സക്കറിയയുടെ നായ

അനീഷ് ഫ്രാൻസിസ്

എല്ലാ മാസവും പത്താം തിയതിയാണ് ‘അക്ഷരവെളിച്ചം’ എന്ന സാഹിത്യ മാസിക മാര്‍ക്കറ്റില്‍ എത്തിയിരുന്നത്.അതിന്റെ പ്രതാപകാലത്ത് (അങ്ങിനെ ഒന്നുണ്ടായിരുന്നു എന്ന് ഞാന്‍ കരുതുന്നു) അത് എല്ലാമാസവും രണ്ടാം തിയതി ,അല്ലെങ്കില്‍ മൂന്നാം തിയതി ഒക്കെ ഇറങ്ങിയിരുന്നതാണ്. എല്ലാമാസവും ഇരുപതാം തിയതി മുതല്‍ അടുത്തമാസം അഞ്ചു അല്ലെങ്കില്‍ ആറാം തിയതി വരെ അക്ഷരവെളിച്ചത്തിന്റെ എഡിറ്റര്‍, സക്കറിയ ജേക്കബ് എന്റെ കടയില്‍ വരുമായിരുന്നു.

നഗരത്തിലെ ഏറ്റവും തിരക്ക് കുറഞ്ഞ ഭാഗത്തെ, ഷോപ്പിംഗ് കോംപ്ലക്ക്സിലാണ് എന്റെ ഡി.ടി.പി സെന്റര്‍.ഡിഗ്രി കഴിഞ്ഞു ജോലി ഒന്നും ആകാതെ വീട്ടില്‍ തന്നെ മുനിഞ്ഞു കുത്തിയിരുന്നപ്പോഴാണ് അപ്പന്‍ എനിക്ക് ഈ കടയില്‍ ജോലി സംഘടിപ്പിച്ചു തന്നത്.പേയ്ജ് മേക്കര്‍, കോറല്‍ ഡ്രോ, ഫോട്ടോഷോപ്പ്, മലയാളം ടൈപ്പിംഗ് തുടങ്ങി വിദ്യകള്‍ ഞാന്‍ ആറുമാസം കൊണ്ട് പഠിച്ചു. അപ്പന്റെ ഒരു കൂട്ടുകാരന്റെയായിരുന്നു ഈ കട. അയാള്‍ ഗള്‍ഫില്‍ പോയപ്പോള്‍ കടയുടെ മുഴുവന്‍ ചുമതലയും എനിക്കായി.പ്രോജക്റ്റ് വര്‍ക്ക് ചെയ്യാന്‍ വരുന്ന കുട്ടികള്‍, എഞ്ചിനീയറിംഗ് കോളേജിലെ കുട്ടികളുടെ ഫോട്ടോസ്റ്റാറ്റു, ബുക്ക് binding വര്‍ക്കുകള്‍ തുടങ്ങിയ ലഭിച്ചുകൊണ്ടിരുന്നെങ്കിലും സക്കറിയാ ജേക്കബായിരുന്നു എന്റെ ഏറ്റവും പ്രധാന കസ്റ്റമര്‍. അയാളെ എനിക്ക് അടുത്തറിയില്ലായിരുന്നെങ്കിലും.

ഞാന്‍ കട തുറക്കുന്നത് രാവിലെ ഒന്‍പതരയാകുമ്പോഴാണ്. കെട്ടിടത്തിന്റെ മുന്‍പിലുള്ള അരയാലിന്റെ ചുവട്ടില്‍ അവര്‍ രണ്ടുപേരും അപ്പോഴേക്കും കാത്തുനില്‍ക്കുന്നുണ്ടാകും. സക്കറിയ ജേക്കബും അയാളുടെ തവിട്ടു നിറമുള്ള നായയും. സക്കറിയയുടെ കയ്യില്‍ ഒരു വലിയ ഫയലില്‍, മെയില്‍ വന്ന കഥകള്‍, കവിതകള്‍ തുടങ്ങിയവയുടെ പ്രിന്റുകള്‍ ഉണ്ടാകും. അരയാല്‍ ചുവട്ടിലെ തണലിലിരുന്നു, മാസികയില്‍ ചേര്‍ക്കാനുള്ള സാഹിത്യ കൃതികളില്‍ മുങ്ങി തപ്പുമ്പോള്‍ നായ അയാളുടെ കാല്‍ചുവട്ടില്‍ കിടന്നു ഉറക്കമായിരിക്കും.

