ഡി.ഡി. കൊസാംബി: ചരിത്രത്തിന്റെ വർത്തമാനങ്ങൾ

മധു ഇളയത്

മൃതമായതാണ് ചരിത്രം. നിയതാർത്ഥത്തിൽ വർത്തമാനകാലത്തിൽ അതിനു പ്രസക്തിയൊന്നുമില്ല. എങ്കിലും അത് വർത്തമാനകാലത്തെ ഉദ്ദീപിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട്.മൃതർ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഓർമകളിൽ ജീവിച്ചിരിക്കുകയും, അവരെ പ്രചോദിപ്പിക്കുകയും ചെയ്യുന്നതുപോലെ ചരിത്രവും വിദൂരമായ ഒരു ഭൂതകാലത്തിലിരുന്നു വർത്തമാനത്തെ രൂപപ്പെടുത്തുന്നതിനുള്ള സന്ദേശങ്ങളെ പ്രക്ഷേപിക്കുന്നു.ഒരു മിത്തും ചരിത്രവും തമ്മിലുള്ള പ്രധാന അന്തരം ഇതത്രെ. മിത്തിനു ചരിത്രത്തിന്റെ പ്രച്ഛന്നവേഷം ധരിക്കാൻ കഴിയുമെങ്കിലും വർത്തമാനകാലമെന്ന വലിയ ക്യാൻവാസിനെ ഉൾക്കൊള്ളാനുള്ള കനം അതിനില്ല.

മധു ഇളയത്
എന്നാൽ ചരിത്രം മിത്താകുകയും മിത്ത് ചരിത്രമാകുകയും ചെയ്യുന്ന മറ്റുചില സവിശേഷ വഴക്കങ്ങളുമുണ്ട്. ചരിത്രപഠനത്തിന്റെ ഒരു സവിശേഷ രാഷ്ട്രീയപ്രാധാന്യം അതിനു വർത്തമാനകാലത്തിനു ദിശാബോധം നല്കാൻ കഴിയുമെന്നതാണ്. അത്തരമൊരു ചരിത്രപ്രക്രിയയിലൂടെ സിദ്ധിച്ചതാണ് ആധുനിക കാലത്തെ സങ്കീർണമായ ദർശനങ്ങളും ആഡംബരപൂർണമായ സാഹിത്യവും ഹൃദയഹാരിയായ ഇന്ത്യൻ സംഗീതവുമെല്ലാം.ഒന്ന് മറ്റൊന്നിന്റെ സൃഷ്ടിയും പ്രതിഫലനവുമാകുന്നു എന്നതാണ്യാ യാഥാർഥ്യം. ഇടക്കിടെയുണ്ടാകുന്ന സംഭവങ്ങളുടെ പരമ്പരയല്ല ചരിത്രമെന്നും, പ്രത്യുത ജനങ്ങൾ അവരവരുടെ ദൈനംദിനാവശ്യങ്ങൾക്കുവേണ്ടി നിർമ്മിക്കുന്നതാണ് ചരിത്രമെന്നും മനസ്സിലാക്കേണ്ടത് ആവശ്യമത്രെ.

ഈ രീതിയിലുള്ള മികച്ച ഒരു അന്വേഷണമാണ് ഇന്ത്യാ ചരിത്ര പഠനത്തിനൊരു മുഖവുരഎന്ന ഡി.ഡി. കൊസാംബിയുടെ ഗ്രന്ഥം. സാഹിത്യ പ്രസാധക സഹകരണ സംഘം പുറത്തിറക്കിയ ഈ പുസ്തകം മൊഴിമാറ്റം നടത്തിയത് പ്രൊഫ.വി കാർത്തികേയൻ നായരാണ്. ഇന്ത്യയുടെ മുഴുവൻ ചരിത്രമാണ് ഈ പുസ്തകം എന്ന് കൊസാംബി അഭിപ്രായപെടുന്നില്ല.കൂടുതൽ അനുഭാവപൂർണവും ധാരണകളോടും കൂടിയുള്ള ഇന്ത്യാ ചരിത്ര പഠനത്തിനാവശ്യമായ ആധുനികമായ ഒരു സമീപനം സൃഷ്ടിക്കുകയാണ് ഈ കൃതി ചെയ്യുന്നത്. ഇന്ത്യാ ചരിത്രം നിർമിച്ചത് പുരോഹിതന്മാരും യുദ്ധവീരന്മാരുമൊക്കെയാണെന്നുള്ള മുൻപേ പറഞ്ഞു വെച്ച ധാരണകളെ ഈ പുസ്തകത്തിൽ കൊസാംബി നിരാകരിക്കുന്നുണ്ട്. സാധാരണക്കാരും നിരക്ഷരുമായ ജനതയാണ് ചരിത്രം നിർമിക്കുന്നത്. വർഗവ്യത്യാസങ്ങളെ അപഗ്രഥിക്കുനത് കൂടിയാകണം ചരിത്രപഠനം. ഒരു സമൂഹം നേരിടുന്ന അടിസ്ഥാന സാമൂഹിക പ്രശ്നങ്ങളെ നേരിടേണ്ടതെങ്ങനെ എന്നത് കാതലായ ഒരു ചോദ്യമാണ്. ശരിയായ ചിന്തയിലൂടെ ഉരുത്തിരിയുന്ന മാർഗ്ഗമുപയോഗിച്ചാണ് അത് സാധ്യമാക്കേണ്ടത്. അതിനാകട്ടെ ചരിത്രപഠനം അനിവാര്യമാണ് താനും.
രാജവംശങ്ങളുടെയും യുദ്ധങ്ങളുടെയും കഥയാണ് ചരിത്രപഠനം എന്ന ബ്രിട്ടീഷ് ഭരണാധികാരികളുടെ ചരിത്രരചനാരീതി നിലനിൽക്കുന്ന ഒരു കാലത്താണ് ഉൽപ്പാദന വ്യവസ്ഥയിൽ അധിഷ്ടിതമായ ഒരു ചരിത്ര രചന സംവിധാനവുമായി കൊസാംബി കടന്നുവരുന്നത്. ചരിത്രാതിഷ്ഠിത ഭൗതികവാദത്തിന്റെ സങ്കൽപ്പങ്ങളുടെയും നിർവചനങ്ങളുടെയും സഹായത്തോടെയാണ് ചരിത്ര പഠനം ആരംഭിക്കേണ്ടത് എന്ന ഒരു പുതിയ രീതി അദ്ദേഹം ആരംഭിച്ചു. ഉൽപ്പാദനത്തിന്റെ ഉപാധികളിലും ബന്ധങ്ങളിലും തുടർച്ചയായി വരുന്ന വികാസഘട്ടങ്ങളുടെ കാലാനുസൃതമായ അവതരണമാകുന്നു ചരിത്രം.

