കന്യാകുമാരി എക്‌സ്‌പ്രസ്

രൺജിത് രഘുപതി

സ്വന്തം ശരീരത്തിലെ അവശതകളെ അവഗണിച്ച് പിറ്റേന്ന് വെളുപ്പിനുള്ള കന്യാകുമാരി എക്‌സ്‌പ്രസ്സിന്റെ സമയത്തിനനുസരിച്ച് ഗോവിന്ദൻ തന്റെ പഴയ ടൈംപീസിൽ അലാറം ക്രമപ്പെടുത്തിയപ്പോൾ സരസ്വതിയമ്മ നിസ്സഹായതയോടെ മകൻ ഗിരീഷിനെ നോക്കി. അയാൾ ഒന്നും മിണ്ടാതെ മുറിയിൽ നിന്നും പുറത്തേക്ക് പോയപ്പോൾ എന്ത് പറഞ്ഞാണ് തന്റെ ഭർത്താവിനെ അനുനയിപ്പിക്കുക എന്ന ചോദ്യം സ്വയമാവർത്തിച്ചു കൊണ്ട് സരസ്വതിയമ്മ ഗോവിന്ദന്റെ കിടക്കയിൽ ചെന്നിരുന്നു.

ചെറുപ്പക്കാരനായ മകന്റെ മരണം ഏറ്റവുമധികം ക്ഷതങ്ങലേൽപ്പിച്ചത് അറുപത്തിരണ്ടുകാരൻ ഗോവിന്ദനെയായിരുന്നു. ഇത്രയും പ്രായമായിട്ടും ഒരു രോഗത്തിനും തന്റെ ഏഴയലത്തെത്താൻ കഴിഞ്ഞിട്ടില്ലെന്ന് വീമ്പ് പറഞ്ഞിരുന്ന അയാൾ പെട്ടെന്ന് വാടിത്തളർന്ന ഒരു വൃക്ഷത്തെപ്പോലെ നിലം പൊത്തി. വീടിനു പുറത്തിറങ്ങാതെയും ആരെയും കാണാൻ കൂട്ടാക്കാതെയും കിടക്കയിൽ തന്നെ കഴിച്ചുകൂട്ടിയ അയാളിലേക്ക് വാർദ്ധക്യത്തിന്റെ ദൈന്യതകളോരോന്നായി പടർന്നു കയറാൻ തുടങ്ങി.

പിറ്റേന്ന് രാവിലെയുള്ള തീവണ്ടിയിൽ അകാല മരണം പൂകിയ തന്റെ മൂത്ത പുത്രന്റെ ചിതാഭസ്മമൊഴുക്കാൻ കന്യാകുമാരിയിലേക്ക് യാത്ര തിരിക്കുന്നവരോടൊപ്പം പുറപ്പെടാൻ ഒരുങ്ങുകയാണ് ഗോവിന്ദൻ. എന്ത് പറഞ്ഞാണ് ഒരു നീണ്ട യാത്രയ്ക്കുതകാത്ത ശരീരമുള്ള അയാളെ പിന്തിരിക്കുക?

സരസ്വതിയമ്മ സന്ദേഹഭാവത്തിൽ മുറിയിലേക്ക് കടന്നു വന്ന മകളെ നോക്കി. അമ്മയുടെ നിസഹായത മനസിലാക്കി ശകാരത്തിന്റെ ധ്വനി കലർത്തി ഗിരിജ അച്ഛനോട് സംസാരിച്ചു:

‘അച്ഛൻ നാളെ വരണമെന്നില്ല. ഞാനും വിമലയുമുണ്ടല്ലോ. ഗിരീഷുമുണ്ട്. പിന്നെന്തിനാ വയ്യാത്ത അച്ഛൻ… വണ്ടീല് ചെലപ്പോ സീറ്റൊന്നുമുണ്ടാവില്ല. അത്രയും ദൂരം അച്ഛന് നിന്ന് കൊണ്ട് യാത്ര ചെയ്യാൻ പറ്റ്വോ?’

ഗോവിന്ദൻ മറുപടിയൊന്നും പറഞ്ഞില്ല.

