പരീക്ഷ കെഎസ് സുബൈർ

കെ. എസ്. സുബൈർ

അനേകം പരീക്ഷകളിൽ വിജയികളായവരാണ് അധികാരക്കസേരകളിലിരുന്ന് ലോകത്തെങ്ങും ഭരിക്കുന്നതെന്ന് ടൈഗർ രാമു ആലോചിച്ചു. പ്രധാന മന്ത്രിമാർ മുതൽ ഇങ്ങേ അററം ശിപായിമാർ വരെ.

അയാളുടെ ശരിപ്പേര് രാംദാസ്. നാട്ടിൽ അനേകം മോഷണങ്ങൾ നടത്തി പോലീസിന് പിടികൊടുക്കാതെ ഇരുപത്തഞ്ചാമത്തെ വയസ്സിൽ തീവണ്ടി കയറിയതാണ്. കൂട്ടിക്കൊടുപ്പായിരുന്നു പുതിയ മേഖല. അടിച്ചുപൊളിച്ച് ജീവിച്ചിട്ടും കുറച്ചു പണം മിച്ചം പിടിച്ചു. മുംബൈ ജീവിതം മടുത്തു. കൂട്ടുകാർ കൽപ്പിച്ചു നൽകിയ വികൃതിപ്പേരും ഇനി സഹിക്കാൻ വയ്യ. അങ്ങനെയാണ് ആറുമാസം മുമ്പ് ഒരു സോഷ്യോളജി ബിരുദം പണം കൊടുത്തു വാങ്ങി മുംബൈയോട് സലാം പറഞ്ഞത്. ഇപ്പോൾ പ്രായം നാൽപ്പത്തിമൂന്ന്.

എന്തെങ്കിലുമൊരു ജോലി സമ്പാദിച്ച് ഒരു വിവാഹം കഴിക്കണമെന്ന ചിന്തയുമായി മര്യാദരാമനായി നടക്കുമ്പോഴാണ് പത്രത്തിലൊരു ഉദ്യോഗപ്പരസ്യം കണ്ടത്. കാവൽക്കാരന്റെ പണി അത്ര നിസ്സാരമല്ലല്ലൊ. തന്റെ സഹപാഠികളായിരുന്നവരിൽ പലരും അവരുടെ അച്ഛനമ്മമാരും ചേട്ടന്മാരും ചേച്ചിമാരും സർക്കർ ശമ്പളം പററി സുഖമായി ജീവിച്ചുപോരുന്ന കാര്യം മുമ്പേ അറിയാം. ഉദ്യോഗത്തിൽ നിന്ന് പിരിഞ്ഞാൽ പെൻഷനും കിട്ടും. ജോലി ചെയ്തിരുന്നതിലധികം കാലം പെൻഷൻ വാങ്ങുന്നവരാണ് അധികവും. തൊണ്ണൂറും നൂറും അതിലധികവും കാലമല്ലെ ഓരോരുത്തരും ജീവിക്കുന്നത്. ഉദ്യോഗസ്ഥ ജന്മത്തെക്കാൾ വലിയ ഭാഗ്യവും സുഖവും മറെറാന്നുമില്ല. കാററും മഴയും വെയിലും പ്രളയവുമൊന്നും അവർക്കൊരു പ്രശ്‌നമല്ല. അവരുടെ ശമ്പളം മുടങ്ങില്ല. രാജ്യത്തെ തൊഴിലില്ലായ്മയുടെ ഭീതിജനകമായ ചിറകടിയൊച്ചകളുമായി അനേകായിരം അപേക്ഷകൾക്കൊപ്പം അയാളുടെ അപേക്ഷയും സർക്കാറിലേക്ക് പറന്നു. ദേവാലയങ്ങളിൽ നേർച്ചകൾ നേർന്നും കലണ്ടറിൽ നിന്ന് ശുഭമുഹൂർത്തം നോക്കിയും മനസ്സു നിറയെ ദൈവങ്ങളെ വിളിച്ചുമാണ് അപേക്ഷ തപാൽപെട്ടിയിലിട്ടത്. അപേക്ഷയോടൊപ്പം ഇങ്ങനെയൊരു കുറിപ്പും പ്രത്യേകം അടക്കം ചെയ്തിരുന്നു:
— ഓം നമശ്ശിവായഃ–

വീട്ടിലെ ഏക സന്താനമാണ് ഞാൻ. അച്ഛനും അമ്മയും തീരെ സുഖമില്ലാതെ കിടപ്പിലാണ്. കാവൽക്കാരന്റെ പണി എനിക്ക് അനുവദിച്ചു തരുവാൻ സന്മനസ്സുണ്ടാകണം. സർക്കാറിന് പുണ്യം കിട്ടും.

രാജ്യത്തെ സർവ്വ പരീക്ഷകളുടെയും ആസ്ഥാനമാണ് പരീക്ഷാഭവൻ. ചോദ്യക്ക ടലാസുകൾ തയ്യാറാക്കുന്നതും പരീക്ഷകൾ കഴിഞ്ഞ് തിരിച്ചു വരുന്ന ഉത്തരക്കടലാസുകൾ സൂക്ഷിക്കുന്നതും അവിടെയാണ്. നൂറു കണക്കിന് ഉദ്യോഗസ്ഥരാണ് അവിടെ ജോലി ചെയ്യുന്നത്. നാളിതു വരെ യാതൊരു ആരോപണവും പരാതികളും പരീക്ഷാഭവനെ സംബന്ധിച്ച് ഉയർന്നിട്ടില്ല. എന്നാൽ, നിർഭാഗ്യകരമെന്നു തന്നെ പറയട്ടെ, ഏതാനും മാസം മുമ്പ് രാജ്യവ്യാപകമായി നടത്തിയ ഗുമസ്ത പരീക്ഷയുടെ ചോദ്യപ്പേപ്പർ അവിടെ നിന്ന് ചോർന്നു. ഇതുമായി ബന്ധപ്പെട്ട് ഫൽഗുണൻ സോമനാഥൻ എന്നീ രണ്ടു കാവൽക്കാരെ രഹസ്യാന്വേഷണ വിഭാഗം അറസ്‌ററു ചെയ്തു. അവർ കുററം സമ്മതിച്ചു. ബാങ്കിലെ അവരുടെ അനധികൃത സമ്പാദ്യങ്ങൾ സർക്കാറിലേക്ക് കണ്ടുകെട്ടി. ജോലിയിൽ നിന്ന് അവരെ പിരിച്ചു വിടുകയും ചെയ്തു. ശേഖരൻ എന്നയാൾ മാത്രമാണ് നിലവിൽ പരീക്ഷാഭവനിലെ കാവൽക്കാരൻ. രണ്ടു മാസം കഴിഞ്ഞാൽ അയാൾ ജോലിയിൽ നിന്ന് വിരമിക്കുകയും ചെയ്യും.