മൺമറഞ്ഞുപോയ പ്രാചീന സംസ്കൃതികളെ ബഹുമുഖ ലക്ഷണങ്ങളിലൂടെ ആധുനികകാലത്ത് എങ്ങനെ പുനഃസൃഷ്ടിച്ച് എടുക്കാം എന്ന പ്രശ്ന നിർധാരണത്തിന് രേഖാ ലക്ഷ്യങ്ങളെ ഉപാദാനം ആക്കേണ്ടതിൻറെ ആവശ്യകത അദ്ദേഹം എടുത്തുകാട്ടുന്നുണ്ട് .ആധുനികരുടെ കണ്ണിൽ യാതൊരു അർത്ഥവും ഇല്ലാത്ത വാക്കുകളും മറ്റും എടുത്തു പരിശോധിക്കുമ്പോൾ അദ്ദേഹം ചെയ്തത് ആ വാക്കുകൾക്കു ഒപ്പം ജീവിച്ചുപോന്ന മറ്റ് പുരാവസ്തുക്കളുടെ താരതമ്യപഠനം കൂടെയാണ്. ചില മുഖ്യ വാക്കുകൾക്ക് കാലാന്തരത്തിൽ അർത്ഥഭേദം വന്നു പോയാലും ഒരു പ്രത്യേക കാലത്ത് ആളുകൾ എങ്ങനെയാണ് ജീവിച്ചിരുന്നത് എന്ന് മനസ്സിലാക്കാൻ വാക്കുകളെ കുറിച്ചുള്ള പഠനം സഹായിക്കുന്നു.

ഇന്ത്യ പോലെ ബഹുവിധ സമൂഹങ്ങളെ ഉൾക്കൊള്ളുന്ന ഒരു സംസ്കാരത്തിൻറെ ചരിത്രപഠനം ആ സംസ്കാരത്തിൻറെ തന്നെ ഭാഷയെയും ജീവിതരീതികളെയും ആസ്പദമാക്കി ആകുന്നതാണ് ഏറ്റവും ഉചിതം. ഇന്ത്യയുടെ പ്രാചീന ചരിത്രം നിർദ്ധാരണം ചെയ്യാനുള്ള ശ്രമത്തിനിടയിൽ കൊസാംബി മുന്നോട്ടുവയ്ക്കുന്നത് ഈ രീതിയിലുള്ള ഒരു ഉപാദാന വ്യവസ്ഥയാണ്. മിശ്ര രീതി എന്നാണ് കൊസാംബി തൻറെ രീതിയെ വിശേഷിപ്പിക്കുന്നത്. പല വിജ്ഞാന ശാഖകളുടെ സഹായത്തോടെ സാമൂഹിക വിശകലനം നടത്തുന്ന രീതി എന്നതിനെ വിളിക്കാം. ഭാഷക്കു തന്നെയാണ് ഇതിൽ ഏറ്റവും പ്രാധാന്യം. സമൂഹത്തിലെ പല അടരുകളിൽ ആയി അടിഞ്ഞുകിടക്കുന്ന പലതരത്തിലുള്ള ഉപാദാനങ്ങൾ ഇന്ത്യയുടെ ചരിത്രപഠനത്തിന് ഉതകുംവിധം പുനഃക്രമീകരിക്കണം. ഗ്രാമങ്ങളുടെയും ജനപദങ്ങളുടെയും നാമങ്ങളും അവയെക്കുറിച്ചുള്ള സങ്കല്പങ്ങളും ആധുനിക കാലഘട്ടത്തിലേക്ക് മറ്റേതെങ്കിലും രീതിയിൽ പുന:പ്രക്ഷേപണം ചെയ്യപ്പെട്ടിട്ടുണ്ടാകും. അതിനു പിന്നിൽ ഒരു വലിയ ചരിത്രം തന്നെ ഉണ്ടാകുകയും ചെയ്യും. പഴയ രേഖകളിലെയും സാഹിത്യത്തിലെയും മറ്റും അർത്ഥഭേദം വന്ന പല പദങ്ങളുടെയും അടിവേരുകളോളം പിന്തുടർന്ന് ചെന്ന് സാമൂഹിക പരിണാമത്തിന്റെ വിവിധ ദശകളെ അപഗ്രഥിച്ചെടുക്കുകയാണ് ചരിത്രപഠനത്തിന്റെ രീതി. ചരിത്ര പഠനത്തെ ഉത്തരവാദിത്വമുള്ള, ഗൗരവപൂർണ്ണമായ പ്രവർത്തിയായി കാണുന്ന ആർക്കും ഈ രീതിയുടെ പ്രയോജപരത മനസ്സിലാക്കാനാകും.

