അനിൽ പനച്ചൂരാൻ: നനഞ്ഞു കുതിര്‍ന്ന ഒരു കവിതപോലെ

എം.ശബരീനാഥ്

(ആകസ്മികമായി ഇന്നലെ രാത്രി നമ്മോട് വിട പറഞ്ഞ അനിൽ പനച്ചൂരാനെക്കുറിച്ചുള്ള ഒരു ഓർമ്മക്കുറിപ്പ്.)

വെളുത്ത തുണിയില്‍ അങ്ങിങ്ങായി നീലപ്പുള്ളികളുള്ള ഷര്‍ട്ടും ചുവന്ന നിക്കറും നെറ്റിയില്‍ ഒരു ഭസ്മക്കുറിയുമായാണ് അനില്‍ ക്ലാസിലെത്തിയിരുന്നത്. വന്നു കഴിഞ്ഞാല്‍ അത്രയൊന്നും വൃത്തിയില്ലാത്ത തുണി സഞ്ചി തടി ബഞ്ചിന്റെ ഓരത്ത് തൂക്കി സ്ഥായിയായ അന്തര്‍ മുഖത്വത്തിലേക്ക് വിലയം പ്രാപിക്കും. കായംകുളം ഗവണ്മെന്റ് ബോയ്‌സ് ഹൈസ്‌കൂളില്‍ ഞങ്ങളൊന്നിച്ച് പഠിക്കുമ്പോള്‍ കവിതയുടെ മിന്നലാട്ടമൊന്നും അനിലില്‍ ത്രസിച്ചിരുന്നില്ല. മലയാളം അധ്യാപകന്‍ കാട്ടാക്കട സാറിന്റെ ചൂരല്‍ കഷായ പ്രയോഗം പേടിച്ച് എന്നെപ്പോലുള്ള ഭീരുക്കള്‍ ഉള്ളൂരിന്റെ കവിതകളൊക്കെ മന:പ്പാഠമാക്കിയ ഗമയില്‍ ക്ലാസിലെത്തുമായിരുന്നു. ഇത്തരം ഔപചാരിതകളൊക്കെ അര്‍ഹിക്കുന്ന ഭാവത്തോടെ തള്ളി അനില്‍ ക്ലാസ് മുറിയില്‍ ഏകാകിയായി തുടര്‍ന്നു.

എം. ശബരിനാഥ്
വിയര്‍പ്പില്‍ കുളിച്ച് നനഞ്ഞ കൈയ്യാണ് അനിലിന്റെ ട്രേഡ് മാര്‍ക്ക്. കൈകൊടുക്കുമ്പോള്‍ നനവിന്റെ സൗഹൃദം നമ്മുടെ കൈകളിലേക്ക് കിനിഞ്ഞിറഞ്ഞും. സ്‌കൂള്‍ വിട്ട് കഴിഞ്ഞാല്‍ വീട്ടിലേക്ക് ഞങ്ങള്‍ ഒരുമിച്ചാണ് നടക്കാറ്. ഇങ്ങനെയൊരു സൗഹൃദ സഞ്ചാരത്തിലാണ് അനില്‍ പോക്കറ്റില്‍ നിന്ന് നനഞ്ഞു കുതിര്‍ന്ന കടലാസില്‍ അലസമായി കുറിച്ച വരികള്‍ വായിച്ചു കേള്‍പ്പിച്ചത്. മഴയെക്കുറിച്ചായിരുന്നു എന്നു തോന്നുന്നു. ഒരു അഞ്ച് വരി കവിത. കവിതയുടെ ഉള്‍ക്കാമ്പ് കാണാനുള്ള ജ്ഞാനം ഇല്ലാത്തതുകൊണ്ടായിരിക്കാം അപ്പോള്‍ അനിലിന്റെ സര്‍ഗ്ഗ സിദ്ധി ആഴത്തില്‍ അറിയാന്‍ എനിക്ക് കഴിഞ്ഞില്ല. സ്‌കൂള്‍ കാലത്തിന് ശേഷം അനിലിനെ കണ്ടിട്ടേയില്ല. ക്യാമ്പസാണ് അനിലിലെ കവിയെ തിരിച്ചറിഞ്ഞത്.

