അധ്യാപക ഓർമകളുമായി കെ.സ്. റെജിയുടെ ‘മുയൽ ഒരു മാംസഭോജിയാണ്’

പ്രവാസിയായ മലയാളി അധ്യാപകന്‍ കെ.എസ് റജി രചിച്ച ‘മുയല്‍ ഒരു മാംസ ഭോജിയാണ്’ എന്ന ലേഖന സമാഹാരത്തിന്റെ പ്രകാശനം മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജിലെ മുന്‍ വൈസ് പ്രിന്‍സിപ്പാളും കാര്‍ട്ടൂണിസ്റ്റുമായ പ്രൊഫ: വി.സി ജോണ്‍ വിര്‍ച്വല്‍ പ്ലാറ്റ്‌ഫോം വഴി നിര്‍വ്വഹിച്ചു.

ഒമാനിലെ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സിന് കീഴില്‍ മസ്‌കറ്റില്‍ പ്രവര്‍ത്തിക്കുന്ന ഹയര്‍ കോളേജ് ഓഫ് ടെക്‌നോളജിയിലെ ഇംഗ്ലീഷ് അധ്യാപകനായ റജി മാവേലിക്കര അറനൂറ്റിംമംഗലം സ്വദേശിയാണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ച ഗള്‍ഫ് നാടുകളില്‍ വര്‍ഷങ്ങളായുള്ള തന്റെ അധ്യാപന ജീവിതത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത ഏടുകളാണ് ‘മുയല്‍ ഒരു മാംസ ഭോജിയാണ്’ എന്ന ലേഖന സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുമായി ഇടപഴകിയതിലൂടെ ലഭിച്ചിട്ടുള്ള അനുഭവ സമ്പത്തും അവരുടെ ദാര്‍ശനികവും മാനസികവുമായ വ്യാപാരങ്ങളും, മാറിയ കാഴ്ചപ്പാടുകളും, അധ്യാപക- വിദ്യാര്‍ത്ഥി ബന്ധത്തിന്റെ ഊഷ്മളതയും, പുതിയ കാലത്തിന്റെ സ്പന്ദനങ്ങളുമെല്ലാം റജിയുടെ ലേഖനങ്ങള്‍ക്ക് വിഷയമായിട്ടുണ്ട്. ഫാബിയൻ ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

കെ.എസ. റെജി
പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കൗണ്‍സില്‍ അംഗവും ബിഷപ്പ് മൂര്‍ കോളേജിലെ മലയാളം അധ്യാപകനുമായിരുന്ന പ്രൊഫ: വി.ഐ.ജോണ്‍സണ്‍ പുസ്തക പരിചയം നടത്തി. റജിയുടെ പിതാവ് സാമുവല്‍ ഈശോയില്‍ നിന്ന് മാതാവ് തങ്കമ്മ സാമുവല്‍ ആദ്യകോപ്പി ഏറ്റുവാങ്ങി.

അറനൂറ്റിമംഗലം സെന്റ് കുര്യാക്കോസ് പള്ളി വികാരി റവ.ഫാ: തോമസ് രാജു, കവി സി.എസ് രാജേഷ്, മാവേലിക്കര മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.ആര്‍.മുരളീധരന്‍, മാധ്യമ പ്രവര്‍ത്തകനും മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാഷന്‍ ഫോര്‍ കമ്യൂണിക്കേഷന്‍ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ എം.ശബരീനാഥ്, ബിജു പരുമല, പുസ്തകത്തിന്റെ പ്രസാധകന്‍ ഹരി (ഫേബിയന്‍ ബുക്‌സ്) എന്നിവര്‍ ചടങ്ങില്‍ ആശംസാ പ്രസംഗം നടത്തി.