യു.കെ. കുമാരൻ: മനുഷ്യരുടെ മാത്രം കഥാലോകം

ഡോ. മിനിപ്രസാദ്

പ്രപഞ്ചത്തിൽ മനുഷ്യന് പ്രമുഖമായ സ്ഥാനം ഊട്ടി ഉറപ്പിക്കുന്ന ഒരു വാചകമാണ് ‘മനുഷ്യൻ ഹാ! എത്ര മഹത്തായ ഒരു പദം’ എന്നത്. ലോകം നിറയെ മനുഷ്യരാണെന്നതുപോലെ സത്യമാണ് അവരൊരുത്തരും വ്യത്യസ്തരുമാണ് എന്നതും. രൂപത്തിലും ഭാവത്തിലും മാത്രമല്ല വിചാരണത്തിലും നടപ്പിലും ഇരുപ്പിലും ഒക്കെയൊക്കെ ഈ വ്യത്യസ്തത നിലനിൽക്കുന്നു. ഇതിനെയാണ് ‘ബഹുജനം പലവിധം’ ‘ഈ ലോകം ഇവിടെ കുറെ മനുഷ്യർ’ എന്നൊക്കെയുള്ള വാചകങ്ങളിലൂടെ പണ്ടുമുതലേ പറഞ്ഞുറപ്പിച്ചത്. ഈ മനുഷ്യ വൈവിധ്യത്തിൽ നിന്ന് ഒരു കഥാലോകം കെട്ടിപ്പരുത്ത എഴുത്തുകാരനാണ് യു.കെ. കുമാരൻ. വൈവിധ്യമുള്ള മനുഷ്യരെ സ്വന്തം കഥാലോകത്തേക്ക് ആനയിച്ചുകൊണ്ടുവരുന്നതിനാലും അവരുടെ വ്യതിയാനതയിലേക്ക് കൂടുതൽ വെളിച്ചം വീശുന്ന തരത്തിൽ അവരെ അനുവാചകർക്ക് പരിചയപ്പെടുത്തുന്നതിലൂടെയുമാണ് മലയാള സാഹിത്യത്തിൽ യു.കെ. കുമാരൻ എന്ന എഴുത്തുകാരൻ വ്യത്യസ്തനാവുന്നത്. ഏതുതരം മനുഷ്യർക്കും ഈ കഥാലോകത്ത് അവരവരുരേതായ സ്ഥാനമുണ്ട്. സാമ്പത്തിക പദവികളോ ജാതിയോ വർഗ്ഗമോ ലിംഗഭേദമോ ഏതുമില്ലാതെ മനുഷ്യരിവിടെ കഥാപാത്രങ്ങളായി ജീവിക്കുന്നു. സഹൃദയ മനസ്‌സിൽ അനശ്വരമാവുന്നു.

ഡോ. മിനി പ്രസാദ്
നിസ്‌സഹായതയുടെ മുറിവുകൾ
എല്ലാ ആർഭാടങ്ങൾക്കും സമ്പന്നതകൾക്കും സാമ്പത്തിക സൗകര്യങ്ങൾക്കും അപ്പുറത്ത് മനുഷ്യർ നിസ്‌സഹായരായിപ്പോവുന്ന ചില സന്ദർഭങ്ങളുണ്ട് എന്ന ഓർമ്മപ്പെടുത്തൽ ഈ കഥകളുടെ അന്തർധാരയായി കടന്നുവരുന്നു. എന്നാൽ നിസ്‌സഹായതയെ പഴിപറഞ്ഞ് ഇതികർതവ്യാമൂഢരായി ഇരിക്കുന്നവരല്ല, അതിനെയും മറികടന്ന് കരുത്ത് തെളിയിക്കുന്നവരാണിവർ. കുഞ്ഞിന് കുറുക്ക് കൊടുക്കുവാനായി പാലുവാങ്ങാൻ ഒരു സന്ധ്യക്ക് വീട്ടിൽനിന്ന് ഇറങ്ങിപ്പോയ ഭർത്താവ് മടങ്ങിവരാതെ ഇരിക്കുമ്പോൾ സരിതാവർമ്മ പതറിപ്പോവുന്നുണ്ട്. പിന്നെ മകനെ ഒറ്റക്ക് വളർത്തി ഡോക്ടറാക്കുമ്പോഴും ഒരു ദിവസം വൈകുന്നേരം ഒരു പായ്ക്കറ്റ് പാലുമായി അയാൾ കടന്നുവരുമെന്നും മകന് വേഗം കുറുക്കുണ്ടാക്കിക്കൊടുക്കൂ എന്നു പറയുമെന്നും ഉള്ള ഒരു വിശ്വാസം അതാണ് അവരെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. നിലനിൽക്കാൻ ധൈര്യപ്പെടുത്തുന്നത്. അപ്പോൾ അവർക്കിടയിൽനിന്നും ഒലിച്ചുപോവുന്ന വർഷങ്ങളെ എങ്ങനെ തിരിച്ചുപിടിക്കും എന്ന ചോദ്യം അവരെ അലോസരപ്പെടുത്തുന്നുണ്ടെങ്കിലും ഞാനും അച്ഛനും അമ്മയും എന്ന യാഥാർത്ഥ്യത്തിനപ്പുറത്തേക്ക് ഒരു സത്യവുമില്ല എന്ന വാക്കുകളിലൂടെ നിസ്‌സഹായതയ്ക്കപ്പുറത്തുള്ള ആ മിഥ്യബോധത്തെ മകൻ ബലപ്പെടുത്തുന്നു. അച്ഛന്റെ ശവശരീരം തനിക്ക് പ്രാക്റ്റിക്കലിനായി കിട്ടിയെന്നും അമ്മ പറഞ്ഞുതന്നിട്ടുള്ള അടയാളത്താൽ താൻ അച്ഛനെ തിരിച്ചറിഞ്ഞു എന്നും മകൻ പറയുമ്പോൾ വൈകുന്നേരം കടന്നുവരും എന്ന പ്രതീക്ഷ നൽകി താൻ തന്നോടും മകനോടും പറഞ്ഞുറപ്പിച്ച സ്വപ്‌നത്തെ ഇല്ലാതാക്കാൻ സരിതാവർമ്മ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് അതു നിന്റെ അച്ഛനായിരിക്കുകയില്ല, നിന്റെ അച്ഛന് അങ്ങനെ മരിക്കാനാവില്ല എന്ന് ആ അമ്മ പറയുന്നത്. (ഞങ്ങൾ പ്രാർത്ഥിച്ചുകൊണ്ടേയിരിക്കും – എന്ന കഥ) വളരെ സമർത്ഥമായി പറയപ്പെടുന്ന നുണകൾക്ക് ചില ജീവികൾക്കുമേൽ ഒരു സ്വാധീനശക്തിതന്നെ ഉണ്ടാക്കാനാവും എന്നികൂടി ഈ കഥ തെളിയിക്കുന്നുമുണ്ട്.

ലോകത്തിന്റെ പൊതുവായ അനുഭവങ്ങൾ ഓരോരുത്തർക്കും ഒരുപോലെയല്ല അനുഭവപ്പെടുന്നതെന്നത് ഒരു യാഥാർത്ഥ്യമാണ്. വളരെ കാല്പനീക ഭംഗിയോടെ നാം കാണുന്ന പലതും അനുഭവസ്ഥരെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടും എന്നൊരു യാഥാർത്ഥ്യത്തെക്കൂടി യു.കെ. ഓർമ്മപ്പെടുത്തുന്നു. മഴയെപ്പറ്റി വാചാലയാകുന്ന ഒരദ്ധ്യാപികയാണ് ആഖ്യാതാവ്. മഴയുടെ സൗന്ദര്യം അതു നനയാനുള്ള മോഹം ഒക്കെ അവർ തന്റെ വിദ്യാർത്ഥികളോട് പങ്കുവയ്ക്കുന്നു. മഴയനുഭവങ്ങൾ എഴുതാൻ ആവശ്യപ്പെടുന്ന ടീച്ചർ മഴനനഞ്ഞ് കുളിക്കാനും ചെളിയിൽ ചവുട്ടി നടക്കാനും കുട്ടികളോട് ആവശ്യപ്പെടുന്നു. ടീച്ചർക്കു അവരുടെ നിസ്‌സംഗതയോട് അൽപ്പം ദേഷ്യം തന്നെ തോന്നുന്നു. അവർ എഴുതിക്കഴിഞ്ഞ മഴയനുഭവങ്ങൾക്കാവട്ടെ ഏകഭാവമായിരുന്നു. അതിൽ ഒരെണ്ണം കടപ്പുറത്തുകാരനായ നൗഷാദിന്റേതായിരുന്നു. അതാവട്ടെ വ്യത്യസ്തവുമായിരുന്നു. മഴ തനിക്കൊരു പേടിസ്വപ്‌നമാണെന്നും തനിക്ക് മഴയോട് വെറുപ്പും ഭയവുമാണെന്നും അവൻ എഴുതിയിരുന്നത് അനുഭവത്തിന്റെ പൊള്ളലിൽനിന്നും അതേൽപ്പിക്കുന്ന നിസ്‌സഹായതയിൽ നിന്നുമാണ്. നൗഷാദ് എന്ന കുട്ടിക്ക് മഴ ഒരു ഭാരമേറിയ അനുഭവമാണ്. മഴയുടെ കാഠിന്യം കൂടുന്നതിനനുസരിച്ച് അവന്റെ മാനസീക ഭാരവും വർദ്ധിക്കുന്നു. കഥാകൃത്ത് ഈ കഥക്ക് ഔചിത്യപൂർവ്വം ‘മഴയുടെ ഭാരം’ എന്നാണ് പേരിട്ടിരിക്കുന്നത്. ഈ കഥ വായിച്ചുകഴിയുമ്പോൾ സാധാരണ നാം വാചാലമായി സംസാരിക്കാറുള്ള പലതിനെപ്പറ്റിയും നാം ലജ്ജിക്കും. കാരണം അവയുമായി നേരിട്ട് ഇടപെടുന്നവന്റെ അനുഭവങ്ങളുടെ പൊള്ളൽ നമ്മളും അനുഭവിച്ചേക്കാം. അല്ലെങ്കിൽ ഒരാത്മ പരിശോധനക്കെങ്കിലും ഇത്തരം കഥകൾ ഉപകരിച്ചേക്കാം.