വാക്കുകളുടെ രഥത്തിലേറി അനില്‍ കുമാര്‍ യു.പി-യിൽ നിന്ന് അനില്‍ പനച്ചൂരാനിലേക്കുള്ള പരിണാമം നങ്ങ്യാര്‍കുളങ്ങര ടി.കെ.എം കോളേജില്‍ വെച്ചാണ് സംഭവിച്ചത്. പുരോഗമന ആശയങ്ങള്‍ നിറഞ്ഞ വാക്കുകളും കവിതകളുമായി പിറന്ന് വീണ ക്ലാസ്മുറികള്‍. ഞങ്ങളുടെ സഹപാഠിയായിരുന്ന സുനോജ് പറയുന്നത് പോലെ ക്യാമ്പസിലെ കുട്ടികള്‍ക്കെല്ലാം ഹരമായിരുന്നു അനില്‍ കുമാര്‍. ബലികുടീരങ്ങളെ എന്ന മനോഹരമായ വിപ്ലവ ഗാനം പിറന്ന് വീണ കായം കുളത്തിന്റെ മണ്ണില്‍ സ്ഫുടം ചെയ്‌തെടുത്ത അനിലിന്റെ ബാല്യത്തിന്റെ ചൂടും ചൂരും നിറഞ്ഞതായിരുന്നു അറബിക്കഥക്ക് വേണ്ടി എഴുതിയ ചോര വീണ മണ്ണില്‍ എന്ന ഗാനം . ഈ ഒരു ഗാനം അനിലിനെ ജനകീയ കവിയാക്കി മാറ്റി. ഗഹനമായ പദങ്ങളുടെ കൂടിച്ചേരലുകളില്ലാതെ ഹൃദയത്തില്‍ നിന്ന് ഒഴുകി വരുന്ന ലളിതമായ ഭാഷ. ഇത് കേരളം ഏറ്റുപാടി.

ഇങ്ങനെ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് ഒരിക്കള്‍ ഞങ്ങള്‍ തമ്മില്‍ ഫോണില്‍ സംസാരിച്ചത്. അന്ന് ഞാന്‍ ഹിന്ദുസ്ഥാന്‍ ടൈംസിലായിരുന്നു. അളിയാ നീ എനിക്ക് ദേശീയ തലത്തില്‍ ചെറിയ മേല്‍വിലാസം ഉണ്ടാക്കി തരണം എന്നാവശ്യപ്പെട്ടു. പിന്നെ അനിലിന് തിരക്കായി. ഞാന്‍ വിളിക്കാന്‍ മിനക്കെട്ടില്ല. ഞങ്ങള്‍ സഹപാഠികള്‍ ഒരുമിച്ചുള്ള വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ ചേരാന്‍ അനില്‍ എന്തുകൊണ്ടോ വിസമ്മതിച്ചു. സിനിമയില്‍ കയര്‍ത്തും കലഹിച്ചും ഒറ്റപ്പെട്ടും അനില്‍ തന്റെ സര്‍ഗ ജീവിതം മുന്നോട്ട് കൊണ്ടുപോയി. പഴയ സഹപാഠികളെ ഇടയ്ക്ക് വിളിച്ച് സംസാരിക്കുന്ന ശീലമുള്ള എനിക്ക് അനിലിനെ വിളിക്കണമെന്ന് തോന്നിയിരുന്നു. പറ്റിയില്ല. ഞാന്‍ ഇത് എഴുതുമ്പോള്‍ അനിലിന്റെ കവിതകള്‍ ടെലിവിഷനില്‍ പെയ്തിറങ്ങുകയാണ്. പ്രിയപ്പെട്ട സഹപാഠി, എന്റെ പ്രണാമം.

(കായംകുളം ഗവൺമെൻറ് ഹൈസ്‌കൂളിൽ പഠിക്കുന്നകാലത്തു അനിൽ പനച്ചൂരാന്റെ സഹപാഠിയും സുഹൃത്തുമായിരുന്ന എം.ശബരിനാഥ് മുംബയിൽ മാധ്യമ പ്രവർത്തകനാണ്.)

Mob: 9819160980