മുഖമൊന്നുയർത്തി കണ്ണടയുടെ ലെൻസിലൂടെ ഗിരിജയെ ഒന്ന് നോക്കിയ ശേഷം കിടക്കയിലേക്ക് ചരിഞ്ഞു. തന്റെ സ്വരം ഉദ്ദേശിച്ചതിനേക്കാൾ ഉയർന്നു പോയെന്ന് തിരിച്ചറിഞ്ഞ ഗിരിജ ആ നോട്ടത്തിലെ ദയനീയത കാണാത്ത ഭാവത്തിൽ തിടുക്കപ്പെട്ട് അടുക്കളയിലേക്ക് നടന്നു. പുറം തിരിഞ്ഞു കിടക്കുന്ന ഭർത്താവിനെയും ചുവരിൽ തൂക്കിയിട്ടിരിക്കുന്ന മകൻ ശബരീനാഥിന്റെ ചിത്രത്തെയും മാറി മാറി നോക്കിയപ്പോൾ സാരസ്വതിയമ്മയുടെ കണ്ണുകൾ നിറഞ്ഞു.

പിറ്റേന്ന് ഗോവിന്ദൻ നേരത്തെയുണർന്ന് യാത്രയ്ക്കൊരുങ്ങുന്ന ഇളയ മകൻ ഗിരീഷിന്റെ കയ്യിൽ ശബരീനാഥിന്റെ ചിതാഭസ്മം സൂക്ഷിച്ചിരിക്കുന്ന ചെറിയ മൺകലം ഏൽപ്പിച്ചു. യാത്ര ചോദിക്കാനെത്തിയ വിമലയോടും ഗിരിജയോടും അവളുടെ കുട്ടികളോടും ഒന്നും മിണ്ടാതെ, ഒപ്പം കൂട്ടാത്തതിന്റെ പരിഭവത്തോടെ അയാൾ മുറിയിലേക്ക് പോയി.

കൃത്യ സമയത്തു തന്നെ എത്തിച്ചേർന്ന തീവണ്ടിയിൽക്കയറി പൊതികളിലായി കൊണ്ട് വന്ന പ്രഭാതഭക്ഷണം എല്ലാവരും കഴിച്ചു തുടങ്ങി. ആറ് വയസുള്ള ഇരട്ടക്കുട്ടികളോരോന്നിനെ മടിയിലിരുത്തി അവരുടെ കൊഞ്ചലുകൾക്ക് മറുപടി കൊടുത്തുകൊണ്ട് ഭക്ഷണം പങ്കിടുന്ന തിരക്കിലാണ് ഗിരിജയും വിമലയും. ഗിരീഷിനെന്തോ അവരുടെ സംഭാഷണം അരോചകമായിത്തോന്നി. പൊതിയിലെ ഭക്ഷണത്തിന് രുചിയില്ലാത്തത് പോലെ തോന്നിയത് കൊണ്ട് പെട്ടെന്നത് കഴിച്ചെന്ന് വരുത്തി അയാൾ കംപാർട് മെന്റിന്റെ വാതിലിനരികിലെത്തി ഒരു സിഗരറ്റ് കൊളുത്തി. ബാഗിനുള്ളിലെ ജ്യേഷ്ഠൻറെ ചിതാഭസ്മവും പേറിയുള്ള ആ യാത്ര എന്ത് കൊണ്ടോ അയാളുടെ മനസിന്റെ ഭാരം കൂട്ടാൻ തുടങ്ങിയിരുന്നു.

ഒരു വർഷം മുൻപ് മരണപ്പെടുമ്പോൾ ശബരീനാഥിന് പ്രായം മുപ്പത്തിരണ്ട്. ഒരു പത്രപ്രവർത്തകനായിരുന്ന അയാൾ ഒരു ഫീച്ചറെഴുതാൻ വേണ്ടി സത്യനെന്ന ഫോട്ടോഗ്രാഫറോടൊപ്പം പാലക്കാട് പോയതാണ്. മടക്കയാത്രയിൽ വെച്ച് തിരോഭവിച്ച ശബരീനാഥിന്റെ ബാഗുമായി സത്യൻ വീട്ടിലെത്തി.

രണ്ടു ദിവസത്തെ അന്വേഷണങ്ങൾക്കൊടുവിൽ എറണാകുളത്തിനടുത്ത് റെയിൽപ്പാലത്തിനരികിൽ നിന്ന് കിട്ടിയ മൃതദേഹം ഗോവിന്ദനും ഗിരീഷും പോയിക്കണ്ട് തിരിച്ചറിഞ്ഞു. തീവണ്ടിയുടെ വാതിലിനരികിൽ നിൽക്കുമ്പോൾ കാൽ വഴുതി വീണതാവാം എന്ന പോലീസുകാരുടെ നിഗമനം ശരി വെച്ച് അന്ത്യകർമങ്ങൾ നടത്തി.