ചരിത്രത്തിത്തെ നിർദ്ധാരണം ചെയ്യുന്നതിൽ ഏറ്റവും പ്രമുഖമായ ഉപാദാനങ്ങളിൽ ഒന്നാണ് ഭാഷ. ഭാഷാ ശാസ്ത്രജ്ഞൻമാർ പത്തൊമ്പതാം നൂറ്റാണ്ടിൽ സംസ്കൃതം പഠിക്കുന്നത് വരെ പാശ്ചാത്യമായ ഭാഷകളിൽ ഏറിയകൂറും ഉണ്ടായി വന്നിട്ടുള്ളത് ലാറ്റിൻ, ഗ്രീക്ക് തുടങ്ങിയ ഭാഷകളിൽ നിന്നാണെന്ന് വിശ്വസിച്ചിരുന്നു. എന്നാൽ സംസ്കൃതത്തിന് ലാറ്റിൻ, ഗ്രീക്ക്, ജർമ്മൻ തുടങ്ങിയ ഭാഷകളോട് അത്ഭുതകരമായ സാമ്യമുണ്ടെന്ന് ഗ്രഹിക്കാൻ സാധിച്ചതോടുകൂടി ആര്യ ഭാഷകൾ സംസാരിക്കുന്ന ജനത ഒരേ വംശത്തിൽ പെട്ടവരായിരുന്നു എന്ന തീർപ്പിൽ എത്തുകയായിരുന്നു. ആര്യ-ഇന്ത്യൻ ഭാഷകൾക്കും പാശ്ചാത്യ ഭാഷകൾക്കും തമ്മിലുള്ള ദൃഢമായ മൂലബന്ധം ഇന്ത്യയുടെ പ്രാചീന ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതിൽ ഏറെ സഹായകമായ ഒന്നത്രേ.

കൊസാംബിയുടെ ആദ്യ ഗ്രന്ഥം ആണ് ‘ഇന്ത്യ ചരിത്ര പഠനത്തിന് ഒരു മുഖവുര’. ചരിത്രത്തെ കാലഗണനാപരമായി ആഖ്യാനം ചെയ്യുന്നതിൽ ഒരുപയോഗവും അദ്ദേഹം കണ്ടില്ല. ഉൽപാദന ബന്ധങ്ങളുടെ വികാസവും അതിനസൃതമായ ജീവിത നിലവാരങ്ങളുടെ കാലഗണനാപരമായ അവതരണവുമാണ് ചരിത്രം എന്നതായിരുന്നു അദ്ദേഹത്തിൻറെ രീതിശാസ്ത്രം. ഈ രീതി ചരിത്രാഖ്യാനങ്ങളുടെ കാര്യത്തിൽ ഒരു വഴിത്തിരിവായിരുന്നു. ഇന്ത്യയുടെ ഭൂതകാലത്തെ വ്യത്യസ്ത കാലഘട്ടങ്ങളെ പുനർനിർവ്വചിക്കാൻ സഹായകരമായ അടരുകൾ സമൂഹത്തിൽ അവശേഷിക്കുന്നുണ്ടോ എന്നും അദ്ദേഹം ഈ പുസ്തകത്തിൽ പരിശോധിക്കുന്നുണ്ട്. അത്തരം അന്വേഷണം ചരിത്രകാരനു തരുന്നത് വമ്പിച്ച സാധ്യതകൾ ആണെന്നും അദ്ദേഹം കരുതിയിരുന്നു. ഈ ഗ്രന്ഥത്തിലും പ്രാമുഖ്യം നൽകുന്നത് ആ രീതിയിലുള്ള ഒരു ആഖ്യാനരീതിക്കു തന്നെ.

