ഇവിടെ നിലാവിന് പ്രവേശനമില്ല

ഡോ. കല

നിലാവ് –
എന്നു വിചാരിക്കുമ്പോഴേയ്ക്കും
പതുപതുത്ത
വെളുത്തരോമങ്ങളുള്ള
പൂച്ചക്കുട്ടി പമ്മിപ്പമ്മി വരാറുണ്ട്.

അത് ചിലപ്പോൾ ഓടി
മരത്തിൽ കയറും,
ഒളിച്ചിരിക്കും.
അപ്പോ ഇങ്ങനെ ഇലകളൊക്കെ
കിലുകിലാ ചിരിക്കും.

കാമുകിമാർ ജനലുതുറക്കുന്നതും കാത്ത്
പമ്മി നിൽക്കുന്ന പതിവുണ്ടതിന്.
എന്നിട്ടോ, ജനൽപ്പടിയിലെ പാൽപ്പാത്രം
തിടുക്കത്തിൽ തട്ടി മറിച്ചിട്ടൊരോട്ടമാണ്.

മുറിവുകളിലൊക്കെ
ഓർമയൊഴുകിപ്പരക്കലായി പിന്നെ.
വഴുക്കി വീണു വേദനിക്കുമ്പോഴൊക്കെ
ഞാനതിനെ കാലുമടക്കി തൊഴിക്കാറുണ്ട്.
എന്നാലോ, പുലരുംവരെ വാതിൽപ്പടിയിലിരുന്നതു
നിഴലും നിലാവും കളിക്കും.

നേരം വെളുക്കട്ടെ.
എന്നിട്ടു വേണം
കണ്ണുപൊത്തിക്കളിച്ചതിനെ കാട്ടിലെത്തിക്കാൻ.
ഇങ്ങിനിവരാത്തവണ്ണം
ഏഴില്ലം കടത്താൻ.

വെളുത്ത
പതുപതുത്തരോമങ്ങളുള്ള
നിലാവിനെ
വഴിയിലെങ്ങാനും കണ്ടാൽ
നിരോധനാജ്ഞ പുറപ്പെടുവിക്കണമെന്ന്
എന്റെ ഓർമയോട് ഞാൻ
പ്രത്യേകം
പറഞ്ഞുവെച്ചിട്ടുണ്ട്.

Email: drkalasajeevan@gmail.com – –