ശബരീനാഥിന്റെ ആകസ്മിക വിയോഗം എല്ലാവരിലും മാറ്റങ്ങൾ വിതച്ചിരുന്നു. ചിതയെരിഞ്ഞടങ്ങിയ ശേഷം വീട്ടിൽ തിരിച്ചെത്തുമ്പോൾ എല്ലാവരും തനിക്കപരിചിതരായി ഗിരീഷിന് തോന്നി. അച്ഛന്റെ പഴയ ചാരുകസേരയിൽ ഇപ്പോൾ ഇരിക്കുന്നത് അവശനായ ഒരു വൃദ്ധനാണ്. അതിഥികളോട് ‘എന്റെ മോൻ മരിച്ചതറിഞ്ഞോ?’ എന്ന് നിർവികാരയായി ആരായുന്ന ഒരു മതിഭ്രമം ബാധിച്ച വൃദ്ധയാണ് തന്റെ അമ്മയുടെ സ്ഥാനം കൈയേറിയത്.

വിമലച്ചേട്ടത്തി ബോധത്തിന്റെയും അബോധത്തിന്റെയും നടുവിലെ ഏതോ ഒരജ്ഞാതലോകത്തിൽ അകപ്പെട്ട് പോയിരുന്നു. ജ്യേഷ്ടന്റെയും അവരുടെയും പ്രണയ വിവാഹം കഴിഞ്ഞിട്ട് കഷ്ടിച്ച് ഒരു കൊല്ലം തികയുന്നതേയുണ്ടായിരുന്നുള്ളു.

ഗിരീഷ് കണ്ണാടിയിൽ തന്റെ പ്രതിച്ഛായ നോക്കി. തനിക്കെന്ത് മാറ്റമാണ് ജ്യേഷഠന്റെ വേർപാട് കൈമാറിയത്? മനസിന് ഇന്നോളം തിരിച്ചറിയാൻ കഴിയാത്ത എന്തെങ്കിലും മാറ്റങ്ങൾ കാണുമായിരിക്കും.

തീവണ്ടി കാലത്തിനെപ്പോലെ അതിവേഗം കുതിക്കുകയാണ്. പുറംകാഴ്ചകളെല്ലാം അവ്യക്തമായി അതിവേഗം പിന്നിലേക്ക് പായുന്നു. അന്നൊരു രാത്രിയായിരുന്നു. പുറത്ത് ചാറ്റൽ മഴയുണ്ടായിരുന്നു. ചിന്തകളിൽ മുഴുകി ശബരിനാഥ്, തന്റെ അന്ത്യനിമിഷങ്ങൾ അരികിലെത്തിയെന്നറിയാതെ ഇവിടെ ഇതുപോലെയൊരു ബോഗിയുടെ വാതിലിനരികിൽ ഇങ്ങനെ നിൽക്കുകയായിരുന്നിരിക്കാം.

‘എടാ ഗിരി…’

പിന്നിൽ നിന്ന് ചേച്ചിയാണ്. ഗിരിജച്ചേച്ചിയുടെ സ്വരത്തിൽ ആകാംക്ഷ കലർന്നിരിക്കുന്നു.
ഗിരീഷ് സീറ്റിലേക്ക് മടങ്ങാൻ തുടങ്ങുമ്പോൾ ഒരു യാത്രക്കാരൻ അരികിലെത്തി തീപ്പെട്ടി ചോദിച്ചു. ഗിരീഷ് നൽകിയ തീപ്പെട്ടിയിൽ നിന്നൊരു കൊള്ളിയുരസി സിഗരറ്റ് കത്തിച്ച് അയാൾ വാതിലിനരികിൽ നിന്നു.

സീറ്റിൽ തിരികെയെത്തിയപ്പോൾ ഗിരീഷ് പ്രതീക്ഷിച്ചത് പോലെ ഗിരിജച്ചേച്ചിയുടെ ശകാരവർഷമായിരുന്നു. വിമല അർഥം വെച്ച് അയാളെ നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.
വിമല ഇപ്പോൾ അങ്ങനെയാണ്. അഭിപ്രായങ്ങളൊന്നും പറയാറില്ല. ശബരിനാഥിന്റെ വിടവാങ്ങലിന് ശേഷം അവൾ സ്വയം പണിതെടുത്ത ഒരു മൗനകവചത്തിനുള്ളിൽ ജീവിച്ചു. കുലുങ്ങിചിരിച്ചു കൊണ്ട് സ്ഥാനത്തും അസ്ഥാനത്തുമൊക്കെ വിചാരങ്ങൾ പങ്ക് വെച്ചിരുന്ന പഴയ വിമല ഓർമ മാത്രമായി. ഇരട്ടക്കുരുന്നുകൾ എന്തോ ഗൗരവസംഭാഷണത്തിലേർപ്പിട്ടിരിക്കുകയാണ്. ‘നമ്മളെങ്ങോട്ടാ പോണതെന്നറിയാമോ?’

