നിശബ്‌ദ സഞ്ചാരങ്ങൾ: ഭൂമിയിലെ മാലാഖമാരുടെ കനിവിന്റെ കഥ

ഷിബി ഐ.ജി.

മധ്യതിരുവിതാംകൂറിൽ നിന്ന് ഭൂഖണ്ഡങ്ങൾ താണ്ടി ഭൂമിയുടെ പലഭാഗത്തേക്കും നേഴ്‌സുമാർ നടത്തിയ പലായനത്തിന്റെയും പ്രവാസജീവിതത്തിന്റെയും കഥയാണ് ‘നിശബ്‌ദ സഞ്ചാരങ്ങൾ’ എന്ന തന്റെ പുതിയ പുസ്തകത്തിലൂടെ ബെന്യാമിൻ പറയുന്നത്. മരണത്തിന്റെയും അതിജീവനത്തിന്റെയും മുറികൾ ആശുപത്രികളിൽ പലപ്പോഴും അടുത്തടുത്തായിരിക്കും. അവയ്ക്കു ഒരു ജനൽ മറ പോലും പലപ്പോഴും കാണില്ല. അജ്ഞാതരായവരുടെ മരണം നമുക്ക് വെറുമൊരു വാർത്ത മാത്രമാണ്. മറിച്ച്, മനസ്സുകൊണ്ട് നമ്മെ തൊട്ടിരുന്ന ഒരാൾ മരണപ്പെട്ടുപോകുമ്പോൾ അതൊരു കടുംനൊമ്പരമാകുന്നു. രോഗം ഭേദമാകുന്ന ഒരാൾക്ക,് ആശുപത്രിവാസം അവസാനിച്ചുമടങ്ങുന്ന വേളയിൽ തോന്നുന്നത് ‘മുൾക്കാടുകൾക്കിടയിൽ കൊമ്പ് കുടുങ്ങിപ്പോയ കലമാൻ’ തല വലിച്ചോടി രക്ഷപ്പെടുന്നതു പോലെയാണ്.

ആശുപത്രി വാർഡിലോ ഐസിയുവിലോ ആയാൽ, ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ രോഗിയെ സന്ദർശിക്കും. രോഗിക്ക് മാനസികമായി ശക്തി പകരാനും, തങ്ങളുടെയടുപ്പം ബോധ്യപ്പെടുത്തുന്നതിനും മാത്രമായി നടത്തുന്ന നിരർത്ഥകമായ സന്ദർശനങ്ങളാണവ. പ്രായോഗികമായി, രോഗാവസ്ഥ മാറ്റാനുതകുന്ന സഹായമൊന്നും അത്തരം സന്ദർശനങ്ങൾക്ക് നൽകാൻ കഴിയാറില്ല. ഒരാൾ രോഗിയായി മാറുമ്പോൾ, കട്ടിലിനരികിൽ നാഡി മിടിപ്പ് പിടിച്ചുനോക്കാനും, ഗുളികപ്പൊതി വാതുറന്ന് വായിലിട്ടു കൊടുക്കാനും വരുന്ന സമാശ്വാസത്തിന്റെ ശുഭ്രവസ്ത്രധാരിണികളും, ചെവിയിൽ കുഴലറ്റം തിരുകി നെഞ്ചിൽ തണുപ്പിന്റെ വൃത്തം വെച്ച് ഹൃദയമിടിപ്പിന്റെ താളവ്യതിയാനങ്ങൾ കാതോർക്കുന്ന ഭിഷഗ്വരന്മാരുമാണ് അയാളുടെ യഥാർത്ഥ ബന്ധുക്കൾ.

ഷിബി ഐ.ജി.
ഇത്തരത്തിൽ ഒരാശുപത്രിവാസത്തിൽ, ഉറുമ്പു വർഷങ്ങളായി തോന്നിയ ഏതാനും ദിവസങ്ങളുടെ ഏകാന്തതയിൽ, നോവലിലെ പ്രധാനകഥാപാത്രമായ മനു ആതുരശുശ്രൂഷകരുടെ ജോലിയിലെ ആത്മാർത്ഥത മനസ്സിലാക്കുന്നു. ആ അഭിനിവേശമാണ,് തലമുറകളായുള്ള ആതുരയാത്രയുടെ അടിവേരുകൾ അന്വേഷിക്കാൻ, മനുവിനെപ്രേരിപ്പിക്കുന്നത്. അത് കാലദേശാതിരുകൾ ഭേദിച്ചു ഒരു ജനിതക വൃക്ഷത്തിന്റെ വേരും പടർപ്പും അന്വേഷിക്കുന്ന തലത്തിലേക്ക് വളരുകയും പടരുകയും ചെയ്യുന്നു.ഒരാളിന്റെ മരണം എങ്ങനെയായിരുന്നുവെന്നും എവിടെവെച്ചായിരുന്നുവെന്നും കണ്ടെത്താൻ നടത്തുന്ന താല്പര്യം തന്നെയാണ് അയാൾ എങ്ങനെജീവിച്ചുവെന്നതും എവിടെയൊക്കെ ആർക്കൊക്കെ വേണ്ടി കഷ്ടപ്പെട്ടിട്ടുണ്ടു എന്ന് മനസ്സിലാക്കാനും കാണിക്കുന്നത്. പല വഴികളിലൂടെ, പല പ്രദേശങ്ങളിലൂടെ, പല വ്യക്തികളിലൂടെ, സഞ്ചരിച്ചു കിട്ടുന്ന അനുഭവങ്ങളുടെ ഒരു കൂട്ടപ്പെരുക്കമാണ് നോവലിന്റെ വികാസത്തിന് അടിസ്ഥാനമായത്. പഴയ ഒരു കത്തിലെ, മാഞ്ഞു തുടങ്ങുന്ന വാക്കുകളിലൂടെ തുടങ്ങി, തിരുവിതാംകൂർ നസ്രാണികൾക്കിടയിലെ പെൺകരുത്തിന്റെ ആത്മസത്ത ഇറ്റിച്ചെടുത്ത് വായനക്കാർക്ക് പകർന്നു കൊടുക്കുന്ന രാസവിദ്യയാണ് ഈ നോവലിന്റെ കരുത്ത്.

മാന്തളിർ ദേശത്തെ ജീവിതം
കഥ നടക്കുന്ന കാലത്തെ അടയാളപ്പെടുത്താനായി എഴുത്തുകാരൻ സമീപകാലത്ത് കേരളം മുങ്ങിപ്പോയ പ്രളയത്തിനെക്കുറിച്ചു തുടക്കത്തിൽ തന്നെ പറയുന്നുണ്ട്. തന്റെ നാടായ മാന്തളിരിന്റെ ഭൂപ്രകൃതിയെക്കുറിച്ചും, പ്രകൃതിയുടെ വികൃതികളെ തരണം ചെയ്യാൻ മുൻതലമുറ, പണ്ടു കാലത്തു വീടുകൾ കെട്ടിയുയർത്തുമ്പോൾ തന്നെ കാണിച്ചിരുന്ന ജാഗ്രതയെയും എടുത്തു കാട്ടുന്നു. നാളുകൾക്കു മുൻപു തന്നെ അഞ്ചു പടിയുയരത്തിൽ വീടുകൾ കെട്ടിയുയർത്തി ഉമ്മറത്തേക്ക്
വെള്ളം അടിച്ചു കയറാതിരിക്കാനുള്ള സാങ്കേതിക നൈപുണ്യം കാണിച്ച പൂർവ്വികരടെ കഴിവിനെനോവലിന്റെ തുടക്കത്തിൽ എടുത്തു പറയുന്നുണ്ട്. കാലാവസ്ഥയുടെ തകിടം മറിച്ചിലുകളെ കരുതലോടെ നോക്കിക്കാണാനുള്ള ഒരു ജനതയുടെ കണക്കു കൂട്ടലിനെയാണ് ഇത് അടയാളപ്പെടുത്തുന്നത്. ഇക്കഴിഞ്ഞ പ്രളയത്തിൽ, രണ്ടടിപ്പൊക്കത്തിൽ വെള്ളം കയറി
യ വീടുകളിലെ, വാസ്തുശാസ്ത്ര മണ്ടത്തരത്തെ ഒന്ന് ഞോണ്ടാനും ബെന്യാമിൻ മറക്കുന്നില്ല.

ചരിത്രത്തെയും കുടുംബത്തിന്റെ തായ്‌വേരുകളെയും നിരസിക്കുന്ന ഒരു പുതുതലമുറ, ഇവിടെ വളർന്നു വരുന്നുണ്ട്. ചെവിയിൽ തിരുകിയ രണ്ടു വയറുകളിലൂടെ ലോകത്തെ ഉള്ളിലേക്കെടുക്കാനല്ലാതെ, മനുഷ്യനുമായി വെറും വർത്തമാനങ്ങളിലൂടെ ചങ്ങാത്തത്തിലാകാൻ പുതുതലമുറ ശ്രമിക്കാത്തതിന്റെ ഇർഷ്യ ബെന്യാമിൻ കഥാപാത്രങ്ങളെക്കൊണ്ട് പങ്കുവെയ്ക്കുന്നുണ്ട്. പഴയ മാന്തളിർ ദേശത്തിലെ ജീവിതത്തിന്റെ ഊടും പാവും അടുത്തറിഞ്ഞ അപ്പച്ചന്റെ വാക്കുകളിലൂടെയാണ് ഇത് വെളിവാകുന്നത്. ‘തന്നെത്തീനികളുടെ’ വർത്തമാനകാല സ്വാർത്ഥതയും അവനവനിസവും പഴയ മാന്തളിർ ദേശത്ത് അന്യമായിരുന്നു എന്നതാണ് ആ ദേശപ്പെരുമയുടെ കാതൽ. ഒരാൾ മറ്റൊരാളിനെകൈപിടിച്ചുയർത്താൻ കാണിച്ചിരുന്ന ചങ്ങല ബന്ധമാണ് ദേശത്തെ പട്ടിണിയുടെ പരിവട്ടത്തിൽ നിന്ന് പ്രതാപത്തിന്റെ പെരുമയിലേക്ക് വലിച്ചു കയറ്റിയത്.