യു.കെ. കുമാരൻ
ഈ കഥാ ലോകത്തെ ഏറ്റവും നിസ്‌സഹായനായ കഥാപാത്രം ആരാണ്? അതൊരു കള്ളനാണ്. ഒരു വിശേഷണമല്ല നല്ക്കിയിരിക്കുന്നത്, ‘അപ്പൂട്ടി എന്ന മകൻ’ എന്നാണ് കഥയുടെ പേരുതന്നെ. അതിലെ മകൻ എന്ന ബന്ധമാണ് ആ കള്ളനെ നിസ്‌സഹായനാക്കുന്നത്. മോഷ്ടിക്കാനിറങ്ങുന്ന അപ്പുട്ടി യാദൃശ്ചികമായി ചിലരെ കാണുന്നു. അവരാകട്ടെ മരിക്കാൻ കിടക്കുന്ന ഒരമ്മക്ക് മകനെ കാണാനുള്ള അവസാന ആഗ്രഹം പൂർത്തീകരിക്കാനായി ഇറങ്ങിത്തിരിച്ചവരായിരുന്നു. ആ അമ്മയാവട്ടെ ഗ്രാമത്തിന്റെ മുഴുവനും അമ്മയുമായിരുന്നു. ഏക മകൻ എന്നോ നാടുവിട്ടു പോയതിനാൽ എല്ലാവരെയും മക്കളായി സ്വീകരിച്ച ഒരമ്മ ആ മകൻ ദൂരെയെവിടെ വലിയ നിലയിലാണെന്നാണ് പൊതുവായ വിശ്വാസം. ആ അമ്മയുടെ അവസാനത്തെ ആഗ്രഹം സാധിച്ച് കൊടുക്കാനാവാത്തതിനാൽ നാട്ടുകാർ ദുഃഖിതരുമായിരുന്നു. അവരുടെ വിവരണങ്ങളിൽനിന്ന് അത് തന്റെ അമ്മയാണെന്നും നാട്ടുകാരുടെ സങ്കല്പങ്ങളിൽ എവിടെയോ വലിയ നിലയിൽ ജീവിക്കുന്ന മകൻ താനാണെന്നും അപ്പുട്ടി മനസ്‌സിലാക്കുന്നു. ബാല്യകാലത്ത് അമ്മയുടെ അപഥസഞ്ചാരത്തിന് സാക്ഷിയായതിനാലാണ് താൻ ഓടിപ്പോയതെന്ന സത്യം അയാളുടെ ഉള്ളിലിരുന്ന് വിങ്ങുന്നുണ്ട്. പക്ഷേ അതവിടെ പറയാനാവില്ല. താനാണ് ആ മകൻ എന്നത് ഒട്ടും വിശ്വസിക്കുകയും ഇല്ല. ഇങ്ങനെ വിഷമസന്ധിയുടെ പാരമ്യതയിൽ നിൽക്കുന്ന ഒരാളായി അപ്പൂട്ടി മാറുന്നു.

നാട്ടിൻപുറത്ത് ജീവിക്കുകയയും അവിടെ നാട്ടുകാരുടെ ഏറ്റവും പ്രിയപ്പെട്ടവരായിരിക്കുകയും ചെയ്ത ഒരാൾ ജീവിതത്തിന്റെ ഏകാന്തതയിൽ മക്കളുടെ ഒപ്പം ജീവിക്കാൻ തീരുമാനിച്ച് നഗരത്തിൽ എത്തിപ്പെട്ടാൽ അയാൾ ഒരിക്കലും മാനസികമായി സന്തുഷ്ടനാവില്ല. ശരീരം മാത്രം ഇവിടെയും മനസ്‌സും ചിന്തകളും നാട്ടിൻപുറത്തുമായി ജീവിക്കുന്ന ഒരു ഡോക്ടറാണ് ‘വീട് സംസാരിക്കുന്നു’ എന്ന കഥയിലെ നായകൻ. നഗരജീവിതം മടുത്തപ്പോൾ ഡോക്ടർക്ക് ഒരു തോന്നൽ നാട്ടുമ്പുറത്തെ പഴയ വീട് തിരികെക്കിട്ടണം എന്ന്. അതിന്റെ ഇപ്പോഴത്തെ ഉടമസ്ഥന് ഈ വിചിത്രമായ ആവശ്യം അറിയിച്ചുകൊണ്ട് കത്തെഴുതുന്നു. വീടിന്റെ ഉടമസ്ഥനായ ഗൾഫുകാരൻ ബാല്യകാലത്ത് കണ്ട ഒരു സ്വപ്‌നത്തിന്റെ പൂർത്തീകരണമായിട്ടായിരുന്നു ആ വീടിനെ സ്വന്തമാക്കിയത്. അതുകൊണ്ടുതന്നെ അതു വിട്ടുകൊടുക്കാൻ അയാൾക്കാവില്ലായിരുന്നു. അതിലും നല്ല ഒരു വീട് ഗ്രാമത്തിൽ പണിഞ്ഞുകൊടുക്കാം എന്ന വാഗ്‌ദാനം അയാൾ നൽകുന്നു. അവസാനം ഒരു ദിവസം വീടിനോട് സംസാരിച്ച് അവിടെ താമസിക്കാനായി ഡോക്ടർ എത്തുമ്പോഴാണ് നാട് ജാതിമത വർഗ്ഗീയ ചിന്തകളാൽ എത്രമാത്രം മാറിപ്പോയി എന്നയാൾ മനസ്സിലാക്കുന്നത്. അന്യജാതിക്കാരനും അവരുടെ ജാതിക്കാരനും നമ്മളും അങ്ങനെയൊക്കെ ഒരുപാട് പദങ്ങൾ, അദ്ദേഹത്തിന് തികച്ചും
അപരിചിതമായ പദങ്ങൾക്കു മുന്നിൽ അയാൾ തികച്ചും നിസ്‌സഹായനാവുന്നു. അന്യജാതിക്കാരനെ വീട്ടിൽ രാത്രി പാർക്കാൻ അനുവദിച്ചതിന്റെ പേരിൽ ആ വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥനും പഴി കേൾക്കുന്നു. മൊയ്തീൻകുട്ടി എന്ന വൃദ്ധന്റെ പഴയകാല സ്‌നേഹ ബന്ധങ്ങൾക്കൊന്നും ഇപ്പോൾ ഒരു വിലയും ഇല്ലാതെയാവുന്നു. ജാതി, മതം, വർഗ്ഗം, വർണ്ണം എന്നിവയൊക്കെ എത്രമാത്രം നമ്മുടെ സമൂഹത്തെ പിടിച്ചുലയ്ക്കുന്നു എന്നും പുറമേ പ്രകടിപ്പിക്കാതെയിരുന്നാലും എത്രമാത്രം ഓരോരുത്തരും ഉള്ളിൽകൊണ്ട് നടക്കുന്നു എന്നും അതെങ്ങനെ മനുഷ്യബന്ധങ്ങളെ നിസ്‌സഹായമാക്കുന്നു എന്നുമാണ് ഈ കഥ തെളിയിക്കുന്നത്. കാലത്തിന്റെ പരിഛേദമാവാൻ ഈ കഥക്കാവുന്നുണ്ട്.

