ജി.ആർ. ഇന്ദുഗോപൻ: വായനക്കാർ കുത്തിപ്പൊക്കിയ എഴുത്തുകാരൻ

ഡി. പി. അഭിജിത്ത്

ജി. ആർ. ഇന്ദുഗോപനോട് 25 ചോദ്യങ്ങളും ഉത്തരവും

Q1.മലയാളത്തിലെ ആദ്യത്തെ ടെക്-നോവല്‍ എഴുതുന്നത് ചേട്ടനാണ്. 15 കൊല്ലം മുമ്പ്. ‘നാനോടെക്‌നോളജിയെ പശ്ചാത്തലമാക്കിയ ഈ നോവലിന്റെ പശ്ചാത്തലം മലയാളിക്ക് അന്ന് തീരെ അപരിചിതമായിരുന്നു. കാലത്തിനു മുൻപേ വന്ന നോവൽ. ചേട്ടന്റെ ധാരാളം കഥകളും നോവലുകളും ആ കാലഘട്ടത്തിൽ പുറത്തുവന്നിരുന്നു. താങ്കൾ അന്ന് സൈഡു പറ്റിയാണ് ഒഴുകിയത്. ആരും കൊട്ടിഘോഷിച്ചില്ല. ഇപ്പോഴാകട്ടെ, അന്നെഴുതിയതൊക്കെയും വലിയ രീതിയില്‍ വായനക്കാർ, വാശി പോലെ വീണ്ടെടുത്തു കൊണ്ടിരിക്കുകയാണ്. ഗംഭീരമായി ആഘോഷിക്കപ്പെടുമ്പോൾ, ശരിക്കും ഇതൊരു രണ്ടാം വരവാണെന്ന് പറഞ്ഞാൽ?
തിരുവനന്തപുരം ഡിസി ബുക്സിലെ മാനേജർ ബാബുച്ചേട്ടൻ ഒരു ദിവസം വിളിച്ചു പറഞ്ഞു: ‘എന്തോ സംഭവിച്ചിട്ടുണ്ട്. സാറേ.’ അന്നാ എനിക്കീ പ്രതിഭാസത്തെ കുറിച്ച് മനസ്സിലായത്. കൂട്ടുകാർ വായനക്കാരുടെ കൂട്ടായ്‌മയിൽ വരുന്ന പോസ്റ്റുകൾ അയച്ചു തന്നപ്പോൾ എനിക്കൊരു ധാരണ കിട്ടി.

ഡി. പി. അഭിജിത്ത്
ഇത് സാഹിത്യത്തിൽ അപൂർവമല്ല. എങ്കിലും വളരെ സാധാരണവുമല്ല. ഈ ഘട്ടത്തിൽ ഒരു എഴുത്തുകാരന് സന്തോഷത്തിനേക്കാൾ ആത്മവിശ്വസമാണ് കിട്ടുന്നത്. നമ്മൾ അന്നുമിന്നും എഴുതുകയല്ലാതെ ഒന്നും ചെയ്യുന്നില്ല. എന്നിട്ടും വായനക്കാരുടെ കണ്ടെടുക്കലിൽ, അവർ തന്നെ പഴയ പുസ്തകങ്ങൾ തേടിച്ചെല്ലുന്നതിൽ, പ്രചാരം നൽകുന്നതിൽ ഒരു അന്തസ്സുണ്ട്. നമ്മു‌ടെ രചനയല്ലാതെ നമ്മൾ വെളിച്ചത്ത് ഇല്ല. പണ്ടും എവിടെയോ കുറച്ചു വായനക്കാരുണ്ടായിരുന്നതായി തോന്നിയിരുന്നു. ആരെന്നറിയില്ല. മിനിമം രണ്ടു പതിപ്പ് പോകുമെന്ന ഗ്യാരന്റി വായനക്കാർ തന്നതു കൊണ്ടാണ് മുന്നോട്ടു പോകാൻ കഴിഞ്ഞത്. കൂടുതൽ പതിപ്പിനായി, പ്രസാധകരെ ബുദ്ധിമുട്ടിക്കാൻ ചെന്നില്ല. ഞാനതേ കുറിച്ചു ചിന്തിച്ചില്ല. പുതിയ സാധനങ്ങൾ എഴുതാൻ എനിക്ക് മാറ്ററുമുണ്ടായിരുന്നു. തൊഴിലുണ്ടായിരുന്നു. സമയം പോയതറിഞ്ഞില്ല. നിരന്തരമായി മെറ്റീരിയൽസ് കണ്ടെത്താനുള്ള യാത്രയുടെ ത്രില്ലിലായിരുന്നു ഞാൻ. ഇപ്പോൾ കുറേ കൂടുതൽ ആവശ്യക്കാർ വരുന്നു. സന്തോഷം.

Q2. പണ്ട് എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാവുക?
പണ്ടൊക്കെ, വായനക്കാരും എഴുത്തുകാരും നിരൂപകരും ഒരു ഇരുട്ടു മുറിയിൽ ഇരിക്കുകയാണ്. ടോർച് കയ്യിലുള്ളത് നിരൂപകർക്കു മാത്രമാണ്. ഏതെഴുത്തുകാരന്റെ മോന്തയ്ക്കടിക്കുന്നോ, അവരാണ് താരം. പുതിയൊരു മോന്തയിലടിക്കാനുള്ള ധൈര്യം അപൂർവമായേ അവർ കാണിച്ചുള്ളൂ. ഇപ്പോ വായനക്കാരുടെ കയ്യിലെല്ലാം ടോർച്ചാണ്. അതിനകത്ത് കുഴപ്പം കാണുമായിരിക്കാം, പ്രകടപരതയോ, മാനിപ്പുലേഷനോ കാണുമായിരിക്കും. പക്ഷേ ജനാധിപത്യം എന്നുപറഞ്ഞ ഒരു സാധനം ഉണ്ട്. ജനാധിപത്യത്തിൽ ബുദ്ധിജീവികൾക്കു മാത്രമല്ലല്ലോ വോട്ടവകാശം. കരമടയ്ക്കുന്ന ജന്മിമാർക്കും, ബിരുദമുള്ളവർക്കും മാത്രമായി വോട്ടവകാശം ഉണ്ടായിരുന്ന കാലമുണ്ടല്ലോ. അതു മാറിയതു പോലെ തന്നെയാണ് ഇതും. സാഹിത്യത്തിലെ ക്ഷേത്രപ്രവേശനവിളംബരം പോലെയാണിത്. വളരെ വൈകി സാമൂഹികമാധ്യമങ്ങൾ കൊണ്ടു വന്ന വിപ്ലവം. ഞാൻ മാത്രമല്ല, പി. എഫ്. മാത്യൂസിനെ പോലെ വലിയ എഴുത്തുകാരെയും അന്ധകാരത്തിൽ നിന്ന് എടുത്ത് പുറത്തിട്ടു. ഇനിയുമുണ്ട് പലരും.
എല്ലാത്തരം രചനയ്ക്കും, ആ രചനയെ പിൻപറ്റുന്ന വായനക്കാർക്കും ഇടമുണ്ട്, ശബ്ദമുണ്ട് എന്നു വന്നതാണ് വ്യത്യാസം. എനിക്കിഷ്ടപ്പെട്ട ഒരു സാധനം, എനിക്ക് ഈ എഴുത്തുകാരനെയാണിഷ്ടം, എന്റെ ശ്രേണിയിതാണ് എന്ന് ഉറക്കെപ്പറഞ്ഞുകൊണ്ട് പണം മുടക്കി പുസ്തകം വാങ്ങുന്നവർ മുന്നോട്ടു വന്നു. അത് സ്ഥായിയുമല്ല. അടുത്ത നിമിഷം ഇതേ എഴുത്തുകാരന്റെ ഇഷ്ടപ്പെടാത്ത പുസ്തകത്തെ അവർ മുഖമടച്ച് തള്ളിപ്പറയും. അവർക്കൊന്നും നഷ്ടപ്പെടാനില്ലാത്തതിന്റെ സത്യസന്ധതയും സുതാര്യതയുമുണ്ട്.