വിദേശത്ത് ജോലിചെയ്യുന്നവർ, ഉച്ചവെയിലിലും ഉറക്കപ്പായിലും ഉരുവിടുന്നതു് മുഴുവൻ പത്തുകാശാകുമ്പോൾ ജോലി മതിയാക്കി, കുട്ട്യോളുടെയും ഭാര്യയുടെയും ചാരത്ത,് അങ്ങ് നാട്ടിലെത്തണമെന്നാണ്. എന്നാൽ, വളർന്ന് മുഴുപ്പെത്തുന്ന സ്വന്തം മക്കളെ, എങ്ങനെയെങ്കിലും നാട്ടിൽ നിന്ന് വിദേശത്തേക്ക് കയറ്റി അയയ്ക്കണമെന്ന് അവർ വെമ്പൽ കാട്ടുകയും ചെയ്യും. ഈ വൈരുദ്ധ്യം ഒരു യാഥാർത്ഥ്യമാണെന്ന് നേരനുഭവങ്ങളിലൂടെ മലയാളികൾക്കെല്ലാം ബോധ്യമുണ്ട്.

മലയാളികൾ ഇന്ന് രണ്ടു വിഭാഗമുണ്ടു്. അകം മലയാളിയും പുറം മലയാളിയും. ഇവർ തമ്മിൽ ജനിതക വ്യത്യാസമില്ലാഞ്ഞിട്ടും അവരുടെ മനോഭാവം, ആത്മാർത്ഥത, അന്യരോടു കാട്ടുന്ന അനുകമ്പ, സഹകരണം, സത്യസന്ധത, അർപ്പണബോധം, അച്ചടക്കം ഇതൊക്കെ വലിയ രീതിയിൽ വ്യത്യാസപ്പെട്ടു കിടക്കുന്നുവെന്ന് കഥയുടെ ഒഴുക്കിൽ ഇടയ്ക്കിടയ്ക്ക് വിചിന്തനം ചെയ്യുന്നുമുണ്ട്. പുതുപ്പണക്കാരും, കള്ളക്കടത്തുകാരും, ദൈവവിളിക്കാരുമൊക്കെ അനിയന്ത്രിതമായി, ഒരു കെട്ട കാലത്ത്, കെട്ടിപ്പൊക്കിയ ഇൻജീനിയറിംഗ് ശാലകൾ അബദ്ധ രാഷ്ട്രീയത്തിന്റെ ബാക്കിപത്രമാണ്. ഓരോ വീട്ടിലും, അച്ഛനമ്മമാരും ഇൻജിനീയറിംഗ് ബിരുദദാരികളായ മക്കളും തമ്മിലുള്ള, ഫോട്ടോസ്റ്റാറ്റ് വാചക യുദ്ധങ്ങൾ ഈ നോവലിലും കാണുന്നുണ്ട്. ഇൻജിനീയറിംഗ് ബിരുദമുള്ളവൻ അരലങ്കാരമല്ല വീട്ടിന്റെ ബാധ്യതയായി മാറുന്നു. അത്തരക്കാർ കേരളത്തിൽ നിന്നാൽ കരകയറില്ല എന്നൊരു ശാപവാക്യം ഓരോ വീട്ടകങ്ങളിലും, ചുമരിലെ ഘടികാരത്തിൽ നിന്നെന്നോണം, ഇടവിട്ട് കേൾക്കുന്ന അപശബ്ദമാണ്.

പുതുമലയാള സിനിമയുടേത് പോലെ മലയാളി യുവത്വത്തിന്റെ പുതുകാല അഭിനിവേശങ്ങളും അവയോടു മാതാപിതാക്കളുടെ പഴഞ്ചൻ പ്രതികരണങ്ങളും യഥേഷ്ടം ഇടവിട്ടിടവിട്ടു വിതറിത്തന്നെയാണ് കഥ പുരോഗമിക്കുന്നത്. ജോലി തേടിയുള്ള പായ്ച്ചിലിനിടയ്ക്കുള്ള കൊള്ളിവാക്കുകൾ മനുവിന്റെ അമ്മയിൽ നിന്ന് അവന് നിരന്തരം കേൾക്കേണ്ടി വരുന്നു. അത് പതിവ് വർത്തമാനങ്ങൾ മാത്രമാണെന്ന തരത്തിൽ സ്‌നേഹ പരിഹാസത്തിന്റെ മേമ്പൊടി ചേർത്തയാൾ പ്രതികരിക്കുന്നുമുണ്ട്. അഭ്യസ്തവിദ്യരും തൊഴിലില്ലാത്തവരും നാട്ടിനൊരധികപറ്റാണെന്ന തരത്തിലുള്ള സമൂഹത്തിന്റെ വിലയിരുത്തലുകൾ ഓരോ ചെറുപ്പക്കാരനെസംബന്ധിച്ചും അപമാനകരമാകുന്ന ജീവിത സന്ദർഭങ്ങളാണ് ഉണ്ടാക്കുക. അതവരിൽ സൃഷ്ടിക്കുന്ന സാമൂഹ്യസമ്മർദ്ദം വലുതാണ്. ജീവിതത്തോടു യുദ്ധം ചെയ്തു ജയിക്കാനുള്ള വാശിക്ക് പകരം ഒറ്റപ്പെടലിന്റെയും വിഷാദത്തിന്റെയും ഇരുൾവഴികളിൽ ചെന്ന് സ്വയംഹത്യയിലൊടുങ്ങുന്ന ഒട്ടനവധി സംഭവങ്ങളാണ് നമ്മൾ ദിനം പ്രതി അറിയുന്നത്. സമകാലിക ജീവിത പരിസരം ഉപയോഗിച്ചു കഥയെഴുതുന്നയാൾക്ക്, അതിലൊന്നും തൊടാതെ, അകന്നു നില്ക്കാൻ കഴിയില്ല. അത് കൊണ്ട് തന്നെ ഈ ജീവിത വിവരണത്തിലൊരിടത്തും അത്യുക്തിയുടെ പൊങ്ങലും പൊടിപ്പുമില്ല.

സാരിവിസയും മലയാളിയും
നിസ്സാരമെന്ന് തോന്നിക്കുന്ന ഒരു വീട്ടു വർത്തമാനത്തിനിടയ്ക്കാണ് മനുവിന്റെ മനസ്സിലുള്ള അവന്റെ പ്രിയപ്രേയസ്സിയെക്കുറിച്ചുള്ള ആദ്യ സൂചന അവന്റെ അമ്മ വിളമ്പുന്നത്. ജാനകിയെന്നാണവളുടെ പേര്. അത് സാധാരണ ഹിന്ദു നാമമായിട്ടാണ് കരുതുന്നത്. മറിച്ചൊരു സൂചനയും നോവലിസ്റ്റ് ഒരിടത്തും തരുന്നതായി ശ്രദ്ധയിൽ പെട്ടിട്ടില്ല (കൊന്നമരത്തെ കുറിച്ചുള്ള ഒരു വാചകം ഒഴിച്ചാൽ). മതത്തെ നിരാകരിച്ചു കൊണ്ടുള്ള ആ പ്രണയത്തെ ആകട്ടെ മാതാപിതാക്കൾ എതിർക്കുന്നതുമില്ല. മനുവിന്റെ വീട്ടുകാർക്കുള്ള പ്രധാനഎതിർപ്പു, ജാനകി തിരഞ്ഞെടുത്ത പഠനവിഷയം മലയാളം ആണെന്നതാണ്. അല്ലാതെ അവർ ആഗ്രഹിക്കുന്നത് പോലെ നേഴ്‌സിങ് അല്ല. എം.എ. മലയാളത്തിന് പഠിക്കുന്ന മനുവിന്റെ കാമുകിപ്പെണ്ണിനോടു, അതും കഴിഞ്ഞു നേഴ്‌സിംഗിന് ചേർന്നു പഠിച്ചു ഒരു ജോലി ഓസ്‌ട്രേലിയയിൽ ഒപ്പിക്കുന്ന കാര്യം നേടിയെടുക്കാൻ മനുവിന്റെ അമ്മ അവനെ ഉപദേശിക്കുന്നിടത്ത് നാട്ടിലെ സാരിവിസ എന്ന നടപ്പു സമ്പ്രദായത്തിനെ തോണ്ടി രസിക്കുകയാണ് എഴുത്തുകാരൻ. വെളിനാട്ടിലെ നേഴ്‌സിനെ കെട്ടിയാൽ അവളോടൊപ്പം ആ നാട്ടിലേക്ക് കടക്കാൻ കഴിയുന്ന ഒരു ‘സാരിവിസ’യാണ് കെട്ടിയോൻ നേടുന്നതെന്ന ഫലിതത്തിന്റെ മർമ്മാണിവിടെയെടുത്തിടുന്നത്. ഇത്തരത്തിലുള്ള ഇപ്പോൾ വിവാഹങ്ങൾ കൂടിക്കൂടി വരുന്നു എന്നതാണ് ഈ പ്രശ്‌നം ഉയർത്തിക്കാട്ടുന്നതിന്റെ സാംഗത്യം. നൂറ്റിയൊന്നു പവനും, കാറും, സ്വത്തും എന്ന പഴയ ഉടമ്പടി വെച്ചു നീട്ടാതെ അക്കരെ ജോലിചെയ്യുന്ന നേഴ്‌സു പെൺകൊച്ചു കെട്ടിക്കഴിഞ്ഞാൽ തന്റെ മകനെയും കാനഡയിലേക്കോ, ഇംഗ്ലണ്ടിലേക്കോ, ജർമ്മനിയിലേക്കോ, ഇറ്റലിയിലേക്കോ, ആസ്‌ട്രേലിയയിലേക്കോ ഭൂമിമലയാളമല്ലാത്ത ഏതു പ്രതാപം പേറുന്ന നാട്ടിലേക്കും അവൾക്കൊരു കാവൽക്കാരൻ ആയി പോകാനുള്ള സമ്മതപത്രമൊപ്പിടുന്ന ഗതികേടിലാകുന്ന ചെറുക്കൻ കൂട്ടരെയാണ് കേരളമിന്ന് ഒറ്റയ്ക്കും തെറ്റയ്ക്കും പലയിടത്തും കാണുന്നത്.
വീട്ടകങ്ങളിലും, നാട്ടു ചത്വരങ്ങളിലെയും സ്വാഭാവിക സംഭാഷണങ്ങളും ബന്ധു മിത്രാദികളുടെ മനോഭാവം വെളിവുക്കുന്ന ഇടപെടലുകളും വായനക്കാരനെസ്വയം നോവലിനുള്ളിലെ കഥാപാത്രങ്ങളിലേതെങ്കിലുമൊരാൾ താൻ തന്നെയാണോ എന്ന് തോന്നിപ്പിക്കും വിധം തികച്ചും സ്വാഭാവികാന്തരീക്ഷത്തിൽ നിന്നു മെനഞ്ഞെടുത്തുട്ടിള്ളുതാണ്.