കർഷകർ ഉപയോഗിക്കുന്ന കലപ്പ, കൊഴു മുതലായവയുടെയും മൺപാത്രങ്ങളുടെയും മറ്റു ഉപകരണങ്ങളുടെയും കാലാനുസൃതമായ വികാസഘട്ടങ്ങളെക്കുറിച്ചുള്ള അന്വേഷണം അദ്ദേഹം ചരിത്രപഠനത്തിന് ഇവിടെ ഉപയോഗിക്കുന്നുണ്ട്. ഭാഷാശാസ്ത്രപഠനം, വൈദ്യശാസ്ത്രത്തെ സംബന്ധിച്ച വിമർശനപരമായ പഠനങ്ങൾ, എന്നിവ അദ്ദേഹത്തിൻറെ ചരിത്ര ഗവേഷണ രംഗത്തിന്റെ മാറ്റ് കൂട്ടുന്നുണ്ട്. മുദ്രാങ്കിത നാണയങ്ങളെ പറ്റിയുള്ള സവിസ്തരമായ ഒരു പഠനത്തിൽ അതിൻറെ മേന്മ തിരിച്ചറിയാനാകുന്നു. നിരന്തര കൈമാറ്റത്തിലൂടെ ഒരു നാണയത്തിന് വരുന്ന തേയ്മാനം തൂക്കി നോക്കി കാലഗണന കൃത്യമായി കണക്കാക്കാൻ കഴിയും. അതിന്റെ നിർമ്മാണരീതിയും അതിലൂടെ പ്രാചീന കാലത്തേ ജീവിത നിലവാരവും അറിയാൻ കഴിയുകയും ചെയുന്നു. മാത്രമല്ല, അതിലൂടെ ആ നാണയങ്ങൾ പുറപ്പെടുവിച്ച കാലത്തെക്കുറിച്ചുള്ള കൃത്യമായ സൂചന ലഭിക്കുമെന്നാണ് അദ്ദേഹത്തിൻറെ പക്ഷം. അങ്ങനെ ചരിത്രാതീതകാലത്തെ പുന:സൃഷ്ടിക്കുക എന്ന ദൗത്യത്തിന്റെ ഭാഗമായിട്ടാണ് അദ്ദേഹം പ്രാചീന വിജ്ഞാനത്തെ പുസ്തകത്തിൽ ഉപയോഗപ്പെടുത്തുന്നത്. വിപുലമായ രംഗ പഠനത്തിൻറെയും അന്വേഷണത്തിന്റെയും അടിസ്ഥാനത്തിൽ കണ്ടെത്തിയ ഉപാദാനങ്ങളുടെ സ്വഭാവത്തിന്റെയും നിർമ്മാണരീതിയുടെയും അടിസ്ഥാനത്തിൽ അദ്ദേഹം ഈ പുസ്തകത്തിൽ സമർത്ഥിക്കാൻ ശ്രമിക്കുന്നത് ഇന്ത്യയുടെ ചരിത്രം നിർമിച്ചത് സാധാരണക്കാരൻ എന്ന അടിസ്ഥാന വർഗ്ഗമാണ് എന്നതായിരുന്നു.

ആത്മീയത ഇന്ത്യയുടെ അഭിവാജ്യ ഘടകമാണെന്ന ധാരണയെ ഈ പുസ്തകത്തിൽ അദ്ദേഹം പലപ്പോഴും തിരുത്തുന്നുണ്ട്. അസാധാരണമായ ഒരു നൈരന്തര്യം മാത്രമാണ് ആത്മീയ കേന്ദ്രങ്ങളെ ചരിത്രപഠനത്തിൽ ഒരു കണ്ണിയാക്കുന്നത്. മരങ്ങളും പവിത്രമായ കാവുകളും അനുഷ്ഠാന മുദ്രകളും ഉള്ള ഒരു ശിലാഖണ്ഡം, ചരിത്രാതീത മനുഷ്യനും പിന്നീട് ബുദ്ധ സന്യാസികളും താവളമാക്കിയിട്ടുണ്ടാകാം. ഗുഹകളും കാവുകളുമൊക്കെ ഇത്തരം നൈരന്തര്യത്തിനു വിധേയമായിട്ടുണ്ടാവും. ലിഖിത പാഠങ്ങളേക്കാൾ അവയുടെ ഉള്ളടക്കത്തിലും ആചാരത്തിലും തുടർന്നുവരുന്ന ആ നൈരന്തര്യം പുരാതത്വവിജ്ഞാനീയവും ചരിത്രപരവുമായ അന്വേഷണങ്ങളുടെ പ്രാഥമിക കേന്ദ്രമാണ്. അതുപോലെ പല പ്രാചീന സംഗതികളും മതാനുഷ്ടാനങ്ങളിലാണ് കൂടുതൽ അവശേഷിക്കുന്നത് എന്നതാണ് ഒരു പ്രധാന കാര്യം. ഹാരപ്പയിൽ ആരംഭിച്ച മത രൂപങ്ങൾ ആധുനിക കാലത്തേക്കും തുടർന്ന് പോയിരിക്കാം എന്ന അദ്ദേഹത്തിൻറെ വീക്ഷണം ഇത്തരമൊരു സാധ്യതയെ ലാക്കാക്കിയുള്ളതാണ്.