പരീക്ഷാഭവനിലെ കാവൽക്കാരുടെ എണ്ണം മൂന്നിൽ നിന്ന് ഒന്നിലേക്ക് ചുരുക്കാനുള്ള സർക്കാറിന്റെ പുതിയ തീരുമാനത്തെ മുതിർന്ന ഉദ്യോഗസ്ഥർ എതിർത്തിരുന്നു. അതീവ പ്രാധാന്യമുള്ള ഇത്തരം ഒരോഫീസിന്റെ ഭാവിയിൽ അവർ തങ്ങളുടെ ആശങ്കയറിക്കുകയും ചെയ്തു. എന്നാൽ സർക്കാറിൽ നിന്ന് അനുകൂലമായ മറുപടിയുണ്ടായില്ല. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് കാരണമായി പറഞ്ഞത്. മേലിൽ ഉദ്യോഗസ്ഥവിഭാഗങ്ങൾക്കു വേണ്ടി ഖജനാവിനെ അമിതമായി ആശ്രയിക്കാൻ പററില്ല. കോടികളുടെ നികുതി കുടിശ്ശിക വൻകിട മുതലാളിമാരിൽ നിന്ന് പിരിഞ്ഞ് കിട്ടാനുണ്ടെങ്കിലും അവരെ പിണക്കാൻ വയ്യ. പകരം, ജീവനക്കാരുടെ എണ്ണം കുറച്ചും നിലവിൽ ഒഴിവുള്ള തസ്തികകൾ എന്നേക്കുമായി ഉപേക്ഷിച്ചും. ചിലവ് ചുരുക്കുകയാണ് പുതിയ നയം. അതുകൊണ്ടാണ് പുതിയ പരീക്ഷയും പരീക്ഷണ രീതികളും അവലംബിച്ച് സമർത്ഥനായ ഒരു കാവൽക്കാരനെ തെരഞ്ഞെടുക്കാൻ തീരുമാനിച്ചത്. ഭാവിയിലും ഇത്തരം രീതികൾ പിന്തുടരാനാണ് തീരുമാനം. പതിവു രീതിയിലുള്ള നിഷ്‌കളങ്കമായ ഒരു സമീപനം ഉദ്യോഗസ്ഥ നിയമനങ്ങളിൽ ഇനി പററില്ല. കാലം മാറി. കളങ്കമാണെങ്ങും. നിഷ്‌കളങ്കത എന്ന പദം പോലും നിഘണ്ടുവിൽ നിന്ന് മാറേറണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഒരു മനുഷ്യൻ എന്ന് ഒഴുക്കൻ മട്ടിൽ പറയുമെങ്കിലും നന്മയുടെയും തിന്മയുടെയും ഒളിച്ചുകളികളുടെയും ഒരു സങ്കേതമാണത്. എപ്പോഴാണ് ഏതു സ്വഭാവമാണ് പുറത്തു ചാടി കണ്ണുരുട്ടുകയെന്ന് പറയാൻ കഴിയില്ലെന്ന് സർക്കാർ ഭയന്നു.

ചോദ്യക്കടലാസിലൂടെ കണ്ണോടിച്ച ഉദ്യോഗാർത്ഥികൾ ഞെട്ടിത്തരിച്ചിരുന്നുപോയി. ദൈവമേ, ഇതെന്തൊരു കുരുത്തം കെട്ട ചോദ്യങ്ങള്. മനുഷ്യനെ ഭ്രാന്ത് പിടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സർക്കാറെന്ന് ടൈഗർ രാമുവിന് തോന്നി. ആ പഴയ നാലാം ക്‌ളാസുകാരൻ വീണ്ടും വീണ്ടും തലപുകഞ്ഞു. ചില ചോദ്യങ്ങൾ ഇങ്ങനെ, ഉയർന്ന സ്ഥലത്തു നിന്ന് താഴേക്ക് നോക്കുമ്പോൾ തലചുററുന്നത് എന്തുകൊണ്ട്. വാഹനങ്ങളിൽ യാത്രചെയ്യുമ്പോൾ റോഡരികിലെ വാഹനങ്ങളും കെട്ടിടങ്ങളും പിറകോട്ടു പായുന്നതിന്റെ കാരണം. രാത്രി കള്ളൻ വരുമ്പോൾ നിങ്ങൾ എന്തു നടപടി സ്വീകരിക്കും. പാഞ്ഞു വരുന്ന വെടിയുണ്ടയെ പിടിച്ചു നിർത്താനുള്ള വിദ്യയെന്ത്. ഭക്ഷണവും വെള്ളവുമില്ലാതെ ഒരു മനുഷ്യന് എത്രനാൾ ജീവിക്കാൻ കഴിയും. വിശന്നു പൊരിഞ്ഞിരിക്കുമ്പോൾ മുമ്പിൽ ഭക്ഷണം വെള്ളം തോക്ക് കള്ളൻ എന്നിവ പ്രത്യക്ഷപ്പെട്ടെന്ന് കരുതുക. എന്തായിരിക്കും നിങ്ങളുടെ സമീപനം. പലരുടെയും കൈകളിൽ നിന്ന് ചോദ്യക്കടലാസ് താഴെ വീണു. നീണ്ട നെടുവീർപ്പുകളോടെ അവരത് കുനിഞ്ഞെടുത്തു.