ആധുനിക ജീവിതത്തിനും അതിന്റെ സൗകര്യങ്ങൾക്കും അനുസൃതമായി പല കോമാളി വേഷങ്ങളും നമ്മൾക്കൊക്കെ കെട്ടേണ്ടിവരും. നമ്മൾ അണിയുന്നത് കോമാളി വേഷമാണെന്ന് നമ്മൾ അറിയാതെപോവുന്നു എന്നുമാത്രം. അത്തരം ഒരനുഭവമാണ് ‘മടുത്തകളി’ എന്ന കഥയിലൂടെ പങ്കുവയ്ക്കപ്പെടുന്നത്. അയാൾക്ക് വലിയ ഷോപ്പിങ്ങ് കോംപ്‌ളക്‌സിന്റെ മുന്നിലെ കോമാളിയാണ് താനെന്ന് ഭാര്യയോടോ മക്കളോടോ പോലും പറയാനാവുന്നില്ല. അവരുടെ സങ്കല്പത്തിൽ അയാൾ ഏതോ ഫാക്ടറിയിലെ വലിയ ഉദ്യോഗസ്ഥനാണ് അങ്ങനെ ഒരു ചിത്രം കൊണ്ട് നിലനിന്നിരുന്ന അയാളെ നഗരത്തിലെത്തുന്ന മകൾ തിരിച്ചറിയുന്നു. ആ പണി ഉപേക്ഷിക്കാം എന്നു കരുതുന്ന അയാൾ കൂടുതൽ നിസ്‌സഹായനാവുന്നത് നന്നായി പഠിക്കുമായിരുന്ന തന്റെ മകൻ അതേ കോമളിവേഷം കെട്ടി നിൽക്കുന്നത് കാണുമ്പോഴാണ്. അത്തരം കോമാളി വേഷം തന്റെ ജീവിതത്തിൽ ജീവന്റെ ആയുസ്‌സിന്റെ പരമ്പരയുടെ ഭാഗമാവുകയാണ് എന്നും തിരിച്ചറിയുമ്പോൾ അയാൾ തളർന്നുപോവുന്നു. ഒപ്പം ഒന്നുകൂടി സംഭവിക്കുന്നുണ്ട്. ഈ ലോകത്ത് നമ്മളൊക്കെ വലിയ കോമാളികളായി മാറിക്കൊണ്ടിരിക്കുന്നു എന്നും അതിൽനിന്നും നമ്മുടെ പരമ്പരകൾക്കും മോചനമില്ലെന്നും ഒരുതരം ആത്മ വിമർശനാത്മകമായ ഒരോർമ്മപ്പെടുത്തൽ ഈ കഥ നൽകുന്നുണ്ട്. സമ്പന്നതയുടെ വലിയ ലോകത്ത് പാർശ്വവൽകൃതർ എത്രയോ കോമാളികളായിട്ടാണ് എണ്ണപ്പെടുന്നത് എന്നും ഈ കഥ ഓർമ്മപ്പെടുത്തുന്നു.
‘കാണുന്നതല്ല കാഴ്ചകൾ’ എന്ന നോവലിലെ നന്ദനാവട്ടെ ആപത്തിൽപ്പെട്ട ഒരുവനെ ചോദ്യങ്ങളാലും വാക്കുകളാലും എങ്ങനെ നിസ്‌സഹായനാക്കാം എന്നതിന്റെ ഉദാഹരണമാണ്. പീഢനത്തിൽ മരിച്ച പെൺകുട്ടിയുടെ അച്ഛനാണ് നന്ദൻ. ട്രെയിനിൽ പുസ്തക വില്പനക്കാരനായതിനാൽ അനേകം സുഹൃത്തുക്കളും അയാൾക്കുണ്ട്. അവരൊക്കെ നന്ദനെ കാണുമ്പോൾ… അങ്ങനെ സംഭവിച്ചുപോയല്ലോ എന്ന തരത്തിൽ സമാശ്വസിപ്പിക്കാൻ നോക്കുകയാണ് ചെയ്യുന്നത്. അപരിചിതനായ ഒരാൾക്ക് വീട്ടിൽ സ്വാതന്ത്ര്യം നല്കിയതെന്തിന് എന്ന ചോദ്യം ഒരുപാട് പേർ ഉന്നയിക്കുന്നുണ്ട്. ഒരു സുഹൃത്ത് എന്ന നിലയിൽ ഒരാളെ വിശ്വസിച്ചിരുന്നു എന്നല്ലാതെ ഒരു ഉത്തരവും നന്ദനില്ലായിരുന്നു. ഏതയാലും സഹതാപം മുറ്റിയ വാക്കുകൾകൊണ്ടും ഒരുവനെ നിസ്‌സഹായനാക്കാം എന്നതിന്റെ ഉദാഹരണമായി നന്ദൻ നിൽക്കുന്നു. ഭർത്താവിന്റെ മദ്യപാനവും പണത്തോടുള്ള ആസക്തിയും ഒരു സ്ര്തീയെ എങ്ങനെ നിസ്‌സഹായയാക്കും എന്നതിന്റെ ഉദാഹണമായി യു.കെ. കണ്ടെത്തിയ കഥാപാത്രമാണ് ഇതേ നോവലിലെ മെർലിൻ. ഒറ്റവാക്കിൽ ‘ഒരു ജീവിത’ത്തിലെ രാധികയും ഇതേ ദുർവിധിയിൽ എത്തുന്നുണ്ടെങ്കിലും അവൾ അതിനെ അവഗണിച്ച് മുന്നോട്ട് പോവുന്നുമുണ്ട്.

അച്ഛനാരാണ് എന്നറിയാതെ വളരുന്ന മകൻ, അമ്മയാവട്ടെ മാനസിക അസ്വാസ്ഥ്യങ്ങൾ ഉള്ള ആളുമാണ്. ഒരു പ്രണയ വഞ്ചനയുടെ ബാക്കിയായിരുന്നു അവൾക്ക് ഭ്രാന്തും മകനും. അതുകൊണ്ടുതന്നെ തന്റെ ഉന്മാദത്തിന്റെ മൂർദ്ധന്യതയിൽ ഈ ദുഃസ്ഥിതിക്ക് കാരണക്കാരനായ മകനെ അവൾ നന്നായി ഉപദ്രവിച്ചിരുന്നു. ആ ഏകാന്തതയിൽനിന്നും നിസ്‌സഹായതയിൽനിന്നും രക്ഷപ്പെടാനായി മകൻ കണ്ടെത്തിയ മാർഗ്ഗമാണ് കൊമ്പൻ മീശയും ഉണ്ടക്കണ്ണുകളും ആജാനബാഹുവുമായ അച്ഛനെ സങ്കല്പിക്കുക എന്നത്. അമ്മ മുൻമന്ത്രി രാജശേഖരന്റെ വീട്ടിൽ പുറം ജോലിക്ക് പോവാൻ തുടങ്ങിയ അന്നുമുതൽ അയാളെപ്പറ്റിയുള്ള വിവരണങ്ങൾ കേട്ടപ്പോൾ മുതൽ സ്വന്തം അച്ഛൻ അദ്ദേഹമാണ് എന്ന് അവൻ സങ്കല്പിക്കാൻ തുടങ്ങി. ഒടുവിൽ അസമയത്ത് കടൽക്കരയിൽനിന്ന് പോലീസ് പിടിക്കുമ്പോഴും തന്റെ അച്ഛൻ മുൻമന്ത്രി രാജശേഖരനാണെന്നു തന്നെയാണവൻ തറപ്പിച്ചുപറയുന്നത്. സ്വന്തം ഏകാന്തതയിൽനിന്നും സമൂഹത്തിന്റെ പരിഹാസത്തിൽനിന്നും ഇവയൊക്കെ ഏൽപ്പിക്കുന്ന നിസ്‌സഹായതയിൽനിന്നും രക്ഷപ്പെടാനായി ഒരു കൗമാരക്കാരൻ കണ്ടെത്തുന്ന മാർഗ്ഗമാണിത് പക്ഷേ ദൂരെ വ്യാപകമായ പ്രത്യാഘാതങ്ങൾ ഈ അവകാശവാദത്തിനുണ്ടാവും കാരണം സമൂഹത്തിൽ മാന്യനെന്നു കരുതപ്പെടുന്ന ഒരാളുടെ മേലാണ് ഈ അവകാശവാദം ഉന്നയിക്കപ്പെട്ടിരിക്കുന്നത്.

