ചാപ്പ തലയിൽ ചുമക്കുന്നവർ

പീജി നെരൂദ

മുഖം അടച്ചുള്ള അടിയിൽ മല ചരിഞ്ഞതുപോലെ ഒരു ഊക്കൻ ശബ്ദത്തിൽ അവളുടെ വായ്ക്കുള്ളിൽ നിറഞ്ഞ തുപ്പൽ രക്തത്തിനൊപ്പം ഒന്നാകെ പുറത്തേക്ക് തെറിച്ചു ചുമരിൽ വലവിരിച്ചു. ഇരുട്ടിന്റെ ചതുപ്പിൽ പുതഞ്ഞു പോയ വീടിനെ ഒന്നാകെ പരുപരുത്ത ചിരികൾ കുടഞ്ഞെഴുന്നേൽപ്പിച്ചു. രാത്രിയുടെ ഏതോ യാമത്തിൽ അട്ടഹാസങ്ങൾ നേർന്നമർന്നു.

ഉണർന്നപ്പോൾ കിഴക്കു സൂര്യൻ ചീർത്ത് പൊങ്ങിക്കഴിഞ്ഞിരുന്നു. കാക്കകൾ വേലിപത്തലിലും തെങ്ങിന്റെ ഓലകളിലും ചാഞ്ചാടി കരയുകയാണ്. യൂണിഫോം ധരിച്ച് തീൻമേശയിൽ വന്നിരുന്ന ഭർത്താവിന്റെ മുന്നിൽ ഇഢലിക്കൊപ്പം തലേന്ന് രാത്രി തല്ലുകൊണ്ട് വീർത്ത മോന്തയും വിളമ്പി വെച്ചിട്ട് അവൾ ഒരു കൈ അകലത്തിൽ മാറി നിന്നു. ഇഢലി കുഴച്ച് വായിലേക്കിട്ട് ചവച്ചിറക്കുമ്പോൾ കൊഴുത്ത ചോരയുടെ രുചി തൊണ്ടക്കുഴിയിൽ ഇഡ്ഡലിക്കൊപ്പം അകമ്പടി സേവിക്കുന്നത് പോലെ തോന്നി. തലേന്ന് രാത്രിയിലെ സംഭവവികാസങ്ങൾ ഒരു വള്ളപ്പാടകലെ അറ്റം കുത്തി നിൽക്കുന്നു. അടുത്തേയ്ക്കു ക്ഷണിച്ചെങ്കിലും അവൾ മുഖം വെട്ടിത്തിരിച്ചു.

വംശം നശിച്ചാലും കുലം മുടിഞ്ഞാലും അടിമ വംശം ഇന്നും ജീവിച്ചിരിക്കുന്നതിന്റെ അടയാളം പോലെ ചാർത്തിക്കൊടുത്ത ചാപ്പ തലയിലേറ്റി, ലാടം വെച്ച കുളമ്പടികളോടെ അയാൾ പടി ഇറങ്ങി. അസ്വാതന്ത്ര്യങ്ങളുടെ നടുവിൽ ജീവിച്ചിരിക്കുന്നോ അതോ മരിച്ചോ എന്ന് തിരിച്ചറിയാൻ കഴിയാതെ പരതി നടക്കുന്ന സഹപ്രവർത്തകരുടെ ഇടയിലേക്ക് നിർവികാരനായി അയാൾ കയറിച്ചെന്നു. മേലുദ്യോഗസ്ഥന് യാന്ത്രികമായി കൈ നെറ്റിയിൽ ചേർത്ത സല്യൂട്ട് നൽകി; പകരം അദ്ദേഹത്തിന്റെ ശകാരങ്ങളും തെറി വിളിയും വാങ്ങി പകുതി മറച്ച സ്പ്രിംങ്ങ് ഡോർ തള്ളിത്തുറന്നു പുറത്തു കടന്നു. ഡോർ തിരികെച്ചെന്ന് ശബ്ദം ഉണ്ടാക്കി അദ്ദേഹത്തെ അലോസരപ്പെടുത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധയോടെ പതുക്കെ തിരികെ ചേർത്ത് വെച്ചു.

