മദാലസ ശോശയുടെ മഗ്ദലിപ്പുകൾ അഥവാ ഒരു ലൈംഗിക ഇവാഞ്ചലിസ്റ്റിന്റെ പരിവർത്തനങ്ങൾ

ഇന്ദു മേനോൻ

1. ഒരു അമേരിക്കൻ പട്ടാളക്കാരൻ

വിയറ്റ്നാമിനെ വിശക്കുന്നുണ്ട്
അപ്പത്തിനൊപ്പം കൂട്ടാൻ പുളിപ്പിച്ച അവളുടെ ചോര
പുരുഷനാണ് കയ്യിൽ തോക്കുണ്ട്
പോരാത്തതിന് അമേരിക്കന്റെ പട്ടാളവും

ഒരു യുദ്ധത്തോളം ആസക്തമാണാശകൾ
പച്ചമാംസത്തിന്റെയുച്ഛിഷ്ട വിശപ്പുകൾ
ഞാനെന്നെ വേവിക്കുന്നു.
ഒരു കുക്കറിൽ മനുഷ്യസ്റ്റ്യൂവായ് തിളയ്ക്കുന്നു.

എപ്പോഴും ചാവെറിയും പെണ്‍ചാവേർ
എന്റെ മടിക്കുത്തിൽ വൈറസ്സിരമ്പും
വിശുദ്ധമാം വരവിത്തുകൾ

ഓരോ ലൈംഗിക ഇവാഞ്ചലിസ്റ്റിനും
രോഗം പഴുക്കും ഉടൽ അവളുടെ പ്രേമസമ്മാനം
വാൾ വീശും ഉയിർകൊയ്യും സ്വാതന്ത്ര്യയുദ്ധായുധം
അവളുടെ അരചുറ്റിയ കോപച്ചങ്ങലകൾ പൊട്ടി
അവൻ ഇഞ്ചിഞ്ചായ് കൊല്ലപ്പെടും

2 . കുറ്റിമുല്ലകളുടെ രാത്രിറാണി

കെ എസ് ആർ ടീ സി ബസ്റ്റാന്റിൽ
വാട്ടമുല്ലകളുടെ വിശന്ന രാത്രിച്ചിരി
“മസാലദോശ വേണോടീ മദാലസശോശ്ശേന്ന്”
ദാഹത്തിന്റെ അത്യുഷ്ണത്തിരക്കുകൾ

മന:പൂർവ്വമല്ലൊന്നും കണ്ണീരിറുമ്പോൾ
വിശപ്പുള്ളെ നക്കുമ്പോൾ
മനുഷ്യരെ ഭക്ഷിക്കാമെന്ന് വ്യാമോഹിക്കുന്നു

എങ്കിലും ഏതു രോഗങ്ങൾ
അവളിൽ അകമ്പൂണ്ടിരിക്കാം?
മധുരനാരങ്ങനീർ കൊണ്ട്
ചൂണ്ടു വിരലാലൊരു ലിറ്റ്മസ്സ് ടെസ്റ്റ്‌

കരയുന്ന കുഞ്ഞിന് കടം നീണ്ട കയ്യിന്
ലക്സ് സോപ്പിന്റെ സാഷേ മണം കൊണ്ട്
ദയനീയതയുടെ തൊഴിലുറപ്പ്
രാത്രിറാണി ശോശ ഒരു തീവണ്ടിയുടെ പേരാകുന്നു
തമിഴ്ക്കുടമുല്ലകളെ ചുമന്നു വന്ന രാത്രിവണ്ടിയുടെ
പുലരിറാണി ശോശ ഒരു ലോറിയുടെ പേരാകുന്നു
ഉണക്കമത്സ്യങ്ങൾക്കടിയിൽ സ്പിരിറ്റൊളിപ്പിച്ച ലോറി

3. ശോശ ഒരു ലൈംഗിക ഇവാഞ്ചലിസ്റ്റ്

കഥകളിലും സിനിമകളിലും പകുത്ത സ്വപ്നങ്ങളാണു
ആധുനിക മുദ്രിതമായൊരു ഇവാഞ്ചലിസ്റ്റ്
മുംബൈയിൽ നിന്നും ബംഗ്ലൂരുവിലേക്കൊരു
ഇക്കോണമി ഇൻഡിഗോ വിമാനം
മതപരിവർത്തനത്തിനായി കവിയാൻ ഒരുത്തൻ
അവൻ വാനമേഘങ്ങളിൽ വന്നവൻ
അവൻ മഴപോലെ ചാറുന്നവൻ

പാപം ചെയ്തവനെ
ഇരട്ടലിംഗധാരിയായ എന്റെ കറുത്ത സാത്താനേ
നീ യേശുവായ് ഉറപൊട്ടുക
നമ്മുടെ കറുത്ത കുർബാനകൾക്കായി
നീ മേയുന്ന മേടകളിൽ നിന്നും തിരുവോസ്തി മോഷ്ടിക്കുക