നായ്ക്കും സക്കറിയക്കും ഏകദേശം ഒരുപോലെയുള്ള കണ്ണുകള്‍ ആണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.ഇപ്പൊ നിറയും എന്ന് തോന്നിക്കുന്ന ,സങ്കടം മുങ്ങി നില്‍ക്കുന്ന കണ്ണുകള്‍.സക്കറിയ തീരെ സംസാരിക്കില്ല.നായയും അത് പോലെ ശാന്തസ്വഭാവക്കാരന്‍.

പേജ് മേക്കറില്‍, മാഗസിന്‍ പ്രിന്റ്‌ ചെയ്യാന്‍ പരുവത്തില്‍ സെറ്റ് ചെയ്യുക, ചില മാറ്ററുകള്‍ എഴുത്തുകാരന്‍ അയക്കുന്നത് ഫോണ്ട് ശരിയാക്കുക തുടങ്ങിയവയായിരുന്നു എന്റെ പ്രധാന ജോലികള്‍. പേജ് സെറ്റ് ചെയ്യുന്നത് തന്നെ നല്ല ജോലിയായിരുന്നു. ചെറിയ ഒരു മാസികയായിരുന്നു അത്. മുപ്പതോളം പേജുകള്‍.ഒന്നോ രണ്ടോ ലേഖനങ്ങള്‍, ചെറുകഥകള്‍, കവിതകള്‍, പിന്നെ പരസ്യങ്ങള്‍. കഥയും കവിതയും മറ്റും വായിക്കാന്‍ അവസരം കിട്ടുക എന്നതായിരുന്നു ഈ പരിപാടി കൊണ്ട് എനിക്കുണ്ടായ നേട്ടം. പക്ഷേ അതിനെ പറ്റി അഭിപ്രായം പറയാനുള്ള വിവരം കുറവായിരുന്നു. ഒരിക്കല്‍ ‘ഒരു കപ്പല്‍ മുങ്ങുമ്പോള്‍’ എന്ന കവിത പുതിയ ലക്കത്തില്‍ സെറ്റ് ചെയ്യുകയായിരുന്നു. ടൈറ്റാനിക്ക് മുങ്ങിയതിനെക്കുറിച്ചായിരുന്നു ആ കവിത.

“ഇതിനൊരു നെഗറ്റീവ് ടച്ചില്ലേ?” ഞാന്‍ ആശങ്കപ്പെട്ടു. “വേണ്ട. അത് വേണം. ആ തലക്കെട്ടാണ് യോജിച്ചത്. അതാണ്‌ സത്യം.” ഉറക്കം തൂങ്ങുന്ന പോലെയുള്ള കണ്ണുകള്‍ ചിമ്മി സക്കറിയ എന്നെ തിരുത്തി.

അയാള്‍ എന്താണ് സത്യം എന്ന് കൊണ്ട് ഉദ്ദേശിച്ചത് എന്നെനിക്ക് മനസ്സിലായില്ല. സാഹിത്യത്തെക്കുറിച്ച് ഞാന്‍ അഭിപ്രായം പറയുന്നത് പോലും ശരിയല്ല എന്നെനിക്ക് തോന്നി. ഞാന്‍ അങ്ങിനെ പറയാന്‍ പാടില്ലായിരുന്നു.

ഇരുണ്ട നിറമുള്ള പാന്റുകളും ചെക്ക് ഷര്‍ട്ടുകളുമാണ് സക്കറിയ സ്ഥിരമായി ധരിച്ചത്. ഇസ്തിരിയിടാത്ത ചുളിവുകള്‍ വീണ ഫുള്‍ക്കയ്യന്‍ ഷര്‍ട്ട്, തിങ്ങി വളര്‍ന്ന താടി, സദാ പുകയുന്ന സിഗരറ്റു. നാല്പത്തിയഞ്ച് വയസ്സ് കഴിഞ്ഞ അയാള്‍ അവിവാഹിതനായിരുന്നു. എനിക്ക് ധാരാളം പണം വര്‍ക്കിന്റെ ഭാഗമായി അയാള്‍ തരാനുണ്ടായിരുന്നു. എങ്കിലും ഇടയ്ക്കിടെ അയാള്‍ കുറേശ്ശെ പണം വീതം തരാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. മാസികയുടെ അവസ്ഥ നന്നായി അറിയാവുന്നത് കൊണ്ട് ഞാന്‍ അധികം സമ്മര്‍ദം ചെലുത്തിയില്ല.