ഒരു കാവൽക്കാരന്റെ ജോലിക്ക് വലിയ വിവരവും ബുദ്ധിയുമൊന്നും ആവശ്യമില്ലെന്ന പക്ഷമായിരുന്നു ഭൂരിപക്ഷം ഉദ്യോഗാർത്ഥികൾക്കും. എത്രയൊ പരീക്ഷകളും അഭിമുഖങ്ങളും കഴിഞ്ഞവരാണ്. ഇത്രയും കാഠിന്യം ഒരിക്കലും അനുഭവപ്പെട്ടിട്ടില്ല. ബിഎക്കാരും എംഎക്കാരും അടക്കമുള്ള ഉന്നത വിദ്യാഭ്യാസമുള്ളവർ ചോദ്യങ്ങൾക്കു മുമ്പിലിരുന്ന് വിയർത്തുകൊണ്ടിരുന്നപ്പോൾ ടൈഗർരാമു കുനിഞ്ഞിരുന്ന് സന്തോഷത്തോടെ ഉത്തരമെഴുതുന്നതിന്റെ തിരക്കിലായിരുന്നു. വെറുമൊരു നാലാം ക്‌ളാസുകാരനായ താൻ കുഗ്രാമം വിട്ട് മറുനാടൻ പട്ടണത്തിൽ പോയി ജീവിച്ചതിന്റെ അനുഭവ സമ്പത്തും ബുദ്ധി വികാസവുമാണ് തന്നെ തുണച്ചതെന്ന് അയാൾക്ക് മനസ്സിലായി. എഴുത്തുപരീക്ഷയുടെ ചോദ്യങ്ങളിൽ സർക്കാറും സംതൃപ്തമാണ്. ഇങ്ങനെയൊരു പരീക്ഷയിൽ വിജയിച്ചു വരുന്ന ഉദ്യോഗസ്ഥരുടെ ബുദ്ധിയിലും മിടുക്കിലും ഒരിക്കലും സംശയിക്കേണ്ടതില്ലെന്ന് ബോധ്യപ്പെട്ടു.

എഴുത്തുപരീക്ഷയിൽ വിജയികളായവരെയെല്ലാം നാലാമത്തെ ദിവസം അഭിമുഖത്തിന് ക്ഷണിച്ചിരുന്നുവെങ്കിലും എല്ലാവരും എത്തിച്ചേർന്നില്ല. ബുദ്ധിയും വിവരവുമുണ്ടെന്നു കരുതി അവരെല്ലാം ധൈര്യശാലികളാവണമെന്നില്ലല്ലൊ. ചിലർക്ക് വസൂരി ബാധ. രാത്രിയിലെ കാവൽപ്പണിയുടെ ദുരന്തങ്ങളും കഷ്ടപ്പാടുകളും ആലോചിച്ച് പേടിസ്വപ്നങ്ങൾ കണ്ട് ജ്വരബാധിതരായവരും ഉണ്ടായിരുന്നു. പട്ടിണി കിടന്നാലും വേണ്ടിയില്ല രാത്രിയിലെ കാവൽ ജോലി വേണ്ടെന്ന് പറഞ്ഞ് ചിലരെ ഭാര്യമാർ തടഞ്ഞു. സർക്കാർ ഇങ്ങനെ അഭിപ്രായപ്പെട്ടു, ദുർബ്ബലരും ഭീരുക്കളും മുമ്പേ കൊഴിഞ്ഞു പോയത് നന്നായി. അഭിമുഖത്തിന്റെ അവസാനം ഓരോരുത്തരോടുമായി സർക്കാറിന്റെ വക ഒരു ചോദ്യമുണ്ടായിരുന്നു, അർദ്ധരാത്രി ജോലിയിലായിരിക്കെ സുന്ദരിയായ ഒരു യുവതി ചുവന്ന റോസാപൂവ് നീട്ടി പുഞ്ചിരിയണിഞ്ഞ് അടുത്തേക്ക് വന്നാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം ?

അവളുടെ നേരെ തോക്കു ചൂണ്ടുമെന്നാണ് പലരും വിളിച്ചുപറഞ്ഞത്. ചിലരുടെ മനസ്സിനകത്തെ ഉത്തരം അതു തന്നെയായിരുന്നെങ്കിലും അത് പുറത്തു പറയാനൊരു ശങ്ക. ഒരുത്തന്റെ മറുപടിയിങ്ങനെ, ഞാനവളെ സ്‌നേഹം നടിച്ച് അടുത്തേക്ക് വിളിക്കും. എന്നിട്ട് തൂണിൽ കെട്ടിയിടും.

ഇനിയും എന്തെങ്കിലും ഉത്തരങ്ങളുണ്ടൊ എന്നറിയാനായി പരീക്ഷകരായ ഉദ്യോഗസ്ഥർ കാത്തിരുന്നു. അപ്പോഴാണ് ടൈഗർ രാമുവിന്റെ പൊട്ടിച്ചിരി. ചിരിയടങ്ങിയപ്പോൾ അയാൾ പറഞ്ഞു, യക്ഷിയുടെ നേരെ തോക്കു ചൂണ്ടിയിട്ടും അവളെ കെട്ടിയിട്ടിട്ടും വല്ല പ്രയോജനവുമുണ്ടൊ മണ്ടന്മാരെ !

മിടുക്കൻ,മിടുമിടുക്കൻ, പരീക്ഷകർ ടൈഗർ രാമുവിനെ പ്രശംസിച്ചു. അവർ ഉദ്ധേശിച്ച ഉത്തരം തന്നെയായിരുന്നു അത്. മററുള്ളവർ ഇളിഭ്യരായി മുഖം കുനിച്ചിരുന്നു.

നിയമന ഉത്തരവ് പ്രതീക്ഷിച്ച് എല്ലാവരും കാത്തിരുന്നു. ടൈഗർ രാമുവിന് വലിയ പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ല. ബിരുദാനന്തര ബിരുദമുള്ളവരും അനേകം പരീക്ഷകളും അഭിമുഖങ്ങളും നേരിട്ട് തഴക്കവും പഴക്കവുമുള്ളവരും അനുഭവ സമ്പത്തുള്ളവരും ആയിരുന്നു ഉദ്യോഗാർത്ഥികളിൽ ഭൂരിപക്ഷവും. തന്നെപോലെ വ്യാജബിരുദക്കാർ ഉണ്ടോ എന്നറിയില്ല. അതൊന്നും സാരമില്ല. വ്യാജന്മാർ എല്ലാ രംഗങ്ങളിലുമുണ്ട്. അദ്ധ്യാപകർ. ഡോക്ടർമാർ. അങ്ങനെ പലതും. അവർ പഠിപ്പിച്ചിട്ടും വിദ്യാർത്ഥികൾ പരീക്ഷകൾ ജയിക്കുന്നു. അവർ ചികിൽസിച്ചിട്ടും ആളുകളുടെ രോഗം മാറുന്നു. ഈശ്വര കഠാക്ഷമുണ്ടെങ്കിൽ തനിക്ക് ഈ ഉദ്യോഗം കിട്ടും.

