ഇ.എൻ.ശാന്തി: അനുഭവങ്ങളുടെ ചായം പുരണ്ട ചിത്രങ്ങൾ

ദേവൻ മടങ്ങർളി

”നിൻ്റെ ജീവിതം നഗരത്തിനും നാട്ടിൻപുറത്തിനുമിടയിലെ / അനന്തമായ വെയിലിൻ്റെ പാലത്തിന്മേലിരുന്നുള്ള / ഒടുങ്ങാത്ത ഒരു നിലവിളിയാണ്.”
‘വീടെത്താത്തവൾ’ എന്ന കവിതയിൽ സച്ചിദാനന്ദൻ കുറിച്ചിട്ടതുപോലെ നാട്ടിൻപുറത്തെ വീട്ടിലെ വരജീവിതവും നഗരത്തിലെ ജീവനോപാധിയായ ജോലിയ്ക്കും ഇടയ്ക്കുള്ള ഒടുങ്ങാത്ത പരക്കംപാച്ചിലുകളുടെ അവസാനത്തിൽ തൻ്റെ മുറിയിലിരുന്ന് അനുഭവങ്ങളുടെ കെട്ടുകളഴിച്ച് വരച്ചുകൊണ്ടിരിക്കുകയാണ്, ഇ.എൻ.ശാന്തി (ശാന്തകുമാരി) എന്ന ചിത്രകാരി.
ഇരിങ്ങാലക്കുടയിലാണ് ശാന്തി ജനിച്ചതും വളർന്നതും. പ്രാഥമിക വിദ്യാഭ്യാസവും ചിത്രകലയുടെ പ്രാഥമിക പഠനവും നാട്ടിൽ നിന്നു തന്നെയായിരുന്നു. അച്ഛനിൽ നിന്നാണു വരയുടെ ജീനുകൾ ശാന്തിക്ക് കിട്ടിയത്. വരയ്ക്കുകയും കൊത്തുപണികളും ചെയ്തിരുന്ന അച്ഛൻ പക്ഷേ വളരെ കർശനക്കാരനായിരുന്നു. പെൺകുട്ടികൾ മാത്രമുള്ള ഒരു കുടുംബത്തിലെ വളർച്ചയുടെ നാളുകളിലെ അച്ഛൻ്റെ ശാസനകളും കർശനചിട്ടകളും ഒറ്റപ്പെടലുകളിലേക്കും ഏകാന്തതകളിലേക്കും ശാന്തിയെ നയിച്ചു. അതേ സമയം വല്യച്ഛൻ്റെ വീട്ടിലെ അന്തരീക്ഷത്തിൽ നിന്നാണ് സ്വാതന്ത്ര്യത്തിൻ്റെ ചിറകുകളും പ്രകൃതി നിരീക്ഷണ കഴിവുകളും ശാന്തിക്കു കിട്ടിയത്. അച്ഛൻ്റെ മരണശേഷം അമ്മയോടൊപ്പമാണ് ശാന്തിയുടെ പിന്നീടുള്ള ജീവിതം.
വരക്കാനിരിക്കുന്ന കൊച്ചുമുറിയിലെ ജനൽ തുറന്നാൽ കാണുന്ന പ്രകൃതിയും അകത്തു കിടക്കുന്ന അമ്മയും തമ്മിലെ അസാധാരണമായ പാരസ്പര്യത്തിൻ്റെ പൂരണമായാണ് ശാന്തിയുടെ ചിത്രങ്ങളോരോന്നും പിറവി കൊള്ളുന്നത്. ഒരു കാര്യം കൂടി ഇതിനിടക്ക് ഞാൻ പറയട്ടെ. ശാന്തിയെ കുറിച്ചുള്ള ഈ കുറിപ്പ് എഴുതിത്തുടങ്ങിയതിനു ശേഷം ശാന്തിയുടെ അമ്മ മരിച്ചു. പിന്നീട് ശാന്തിയുമായുള്ള സംസാരത്തിലുടനീളം അതൊരു വേദനയായി കിടക്കുന്നത് ഞാനറിഞ്ഞു. അതുകൊണ്ടുതന്നെ അമ്മയേയും പ്രകൃതിയേയും താദാത്മ്യത്തോടെ ചേർത്ത് നിർത്തി രചിക്കുന്ന രചനകളോരോന്നും അമ്മയ്ക്കുള്ള നിവേദ്യമാണെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു.
സ്വന്തം ജീവിതാനുഭവങ്ങളുടെ ഉള്ളിലേക്കുള്ള നോട്ടങ്ങൾ ചിത്രകാരിയെ നിരവധി ബിംബങ്ങളാൽ ചിത്രങ്ങളെ സംമ്പുഷ്ടമാക്കുവാൻ സഹായിക്കുന്നുണ്ട്. സ്വന്തം വീട്ടിലെ അസ്വാതന്ത്ര്യം, കൂട്ടിലിട്ട കിളിയുടെ അവസ്ഥപോലെ കഠിനമാകുമ്പോൾ, ചില അവസരങ്ങളിൽ വീണുകിട്ടുന്ന വല്യച്ഛൻ്റെ വീട്ടിലേക്കുള്ള യാത്രയും അവിടുത്തെ സ്വാതന്ത്ര്യാനുഭവങ്ങളും ശാന്തിയുടെ ഒറ്റപ്പെടലിനേയും ഏകാന്തതയേയും അകറ്റുവാൻ ഏറെ സഹായിച്ചിട്ടുണ്ട്. പിന്നീട് തൻ്റെ ചിത്രങ്ങളിലേക്ക് കയറിവന്ന കള്ളിച്ചെടി സമാന മരങ്ങളെ വല്യച്ഛൻ്റെ വീട്ടു പരിസരത്തുനിന്ന് കണ്ടെടുത്തതാണ്. എല്ലാ കാലാവസ്ഥകളിലും പിടിച്ചു നില്ക്കുന്ന കള്ളിച്ചെടികൾ, നിലനിൽപിൻ്റെ ഒരു ബിംബമാണ്. അതിനെ തൻ്റേതായ രീതിയിൽ ബിംബവൽക്കരിച്ചിട്ടുണ്ട്, ചിത്രകാരി. ആ മരങ്ങളിലൂടെ മനുഷ്യരും, മൃഗങ്ങളും, പക്ഷികളും, മത്സ്യങ്ങളും തുടങ്ങി പലരും വന്നു കയറി പോകുന്നുണ്ട്. എന്നാൽ ചിത്രകാരി ചിത്രങ്ങളിലൊന്നിലും പ്രത്യക്ഷപ്പെടുന്നില്ലെങ്കിൽപ്പോലും ഒരു അദൃശ്യസാന്നിദ്ധ്യമായി ചിത്രങ്ങളിൽ നിലകൊള്ളുന്നുണ്ട്. എങ്കിലും ഒരു ചിത്രത്തിൽ മുന്നിലുള്ള ഒറ്റമരത്തണലിൽ വിഷാദഛവി കലർന്ന കാറ്റിൻ്റെ ലാളനയിൽ പുറം തിരിഞ്ഞു നില്ക്കുന്ന സ്ത്രീരൂപം ചിത്രകാരിയുടെ സ്വത്വത്തിൻ്റെ പ്രതിരൂപം തന്നെയായിരിക്കാം.