കഥകള്‍ക്ക് വേണ്ടി ചിത്രങ്ങള്‍ വരച്ചു നല്‍കിയിരുന്നത് അനിത എന്ന പെണ്‍കുട്ടിയായിരുന്നു. anitha7001@gmail.com എന്ന മെയില്‍ ഐ.ഡി-യില്‍ നിന്നാണ് ചിത്രങ്ങള്‍ വന്നുകൊണ്ടിരുന്നത്. അതാരാണ് എന്ന് സക്കറിയ എന്നോട് പറഞ്ഞില്ല. വ്യക്തിപരമായ കാര്യങ്ങള്‍ അയാള്‍ എന്നോട് പറഞ്ഞില്ല. അത് അയാള്‍ക്ക് പറയാനുള്ള മടി കൊണ്ടാണ് എന്നൊന്നും ഞാന്‍ കരുതിയില്ല. മിക്കവാറും അതിനുള്ള സമയം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.

കഥകള്‍ക്കും കവിതകള്‍ക്കും വേണ്ടിയുള്ള ചിത്രങ്ങള്‍ എനിക്ക് തീരെ ഇഷ്ടമായില്ല. എങ്കിലും ഞാന്‍ അയാളോട് അത് പറഞ്ഞില്ല. ഉദാഹരണത്തിന്, കപ്പല്‍ മുങ്ങുമ്പോള്‍ എന്നാ കവിതക്ക്, കപ്പലിന്റെ ആകൃതിയിലുള്ള ഒരു രക്തത്തുള്ളി, കണ്ണില്‍ നിന്ന് ഒഴുകിയിറങ്ങുന്നതായിരുന്നു. അത്രക്കും തീവ്രമായ വിഷാദം ആ കവിതക്ക് നല്‍കണോ എന്ന് ഞാന്‍ ചിന്തിച്ചു. എങ്കിലും അയാളോട് അതെക്കുറിച്ച് ഞാന്‍ അഭിപ്രായം പറഞ്ഞില്ല. ഇത് പോലെ തന്നെയായിരുന്നു ബാക്കി ചിത്രങ്ങളും. വളരെ മൂര്‍ച്ചയുള്ള ഒരു കത്തികൊണ്ട് ഹൃദയം മുറിക്കുന്ന തോന്നല്‍ നല്‍കുന്ന ചിത്രങ്ങള്‍. ആ ചിത്രങ്ങള്‍ മോശമാണ് എന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ അത്തരം ചിത്രങ്ങള്‍ നല്‍കുന്ന പോറലുകള്‍ താങ്ങാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. പക്ഷേ സക്കറിയയും അയാളുടെ വായനക്കാരും അത്തരം ചിത്രങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നു എന്ന് വേണം കരുതാന്‍.

ഒരിക്കല്‍ എനിക്ക് പൈസക്ക് പെട്ടെന്ന് ഒരാവശ്യം വന്നു.ജോലി ചെയ്ത വകയില്‍ എനിക്ക് കുറച്ചു പണം തരാനുണ്ടായിരുന്നു.ഞാന്‍ അയാളോട് സൂചിപ്പിച്ചു. ഞങ്ങള്‍ അപ്പോള്‍, മെയിലില്‍ വന്ന കവിതകള്‍ പരിശോധിക്കുകയായിരുന്നു. വരികള്‍ മുറിച്ചെഴുതിയ ഒരു ആധുനിക കവിതയായിരുന്നു ഞങ്ങള്‍ വായിച്ചു കൊണ്ടിരുന്നത്. അര്‍ത്ഥരഹിതമായ, യാതൊരു വായനാസുഖവുമില്ലാത്ത കവിത.

“ഇത് സമ്പന്നയായ ഒരു സ്ത്രീ അയച്ചു തന്ന കവിതയാണ്.പ്രസിദ്ധികരിച്ചാല്‍ അവര്‍ അയ്യായിരം രൂപ തരാമെന്നു എന്നെ വിളിച്ച പറഞ്ഞു.” സക്കറിയ പറഞ്ഞു.

“വേണ്ട.”എന്റെ ശബ്ദത്തിന് നല്ല ഉറപ്പുണ്ടായിരുന്നു.