അവരുടെ ശ്രദ്ധ തിരിച്ചു കൊണ്ട് ഗിരീഷ് കൗതുകത്തോടെ ചോദിച്ചു.

‘ഉം…അറിയാം’ അഞ്ജു പറഞ്ഞു.

‘കന്യാകുമാരിയിലേക്ക് ‘ അനു കൂട്ടിച്ചേർത്തു.

‘എന്തിനാ പോണത്?’
മാമന്റെ ചിതാഭസ്മം കടലിലൊഴുക്കാൻ’ ഇരുവരും ഒരേ സ്വരത്തിൽപ്പറഞ്ഞു. ഗിരിഷത് പ്രതീക്ഷിച്ചിരുന്നില്ല, ഗിരിജച്ചേച്ചി മക്കളോട് മറ്റെന്തെങ്കിലും പറഞ്ഞിരിക്കുമെന്നാണ് അയാൾ കരുതിയത്. ഇരട്ടകളുടെ മറുപടി പെട്ടെന്നൊരു നിമിഷത്തേക്ക് എല്ലാവരെയും നിശ്ശബ്ദരാക്കി. കുറച്ചു നേരത്തേക്ക് ആരും പരസ്പരം മുഖത്ത് നോക്കിയില്ല.

ഗിരീഷ് സമയം നോക്കി. ഒന്നര മണിക്കൂറോളമുണ്ട്. വിരസത തോന്നിയത് കൊണ്ട് അയാൾ വീണ്ടും കുട്ടികളെ നോക്കിയിരുന്നു. അനുവും അഞ്ജുവും ആരെയോ ചൂണ്ടിക്കാട്ടിക്കൊണ്ട് എന്തോ രഹസ്യ സംവാദത്തിലാണ്. അവർ ചൂണ്ടിക്കാട്ടുന്ന സ്ഥലത്തേക്ക് ഗിരീഷ് നോക്കി. തന്റെ കയ്യിൽ നിന്ന് തീപ്പെട്ടി വാങ്ങിയ താടിക്കാരനെ നോക്കിയാണ് ഇരട്ടകളുടെ രഹസ്യസംഭാഷണം. ഗിരീഷ് പുരികം ചുളിച്ച് കുട്ടികളോട് കാരണമാരാഞ്ഞു. ആദ്യമൊന്ന് മടിച്ചുവെങ്കിലും അനു ഒരു സ്വകാര്യമെന്നോണം ഗിരീഷിനെ അരികിൽ വിളിച്ച് ചെവിയിൽ മന്ത്രിച്ചു: ‘ ദോ ആ ആളിനെക്കാണാൻ മരിച്ചു പോയ ശബരിമാമനെപ്പോലെയില്ലേ?’

ഗിരീഷ് ആ താടിക്കാരനെ ശ്രദ്ധിച്ചു. ഇരു നിറം. വലിയ കണ്ണുകൾ, ഉയർന്ന നെറ്റിത്തടം, ഇടതൂർന്ന താടി രോമങ്ങൾ. കുട്ടികളുടെ കണ്ടെത്തൽ തെറ്റിയിട്ടില്ല.

ഗിരീഷ് എഴുന്നേറ്റ് അയാളുടെ അരികിൽ ചെന്ന് നിന്നു. മനസിലുടലെടുത്ത അമ്പരപ്പ് ഒളിക്കാൻ പാടുപെടുന്ന ഗിരീഷിനെ നോക്കി അയാൾ മന്ദഹസിച്ചു.

‘കന്യാകുമാരിയിലേക്കാണോ?’ ഗിരീഷ് യാന്ത്രികമായി ചോദിച്ചു.

‘അല്ല. നാഗർകോവിലിൽ ഇറങ്ങും’

‘ട്രിവാൻഡ്രത്താണോ താമസം?’

‘അതെ. സ്വദേശം കോട്ടയത്താണ്…എവിടെയാ?