പൊതുസേവന തല്പരനായ ഒരു ഡോക്ടർ നാട്ടുക്കാർക്കുവേണ്ടി ജീവിച്ചതിനിടയിൽ ഭാര്യ കംബൗണ്ടറുമായി അടുക്കുകയും അവരൊരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയും ചെയ്തതോടെ ജീവിതത്തിനുമുന്നിൽ നിസ്‌സഹായനായി നിന്നുപോവുന്ന ശ്രീധരൻ ഡോക്ടറെ തക്ഷൻകുന്ന് സ്വരൂപത്തിൽ കാണാം. നാട്ടുകാർ മുഴുവനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. പക്ഷേ സ്വന്തം വീട് നന്നാക്കാൻ ആവാത്തവൻ ലോകം നന്നാക്കാൻ യോഗ്യനല്ല എന്ന ചിന്തയാവും ഡോക്ടറെ നാടുവിട്ടുപോവാൻ പ്രേരിപ്പിച്ചത്. ഷീല എന്ന സ്ര്തീയോട് കടുത്ത പ്രണയത്തിൽപ്പെട്ടുപോയ ഡെയ്‌സി (ഒറ്റവാക്കിൽ ഒരു ജീവിതം)യെ കോളനിക്കാർ ഒറ്റപ്പെടുത്തിയപ്പോഴാണ് അവർ നിസ്‌സഹായയാവുന്നതും ഗൾഫിൽ നിന്നെത്തുന്ന ഭർത്താവിനെ നേരിടാനാവാതെ ആത്മഹത്യ ചെയ്യുന്നതും. പ്രകൃതിവിരുദ്ധമായ കൂട്ടുകെട്ടായിരുന്നു ഷീലയുടേതും ഡെയ്‌സിയുടേതും എന്നു പറഞ്ഞ് കൈയൊഴിയാൻ എളുപ്പമാണ്. പക്ഷേ കോളനിയിൽ പലരും പിന്നീട് പരസ്പരം ചോദിച്ചതുപോലെ അങ്ങനെ ഒറ്റപ്പെടുത്തിയതുകൊണ്ടല്ലേ ആ പാവം കടുംകൈ ചെയ്തത്? ഗൾഫിൽനിന്നുവരുന്ന ഡെയ്‌സിയുടെ ഭർത്താവ് നിരാലംബനായിപ്പോവുന്ന ഒരു രംഗം നോവലിലുണ്ട്. ശാരീരിക തൃഷ്ണകൾ മനുഷ്യരെ നിസ്‌സഹായരാക്കുന്നതിന്റെ ചിത്രമാണിത്.
സാങ്കേതിക വിദ്യയുടെ സാദ്ധ്യതകൾ കൊണ്ട് വലിയ ലോകങ്ങൾ കീഴടക്കാനാവും; ഒരു വിരൽത്തുമ്പു കൊണ്ട് അതിന്റെ ചെറിയ സ്പർശംകൊണ്ട് ലോകം മുഴുവനും കീഴടക്കാം; ഏതു വിവരവും അതിലൂടെ ലഭ്യമാവും എന്നൊക്കെ ഒരുപാട് സൗകര്യങ്ങൾ അതിനുണ്ട്. പക്ഷേ അത്തരം സൗകര്യങ്ങൾ എങ്ങനെയാണ് മനുഷ്യരെ നിസ്‌സഹായരാക്കുന്നത് എന്നാണ് പ്രൊഫ. അബ്ദുൾ സലാമിന്റെയും മകളുടെയും ജീവിതത്തിലൂടെ യു.കെ. കാണിച്ചുതരുന്നത് (ഒറ്റവാക്കിൽ ഒരു ജീവിതം – നോവൽ). വിവാഹം നിശ്ചയിക്കപ്പെട്ട മകൾ ഗൾഫിലുള്ള ഭാവി ഭർത്താവുമായി സംസാരിക്കുന്നതിൽ ആരും തെറ്റൊന്നും കണ്ടില്ല. റുബിനയുടെ ഉമ്മക്ക് അതിൽ അല്പം അപാകത തോന്നിയിരുന്നു. അവർ അത് ഭർത്താവിനോട് തുറന്നുപറയുന്നുമുണ്ട്. പക്ഷേ അത്തരം ചിന്തകൾ പരിഷ്‌കൃത ലോകത്തിന്റെ ഭാഗമല്ലാത്തതിനാൽ അവർ അതിൽ എതിർപ്പൊന്നും പ്രകടിപ്പിക്കുന്നില്ല. ഫോണിൽ സംസാരിക്കുന്നതിനേക്കാൾ സൗകര്യം വെബ്ക്യാമിൽ കണ്ട് സംസാരിക്കയാണ് എന്ന നിർദ്ദേശം സ്വീകരിക്കപ്പെട്ടു. എന്തിലും അത് രതി വൈകൃതങ്ങളുടെ പ്രദർശനമായി മാറുകയും അവളെ അപാരമായ കുറ്റബോധത്തിലേക്ക് എത്തിക്കുകയുമായിരുന്നു. അവൾ തെറ്റുകാരിയല്ല എന്ന പറച്ചിലുകളോ കൗൺസിലറുടെ ഉപദേശങ്ങളോ ഒന്നും റുബിനക്ക് ശാന്തി നൽകിയില്ല. അതക്കും കുറ്റബോധത്തിന്റെ അഗാധമായ ഗർത്തത്തിലേക്ക് അവൾ വീണുപോവുന്നു. ഉപയോഗിക്കുന്നവന്റെ കുറ്റമല്ലേ സാങ്കേതിക വിദ്യയുടെ കുഴപ്പമല്ലല്ലോ എന്ന മുടക്ക് എതിർ ചോദ്യം ഇവിടെ സ്വഭാവീകമായും ഉയർന്നുവരുന്നുണ്ട്.

‘ഈ ലോകത്തിലെ ഏറ്റവും വലിയ ശിക്ഷ കാരണം കൂടാതെ തെറ്റിദ്ധരിപ്പിക്കപ്പെടുകയാണ്. ഈ വാക്കുകൾ ഭാഗ്യനാഥന്റേതാണ്. പൊതുസമൂഹത്തിനും സാംസ്‌കാരിക രംഗത്തും വളരെ സജീവമായി നിൽക്കുന്ന ഒരു സുഹൃത്തിനെ പെട്ടെന്ന് കാണാതെയാവുമ്പോൾ അന്വേഷിക്കുന്ന ഒരു സുഹൃത്താണ് കഥാഖ്യാതാവ്. ചോദിക്കുന്നവരെല്ലാം പറയുന്നത് ഒരേ ഉത്തരമായിരുന്നു. നാറ്റക്കേസാണ് വിട്ടുകളയുക. ബാങ്ക് ഉദ്യോഗസ്ഥനായ ഭാഗ്യനാഥനെ സാമ്പത്തീക തിരിമറിയുടെ പേരിൽ ഒറ്റപ്പെടുത്തുകയും സ്വഭാവദൂഷ്യം ആരോപിച്ച് പുറം തള്ളുകയും ചെയ്ത്ത സ്വന്തം പാർട്ടിക്കാരും അസോസിയേഷൻകാരും ഒക്കെത്തന്നെയാണ്. മറ്റാരെയോ രക്ഷിക്കാൻ വേണ്ടി എല്ലാവരും ചേർന്ന് അയാളെ ബലിയാടാക്കുന്നു. പക്ഷേ സത്യം എന്താണെന്നു മാത്രം ഒരാളും അന്വേഷിക്കുന്നില്ല. യഥാർത്ഥത്തിൽ അതാണ് അയാളുടെ നിസ്‌സഹായത വർദ്ധിപ്പിക്കുന്നത്, ഈ കഥയുടെ ശീർഷകം വളരെ അർത്ഥപൂർണമാണ്. കാറ്റിൽ അലിഞ്ഞ് ഇല്ലാതെയാവും പോലെ. ഈ കഥയിൽ മറ്റൊരു ശ്രദ്ധാർഹമായ ഘടകം കഥാപാത്രത്തിന്റെ പേരാണ് – ഭാഗ്യനാഥൻ. ഇവ രണ്ടും കഥാകൃത്ത് വളരെ ആലോചിച്ച് തീരുമാനിച്ചതുമാവാം.