Q3. ഒരു എഴുത്തുകാരനായിരിക്കാൻ, സർവൈവ് ചെയ്യാൻ സോഷ്യൽ മീഡിയ ആവശ്യം ആണോ?
വായനക്കാരെ കൂടുതൽ കിട്ടാൻ, മിതമായ പ്രചാരണം നടത്തുന്നത് തെറ്റല്ല. പുതിയ ലോകം അങ്ങനെയാണ് ഉരുത്തിരിയുന്നത് ഇതൊന്നും പ്രശ്നമില്ലെന്ന് കരുതിയാൽ ധൈര്യമായി മാറിനിൽക്കുകയുമാകാം.

Q4.ഇന്ദു ചേട്ടൻ ഫെയ്സ്ബുക്ക്, ട്വിറ്റർ ഒന്നും ഉപയോഗിക്കുന്നില്ലെങ്കിലും എഴുത്തുകൾ സോഷ്യൽ മീഡിയ വഴി ധാരാളം ആഘോഷിക്കപ്പെടുന്നുണ്ട്. ആ നിലയിൽ വലിയ വിസിബിലിറ്റി ഇവ നൽകുന്നില്ലേ?
ഒരു സംശയവുമില്ല. എന്റെ പ്രചാരത്തിലില്ലാത്ത പുസ്തകങ്ങൾ നിരന്തരം ആവശ്യപ്പെട്ടത് പ്രസാധകരെക്കൊണ്ട് പുതിയ പതിപ്പ് വരുത്തിച്ചത് സാമൂഹികമാധ്യമങ്ങളിലൂടെ വായനാഗ്രൂപ്പുകളിലെ വായനക്കാരാണ്. എത്രയോ പുസ്തകങ്ങൾ അവർ കുത്തിപ്പൊക്കി. എന്നെ അദ്ഭുതപ്പെടുത്തിയ കാര്യങ്ങളാണവ. നേരത്തേ പറഞ്ഞ പോലെ, എമ്പാടും ടോർച്ചുമായി നടക്കുന്ന വായനക്കാരെയാണ് കാണാൻ കഴിയുന്നത്. അവരൊരു ഫോഴ്‌സായി മാറിക്കൊണ്ടിരിക്കുന്നു. എന്തായാലും മരണശേഷം മാത്രം ശ്രദ്ധിക്കപ്പെടുന്ന ഹതഭാഗ്യരായ എഴുത്തുകാരുടെ പട്ടികയിൽ പെട്ടില്ല എന്നതിൽ ആശ്വാസമുണ്ട്. ഇതൊക്കെ തന്നെ ധാരാളം.

Q5 വായനക്കാർ മേൽക്കൈ നേടുമ്പോൾ?
എഴുത്തുകാരൻ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. വായനക്കാരന്റെ ഉത്സാഹങ്ങളിൽ മുങ്ങിപ്പോകാതിരിക്കാനായിട്ടുള്ള ശ്രമം ഉണ്ടാകണം. അവർ എടുത്തു പൊക്കുന്നതിനൊപ്പം ഇട്ടിട്ടു പോകലും ഉണ്ടാകും. നമുക്ക് ധാരണ വേണം; നമ്മളുണ്ടാക്കുന്നതെന്താണെന്ന്. വായനക്കാർ പറയുന്ന ഒഴുക്കിൽ ചെന്നു പെടാതിരിക്കാനുള്ള യുക്തി കൂടി ഉണ്ടാകണം.

Q6.താരതമ്യേന വളരെക്കുറച്ച് ആളുകള്‍ മാത്രം സംസാരിക്കുന്ന ഒരു ഭാഷയാണ്‌ മലയാളം.അതില്‍ തന്നെ സാഹിത്യം വായിക്കുന്നവരുടെ എണ്ണം നന്നേ കുറവും. ഈ സാഹചര്യങ്ങളിലെക്കാണ് നല്ലൊരു ജോലി ഉപേക്ഷിച്ച്, ഇന്ദുഗോപന്‍ ചേട്ടന്‍ മുഴുവൻ സമയ എഴുത്തുകാരനായി മാറുന്നത്. എന്തൊക്കെയായിരുന്നു അന്നത്തെ ആശങ്കകളും ആലോചനകളും?
ആശങ്കയുണ്ടാകുമല്ലോ.. മാസാമാസമുള്ള ശമ്പളം ഠിം എന്ന് ഇല്ലാതാകുന്നു. അതു വരെ നമ്മുടെ എഴുത്ത്, അലച്ചിലിനൊക്കെ ജോലിയുടെ സുരക്ഷിതത്വമുണ്ടായിരുന്നു. എന്റേത് സാഹിത്യമെഴുത്തല്ല. റീഡിങ് മെറ്റീരിയൽ ഉണ്ടാക്കാനുള്ള ഇറങ്ങിനടപ്പായിരുന്നു. ആ പരിപാടിക്ക് വലിയ മേൽക്കൂരയായിരുന്നു പത്രപ്രവർത്തനം. ഇപ്പോൾ നേരത്തേ പറഞ്ഞ പോലെ എഴുത്തിൽ ചില മാറ്റങ്ങൾ വന്നു. നമുക്ക് ജോലിക്കു പുറത്തും എഴുത്തിൽ ചില സാധ്യതകളുണ്ടെന്ന സൂചന കിട്ടി. അങ്ങനെയാണ് ജോലിവിട്ടത്. അതിൽ അത്ര സാഹസം ഇല്ല. മലയാളസാഹിത്യം മാത്രം വച്ച് ഉപജീവനം സാധ്യമല്ലാഞ്ഞിട്ടു കൂടി, എത്രയോ പേർ പണ്ടേ അതിനു തയ്യാറായി. കാക്കനാടൻ, വി.കെ.എൻ. എം.പി. നാരായണപിള്ള തുടങ്ങി എത്ര പേർ. എങ്കിൽ പോലും പത്തുപതിമൂന്നു കൊല്ലത്തെ സജീവസർവീസ് ബാക്കി കിടക്കെ, ഇറങ്ങാനുള്ള ഒരു തീരുമാനത്തിലെത്താൻ കഴിഞ്ഞത് വ്യക്തിപരമായി ചെറിയ കാര്യമല്ല.

Q7.എഴുത്ത് കൊണ്ട് മാത്രം ജീവിക്കാനാകുന്ന ഒരു സാധ്യത ഇവിടെയുണ്ടോ?
സാഹിത്യരചന കൊണ്ടു മാത്രമാണെങ്കിൽ ഇല്ല. മലയാളസാഹിത്യത്തിൽ ഏറ്റവുമധികം വിൽപനയുള്ള പത്തു പേരിലൊരാളായാൽ പോലും പറ്റില്ല. അഞ്ചു പേരിലൊരാൾ. എങ്കിൽ ഏതാണ്ട് ഓക്കെ. അപ്പോഴും മെച്ചപ്പെട്ട ഒരു തൊഴിലിൽ നിന്ന് കിട്ടുന്ന വരുമാനത്തേക്കാൾ കുറവാണത്. കൂടുതൽ ചിലപ്പോ കിട്ടിയാലും സ്ഥിരത പ്രതീക്ഷിക്കാനാവില്ല. കേരളത്തിൽ പത്തമ്പതു കോടിയുടെ ആകെ പുസ്തകവിൽപനയേ ആണ്ടിലുള്ളൂ. അത് കേരളമായതു കൊണ്ടും അതിന്റെ പുരോഗമന സ്വഭാവവും ലൈബ്രറി ശൃംഖലയുമൊക്കെ ഉള്ളതു കൊണ്ടും മാത്രമാണ്.