ഒരാഴ്ച്ച കഴിഞ്ഞിരുന്നു. വളരെ ആകംക്ഷയോടെയാണ് തപാൽ തുറന്നത്. ഇനിയും ചില പരീക്ഷകളുണ്ടെന്നും അതിനു വേണ്ടി ഹാജരാകണമെന്നുമായിരുന്നു അറിയിപ്പ്. ടൈഗർ രാമു നിരാശനായില്ല. വളരെ സന്തോഷത്തോടെ നന്നെ രാവിലെ ഇറങ്ങിത്തിരിച്ചു.

അഭിമുഖത്തിൽ വിജയിച്ച രണ്ടാളൊഴികെ എല്ലാവരും കൃത്യ സമയത്തു തന്നെ എത്തിച്ചേർന്നു. ബാലഗോപാലൻ എന്ന എംകോം ബിരുദക്കാരൻ രാവിലെ തന്നെ വീട്ടിൽ നിന്ന് പുറപ്പെട്ടതായിരുന്നു. ബസ്സ്‌ററാന്റിലെത്തിയപ്പോൾ കുത്തനെയൊരു നെഞ്ചുവേദന. ഉടനെ ഓട്ടോ വിളിച്ച് ആശുപത്രിയിലേക്ക് തിരിച്ചു. പിന്നൊരു സുഗുണൻ. നാലു ദിവസം മുമ്പാണ് അയാളുടെ ഭാര്യയെ കന്നി പ്രസവത്തിന് ആശുപത്രിയിലാക്കിയത്. പിറക്കാൻ പോകുന്ന കുഞ്ഞിന്റെ ഭാഗ്യത്തിന് ഈ ജോലി ചേട്ടനു തന്നെ കിട്ടുമെന്ന് ഭാര്യ അയാളോട് എപ്പോഴും പറയാറുണ്ട്. ഇന്നു രാവിലെ എണ്ണയിട്ട് കുളിക്കാനൊരുങ്ങുമ്പോഴാണ് ഭാര്യാ പിതാവിന്റെ ഫോൺവിളി, സിസേറിയൻ വേണ്ടി വരും.രക്തം കരുതണം . ഉടനെ വരണം.

—ഹ്‌ഹൊ, മനസ്ഥാപത്തിന്റേതായ ഒരു കനത്ത നിശ്വാസം അയാളിൽ നിന്ന് പുറത്തു ചാടി. ഇനിയും തൊഴിലവസരങ്ങൾ വരുമെന്ന പ്രതീക്ഷയോടെ അയാൾ സമാധാനിച്ചു. ഒരു പക്ഷെ ഇതിലും മികച്ച ഒരവസരമായിരിക്കും തന്നെ കാത്തിരിക്കുന്നത്.

ഭരണകാര്യാലയത്തിനു മുമ്പിലെ പുൽതകിടിയിലായിരുന്നു വൃത്താകൃതിയിലുള്ള പതാകത്തറ. പത്തുമണിക്കാററിൽ ദേശീയ പതാക അഭിമാനത്തോടെ പാറിക്കളിച്ചു. അതിനുമുമ്പിൽ ഉദ്യോഗാർത്ഥികൾ നെഞ്ചു വിരിച്ചു നിന്നു. പ്രത്യേകിച്ചൊരു നിർദ്ധേശവും മുകളിൽ നിന്ന് ഉണ്ടായിരുന്നില്ല. പതാകത്തറയിൽ ഒരു ഗ്‌ളാസ് ശുദ്ധജലം പ്രദർശിപ്പിച്ചിരുന്നു. എന്തൊക്കെയൊ നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന ഒരു പരീക്ഷണമാണ് അതെന്ന് ടൈഗർ രാമുവിന് തോന്നി. എല്ലാവരുടെയും നോട്ടം വെള്ളത്തിനു നേരെയായിരുന്നു. ദാഹിച്ചു വലഞ്ഞ് തലകറങ്ങി വീഴുമെന്ന് പലരും ഭയന്നു. സമയത്തെ ചുട്ടു പൊള്ളിച്ച് സൂര്യൻ തലക്കു മുകളിൽ വന്നു നിന്ന് പല്ലിളിച്ചിട്ടും അയാൾ ശുദ്ധജലത്തിന്റെ പ്രലോഭനങ്ങൾക്ക് വഴിപ്പെടാതെ ദാഹവും ക്ഷീണവും ഒരു ത്യാഗമായി കരുതി ക്ഷമിച്ചു നിന്നു.

ഉച്ചയൂണ് കഴിഞ്ഞ് ഒരു സംഘം ഉദ്യോഗസ്ഥർ തിരിച്ചു വന്നു. ശേഷിച്ചവർ ഭക്ഷണം കഴിക്കാൻ പുറപ്പെട്ടു. സമീപത്തെ തണൽ മരങ്ങളിലേക്ക് പറന്നണഞ്ഞ പലതരം പക്ഷികൾ ഗ്‌ളാസിലെ തിളങ്ങുന്ന ശുദ്ധജലത്തിനു നേരെ ആർത്തിയോടെ ചാഞ്ഞും ചെരിഞ്ഞും നോക്കി.

—ഹ്‌ഹൊ, മനുഷ്യനിപ്പൊ ചത്തു വീഴും.ക്ഷമിക്കുന്നതിനും ഉണ്ടല്ലൊ ഒരതിര്., സുനിൽ ഭാർഗ്ഗവൻ എന്ന ബിഎഡുകാരൻ പുലമ്പി. രണ്ടാമത്തെ വരിയിലായിരുന്ന അയാൾ തിരക്കിട്ട് പുറത്തു വന്നു. ആരെയും കൂസാതെ അയാൾ ഗ്‌ളാസിലെ വെള്ളം ഒററവലിക്ക് അകത്താക്കി.

യാതൊരു മുന്നറിയിപ്പുമില്ലാതെ ഒരുദ്യോഗസ്ഥൻ പാഞ്ഞു വന്ന് അയാളെ അപ്പോൾ തന്നെ പുറത്താക്കി., അയാൾ നിയമം ലംഘിച്ചിരിക്കുന്നു. മററുള്ളവർക്ക് അതൊരു ഗുണപാഠവും മുന്നറിയിപ്പുമായി മാറുകയാണുണ്ടായത്. ജലപരീക്ഷയുടെ രഹസ്യം എല്ലാവർക്കും പെട്ടെന്ന് മനസ്സിലായി. ഉദ്യോഗസ്ഥൻ ഗ്‌ളാസിൽ വീണ്ടും വെള്ളം നിറച്ചു.