ജീവിതം മുന്നോട്ട് കൊണ്ടുപോകുവാൻപോലും കഴിയാത്ത വിധത്തിൽ മനുഷ്യനെ തളർത്തിക്കളയാനാവുന്ന ഒന്നാണ് നിസ്‌സഹായത. ചുറ്റുമുള്ളവരുടെ പെരുമാറ്റത്തിൽനിന്നോ ഒരു വാക്കിൽനിന്നോ നോട്ടത്തിൽനിന്നോ പോലും ഈ നിസ്‌സഹായത ഒരാൾക്ക്‌മേൽ പതിക്കാം ജീവിതത്തിന്റെ പ്രതീക്ഷയാണ് എല്ലാ മനുഷ്യർക്കും ജീവിതമുണ്ടെന്നും അവരെയും കഥാപാത്രങ്ങളാക്കാമെന്നുമുള്ള അവസ്ഥ വന്നത്. അവരുടെ ചൂരും കണ്ണീരും പടവെട്ടലുകളും അങ്ങനെ സാഹിത്യത്തിലേക്ക് കടന്നുവന്നു. അന്ന് കർഷക തൊഴിലാളിയും ജന്മിയുടെ കുടിയാനും തോട്ടിയും ഒക്കെയാണ് ഈ പാർശ്വവത്കൃതരെ പ്രതിനിധീകരിച്ചിരുന്നത്. ഇന്ന് ലോകം വലിയ സൗകര്യങ്ങളുടെ പുറംമോടിയിലാണെങ്കിലും പാർശ്വവത്കൃതരുടെ എണ്ണം വർദ്ധിച്ചിട്ടേയുള്ളൂ. സമ്പന്നരുടെ വളർച്ച പലപ്പോഴും മറ്റൊരു കൂട്ടരെ ഓരങ്ങളിലേക്ക് തള്ളിമാറ്റിയിട്ടാവും.
യു.കെ. കുമാരൻ എന്ന കഥാകൃത്തിന്റെ വിശാലമായ കഥാലോകത്ത് പാർശ്വവത്കൃതരായ കഥാപാത്രങ്ങൾ അനേകരുണ്ട്. ‘തികച്ചും അപ്രധാനമായ ഒരു കഥാപാത്രം ഒരു കറുത്തഹാസ്യം പോലെയാണ് എപ്പിസോഡിലേക്കു കടന്നുവരുന്നത് എന്ന് എപ്പിസോഡ് എന്ന കഥയിൽ യു.കെ എഴുതിയിട്ടുമുണ്ട്. അങ്ങനെ എഴുതി എങ്കിലും ഏതു കഥാപാത്രത്തിനും അതിന്റേതായ സ്ഥാനവും അനശ്വരതയും നൽകുന്നതിൽ കഥാകൃത്ത് സദാശ്രദ്ധാലുവാണ്. ഒരു ഇംഗ്‌ളിഷുകാരന്റെ വീട്ടിൽ ജോലിക്കുനിന്ന് ചില ഇംഗ്‌ളീഷ് വാക്കുകൾ പഠിച്ചെടുത്ത ഒരു നാരായണിയുണ്ട് തക്ഷൻകുന്നിൽ. തന്നെ പെണ്ണുകാണാൻ വന്ന ആളിന്റെ പേര് ബാലൻ എന്നാണെന്നറിയുമ്പോൾ അവൾ ‘ഓ മൈനർ’ എന്ന് പ്രതികരിക്കുന്നത് എന്നോ കേട്ട ഒരു വാക്കിന്റെ പിൻബലത്തിലാണ്. പക്ഷേ ബാലന്റെ പേര് പിന്നെ ജീവിതാവസാനംവരെ മൈനർ ബാലൻ എന്നായി മാറുന്നു. കണ്ടുകണ്ടിരിക്കെ എന്ന പുതിയ നോവലിൽ ദേവദാസിന്റെ മാസികയിേലക്ക് അച്ചടിക്കാൻ ഒരു കവിതയുമായി വരുന്ന ഒരു ഹോട്ടൽ ജീവനക്കാരനുണ്ട്. മാസിക തേടി കവിതയും കൊണ്ട് എഴുത്തുകാർ വന്നു എന്നതിനേക്കാളേറെ ഒരു ഹോട്ടൽ ജോലി ചെയ്തുകൊണ്ട് എങ്ങനെ കവിത എഴുതുവാൻ സമയം കിട്ടുമോ എന്ന ചോദ്യത്തിന് ‘കവിത വേറെ ജോലി വേറെ, ജോലി സമയം കഴിഞ്ഞാൽ ഞാൻ വായിക്കും, പിന്നെ എപ്പോഴെങ്കിലും എഴുതും’ എന്ന് അയാൾ പറയുന്ന മറുപടിയാണ് അയാളെ മറക്കാനാവാത്ത ഒരു കഥാപാത്രമാക്കുന്നത്. വായന ഭ്രാന്തല്ല ഒരു ജീവിത രീതിയാണ് എന്ന വാചകം ആധാരശിലയായി വർത്തിക്കുന്ന ഒരു നോവലിൽ ഇത്തരം ഒരു കഥാപാത്രത്തിന്റെ പ്രാധാന്യം വ്യക്തവുമാണ്. അഴുകിയ ശവം മാന്തി എടുക്കുന്ന അസീസ് അത്തരം ഒരു ജോലിചെയ്തുകൊണ്ടിരിക്കുന്നത് തന്റെ ജന്മദൗത്യമാണ് എന്ന വിശ്വാസമാണ് അയാളെ നയിച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ മകൻ കൊന്ന് കുഴിച്ചിട്ട ശാരദാ നായർ എന്ന സ്ര്തീയെ കുഴിയിൽനിന്ന് പുറത്തെടുക്കുമ്പോൾ അയാൾ തളർന്നുവീഴുന്നു. ഇത്തരം ചെറിയ സൂചനകളിലൂടെയും കോറലുകളിലൂടെയും ഒട്ടും ശ്രദ്ധിക്കപ്പെടാൻ ഇടയില്ലാത്ത കഥാപാത്രങ്ങൾക്കും തന്റെ കഥാലോകത്ത് വലിയ സ്ഥാനം നൽകുന്നു.

സെക്യൂരിറ്റി ജീവനക്കാരനും (സ്വർണതെരുവ്), ലിഫ്റ്റ് ഓപ്പറേറ്ററും (ലിഫ്റ്റ് ഓപ്പറേറ്ററുടെ പ്രതിസന്ധി), കോമാളി വേഷം കെട്ടുന്ന ഒരുവനും (മടുത്ത കളി), ഭർത്താവ് എയ്‌ഡ്‌സ്‌ മൂലം മരിച്ചുപോയതിനാൽ സ്വന്തം ശരീരം വിറ്റ് ജീവിക്കേണ്ടിവരുന്ന ഒരു സ്ത്രീയുമുണ്ട് യു.കെ.യുടെ കഥാലോകത്ത്. അവരുടെ ദൈന്യം പൂർണ്ണമാവുന്നത് മകനെ ടോയ്‌ലറ്റിനുള്ളിൽ ഇരുന്ന് മൂന്ന് ഐസ്‌ക്രീം വാങ്ങിക്കൊടുത്ത്, ഇത് കഴിച്ചുകഴിയുമ്പോഴേക്ക് അമ്മ വരാം എന്ന വാക്കുപറഞ്ഞ് പോവുന്നതിനാലാണ് (മൂന്നാമാത്തെ ഐസ്‌ക്രീം). കൂടാതെ, ഫോട്ടോഗ്രാഫർ (അവർ ഇവിടെയുണ്ട്), എൻജിൻ ലോക്കോ പൈലറ്റ് യോഹന്നാൻ (തീവണ്ടിപ്പൂതം). എ.ടി.എം. കൗണ്ടറിലെ സെക്യൂരിറ്റി ഇസ്താഖ് (എ.ടി.എം.), പുഴ പെറ്റിട്ട കുഞ്ഞിരാമൻ (വേട്ടനായക്കൾക്ക് ഒരിക്കലും ഉറക്കമില്ല), പുഴയിൽ പുതിയ പാലം വരുമ്പോൾ തൂണുകൾ ഉറയ്ക്കാനായി തന്റെ തല വെട്ടിയെടുക്കും എന്നു കരുതി തലയിൽ മുറികെപ്പിടിക്കുന്ന കടത്തുകാരൻ കണാരൻ (പാലം) ഇങ്ങനെ എത്രയോ മനുഷ്യരെയാണ് ഈ കഥാലോകത്ത് നാം കണ്ടുമുട്ടുന്നത്. എല്ലാ മനുഷ്യർക്കും ഒരുപാട് കഥ പറയാനുണ്ട് എന്നു വിശ്വസിക്കുന്ന ഒരെഴുത്തുകാരൻ ഇവരെ കണ്ടെത്തുകയാണ്.

വീടുകളുടെ വർത്തമാനങ്ങൾ
യു.കെ. കുമാരന്റെ കഥാലോകത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് വീടുകളായിരിക്കും. പല രൂപങ്ങളിലും ഭാവങ്ങളിലുമുള്ള വീടുകൾ ഈ കഥാലോകത്തുണ്ട്. ഇവ ഒരിക്കലും സിമന്റും കല്ലും മണ്ണും തടിയും ചേർത്തുവെച്ച വെറും നിർമിതികളല്ല. അതിനപ്പുറത്ത് ജീവനും ആത്മാവും ഉള്ളവരാണ്. അതുകൊണ്ടാണ് അതിൽ താമസിക്കുന്ന കുടുംബങ്ങളിലെ ബന്ധങ്ങളും ദൃഢമാവുന്നത്. ചില പ്രത്യേക സാഹചര്യങ്ങളിൽ വീട് വിറ്റു പോയവരുണ്ടാവാം. പക്ഷേ അവർക്ക് വീടിനോടുള്ള മമത കുറഞ്ഞിട്ടില്ല. അതിനാലാണ് മക്കളുടെ നിർദ്ദേശപ്രകാരം വീട് വിറ്റ് നഗരത്തിലേക്ക് പോയ ഡോക്ടർ ആ വീട് തനിക്ക് തിരികെത്തരുമോ എന്നു ചോദിച്ച് ഇപ്പോഴത്തെ ഉടമസ്ഥന് കത്തെഴുതുന്നത്. മൈതീൻകുട്ടിയുടെ മകനായ ജബ്ബാർ വളരെ കൊതിച്ച് മോഹിച്ച് സമ്പാദിച്ച ആ വീട് നഷ്ടപ്പെടുത്താൻ ഇഷ്ടമല്ലാത്തവിധം അതിനോട് ഇഴുകിച്ചേർന്നിരുന്നു. അതുകൊണ്ട് അതേപോലെ മറ്റൊരു വീട് പണിതുതരാം എന്ന് വാഗ്ദാനം അയാൾ നൽകുന്നു. ഒരു ദിവസം അവിടെ താമസിക്കാനുള്ള അപേക്ഷ നിരസിക്കാൻ മൈതീൻകുട്ടിക്കാവുന്നുമില്ല. ഡോക്ടർ എത്തുമ്പോഴാവട്ടെ വീട് പരിഭവം പറയുകയും പിണങ്ങുകയും ചിണുങ്ങുകയും ഒക്കെ ചെയ്യുന്നുമുണ്ട്. വീട് സംസാരിക്കുന്നു എന്ന് പേര് കഥയുമായി ചേർന്നുനിൽക്കുന്നത് അതിന്റെ പരിഭവം പറച്ചിൽനിന്നാണ്. പക്ഷേ താൻ സ്‌നേഹിച്ച ഗ്രാമം ജാതിയുടെയും മതത്തിന്റെയും ഒരുപാട് മതിക്കെട്ടുകളിൽ പ്പെട്ടുപോയതും ഡോക്ടർ അറിയുന്നു മൈതീൻകുട്ടിക്ക് എന്തിനാണ് ഒരന്യജാതിക്കാരനെ രാത്രി വീട്ടിൽ കഴിയാൻ അനുവദിച്ചത് എന്ന ചോദ്യം നേരിടേണ്ടിയും വരുന്നു. താൻ സ്‌നേഹിച്ച നാട്ടിൻപുറത്തിന്റെ പുതിയമുഖം അദ്ദേഹത്തെ വേദനിപ്പിക്കുന്നുണ്ട്.
ദീർഘയാത്രക്കായി ഒരുങ്ങുന്ന ഡോക്ടർ വീടിനോട് സംസാരിച്ചുകൊണ്ടേ ഇരിക്കുന്നു.