വസ്ത്രമുരിയുമ്പോൾ മനുഷ്യർ
നിഷ്കളങ്കരായ മാലാഖക്കുഞ്ഞുങ്ങളാവും
അല്ലെങ്കിൽ സ്നേഹിക്കാനായി സ്ഫുടം കൊണ്ട
പാപികളായ ദൈവങ്ങൾ

ഒരു ലൈംഗിക ഇവാഞ്ചലിസ്റ്റിനു മാത്രം
കഴിയുന്ന വർഗീയ സ്പർശങ്ങളോടെ
കവിയെ ശോശ പരിവർത്തനപ്പെടുത്തും
എല്ലാ പാപങ്ങളിൽ നിന്നും മുക്തനായ്
അവനൊരു പ്രത്യാശാജീവൻ കൊള്ളും

4 മഗ്ദലന മറിയയുടെ വേട്ട

മഗ്ദലിപ്പുകളുടെ മറിയത്തം
ഏതു ശോശക്കാണു ബോറടിക്കാത്തത്?

മോചനത്തിനായി ആത്മവിമോചനത്തിനായ്
ബൈബിളും പോണും മാറ്റി മാറ്റി വായിക്കും
പശ്ചാത്താപമില്ലാതെ കുമ്പസരിക്കും

വിവാഹം വലിയൊരു പരിവർത്തനമാണ്
പാപങ്ങളുടെ പുസ്തകത്തെ മെഴുതിരികത്തിച്ചൊതുക്കൽ

നിന്റെ പല്ലിളിക്കലുകൾ കടി കടി കടിപ്പാടുകൾ
കട കട ഉടലിൽ കടപ്പാടുകൾ
റ്റ്രാപ്ഡോർ ചിലന്തിയേ നിന്റെ ട്രിപ്പ്‌ വയർ കണ്ണികൾ
ആയിരം അറുത്തിട്ടും
വിടാതെയീ വിശപ്പെന്തേയിവളെ വേട്ടകൊള്ളിക്കുന്നു ?

5. പഴഞ്ചൻ കന്യാപ്രേമം

“മാതാ ഹരിക്കും
നളിനി ജമീലക്കുമിടയിൽ
എന്റെ മഗ്ദലിപ്പുകൾ” എന്നൊരാത്മകഥ
എഴുതണം നീയെന്നു
പാതിരാ ചാറ്റിൽ കവിയോർമ്മിപ്പിക്കും

പാതിരാത്രിയിൽ പാതിവഴിയിൽ
പഴയ കന്യാപ്രേമം സ്വപ്നം പോലെ സ്ഖലിക്കും

മയക്കപാതിയിൽ കെട്ട്യോനെന്നു മറന്നു
പോക്കറ്റിൽ നീ പതിവുകാരന്റെ പേഴ്സ്സു തപ്പും
കയ്യിൽ പേന തടയും
കവിതയുടെ പതിനായിരം കാമം
അവന്റെ അക്ഷരങ്ങളെ നീ പുലയാടി വ്യഭിചരിക്കും

ഒരു കവിത പരിവർത്തിക്കപ്പെടുന്നതോടെ
തങ്ങൾ നോബേൽ പ്രൈസ് നേടുമെന്ന്
വ്യാമോഹിക്കുന്ന കവികൾ ക്യൂവിൽ കരഞ്ഞു നിൽക്കും

ആടിനെ പട്ടിയാക്കിയും
പട്ടിക്കു പുരുഷപ്രകൃതി ഗവേഷിപ്പുകൾ നൽകിയും
മതപരിവർത്തനം ചെയ്യിക്കുന്ന ഹരത്തോടെ
സാക്ഷ്യത്തോടെ
അവൾ കവിത വിവർത്തനം ചെയ്യും

6 . കാശിനായ് വാക്കുകൾ

അവളുടെ വിശുദ്ധ ഗ്രന്ഥത്തിലെ
അവസാനത്തെ വാക്കും കാശിനായി
തുണിയഴിച്ചു കഴിഞ്ഞു

അവൾ പുണ്യാളപ്പെടാനായി
ഒരേ ഒരു വാക്യം ബ്രാക്കുള്ളിൽ
തിരുകി വെച്ചിരുന്നു …
ഒരു ലൈംഗിക ഇവാഞ്ചലിസ്റ്റിന്റെ
അന്തസ്സോടെ ആഭിജാത്യത്തോടെ
വിയർപ്പ് തുടച്ച് അവളതു ഉറക്കെ പറയും
അവളത് ലോകത്തോട് ചോദിയ്ക്കും

‘’ഒരുവൾ തന്റെ കഴപ്പ്
നഷ്ടപ്പെടുത്തിയിട്ട് ഈ ലോകം തന്നെ
നേടിയിട്ട് എന്ത് പ്രയോജനം?’’

*****
1. വിയറ്റ്നാം യുദ്ധകാലത്ത് പട്ടാളക്കാർക്ക് രോഗങ്ങൾ നൽകുന്ന വിയറ്റ്നാമി പെൺചാവേറുകളെ ഓർക്കുന്നു.