്ഞ്, തീവണ്ടികളിലൂടെ ഉല്ലാസയാത്ര നടത്തുന്ന വെളുത്ത യജമാനൻമാരുടെ തോക്കിൻകുഴലിന്റെ നല്ല ഉന്നങ്ങളായി കാട്ടുപോത്തുകൾക്കൊപ്പം എത്രയെത്ര കറുത്ത മനുഷ്യരാണ് വധിക്കപ്പെട്ടത്. പേരില്ലാ ചെറുപ്പക്കാരായി, മാർട്ടിൻ ലൂഥർ കിങ്ങ് ജൂനിയറായി, ട്രെയ് വൺ മാർട്ടിനായി,മൈക്കൽ ബ്രൌണായി, ഫ്രെഡി ഗാരിയായി, ഒടുവിലിതാ ഫ്ലോയിഡായും ബ്രൂക്സായും കറുത്ത മക്കൾ കൊല്ലപ്പെട്ടുകൊണ്ടേയിരിക്കുന്നു. ഡിട്രോയിറ്റിൽ, കെന്റക്കിയിൽ, നെവാർക്കിൽ, ഫ്ലോറിഡയിൽ, മിസോറിയിൽ, മെറിലന്റിൽ, മിനിയപോളിസിൽ അങ്ങനെയങ്ങനെ മഹാനഗരങ്ങളിലെ എണ്ണമറ്റ ഗെറ്റോകളിൽ മനുഷ്യർ നിരന്തരം മരിച്ചു വീഴുന്നു. തൊട്ടുകൂടാത്തവരായും തീണ്ടിക്കൂടാത്തവരായും ദ്രിഷ്ടിയിൽ പെട്ടാൽ അയിത്തമുള്ളവരായും കോടിക്കണക്കിനു മനുഷ്യർ ലോകമെമ്പാടും പൊള്ളലേറ്റ അഭിമാനത്തോടെ ജീവിതമുന്തുന്നു. പൊതു കിണറിൽ നിന്നും കുടിനീരെടുക്കാനാകാതെ, വിശന്നിട്ടു തിന്നാൻ ഇത്തിരി മാംസം കൈവശം വച്ചതിന് മർദ്ദനമേറ്റ്, പള്ളിക്കൂടത്തിൽ കയറാനാകാതെ, പോഷകാഹാരം കിട്ടാതെ, പഞ്ചായത്ത് സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടും കസേര കിട്ടാതെ നിലത്തിരുന്ന്, ഇഴഞ്ഞ്, ഇരുട്ടിലും കരച്ചിലിലും, പല്ലുകടിയിലും കീടങ്ങളെപ്പോലെ കഴിയുന്നു, കെന്റക്കി മുതൽ അട്ടപ്പാടി വരെ ഈ കണ്ണുനീർ നാം കാണുന്നു.

വാസ്തവമായും മനുഷ്യന്റെ ഉള്ളിലുള്ള ഈ വൈറസിനെക്കാളും മാരകമല്ല മറ്റൊരു വൈറസും. യുദ്ധങ്ങൾ, ഗോത്ര വൈരങ്ങൾ, നരഹത്യകൾ, വംശീയ കൊലപാതകങ്ങൾ… നോക്കൂ ലോകമെങ്ങും മനുഷ്യർ മനുഷ്യരെ കൊന്നൊടുക്കിയ എണ്ണത്തിന്റെ ഏഴയലത്തു വരില്ല പകർച്ചവ്യാധികളും പാൻഡമിക്കുകളും തുടച്ചുനീക്കിയ ജീവജാതികൾ. തന്റെ സംസ്കാരത്തെക്കുറിച്ചും, അഭിമാനത്തെക്കുറിച്ചും, പരിഷ്ക്രിതിയെക്കുറിച്ചും ഒക്കെയുള്ള സകലവിധ മേനിപറച്ചിലുകളെയും ഒറ്റയടിക്ക് ഈ വൈറസുകൾ റദ്ദ് ചെയ്യുന്നു. കണ്ടുപിടിത്തങ്ങൾ, പുരോഗതികൾ, ശാസ്ത്രീയ നേട്ടങ്ങൾ, തത്വചിന്തകൾ… എല്ലാമെല്ലാം ഈ വൈറസുകൾക്കു മുൻപിൽ അർത്ഥശൂന്യമായിത്തീരുന്നു. താനേതോ വലിയൊരു സംഭവമാണെന്ന മനുഷ്യന്റെ ആ കിരാതമായ ഭാവമുണ്ടല്ലോ അതാണ് ഇപ്പോൾ അടിയേറ്റുകിടക്കുന്നത്. ഞാൻ ഞാൻ എന്നഹങ്കരിച്ച രാജാക്കൻമാരും മറ്റുമെവിടെ എന്ന ബഷീറിന്റെ ചോദ്യം അതിന്റെ ഉജ്ജ്വല ഘനസാന്ദ്രതയോടെ കോവിഡ്-19 വൈറസുകൾ അണ്ഡകടാകം മുഴുക്കെ പ്രതിധ്വനിപ്പിക്കുന്നു. എല്ലാത്തരം സാഹോദര്യത്തേയും സമത്വത്തേയും തുരത്തിയോടിക്കുന്ന ഈ ഭാവത്തിന്റെ ആധിക്യം അത്രമേൽ ഭൂമിയിൽ സമഗ്രാധിപത്യം സ്ഥാപിച്ച് മാനവികതയെ പരാജയപ്പെടുത്തിക്കഴിഞ്ഞു.

നമ്മുടെ കൂട്ടായ്മയിൽ നിന്നും ഇമ്പങ്ങളേയും നമ്മുടെ യാത്രകളിൽ നിന്നും സാഹോദര്യത്തേയും നമ്മുടെ സംഘടനകളിൽ നിന്നും ആത്മബലത്തേയും നമ്മുടെ സൗഹൃദങ്ങളിൽ നിന്നും സൗന്ദര്യത്തേയും തുരത്തിക്കളഞ്ഞത് ഈ ഉള്ളിലുള്ള വൈറസുകളാണ്. ഈ വൈറസുകളെ പരാജയപ്പെടുത്തിയപ്പോഴാണ് ഗാന്ധിജിക്കും ഗുരു നാനാക്കിനും തങ്ങൾ പുഴുക്കൾക്ക് സമാനരാണെന്ന് ബോധ്യപ്പെട്ടത്. അക്ക മഹാദേവിയും ബാസണ്ണയും തെരുവുകളിൽ ഉന്മാദികളായത്. നിറത്തിന്റെ പേരിൽ മനുഷ്യൻ മനുഷ്യനെ കൊല്ലുന്ന ഈ ഘനാന്ധകാരത്തിന്റെ ദിനങ്ങളിൽ നാം തീർത്തും ചകിതരാവുക ഈ ഉൾവൈറസുകൾക്കു മുന്നിൽത്തന്നെയാണ്. മരണത്തിന്റെ പാതാളവാതിലുകൾ മലർക്കെ തുറന്നിട്ടു കൊണ്ട് കൊറോണ നരകനൃത്തം ആടുമ്പോഴും മനുഷ്യൻ മനുഷ്യനെക്കൊല്ലുന്നത് അവിരാമം തുടരുന്നത് കാട്ടിത്തരുന്നത് മറ്റൊന്നുമല്ലല്ലോ!!!

Mobile: 90492 93870