മനസ്സ് ആകെ കലുഷമായിരുന്നു. ബാത്ത് റൂമിനുള്ളിലെ യൂറിൻ ബൗളിന്റെ മുന്നിൽ ചെന്ന് പാന്റിന്റെ സിബ്ബ് താഴേക്ക് വലിച്ചു. ഫ്ലഷ് ചെയ്‌തപ്പോൾ മൂത്രത്തിനൊപ്പം ദീർഘ ശ്വാസവും ചുഴികളായി ദ്വാരങ്ങളിലൂടെ ഒലിച്ച് പോകുന്നത് ക്ഷമയോടെ നോക്കി നിന്നു. സിബ്ബ് സാവധാനം മുകളിലോട്ട് വലിച്ചു വാഷ് ബെയിസിന്റെ മുന്നിലെ ചെറിയ കണ്ണാടിക്ക് മുന്നിലെത്തി; മുഖത്തെ ചുളിവുകളുടെ എണ്ണം തിട്ടപ്പെടുത്തി. തന്റെ വയസ്സിന്റെ ഒപ്പം ഇനിയുള്ള സർവ്വീസ് കാലയളവിന്റെ എണ്ണവും വിരലുകളിൽ കൂട്ടി. വിരലുകളിൽ പറ്റിയ കണക്കുകളെല്ലാം കഴുകി കളഞ്ഞ് മുഖം നന്നായി കഴുകി, കോട്ടൺ ടൗവ്വൽ കൊണ്ട് മുഖം തുടച്ചു. തൊപ്പി തലയിൽ വെച്ച്, കണ്ണാടിക്ക് മുമ്പിൽ ഞെളിഞ്ഞ് നിന്ന്, തോളിന്റെ മുകളിലുള്ള നക്ഷത്രങ്ങളെ തലോടിക്കോണ്ട് അത്ഭുതത്തോടെ ഒരു നിമിഷം നോക്കി നിന്നു.

സ്റ്റേഷന് പുറത്തു നിർത്തിയിട്ട ജീപ്പിന്റെ മുന്നിലേക്ക് ചെന്ന് പിന്നിൽ ഇരിക്കുന്നവരുടെ നേരെ ഒന്ന് കണ്ണോടിച്ചു. അവർ കൈ ഉയർത്തി സല്യൂട്ട് ചെയ്തത് കാണാത്ത ഭാവത്തിൽ മുന്നിലെ സീറ്റിലേക്ക് കയറി ഇരുന്നു. സ്റ്റീയറിംങ്ങിൽ കുംഭ ചേർത്ത് വെച്ച് ചാരി ഇരിക്കുന്ന ഡ്രൈവറോട് വണ്ടി സ്റ്റാർട്ട് ചെയ്യാൻ ആംഗ്യം കാട്ടി. വാഹനം സാവധാനം മുന്നോട്ട് നീങ്ങി.

വില്ലേജ് ജംഗ്ഷനിൽ നിൽക്കാൻ കഴിയുന്ന തണൽ നോക്കി വണ്ടി ഒതുക്കിയിട്ട് കാത്തു നിന്നു. ആവർത്തന വിരസമായ പതിവ് പരിപാടികൾ. ദൂരെ നിന്ന് ശബ്ദത്തിൽ പാഞ്ഞു വന്ന ബൈക്കിന് കൈകാട്ടി. ബൈക്കിലിരിക്കുന്ന ചെറുപ്പക്കാരൻ ഇട്ടിരിക്കുന്ന പാന്റ് പുത്തൻ ഫാഷനിലുള്ളതാണ്. പാന്റിന്റെ നൂൽ മുഴുവൻ പൊന്തി നിൽക്കുന്നു. തുടകളിലെ കീറലുകളെ കറുത്ത തുണികൊണ്ടു തുന്നിച്ചേർത്തു മറച്ചിരിക്കുന്നു.

“എന്തൊരു കോലമാണെടാ നിന്റെയൊക്കെ”?

വലിച്ചു കയറ്റിയ ശ്വാസം പോലെ ഇടയ്ക്ക് പുറത്തേക്ക് വരുന്നതുകൊണ്ട് ഈ വാക്കിന് മാത്രം തുരുമ്പ് പിടിക്കാറില്ല. തുരുമ്പ് പിടിക്കാൻ സമ്മതിക്കുകയുമില്ല. ഹെൽമറ്റ് വെച്ച ചെറുപ്പക്കാരൻ ലൈസൻസും ബുക്കും പേപ്പറുമായി വന്നു. എല്ലാം ക്ലിയറാണെന്ന് ചെറുപ്പക്കാരൻ പറഞ്ഞുകൊണ്ടിരുന്നു.