ഒരാളെങ്കിലും മൽസര വേദിയിൽ നിന്ന് പുറത്തായല്ലൊ എന്ന് മററുപലരേയും പോലെ ടൈഗർ രാമുവും ആശ്വസിച്ചു. ഇനിയും ആരെങ്കിലുമൊക്കെ എത്രയും പെട്ടെന്ന് പുറത്താകട്ടേയെന്നും താൻ മാത്രം ശേഷിക്കട്ടെയെന്നും മററുപലരെയും പോലെ അയാളും പ്രാർത്ഥിച്ചു.

ഒന്നാമത്തെ വരിയിൽ നിന്ന് തളർന്നു കുഴഞ്ഞ് ഒരാൾ മുമ്പോട്ടു വന്നു. ഫൽഗുണൻ എന്നുപേരുള്ള അയാളുടെ വലതു ചെവി ഇല്ലായിരുന്നു. പത്താം ക്‌ളാസ് പരീക്ഷ മൂന്നു തവണ എഴുതിയിട്ടും പാസ്സാകാത്ത അയാൾ കാര്യമായ ജോലിയൊന്നുമില്ലാത്തതിന്റെ നിരാശയിലായിരുന്നു. പഴയൊരു കർഷക കുടുംബത്തിലെ ആറാമത്തെ സന്തതിയായ അയാൾ പഠിച്ച് ഡോക്ടറാകണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. അയാളുടെ സഹോദരങ്ങളെല്ലാം സർക്കാർ ഉദ്യോഗസ്ഥരാണ്. ജീവിതത്തിന്റെ കഠിനതകൾക്കു മുമ്പിൽ പ്രതിജ്ഞകൾക്കൊന്നും വലിയ സ്ഥാനമില്ലെന്ന് അയാൾ മുറുമുറുത്തു. ഇടംവലം നോക്കാതെ അയാൾ ഗ്‌ളാസിലെ വെള്ളം ആർത്തിയോടെ കുടിച്ചു. തൊട്ടടുത്ത് സ്ഥാപിച്ചിരുന്ന ടാപ് തുറന്ന് നാലു ഗ്‌ളാസ് വെള്ളം കൂടി അയാൾ അകത്താക്കി. ഉദ്യോഗസ്ഥർ പാഞ്ഞു വരുന്നതു കണ്ട് അയാൾ അവിടെ നിന്ന് ഓടി മറഞ്ഞു.

അയാളുടെ നേരെ ടൈഗർ രാമുവിന് പുഛം തോന്നി., അയ്യെ, ഇങ്ങനെയുമുണ്ടൊ മനുഷ്യര്. ഏതു ബുദ്ധിയുള്ളവരുടെ കൂട്ടത്തിലും ഒരു മണ്ടനുണ്ടാകുമെന്നത് ശരിയാണ്. വീണ്ടുമൊരു മണ്ടനൊ. കുറച്ചു മുമ്പ് ഒരുത്തനെ പുറത്താക്കിയത് അവൻ മറന്നുപോയൊ. എഴുത്തു പരീക്ഷയും അഭിമുഖവും കഴിഞ്ഞ് ബുദ്ധി സാമർത്ഥ്യം തെളിയിച്ചവനാണ്. എന്നിട്ടും ഇത്ര നിസ്സാര കാര്യങ്ങൾ മുൻകൂട്ടി കാണാനുള്ള കഴിവില്ലെങ്കിൽ പിന്നെ അവന് ജോലി കിട്ടാതിരിക്കുന്നതാണ് നല്ലത്.

—അതൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന്. സമയദോഷത്തിന് പല അനർത്ഥങ്ങളും വന്നു പെടും. ബുദ്ധിക്കും അറിവിനുമൊന്നും അവിടെ സ്ഥാനമില്ല., സുരേന്ദ്രൻ എന്ന മുപ്പത്തഞ്ചുകാരൻ പറഞ്ഞു. ഇക്കണോമിക്‌സിൽ എംഎക്കാരനാണെങ്കിലും ടുട്ട്യോറിയൽ കോളേജിൽ അദ്ധ്യാപകനായി കഴിയുന്നു അയാൾ.

ദാഹജലത്തിനു നേരെ വന്ന ഒരുത്തൻ ആശയററ് ഇങ്ങനെ പറഞ്ഞു, ദൈവമേ ഇങ്ങനെയുമുണ്ടൊ ഒരു പരീക്ഷണം. ഇതിലും ഭേദം വല്ല കൂട്ടിക്കൊടുപ്പുമായിരുന്നു. അയാൾ കിതക്കുന്നുണ്ടായിരുന്നു. അയാളുടെ പിറകെ വേറെ നാലു പേർ. അവർ വെള്ളം കുടിച്ചുകൊണ്ടിരിക്കെ വിയർത്തൊലിച്ച് വീണ്ടും പലരും കടന്നു വന്നു.

ഇത്തവണ ഉദ്യോഗസ്ഥർ അനങ്ങിയില്ല. അവർ സർക്കാറിന് സന്ദേശമയച്ചു., ഉദ്യോഗാർത്ഥികൾ ചട്ടങ്ങൾ ലംഘിച്ചുകൊണ്ടിരിക്കുകയാണ്. പലരെയും പറഞ്ഞു വിട്ടു. കരുതിയിരുന്ന ജലം ഉടനെ തീരുമെന്നാണ് തോന്നുന്നത്.

അത് സാരമില്ലെന്നും അർഹതയുള്ളതേ നിലനിൽക്കുകയുള്ളുവെന്നുമായിരുന്നു സർക്കാറിന്റെ മറുപടി. പരാജിതർക്കുള്ള നമ്മുടെ സമ്മാനമാണ് ഇഷ്ടം പോലെ ശുദ്ധജലം.