നഗരത്തിലേക്ക് തന്റെ ഒപ്പം പോന്നുകൂടേ എന്നു ചോദിക്കുന്ന മകളോട് ഈ വീടിന്റെ മണം നഗരത്തിലേക്ക് കൊണ്ടുപോവാൻ പറ്റിമോ എന്നു ചോദിക്കുന്ന ഒരമ്മയുണ്ട് ‘വീട് എന്ന വികാര’ത്തിൽ. മകൾക്ക് നഗരത്തിൽ ജോലി കിട്ടിയപ്പോൾ നാട്ടിൻപുറത്തുനിന്നും രക്ഷപ്പെടാനായിരുന്നു തിരക്ക്. ക്രമേണ നാഗരീക ജീവിതത്തിന്റെ ഊഷരത അവളെ മടുപ്പിക്കുന്നു. നഗരത്തിൽ തന്റെ ഫ്‌ളാറ്റ് ജീവിതത്തിൽ ജൈവീകമായി ഒന്നുമില്ല എന്ന് അവൾ വേഗം തിരിച്ചറിയുന്നു. നഗരത്തിലെ ചൂടിന് എതിരെ ഗ്രാമത്തിലെ വീട്ടിലെ തണുപ്പും നഗരത്തിലെ വികാരരഹിതമായ മഴയ്ക്കു ബദലായി ഗ്രാമത്തിലെ തകർത്തു പെയ്യുന്ന മഴയും ഓർമ്മവരുമ്പോൾ പണ്ട് ഗ്രാമത്തിൽനിന്നും നഗരത്തിലേക്ക് ഓടിയതിനേക്കാൾ ഇരട്ടി വേഗത്തിൽ അവൾ വീട്ടിലേക്ക്
എത്താനായി ഓടുന്നു. താൻ പോരുമ്പോൾ വീടിനെ ഗൗനിക്കാതെ പോന്നതിൽ ഇപ്പോൾ തോന്നുന്ന ദുഃഖവും വീട് ഒരു ക്ഷേത്രമാണ് എന്ന് അമ്മ പറഞ്ഞതും ഒക്കെ ചേർത്തുവെച്ച് അവളും വീടിന്റെ ജീവൻ കണ്ടെത്തുന്നു. വീട് എന്ന വികാരം എന്ന തലക്കെട്ടും ഈ കഥക്ക് ഏറ്റവും അനുയോജ്യം തന്നെ.

ബോംബെയിലെ തന്റെ ഫ്‌ളാറ്റിൽ കുറച്ചുകാലം വന്ന് താമസിക്കാനാവശ്യപ്പെടുന്ന മകന് അച്ഛൻ അയക്കുന്ന മറുപടി. ആദ്യം ഒരു തുള്ളിയായ് പിന്നെ പല തുള്ളിയായ് കുന്നിൻമുകളിൽ നിന്ന് മഴ പെയ്തിറങ്ങുന്നതു കാണാൻ അവിടെ പറ്റുമോ. ഒറ്റപാലമരത്തിന്റെ ശിഖരങ്ങളിൽ നിന്നും പെയ്തിറങ്ങുന്ന മഴ കാണാൻ ഞാൻ ഇന്നും കോലായിൽ കണ്ണുനട്ട് ഇരിക്കാറുണ്ട്. (ഉണ്ണിയും പോവുന്നു) ഡോക്ടറായ മകളും കുറിച്ചുകാലം എറണാകുളത്തെ വീട്ടിൽ ചെന്നുനിൽക്കാൻ ആവശ്യപ്പെടുന്നുണ്ട്. അവിടെ കുറുക്കന്മാരുണ്ടോ എന്ന ചോദ്യത്താൽ ആ ക്ഷണം അച്ഛൻ നിരസിക്കുന്നു. അതൊക്ക അച്ഛന്റെയും അമ്മയുടെയും പിടിവാശിയാണെന്നു കുരുതുന്ന മക്കൾക്ക് കുറച്ചുകാലം എന്ന വാക്കാണ് അവരെ അലോസരപ്പെടുത്തുന്നത് എന്നറിയാതെപോയി. ഏറ്റവും ഇളയ മകൻ വീട് വെയ്ക്കുമ്പോൾ തങ്ങൾക്കുവേണ്ടി കൂടിയാണ് അവൻ വീടുവയ്ക്കുന്നതെന്ന് അവർ വിശ്വസിക്കുന്നു. അതിന്റെ സംവിധാനങ്ങളെല്ലാം തങ്ങളുടെ സൗകര്യങ്ങൾക്കനുസരിച്ച് ചെയ്തിട്ടുണ്ടെന്നും വാടക വീട്ടിലെ താമസം മതിയാക്കാമെന്നും കരുതി ഇരിക്കുന്നവരുടെ മുന്നിലൂടെ, എന്നാൽ ഞങ്ങളിറങ്ങട്ടെ എന്നുപറഞ്ഞ് മകനും കുടുംബവും പുതിയ വീട്ടിലേക്ക് പോവുന്നത്. ഉണ്ണി തങ്ങളെ ഒന്നു വിളിച്ചതുപോലുമില്ല എന്നത് അവർക്കിരുവർക്കും അല്പനേരത്തേക്ക് വിശ്വസിക്കാൻ പോലും കഴിയുന്നില്ല. വർദ്ധക്യത്തിലെത്തുന്ന മാതാപിതാക്കൾ ഒരു ഭാരമാണ്, കഴിയുന്നതും ഒഴിവാക്കേണ്ട ഒരു ഭാരം. അതാണ് ഉണ്ണിയും കരുതുന്നത്.

വീടിനോട് ആത്മബന്ധം സൂക്ഷിക്കുന്ന അനേകം കഥാപാത്രങ്ങൾ ഈ ലോകത്തുണ്ട്. വീട് അമ്മയാണ് (മതിഭ്രമങ്ങളുടെ കാലം) എന്ന വിചാരങ്ങളൊക്കെ ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. അച്ഛന്റെ മരണശേഷം തറവാട്ടിൽ ഏകയാവുന്ന അമ്മയെ മകൻ തന്റെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോവാനാഗ്രഹിക്കുന്നു. മകന്റെ വലിയ നിർബന്ധങ്ങൾക്കൊടുവിൽ അതിന് സമ്മതം മൂളുന്ന അമ്മ യാത്ര തിരിക്കേണ്ടദിവസം വിസമ്മതം പ്രകടിപ്പിക്കുന്നു. കാരണമായി പറയുന്നതാവട്ടെ അച്ഛൻ വിളിക്കുമ്പോൾ വിളികേൾക്കേണ്ടേ എന്ന സന്ദേഹമാണ്. അച്ഛന്റെ വിളികൾ ഈ വീട്ടിൽ പല സ്ഥലത്തുനിന്നും താൻ കേൾക്കുന്നു എന്നാണ് അവരുടടെ അവകാശം. അതിനെ എതിർക്കാനോ നിഷേധിക്കാനോ ആവാതെ മകനും നിൽക്കുന്നു. ഓരോ വിളിയും കാത്തിരിക്കുന്ന ആ അമ്മക്ക് വീടുപേക്ഷിക്കുക എന്നാൽ അച്ഛന്റെ ഓർമ്മകളും ഉപേക്ഷിക്കുക എന്നതായിരുന്നു. തക്ഷൻകുന്ന് സ്വരൂപത്തിൽ എത്ര സമ്പന്നനായിട്ടും അച്ഛൻ പണിത ആ പഴയ ചെറിയ വീട് നശിപ്പിക്കാൻ തയ്യാറാവാത്ത രാമർ ആ വീടിന്റെ തണുപ്പിൽ കിടന്ന് ഈ ജീവിതം വെടിയുന്നതും ശ്രദ്ധാർഹരാണ്. ആ വീട് പൊളിച്ചകൂടെ എന്ന് ഭാര്യയും മക്കളും ചോദിക്കുന്നുണ്ടെങ്കിലും അയൾക്ക് ആ വീടിനോടുള്ള ഗൃഹാതുരമായ അടുപ്പം മനസ്‌സിലാക്കി അവരും പിന്നീട് മൗനം പാലിക്കുന്നു.