‘ഞാൻ പേരൂർക്കടയിലാ താമസം’

‘ഓക്കേ ‘

ഗിരീഷ് സീറ്റിൽ തിരിച്ചെത്തിയപ്പോൾ കുട്ടികൾ തങ്ങളുടെ കണ്ടുപിടിത്തം ഗിരിജയെയും വിമലയെയും അറിയിച്ചു കഴിഞ്ഞിരുന്നു. വിമല അയാളെ ഒരു നോക്കേ നോക്കിയുള്ളൂ. പിന്നെ പുറം കാഴ്ചകളിലേക്ക് അലക്ഷ്യമായി നോക്കിയിരുന്നു. ഗിരിജ ഒരു കൗതുക വസ്തുവിനെയെന്ന പോലെ അയാളെത്തന്നെ നോക്കിയിരുന്നു.

‘ശരിക്കും ശബരിച്ചേട്ടൻ തന്നെ അല്ലെ?’ ഗിരിജക്ക് ഉത്സാഹം അടക്കാൻ കഴിഞ്ഞില്ല.’ നീ അയാളോട് മിണ്ടിയോ? എന്താ പുള്ളീടെ പേര്?’

‘ഞാൻ ചോദിച്ചില്ല’

‘നീയൊന്ന് പോയി ചോദിക്ക്. എവിടെയാ വീടെന്ന് ചോദിക്ക്?’

ഗിരീഷിന്റെ കൈ പിടിച്ച് വലിച്ച് ഗിരിജ ശഠിച്ചപ്പോൾ കുട്ടികൾക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല.

‘ചേച്ചിയൊന്ന് മിണ്ടാതിരിക്ക്വോ? അയാള് ശ്രദ്ധിക്കും!’

‘പോടാ എണീറ്റ്!’

ഗിരീഷിന്റെ ആശങ്ക പോലെ തന്നെ സംഭവിച്ചു. ആ അപരിചിതന് അവരുടെ പെരുമാറ്റത്തിൽ എന്തോ പന്തികേട് തോന്നി. അവരുടെ സംഭാഷണങ്ങളിൽ താൻ കൂടി പങ്കാളിയാവുകയാണോ എന്നയാൾ സ്വാഭാവികമായും ശങ്കിച്ചു കൊണ്ട് അവർക്കരികിലുള്ള സീറ്റിൽ അയാൾ മന്ദഹസിച്ചു കൊണ്ട് വന്നിരുന്നു.

‘എന്നെകുറിച്ചാണോ നിങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുന്നത്?’ എന്ന ചോദ്യഭാവം അയാളുടെ മുഖത്തു നിന്ന് വായിച്ചെടുത്ത ജാള്യത മറച്ചു കൊണ്ട് ഗിരിജ പറഞ്ഞു:

‘എന്റെ പേര് ഗിരിജ. ഇത് എന്റെ അനിയൻ ഗിരീഷ്. നമുക്കൊരു ചേട്ടനുണ്ടായിരുന്നു. ശബരിനാഥ്. ഒരു കൊല്ലം മുൻപ് മരിച്ചു പോയി.’

വിവരണം ഇനിയും തുടരാനാണ് ഗിരിജയുടെ ഭാവമെന്ന് മനസിലാക്കിയ വിമല എഴുന്നേറ്റ് ശൗചാലയത്തിലേക്ക് പോയി.

‘അത് വിമല. മരിച്ചു പോയ ചേട്ടന്റെ ഭാര്യയാണ്. നിങ്ങളെ കാണാൻ ശരിക്കും ശബരിച്ചേട്ടനെപ്പോലെ തന്നെയുണ്ട്’

അപ്രതീക്ഷിതമായി ഒരു കഥയിലെ കഥാപാത്രമായി മാറിയ അങ്കലാപ്പോടെ അയാൾ ഗിരീഷിനെയും ഗിരിജയെയും നോക്കി.ഗിരിജ വിവരണം തുടരാനുള്ള ഭാവമില്ലെന്നു തോന്നിയിട്ടാവണം അയാൾ സംസാരിച്ചു തുടങ്ങി:

‘ഞാൻ ജോൺസൺ. കോട്ടയത്താണ് വീട്. ട്രിവാൻഡ്രത്ത് സ്റ്റേറ്റ് ബാങ്കിലാണ് ജോലി.’