“എല്ലാം ക്ലിയറാ?”

“അതെ സാർ.”

“നീ ആ വണ്ടീലോട്ട് കയറ്; ഒന്ന് കാണട്ടെ ഞാൻ.”

ചെറുപ്പക്കാരൻ വണ്ടിയിൽ കയറി ഇരുന്നു.

“സ്റ്റാർട്ട് ചെയ്യ്.”

“നല്ല ശബ്ദമാണല്ലോഡാ?

“പുതിയ സൈലൻസറാ സാറെ.”

“എത്ര രൂപയാണ്?”

ചെറുപ്പക്കാരൻ പറയുന്നതിന് ചെവി വട്ടം പിടിക്കാതെ, ജീപ്പിന്റെ പിന്നിൽ നിന്ന് വലിച്ചെടുത്ത കൂടം കൊണ്ടുള്ള ശക്തിയായ അടിയിൽ സൈലൻസർ ഒടിഞ്ഞു.

“ഇനി നീ എന്റെ മുന്നിൽ വരുമ്പോൾ ഇതുപോലുള്ള ശബ്ദവുമായി വരാൻ പാടില്ല. കേട്ടോടാ? മ് വിട്ടോ”.

ചെറുപ്പക്കാരന്റെ മുഖത്ത് രണ്ടാമതൊന്ന് നോക്കാൻ മിനക്കെടാതെ വണ്ടിയുടെ ബോണറ്റിലേക്ക് ചാരി നിന്നുകൊണ്ട് ഇനിയും വരാനുള്ള ഇരകൾക്ക് വേണ്ടിയുള്ള കാത്തു നിൽപ്പ് തുടർന്നു. സമയം ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു. സന്ധ്യയായി. പകലിനെ ഊറ്റിക്കുടിച്ചു വീർത്ത, കൊഴുത്ത ഇരുട്ടിന്റെ വിടവിലൂടെ കിളികൾ ചില്ലകളിൽ ഇണകൾക്കൊപ്പം ചേർന്നിരുന്നു.

ഭാര്യ കവിൾ തടവിക്കോണ്ട് നിലത്ത് ഷീറ്റ് വിരിച്ചു കിടക്കുന്നതു കണ്ട് അവളോട് എന്തൊ പറയാൻ ഭാവിച്ചു. ശബ്ദം കുടലുകൾക്കുള്ളിൽ കുരുങ്ങിക്കിടക്കുന്നു.തലയിണ കൊണ്ട് മുഖം അമർത്തി; ദു:സ്വപ്നങ്ങൾക്കിടയിലൂടെ ഉറക്കം പതുങ്ങിയും തെളിഞ്ഞും വന്നു.

ഉണർന്നപ്പോൾ ആകാശത്താരോ വെള്ളവിരിച്ചിട്ടിരിക്കുന്നു. കടലിനു മുകളിൽ, മലകൾക്കും മരങ്ങൾക്കും ഇടയിൽ തൂവി പോയ പെട്രോമാക്സിന്റെ വെളിച്ചവും തൂക്കി ആരോ പൊന്തി വന്നിരിക്കുന്നു.

കുളിച്ചൊരുങ്ങി വരുമ്പോൾ ഭാര്യ തലയിണക്കുള്ളിലെ ചിതറിപ്പോയ പഞ്ഞി തൂത്ത് വാരുന്നു. മിണ്ടാതെ ഒരു കവിൾ വെള്ളം കുടിച്ചു പുറത്തേക്ക് ഇറങ്ങി നടന്നു. സ്റേഷനിലുള്ളവരൊക്കെ കീ കൊടുക്കുന്ന കളിക്കോപ്പു പോലെ നിന്നിടത്തു നിന്ന് കറങ്ങുന്നവരാണ്. ഒരേ മുഖമുള്ളവർ. വികാരങ്ങളെയെല്ലാം ഇടിവണ്ടിയിൽ നിറച്ചവർ. പക്ഷേ സെല്ലിലെ പ്രതികൾ മാത്രം നിരന്തരം മാറുന്നു.

ആദ്യമേ തന്നെ തലേന്ന് ചെയ്ത പ്രവർത്തികൾക്ക് മേലുദ്യോഗസ്ഥന്റെ ശകാരം ഏറ്റുവാങ്ങി. തിരികെ നിശ്ശബ്ദമായി പകുതി മറയ്ക്കുന്ന വാതിൽ തുറന്നു പുറത്തിറങ്ങി. പിന്നെ മൂത്രപുരയിലേക്കുള്ള നടത്തം.