അപ്രാപ്യയായ അനുഭവങ്ങളുടെ ഭൂതകാലം ഇതൾ വിരിക്കുന്ന പരിമിതമായ ജീവിതാവസ്ഥകളുടെ നടുമുറ്റത്ത് തന്നെയാണ് നിരന്തര ബോധ്യത്തിലൂടെ നാമോരുത്തരും കടന്നുപോകുന്ന ജീവിതത്തെയും ബെന്യാമിൻ ചേർത്തു വെച്ചിരിക്കുന്നത്. പാരസ്പര്യം പേറുന്ന ഈ രചനാഘടനയാണ് നോവലിനെആകർഷകമാക്കുന്ന ഒരു വശം. പക്ഷേ മനു, എന്ന കേന്ദ്രകഥാപാത്രത്തിന്റെ അകവും പുറവും ചില പൊരുത്തക്കേടുകളിൽ നിന്നുടലെടുക്കുന്നതായി തുടക്കത്തിൽ വായനക്കാരന് തോന്നിയേക്കാം. ആ വ്യത്യാസത്തെ ഇല്ലാതാക്കുന്ന ഒരുൾക്കരുത്ത് ബെന്യാമിൻ, നോവലിന്റെ വളർച്ചയിൽ, ആ കഥാപാത്രത്തിന് നല്കിയിട്ടുമുണ്ട്. വെളിനാടിൽ വിയർപ്പിറ്റിച്ച്, ദേശത്തെ പട്ടിണിയിൽ നിന്ന് കരകയറ്റിയവരോടുള്ള അതിരുവിട്ട ബഹുമാനം അയാൾ പ്രദർശിപ്പിക്കുന്നുണ്ട്. എന്നാൽ, തനിക്ക് കൈമുതലായ ഇൻജിനീയറിംഗ് ബിരുദത്തിന് ഒരു ടിപ്പണിയായി, ഐ ഇ എൽ ടി എസ് പാസ്സായി മുന്തിയ വിദേശജോലി തേടിപ്പോകാൻ അവൻ ഒട്ട് ഒരുക്കമല്ലതാനും. മലയാളം ബിരുദം ആണ് ഇനി നേടുന്നത് എന്ന പ്രഖ്യാപനം അവന്റെ അപ്പനമ്മമാരുടെ വെളിദേശഭ്രമത്തെ നിർദ്ദയം നിരാകരിക്കുന്നതിന് കൂടിയാണ്. ‘പാറ്റയുടെയും കൊതുകിന്റെയും കാർക്കിച്ചു തുപ്പുന്ന വല്ല്യപ്പന്മാരുടെയും’ നാടാണ് കേരളമെന്നാണ് പുറം നാട്ടിൽ ജനിച്ചു വളർന്ന ഹോർലിക്‌സു കുഞ്ഞുങ്ങളുടെ പുച്ഛം മനുവിന്റെ ചിറിയിൽ അല്പം പോലുമില്ല.

മുൻതലമുറക്കാരെക്കുറിച്ചു വിശദമായറിയാനുള്ള ഒരാവേശം മനുവിൽ ബാധ പോലെ കയറിക്കൂടുന്നതായി നാം കാണുന്നു. ക്ലാസ്സുമുറിയിൽ, മടുപ്പിക്കുന്ന വ്യാകരണ നിയമങ്ങളുടെ ഭൂതവും വർത്തമാനവും മുള്ളുകൾ കോറിച്ചതിന്റെ വേദനയും വിരസതയും ഒഴിവാക്കി, മനു മറിയാമ്മയുടെയും കുഞ്ഞച്ചായന്റെയും ഭൂതകാലയാത്രകൾ അടയാളപ്പെടുത്തിയ വഴികളിലൂടെ മനോസഞ്ചാരം നടത്തുകയായിരുന്നു. മനു ആദ്യം കണ്ടെടുക്കുന്ന ഒരു കത്തിൽ ഒരു വ്യക്തിയെക്കുറിച്ചുള്ള സൂചനമാത്രമേ ഉണ്ടായിരുന്നുള്ളൂ. നിരന്തരമായി അയാൾ നടത്തിക്കൊണ്ടിരുന്ന അന്വേഷണത്തിലൂടെ അയാളിൽ രൂപപ്പെട്ട ആകാംക്ഷ പിന്നെ കൂടുതൽ അറിയുവാനുള്ള ഇന്ധനമായി മാറി. ഒരു കാര്യം അദമ്യമായി ആഗ്രഹിക്കുകയും അത് നേടുന്നതിനായി പരിശ്രമിക്കുകയും ചെയ്യുന്നവരുടെ മുന്നിലേക്ക,് അതിലേക്ക് നയിക്കുന്ന ജീവിത സന്ദർഭങ്ങൾ വന്നുചേരുമെന്നതാണ് പിന്നീടു വായനക്കാർ കാണുന്നത്. ഒടുവിൽ ആ ഉദ്യേശവുമായി അവൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലാത്ത ഒരു കാര്യത്തിനായി തന്നിഷ്ടത്തോടെ ഇറങ്ങിത്തിരിക്കുന്നു.

ഒരന്വേഷണവും നടത്താതെ നമ്മളെന്തിനാണ് ഇതിലൊക്കെ ഇടപെട്ട് സമയം കളയുന്നതെന്ന അലസചിന്തയാണ് മലയാളിയെ ഭരിക്കുന്ന പ്രധാനബോധം. ജനലുകളും വാതിലുകളും കുറ്റിയിട്ട് അതിനകത്തെ ഇരുട്ടിൽ സായൂജ്യം കണ്ടെത്തുന്ന അവനവനിസത്തിന്റെ അപ്പോസ്തലന്മാരായി പലരും മാറിക്കഴിഞ്ഞുവോ? ഈ പറഞ്ഞതിന്റെ പ്രതിനിധി അല്ല മനു. മനു നടത്തുന്ന അന്വേഷണങ്ങളുടെ ചങ്ങല പിടിച്ചു അവന്റെ വഴിയാത്ര അളന്നെടുത്താൽ അവൻ താണ്ടിയ ദൂരത്തിന് ഒരു അർത്ഥവുമില്ലായിരുന്നുവെന്ന് തോന്നിയേക്കാം. എവിടേക്ക് എന്ന് ചോദിച്ചാൽ ചൂണ്ടിക്കാണിക്കാനൊരിടമില്ലാത്ത ഒരു വെറും യാത്രയായി അത് അപഹസിക്കപ്പെട്ടേക്കാം. ലക്ഷ്യങ്ങൾക്ക് പ്രവൃത്തികളേക്കാൾ പ്രാധാന്യം കൊടുക്കുന്ന മനോഭാവം കൊണ്ടു ഒക്കെ വ്യർത്ഥ പരിശ്രമങ്ങളെന്ന് പറഞ്ഞു അവനെമണ്ടനാക്കി മാറ്റുകയേ ഉള്ളൂ പൊതുസമൂഹം.

ഭൂതകാലത്തേയ്ക്കൊരു വാതായനം
ഭൂതകാലം ഉറഞ്ഞു കിടക്കുന്ന കത്തുകളിലെയും ഡയറികളിലൂടെയും വരികളിലൂടെ ഒരുപാടു വാതിലുകളാണ് ഈ നോവൽ നമുക്ക് വേണ്ടി തുറന്നിട്ടിരിക്കുന്നത്. മരിച്ചു പോയവരുടെ ശബ്ദം വിരസതയില്ലാതെ ശ്രവിക്കാനാകുന്ന സ്വനഗ്രാഹികളായവ മാറുന്നു. അവ ദിവസ ക്രിയകൾ മാത്രമല്ല. നിലപാടുകളും ദർശനങ്ങളും ഉൾക്കാഴ്ചകളും പ്രതീക്ഷകളും ഘനീഭവിച്ചു കിടക്കുന്ന സഞ്ചികകളാണ്. കത്തിലും ഡയറിയിലുമായി എഴുതിയ വാക്കുകളുടെ പ്രസക്തിയേറുന്നത്, അത് നമുക്ക് പകർന്നു തരുന്നതിന്റെ മൂല്യ സാന്ദ്രത കൊണ്ടു കൂടിയാണ്. കഥയുടെ വികാസത്തിൽ കഥാപാത്രങ്ങളെപ്പൊലെ തന്നെ ഓജസ്സുറ്റു നില്ക്കുന്ന ഒരു ഘടകമാണ് ഭൂതകാലത്തെ ഭദ്രമാക്കി അടച്ചു വെച്ചിരിക്കുന്ന ദിനാന്തക്കുറിപ്പുകളും ലക്കോട്ടുകളും. പതിനേഴുകത്തുകളോ മറ്റോ ആണ് മനു, അയാളുടെ അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലുമായി കണ്ടെത്തുന്നത്. ആരാലും ഗൗനിക്കാതെ, പൊടിപടലം മൂടി കിടക്കുന്ന തുരുമ്പുകയറിയ ഇരുമ്പുപെട്ടികൾ, മേശവലിപ്പുകൾ, തുകൽ സഞ്ചികൾ എന്നിവയിൽ മാത്രമല്ല ആഭിജാത്യം പേറുന്ന നാഷണൽ ആർക്കൈവ്‌സിൽ വരെ ഭദ്രമായിരുന്ന കത്തുകൾ, കഥയെ വലിച്ചുകൊണ്ടു പോകുന്ന ദൃഢതപേറിയ ചങ്ങലക്കണ്ണികളാണ്. മിയ്ക്ക കത്തുകളും മലയാളത്തിലാണെഴുതിയിരിക്കുന്നത്. ഈ കത്തുകളിലൊക്കെ പങ്കുവെയ്ക്കുപ്പെടുന്നത് പ്രധാനമായും ദൈവത്തോടുള്ള കടപ്പാടു, കുടുംബാംഗങ്ങളോടുള്ള സ്‌നേഹവായ്പു, ജോലി പ്രദേശത്തെ വിശേഷങ്ങൾ, ജോലിമാറ്റത്തിനും മറ്റുമുള്ള പ്രതീക്ഷാ നിർഭരമായ കാത്തിരിപ്പുകൾ, അതാതു കാലത്തെ ഗ്രസിച്ചിരിക്കുന്ന രോഗ ദുരിതങ്ങൾ, യുദ്ധക്കെടുതികൾ, നാട്ടിലെത്തുന്നതിനായുള്ള വ്യഗ്രതപ്പെടൽ എന്നിവയാണ്.