ശബരീനാഥിനെക്കുറിച്ച് കൂടുതലറിയാനുള്ള അയാളുടെ ജിജ്ഞാസ തിരിച്ചറിഞ്ഞ് ഗിരീഷ് പറഞ്ഞു:

‘ചേട്ടൻ ട്രെയിനിൽ നിന്ന് വീണാ മരിച്ചത്. പാലക്കാട് നിന്നും വരുന്ന വഴി വാതിലിനരികിൽ നിൽക്കുമ്പോൾ കാൽ വഴുതി വീണു. എറണാകുളത്ത് വെച്ച്…..ചേട്ടന്റെ ചിതാഭസ്മമൊഴുക്കാനാ നമ്മളിപ്പോ കന്യാകുമാരിയിലേക്ക് പോകുന്നത്.

എല്ലാവരും നിശ്ശബ്ദരായപ്പോൾ വിമല തിരികെ സീറ്റിൽ വന്നിരുന്നു. മരവിച്ച മുഖവുമായി പുറത്തെവിടേക്കോ അലക്ഷ്യമായി കണ്ണ് നട്ടിരിക്കുന്ന അവളെ ജോൺസൺ അൽപ്പനേരം നോക്കിയിരുന്നു. കയ്യിലുണ്ടായിരുന്ന പത്രം നിവർത്തി ഏതോ വാർത്ത തിരയുന്നത് പോലെ പിന്നീട് ഭാവിച്ചെങ്കിലും അയാളുടെ മനസ്സിൽ ചിന്തകൾ കലങ്ങി മറിയുന്നതായി ഗിരീഷിന് തോന്നി. തീവണ്ടി നാഗർകോവിൽ സ്റ്റേഷനിൽ നിർത്താൻ വേണ്ടി വേഗത നിയന്ത്രിച്ചപ്പോൾ ഗിരീഷ് യാത്രാമൊഴി പറയുന്നത് പോലെ അയാളെ നോക്കി.

‘ബുദ്ധിമുട്ടാവില്ലെങ്കിൽ ഞാനും കൂടി നിങ്ങളോടൊപ്പം കന്യാകുമാരിയിൽ വന്നോട്ടെ?’

ജോൺസൺ തന്റെ സ്വരത്തിൽ സൗമ്യത വരുത്തി എല്ലാവരോടുമായി ചോദിച്ചപ്പോൾ ഗിരിജയും ഗിരീഷും സന്ദേഹഭാവത്തിൽ വിമലയെ നോക്കി. അപ്രതീക്ഷിതമായ ആ ചോദ്യത്തിന് എന്തുത്തരമാണ് നൽകേണ്ടതെന്നറിയാതെ അവൾ പരിഭ്രമിച്ചു.

‘അതിനെന്താ വന്നോട്ടെ….അല്ലേ വിമലേ ?’ എന്ന് ഗിരിജ ചോദിച്ചപ്പോൾ വിമല പ്രയാസപ്പെട്ട് പുഞ്ചിരിക്കാൻ ശ്രമിച്ചു.

തീവണ്ടി നാഗർകോവിലിൽ അൽപ്പനേരം നിർത്തിയ ശേഷം മുന്നോട്ട് ചലിച്ചു. മൂന്ന് സമുദ്രങ്ങളുടെ സംഗമസ്ഥാനമായ കന്യാകുമാരിയുടെ തിരമാലകളിൽ ഗിരീഷ് തന്റെ സഹോദരന്റെ ചിതാഭസ്മം നിമജ്ജനം ചെയ്തു. അതിന് സാക്ഷ്യം വഹിച്ച ശേഷം ജോൺസൺ യാത്ര പറഞ്ഞ് ഒരു ബസിൽകയറി നാഗർകോവിലിലേക്ക് പോയി.

മടക്കയാത്രയിൽ അയാളെക്കുറിച്ച് ആരും ഒന്നും പറഞ്ഞില്ല. തളർന്ന കുട്ടികളെ മടിയിൽക്കിടത്തി ഗിരിജയും വിമലയും എന്തോ ആലോചിച്ചു കൊണ്ടിരുന്നു. സഹോദരന്റെ അവസാനത്തെ ശേഷിപ്പും നഷ്ടപ്പെടുത്തിയത് കൊണ്ടോ ജോൺസന്റെ അഭാവം കൊണ്ടോ ഗിരീഷിന് എന്തോ ഒരുതരം ശൂന്യത അനുഭവപ്പെട്ടു.