പ്രാചീന ഇന്ത്യയുടെ ചരിത്രത്തിൽ രീതിശാസ്ത്രപരമായ ഒരു വ്യതിയാനം വരുത്തുകയാണ് കൊസാംബിയുടെ ‘ഇന്ത്യാ ചരിത്രത്തിന് ഒരു മുഖവുര’ എന്ന പുസ്തകത്തിൻറെ പ്രഥമ ദൗത്യം. ഇന്ത്യാ ചരിത്രത്തെ അതിൻറെ സമഗ്രതയിൽ മനസ്സിലാക്കുന്നതിന് സൈദ്ധാന്തികമായ ഒരു ചട്ടക്കൂട്ടിലേക്ക് അതിനെ സമന്വയിപ്പിക്കേണ്ടതുണ്ട് എന്ന അനിവാര്യതയെ ഉറപ്പിക്കുക കൂടി ചെയ്തു അദ്ദേഹം. ഏറെ വിമർശന വിധേയമായ ഈ രീതി ചരിത്രപഠനത്തിൽ നിലവിലുള്ള രീതിശാസ്ത്രം മാറ്റാൻ കഴിയാത്തവരെ ഏറെ അസ്വസ്ഥപ്പെടുത്തിയ ഒന്നാണ്. മുൻകൂട്ടി തയ്യാറാക്കിയ ഒരു സിദ്ധാന്തത്തിന്റെ ചട്ടക്കൂട്ടിലേക്ക് ചരിത്ര വസ്തുതകളെ തിരുകി കയറ്റുകയാണ് അദ്ദേഹം എന്നതായിരുന്നു ഒരു പ്രധാന ആക്ഷേപം. എന്നാൽ ഈ പുസ്തകത്തിൽ കണ്ണോടിക്കുന്ന ഒരാൾക്ക് അദ്ദേഹം ചരിത്ര വിവരങ്ങളെ ബലപ്രയോഗത്തിലൂടെ തിരുകിക്കയറ്റുകയല്ല മറിച്ചു പ്രാചീനമായ വ്യവസ്ഥകളെ മൗലികമായ ഒരു രീതിശാസ്ത്രം ഉപയോഗിച്ച് അപഗ്രഥിക്കാനാണ് ശ്രമിച്ചതെന്ന് അറിയാൻ കഴിയും. ഉപാഖ്യാനങ്ങൾ ഇല്ലാത്ത ഒരു ചരിത്രം നമുക്ക് നിർമിക്കേണ്ടിരിക്കുന്നു എന്ന് അദ്ദേഹം തുടക്കത്തിൽ തന്നെ പറയുന്നുണ്ട്. യൂറോപ്യൻ പാരമ്പര്യ വാർപ്പ് മാതൃകയിലുള്ള ചരിത്രം ആയിരിക്കില്ല ഇതൊന്നും അദ്ദേഹം കുറിക്കുന്നു.

ഇന്ത്യയുടെ ചരിത്രഗവേഷണത്തിൽ അനുഭവപ്പെടുന്ന ഒരു വലിയ തടസ്സം അതിലെ മിത്തും ചരിത്രവും തമ്മിൽ കൂടിക്കുഴഞ്ഞു കിടക്കുന്നു എന്നുള്ളതാണ്. ചരിത്രപഠനത്തിൽ പൊതുവായ ഒരു സംഗതി ആയിരുന്നു ഇതെങ്കിലും, മറ്റിടങ്ങളിലെല്ലാം മിത്തിനെയും ചരിത്രത്തെയും വേർതിരിക്കുന്നതിനുള്ള കാര്യമായ ശ്രമങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ പ്രമുഖ ഉപദാനങ്ങളായ ഇതിഹാസങ്ങളെ പോലെയുള്ള വളരെ ദുർബലവും അതിനെ ശരിയായി മനസ്സിലാക്കുന്നതിനുള്ള പുരാതത്വ വിജ്ഞാനീയം കാര്യമായ നേട്ടങ്ങളൊന്നും കൈവരിക്കാതെ തുടരുകയും ചെയ്യുന്നു എന്നതാണ് അവസ്ഥ. ഗ്രീസിലും മറ്റും ഹോമറിന്റെ ഇതിഹാസ കഥാപാത്രങ്ങളെ സ്ഥിരീകരിക്കുന്ന തരത്തിലുള്ള തെളിവുകൾ ലഭിച്ചു കഴിഞ്ഞു എന്നതാണ് സത്യം. എന്നാൽ ഇന്ത്യയിൽ, മിത്തും ചരിത്രവും കൂടിക്കുഴഞ്ഞു കിടക്കുന്നതിനാൽ ഈ പ്രമാണങ്ങളെ വിശ്വസിക്കാൻ പ്രയാസമാണ്. അതുകൊണ്ടുതന്നെ ഭാഷ, ഉൽപ്പാദനോപകരണങ്ങളുടെ അനുസ്യൂതമായ വികാസം തുടങ്ങിയ കാര്യങ്ങളെ ചരിത്ര പഠനത്തിന് ആശ്രയിക്കേണ്ടിവരുന്നു. ഭൗതിക പരിസരവുമായി ഇണങ്ങിച്ചേർന്നു കൊണ്ട് പൂർവാധികം ഭംഗിയായി ജീവിക്കുന്നതിനു വേണ്ടി ആണെന്ന് മനുഷ്യകുലം ഓരോ സാഹചര്യങ്ങളിലും ഓരോ കണ്ടുപിടുത്തം നടത്തിയിട്ടുള്ളത്. ഓരോ കണ്ടുപിടുത്തതിന്റെയും ഫലമായി ഭൂതകാലത്ത് ജനസംഖ്യാ വർദ്ധനവ് ഉണ്ടായിട്ടുണ്ടോ എന്നുള്ളതാണ് ഒരു പരിശോധന മാർഗം. കാരണം ഉല്പാദന ഉപകരണങ്ങൾ അനുവദിക്കുന്നതിനപുറം സാമൂഹിക സംവിധാനത്തിൽ മനുഷ്യനു വളരാനാവില്ല.മനുഷ്യൻ മൃഗത്തേക്കാൾ ഉന്നതനായതിന് പ്രധാന കാരണം ഭക്ഷ്യോൽപ്പാദനത്തിന്റെ തോതാണ്.അത് കൊണ്ട് തന്നെ ഭക്ഷ്യോത്പാദനത്തിന്റെ തോതിനെ ത്വരിതപ്പെടുത്തിയ കണ്ടുപിടുത്തങ്ങളെ കുറിച്ചുള്ള പഠനം ചരിത്ര പഠനത്തിന്റെ ഭാഗമായി ഈ പുസ്തകത്തിൽ പരിഗണിക്കുന്നുണ്ട്.ഇന്ത്യയുടെ പ്രത്യേക സാഹചര്യത്തിൽ അത്തരം പഠനങ്ങൾക്ക് സവിശേഷ പ്രാധാന്യവുമുണ്ട്.