Q8 .അതായത്, സക്സസ് ആയ ചിലർ ഒഴികെ, സാഹിത്യരചന സേഫായ ഒരു ജോലിയിൽ നിന്നുകൊണ്ടുള്ള ഒരു പാര്‍ട്ട് ടൈം പ്രവർത്തനമാണ്. അപ്പോൾ നമ്മുടെ എഴുത്തുകാർ കുറച്ചുകൂടി പ്രൊഫഷണലായി എഴുത്തിനെ സമീപിക്കേണ്ടതുണ്ടെന്നു തോന്നുന്നുണ്ടോ? അല്ലെങ്കിൽ എന്തുമാറ്റമാണ് നമ്മുടെ എഴുത്തിൽ /എഴുത്തുകാരിൽ ഉണ്ടാകേണ്ടത്?
എഴുത്താണ് ആവേശമെങ്കിൽ ജോലിയാണ് പാർട് ടൈം. എഴുത്തുകാരന്റേത് പ്രഫഷനല്ല. മൂവായിരം രൂപയൊക്കെയാണ് പരമാവധി ഒരു കഥയെഴുതിയാൽ കിട്ടുന്നത്. എത്ര നാളത്തെ അധ്വാനമാണ്. അതിന്റെ ഈടുവയ്പ് എത്രയാണ്. അതിനല്ലല്ലോ നമ്മൾ എഴുതുന്നത്. പക്ഷേ പ്രഫഷനലാകാം. നമ്മുടെ കൃതിയുടെ തലത്തിന്റെ ആഴം വർധിപ്പിക്കാനുള്ള പണിയെടുക്കൽ, എഡിറ്റിങ്, തിരുത്തിയെഴുത്ത് തുടങ്ങിയ കഠിനാധ്വാനം എന്നിവ പ്രഫഷനിസത്തിൽ പെടും. വിൽപന പിന്നാലെ വരും, വരാതിരിക്കാം. ഇപ്പോൾ അതിലെ കാമ്പ് തെളിയണമെന്നില്ല. പിന്നേതോ കാലത്താകാം. അങ്ങനെ വരാതെയുമിക്കാം. എഴുത്തുകാർ അത്ര കടന്നു ചിന്തിക്കണമെന്നില്ല. ക്രാഫ്റ്റിനപ്പുറം ഒരു കൃതി ഗതി പിടിക്കണമെങ്കിൽ ഇണങ്ങിവരേണ്ട സൂക്ഷ്മമായ രസതന്ത്രമുണ്ട്. അത് ഫോർമുല അനുസരിച്ച് ഒഴിച്ചു കൊടുക്കാവുന്നതല്ല. പാളിയാലും എഴുത്തുകാരന്റെ നിരാശ ഏറെ നേരം നിൽക്കരുത്. വർധിതവീര്യം വേണം. പുതിയ രചനകളിലേയ്ക്ക് വരണം.
Q9 എഴുത്തിൽ പ്രമേയങ്ങളുടെ വൈവിധ്യമാർന്ന തിരഞ്ഞെടുപ്പിന് പത്രപ്രവർത്തനം എത്രമാത്രം സഹായിച്ചിട്ടുണ്ട്?
പത്രപ്രവർത്തനം നേരത്തെ പറഞ്ഞ എഴുത്തിലെ പ്രഫഷനലിസത്തെ സഹായിച്ചു. പ്രത്യേകിച്ച് എഡിറ്റിങ്ങിന്റെ കാര്യത്തിൽ. നമ്മളെ തന്നെ ആവർത്തിക്കാതിരിക്കാനുള്ള ശ്രമം. വാക്കുകളിലെ നിയന്ത്രണം. അവതരിപ്പിക്കലിന്റെ പുതുമ, കൃത്യത, കഥയുടെ വിഷയ സ്വീകരണം തുടങ്ങിയ വിവേകം, വിവേചനം തുടങ്ങിയ കാര്യങ്ങളിൽ പത്രപ്രവർത്തനം മെച്ചമുണ്ടായിട്ടുണ്ടാകാം.

പത്രപ്രവർത്തനത്തിന്റെ ആരംഭകാലം മുതൽ എഴുത്തിനുള്ള അസംസ്കൃത വിഷയങ്ങൾ പരതിക്കൊണ്ടിരുന്നു എന്ന മെച്ചം എനിക്കുണ്ടായിട്ടുണ്ട്. കഴിവ്, പ്രതിഭ അവിടെ നിൽക്കട്ടെ. അറിയില്ല. പക്ഷേ ഞാൻ ആ ആനന്ദം, ആവേശം എന്നിവ താഴെവച്ചില്ല. അതു കൊണ്ടു തന്നെ പത്രപ്രവർത്തനത്തിൽ പറ്റേ മുങ്ങിയില്ല. എന്റെ ശരീരം അവിടെയായിരുന്നു. ജീവൻ എഴുത്തിലായിരുന്നു. ഈ രണ്ടു തൊഴിലും അനിയനും ചേട്ടനെയും പോലെയാണ്. സ്നേഹവും സ്പർധയുമൊക്കെ മാറിമാറി വരും. ഞാൻ പത്രപ്രവർത്തനത്തിലേയ്ക്ക് വരുമ്പോൾ മുതൽ കഥയെഴുത്തു തുടങ്ങിയിരുന്നതു മെച്ചമായിരുന്നിരിക്കണം. മനസ്സിൽ മനുഷ്യകഥനത്തിന്റെ രണ്ടു തട്ടുണ്ടാക്കി വച്ചു. പത്രപ്രവർത്തനത്തിനുള്ള കഥയ്ക്കുള്ളതും എഴുത്തിനുള്ള കഥയ്ക്കുള്ളതും. കഥയ്ക്കും അനുഭവത്തിനുമിടയ്ക്കുള്ള പ്രത്യേക തട്ടിൽ നിന്ന് കുറേ ഫീച്ചറുകൾ എഴുതിവച്ചത്, ചിലർക്ക് പുതുമയായി തോന്നി. ജോലിയിൽ നിന്ന് ഇറങ്ങിയപ്പോൾ കുറേ റീഡിങ് മെറ്റീരിയൽ ഉണ്ടായി. അവയിൽ നിന്ന് പുസ്തകങ്ങൾ ഉണ്ടായി. പക്ഷേ നമ്മുടെ ദുർബലമാകുന്ന ശരീരം കൊണ്ട്, ഇനി എഴുത്തും പത്രപ്രവർത്തനവും…രണ്ട് നിരന്തരവേലകൾ നടക്കില്ല എന്ന ഘട്ടം വരികയായിരുന്നു. അങ്ങനെയാണ് ഒന്നിലേക്ക് ചുരുക്കിയത്.

പത്രപ്രവർത്തനം മടുപ്പിച്ചിട്ടില്ല. ഒരിക്കലും. ജോലിഭാരമുണ്ട്. പക്ഷേ അത് വേറൊരു ട്രിപ്പാണ്. സഹപ്രവർത്തകർ, സൗഹൃദം, ഡെഡ് ലൈനുമായുള്ള യുദ്ധം. അതൊക്കെ വേറെ തലത്തിലേയ്ക്കായി. നമ്മൾ മറ്റൊരു ‘ഏകാന്തകൂട്ടായ്‌മ’യിലേയ്ക്ക് മാറുന്നു. ആ ഷിഫ്‌റ്റിംഗിന്റെ ഒരു ആടിയുലയൽ മാറി വരുന്നതേയുള്ളൂ. ഇതിനിടയിൽ വന്ന പുസ്തകങ്ങളും, അവയ്ക്കു കിട്ടിയ വായനക്കാരുടെ സ്നേഹവും ഗുണമായി. നമ്മുടെ ജീവൻ മാറുന്നതിനു മുൻപുള്ള ചില അനിവാര്യമായ ഉടുപ്പുമാറലുകൾ പോലെയാണിതൊക്കെ.