ഒരാഴ്ചക്ക് ശേഷം, ഒരു ഞായറാഴ്ച, വരുന്നുണ്ടെന്ന് പറഞ്ഞുള്ള ജോൺസന്റെ ഫോൺ വരുന്നത് വരെ ഇനിയൊരിക്കലും അയാളെ കണ്ടുമുട്ടില്ലെന്ന് എന്തോ ഗിരീഷിന് തോന്നിയിരുന്നു. എത്രയോ യാത്രകളിൽ എത്രയോ യാത്രക്കാരെ പരിചയപ്പെട്ടിരിക്കുന്നു. ഒരു ഔപചാരികത പോലെ ഫോൺ നമ്പറും വിലാസവുമൊക്കെ കൈമാറുന്നതല്ലാതെ പിന്നീടൊരിക്കലും അവരെ കണ്ടുമുട്ടാറില്ല. പക്ഷേ, ജോൺസൺ ഒരു നിയോഗം പോലെ തന്റെ വീട്ടുപടിക്കലേക്ക് കടന്നു വന്നിരിക്കുന്നു.

തന്റെ നഷ്ടപ്പെട്ട മകനുമായുള്ള ജോൺസന്റെ രൂപസാദൃശ്യം സരസ്വതിയമ്മയുടെ കണ്ണുകൾ നനയിച്ചു. അയാളുടെ ഇടതൂർന്ന താടിരോമങ്ങളിൽ തടവിക്കൊണ്ട് അവർ അയാളെ കൊണ്ടുപോയി ചോറ് വിളമ്പിക്കൊടുത്ത് അയാളത് കഴിക്കുന്നത് നോക്കി നിന്നു. ഗോവിന്ദൻ തന്റെ മൂത്ത പുത്രനോട് കാട്ടാറുണ്ടായിരുന്ന കൃത്രിമ ഗൗരവം നടിച്ച് ജോൺസന്റെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. കോട്ടയത്തെ ചെറുവള്ളിയിലെ ഒരിടത്തരം കുടുംബമാണയാളുടേത്. ചെറുപ്പത്തിലേ അച്ഛൻ മരിച്ചുപോയ അയാൾക്ക് അമ്മ മാത്രമേയുള്ളൂ.

ഗിരിജ ആൽബമെടുത്ത് പഴയ ചിത്രങ്ങൾ കാട്ടിക്കൊടുത്തപ്പോൾ ജോൺസൺ തന്റെയും ശബരിനാഥിന്റെയും സമാനതകൾ തിരഞ്ഞു. വിമല മുറിയിൽ നിന്നും പുറത്തേക്ക് വന്നതേയില്ല. അത് ശ്രദ്ധിച്ച ജോൺസൺ മടങ്ങുന്നതിന് മുൻപ് അവളെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു.

അതിൽ അസ്വാഭാവികതയൊന്നും തോന്നാതിരുന്ന ഗിരിജ, വിമലയെ മുറിയിൽ നിന്നും നിർബന്ധപൂർവം അവളെ അയാളുടെ മുന്നിലെത്തിച്ചു. ഗിരീഷിനോട് ഉള്ളിലേക്ക് പോകാൻ കണ്ണുകൾ കൊണ്ട് സൂചന കൊടുത്ത ശേഷം ഗിരിജ കുട്ടികളെയും കൊണ്ട് മുറ്റത്തേക്കിറങ്ങി. കുട്ടികളോടൊപ്പം കളിക്കുന്നതിനിടയിൽ അവൾ വരാന്തയിൽ നിന്ന് സംസാരിക്കുന്ന ജോൺസണെയും വിമലയെയും ഇടക്കണ്ണിട്ട് ശ്രദ്ധിച്ചു. അയാൾ സ്വരം താഴ്ത്തി എന്തോ പറയുന്നു. വിമല മുഖം താഴ്ത്തി നിന്ന് ശ്രദ്ധിക്കുന്നതല്ലാതെ മറുപടിയൊന്നും പറയുന്നതായി ഗിരിജക്ക് തോന്നിയില്ല.

ജോൺസൺ പോയതിന് ശേഷം വിമല അസ്വസ്ഥയായിരുന്നു. അതിന്റെ കാരണം വെളിപ്പെടുത്താൻ ആദ്യം അവൾ തയാറായിരുന്നില്ലെങ്കിലും ഗിരിജയുടെ നിരന്തര ശാഠ്യത്തിനു മുന്നിൽ അവൾക്ക് കീഴടങ്ങേണ്ടി വന്നു. വിമലയെ വിവാഹം ചെയ്യാൻ താൽപര്യമുണ്ടെന്ന് ജോൺസൺ അവളോട് പറഞ്ഞുവത്രേ.