സമയം ആറിത്തണുത്തു. ചുററുമുള്ള വൃക്ഷങ്ങളിൽ കൂടണയാൻ തിരിച്ചു വന്ന പക്ഷികളുടെ കോലാഹലങ്ങൾ. വിശപ്പും ദാഹവും ക്ഷീണവുമൊന്നും തളർത്താതെ ഇതു വരെ കാത്തു രക്ഷിച്ചതിന് ശേഷിച്ച ഇരുപത്തിമൂന്നു പേർ ദൈവത്തിന് നന്ദി പറഞ്ഞു. സഹനത്തിനും ത്യാഗത്തിനും സന്നദ്ധതയുള്ളവർക്കാണ് സുഖവും ക്ഷേമവും കൈവരുന്നതെന്ന് ടൈഗർരാമു മനസ്സിൽ പറഞ്ഞു., വിജയവും പരാജയവുമൊന്നും അവരെ അലട്ടുന്നില്ല. കഷ്ടപ്പാടുകളും ത്യാഗങ്ങളും മനോബലത്തിനും പേശീ ബലത്തിനുമുള്ള ധർമ്മാധിഷ്ഠിതമായ അഭ്യാസങ്ങളാണെന്ന് അയാൾ ക്ഷമിച്ചു. ആരായിരിക്കും കൂട്ടത്തിൽ ഭാഗ്യവാൻ ?

—ഇനിയെങ്കിലും കുറച്ച് വെള്ളം കുടിച്ചാൽ കൊഴപ്പാക്വൊ, രണ്ടാമത്തെ വരിയിലുള്ള ഒരുത്തൻ തൊട്ടു മുമ്പിലുള്ളവനോട് സ്വകാര്യം പറഞ്ഞു.

—വരട്ടെട. ഭരണകൂടത്തെ പെട്ടെന്നങ്ങനെ വിശ്വാസത്തിലെടുക്കരുത്. പ്രജകളെ ക്രൂശിക്കാനുള്ള പഴുതുകളെ കുറിച്ചാണ് എപ്പോഴും അതിന്റെ ചിന്ത. അൽപംകൂടി ക്ഷമിക്ക്, അയാൾ ഉപദേശിച്ചു.

സന്ധ്യയ്ക്കു മുമ്പേ അന്നത്തെ പരീക്ഷ അവസാനിച്ചു. അവരിൽ നിന്ന് ഒരാളെ നറുക്കെടുപ്പിലൂടെ തീരുമാനിക്കാവുന്നതേയുള്ളു. എന്നാൽ ഒരു പരീക്ഷകൂടി ബാക്കിയുണ്ടെന്നറിഞ്ഞപ്പോൾ മററു പലരെയും പോലെ ടൈഗർ രാമുവിനും ക്ഷോഭം ഉരുണ്ടു കയറി. ഇതൊരു പരിഹാസക്കളിയാണൊ എന്ന് സംശയിച്ചു. പക്ഷെ ക്ഷമിച്ചു. സർക്കാറിന്റെ തീരുമാനങ്ങളെ ബഹിഷ്‌കരിച്ചിട്ടും അതിനെതിരെ പ്രതിഷേധം മുഴക്കിയിട്ടും കാര്യമൊന്നുമില്ലെന്ന് അയാൾക്കറിയാം. സർക്കാർ സർവ്വശക്തനാണ്.

നിർദ്ധേശിക്കപ്പെട്ടതുപോലെ പിറേറന്ന് രാവിലെ കൃത്യം ഒമ്പതുമണിക്ക് ഉദ്യോ ഗാർത്ഥികൾ പബ്‌ളിക് ലൈബ്രറിയിലെ ഇരിപ്പിടങ്ങളിൽ ഹാജായി. എട്ടുമണിക്കൂർ തുടർച്ചയായി അവിടെ ചിലവഴിക്കണമെന്ന ശുദ്ധവും നിഷ്‌കളങ്കവുമായ ഒരു കൽപന മാത്രമാണ് മുകളിൽ നിന്ന് ഉണ്ടായത്. അതെത്ര നിസ്സാരം എന്ന് മററുള്ളവരെ പോലെ ടൈഗർ രാമുവിനും തോന്നി. ഇതോടെ പരീക്ഷകളെല്ലാം കഴിഞ്ഞല്ലൊ. ഇനി നിയമന ഉത്തരവ് കിട്ടും എന്ന പ്രതീക്ഷയിലായിരുന്നു ഓരോരുത്തരും. ആരായിരിക്കും ആ ഭാഗ്യവാൻ എന്നാലോചിക്കുമ്പോൾ അവരുടെ നെഞ്ചിനുള്ളിൽ ഒരു പിടച്ചിൽ.

ലൈബ്രറിയുമായി മുമ്പേ ബന്ധമുള്ളവർ കൂട്ടത്തിൽ വളരെ അപൂർവ്വമായിരുന്നു. അറിവിന്റെ സ്വർണ്ണച്ചെപ്പുകളാണ് പുസ്തകങ്ങൾ എന്നൊരു കൊതിയും ആഗ്രഹവും ആത്മഹർഷവുമൊന്നും ആരെയും തോണ്ടി വിളിച്ചില്ല. റാക്കുകളിലും തുറന്നിട്ട അലമാരകളിലും പലതരം പുസ്തകങ്ങളുണ്ടായിരുന്നു. പുസ്തകങ്ങൾ പരീക്ഷകൾ പാസ്സാകാനുള്ള ഒരുപാധി മാത്രമാണെന്നും അതുകഴിഞ്ഞാൽ അതിന്റെയൊന്നും ആവശ്യമില്ലെന്നും വെറുതെ തലപുകഞ്ഞ് മണ്ടനാകുന്നത് എന്തിനാണെന്ന അഭിപ്രായക്കാരായിരുന്നു ഭൂരിപക്ഷവും. പൊടിയും മാറാലയും നിറഞ്ഞ ഈ ലൈബ്രറി തന്നെ അതിനൊരു ഉദാഹരണമാണ്. എത്രയൊ കാലം കഴിഞ്ഞിരിക്കുന്നു അവിടെ വായനക്കാരുടെ സന്ദർശനം ഉണ്ടായിട്ട്.

എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഓർക്കാപുറത്താണ് ഒരു തുമ്മൽ പൊട്ടിച്ചിതറിയത്. ലൈബ്രറിയിലെ വടക്കെ അററത്ത് ഒററപ്പെട്ട് മാറിയിരിപ്പുണ്ടായിരുന്ന ദാസൻ എന്ന നരച്ച താടിക്കാരനായിരുന്നു അതിന്റെ ഉറവിടം. രണ്ടു തവണ ബികോം പരീക്ഷയിൽ പരാജയപ്പെട്ട അയാൾ കുലത്തൊഴിലായ കള്ളുചെത്ത് ജീവിതമാർഗ്ഗമായി പിന്തുടർന്നു. കാവൽജോലി കിട്ടിയാൽ അതുപേക്ഷിക്കാനാണ് തീരുമാനം. മടുപ്പകററാൻ എന്താണൊരു മാർഗ്ഗമെന്ന ആലോചനയിലായിരുന്നു അയാൾ. ടീവിയുണ്ടാ യിരുന്നെങ്കിൽ സിനിമയൊ സീരിയലൊ കണ്ട് സമയം തള്ളാമായിരുന്നു.

അയാൾ കൊമ്പൻ മീശ പിരിച്ച് എഴുന്നേററ് ചെന്ന് തകഴിയുടെ ചെമ്മീൻ എന്ന നോവൽ അലമാരയിൽ നിന്നെടുത്ത് തിരികെ മറെറാരിടത്ത് ചെന്നിരുന്നു. പുസ്തകത്തിന്റെ ചട്ടയും താളുകളും പൊടിഞ്ഞു തുടങ്ങിയിരുന്നു. അയാളത് മറിച്ചുനോക്കുന്നതു കണ്ട് അടുത്ത കസേരയിലുണ്ടായിരുന്ന അശോകൻ എന്ന പഴയ പത്താം ക്‌ളാസുകാരൻ പതുക്കെ പറഞ്ഞു, മൂന്നു തവണ ഞാനതിന്റെ സിനിമ കണ്ടതാണ്.

—ഞാനും കണ്ടതാണ്. ആപേര് കണ്ടപ്പൊ പുസ്തകം ഒന്നെടുത്തു നോക്കിയെന്നു മാത്രം., ദാസൻ പറഞ്ഞു.

മടുത്തു തുടങ്ങി. പുസ്തകങ്ങളെടുത്ത് വെറുതെയെങ്കിലും ഒന്നു മറിച്ചു നോക്കാമെന്നുണ്ടായിരുന്നെങ്കിലും പലർക്കും അതിനുള്ള ധൈര്യമില്ല. ഇങ്ങനെയൊരു പരീക്ഷണം കൊണ്ട് സർക്കാർ എന്താണ് ഉദ്ദേശിച്ചിരിക്കുകയെന്ന ശങ്കയിലായിരുന്നു അവർ. ശരിതന്നെ .പക്ഷെ, എന്തോരമെന്നു വെച്ചാണ് ഈയൊരു വെറുമിരിപ്പ്. ചിലർ ദൈവ സ്‌തോത്രങ്ങൾ ഉരുവിടാൻ തുടങ്ങി. അതൊരു പുണ്യം മാത്രമല്ല ദൈവകൃപയാൽ ജോലിയെങ്ങാനും തരമായെങ്കിലൊ എന്ന ശുഭ പ്രതീക്ഷയുമുണ്ടായിരുന്നു അവർക്ക്.

ഇതിനിടയിൽ പലരും എഴുന്നേററ് പുസ്തകങ്ങളുടെ നേരെ നടന്നു. ഒരു ശത്രു സംഘത്തിനെ എന്ന പോലെ അവർ പുസ്തകങ്ങളെ തുറിച്ചു നോക്കി. ആയിരത്തൊന്നു രാവുകൾ .നമ്പൂരി ഫലിതങ്ങൾ. അമർ ചിത്രകഥ. നാലുകെട്ട്. ഒരു ഭഗവദ്ഗീതയും കുറെ മുലകളും. ഡ്രാക്കുള…

ലൈബ്രറിയിൽ തുടരെ തുമ്മലുയർന്നു.

ഏററവും പിറകിലെ മരക്കസേരയിൽ ടൈഗർ രാമു എല്ലാത്തിനും സാക്ഷിയായി അനക്കമററിരുന്നു. പുതിയ പരീക്ഷയുടെ രഹസ്യം മുമ്പേ അയാൾക്ക് പിടികിട്ടിയിരുന്നു. കൈയ്യിൽ പുസ്തകവുമായി ഇരിക്കുന്ന പലരും അയാളുടെ നേരെ നോക്കുന്നുണ്ടായിരുന്നു. അയാളിതെങ്ങനെ സഹിക്കുന്നു എന്നാണ് അവരുടെ ചിന്ത. ഏതെങ്കിലും സ്ഥാപനത്തിൽ മുമ്പ് കാവൽ ജോലിയെടുത്ത് പരിചയമുള്ള വനായിരിക്കുമൊ. തൊട്ടുമുമ്പിലുണ്ടായിരുന്ന എൽദോസ് പുസ്തകത്തിൽ നിന്നും പിറകിലേക്ക് ശിരസ്സ് വെട്ടിച്ച് ഗൗരവത്തോടെ പറഞ്ഞു, അൽപം വായനാ ശീലമൊക്കെ നല്ലതാണ്. കുന്തംപോലെ വെറുതെയിരിക്കണ പണിയല്ലെ കിട്ടാമ്പോണത്.

—ങും, ടൈഗർ രാമു വെറുതെ ചിരിച്ചു. ഒരു മൂട്ടയെ ഞെരിച്ചു കൊന്ന് അയാൾ ചോര കസേരക്കയ്യിൽ തുടച്ചു. ഇടതു കൈതണ്ടയിലൂടെ മേലോട്ട് ഇഴഞ്ഞു കയറുകയായിരുന്നു അത്.

എൽദോസ് വീണ്ടും പിറകോട്ട് തിരിഞ്ഞു. പുസ്തകത്താളിൽ ഏതൊ വായനക്കാരൻ പെൻസിൽ കൊണ്ട് വരച്ച നഗ്നസുന്ദരിയുടെ ചിത്രം കാണിച്ചുകൊണ്ട് അയാൾ പറഞ്ഞു, പുസ്തകം വായിച്ചതുകൊണ്ട് സംസ്‌കാരം ഉണ്ടാകണമെന്നില്ല.ദേ, കണ്ടില്ലെ.

ചിത്രം വളരെ ഇഷ്ടപ്പെട്ടെങ്കിലും മറുപടിയൊന്നും പറഞ്ഞില്ല. പരീക്ഷണങ്ങളുടെ ഈ അവസാന ഘട്ടത്തിൽ തന്നെയാരും പ്രലോഭിപ്പിക്കുകയും വഴിപിഴപ്പിക്കുകയും ചെയ്യരുതേ എന്നു മാത്രമായിരുന്നു ടൈഗർ രാമുവിന്റെ പ്രാർത്ഥന.