ഇത്തരം കത്തുകൾക്ക് പുറമേയാണ്, ചിലരുടെ ഡയറിത്താളുകൾ അതേപടി പകർത്തി വെച്ചിരിക്കുന്നത്. പല ആളുകളുടെയും ശീലങ്ങളിൽ പ്രധാനമായ ഒന്നാണ് ഡയറിയെഴുത്ത്. കടന്നുപോയ ജീവിതത്തിലെ ചില നിമിഷങ്ങളുടെ ചുരുക്കെഴുത്താണവ. തലച്ചോറിൽ നിന്ന് മറവി വന്ന് ചുരണ്ടിയെടുത്താലും ഭൂതകാലത്തേക്കുകയറാൻ സൂക്ഷിച്ചു വെയ്ക്കുന്ന താക്കോലുകളാണവ. ചെറു കുറിപ്പുകൾ തൊട്ട് ദീർഘങ്ങളായ രേഖകൾ വരെയാകാം അവ. ഒരു നോട്ടം കൊണ്ടു മനസ്സിലിടം പിടിച്ച ഒരു കമിതാവിനെക്കുറിച്ചുള്ള പ്രണയാക്ഷരങ്ങളുണ്ടാവാം അതിൽ. എഴുത്തു മുദ്രകളാക്കി മാറ്റണോ എന്ന് സന്ദേഹിക്കുന്ന ചില സമ്മർദ്ദങ്ങൾ നേരിടുന്ന ജീവിതാവസ്ഥകളിൽ നിന്ന് നമ്മെ മോചിപ്പിക്കുന്ന ഒന്നാണ് ആത്മപ്രകാശത്തിന്റെ ഈ രചനാ വേളകൾ. പല ജീവിത വ്യഥകളും നേട്ടങ്ങളും രഹസ്യങ്ങളാകുന്നത് ഡയറിക്കടലാസ്സുകളുടെ തടവറയിലാണെന്ന് കാണാം. ചില പാപങ്ങൾ അടക്കം ചെയ്യുന്ന ശവക്കല്ലറകളാണ് ഡയറിക്കുറിപ്പുകൾ. അവ പലതും എഴുതിയ ആളിന്റെ മരണശേഷം മാന്തിയെടുത്തു പുറത്തിട്ടത് മനുഷ്യ ചരിത്രത്തിന്റെയും സംസ്‌കാര പ്രൗഡിയുടെയും അന്തസ്സു പേറിയ നേട്ടങ്ങളായിട്ടുണ്ട് എന്നത് രസകരമായ വസ്തുതയാണ്. അവയിലാകട്ടെ സംശയങ്ങളെ ഇല്ലാതാക്കാൻ കഴിയുന്ന ഒരു സ്വാധീനം ലീനമായുണ്ടു താനും. ഈ കത്തിലും ഡയറിയെഴുത്തുകളിലുമൊന്നിലും പ്രണയത്തിന്റെ കടും ചായങ്ങളില്ല എന്നു മാത്രമല്ല അതീവ ഗുപ്തമായ കുമ്പാസാരരഹസ്യങ്ങളുമില്ല. പ്രേമ ചാപങ്ങളെടുത്തെയ്യുന്ന കാമ ബാണങ്ങൾ ആകട്ടെ ഒട്ടുമേയില്ല. ഗൗരവമുള്ള ജീവിത വീക്ഷണത്തിന്റെയും, പ്രതീക്ഷയുടെയും മഷി പുരണ്ട വാക്കുകൾക്കുള്ള വർത്തമാനകാല മൂല്യം വളരെ വലുതാണ്. തികച്ചും ഭാവനാസൃഷ്ടിയിൽ കഥാകാരൻ തുന്നിച്ചേർത്ത തൊങ്ങലുകളായി ആ കത്തുകൾ പരിണമിക്കുന്നില്ല എന്നിടത്ത് എഴുത്തുകാരന്റെ കയ്യടക്കവും സാമർത്ഥ്യവും വെളിവാകുന്നു.

ഗ്രേസിപ്പിള്ളയാന്റിയെന്ന സ്ത്രീയുടെ കഥയിലേക്കുള്ള കടന്നുവരവ് മനു അന്വേഷിച്ചു നടന്ന മറിയാമ്മ യോഹന്നാൻ എന്ന മഹതിയുടെ പൂർവ്വ ചരിത്രത്തിന്റെ അടയാളങ്ങൾ പേറിയ ദീർഘമായ ഒരു കത്തിലേക്ക് കടക്കുന്നു. കത്തിൽ നിറയെ രണ്ടാം ലോക മഹായുദ്ധകാലത്ത് ബോർണിയോ എന്ന ദ്വീപിലും മറ്റുമായി യുദ്ധതടവുകാരെ ചികിത്സിക്കുന്ന വിഭാഗത്തിലെ നേഴ്‌സായി കഴിഞ്ഞ വേളകളിലെ ജപ്പാൻകാരുടെ ക്രൂരതകളെയും വർണ്ണിക്കുന്ന വരികളായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ അന്ത്യം കണ്ട ആണവ ബോംബുകളുടെ കഥ ഇന്ന് ഏറെ പരിചിതമാണ്. അതുകൊണ്ടു തന്നെ യുവസമൂഹത്തിന്റെ ഒക്കെ ഒരു ചായ്‌വു ജപ്പാനോട് സഹതാപം പേറുന്നതാണ്. പൊതു ബോധവും അത്തരത്തിലാണുള്ളത്. സ്വന്തം കാര്യം മാത്രം നോക്കി പുരോഗതിയുടെ ഉത്തുംഗത്തിലെത്തിയ സ്വാശ്രയശീലരായ ഒരു പറ്റം പരിശ്രമികളുടെ നാട് എന്നതാണ് ഉദയ സൂര്യന്റെ നാടിനെക്കുറിച്ച് പരക്കെയുള്ള അഭിപ്രായം. എന്നാൽ ലോകമഹായുദ്ധകാലത്തിലെ ജപ്പാൻ
സൈന്യത്തിന്റെ ക്രൂരതയെ തുറന്നുകാട്ടുന്ന അവരുടെ കാട്ടാള മുഖം ഇടയ്ക്കിടയ്ക്ക് നോവലിൽ വിതറിയിട്ടുണ്ട്. ഈ നിലപാടുകൾ കത്തുകളിലൂടെയും ഡയറിക്കുറുപ്പുകളിലൂടെയും പല തവണ ആവർത്തിക്കുന്നുണ്ട് താനും. ബ്രിട്ടീഷുകാരോടുള്ള അമിതമായ ഭക്ത്യാദര ബഹുമാനം പേറുന്ന പരാമർശങ്ങളായി അത് ചിലയിടത്ത് മാറുന്നുമുണ്ട്. അതുകൊണ്ട് തന്നെ സുഭാഷ് ചന്ദ്രബോസിന്റെ ഐ എൻ എയെയും അവഹേളനത്തോടെയും അവജ്ഞയോടെയും നോക്കിക്കാണുന്ന വീക്ഷണങ്ങൾ ബെന്യാമിൻ, കഥാപാത്രങ്ങളുടെ വാക്കുകളായി തിരുകി വെച്ചു, കേട്ടു പഴകിയ ചരിത്ര കഥകളുടെ ചെവിയിൽ കിഴുക്കു കൊടുക്കുകയും ചെയ്യുന്നു. ഇത് ചരിത്രത്തിന്റെ പുനർവായനയ്ക്കുള്ള പ്രചോദനമായി മാറുന്നു.

ഉദാത്ത പ്രണയ സാക്ഷത്കാരത്തിന്റെയും സഫലമാകാത്ത പ്രേമത്തിന്റെയും അന്തസ്സത്തക്കുള്ള അന്തരം അധികമില്ല എന്നതിന് നിരവധി ഉദാഹരണങ്ങൾ നോവലിൽ കാണാം. രണ്ടു പേർ തമ്മിലുള്ള സ്‌നേഹാഭിമുഖ്യം അവർ എത്ര അകലെയാണെങ്കിലും അനുഭവിക്കാൻ കഴിയുന്ന ഒന്നാണെന്ന കലർപ്പില്ലാത്ത സത്യം സാക്ഷ്യപ്പെടുത്തുന്ന സന്ദർഭങ്ങൾ നിരവധി ഈ നോവലിലുണ്ട്. ഒരുടമ്പടിയും കൂടാതെയുള്ള പരസ്പരബന്ധത്തിന്റെ ആഴമേറിയ കാല്പനിക ഭാവമാണ് മനു, ജാനകി, ജോൺ മറിയാമ്മ, ഗ്രേസി രാധാകൃഷ്ണ പിള്ള, ഷെറിൻ ജോ, മനുവിന്റെ പപ്പാ മമ്മി എന്നീജോഡികളിൽ കാണാൻ കഴിയുക. രണ്ടു കാലത്തെ പ്രധിനിധാനം ചെയ്യുന്ന പ്രണയത്തിന്റെ ഭാവസാമ്യവും വൈജാത്യങ്ങളും ഈ നോവലിൽ പലയിടത്തും നമുക്ക് കാണാൻ കഴിയും. പ്രണയത്തിന്റെയും ഇഷ്ട നഷ്ടത്തിന്റെയും കഥകളിലെ പതിവു പങ്കാളികളാണ് പൂക്കൾ. സ്‌നേഹം പരസ്പരം കൈമാറാൻ പ്രകൃതി വിരിയിച്ചെടുക്കുന്ന കാല്പനിക പ്രതീകമാണ് പൂക്കൾ.