ഗിരിജക്ക് അമ്പരപ്പും ആഹ്ലാദവും പിന്നെ പറഞ്ഞറിയിക്കാൻ കഴിയാത്ത മറ്റെന്തൊക്കെയോ കൂടി തോന്നി.

‘അയാൾ പറഞ്ഞതിലെന്താണ് തെറ്റ്? ഇതൊരു നല്ല കാര്യമല്ലേ’

വിവരമറിഞ്ഞ സരസ്വതിയമ്മ പറഞ്ഞു.

‘എല്ലാം ഈശ്വര നിശ്ചയം’ എന്ന് ആത്മഗതം പോലെ ഗോവിന്ദൻ പറഞ്ഞു.

ശബരീനാഥിന്റെ വിയോഗമേൽപ്പിച്ച വ്യഥകളിൽ നിന്ന് ഗോവിന്ദനും സരസ്വതിയമ്മയും ഗിരിജയും ഒരു പക്ഷെ താനും ക്രമേണ വിമുക്തരാവാൻ തുടങ്ങുന്നുവെന്ന് ഗിരീഷിന് തോന്നി. പക്ഷെ ആ പട്ടികയിലേക്ക് വിമലയുടെ നാമം ചേർക്കാൻ അയാൾക്ക് തോന്നിയില്ല. കാരണം ജോൺസന്റെ യാദൃശ്ചികമായ കടന്നുവരവും അയാളുടെ ഇടപെടലുകളും വിമലയിൽ സാരമായ ഒരു സ്വാധീനവും ചെലുത്തിയില്ല എന്ന് ഗിരീഷ് തിരിച്ചറിഞ്ഞു. മാത്രവുമല്ല അവൾ മുമ്പത്തേതിലും കൂടുതൽ ഇപ്പോൾ അസ്വസ്ഥയാണോ എന്ന് പോലും അയാൾ ശങ്കിച്ചു.

ഒരു ദിവസം സരസ്വതിയമ്മയും ഗിരീഷും ചെറുവള്ളിയിലെ ജോൺസന്റെ വീട്ടിലെത്തി. അയാളുടെ വൃദ്ധയായ മാതാവ് ഏലിയാമ്മ മകനിൽ നിന്ന് കന്യാകുമാരി യാത്രയിലെ വിശേഷങ്ങൾ അറിഞ്ഞിരുന്നു. വിവാഹപ്രായം കഴിഞ്ഞിട്ടും അതിന് മുതിരാതിരുന്ന മകന്റെ ഇംഗിതത്തിൽ അവർക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളു. ജോൺസന്റെ കുടുംബ പശ്ചാത്തലത്തിൽ തൃപ്തി തോന്നിയ സരസ്വതിയമ്മ വീട്ടിലേക്കുള്ള യാത്രയിൽ ഉന്മേഷവതിയായിരുന്നു. വിമല ഭാഗ്യമുള്ളവളാണെന്ന് അവർ ഗിരീഷിനോട് ആവർത്തിച്ചു കൊണ്ടിരുന്നു.

വീട്ടിലെത്തി ഗോവിന്ദനുമായി ഭാവികാര്യങ്ങൾ സരസ്വതിയമ്മ ചർച്ച ചെയ്തു കൊണ്ടിരിക്കുമ്പോൾ ഗിരീഷ് വിമലയുടെ മുറിയിലേക്ക് പോയി. അവൾ മുറിയിലുണ്ടായിരുന്നില്ല. അവളുടെ കൈപ്പടയിൽ മേശപ്പുറത്ത് ഒരു കുറിപ്പിരിപ്പുണ്ട്. ഗിരിഷത് വായിച്ചു:

‘അച്ഛനും അമ്മയ്ക്കും,
ജോൺസൺ നല്ലവനാണ്. പക്ഷെ ശബരിയുമായി അയാൾക്ക് ഒരു സാദൃശ്യവുമുള്ളതായി എനിക്ക് തോന്നിയിട്ടില്ല. ശബരിയുടെ സ്ഥാനത്ത് അയാളെ കാണാൻ എനിക്ക് കഴിയില്ല. അമ്മയുമച്ഛനും എന്നോട് ക്ഷമിക്കണം. ഞാൻ പഴയ ഹോസ്റ്റലിലേക്ക് തിരിച്ചു പോകുന്നു. ഇടയ്ക്ക് വരാം.

എന്ന് വിമല.

മൊബൈൽ: 94203 24498
ചിത്രങ്ങൾ: രൺജിത് രഘുപതി