ചരിത്രം മൃതമായി നിൽക്കുമ്പോഴും വർത്തമാനകാലത്തിലും അതിൻറെ സ്വാധീനം ചെലുത്തുന്നുണ്ട്. മിക്കവാറും എല്ലാ വിഭാഗം ജനങ്ങളിലും ഇപ്പോഴും മധ്യശിലായുഗ ആചാരങ്ങളും ദേവതകളും നിലനിൽക്കുന്നത് അതിനൊരു ദൃഷ്ടാന്തമാണ്. ഇത്തരം അന്വേഷണങ്ങൾ നടക്കുമ്പോൾ തന്നെ ഉൽപ്പാദനത്തിന്റെ അടിസ്ഥാനത്തിൽ പ്രധാനപ്പെട്ട രാജവംശങ്ങളുടെ കാലത്തെയും മതപരമായ വിപ്ലവങ്ങളെയും വിലയിരുത്തുകയും വേണം.അതിനുള്ള അർത്ഥപൂർണ്ണമായ പഠനത്തിനായി വേദിയൊരുക്കുകയാണ് ഈ പുസ്തകത്തിലൂടെ കൊസാംബി ചെയ്യുന്നത്. ഈ പഠനം പരിപൂർണ്ണമല്ല എന്ന് അദ്ദേഹം പറയുന്നുണ്ട്. കാരണം ഒരു വ്യക്തിക്ക് കൈകാര്യം ചെയ്യാവുന്നതിനും അപ്പുറമാണ് അതിന്റെ ഭൂമിക. ഭാവി പഠനത്തിനുള്ള ഒരു ചട്ടക്കൂട് ഒരുക്കുക എന്നതു മാത്രമാണ് ഈ പുസ്തകത്തിന്റെ കർത്തവ്യം. അതിനുള്ളിൽ നിന്നുകൊണ്ട്, ലഭ്യമായ രീതിശാസ്ത്രങ്ങൾ ഉപയോഗിച്ച് അന്വേഷണം നടത്താം എന്നതാണ് ഈ പുസ്തകത്തിലൂടെ കൊസാംബി മുന്നോട്ടുവെക്കുന്നു പഠനരീതി. ഇത്രയും കാലം ചെയ്തുവന്നത് പോലെ ഇന്ത്യയുടെ ഏതെങ്കിലും ചില ഭാഗങ്ങളെ മാത്രമെടുത്തു കൊണ്ട് ഇന്ത്യയെ മുഴുവനായി പഠിക്കുക എന്നത് അപ്രായോഗികം തന്നെയാണ്. ഗംഗാസമതലം, ദക്ഷിണ ഉപഭൂഖണ്ഡം എന്നിവയിൽ നടന്ന ചുരുക്കം ചില പഠനങ്ങളെ വെച്ചുകൊണ്ട് ഈ രാജ്യത്തിൻറെ ചരിത്രമെഴുതാനാവില്ല. അതിനാൽ തന്നെ പ്രധാനപ്പെട്ട ഉല്പാദന രീതികൾ സജീവമായി ഏതൊക്കെ പ്രദേശങ്ങളിൽ എത്രകാലം നിലനിന്നു എന്നുകൂടി അന്വേഷിക്കണം.

ഇന്ത്യൻ സംസ്കാരത്തിന് അസാധാരണമായ ഒരു സാംസ്കാരിക തുടർച്ച ഉണ്ടായിരുന്നുവെന്നത് സുവിദിതമാണ്. രാഷ്ട്രീയവും മതപരവുമായ സംഘട്ടനങ്ങൾ നിലനിന്നിരുന്നുവെങ്കിലും അതിനെയെല്ലാം അതിജീവിച്ച് ആ സാംസ്കാരിക തുടർച്ച നടന്നുകൊണ്ടിരുന്നു.പിൽക്കാലത്ത് ശക്തമായി തീർന്ന ബ്രാഹ്മണമതം അതിൽ പല തുടർച്ചകളെയും സ്വീകരിച്ചിട്ടുമുണ്ട്. എന്നാൽ വികൃതമായ മത ഗ്രന്ഥങ്ങൾ മാത്രം വ്യാഖ്യാനിക്കുന്നവർ ഈ വസ്തുതയെ നിരാകരിക്കുന്നു. അവർ സൃഷ്ടിച്ചത് ഒരു ഭ്രമാത്മകമായ വ്യാജചരിത്രമാണെന്ന് കൊസാംബി കുറിക്കുന്നു. ലോകത്ത് എല്ലായിടത്തുമെന്നപോലെ ഇന്ത്യയിലും ജനപഥങ്ങൾ കൂടുതൽ വികസിക്കുന്തോറും അവയിൽ മൂലരൂപത്തിൽ ശേഖരിക്കപ്പെട്ട വിശ്വാസങ്ങളെയും ആരാധനാ രീതികളെയും വർത്തമാനകാലത്തിലേക്കും കൊണ്ടുവരുന്നു. ആരാധന, ഭക്ഷണക്രമം മറ്റു ജീവിതരീതികൾ എന്നിവയിലെല്ലാം അതിൻറെ ബാക്കിപത്രം കാണാം. ഇന്ത്യയിൽ തന്നെ തൈത്തിരീയോപനിഷത്ത്, എല്ലാ ജീവികളും ഭക്ഷണത്തിൽ നിന്ന് ആവിർഭവിക്കുകയും ഭക്ഷണം കൊണ്ട് ജീവിക്കുകയും പിന്നീട് ഭക്ഷണം തന്നെ ആയിത്തീരുകയും ചെയ്യുന്നു എന്ന് സിദ്ധാന്തിക്കുന്നുണ്ട്. ഇത് കുലചിഹ്ന ആരാധനാക്രമത്തിന്റെ ഉദാത്തഭാഗമാണ് എന്ന് കൊസാംബി കണ്ടെത്തുന്നു. അത്തരത്തിലുള്ള ആരാധനാ ക്രമങ്ങൾ വെറും മാനസികാവസ്ഥയുടെ വ്യാഖ്യാനം അല്ലെന്നും മറിച്ചു ഭക്ഷ്യോൽപാദനത്തിൻറെയും ഭക്ഷണരീതികളുടെയും ചിത്രമാണെന്നുമാണ് കൊസാംബി സിദ്ധാന്തിക്കുന്നത്.