ഞാൻ നേരത്തെ സൂചിപ്പിച്ചതു പോലെ കള്ളിച്ചെടികളിൽ നിന്നും വിപുലീകരിച്ച മരങ്ങളെ ശാന്തിയുടെ നിരവധി ചിത്രങ്ങളിൽ കാണാം. രേഖകളുടേയും നിറങ്ങളുടേയും ഉചിതമായ കൂടിചേരൽ ചിത്രങ്ങളെ ദൃശ്യ സമ്പന്നമാക്കുന്നുണ്ട്. രേഖാചിത്രരചനയിലുള്ള പ്രാവീണ്യം ചിത്രകാരിയെ ഒട്ടുവളരെ സഹായിക്കുന്നുണ്ട്. മരങ്ങളിൽ തൂക്കണാം കുരുവി കൂടുകളും, മുട്ടയോടു കൂടിയ പക്ഷി കൂടുകളും, കാക്കകൾ ചേക്കേറിയിരിക്കുന്ന മരങ്ങളും പ്രളയത്തിൽ മുങ്ങിയ മരങ്ങളിൽ തങ്ങി നില്ക്കുന്ന മത്സ്യങ്ങളും തുടങ്ങി നിരവധി ദൃശ്യങ്ങൾ ചിത്രങ്ങളിൽ കാണാം. വെട്ടി ഒതുക്കി വളർത്തുന്ന ബോൺസായ് മരങ്ങളും, ചിത്രകാരിയുടെ അനുഭവസാക്ഷ്യങ്ങളായി ചിത്രങ്ങളിൽ നിലകൊള്ളുന്നുണ്ട്. ഒറ്റപ്പെട്ട മരങ്ങൾ കുറെ ചിത്രങ്ങളിലുണ്ട്. എന്തുകൊണ്ടാണ് ചിത്രകാരി, തൻ്റെ ചിത്രങ്ങളിലെല്ലാം ഒറ്റപ്പെട്ട വിഷാദഛവി കലർന്ന മരങ്ങളുടെ ദൃശ്യങ്ങൾ വരയ്ക്കുന്നത്? ഉത്തരത്തിന് വേറേ എങ്ങും പോകേണ്ടതില്ല. ചിത്രകാരിയുടെ ജീവിതാനുഭവങ്ങളുടെ നെരിപ്പോടുകളിൽ ഒന്നു ചികയുകയേ വേണ്ടു. ഇരുണ്ട ചാരനിറം പൂണ്ട ചിത്രങ്ങളും, നിറങ്ങളുടെ സമൃദ്ധിയുള്ള ചിത്രങ്ങളും കൂട്ടത്തിൽ കാണാം. പ്രകൃതിയുമായുള്ള സംവാദങ്ങളാണ് ചിത്രങ്ങളോരോന്നും. എങ്കിലും ചിത്രങ്ങളിലുടനീളം വിജനതയുടെ പ്രതീതി കൂടി ദൃശ്യമാണ്.
രാത്രിയുടെ നിശ്ചലയാമങ്ങളിൽ, ചിത്രകാരി, പ്രകൃതിയുടെ ജാലകം തുറക്കുകയാണ്, തൻ്റെ വീട്ടിലെ കൊച്ചുമുറിയിലിരുന്ന്. പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കാല്പനിക കവികളിലൊരാളായ പി.ബി.ഷെല്ലി ഒരു കവിതയിൽ ഇങ്ങിനെ കുറിച്ചത് ഓർമ്മ വരുന്നു. ” A poet is a nightingale, who sits in darkness and sings to cheer its own solitude with sweet sounds.”