ശലോം വില്ലയിലെ ബോഗൻവില്ല
എഴുത്തുകാരും കമിതാക്കളും പ്രണയത്തിന്റെ പൂക്കൾക്ക് നല്കുന്നത് അവയുടെ നിറവും ഗന്ധവുമാണ്. മറിയാമ്മ അമ്മച്ചിയുടെ വിഫല പ്രേമത്തിന്റെ അടയാളമായി അവശേഷിക്കുന്നത് ശലോം വില്ലയിലെ മണ്ണിൽ വേരുകളാഴ്ത്തി വിരിഞ്ഞ് പടർന്ന ഒരു ബോഗൻവില്ലച്ചെടിയാണ്. നിറം ചത്ത ഇതളുകൾ കൊണ്ടുളള വിളറിയ ചിരിയാണ് ബോഗൻ മരത്തിന്റെ ഇടവിട്ട മുള്ളുകൾക്കിടയിൽ കുലച്ചു നിൽക്കുന്ന പൂക്കൾക്ക്. അവയ്ക്കാകട്ടെ ഒട്ടും മണമില്ലതാനും. പുറം നാടിന്റെ ജനിതകസത്തയും പേറി നില്ക്കുന്ന അവയാണ്, മറിയാമ്മ അമ്മച്ചിയുടെ ഓർമ്മയുമായി നാട്ടിൽ കിളിർത്തു നിൽക്കുന്ന ഒരേയൊരു അടയാളം. ബോഗൻ വില്ല എന്ന ദ്വീപിൽ വെച്ചാണ് മറിയാമ്മ അമ്മച്ചിയ്ക്ക് ഇഷ്ടമുണ്ടായിരുന്ന കുഞ്ഞച്ചായൻ എന്ന ജോൺ മരിച്ചത്. അതുകൊണ്ടായിരിക്കാം ആ ചെടി ശലോം വില്ലയുടെ മുറ്റത്ത് കുഴിച്ചു വെച്ചതെന്നാണ് മനുവിന്റെ ഊഹം. ഒരു ദിവസം ശലോം വില്ലയ്ക്ക് മുന്നിൽ അതു തുറക്കുന്നതും കാത്ത് ജാനകിയുമൊത്ത് നില്ക്കുമ്പോൾ ആ ബോഗൻ വില്ലയുടെ കമ്പൊടിച്ചു അവൻ അവൾക്ക് നൽകുന്നുണ്ട്. അവന്റെ ഓർമ്മയ്ക്കായി മണ്ണിൽ അത് നട്ടു നനച്ചു വളർത്തുമോ എന്ന് മനു ജാനകിയോടു ചോദിക്കുന്നുണ്ട്. അവനു കൊന്നമരമായിരിക്കും താൻ വളർത്തുക എന്ന മറുപടി പറഞ്ഞാണ് ജാനകി മനുവിനെമടക്കിക്കെട്ടുന്നത്.

ഗ്രേസിപ്പിള്ളയാന്റിയുടെ വിരലിലെ മോതിരമൂരി പതിറ്റാണ്ടുകൾ കൂടെക്കഴിഞ്ഞ പ്രിയന്റെ കയ്യിൽ മനു മടക്കിക്കൊടുക്കുന്നു അപ്പോഴാണ് ആ മോതിരം പ്രണയ ബന്ധമായി ആ വിരലിൽ കിടക്കാൻ തുടങ്ങിയിട്ട് എത്രയോ വർഷങ്ങളായി എന്ന് അവൻ അറിയുന്നത് തന്നെ. ഇഷ്ടങ്ങളും പ്രണയങ്ങളും പാകത്തിന് ചേർത്തു കൈമാറുന്ന അത്തരം സമ്മാനങ്ങളെ അതിവിശുദ്ധമായ അടയാളമായി സൂക്ഷിച്ചിരുന്ന പഴയ കാലബന്ധത്തെ അവൻ ആദരവോടെ നോക്കിക്കാണുന്നു. താൻ ജാനകിക്ക് കൈമാറിയ അസംഖ്യം പ്രേമ സമ്മാനങ്ങൾ ഇപ്പോൾ എവിടെയായിരിക്കുമെന്ന് മനു ആശങ്കപ്പെടുന്നുമുണ്ട്. പ്രേമത്തിന്റെ ഗാഢതയും തീവ്രതയും കാലത്തിന്റെ ഒഴുക്കിലെത്രത്തോളം മാറുന്നു എന്നടയാളപ്പെടുന്നുന്ന നിരവധി താരതമ്യസൂചനകൾ വിതറുക വഴി വർത്തമാനബോധ്യത്തെ ഭൂതകാലയാഥാർത്ഥ്യങ്ങളുമായി ബെന്യാമിൻ ബന്ധിപ്പിക്കുന്നു.

ഗ്രേസിപ്പിള്ളയാന്റിയുടെ മരണത്തെത്തുടർന്ന് മനു ആ വീട്ടിൽ ചെന്നുകയറുമ്പോൾ കാണുന്നത് ആകെ അലങ്കോലപ്പെട്ടു കിടക്കുന്ന ഒരു ഗൃഹാന്തരീക്ഷമാണ്. ഒരു വ്യക്തി നമ്മുടെയിടയിൽ നിന്ന് മരണത്തിലേക്ക് കടന്നു പോകുമ്പോൾ അത് തകർത്തു കളയുന്നത് ജീവിതതാളത്തെയാകെയാണ്. ഒരു നിശബ്ദ ചിത്രത്തിലെന്ന പോലെ വായനക്കാരനും ആ വേർപാടിന്റെ വേദനയുൾക്കൊള്ളുകയാണ്. കൂടെ താമസിക്കുന്ന ഭാര്യയെക്കുറിച്ചും അവർ ഒരു കുടുംബ ജീവിതത്തിന്റെ നിറക്കൂട്ട് ചാലിചെച്ചടുക്കുന്നതെങ്ങനെയെന്നും ഉള്ളതിന്റെ വ്യാകരണം ഭർത്താക്കന്മാരിൽ പലരും പഠിക്കാതെ വിട്ടുകളയും. തുഴക്കാരനില്ലാത്ത കൊച്ചുവള്ളം പോലെ പിന്നെ ജീവിതം ആടിയുലയുമ്പോൾ വള്ളപ്പടിയലങ്ങനെഓളവും ആകാശവും മാറി മാറി നോക്കിയിരിക്കാനുള്ള കെല്‌പേ പുരുഷന് കാണുകയുള്ളൂ. അതും വയസ്സുകാലത്ത് ഉറ്റവരും ഉടയവരും അടുത്തില്ലാത്തവർക്ക്.

ബെന്യാമിൻ എഴുതിയ നോവലുകളിൽ പലതിലും ദേശാന്തരയാത്രകളുടെ ദുരിതാന്വേഷണങ്ങൾ ഒരു വ്യതിരിക്ത വിരലടയാളമായി അയാളെ മറ്റു കഥാകാരന്മാരിൽ നിന്ന് മാറ്റി നിറുത്തുന്നു. അതുപോലെ തന്നെ പ്രണയ ഭാവങ്ങളുടെ തലോടൽ സ്വാഭാവികമായി ഏറ്റവും കുറഞ്ഞ അളവിൽ മാത്രം വിലയിപ്പിക്കുകയാണ് അദ്ദേഹം ഈ നോവലിലും. പ്രണയത്തേക്കാൾ പ്രധാനമാണ് ജീവിതാന്വേഷണമെന്ന കാതലാണ് ശില്പഘടനയ്ക്കുറപ്പു നല്കുന്നത്. മനുഷ്യൻ കടന്നു പോകുന്ന അനവധി ജീവിത സന്ദർഭങ്ങളിലൊന്നു മാത്രമാണ് പ്രണയമെന്നും, അത് വിവരിക്കാൻ വർണ്ണചായങ്ങൾ അധികം തൂലികയിൽ ചാലിക്കേണ്ടാ എന്നും ഉള്ള പുതിയ കാല മലയാളനോവലുകളുടെ പൊതു രീതിയാണ് ഈ നോവലിലും കാണുവാൻ കഴിയുക.