അക്ഷരവെളിച്ചത്തിന്റെ ഒഫീഷ്യല്‍ മെയില്‍ ഐ.ഡിയും പാസ് വേര്‍ഡും അയാള്‍ എനിക്ക് തന്നിരുന്നു. മാസിക സാമ്പത്തികമായി കൂപ്പ് കൂത്തുകയാണ് എന്ന് ചില മെയിലുകളില്‍ നിന്ന് എനിക്ക് മനസ്സിലായി. കൊച്ചിയിലും, തിരുവനന്തപുരത്തുമുള്ള ബസ് സ്റ്റേഷന്‍, റെയില്‍വെ സ്റ്റേഷന്‍ തുടങിയ സ്ഥലങ്ങളിലെ ബുക്ക് ഷോപ്പുകളിലും, അടുത്തുള്ള കുറച്ചു ജില്ലകളിലെ നഗരങ്ങളിലെക്കുമാണ് അക്ഷരവെളിച്ചം എത്തിച്ചിരുന്നത്.ഒരു മാര്‍ക്കറ്റിംഗ് ഏജന്റിനെ വച്ചു മാസിക വില്‍ക്കുവാനുള്ള സ്ഥിതി സക്കറിയക്ക് ഉണ്ടായിരുന്നില്ല. ഇന്റര്‍നെറ്റ് വന്നതോടെ മാസിക വായനക്കാര്‍ കുറഞ്ഞു. മുന്‍നിര മാസികക്കാര്‍ക്ക് ചാനലുകളും പത്രങ്ങളും മറ്റുമുള്ളതിനാല്‍ മാസിക വില്‍പ്പന എളുപ്പമായിരുന്നു. ഇത് കൂടാതെ ഇടയ്ക്കിടെ ഉണ്ടാകുന്ന വിവാദങ്ങള്‍, വലിയ എഴുത്തുകാരുടെ മുഖചിത്രങ്ങള്‍ തുടങ്ങിയവ വച്ച് വില്‍പ്പന കൂട്ടുന്ന തന്ത്രങ്ങളും. എന്നാല്‍ കാറ്റിലാടുന്ന ചുള്ളിക്കമ്പ് പോലെ ദുര്‍ബലനായ സക്കറിയ എന്ന ദുര്‍ബലാനായ മനുഷ്യനോടു അത്തരം കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ ചീകിയോതുക്കാത്ത മുടിയില്‍ തലോടിക്കൊണ്ട് നല്‍കുന്ന പുഞ്ചിരി മാത്രമായിരുന്നു മറുപടി.

അയാള്‍ ആ മാസിക തുടങ്ങിയിട്ട് ഏകദശം പത്തുവര്‍ഷമാകാറായിരുന്നു. അക്ഷരവെളിച്ചത്തിലൂടെ പല എഴുത്തുകാര്‍ക്കും നല്ല തുടക്കം കിട്ടി. പുതിയ ആളുകളെ അയാള്‍ നന്നായി സഹായിച്ചു. പക്ഷേ അവരെല്ലാം സാഹിത്യത്തിന്റെ മുന്‍നിര സ്ഥാനത്തെത്തിയതിന് ശേഷം ആ ചെറിയ മാസികയെ സൌകര്യപൂര്‍വം മറന്നു. അവരോട് കഥകള്‍ ആവശ്യപ്പെട്ടു അയാള്‍ മെയിലുകള്‍ അയച്ചു. പക്ഷേ അവര്‍ക്ക് മുന്‍നിര മാസികകളില്‍ തങ്ങളുടെ എഴുത്തുവരാനായിരുനു താല്പര്യം.

“അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല.ഇപ്പോള്‍ വളരെ കുറച്ചു പേരിലെക്കെ അക്ഷരവെളിച്ചം എത്തുന്നുള്ളൂ. അവരുടെ കഥകള്‍ ഒരുപാട് പേര് വായിക്കേണ്ടതാണ്.”

പരസ്യങ്ങള്‍ നല്‍കിയ കടക്കാരും കമ്പനിക്കാരും അയാള്‍ക്ക് ധാരാളം പണം നല്കാനുണ്ടായിരുന്നു. മാസികക്ക് നല്ല പ്രചാരമുണ്ടായിരുന്ന കാലത്ത് നല്‍കിയ പരസ്യങ്ങളില്‍നിന്നും ലഭിക്കാനുള്ള പണമായിരുന്നു മുഖ്യം. ഇത്തിരി ഹാര്‍ഷായി മെയില്‍ അയക്കാന്‍ കഴിയുമോ എന്ന് ഒരുദിവസം അയാള്‍ മടിച്ചു മടിച്ചു എന്നോട് ചോദിച്ചു. ഞാന്‍ ഒരു മടിയും കൂടാതെ കഠിന പദപ്രയോഗങ്ങള്‍ ചേര്‍ത്ത് ഒരു കത്ത് തയ്യാറാക്കി. അയാള്‍ അത് അയക്കുന്നതിനു മുന്‍പ് വായിച്ചു നോക്കി. മെല്ലെ മെല്ലെ അത് എഡിറ്റ് ചെയ്തു ഒരു സാധാരണ അഭ്യര്‍ത്ഥനായി അതിനെ ചുരുക്കി. അയാള്‍ക്ക് ഒരിക്കലും മാറാന്‍ കഴിയില്ല എന്നെനിക്ക് തോന്നി. മെയില്‍ അയച്ചതിന് ശേഷം ഞങള്‍ ഒരു ചായകുടിക്കാനായി പോയി. അയാളുടെ നായ ഞങ്ങളുടെ പിറകെ ചായക്കടയുടെ മുന്‍പിലേക്ക് വന്നു. അതിനു വിശക്കുന്നുണ്ടെന്ന് എനിക്ക് തോന്നി. വാലാട്ടി നിന്നതല്ലാതെ അത് കുരച്ചില്ല. ഞാന്‍ ഒരു ബന്നിന്റെ കഷണം അതിനിട്ടു കൊടുത്തു. അതെന്നെ ഒരു നിമിഷം നന്ദിയോടെ നോക്കിയതിനു ശേഷം അത് ശാന്തമായി ഭക്ഷിച്ചു.