ഒരേയൊരു മുറി മാത്രമുള്ളതെന്നു കാണുന്നവർക്ക് തോന്നുന്ന ഒരു വീട് പരസ്പര സ്‌േനഹവും വിശ്വാസവും സഹകരണവും കരുതലും കൊണ്ട് അനേകം മുറികളുള്ള ഒന്നായി അനുഭവപ്പെടുന്ന ഒരു വിശേഷണമാണ് ഒറ്റമുറിക്കൊട്ടാരം പങ്കുവയ്ക്കുന്നത്. ഒരു കാലത്ത് വളരെ നല്ല സുഹൃത്തുക്കളായിരുന്ന മോഹനനും ബിജുവും കാലങ്ങൾക്കുശേഷം കണ്ടുമുട്ടുമ്പോഴേക്കും ബിജു സമ്പന്നനായിരുന്നു. അയാളുടെ ഭാര്യയാവട്ടെ ആ സമ്പന്നതയിൽ ആണ്ടുറുങ്ങി ജീവിക്കുന്നവളും. അതുകൊണ്ടുതന്നെ മോഹനന്റെ പുതിയ താമസസ്ഥലം അവരെ ശ്വാസം മുട്ടിക്കുന്നു. ഈ കഥയിൽ വീട് സാമൂഹ്യപദവിയുടെ പ്രതീകമായി മാറുന്നു.

സമകാലജീവിതത്തിന്റെ ഉത്ക്കണ്ഠകൾ
ഗ്രാമീണ നന്മകളോട് ചേർന്നുനിൽക്കുന്നവരാണ് ഈ കഥാപാത്രങ്ങളിൽ മിക്കവരും. അതുകൊണ്ടുതന്നെ ഈ ലോകത്തുനിന്നും അവർ സ്‌േനഹം, കരുണ, ആർദ്രത എന്നിയൊക്കെ പ്രതീക്ഷിക്കുന്നുണ്ട്. ജാതി മതം വർഗ്ഗം വർണ്ണം എന്നിങ്ങനെയുള്ള വേർതിരിവുകൾക്കപ്പുറത്ത് മനുഷ്യൻ എന്ന ഏക സമൂഹത്തെ കാണാനാഗ്രഹിക്കുന്നവരാണിവർ. നവോത്ഥാനകാലത്ത് നാം തൂത്തെറിഞ്ഞ ജാതി അതേപോലെയോ അതിലും ഇരട്ടിയിലോ തിരികെ വന്നിരിക്കുന്നു എന്നതിന്റെ ഉദാഹരണമായിട്ടുവേണം കുട്ടികളുടെ പേരുകളിൽ ജാതി ചേർക്കുന്നതിനെ കാണേണ്ടത്.
ബന്ധങ്ങളുടെ തകർച്ച, ശിഥിലത, മാതാപിതാക്കൾ ഒരു ഭാരമാവുന്നത് എന്നിങ്ങനെ ആധുനിക കലത്തിന്റെ പൊതുസ്വഭാവങ്ങൾ യു.കെ. കുമാരൻ അവതരിപ്പിക്കുന്നുണ്ട്. അമ്മക്ക് കേൾവിശക്തി നഷ്ടപ്പെട്ടതറിയാതെ പോകുന്ന മക്കളെ പരിചയപ്പെടുത്തിയ ‘അമ്മയുടെ രഹസ്യ’, അച്ഛൻ മരിക്കുന്നമ്പോൾ ഇരുന്നു കരയാൻ ആൾക്കാരെ ഏർപ്പെടുത്തുന്ന മക്കൾ (മറുപുറം) പണ്ട് അത് ജാതീയമായ ഒരാചാരമായിരുന്നു. പണ്ടെന്നോ അങ്ങനെ കരയാൻ പോയ ഒരോർമ്മ
മരിച്ചയാളിനുമുണ്ട്. അതുകൊണ്ട് താൻ മരിക്കുമ്പോൾ അങ്ങനെ കുറച്ചുപേർ ഇരുന്നു കരയണം എന്നത് അയാൾക്ക് അല്പം പ്രതികാരബുദ്ധിയോടെ ചിന്തിക്കാനാവുന്ന ഒരു മോഹമാണ്. വിദേശത്തുള്ള മക്കൾക്ക് തിരക്കുകാരണം വരാനാവുകയില്ല. അതുകൊണ്ടാണ് അവർ എല്ലാ കാര്യങ്ങളും വേണ്ടവിധം ഏർപ്പാടാക്കുന്നത്. മരണം വിചാരിച്ച ദിവസം നടക്കുകയില്ലെന്നും നാളയേ ഉണ്ടാവുകയുള്ളൂ എന്നും ഫോണിൽ മക്കളെ അറിയിക്കുന്ന നോട്ടക്കരന് ഒരേ മറുപടിയാണ് മൂന്നുപേരിൽനിന്നും കിട്ടുന്നത്. നാളെ വേൾഡുകപ്പ് തുടങ്ങുന്നതിനാൽ അവരാരും ഫ്രിയല്ല എന്ന മറുപടി. അച്ഛൻ മരിക്കുന്നതു എന്നത് വേൾഡുകപ്പിനേക്കാൾ പ്രാധാന്യം കുറഞ്ഞ ഒന്നായിമാറുന്ന ഒരവസ്ഥ എത്രയോ ഭീകരമാണ്. തങ്ങളുടെകൂടെ കുറച്ചുകാലം വന്നു താമസിക്കാൻ അച്ഛനെയും അമ്മയെയും ക്ഷണിക്കുന്ന മക്കളും വരുന്നോ എന്ന ചോദ്യംപോലും ഒഴിവാക്കിപ്പോവുന്ന ഇളയമകനും ശിഥിലമായ ബന്ധങ്ങളുടെ പ്രതിനിധികളാണ്.

ആധുനിക ജീവിതത്തിന്റെ പൊതുവായ സ്വഭാവമായി സ്വാർത്ഥത മാറുന്നു. ഞാൻ, എന്റേത് എന്ന ചിന്തക്കപ്പുറം ഒന്നും ആവിശ്യമില്ല എന്നും അപരനുവേണ്ടി എന്തിന് സമയം കളയണം എന്നുമുള്ള ചിന്ത അതീവ ഗുരുതരമാംവിധം വളർന്നുവരുന്നുമുണ്ട്. ഗ്രാമത്തിൽ വിഷവാതകം പരക്കുമ്പോൾ ഓടി രക്ഷപ്പെടാനും തുറസ്‌സായ സ്ഥലത്ത് എത്താനും ധൃതിപ്പെടുന്നതിനിടയിൽ അയൽക്കാരെകൂടി വിളിച്ചുണർത്തേണ്ടേ എന്നു സന്ദേഹിക്കുന്ന ഫക്രുദീൻ ഹാജിയോട് ഭാര്യ ചോദിക്കുന്ന, അതിന് നിങ്ങക്കെന്താ എന്ന ചോദ്യം ഈ സ്വാർത്ഥതയെ കുറിക്കുന്നു. (ഒരു ദേശത്തിനും ചിലത് പറയാനുണ്ട്). റോഡ് വികസനം വരുമ്പോൾ നല്ലകണ്ണിന്റെ സ്ഥലം പോവുന്നതോടെ ചെന്താമരാക്ഷന്റെ സ്ഥലത്തിന് നല്ല വില കിട്ടും എന്ന് എല്ലാവരും പറയുമ്പോഴും റോഡ് വികസനത്തിനെതിരെ ചെന്താമരാക്ഷൻ സമരം ചെയ്യുന്നു. അയാളെ പരിഹസിച്ചവരോടൊക്കെ അയാൾ പറയുന്നത് നല്ല കണ്ണ് തന്റെ സുഹൃത്തായതിനാൽ അവന്റെ നഷ്ടം തന്റേതുമാണ് എന്നാണ്. (മനസമാധാനമുള്ള ഒരിടം തേടി). പക്ഷേ അത്രയും വിശാലമായി ചിന്തിക്കാനൊന്നും ആർക്കും ആവുന്നില്ല. എത്രയോകാലം കടത്തുകാരനായിരുന്ന കണാരൻ നാട്ടിൽ എല്ലാവർക്കും വേണ്ടപ്പെട്ടവനായിരുന്നു. പുഴയ്ക്കുകുറുകെ പാലം വരുന്നതോടെ തൊഴിൽരഹിതനാവുന്ന കണാരനെ നാട്ടുകാർ വേഗം മറക്കുന്നു. ആത്മഹത്യ ചെയ്ത കടത്തുകാരന്റെ മൃതദേഹം ഒഴുകിയെത്തുമ്പോൾ അതിനെ കരയ്ക്കടുപ്പിച്ച് യഥോചിതം സംസ്‌കാരം നടത്താനല്ല നാട്ടുകർ തുനിയുന്നത്. മറിച്ച് ആ ശവശരീരം അവിടെനിന്ന് കുത്തിയൊഴുക്കാനാണ് നാട്ടുകൾ ശ്രമിക്കുന്നത്.