ചരിത്രം ഭൂതകാലത്തെ ഓർമ്മകൾ മാത്രമല്ല അത് ഭാവിയെ രൂപപ്പെടുത്തുകയും ചെയ്യുന്നുണ്ട്.ചരിത്രം ഒരു നിലയ്ക്കാത്ത പ്രവാഹമെന്നാണ് കൊസാംബിയുടെ മതം. പ്രാചീന ചരിത്രാവശിഷ്ടങ്ങൾ മാത്രമല്ല ഇന്ന് ബോധപൂർവ്വം തുടർന്നുവരുന്ന ജീവിത മണ്ഡലങ്ങളെയും അതിന്റെ പാരസ്പര്യങ്ങളെയും അദ്ദേഹം പഠനവിധേയമാക്കുന്നു. ഒരു നെയ്ത്തുകാരന്റെയോ എണ്ണയാട്ടുന്നവന്റെയോ വയലോരുക്കുന്നവന്റെയോ ചേഷ്ടകളും രീതികളും മാത്രമല്ല, ഉപയോഗിക്കുന്ന വിദ്യകളും പ്രാചീനവും, അതേസമയം ആധുനികൻ തുടരുന്നതുമത്രെ.

പൗരാണിക ഇന്ത്യൻ നഗരങ്ങളായ ഹാരപ്പയും മോഹൻജദാരോയും കണ്ടുപിടിക്കപ്പെട്ടത് കൊളോണിയൽ ഭരണത്തിൻറെ കീഴിലാണ്. ഈ രണ്ടു നഗരങ്ങളും സിന്ധുനദിയുടെ താഴ്വരയിൽ ആയതിനാൽ അവ സൈന്ധവ നാഗരികത എന്നറിയപ്പെട്ടു. വളരെ സമ്പന്നവും സാംസ്കാരികമായി വളരെ ഉയർന്നതും ആയിരുന്നു സൈന്ധവ നാഗരികത എന്നതിൽ സംശയമില്ല. എന്നാൽ ചരിത്രം അതിൻറെ ഭൗതിക ഘടകങ്ങളെ മാത്രമല്ല സാമൂഹ്യജീവിതത്തിലെ സൂക്ഷ്മതലങ്ങൾ കൂടി സ്പർശിക്കേണ്ടതുണ്ട്. എങ്ങനെയാണ് സൈന്ധവ നാഗരികതയിലെ വർഗ്ഗ ഘടന നിലനിന്നിരുന്നത് എന്ന് കൊസാംബി പരിശോധിക്കുന്നു. ആരാണ് ജനങ്ങളെ മുഴുവൻ തീറ്റിപ്പോറ്റിയിരുന്നത്? ആരാണ് സമ്പത്ത് ഉല്പാദിപ്പിച്ചവരെന്നും എന്തു മാർഗ്ഗം ഉപയോഗിച്ചാണ് ഒരുകൂട്ടർ എല്ലാ വർഗ്ഗ വിഭജന സമൂഹങ്ങളിലും ഉള്ളതുപോലെ ഉൽപ്പാദന മിച്ചം തട്ടിയെടുത്തത് എന്നും അദ്ദേഹം പര്യവേഷണ വിഷയമാക്കുന്നു. പലപ്പോഴും ഇത് സാധ്യമാക്കുന്നത് മതത്തെ മുൻനിർത്തിയാണ്. അന്ധവിശ്വാസം ശക്തമായി ചൂഷണത്തിനു സഹായിക്കുകയും ചെയ്യുന്നു. എങ്കിലും സമ്പത്ത് നിലനിന്നിരുന്നുവെന്ന കാര്യത്തിൽ അദ്ദേഹത്തിന് സംശയമൊന്നുമില്ല.

