വാഷിംഗ്ടൺ: യുക്തിവാദി-ശാസ്ത്രപ്രചാരണ സംഘടനകളുടെ അന്താരാഷ്ട്ര ഫെഡറേഷനായ എതീസ്റ്റ് അലയൻസ് ഇൻറർനാഷണലിൻറെ (എ.എ.ഐ) ഡയറക്ടറായി മലയാളിയായ മനോജ് ജോൺ തെരഞ്ഞെടുക്കപ്പെട്ടു.
ഐക്യരാഷ്ട്ര സഭയിൽ ഉപദേശക പദവിയുള്ള സംഘടനയാണ് എ.എ.ഐ. അംഗ രാഷ്ട്രങ്ങളിലെ മതവിശ്വാസമില്ലാത്തവരെയും നാസ്തികരെയും ഐക്യരാഷ്ട്ര സഭയിൽ പ്രതിനിധാനം ചെയ്യാൻ നിയോഗിച്ചിരിക്കുന്നത് എ.എ.ഐയെയാണ്. കൗൺസിൽ ഓഫ് യൂറോപ്പിലും സമാനമായ പദവി എ.എ.ഐക്കുണ്ട്.
സനൽ ഇടമറുകിനു ശേഷം അന്താരാഷ്ട്ര യുക്തിവാദി പ്രസ്ഥാനത്തിൻറെ നേതൃത്വനിരയിൽ എത്തുന്ന ആദ്യ മലയാളിയാണ് മാധ്യമ പ്രവർത്തകനായ മനോജ് ജോൺ. എഴുപതുകൾക്ക് ശേഷം നിർജീവമായ യുക്തിവാദി പ്രസ്ഥാനത്തെ മുംബൈയിൽ പുനരുജ്ജീവിപ്പിക്കുന്നതിൽ അദ്ദേഹം മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്.
നൈജീരിയയിൽ പോലീസ് കുറ്റപത്രം സമർപ്പിക്കാതെ രഹസ്യ തടങ്കലിൽ പാർപ്പിച്ചിരിക്കുന്ന മനുഷ്യാവകാശ പ്രവർത്തകൻ മുബാറക്ക് ബാലയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു നടക്കുന്ന ആഗോള പ്രതിഷേധത്തിൻറെ സംഘാടക നേതൃത്വത്തിൽ സജീവമാണ് മനോജ് ജോൺ.
ഗ്രേറ്റ തുൻബർഗ് എന്ന സ്വീഡിഷ് സ്കൂൾ കുട്ടി നയിക്കുന്ന ആഗോള കാലാവസ്ഥാ വ്യതിയാന പ്രസ്ഥാനത്തിലും മനോജ് ജോൺ സജീവ പങ്കാളിയാണ്. ആഗോള സമരത്തിൻറെ ഭാഗമായി നവി മുംബൈയിൽ 2019 സെപ്റ്റംബറിൽ ആയിരങ്ങൾ പങ്കെടുത്ത കാലാവസ്ഥാ സമരത്തിന് നേതൃത്വം നൽകിയത് മനോജ് ജോൺ ആയിരുന്നു. പരിസ്ഥിതി, മനുഷ്യാവകാശം, ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശം ഇവക്കായി പൊരുതുന്ന വീ ദ സേപിയൻസ് എന്ന സന്നദ്ധ സംഘടയുടെ തലവനാണ്.
എ.എ.ഐയുടെ ഉന്നതാധികാര സമിതിയിലേക്ക് തെരെഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളിയും ഏക ഇന്ത്യക്കാരനുമാണ് മനോജ് ജോൺ. കോവിഡ് കാരണം വീഡിയോ കോൺഫറൻസ് വഴി നടന്ന വാർഷിക പൊതുയോഗത്തിലാണ് മനോജ് ജോൺ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
കൊല്ലം അഞ്ചൽ സ്വദേശിയായ മനോജ് ജോൺ മുംബൈയിൽ മാധ്യമപ്രവർത്തകനാണ്. നിരവധി ദേശീയ ഇംഗ്ലീഷ് ദിനപത്രങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.
Mob: 73561 67589
Wikipedia Page on Atheist Alliance International:
https://en.wikipedia.org/wiki/Atheist_Alliance_International