ഛെ…! ആവർത്തന വിരസത.

പ്രഷറിന്റെ ഗുളിക ഒരെണ്ണം വായിലേക്കിട്ടു. വായിക്കുള്ളിലെ ഇരുള് പിടിച്ച ശ്യൂന്യതയിൽ ഗുളിക അലിഞ്ഞ് ഇല്ലാതായി.

സ്റ്റേഷൻ പരിധിക്കുള്ളിലെ പ്രദേശങ്ങളിൽ പെട്രോളിങ്ങു നടത്തുന്ന സ്ഥലങ്ങളിലെ മാറ്റങ്ങൾ ആവർത്തന വിരസതയ്ക്ക് ഒരു നൂലുമാറ്റം സൃഷ്ടിക്കുന്നു.

ക്രിസ്ത്യൻ കോളേജ് ജംഗ്ഷനിൽ വൈകുന്നേരം വരിവരിയായി പോകുന്ന വിദ്യാർത്ഥികളെ കണ്ണോടിച്ച് നിന്നു. പ്രണയകഥയുടെ ആമ്പൽ പൊയ്കയിൽ വിരലുകൾ കൊണ്ട് നീന്തുന്ന രണ്ടു പേർ… അസൂയ തോന്നുന്നുണ്ടോ? ഉണ്ടല്ലേ?

“എന്തഡാ…? നടുറോഡിൽ കിടന്നൊരഭ്യാസം; നിനക്കൊന്നും വീട്ടിൽ പോവാറായില്ലേ? പോടാ”

കൂടി നിന്ന കണ്ണുകൾ അവളുടെ മുഖമാകെ വലിച്ചീമ്പിയതുകൊണ്ടാവണം അവർ വേഗത്തിൽ ബസ്സ് കയറിപ്പോയത്.

നടുക്കടലിൽ നിന്ന് ഇബ്രു എന്ന തീ വിഴുങ്ങി മത്സ്യം ഉയർന്ന് ചാടി സൂര്യനെ വായിക്കുള്ളിലാക്കി കടലിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടു.

വീട്ടിലെത്തി. ഉറക്കം വരാൻ കുറെ സമയമെടുത്തു. തലചേർത്ത് വെച്ച തലയിണ ഭാര്യ വലിച്ചെടുത്തു.

“ചവിട്ടിക്കീറാൻ ഇവിടെ ഇനി തലയിണ ഇല്ല”

അവളുടെ മുഖത്തേക്ക് നോക്കിയിട്ട് തിരിഞ്ഞ് കിടന്നു. രാവിലെ യൂണിഫോമിട്ട് പോകാൻ ഒരുങ്ങി നിൽക്കുമ്പോഴാണ് അവളുടെ പുലമ്പൽ കേട്ടത്.

“എന്തൊരു നാറ്റമാണി മെത്തയ്ക്ക്”

വാക്കുകൾ വായ്ക്കുള്ളിലിട്ടു നുണഞ്ഞു കൊണ്ട് അവൾ പറയുന്നതിന് ചെവി കൊടുത്തു.

ഭാര്യ മെത്ത മുറ്റത്ത് വിരിച്ചിട്ടു. മെത്തയുടെ നടുവിൽ ദ്വീപ് പോലെ നനവ് പറ്റിയിരിക്കുന്നു. മറുപടി പറയാനുള്ള അയാളുടെ വാക്കുകൾ മൂത്രം വീണ് ദ്രവിച്ചിരിക്കുന്നു. അപമാനഭാരത്തോടെ മുഖം ഉയർത്തി നോക്കി. മൂത്രത്തിന്റെ നാറ്റം മൂക്കിലേക്ക് കയറിയതും നിശബ്ദനായി തന്റെ ഭ്രാന്തൻ ചിന്തകളെ ഓർത്ത് വേവലാതിപെട്ട് ഇറങ്ങി നടന്നു.