വികസനം എന്നാ നാം വിളിക്കുന്ന പുരോഗതിയുടെ വലിയ വഴികൾ എന്നു കരുതുന്നവയ്ക്ക് പലപ്പോഴും ഒരു മറുപുറം ഉണ്ടാവും. അതിനിരയാവന്നരുടെ ദൈന്യം അവരുടെ നിരാലംബത ഇവയൊക്കെ ആരും ശ്രദ്ധിക്കാറേ ഇല്ല. വികസനത്തിന്റെ വലിയ ബഹളങ്ങളിൽ നാം മുങ്ങിപ്പോവാറാണ് പതിവ്. ഇത്തരം ചില ദൈന്യതകൾ – അഥവാ വികസനത്തിന്റെ മറുപുറങ്ങൾ യു.കെ പ്രമേയമാക്കുന്നുണ്ട്. കൊക്കക്കോള കമ്പനി വരുതോടെ സോഡാകമ്പനി പൂട്ടിക്കെട്ടുന്ന ചെന്താമരാക്ഷനും (മനസമാധാനമുള്ള ഒരിടം തേടി), സ്വർണ്ണക്കടകൾ വലുതാവുമ്പോൾ സെക്യൂരിറ്റി വേഷം കെട്ടിനിൽക്കേണ്ടിവരുന്ന കണക്കെഴുത്തുകാരുനും (സ്വർണ്ണതെരുവ്), അമ്പലത്തിൽ ചെണ്ട കൊട്ടികൊണ്ടിരുന്ന മരാർ സിനിമാ ടാക്കീസിൽ ചെണ്ട കൊട്ടാൻ പോവുന്നതും (ചലനം) ഒക്കെ വികസനത്തിന്റെ ചില എതിർ ചിത്രങ്ങളാണ്. സമകാലജീവിതത്തിൽ ഇത്തരം മനുഷ്യരെ വേണമെങ്കിലും നമുക്ക് കാണാം.

പെൺ കരുത്ത്
യു.കെ. കുമാരന്റെ കഥാലോകത്തെ സ്ര്തീകളിൽ ഭൂരിഭാഗവും ഗ്രാമീണരാണ്. അവർക്ക് പ്രതിസന്ധിഘട്ടങ്ങളെ നേരിടാൻ സവിശേഷമായൊരു തന്റേടവും ധൈര്യവും കൈമുതലാണ്. ‘തക്ഷൻകുന്ന് സ്വരൂപ’ത്തിലെ രാമരിന്റെ ഭാര്യ കല്ല്യാണി സുഹൃത്തിന്റെ മരണത്തോടെ സംസാരശേഷി നഷ്ടപ്പെട്ട ഭർത്താവിനെ ചികിത്‌സിപ്പിച്ച് ധൈര്യപൂർവ്വം കൂടെ നിൽക്കുകയും അയാൾക്ക് അസുഖമായിരുന്ന കലാത്ത് കച്ചവടത്തിന്റെ എല്ലാ കാര്യങ്ങളും നോക്കുകയും ചെയ്യുന്നു. ഓരോ സമയത്തും ഉചിതമായ ഉപദേശങ്ങളിലൂടെ ഭർത്താവിന് ധൈര്യം പകർന്നുകൊടുക്കാനും കല്ല്യാണി ശ്രദ്ധിക്കുന്നുണ്ട്.

യു.കെ. കുമാരൻ

ഭർത്താവിന് എഴുത്തും വായനയും അറിയില്ല എന്നത് ഒരു കുറവായി തോന്നുമ്പോൾ അദ്ദേഹത്തെ വായിക്കാനും എഴുതാനും പഠിപ്പിക്കുന്നതിം കല്ല്യാണി തന്നെയാണ്. തക്ഷൻകുന്നിൽ സ്വന്തമായി ബസ്‌സു വാങ്ങി എന്നതിനുമപ്പുറം ലേളാളന്മാരുടെ ആജ്ഞകളെ ധിക്കരിച്ചുകൊണ്ട് മാറ് മറയ്ക്കാൻ ധൈര്യം കാണിച്ചയാളാണ് മാതാമ്മ. മാറ് മറച്ചാൽതന്നെ ജാതിയിൽനിന്നും പുറത്താക്കുമോ എന്ന ഭയം ഉണ്ടായിരുന്നു എങ്കിലും അവസാനം അവർ ധൈര്യപൂർവ്വം ബ്‌ളൗസിടുന്നു. അവർ സാമ്പത്തികമായ ഉയർന്നതിനാലാവാം മേൽജാതിക്കാർ അതിൽ ഇടപെട്ടില്ല. തക്ഷൻകുന്ന് സ്വരൂപത്തിലെ ഏറ്റവും ധൈര്യവതിയായ സ്ത്രീ കുനിയിൽ വെള്ളായിയാണ്. പായ വിൽക്കാൻ ചന്തയിൽ വരുന്ന അവളോട് പായ് മാത്രം പോരാഅതിൽ കിടക്കാൻ കൂട്ടും വേണ്ടതിനാൽ രണ്ടിനും കൂടി വെല ചോദിക്കുന്ന സവർണ്ണപുരുഷന്റെ മുന്നിലേക്ക് പായ കൊത്തിക്കീറി എറിഞ്ഞുകൊടുക്കുന്ന വെളളായിയുടെ തന്റേടം അസാമാന്യമാണ്. ജീവിതം മതിയാക്കാൻ പോവുമ്പോഴും അസാമാന്യ ധൈര്യ പ്രകടിപ്പിക്കുന്ന മധുര ശൈത്യത്തിലെ നായികയും ഒറ്റക്ക് ഓടുന്ന സ്ര്തീകളും ഈ കഥാലോകത്തിന്റെ ഭാഗമാണ്. യാതൊരു ചുമതലാബോധവും പ്രകടിപ്പിക്കാത്ത ഭർത്താവിന്റെ സഹായം തിരസ്‌കരിച്ചുകൊണ്ട് രണ്ട് പെൺമക്കളുടെ വിവാഹം നടത്തുന്ന രാധിക (ഒറ്റവാക്കിൽ ഒരു ജീവിതം) ഇതേ കരുത്തിന്റെ ഉദാഹരണമാണ്. ജീവിതം തിരിച്ചടികൾ മാത്രം സമ്മാനിക്കുമ്പോൾ ഉണ്ടാവുന്ന നിസ്‌സംഗതയും ആ നിസ്‌സംഗത സമ്മാനിക്കുന്ന ധൈര്യവുമാണ് മേബിളിന്റെ കൈമുതൽ (കാണുന്നതല്ല കാഴ്ചകൾ). വൈദ്യശാസ്ത്ര വിദ്യാർത്ഥിയായ മകന്റെ ഡിഷ്‌കഷൻ മേശപ്പുറത്ത് അജ്ഞാത മൃതദേഹമായി കിടന്നത് ഭാർത്താവായിരിക്കാം എന്ന് സരിതാവർമ്മക്ക് തോന്നുന്നുണ്ടെങ്കിലും മകന്റെ മനസ്‌സിൽ അത്തരം ഒരു അച്ഛൻ ബിംബം ആവശ്യമില്ല എന്ന തോന്നലിലാണ് അത് നിന്റെ അച്ഛനല്ല എന്നവർ തറപ്പിച്ചുപറയുന്നത്. അതിന് കരണവും പറയുന്നുണ്ട്. നിന്റെ അച്ഛന് അങ്ങിനെ മരിക്കാനാവില്ല (ഞങ്ങൾ പ്രാർത്ഥിച്ചുകൊണ്ടേയിരിക്കും).

നൂറുകണക്കിനു കഥാപാത്രങ്ങളുള്ള ഒരു കഥാലോകമാണ് യു.കെ.യുടേത്. എന്നിട്ടും ഓരോ കഥാപത്രവും ഉജ്ജ്വലമായ തെളിച്ചത്തോടും ശക്തിയോടും നമ്മുടെ മുന്നിൽ നിൽക്കാൻ കാരണം ലളിതമായ കഥാകഥന ശൈലിതന്നെയാണ്. മഴ അപ്പോഴും തകർത്തുപെയ്യുകയായിരുന്നു. കുട്ടികൾ മഴയിലേക്ക് നോക്കാതെ ധൃതിവെച്ച് എഴുതാൻ തുടങ്ങി. സ്‌കൂൾ ഷെഡിനു ചുറ്റും വെള്ളം കയറിയിരിക്കുന്നു. വെള്ളം പല വഴികളിലൂടെ കുത്തിയൊലിക്കുന്നുണ്ടെങ്കിലും കുറയുന്നില്ല. ഒന്നിനുപിറകെ ഒന്നായി പെയ്തുകൊണ്ടിരിക്കുന്ന മഴയിൽ വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. കാലത്തുകണ്ട വരമ്പുകളൊക്കെ ഇപ്പോൾ വെള്ളത്തിൽ മുങ്ങിയിരിക്കുന്നു (മഴയുടെ ഭാരം). ഇങ്ങനെ ഏതു കഥയിൽനിന്നു വേണമെങ്കിലും ഉദാഹരണം എടുക്കാം. ഇങ്ങനെ ലളിതമായി കഥ പറഞ്ഞുപോവുന്നിനിടെ ചില പ്രത്യേക പ്രയോഗങ്ങൾ നമ്മുടെ ശ്രദ്ധയെ ആകർഷിക്കും. ‘പുഴ ഒരു കറുത്ത മൈതാനമായി’ ഈ കഥാലോകത്തേക്ക് വരും. തടാകം പോലെയാണ് അവിടെ വെയിൽ പരക്കുന്നത്. ‘മയക്കത്തിന്റെ നൂൽപ്പാലം’ എന്നൊരു പ്രയോഗം വേറെ എവിടെയും ഉണ്ടാവില്ല. അതുപോലെ മനുഷ്യരിങ്ങനെ ‘തറഞ്ഞുനിൽക്കും’ കഥയിൽ മാത്രമല്ല നമ്മുടെ മനസ്‌സിലും.

മൊബൈൽ: 94965 20398/ 90615 46046