മനുഷ്യ ബന്ധങ്ങളിലടങ്ങിയ പരസ്പരപ്രണയത്തിന് ആണും പെണ്ണും തമ്മിലുണ്ടാകുന്ന ഒരു കാല്പനിക ഭാവമെന്നതിനപ്പുറമുള്ള ഒരു മാനമുണ്ട് എന്ന് ഒരർത്ഥത്തിൽ ബെന്യാമിൻ കാണിച്ചു തരുന്നു. ഒരേപ്രായമുള്ള രണ്ട് സുഹൃത്തുക്കൾ തമ്മിലുടലെടുക്കുന്ന സൗഹൃദത്തിന് പോലും പ്രണയത്തേക്കാൾ ഇഴയടുപ്പമുണ്ട്. ഒരാളെ തിരിച്ചറിയുക എന്നത്, അയാളുടെ ആവശ്യങ്ങളെ തിരിച്ചറിയുക എന്നതും കൂടിയാണ്. പ്രണയത്തിന്റെ സമ്മോഹനമായ ഈ അവസ്ഥ, മനുവിന്റെ ദേശ ജീവിതത്തിലും, ഭൂഖണ്ഡാന്തരയാത്രയിലും, നമുക്ക് നിരവധി തവണ കാണാൻ കഴിയും. അവനെഇഷ്ടപ്പെടുന്ന പല
ദേശക്കാരെയും, പല പ്രായക്കാരെയും നമുക്ക് കണ്ടുമുട്ടാൻ കഴിയുന്നു. പ്രണയിനി മാത്രമല്ലല്ലോ അവന് എല്ലാ സഹായങ്ങളും പകരുന്നത്? പ്രണയം പലപ്പോഴും പകരം ചോദിക്കുന്നത് പ്രണയത്തെ മാത്രമാണ്. ദേശകാലാതീതമായി എല്ലാവരും പരസ്പരം പ്രണയിക്കുന്ന ഒരു കാലമാണ് ലോകം ഇനി പണിതെടുക്കേണ്ടത് എന്ന ബോധ്യം ഈ നോവലിന്റെ ഒടുവിലത്തെതാളും കഴിയുമ്പോൾ വായനക്കാരന് തോന്നുന്നു. നന്മ ചെയ്യുന്ന മനുഷ്യരെ തിരിച്ചറിയുക എന്നതും അവരെ ആദരി
ക്കുക എന്നതും, അവരെപ്പോലെ ആയിത്തീരാൻ പരിശ്രമിക്കുക എന്നതും, പുതിയ കാലം ആവശ്യപ്പെടുന്ന മഹാപാഠങ്ങളിൽ ഏറ്റവും പ്രധാനമാണ് എന്ന സന്ദേശം കൂടിയാണ് ‘നിശബ്ദ സഞ്ചാരങ്ങൾ.’

പണം കായ്ക്കുന്ന മരങ്ങൾ
നേഴ്‌സായി ജോലി കിട്ടണമെന്ന് നേഴ്‌സിംഗ് പഠിച്ച പെൺകുട്ടികൾക്ക് ആഗ്രഹം ഉണ്ടാകുക സ്വാഭാവികമാണ്. അതും വെളിനാട്ടിലെവിടേലുമാണെങ്കിൽ പൈസയും പത്രാസും കൂടും എന്നത് കൊണ്ടു അതിനുള്ള ആഗ്രഹത്തിന്റെ ആക്കം അല്പം കൂടുതലുമായിരിക്കും. പക്ഷേ നേഴ്‌സിംഗ് പഠിച്ച കുട്ടിക്ക് ജോലി കിട്ടിയാലുണ്ടാകുന്ന സമ്പന്ന സ്വപ്‌നങ്ങൾ നെയ്‌തെടുക്കുന്നത്, അവളേക്കാളും അവളുടെ കാമുകൻ, ഭർത്താവ്, സഹോദരൻ, അച്ഛൻ, അമ്മ അങ്ങനെഎത്രയെത്ര തായ്‌വഴി ബന്ധുക്കൾ. ഈ ജോലി, ഓരോ വീട്ടുമുറ്റത്തെയും പണം പൂക്കുന്ന, കായ്ക്കുന്ന മരമായി കണക്കാക്കുന്നവർ അനവധിയാണ് അന്നും ഇന്നും. ജീവിതത്തിന്റെ പാകപ്പിഴകളും അപസ്വരങ്ങളും മൂലമല്ല, മറിച്ചു, കുടുംബത്തിന്റെ കൊടുംചങ്ങലകളിൽ പെട്ട് കിടക്കാതെ, അത് പൊട്ടിച്ചെറിയേണ്ടി വരുമ്പോഴുണ്ടാകുന്ന നിസ്സഹായാവസ്ഥയാണ് ഏറെ കഷ്ടം. ജോലിയോ കുടുംബമോ പ്രധാനം എന്നത് സ്ത്രീ അഭിമുഖീകരിക്കുന്ന വർത്തമാനകാല ചോദ്യമാണ്. ഇരട്ടഭാരത്തിന്റെ നുകത്തിനു കീഴിലെ അസ്വാതാന്ത്ര്യ മർദ്ദം അതിജീവിക്കുക, എന്നത് സ്ത്രീക്ക് കഠിനമായ ജീവിത വേദനയാണ് ഇന്ന് നൽകുന്നത്.

ഒരു പ്രവാസി നേഴ്‌സിന്റെ കണ്ണിയായി കയറിക്കൂടി തനിക്കും അക്കരയ്ക്ക് പോകാമെന്ന് കരുതുന്നവർ ഒരുപാട് പേരാണ്. ലാലിആന്റി എന്ന കഥാപാത്രം എല്ലാവരുടെയും നിർബന്ധത്തിന് വഴങ്ങിയാണ്, വയറ്റിൽ നാമ്പിട്ട ആദ്യ ജീവന്റെ തുടിപ്പിനെ കലക്കിക്കളഞ്ഞത്. അതിന്റെ തീവ്ര വേദനയും പേറിയാണ് അവർ ജീവിക്കുന്നതെന്ന തുറന്നു പറച്ചിലിന് ഒരടുപ്പിന്റെ അണയാത്ത തീച്ചൂടും, അടുക്കളക്കത്തിയുടെ മുനമൂർച്ചയും ഉണ്ടായിരുന്നു. ‘എന്റെ കുഞ്ഞിന്റെ രക്തത്തിന്റെ വിലകൊണ്ടു പൊങ്ങച്ചം ചമയുന്ന എല്ലാ തെണ്ടികളോടും ഒടുങ്ങാത്ത പുച്ഛം തോന്നും’ എന്നത് ഒരു സ്ത്രീയുടെ, തന്റെ മാതൃത്വത്തെ സമ്മർദ്ദത്തിന് വിധേയമായി മാച്ചുവള്ളിയറുക്കും വരെ കാക്കാതെ കലക്കി കളഞ്ഞതിന്റെ, അതിഭാരം പേറിയ വാക്കുകളാണ്. ജനിക്കുന്നതിന് മുൻപു ഒരു ഭ്രൂണത്തെ ബലി നല്കി ഒരു തറവാട്ടിന്റെ അടിക്കല്ലുറപ്പിച്ച് എടുപ്പു കെട്ടിയുയർത്തി ഒരുപാടു പേർക്ക് തണലായി മാറാൻ ലാലി ആന്റിയ്ക്ക് കഴിഞ്ഞ കഥ ഒരു കുറ്റബോധത്തോടെ മാത്രമേ ആർക്കും വായിച്ചുപോകാൻ കഴിയൂ. ലാലി ആന്റിയുടെ ആ ജീവിത നഷ്ടം, ഒത്തിരിപ്പേരുടെ കുടുംബസമ്പന്നതയായി പരിണമിച്ച വിവരണം ഒരു ഓർമ്മക്കുർബാനപോലെ നൊമ്പരപ്പെടുത്തും. ഓരോ കുടുംബത്തിന്റെയും വളർച്ചയുടെ അടിത്തറയിൽ പെണ്ണുടലിൽ നിന്നടർന്നു വീണ വിയർപ്പിലെ ലവണങ്ങളും കൂടി ഉൾച്ചേർത്തിട്ടുണ്ട് എന്ന തിരിച്ചറിവിന് മുന്നിൽ, സ്ത്രീത്വത്തെ തലകുമ്പിട്ടുനമസ്‌കരിക്കുകയാണ് ഇവിടെ.
നേഴ്‌സ് പ്രസവിച്ചുകൂട. ഉദരത്തിലെ തുടിപ്പിനെഞെരിച്ചില്ലാതാക്കാനുള്ള സമ്മർദ്ദമായിരിക്കും ഉറ്റവരുടെ ഭാഗത്തുനിന്നുണ്ടാവുക. പ്രസവിച്ചു കഴിഞ്ഞാലോ വെളിനാട്ടിലേക്ക് അല്പ ലീവും കഴിഞ്ഞു നാട്ടു നടപ്പനുസരിച്ചുള്ള പ്രസവശുശ്രൂഷ ഒന്നുമേ ചെയ്യാതെ അമ്മയുടെയോ അമ്മായി അമ്മയുടെയോ അടുത്ത് കുഞ്ഞിനെയും ഉപേക്ഷിച്ച് വിമാനം കയറേണ്ടിവരും. കുഞ്ഞിനെനോക്കാതെ നാട്ടിലുപേക്ഷിച്ച് പണം ഉണ്ടാക്കാനാർത്തി കാട്ടി മടങ്ങുന്നവരെന്ന ആക്ഷേപമായിരിക്കും പിന്നീട്. തുളുമ്പുന്ന മാതൃത്വത്തെ ഒപ്പുതടവെച്ചു വലിച്ചെടുത്ത് വീണ്ടും ആശുപത്രിക്കിടക്കകളിലെ രോഗികളുടെ ചാരത്തേക്ക് വിതുമ്പലുകളെ ചിരിയുടെ മൂടുപടം കൊണ്ട് മറച്ച് ജോലി ചെയ്യേണ്ടിവരുന്ന ദുരവസ്ഥയാണവരുടേത്. അവരയയ്ക്കുന്ന കാശിനും, കൊണ്ടു വന്ന് വിതരണം ചെയ്യുന്ന സമ്മാനങ്ങൾക്കും, വിസ ഒപ്പിച്ചു കടത്തിക്കൊണ്ടു പോകുന്ന അടുപ്പക്കാരുടെ എണ്ണത്തിനും, പൊള്ളയായ ചിരി മാത്രം പ്രതിഫലമായി വാങ്ങി ജീവിതം അവർ സ്വയം എരിച്ചു കളയുന്നു.