Q10. കഥ നടക്കുന്ന പരിസരങ്ങളും ഭൂപ്രകൃതിയുമൊക്കെ ചേട്ടന്റെ കഥയിലങ്ങു ലയിച്ചു ചേരുന്നുണ്ട്. ആ ഡീറ്റെയലിംഗ് പ്രത്യേകം ശ്രദ്ധിക്കാറുണ്ടോ?
ഉറപ്പായും. കഥ എവിടെ നടക്കണമെന്നത് പ്രധാന പ്രശ്നമാണ്. ‘അമ്മിണിപ്പിള്ള വെട്ടുകേസ്’ എന്ന കഥയിൽ, നായകനായ അമ്മിണിപ്പിള്ളയെ ചില ചെറുപ്പക്കാർ തല്ലുന്നുണ്ട്. ഒറ്റ തിരിച്ച്, അയാൾ തിരിച്ചു തല്ലുമെന്ന് ഭയന്ന് പയ്യന്മാർ ഒളിച്ചുനടക്കുകയാണ്. അവരുടെ ഭയം വർധിക്കണമെങ്കിൽ അമ്മിണിപ്പിള്ളയുടെ കാഴ്ചയുടെ വിതാനം വ്യത്യസ്തമാകണമെന്ന് തോന്നി. അങ്ങനെയാണ് 125 അടി ഉയരത്തിലുള്ള ഒരു വിളക്കുമരത്തിന്റെ സൂക്ഷിപ്പുകാരനാക്കി അമ്മിണിപ്പിള്ളയെ മാറ്റുന്നത്. മുകളിൽ നിന്നുള്ള അയാളുടെ കാഴ്ച എതിരാളികളെ ഭയപ്പെടുത്താൻ ഉതകി. എവിടെയും അമ്മിണിപ്പിള്ളയുടെ കണ്ണെത്തും. പക്ഷേ വിളക്കുമരം എവിടെ?
എനിക്കറിയാവുന്ന ഒരു ഇടം വേണം. കൊല്ലത്തു തങ്കശേരിയിൽ ലൈറ്റ് ഹൗസ ഉണ്ട്. പക്ഷേ പറ്റില്ല. അവിടെ ഒരു നാട്ടിൻപുറമില്ല. ആലപ്പുഴയും നഗരമാണ്. നാട്ടിൻപുറത്തെവിടെയാണ് വിളക്കുമരം? അങ്ങനെയാണ് അഞ്ചുതെങ്ങ് വരുന്നത്. എനിക്കറിയാവുന്ന ഇടമാണ്. അങ്ങനെ ഓരോ കഥയ്ക്കുമുണ്ട് കൃത്യമായ പശ്ചാത്തലം. പണ്ട് ഇതിനെക്കുറിച്ചു അത്ര ചിന്തിച്ചിട്ടില്ല.

തിരഞ്ഞു പോകുക, സഞ്ചരിക്കുക, കഥാപരിസരത്ത് അലയുക, അവിടെ ജീവിക്കുക. അത്തരം സാഹസം പണ്ടുമുതലേയുണ്ട്. എഴുതാൻ കസേരയിലിരിക്കും മുൻപുള്ള ഇത്തരം മുന്നൊരുക്കങ്ങൾ സഹായിച്ചിട്ടുണ്ട്. വിഷയങ്ങളുമെടുത്ത് അതിന്റെ ഭൂമികയും പശ്ചാത്തലവും സൃഷ്ടിക്കാൻ സഞ്ചരിക്കുന്നതും പത്രപ്രവർത്തനരീതിയാണ്. എഴുതി തീരുന്നിടം വരെ എന്റെ ഉത്സാഹം നിലനിൽക്കുമോ എന്നതാണ് ഒരു പുതിയ കഥ എഴുതാനിരിക്കുമ്പോൾ നേരിടുന്ന വലിയ വെല്ലുവിളി. എവിടെ അത് തീരുന്നോ കഥ അവിടെ ഉപേക്ഷിക്കും. ഒന്നേയെന്ന് എഴുത്തു തുടങ്ങും, വേറൊരു കഥാപാത്രത്തിൽ, കഥാസന്ദർഭത്തിൽ നിന്ന്. ഇങ്ങനെ ആറേഴു അപൂർണമായ ഡ്രാഫ്ടുകളിലൊന്ന് പച്ച പിടിക്കും. ക്ലേശകരമാണ്. പക്ഷേ ഈ ശ്രമത്തിൽ ഗുണം കിട്ടിയിട്ടുണ്ട്.
എഴുത്തുകാരൻ എന്ന നിലയിൽ, ഇപ്പോ എന്റെ ആകാംക്ഷയ്ക്ക്, ആനന്ദത്തിന് സാധ്യത ഉള്ള വിഷയം മാത്രമേ എടുക്കാറുള്ളൂ. അതു കൊണ്ടു തന്നെയാകണം, വായനക്കാരനെ കുറിച്ചോ, എന്റെ സാഹിത്യത്തിലെ നിലയെ കുറിച്ചോ ഒന്നും ഞാൻ വേവലാതിപ്പെടാതിരുന്നത്. ആനന്ദം രചനയിൽ അന്തർലീനമാണ്. അത് എനിക്ക് അനുഭവിക്കാനാകുമെങ്കിൽ അതിൽ കുറച്ച് വായനക്കാർക്കും കിട്ടുമായിരിക്കുമല്ലോ എന്നാണ് ചിന്തിക്കുന്നത്. കുറച്ചൊക്കെ കിട്ടുന്നുണ്ടാവും. അങ്ങനെയുള്ള സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്.

Q11.കൊല്ലവും അതിന്റെ ഭൂതകാലവും അനുബന്ധ പ്രദേശങ്ങളും സമൃദ്ധമായി കഥകളിൽ വരുന്നുണ്ട്. പല കഥകളിലും നാട്ടുകാരാണോ പത്രപ്രവർത്തകനോ ഒക്കെയായി ഇന്ദു ചേട്ടൻ കഥാ ഭൂമികയിൽ കടന്നു വരുന്നുമുണ്ട്. ഈ താല്പര്യത്തിനു പിന്നിൽ?
കറക്റ്റാണ്. എന്റെ ചരിത്രം കൂടി അന്തർലീനമായി ഇതിൽ വരുന്നുണ്ട്. അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന കഥയിൽ ഒരു എട്ടാം ക്ലാസുകാരൻ നിൽപുണ്ട്. ഞാനാണ്. അതിൽ അമ്മിണിപ്പിള്ളയും അളിയനും സൈക്കിളിൽ വരുന്നതും, അടി കൊണ്ട കക്ഷിയുടെ അമ്മയുമായി നടക്കുന്ന സംഭാഷണവും വള്ളിപുള്ളിവിടാതെ ഞാനെന്റെ ഓർമയിൽ നിന്നെഴുതിയതാണ്. അങ്ങനെ ചില ബലം എനിക്ക് കൊല്ലം പശ്ചാത്തലമാകുമ്പോൾ കിട്ടുന്നുണ്ടാകാം. അറിയാവുന്ന പശ്ചാത്തലത്തിൽ നിന്ന് കഥ പറയുക എന്നതിൽ ഒരു ഉൽസാഹമുണ്ട്. കൊല്ലം ഞാൻ പൂർണമായും കണ്ടുതീർന്നില്ല എന്ന നഷ്ടബോധം, എഴുത്തിന്റെ വൈകാരികത കൂട്ടിയേക്കും. അപ്പോൾ തന്നെ ‘വിലായത്ത് ബുദ്ധ’ പോലൊരു കഥ മറയൂരിൽ മാത്രം നടക്കുന്ന കഥയാണ്. പല തവണ ഞാൻ പോയിട്ടുള്ള ഇടമാണ്. വേണമെങ്കിൽ ഭാവനയിൽ എഴുതാം. പക്ഷേ വീണ്ടും പോവുകയാണ്. അതിലെ ആട്ടുമലയിലേയ്ക്ക് ആദ്യമായി പാറയിലൂടെ വഴിയടിക്കുന്ന ഒരു പ്രക്രിയ എഴുതണമെങ്കിൽ, അങ്ങനൊരു മല കണ്ടെത്തി കയറേണ്ടതില്ല. പക്ഷേ നേരത്തെ പറഞ്ഞ എഴുത്തുകാരന്റെ ആനന്ദമുണ്ടല്ലോ. നമ്മൾ കയറിയതിന്റെ വിശദീകരണം, ഭാവനയിലുള്ളതിനേക്കാൾ വിപുലമായിരിക്കുമെന്നത് നിശ്ചയമാണ്. അഥവാ, അത്ര കണ്ട് ഭാവന വേണം. എനിക്കത്രയില്ല. ഇതാണ് എന്റെ രീതി. പലപ്പോഴും ദേഹണ്ഡവും കൂടി ചേരുന്നതാണ് എഴുത്ത്. അതായത് ഞാനങ്ങനെ ഭാവനയെ മാത്രം ഡിപ്പൻഡ് ചെയ്യാറില്ല. എനിക്ക് പുതിയ കാഴ്ചകളുടെ ഉൽസാഹം വേണം. എഴുത്തുകാരനിലെ കൗതുകവും പുതുമയും ചോരാതിരിക്കാനാണ്. ഇത്തരത്തിലുള്ള അമിതാധ്വാനം കൊല്ലം പശ്ചാത്തലമാകുമ്പോൾ വേണ്ട. അവയിലെ സൂക്ഷ്മതകൾ എനിക്ക് കൂടുതൽ ധാരണയുള്ളതാണ്.

