കമിതാക്കളും മരങ്ങളും

സുരേഷ് നാരായണൻ

തിരക്ക് കുറവുള്ള ഒരു ഞായറാഴ്ച വൈകുന്നേരം നഗരാതിർത്തിയിൽ രണ്ടു മരങ്ങൾ വാശിയോടെ തർക്കത്തിലേർപ്പെട്ടു. അപ്പുറത്തുള്ള ടൗൺഷിപ്പിലേക്ക് ആരാണു കൂടുതൽ ഓക്സിജൻ സപ്ലൈ ചെയ്യുന്നത് എന്നായിരുന്നു തർക്കം!

രണ്ടുപേരും വിട്ടുകൊടുത്തില്ല! അവസാനം തർക്കം മൂത്ത് ചില്ലകൾ കൊണ്ട് പരസ്പരം അവർ അടി തുടങ്ങി.

അപ്പോൾ ദാ, ‘പ്ധിം!’ കിടക്കുന്നൂ ഒരു ചെക്കനും പെണ്ണും താഴെ! മരപ്പടർപ്പിനുള്ളിൽ സുഖകരമായി ഒളിച്ചിരുന്ന് സൊള്ളുകയായിരുന്നു അവർ. നഗരത്തിലെ അവരുടെ സ്വന്തം കൂട്ടിൽ !

‘ഞങ്ങളുടെ ദിവസം നിങ്ങൾ നശിപ്പിച്ചു!’ അവരൊരുമിച്ച് മരങ്ങളോട് ചൂടായി.

ഒന്നമ്പരന്ന മരങ്ങൾ രണ്ടും അടിനിർത്തി പൊതുശത്രുക്കളോട് എതിരിടാൻ തുടങ്ങി!

‘കുട്ടികളെ, നിങ്ങക്കറിയാമോ, കഴിഞ്ഞ ജന്മത്തിൽ ഞങ്ങൾ കാമുകീ കാമുകന്മാർ ആയിരുന്നു. വ്യത്യസ്ത മതത്തിൽപ്പെട്ടവരായിരുന്ന ഞങ്ങളെ ആൾക്കൂട്ടം ഇവിടെവെച്ചാണ് ആക്രമിച്ചു കൊലപ്പെടുത്തിയത്’. ഞങ്ങൾ രണ്ടുപേർക്കുമൊഴികെ ലോകത്തിനു മൊത്തം ഭ്രാന്തു പിടിച്ച ഒരു ദിവസം’.

കുട്ടികൾ വിറച്ചുകൊണ്ട് നിൽക്കേ, മരം തുടർന്നു:

‘തുടർന്നവർ ഞങ്ങളെ ഇവിടെത്തന്നെ കുഴിച്ചിട്ടു. എന്നിട്ട് ആർപ്പുവിളികളോടെ മടങ്ങിപ്പോയി.’ ഇത്രയും പറഞ്ഞപ്പോഴേക്കും ആദ്യത്തെ മരം ക്ഷീണിച്ചു കഴിഞ്ഞിരുന്നു.

തുടർന്നു രണ്ടാമത്തെ മരം പറഞ്ഞു: ‘ജീവൻ പോയിരുന്നെങ്കിലും ഞങ്ങളുടെ ഹൃദയങ്ങൾ അറ്റു പോയിരുന്നില്ല. തൊട്ടു പുറകെ വന്നിരച്ചുപെയ്ത മഴയെ ഭൂമി അലിവോടെ ഏറ്റുവാങ്ങി ഞങ്ങളുടെ മൃതമായ ചുണ്ടുകളിലേക്കെത്തിച്ചുതന്നു. അതൊഴുകി ഹൃദയത്തിലെത്തി. പതിയെ അവിടെ മുളപൊട്ടി! പതിയെ,ഞങ്ങൾ രണ്ടു മരങ്ങളായ് പുനർജനിച്ചു! ഒരുമിച്ച് വളർന്ന്, ഒരുമിച്ച് പുഷ്പിച്ച്, ഒരുമിച്ച് കാറ്റും മഴയും വെയിലും ഏറ്റ്. ബോറടിക്കുമ്പോൾ പരസ്പരം അടികൂടി. അങ്ങനെ ഇന്നത്തെ ദിവസം എത്തി. ഞങ്ങളുടെയാത്മാക്കളുടെ ചരമവാർഷികം!’

കാമുകീകാമുകന്മാർ പരസ്പരം നോക്കി. അവർ വല്ലാതെ ഭയന്നിരുന്നു.

‘അപ്പോൾ എങ്ങനാ പിള്ളേരേ, ഞങ്ങൾക്കു മക്കളില്ല. പുനർജനിച്ച് രണ്ടു ചെടികളായി വളരുന്നോ,നിങ്ങൾ? വരുന്നോ നിങ്ങൾ?! വേരുകൾ കൊണ്ടോ ചില്ലകൾ കൊണ്ടോ എത്രവേണേലും കെട്ടിപ്പിടിക്കാം! ആരുമറിയില്ല, ഒന്നും ചോദിക്കില്ല!’ മരങ്ങൾ ഒരുമിച്ചു പറഞ്ഞു. പിന്നെ പൊട്ടിച്ചിരിച്ചു.

ആ ചിരി പക്ഷേ, കിതച്ചോടിപ്പോയ ബൈക്കിൻറെ ശബ്ദത്തിലും പുകയിലും മുങ്ങി.

Mobile: 88481 95823