ആ മാസിക സക്കറിയുടെ ജീവശ്വാസമായിരുന്നു. അയാളുടെ വീടും സ്ഥലവും പണയത്തിലായി. ബ്ലേഡുകാര്‍ അയാളെത്തിരഞ്ഞു എന്റെ കടയില്‍ വന്നപ്പോഴാണ് അയാളുടെ യഥാര്‍ത്ഥസ്ഥിതി എനിക്ക് മനസ്സിലായത്‌.

കഴിഞ്ഞ മാസം ഇരുപതാം തിയതി അയാള്‍ കടയില്‍ വന്നില്ല.അതിന്റെ പിറ്റേ ദിവസവും.തന്റെ വാടക മുറിയില്‍ വിഷം കഴിച്ചു ജീവനൊടുക്കിയപ്പോഴും അയാളുടെ കയ്യില്‍ അക്ഷരവെളിച്ചത്തിന്റെ ചുരുട്ടിയ അവസാനലക്കമുണ്ടായിരുന്നു.

അയാള്‍ മരിച്ചതിനുശേഷം ആ നായ എല്ലാ ദിവസവും രാവിലെ എന്റെ കടയുടെ അരികിലെ ആ അരയാല്‍ചുവട്ടില്‍ വന്നു കിടന്നു.ദു:ഖകരമായ ഒരു കാഴ്ചയായിരുന്നു അത്. ഇടക്ക് അതിനു ഞാന്‍ ചായക്കടയില്‍ നിന്ന് ഭക്ഷണം വാങ്ങിയിട്ട് കൊടുത്തു. കുറച്ചുമാസങ്ങള്‍ കഴിഞ്ഞു അതെങ്ങോട്ടോ പോയി.

ഒരു ദിവസം സക്കറിയയെപോലെ വിഷാദം തിങ്ങിയ മുഖഭാവമുള്ള ഒരു യുവതി എന്റെ കടയില്‍ വന്നു.

“അക്ഷരവെളിച്ചം നിലച്ചത് ഞാന്‍ അറിഞ്ഞില്ല.അല്പം താമസിച്ചായിരുന്നെങ്കിലും ആശുപത്രിയില്‍ അത് സ്ഥിരമായി കിട്ടുമായിരുന്നു.അവിടെനിന്നു പോന്നതിനു ശേഷം…” അവര്‍ ഇടക്ക് നിര്‍ത്തി.
“അയാള്‍ക്ക് ഒരു നായയുണ്ടായിരുന്നു.” അവള്‍ പറഞ്ഞു.

“അതിടക്ക് വരുമായിരുന്നു.ഇപ്പൊ കാണുന്നില്ല.” ഞാന്‍ പറഞ്ഞു.

ഒന്ന് ദീര്‍ഘമായി നിശ്വസിച്ചശേഷം അവള്‍ തിരിഞ്ഞു നടന്നു. അവര്‍ പേര് പറഞ്ഞില്ല.എങ്കിലും അത് അനിതയായിരുന്നുവെന്ന് എനിക്ക് തോന്നി.

ഇന്നലെ രാത്രി നഗരത്തിലെ ഇടവഴിയില്‍കൂടി നടക്കുമ്പോള്‍, തവിട്ടു നിറമുള്ള ഒരു നായ ഓടിപ്പോകുന്നതു കണ്ടു. എല്ലും തോലുമായ ഒരു നായ വൈദ്യത കാലുകള്‍ക്കിടയിലൂടെ ഇരുട്ടില്‍നിന്ന് ഇരുട്ടിലേക്ക് ഓടിമറയുന്നു.സക്കറിയയുടെ നായ. അത് സക്കറിയയുടെ നായ തന്നെയായിരുന്നോ? എനിക്കുറപ്പില്ല.

മൊബൈൽ: 96059 27001