Q12.ചില സിനിമകളിൽ കാണുന്നത് പോലെ കൗതുകമുള്ള വാർത്തകൾ പത്രക്കാരനും എഴുത്തുകാരനുമെന്ന നിലയിൽ ആർകെവ്സ് ആയി സൂക്ഷിച്ചു വച്ചിട്ടുണ്ടോ?.
പല പത്രപ്രവർത്തകരും ചെയ്യുന്നതാണ്. ഇപ്പോ ഡിജിറ്റൽ ആർക്കൈവിങ് വന്നതോടെ, അതിന്റെയൊന്നും വലിയ ആവശ്യം വരുന്നില്ല. ഞാൻ ഒട്ടും ഓർഗനൈസ്‌ഡ്‌ അല്ല. കുറേ ഡയറികളിൽ കുറിപ്പുകൾ ഉണ്ട്. കഥാസന്ദർഭം, വാർത്താശകലങ്ങൾ, ചില ജീവിതമുഹൂർത്തങ്ങൾ…ഒക്കെ. അതൊക്കെ ഇനി ഉപയോഗിക്കാനാകുമോ എന്ന് ഉറപ്പില്ല. അതൊക്കെ തപ്പിയെടുക്കുക. മറിച്ചുനോക്കുക. ഓർക്കുമ്പോഴേ തളരും. നല്ല തീം കിട്ടുമ്പോൾ സൂക്ഷിച്ചു വെക്കാം എന്നൊക്കെ പറഞ്ഞ് എഴുതിയിടും. അണ്ണാൻ വിത്ത് മണ്ണിനടിയിൽ സൂക്ഷിക്കുന്നതു പോലെയാണ്. പിന്നീട് നോക്കുമ്പോ ആശയം കാലഹരണപ്പെടും. മനുഷ്യനും നമ്മുടെ എഴുത്തുമൊക്കെ… അങ്ങനെ തന്നെയാകും. ‘ഇല്ല പരമാവധി കാലത്തിൽ പിടിച്ചുനിർത്താൻ ശ്രമിക്കും’ എന്ന പ്രതീക്ഷയിലും വാശിയിലുമാണല്ലോ മനുഷ്യനും എഴുത്തും ജീവിതവുമൊക്കെ നിലനിൽക്കുന്നത്.

Q13.ഭാഷയെ ഭൂഷണമുക്തമാക്കുന്ന ഒരു രീതി ചേട്ടന്റെ എഴുത്തുകളിൽ പിന്തുടരുന്നുണ്ട്.അതിന്റെ പിന്നിൽ?
ജീവൻ എന്ന കേവല ഊഷ്മാവിനകത്ത് പല മനുഷ്യന് പല തരം പ്രകൃതി പ്രപഞ്ചം എന്നിവയുണ്ട്. ‘കഥ പറയുക’ എന്നതാണ് എന്റെ തഞ്ചം. വ്യാഖ്യാനമല്ല. കഥാപാത്രങ്ങളുടെ മനോഗതികൾക്കു പിന്നാലെ പോവുകയല്ല. സംഭവങ്ങളുണ്ടാകുന്നു. അതിനോട് സന്ദർഭാനുസരണം പ്രതികരിക്കുന്ന കഥാപാത്രങ്ങളാണ് എന്റേത്. സാഹിത്യം, അതിന്റെ അന്തരാളങ്ങൾ, വ്യാഖ്യാനങ്ങൾ തുടങ്ങിയവയെ വച്ച് പൊലിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യേണ്ട കർമത്തിൽ തഴക്കമുള്ളവർ വേറെയുണ്ട്. അവർ മോശക്കാരല്ല. എന്റേത് പക്ഷേ സാഹിത്യമല്ല. കഥനമാണ്. കഥനത്തിലെ സാഹിത്യം ബോധപൂർവം വേണ്ടെന്നു വച്ചു കഴിഞ്ഞു എന്ന ബോധ്യം എനിക്കുണ്ട്. ഞാനൊരു വ്യാഖ്യാതാവാണ്. കഥയുടെ ഒരു കരയിൽ നിന്ന് മറുകരയിലേയ്ക്ക് സാമാന്യവേഗത്തിൽ തുഴയുന്നയാൾ. ആ വെപ്രാളം എന്റെ പ്രകൃതമാണ്. വഴിക്കു തുഴച്ചിൽ നിർത്തി, തെളിനീരിന്റെ അടിത്തട്ടിൽ കാണുന്ന പായൽപ്രപഞ്ചത്തെ കുറിച്ച് നാലു പാരഗ്രാഫ് ഉപന്യസിക്കാൻ എനിക്കാവില്ല. എഴുതിയാലും എഡിറ്റിങ്ങിൽ ഞാനത് വെട്ടിത്തള്ളും. അങ്ങനെ ചെയ്യരുതെന്ന് പലരും പറയാറുണ്ട്. എന്തോ, പറ്റാറില്ല.

Q14. ഇന്ദുചേട്ടന്റെ അവസാനം വന്ന രണ്ട് കഥകൾ– ചെന്നായ, മറുത എന്നിവ. എത്ര സിംപിളായി ആണ് കഥ പറഞ്ഞു വയ്ക്കുന്നത്. എന്നാൽ അതിനുള്ളിൽ ചിന്തിപ്പിക്കുന്ന, വേദനിപ്പിക്കുന്ന യാഥാർഥ്യങ്ങൾ. എന്താണ് ഈ എഴുത്തിന്റെ ടെക്‌നിക്?
ഒരു ടെക്നിക്കും ഇല്ല. സത്യസന്ധവും സുഗമവുമായ പരാഗണമായിരിക്കണം ആശയവിനിമയം എന്നതു മാത്രമാണ് മനസ്സിൽ. അത് ടെക്നിക്കല്ല. വായനക്കാരോടുള്ള മര്യാദയാണ്. ഞാൻ ബുദ്ധിജീവികളെ ലക്ഷ്യം വയ്ക്കുന്നില്ല. എന്റെ കഥാപാത്രങ്ങൾ മനോവ്യാപാരത്തിൽ മുഴുകി നടക്കുന്നവരോ സ്വപ്നാടകരോ അല്ല. അവർ വേഗത്തിൽ നടക്കും. ഉച്ചത്തിൽ സംസാരിക്കും. അവർ ഭൂമിയിൽ അവരുടെ സാന്നിധ്യം അറിയിക്കും. അവർ സംഭവങ്ങളുണ്ടാക്കും. ജീവിതക്രമത്തെ ബുദ്ധിപരമായി ഉപയോഗിക്കാൻ അവർക്കറിയില്ല. അതിന്റെ അപ്രതീക്ഷിതത്വം അവർക്കുണ്ട്. നിഷ്കളങ്കതയും വന്യതയും ഉണ്ട്. കഥാപാത്രങ്ങളുടെ ഉരുത്തിരിയലിന് എഴുത്തുകാരനെന്ന നിലയിൽ ഞാൻ തടസ്സമല്ല. ഞാൻ സാഹിത്യതോത് പേനാത്തുമ്പിൽ വച്ച്, അവരുടെ ജീവിതത്തെ ഗണിക്കുന്നില്ല. നിയന്ത്രിക്കുന്നില്ല. ഒരു കഥ, തീം എന്നിവയുടെ സൂചനയ്ക്കു മേൽ കഥാപാത്രങ്ങളെ അഴിച്ചുവിടുന്ന ആളാണ്. കഥാസന്ദർഭത്തെയും, കഥ നടക്കുന്ന ഇടത്തെയും പശ്ചാത്തലത്തെയും പരമാവധി മനസ്സിലാക്കിക്കഴിഞ്ഞാൽ അവിടേയ്ക്ക് കഥാപാത്രങ്ങളെ തുറന്നു വിടുകയാണ് പതിവ്. േശഷം ഞാനവരുടെ തന്തയല്ല. കഥ എഴുതാനുള്ള മനസ്സൊരുക്കമായെന്നു തോന്നിയാൽ, പിന്നെ കഥയുടെ യാത്രയെ സംബന്ധിച്ച് കുറിപ്പോ, ചട്ടപ്പടി പുരോഗതിയോ ഒന്നും ഞാൻ കണക്കു കൂട്ടാറില്ല. കഥാപാത്രങ്ങളുടെ പേരു പോലും അന്നേരം ഉണ്ടായി വരുന്നതാണ്. നേരത്തേ ഈ പ്രദേശങ്ങളിൽ പോകുമ്പോൾ ചില ധാരണകളിൽ ചില മനുഷ്യരെ കണ്ടുവച്ചിട്ടുണ്ടാകാം. അതൊക്കെ കൊണ്ടു തന്നെ, കഥാപാത്രങ്ങളുടെ പേരു മാറി പോകുന്നത് എന്റെ അസുഖമാണ്. അമ്മിണിപ്പിള്ളയിൽ വാരികയിൽ രണ്ടിടത്ത് അങ്ങനെ മാറി. അതിന് പ്രത്യേകം ‘ചികിൽസ’ ഇപ്പോ നടത്താൻ ശ്രമിക്കാറുണ്ട്. അടിസ്ഥാനഭാഷയേ എന്റെ കഥാപാത്രങ്ങൾ പറയൂ. പറയേണ്ടതേ പറയൂ. തെറി പറയും. അത്യാവശ്യമെങ്കിൽ മാത്രം. അല്ലാതെ ഷാർപ്പാക്കി സംസാരിപ്പിക്കാൻ കഴിയുമെങ്കിൽ അതു മതി.