ഇത്രയൊക്കെയായിട്ടും പലർക്കും നേഴ്‌സിങ്ങ് എന്നത് പകിട്ടും പത്രാസുമുള്ള ഒരു പണിയേയല്ല. ഒരു പൊങ്ങച്ച വാക്കുകൾക്കും സ്‌കോപ്പില്ലാത്ത ഒരു സഹായപ്പണി മാത്രമായി ആളുകൾ അളവെടുത്ത് വെച്ചിരിക്കുന്ന ഒരു ജോലി മാത്രമാണ് പലർക്കുമത്. പഠിച്ചാൽ ജോലി ഉറപ്പ്, ഒതുക്കമുള്ള പണി, മോശമല്ലാത്ത ശമ്പളം, ഇതൊക്കെ മാത്രമാണ് ഉള്ളതിൽ കൊള്ളാവുന്ന ഗുണങ്ങൾ. ഇഷ്ടമുള്ള വീടു വെയ്ക്കാനും, മോഹിക്കുന്നത് എന്തും വാങ്ങാനും, ആഗ്രഹിക്കുന്നിടത്തേക്കെല്ലാം യാത്രചെയ്യാനുമുള്ള പണം തരുന്ന ഒരു ജോലിമാത്രം. എന്നാലും അവർ രണ്ടാംതരം പരിഗണനമാത്രം ലഭിച്ച് ഒതുക്കപ്പെടുന്നു എന്നതാണ് സത്യം. കൗതുകങ്ങൾക്കുവേണ്ടി, അറിവിനുവേണ്ടി, ആഹ്ലാദത്തിന് വേണ്ടി ഒക്കെ ചെയ്യുന്ന ചെറുതും വലുതുമായ പ്രവർത്തികളൊക്കെ അപഹാസ്യമാണ് എന്ന് തോന്നുന്ന കണ്ണുകളാണ് ചുറ്റും. പണവും ലാഭവും മാത്രം ഏത് ചെയ്തികളുടെയും ആത്യന്തിക ന്യായമായി അംഗീകരിക്കുന്ന ഒരു ലോകത്ത് ഒരു വ്യക്തിയുടെ സ്വകാര്യ ഇഷ്ടങ്ങൾക്ക് ഭ്രാന്തിന്റെ വ്രണചങ്ങല പേറിയ അസംബന്ധങ്ങളാണ് എന്ന വിലയിരുത്തലേ നമുക്ക് ചുറ്റുമുള്ളവർ ചാർത്തിത്തരുകയുള്ളൂ.

നോവലിൽ കടന്നുവരുന്ന കഥാപാത്രങ്ങൾ ഓരോരുത്തരും, മനുഷ്യ ചരിത്ര നിർമ്മിതിയിലും മാനവ സംസ്‌കാരത്തിന് ആത്മസത്ത പകരുന്നതിലും, വഹിച്ച പങ്ക് സുവ്യക്തമായും എന്നാൽ പരിമിതപ്പെടുത്തിയും എഴുത്തുകാരൻ പറഞ്ഞു പോകുന്നുണ്ട്. അവരിൽ പല നാടുകളിലെ പാതിരിമാരും, ആതുരശുശ്രൂഷകരും, നിറഞ്ഞു കിടക്കുന്നു. എന്നാൽ കടുത്ത മതാത്മകതയുടെ സുവിശേഷകാരനായി ഒരിക്കലും ബെന്യാമിൻ മാറുന്നില്ല. ക്രിസ്തീയതയുടെ ആന്തര സത്ത, അനുകമ്പയും അശരണരെ സഹായിക്കാനുള്ള സന്മനസ്സുമാണെന്നുള്ള സത്യത്തെയാണ് അദ്ദേഹം ഉയർത്തിക്കാട്ടുന്നത്. പള്ളിയും ആതുരാലയങ്ങളും, പണ്ട് പണം കവരുന്ന ഇടങ്ങളല്ലായിരുന്നു. അത് കഷ്ടപ്പെടുന്നവന്റെയും ദാരിദ്ര്യം പേറി രോഗത്തിനടിപ്പെടുന്നവരുടെയും കൂടെയായിരുന്ന ഒരു പഴയ കാലത്തിന്റെ പുണ്യചരിത്രമാണ് തെളിമയോടെ കാട്ടിത്തരുന്നത്.

അധികാരം ഉറപ്പിക്കുന്ന യുദ്ധഭൂമികൾ
മനുഷ്യരാശി, ചരിത്രാതീതകാലം തൊട്ടേ നേരിട്ടു കൊണ്ടിരിക്കുന്ന രണ്ടു കൊടിയ ദുരിതങ്ങളുടെ വർണ്ണനകളാണ് ഈ നോവലിന്റെ മറ്റൊരു പരിശ്ചേദം. യുദ്ധവും രോഗവും ഗോത്ര സംസ്‌കൃതി തൊട്ടിങ്ങോട്ടുള്ള കാലങ്ങളിൽ, സർവ്വ സാധാരണമാണ്. യുദ്ധത്തിന്റെയും രോഗത്തിന്റെയും കെടുതികളെ വ്യാഖ്യാനിക്കുന്ന അനവധി അവസരങ്ങൾ ഈ നോവലിലുണ്ട്. ‘മതിലിന്റെ പുറത്ത് വെകിളി പിടിച്ച ഒരു വെട്ടുപോത്തിനെപ്പോലെ യുദ്ധം വന്നെത്തി നോക്കുന്നു’ എന്നാണ് ജോണി
ന് മറിയാമ്മ ബോർണിയോയിൽ നിന്നെഴുതിയ കത്തിലുള്ളത്. യുദ്ധമുഖത്ത് നില്ക്കുന്ന ഭടന്മാരുടെ കർത്തവ്യത്തെക്കുറിച്ച് മറിയാമ്മ എത്ര നിസ്സംഗമായാണ് പറയുന്നത്. മറ്റേതു ജോലിപോലെയും നിസ്സംഗമായാണ് യുദ്ധമുഖത്ത് ഒരു പടയാളിയും ജോലി ചെയ്യുന്നത്. പോരാളി പോരാടുന്നത് അവനുവേണ്ടിയല്ല. അവൻ അധികാരത്തിന്റെ കടുത്ത ആജ്ഞകളെ ശിരസ്സാവഹിച്ച് ജോലി ചെയ്യുന്ന ഒരാൾ മാത്രമാണ്. ‘സ്വന്തം മാതാപിതാക്കളുടെ, ഭാര്യയുടെ, കുഞ്ഞുങ്ങളുടെ, പട്ടിണി മാറ്റുന്നതിനും അവരെ പലായനത്തിൽ നിന്നും രക്ഷിക്കുന്നതിനും വേണ്ടി മാത്രമുള്ള ജോലി’.
മദിരാശിയിൽ നിന്ന് സിങ്കപ്പൂരിലേക്ക് കപ്പലുകയറാൻ നൂറു രൂപാ കൈമുതലാകാഞ്ഞ കാലത്ത്, അത് സ്വരുപിക്കാൻ ജോണച്ചായൻ കെഞ്ചിയതും അലഞ്ഞതും, ആത്മവിശ്വാസം അല്പംപോലും ചോരാതെ തന്നെയായിരുന്നു. യുദ്ധത്തെ ഒഴിവാക്കി കിട്ടണേ എന്ന ഒരു പ്രാർത്ഥനമറിയാമ്മയുടെയും കുഞ്ഞച്ചായന്റെയും കുറിപ്പുകളിൽ കലർന്നിരിക്കുന്നത് ഒരു യാദൃശ്ചികതയല്ല. സമാധാനത്തോടെ ജീവിക്കാൻ സാധിക്കാതെ വരുന്നതിന്റെ ആ ഉൾഭയവും യുദ്ധത്തോടുള്ള വെറുപ്പും ‘അയലോക്കകാരനെസ്‌നേഹിക്കാൻ’ പറഞ്ഞ യേശുവിന്റെ രണ്ട് കുഞ്ഞാടുകളുടെ ഉയർന്ന മാനവികബോധത്തിന്റെ സൂചനയാണ്.

മനുഷ്യന്റെ പുരോഗതിയുടെ ഓരോ ഘട്ടത്തിലും അധികാരത്തിന്റെ അധിക മർദ്ദം അമർത്തി അത് സമുദായത്തിന്റെ അതിശാന്തത കെടുത്തിക്കളഞ്ഞിട്ടേയുള്ളൂ. അവിടൊക്കെ വിജയവും പരാജയവും പ്രവചനാതീതമായ അനിശ്ചിതത്വം പകർന്നു ജനതയെ രണ്ടാക്കി മാറ്റിയിരുന്നു. രോഗം പോലെ തന്നെ യുദ്ധവും അന്നുമിന്നും ഏതു രീതിയിൽ ഏതു ദേശത്തേക്ക് പടരുമെന്ന് ആർക്കും പ്രവചിക്കുവാനാകുകയില്ല. രോഗികളെ, ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ പ്രാപ്തരാക്കുന്നത് ആതുര ശുശ്രൂഷകരാണ്. മഹാമാരികളുടെ തീക്ഷ്ണ വിത്തുകളാകട്ടെ ഒരാളിൽ നിന്ന് മറ്റൊരാളിലേക്കെന്നമാതിരി പകർന്ന് അജയ്യമായി മുന്നേറുമ്പോൾ അടി പതറി വീഴുന്നത് ആരോഗ്യ പരിപാലനരംഗത്തെ ചട്ടക്കൂട് മൊത്തവുമാണ്. രോഗാണുവിന് സാധാരണക്കാരനെന്നോ, ഭിഷഗ്വരനെന്നോ, നേഴ്‌സെന്നോ, അധികാരിയെന്നോ ഉള്ള വേർതിരിവു ഇല്ല. പോർമുഖത്തെ പടയാളി പലപ്പോഴും യുദ്ധം അവസാനിപ്പിക്കുന്നത് മരണത്തോടെയാണെന്നതുപോലെ, രോഗി മരണവാതിൽ തുറന്നകത്തേക്ക് കാലെടുത്തു കടന്നധികകാലം കഴിയും മുൻപു തന്നെ രോഗിയ്‌ക്കൊപ്പം നിന്ന് പരിചരിച്ചവരും അതേ വഴിയിലൂടെ അന്ത്യം വരിക്കുന്നു എന്നതാണ് പലപ്പോഴും സംഭവിക്കുന്നത്.