പടിഞ്ഞാറു ഭാഗത്തെ ചില്ലുവാതിലുകളിൽ പോക്കുവെയിൽ പതുങ്ങി നിന്നു. ഇരുന്നിരുന്ന് ഉദ്യോഗാർത്ഥികൾ പരിക്ഷീണിതരായിരുന്നു. ഇതൊരു ഭ്രാന്തൻ പരീക്ഷണം തന്നെയെന്ന് ചിലർ മുറുമുറുത്തു. ആകെ ഒരൊഴിവാണുള്ളത്. ആർക്കാണ് അതിന്റെ വിധിയെന്ന് ഒരു നിശ്ചയവുമില്ല.

ഉദ്യോഗസ്ഥർ അതിശയപ്പെട്ടു നിന്നു. ഇങ്ങനെയൊരു പരീക്ഷയിൽ ആരും വിജയിക്കുമെന്ന് കരുതിയതല്ല. ഒരാൾ മാത്രം വിജയിച്ചത് അവരെ സന്തോഷിപ്പിച്ചു. അല്ലെങ്കിൽ ഒരു നറുക്കെടുപ്പ് വേണ്ടി വന്നേനെ. ആരും വിജയിച്ചില്ലെങ്കിലും പ്രശ്‌നമാണ്. പുതിയൊരു മാനദണ്ഡം കണ്ടെത്താനും പുതിയ പരീക്ഷകൾ നടത്താനുമുള്ള കഷ്ടപ്പാടുകളും പ്രയാസങ്ങളും ഓർക്കാനേ വയ്യ. ചിന്തിച്ച് തലപുകയണം. രാജ്യത്തിനു വേണ്ടി രാവും പകലും തലപുകയലാണല്ലൊ ഉദ്യോഗസ്ഥരുടെ വിധി. ഒരു മിടുക്കനെ കണ്ടെത്താൻ കഴിഞ്ഞല്ലൊ എന്ന സംതൃപ്തിയിലായിരുന്നു അവർ. ഓരോരുത്തരും ഓരോ കർമ്മങ്ങൾക്കുവേണ്ടി ജന്മനാ തന്നെ നിയോഗിക്കപ്പെടുന്നുണ്ടെന്നതിന് ഇതൊരു മികച്ച ദൃഷ്ടാന്തമാണെന്ന് അവർക്ക് വിശ്വസിക്കാതിരിക്കാനായില്ല.

ആകംക്ഷകളും പ്രതീക്ഷകളും കൊടുമ്പിരിക്കൊണ്ടു നിൽക്കുന്ന ഈ സായന്ത നത്തിൽ തടിച്ചു കൊഴുത്ത ഒരു മേലുദ്യോഗസ്ഥൻ ഇങ്ങനെ പറഞ്ഞു, പ്രിയ സുഹൃത്തുക്കളെ, നിങ്ങളെല്ലാവരും ഭാഗ്യവാന്മാരാണെന്ന കാര്യത്തിൽ സംശയമില്ല. പക്ഷെ എല്ലാ ഭാഗ്യവാന്മാർക്കും ഇവിടെ അവസരങ്ങളില്ലല്ലൊ. മറേറതെങ്കിലുമൊക്കെ ഇടങ്ങളിൽ ഇതിലും മികച്ച സുവർണ്ണാവസരങ്ങൾ അവരെ കാത്തിരിപ്പുണ്ടാകുമെന്ന് നമ്മൾക്ക് പ്രതീക്ഷിക്കാം. ആരും നിരാശരാകേണ്ടതില്ല. ടൈഗർ രാമുവിനെ കാവൽക്കാരനായി തെരഞ്ഞെടുത്തവിവരം സസന്തോഷം ഞാനറിയിക്കട്ടെ.

ഒരിടിവെട്ടുപോലെയാണ് അത് ഉദ്യോഗാർത്ഥികളുടെ കാതിൽ വന്നു പതിച്ചത്. അവരുടെ ചുട്ടുപഴുത്ത നോട്ടം അസ്ത്രങ്ങൾപോലെ ടൈഗർ രാമുവിനെ വലയം ചെയ്തു. അയാൾ കൈകൾ കൂപ്പി പുഞ്ചിരിച്ചു നിന്നു. ദൈവത്തിന് നന്ദി പറഞ്ഞു. ചോദ്യപ്പേപ്പർ ചോരാത്ത ഒരു ഭാവി രാഷ്ട്രം. പഠിച്ചെഴുതിയവർ മാത്രം പരീക്ഷകൾ പാസ്സാകുകയും ഉദ്യോഗ മേഖലകൾ അലങ്കരിക്കുകയും ചെയ്യുന്ന സുന്ദരമായ ഒരു ഭാവി എത്ര ആഹ്‌ളാദകരമാണ്. സർവ്വാത്മനാ വിശ്വസിക്കാവുന്ന ഉദ്യോഗപ്പ രീക്ഷകളാവട്ടെ ഭാവിയിലെ യുവതീ യുവാക്കളെ കാത്തിരിക്കുന്നതെന്നും ഒരു കാവൽക്കാരനെന്ന നിലയിൽ അണുവിട അഴിമതിയില്ലാത്ത ഒരു പരീക്ഷാഭവനുവേണ്ടി ജീവിക്കുമെന്നുമുള്ള ഒരു പ്രതിജ്ഞ അയാളുടെ മനസ്സിനകത്ത് മുഴങ്ങി.

അതുവരെ ഏകാന്തത മാത്രം മേഞ്ഞു നടന്നിരുന്ന ലൈബ്രറി ശബ്ദമുഖരിതമായി. വെടിയേററുവീണ പക്ഷികളെ പോലെ പുസ്തകങ്ങൾ താഴെ അലങ്കോലപ്പെട്ടു കിടന്നു. അവയെ ചവിട്ടി മെതിച്ച് മനസ്സ് നിറയെ മുറുമുറുപ്പുകളുമായി പരാജയപ്പെട്ട പോരാളികളെ പോലെ ഉദ്യോഗാർത്ഥികൾ പുറത്തെ സന്ധ്യയിലേക്കിറങ്ങി.

ഫോൺ-9947514426