Q15.ഇപ്പോൾ കഥകൾ പോലെ വായിക്കപ്പെടുന്ന ഒന്നാണ് തസ്കരൻ.എങ്ങനെയാണ് ജീവിതമെഴുത്ത്? വാട്ടർ ബോഡി തുടങ്ങിയ നേരെഴുത്തുകളും നടക്കുന്നുണ്ട്. കൂടുതൽ ഇഷ്ടപ്പെടുന്നത് ഏതാണ്?.
തസ്കരൻ മണിയൻപിള്ള എനിക്ക് പാഠപുസ്തകമായിരുന്നു. നേരത്തേ ചോദിച്ചില്ലേ, മലയാളഭാഷ കൊണ്ട് ജീവിക്കാനാകുമോയെന്ന്. സ്വന്തം ജീവിതപുസ്തകം ഒരു ഉപജീവനം ആയി മാറിയ ചരിത്രമാണത്. ഈ മനുഷ്യൻ 15 കൊല്ല കക്കാതെ, അന്തസ്സോടെ ജീവിച്ചത് മലയാളത്തിലെ ഈ അക്ഷരങ്ങൾ കൊണ്ടു കൂടിയാണ്. ആ പുസ്തകത്തെയും അതിനെ അവലംബിച്ചുള്ള മറ്റ് വരുമാനവും കൊണ്ട്. (പുസ്തകം വന്ന ശേഷംഅയാൾ ‘വീണ്ടും കട്ടു’ എന്നൊക്കെ വാർത്തയും ആക്ഷേപവും വന്നു. ആ കേസുകളൊന്നു പോലും കോടതിയിൽ നിന്നില്ല. അതെന്റെ വിഷയമല്ല. ഞാൻ കൂടി ആക്ഷേപം കേട്ടതു കൊണ്ടു പറഞ്ഞെന്നു മാത്രം. കളളൻ മണിയൻപിള്ള ഇന്ത്യയിലെ പ്രധാനപ്പെട്ട ഭാഷകളിൽ സിനിമയാകും. അതിനുള്ള യാത്രയിലാണ് ആ പുസ്തകം. )
ജീവിതമെഴുത്ത് അതീവ വിസ്മയമാണ്. എന്റെ എഴുത്തിന്റെ ഭാഗം തന്നെയാണ്. അത്രയും ജനുവിനായുള്ള ആളുകളെ കിട്ടണം. കള്ളൻ മണിയൻപിള്ളയുടെ പുസ്തകമാണ് സത്യസന്ധരും നിഷ്കളങ്കരുമായ വായനക്കാർ ഉണ്ടെന്ന് പഠിപ്പിച്ചു തന്നത്. പിന്നീടുള്ള എഴുത്തിൽ ഞാൻ അവരെയും കണ്ടു തുടങ്ങി. മനുഷ്യരെ അറിഞ്ഞുതുടങ്ങിയത് ആ പുസ്തകരചനയ്ക്കു ശേഷമാണ്. വാട്ടർ ബോഡി, എന്റെ ജീവിതത്തിൽ ജലം കടന്നു വരുന്ന ഭാഗം വച്ചെഴുതിയ ആത്മകഥയാണ്. അത്രമേൽ നനവുള്ള സാധാരണമനുഷ്യരെ തൊട്ടെഴുതാനുള്ള വേറൊരു ശ്രമമായിരുന്നു അത്.

Q16സമകാലിക സന്ദർഭത്തിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന, എന്നാൽ വളരെയേറെ പ്രാധാന്യം ഉള്ളതുമായ അടിവസ്ത്രങ്ങളുടെ അമിത വില വർധനയെ പറ്റി ‘മറുത’ എന്ന ഏറ്റവും പുതിയ കഥയിൽ പറയുന്നുണ്ട്. പറയുന്ന കഥയും ധ്വനിപ്പിക്കുന്ന ആശയവും വിട്ട് സൂക്ഷ്മാർത്ഥത്തിൽ കഥ പൊളിറ്റിക്കൽ ആകുന്നത് ഇങ്ങനെയല്ലേ?
ഞാൻ ശുഭപ്രതീക്ഷയുള്ള ആളാണ്. അപ്പോ മോശം കാലത്തെ കുറിച്ചോ, സന്ദർഭത്തെക്കുറിച്ചോ വച്ച് മനഃപൂർവം പൊളിറ്റിക്കൽ സ്റ്റോറി ഉണ്ടാക്കാറില്ല. കാലം മാറുമ്പോ, അത്തരം കഥ കൊഞ്ഞണംകുത്തും. കഥയിൽ, കഥാപാത്രത്തിൽ അന്തർലീനമാകണം ഈ പൊളിറ്റിക്സ്. ഒരു പെൺകുട്ടിയുടെ ദാരിദ്ര്യത്തെ സംബന്ധിച്ചുള്ള യാഥാർഥ്യമാണ് ചോദ്യത്തിൽ സൂചിപ്പിച്ച അടിവസ്ത്രത്തിന്റെ വിലക്കയറ്റം. പിഞ്ചിപ്പഴകിയ അടിവസ്ത്രങ്ങൾ കോളനികളിലും മറ്റും ഉണക്കാനിടുന്നതിലെ വിഷമം ഈ കുട്ടിക്കുണ്ട്. അത് മനഃപൂർവമായി വരുന്നതല്ല. അത് പറയാൻ എഴുതിയ കഥയല്ല അത്. അതാ പെൺകുട്ടിയുടെ കഥയാണ്. നമ്മൾ പൊളിറ്റിക്സ് ചേർക്കാൻ പ്രീപ്ലാൻഡ് ആകരുത്. സത്യസന്ധരായ മനുഷ്യർ സന്ദർഭത്തോട് പ്രതികരിക്കുമ്പോ പൊളിറ്റിക്സ് താനെ വരും.