സൈന്ധവ നാഗരികതയിൽ കണ്ടെടുത്ത വലിയ വീടുകളിലെല്ലാം മോഷ്ടാക്കളിൽ നിന്നു രക്ഷനേടാൻ എന്നവണ്ണം ചുട്ട ഇഷ്ടികകളിൽ പണിത കനത്ത ചുമരുകൾ ഉണ്ടായിരുന്നുവെന്നത് അന്നത്തെ സാമൂഹിക വ്യവസ്ഥയുടെ ഒരു ചിത്രം കാണിക്കുന്നുണ്ട്. എങ്കിലും ഭരണകൂടം എന്ന് നാം വിളിക്കുന്ന സാമൂഹിക ബല പ്രയോഗോപാദിയെക്കുറിച്ച് കാര്യമായ വിവരമൊന്നും ലഭിച്ചിട്ടില്ല. ഭരണകൂടം പ്രവർത്തിച്ചിരിക്കുക ആയുധ പ്രയോഗം കൂടാതെയുള്ള മറ്റേതെങ്കിലും മാർഗത്തിലൂടെ ആകാമെന്നാണ് അദ്ദേഹത്തിന്റെ അനുമാനം. കാരണം ആയുധങ്ങളുടെയോ മറ്റേതെങ്കിലും ശിക്ഷണ ഉപകരണങ്ങളുടെയോ കാര്യമായ ശേഖരമൊന്നും സൈന്ധവ തീരങ്ങളിൽ നിന്നും കണ്ടെടുക്കപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ ആയുധ പ്രയോഗം കൂടാതെയുള്ള മറ്റേതെങ്കിലും മാർഗ്ഗം ഉപയോഗിച്ചായിരിക്കും ഭരണകൂടം പ്രവർത്തിച്ചിരിക്കുക. കണ്ടെടുത്ത നഗരങ്ങളൊന്നും തന്നെ യുദ്ധത്തെ ആശ്രയിച്ചല്ല, മറിച്ച് വ്യാപാരത്തെ ആശ്രയിച്ചാണ് നിലനിന്നിരുന്നത്. പക്ഷേ സൈനിക സംവിധാനം ഒന്നുമില്ലാതെ വ്യാപാരി അവൻറെ സ്വത്ത്എങ്ങനെയായിരിക്കും സംരക്ഷിച്ചിക്കുക എന്നത് ഒരു പ്രഹേളികയാണ്.

കൊസാംബി ഈ ചോദ്യത്തിനുത്തരം തേടുന്നത് മതപരവും അനുഷ്ഠാനപരവുമായ ഒരു സംവിധാനത്തിന്റെ സാധ്യതയിലേക്കാണ്. ഈശ്വര പ്രതിമ എന്ന് വിളിക്കാവുന്ന ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും മോഹൻജൊദാരോയിൽ കണ്ടെത്തിയ ഉയർന്ന മണ്ഡലം മതപരമായ അനുഷ്ടാനങ്ങൾ അവിടെ നടന്നിരുന്നു എന്നതിന്റെ സൂചനയാണ്. മാതൃദേവതയിൽ അധിഷ്ഠിതമായ ക്ഷേത്രത്തിൻറെ സംരക്ഷണയിൽ പ്രവർത്തിക്കുന്ന ഒരു കച്ചവട വർഗ്ഗമാണ് അവിടെയുണ്ടായിരുന്നത് എന്നു അദ്ദേഹം കണ്ടെത്തുന്നുണ്ട്. തൊഴിലാളി വർഗ്ഗത്തിൽ അവർക്ക് അനുവദിച്ചു ഇടങ്ങളിൽ എതിർ ശബ്ദങ്ങൾ ഇല്ലാതെ കഴിഞ്ഞു കൂടുവാനും മതപരമായ കാരണങ്ങൾ മതിയായ കാരണം ആയിരുന്നു. കച്ചവടവും മതവും തന്റെ മിച്ച ഉൽപ്പന്നം കൊടുക്കേണ്ടത് ആവശ്യമാണെന്ന് കർഷകരെ ബോധ്യപ്പെടുത്തിയിരിക്കാം.

ചരിത്രമെന്നത് വസ്തുതകളുടെ രേഖയാകുകയാണ് വേണ്ടത്. സംഭവങ്ങളെ അവയുടെ യഥാർത്ഥമായ കാഴ്ചപ്പാടിൽ ഗ്രഹിക്കാൻ അത് സഹായിക്കുകയും വേണം. എന്നാൽ പലപ്പോഴും പക്ഷപാതിത്വം മുൻവിധികളോടെ ഇക്കാര്യത്തിൽ തടസ്സമായി വരാറുണ്ട്. ജാതിയുടെയും മതത്തെയും കപടമായ ഊന്നലുകൾ യഥാർത്ഥത്തിൽ വ്യാജ ചരിത്രങ്ങളെയാണ്പലപ്പോഴും ആശ്രയിക്കുന്നത്. ആ വ്യതിയാനം ഒരു പക്ഷെ സമൂഹത്തിലുണ്ടാക്കുക മാരകമായ പരിണത ഫലങ്ങളായേക്കാം.ശരിയായ ചരിത്ര അന്വേഷണമാണ് അതിനുള്ള പ്രതിവിധി. അതുകൊണ്ടുതന്നെ പ്രാചീന ഇന്ത്യയെ കുറിച്ച് പഠിയ്ക്കാനിറങ്ങുന്നവർക്ക് യഥാർത്ഥ ചരിത്രം ഏതാണെന്നു തിരിച്ചറിയാൻ ഈ പുസ്തകം ഉപകരിക്കും.

Mobile: 96333 49289