എന്തൊരു ഭ്രാന്താലയമാണിത്.130 കോടി ജനങ്ങളുടെ ശാപമേറ്റത്. കളറുകൾ മാറ്റിയാലും “ജനമൈത്രി”യെന്ന പേരുകൾ കൂട്ടിച്ചേർത്താലും ചില നേരങ്ങളിൽ മനുഷ്യത്വം നശിച്ചുപോയവരുടെ ഭ്രാന്താലയം. ആരോ ഉപേക്ഷിച്ചു പോയ അടിമത്തവും ചുമന്ന് അത്മാഭിമാനം നഷ്ടപ്പെടുത്തി ജീവിക്കുന്നവർ. ഉപ്പ് കലക്കിയ ഒരു കവിൾ വെള്ളം വായിൽ നിറഞ്ഞാലുള്ള അസ്വസ്ഥത പോലെ ചിന്തകൾ കുഴഞ്ഞുമറിഞ്ഞു.

ഹാഫ് ഡോർ തള്ളിത്തുറന്ന് അകത്ത് കയറി മേലുദ്യോഗസ്ഥന്റെ മേശയ്ക്ക് മുകളിൾ ബൂട്ട് ഊരിവെച്ചു. ബൂട്ടിനുള്ളിലെ പഴുത്ത മണം മേലുദ്യോഗസ്ഥന്റെ റും മുഴുവൻ നിറഞ്ഞു. അയാൾ അലറി വിളിച്ചു കൊണ്ട് ഡെസ്ക്കിന്റെ മുകളിൽ കയറി കുന്തക്കാലിൽ ഇരുന്നു. അയാളുടെ വായിക്കുള്ളിലേക്ക് മൂന്ന് ലോകവും ചുരുങ്ങിപ്പോയിരിക്കുന്നു. തൊപ്പിക്കുള്ളിൽ ഒളിപ്പിച്ച ചങ്ങല സ്വന്തം കഴുത്തിലിട്ട് മറ്റേ അറ്റം മേലുദ്യോഗസ്ഥന്റെ മടിയിലേക്ക് നീട്ടി ഇട്ടു.

ഡെസ്ക്കിൽ ഉണ്ടായിരുന്ന ബെല്ലിൽ ശക്തിയായി അമർത്തി ഇടിച്ചുകൊണ്ട് മേലുദ്യോഗസ്ഥൻ ചാടി എഴുന്നേറ്റു. വാതിൽ തള്ളിത്തുറന്ന് ക്യാബിനിലേക്ക് പാഞ്ഞു വന്ന പോലീസുകാർ ചങ്ങലയിൽ പിടിച്ച് അയാളെ പുറത്തേക്ക് വലിച്ചിട്ടു. ശക്തമായ വലിയിൽ സ്പ്രിങ്ങ് ഡോർ തള്ളി തുറന്നു അയാൾ ഇടനാഴിയിലേക്ക് വീണു. ഡോർ തിരികെച്ചെന്ന് ശക്തിയായി കൂട്ടി ഇടിക്കുന്ന ഭീകരമായ ശബ്ദം. മേലുദ്യോഗസ്ഥൻ പല്ലുകൾ ഇറുമ്മിക്കൊണ്ട് പിറുപിറുക്കുന്നത് തമ്മിൽ കലഹിച്ച ഡോറിന്റെ വിടവിലൂടെ വ്യക്തമായി അയാൾ കണ്ടു. ചങ്ങലയിൽ ചുഴറ്റി പുറത്തേക്ക് തള്ളുന്നതിനൊപ്പം വലിച്ചെറിഞ്ഞ ബൂട്ടും ദേഹത്ത് വന്നു വീണു.

അമ്പരന്നു നിൽക്കുന്ന സഹപ്രവർത്തകരെ ഒട്ടും ശ്രദ്ധിക്കാതെ അയാൾ ബൂട്ടുകൾ തള്ളിമാറ്റി, തോളിലെ നക്ഷത്രങ്ങൾ പറിച്ചെടുത്ത് പോലീസ് സ്റ്റേഷന്റെ ഉള്ളിലേക്ക് വലിച്ചെറിഞ്ഞു. അവ വരാന്തയിലെ സിമന്റ് തറയിൽ തട്ടിത്തെറിച്ചു ശ്യൂനതയിൽ വിലയം പ്രാപിച്ചു. പിന്നീട് ധൃതിയിൽ യൂണിഫോം ഊരിയെടുത്ത് ചുരുട്ടികെട്ടി മുറ്റത്തേക്ക് വലിച്ചെറിഞ്ഞ ശേഷം അയാൾ സെല്ലിനുള്ളിലേക്കു നടന്നു കയറി.

Mobile: 92070 26166