Q17.സ്ഥിരം ചോദ്യമാണ് എങ്കിലും ‘പൊളിറ്റിക്കൽ കറക്റ്റ്നസ്’ ഇന്ദുച്ചേട്ടനെ സംബന്ധിച്ച് എങ്ങനെയാണ് എഴുത്തിൽ പ്രവർത്തിക്കുന്നത്.?
ഈ പൊളിറ്റിക്കൽ കറക്റ്റ്നസ് കള്ളനാണയമാണ്. ലിംഗനീതി, മതാതീതമനുഷ്യസങ്കൽപം, അനുതാപം, മനുഷ്യത്വം, പ്രപഞ്ചബോധം ഇവയൊക്കെ സംബന്ധിച്ച് ധാരണയുണ്ടെങ്കിൽ ആ കറക്റ്റ്നസ് അങ്ങനെ തന്നെ എഴുത്തിൽ കാണും. പത്തു മുപ്പതു കൊല്ലത്തിനിടയിലെ പഴയ കൃതികൾ നോക്കിയാലും അങ്ങനൊരു വീഴ്ച വന്നിട്ടില്ല എന്ന് എനിക്ക് ഏതാണ്ടൊക്കെ ഉറപ്പിച്ചു പറയാൻ പറ്റും.

പത്തിരുപതു കൊല്ലം മുൻപ്, ദൈന്യതയുള്ള, വികലാംഗയായ. തന്നെത്തന്നെ ഭയക്കുന്ന ഒരു പാവം പെൺപ്രേതത്തിന്റെ കഥ ഞാനെഴുതിയിട്ടുണ്ട്. ‘ഒറ്റക്കാലുള്ള പ്രേതം’. അതിൽ ക്ഷേത്രപരിസരത്ത് വച്ച് ആദ്യമായി ആർത്തവം വരുന്നപെൺകുട്ടിയുണ്ട്. അശുദ്ധമായെന്നു വിചാരിച്ച പെൺകുട്ടിയോട്, ദേവി ഒരു മരക്കൊമ്പിൽ നിന്നിറങ്ങി വന്ന് ചോദിക്കുന്നുണ്ട്: പിന്നെ പെണ്ണായിട്ട് ഞാനിവിടെ കാലങ്ങളോളം ജീവിക്കുന്നത് എങ്ങനാടീ എന്ന്.

മനുഷ്യത്വമാണ് നിങ്ങളുടെ കലയുടെ അന്തസ്സെങ്കിൽ നിങ്ങൾ പൊളിറ്റിക്കൽ കറക്ട്നെസ് ചികയേണ്ടതില്ല. അതവിടെ കാണും. മനുഷ്യത്വമെന്നു മാത്രമല്ല പറയേണ്ടത്. സ്വസ്ഥമായി ജീവിക്കാനുള്ള ഏത് ജീവജാലങ്ങൾക്കുമുള്ള അർഹത. അത് എഴുത്തുകാരൻ മനസ്സിലാക്കിയാൽ മതി. എഴുത്തിനുമപ്പുറം എഴുതുന്നയാളിന് ജീവിതമുണ്ട്.

Q18.ചേട്ടന്റെ എഴുത്തുകൾ മിക്കവയിലും ‘ നീതി ‘എന്ന ഘടകത്തിന്റെ സാധൂകരണം കാണാം. അത്‌ പ്രത്യേകം ശ്രദ്ധിക്കാറുണ്ടോ?
നീതി കൃത്യമായാണോ നിർവഹിക്കപ്പെടുന്നത്. അല്ല. മനുഷ്യപ്രകൃതത്തിലെ വൈകല്യം ഏറ്റവുമധികം വ്യക്തമാകുന്നത് നീതിയും അധികാരവും ഏറ്റുമുട്ടുമ്പോഴാണ്. ആ ഉൽകണ്ഠ, ധാർമികരോഷം ഒക്കെ ഏത് എഴുത്തുകാരനെ സംബന്ധിച്ചും ഒരു ഇഷ്യു തന്നെയാണ്. ആ മട്ടിൽ അത് വന്നിട്ടുണ്ടാകും.

Q19 .ഇന്ദുചേട്ടന്‍റെ കഥകളില്‍ മിക്കവാറും ബലാബലം നില്‍ക്കുന്ന കഥാപാത്രങ്ങളാണ്. നന്മ-തിന്മകളുടെ അടിസ്ഥാനത്തില്‍ നായകന്‍-വില്ലന്‍ ദ്വന്ദ്വങ്ങളില്‍ വേര്‍തിരിക്കാന്‍ ആകാത്തവര്‍. (ചെങ്ങന്നൂര്‍ ഗൂഢസംഘത്തിലാണെങ്കില്‍- മെക്കാളെ -മൈതീൻ , വിലായത്ത് ബുദ്ധയിലാണെങ്കില്‍ ഭാസ്കരന്‍ സാറും ഡബിള്‍ മോഹനനും, ചെന്നായയിലാണെങ്കില്‍ സഞ്ജയ്‌-ജോ ,പടിഞ്ഞാറെക്കൊല്ലം ചോരക്കാലം, ശംഖുമുഖി അങ്ങനെ മിക്കവയിലും ഇതു കാണാം.ഈ രൂപപ്പെടുത്തലിനു പിന്നിലെ ഘടകം എന്താണെന്ന് പറയാമോ?
നന്മയുള്ള ഒരാൾ, തിന്മയുള്ള ഒരാൾ. അങ്ങനെ ആരുമില്ല. നമ്മുടെ സാമൂഹികക്രമം വച്ചു നമ്മുടെ തന്നെ നിർവചനമാണത്. നന്മയും തിന്മയും ഒരാളിന്റെ ഉള്ളിലാണ്. അതിന്റെ ഏറ്റക്കുറച്ചിലുകൾ വച്ച്, അവനവൻ, അവനവനോട് ചെയ്യുന്ന യുദ്ധമാണ്, അതിന്റെ അന്തർസംഘർഷത്തിലാണ് ജീവിതം. രണ്ടു മനുഷ്യർ തമ്മിൽ ഇണങ്ങുകയോ, ഇടയുകയോ ചെയ്യുമ്പോഴേ, അത് സംവേദനം ചെയ്യപ്പെടുന്നുള്ളൂ. അവിടെ നാടകീയതയുടെ അംശങ്ങൾ പൊഴിഞ്ഞു വീണു തുടങ്ങും. അതെടുത്തു വച്ചാൽ ആർട്ടുണ്ടാക്കാം. ഓരോരുത്തരുടെയും ഉള്ളിലെയും നന്മതിന്മകളുടെ പ്രതികരണമാണ് എന്റെ കഥയിലെ ആർട്ട്. കഥകളിൽ വയലൻസ് വരുന്നതും അതു കൊണ്ടാണ്.
വന്യത ഒരു ചോദനയാണ്. ചോദ്യം ചെയ്യാനുള്ള ചോദന. നമ്മൾ അടക്കിപ്പിടിക്കുന്ന എല്ലാ അടിസ്ഥാനവികാരങ്ങളുടെയും പുറന്തള്ളൽ വയലൻസിലൂടെയാണല്ലോ. ആർട്ടിൽ, അതിന്റെ പ്രകടനപരതയ്ക്ക് കൂടുതൽ യാത്ര ചെയ്യാനാകും. വയലൻസ് എന്നതിനേക്കാൾ അതിനെ എക്‌സ്‌പ്രെഷൻ എന്നാണ് വിളിക്കേണ്ടതെന്നു തോന്നുന്നു.

Q20 ക്രൈം ഫിക്ഷനു ഏറ്റവും പ്രചാരമുള്ള സമയമാണിതെന്നു തോന്നുന്നു. ധാരാളം പുതിയ വായനക്കാര്‍, എഴുത്തുകാർ ഈ ട്രെൻഡുകൾ ഉണ്ടാക്കിയെടുക്കുന്നത് വലിയ പ്രസാധകരാണോ?
ലോകത്തെങ്ങും പ്രസാധകരുടെ നിലനിൽപ്പിന്റെയും പുസ്തകവിൽപനയുടെയും അടിത്തറയുടെയും കാതലാണ് ക്രൈം റൈറ്റിങ്. മുഖ്യധാരാ സാഹിത്യത്തിൽ അതിന്റെ സ്ഥാനത്തെ കുറിച്ച് വൈകിയാണ് ഇവിടെ നമ്മുടെ പ്രധാന പ്രസാധകർ തിരിച്ചറിയുന്നതെന്നേയുള്ളൂ.

Q21 ക്രൈം ത്രില്ലറുകളല്ലെങ്കിലും ഇന്ദുചേട്ടന്റെ എഴുത്തുകൾ ഈ ലേബലിംഗ് ചെയ്യുന്നു,-ട്വിങ്കിൾ റോസയും പന്ത്രണ്ടുകാമുകന്മാരും’ പുസ്തകമായി ഇറങ്ങിയപ്പോൾ ക്രൈം ത്രില്ലർ എന്ന ടൈറ്റിലോടെയാണ് പുറത്തിറങ്ങിയിരുന്നത്. അതിലുൾപ്പെടുത്തിയിരുന്ന മറ്റു രണ്ടു കഥകളിലും ക്രൈം എലമെൻ്റ് താരതമ്യേന കുറവായിരുന്നു താനും. അതിനെപ്പറ്റി?
അതിലെനിക്ക് പങ്കില്ല. മാറ്റണമെന്ന് ആവശ്യപ്പെടാനൊന്നും പോയില്ല. ചിലയിടത്ത് വായനക്കാർ അതിലെ അസ്വസ്ഥത എഴുതിയിട്ടിരിക്കുന്നതു ചിലർ ശ്രദ്ധയിൽ പെടുത്തി. പ്രസാധനം അത്ര സുരക്ഷിതമായ കാലത്തിലൂടെയല്ല കടന്നു പോകുന്നത്. പുസ്തകം മാർക്കറ്റ് ചെയ്യാൻ ഞാനായിട്ട് ഒരു ശ്രമവും നടത്തുന്നില്ല. എന്റെ പുസ്തകം ദാ വരുന്നുവെന്ന് ഞാൻ ആരോടും പറയാറുമില്ല. ഇതൊന്നും ചെയ്യാതെ, അങ്ങോട്ട് ചെന്ന്, അവർ ചെയ്യുന്ന മാർക്കറ്റിങ്ങിനെ കൂടി തടസ്സപ്പെടുന്നതെന്തിനാണ്? സത്യത്തിൽ അതൊരു ഗൗരവമുള്ള കാര്യമായി പോയി കരുതിയിട്ടില്ല. ഇപ്പോൾ പറയുമ്പോഴാണ്…

Q22നമ്മുടെ ചെറുകഥകൾ സിനിമകളായി മാറുന്നു. വലിയ അംഗീകാരങ്ങൾ നേടുന്നു. മലയാള കഥയ്ക്കിത് വസന്തത്തിന്റെ കാലമാണോ?
മുമ്പും ധാരാളം കഥകൾ സിനിമയിലേക്ക് പോയിട്ടുണ്ട്. വലിയ അംഗീകാരം നേടിയിട്ടുമുണ്ട്. ഇടയ്ക്ക് ഗ്യാപ് വന്നതാണ്. പക്ഷേ ഇപ്പോൾ ആ അംഗീകാരത്തിന്റെ വ്യാപ്തി വളരെ കൂടി. പ്രതിഭ കൂടുതൽ ആദരിക്കപ്പെടുന്ന ഘട്ടത്തിലേയ്ക്കു വരുന്നു. പ്രാദേശികത ലോകമെങ്ങും കരുത്തായി. സിനിമയിലും വലിയ മാറ്റം വരുന്നു. സ്വാഭാവികതയുള്ള ജീവിതത്തെ അത് തേടിത്തുടങ്ങി. അതിനേക്കാൾ കൂടുതൽ മലയാളസാഹിത്യം, ഒരുപാട് വിവർത്തനം വഴി ഇന്ത്യയെങ്ങും അറിയപ്പെടുന്ന തലത്തിലേയ്ക്ക് വളരുന്നു. നമ്മുടെ റൈറ്റേഴ്സ് ‘പാൻ ഇന്ത്യാ’ റൈറ്റേഴ്സ് ആകുന്നു. അംഗീകരിക്കപ്പെടുന്നു. സാഹിത്യത്തെ സംബന്ധിച്ച് അതാണ് കൂടുതൽ വലുതും നല്ലതുമായിട്ടുള്ള മാറ്റം.

Q23.സിനിമയെപ്പറ്റി സംസാരിച്ചാൽ അമ്മിണിപ്പിള്ള വെട്ടുകേസ്, വൂൾഫ് (ചെന്നായ എന്ന കഥ) ശംഖുമുഖി, ഡിക്റ്റിറ്റീവ് പ്രഭാകരൻ അങ്ങനെ പല സിനിമകളും ചേട്ടനിലൂടെ വരാനുണ്ട്. അല്ലെ?ഒരിക്കൽ എഴുതിയ കഥകൾ, പിന്നീട് സ്വന്തം കൈകളിലൂടെ തിരക്കഥയാകുമ്പോൾ എത്രത്തോളം ആവേശം അതിലുണ്ടാകും?
പ്രത്യേകിച്ചും ഇവയെല്ലാം ത്രില്ലിംഗ് ആയ കഥകളാണല്ലോ. വായനയ്ക്കും കാഴ്ചയ്ക്കും ഇടയ്ക്കുള്ള ഇടത്താവളമാണ് നിങ്ങളുടെ എഴുത്ത് എന്ന് ഒരു കക്ഷി വിളിച്ചു പറഞ്ഞു. ആരോപണമായിട്ടാണോ നല്ലതായിട്ടാണോ എന്നറിയില്ല. എന്തായാലും അനുഭവിക്കാം.
എല്ലാത്തിന്റെയും തിരക്കഥകൾ സ്വയം ചെയ്യുന്നില്ല. കഷ്ടപ്പാടാണ്. ആദ്യം നമ്മൾ വികസിപ്പിച്ചതാണ് കഥ. അപ്പോഴുള്ള ത്രില്ല് അപാരമാണ്. തിരക്കഥയാക്കുമ്പോൾ നമ്മൾ മറന്ന, സൈഡ് ആയിപ്പോയ കഥാപാത്രങ്ങൾ, ചില തലങ്ങൾ ഒക്കെ വികസിക്കും. തിരക്കഥ, കഥയുടെ ദൃശ്യപരമായ അടരുകളെ പ്രകടമായും ഇളക്കിയെടുത്ത് വികസിപ്പിച്ച്, സൂക്ഷ്മമായി അടുക്കി, അതിനൊരു പൊതു രസതന്ത്രം ഉണ്ടാക്കുന്ന ഏർപ്പാടാണ്. നോക്കാം. അതാണല്ലോ ഇപ്പോ ജീവിതം. ജീവനം.

Q24രസമുള്ള ഒരു ചോദ്യമാണ്. ‘ഇമ്പം’ എന്ന വാക്ക് ചേട്ടൻ എപ്പോഴും ഉപയോഗിക്കുന്ന ഒന്നാണ്.എഴുത്തുകളിലും ഇമ്പമാണ് മെയിൻ. ‘ഇമ്പ’ത്തിനെ ഇത്രയും ഇഷ്ടപ്പെടാൻ കാരണം?
അതീ ഇന്റവ്യൂവിൽ മനഃപൂർവം ഉപയോഗിക്കാത്തിരുന്നതാണ്. ഇമ്പം ആണ് എല്ലാത്തിന്റെയും ഒരിത്. സമാന അർഥത്തിലുള്ള പകരം വാക്കുകൾ വച്ചിട്ടുണ്ട്.

Q25ഇനി കട്ട വെയിറ്റിംഗ് ഉള്ള ഒരെണ്ണം പതിനെട്ടര കമ്പനിയാണ്. കഴിഞ്ഞ ഓണത്തിന് മനോരമ വാർഷികപ്പതിപ്പിൽ സസ്പെൻസിൽ നിർത്തിയിട്ടു പോയതാണ്. ബാക്കി എപ്പോഴാണ്?. അതുപോലെ പുതിയ എഴുത്തുവിശേഷങ്ങൾ എന്തൊക്കെയാണ്?
പതിനെട്ടര കമ്പനി മനസ്സിലുണ്ട്. ഞെളിപിരി കൊള്ളിക്കുന്നുമുണ്ട്. നമ്മളെ ഉലയ്ക്കുന്ന ചില പുതിയ സാധനങ്ങളും കിടക്കുന്നു. സമയം പോലെ എഴുതി വരണം. മനുഷ്യനല്ലേ? ഒരു പരുവത്തിനൊക്കെ അല്ലേ നടക്കൂ.

Mob: 9447676089