രോഗാണുവിന് വളർന്നു കയറി പിടിമുറുക്കി സത്തയൂറ്റിക്കളയാനൊരു ശരീരമാണാവശ്യം. കാലം തെറ്റി വരുന്ന അതിഥിയ്ക്ക് വാതിൽ തുറന്നു കൊടുക്കാനേ, ശാസ്ത്ര നൈപുണ്യം വളർച്ച നേടിയെന്നഹങ്കരിക്കുന്ന, ഈ നൂറ്റാണ്ടിലും മനുഷ്യന് കഴിയുന്നുള്ളൂ. ഭൂഖണ്ഡങ്ങൾ താണ്ടിയെത്തുന്ന രോഗാണുക്കളെ തടയാനും ഒടുക്കാനും ഒരു പ്രതിരോധ സന്നാഹത്തിനുമാകുന്നില്ല എന്ന പരിമിതി, ശാസ്ത്ര വളർച്ച ഇന്നും ബാലദിശയിലാണെന്നും പല നേട്ടങ്ങളും പൊള്ളയാണെന്നും, മനുഷ്യൻ മറ്റു ജീവിവർഗ്ഗങ്ങളെക്കാൾ അത്ര കേമനല്ലയെന്നും വിളിച്ചു പറയുന്നു. ഒരു പരിധി വരെ നാമറിയാതെ നമുക്ക് തടയിടാൻ കഴിയാത്തതുകൊണ്ട് കടന്നു വരുന്ന ശാരീരിക അവശതയാണ് രോഗം. എന്നാൽ യുദ്ധമോ? ഒരു സംസ്‌കൃതിയെത്തന്നെ മുച്ഛൂടും നശിപ്പിച്ച് വിജയിച്ചെന്നു വീമ്പിളക്കുമ്പോഴും, പിന്നാമ്പുറത്ത് അനേക മരണങ്ങൾ, അടർന്നുപോയ ബന്ധങ്ങൾ, അതിലൊക്കെയുപരി അതവശേഷിപ്പിക്കുന്ന കൊടിയ ദാരിദ്ര്യത്തിന്റെയും വറുതിയുടെ ദുരിതങ്ങൾ എത്ര ഭീകരമായ ഓർമ്മകളാണവശേഷിപ്പിക്കുക? ആതുരാലയങ്ങൾ രോഗികളെക്കൊണ്ട് നിറയുന്ന അവസരം യുദ്ധനാളുകളിലാണ്. മഹാമാരിപോലെ തന്നെ മാരകമാണ് ആ അവസ്ഥയും. യുദ്ധ മുഖ
ത്തു മാത്രമേ ശത്രുവെന്നും മിത്രമെന്നും ഉള്ള വ്യത്യാസം ഉള്ളൂ. യുദ്ധക്കെടുതിയും മരണവും ശത്രുവിനും മിത്രത്തിനും ഒരുപോലെ തന്നെയാണ് ദുരിതങ്ങൾ വിതയ്ക്കുന്നത്. രോഗവും മരണവും മാത്രമാണ് ആതുരശുശ്രൂഷകർക്ക് എതിരാളികൾ. ജീവിതത്തിന്റെ വശത്തുനിന്ന് മരണത്തെ അകത്തുന്ന ദൈവദൂതന്മാരാണവർ.

കഥയവസാനിക്കുന്നതാകട്ടെ 2020ലെ കോവിഡ് വ്യാപനത്തിന്റെ ഭീഷണിയിൽപ്പെട്ട് തകരുന്ന ലോക ജനതയുടെ നിസ്സഹായത വെളിവായ ആദ്യ നാളുകളിലുമാണ്. കോവിഡും ഇറ്റലിയും എല്ലാം ഈ നോവലിന്റെ കഥാതന്തുവിൽ ഇഴുകിച്ചേർന്ന് എഴുത്തിന് ഒരു സത്യചിന്താധാരയുണ്ടാക്കാൻ കഴിയുന്നുണ്ട്. താൻ പണ്ടു ജോലി ചെയ്തിരുന്ന ബഹറൈനിലെ ആസ്പത്രിയിൽ കോവിഡു വന്നു രോഗികൾ പെരുകിയെന്നറിഞ്ഞപ്പോൾ, മനുവിന്റെ മമ്മി നാട്ടിലേക്ക് മടങ്ങി വന്നതിന്റെ
ഖേദം പ്രകടിപ്പിക്കുന്നുണ്ട്. ‘ഒരു നേഴ്‌സിന്റെ മനസ്സു നിനക്കൊരിക്കലും മനസ്സിലാവില്ലെടാ. മഹാമാരികളുടെ കാലത്ത് ജോലിചെയ്യാത്ത നേഴ്‌സു, യുദ്ധങ്ങളില്ലാത്ത കാലത്ത് ജോലി ചെയ്യുന്ന പട്ടാളക്കാരെപ്പോലെയാണ്’. മഹാമാരിയുടെയും രോഗത്തിന്റെയും കടന്നാക്രമണത്തെ പരിചകൊണ്ട് തടുത്തു നിർത്തി തോൽപ്പിക്കുന്ന ആരോഗ്യ പ്രവർത്തകരും, അധിനിവേശത്തെ തോൽപ്പിക്കാൻ എതിരാളികളെ കൊല്ലുന്ന പട്ടാളക്കാരും ഇവിടെ സമന്മാരായി മാറുന്നു. പതിറ്റാണ്ടുകൾക്കു മുൻപു
ഒരു പടയാളിയെപ്പോലെ രോഗദുരിതങ്ങളുടെ പോർമുഖത്തു നിന്ന് പടനയിച്ച മറിയാമ്മയുടെയും വർത്തമാനകാലത്തും അത്തരം ഒരു ധീരതയുടെയും അർപ്പണത്തിന്റെയും അടയാളമുദ്രയായി മാറുന്ന മരിയയുടെയും ജീവിത കഥയാണ് ‘നിശബ്ദ സഞ്ചാരങ്ങളെ’ നൊമ്പരമുള്ള ഒരോർമ്മയാക്കി മാറ്റുന്നത്.

ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ മലയാള നോവലിൽ കടന്നു വരുന്ന സാഹിത്യഭാവനകളിൽ സാങ്കേതിക വിദ്യയുടെ അനുഭവ പരിസരം പ്രധാനമായി മാറുന്നതായി നമുക്ക് കാണാം. സാഹിത്യഭാവനകളിൽ, സാങ്കേതികജ്ഞാനത്തിന്റെ ഇടപെടൽ, നോവൽ ശില്പത്തിന്റെ ഘടനാശക്തിയായി മാറുന്നുണ്ട്. ആഖ്യാനരൂപങ്ങളുടെ അലകും പിടിയും അപ്പാടെ മാറ്റാൻ ഉതകുന്ന ഒരു സൈബർ ശൈലി, നോവലിന്റെ രചനാ ശില്പത്തിൽ നിന്ന് അടർത്തി മാറ്റാനാവാത്ത വണ്ണം ഉൾച്ചേർന്നിരിക്കുന്നുണ്ട്. ഈ നോവൽ അതുകൊണ്ടു സമൃദ്ധമായ വൈജ്ഞാനിക സമ്പന്നത കൊണ്ട് വായനക്കാരന്റെ തൃഷ്ണയെക്കൂടി തൃപ്തിപ്പെടുത്തുന്നു.

നവമാധ്യമങ്ങളുടെ കടന്നുകയറ്റത്തിലൂടെ എല്ലാവരും അവരുടെ വർത്തമാനകാല പരിസരത്തിലെ കഥകൾ പരസ്യമായി പങ്കുവെയ്ക്കുന്നത് പരക്കെയുള്ള ഏർപ്പാടാണ്. അതുകൊണ്ടു തന്നെ, കേരളത്തിനകത്തുള്ള വീട്ടകങ്ങളിലെ സാധാരണ വർത്തമാനങ്ങളിലൂടെ മാത്രം വികസിക്കുന്ന ഒരു കഥ പറച്ചിലിന് വായനക്കാരെ കിട്ടാനുള്ള സാധ്യത കുറഞ്ഞു വരുന്നു. ഈ തിരിച്ചറിവായിരിക്കും 21-ാം നൂറ്റാണ്ടിലെ പ്രധാനനോവലിസ്റ്റുകളിൽ പലരും, കഥയെ, ദേശ കാലപരിധികൾക്ക
പ്പുറത്തേക്ക് പടർത്തിവിടാനായി ശ്രമിക്കുന്നത്. അപരിചിത വ്യക്തി ദേശനാമങ്ങൾ, സംസ്‌കാരങ്ങൾ, ഇടപെടലുകൾ, ദു:ഖങ്ങൾ എന്നിവയ്ക്ക് ഒരു സാർവ്വദേശിയ ഏകാന്തതയ്‌ക്കൊപ്പം തന്നെ വ്യക്തമായ ഭിന്ന നിറങ്ങളും ഉണ്ട്. അതുകൊണ്ടു തന്നെ ഈ നോവലെഴുത്തിനു മേൽപ്പറഞ്ഞതിനുമൊക്കെ അപ്പുറത്തേുക്കുള്ള ആഴമേറിയ ഗവേഷണത്തിന്റെ അദ്ധ്വാനമുണ്ട് എന്നത് വാക്കുകളിലെ വിയർപ്പു ഗന്ധം വിളിച്ചോതുന്നുണ്ട്. എഴുതിയ ഓരോ വരിയും തലയെടുപ്പോടെ എഴുന്നു നില്കുന്നത്, കഷ്ടപ്പെട്ട് ശേഖരിച്ച നിരവധി അടിക്കല്ലുകൾക്കു മേലെയായതു കൊണ്ടാണ്.

ഭാവനയുടെ ലോകത്തു നിന്നു എഴുത്തുകാരൻ ചരിത്രത്തിന്റെ യാഥാർത്ഥ്യങ്ങളിലേക്ക് കാലെടുത്തു വെയ്ക്കുമ്പോൾ യുക്തിയുടെയും സത്യത്തിന്റെയും കരുത്തു വാക്കുകളിലുണ്ടാവണമെന്ന് നോവലിസ്റ്റിന് വാശിയുണ്ട്. ചരിത്ര ബോധത്തെക്കുറിച്ചുള്ള ആഴമേറിയ അറിവും മേമ്പൊടിക്ക് വിതറുക എന്നത് എഴുത്തിന്റെ ഒരു കൗശലമാണ്. ഒരു മൗസ് ക്ലിക്കിൽ വന്ന് മലർന്നു വീഴുന്ന ചരിത്രത്തിന്റെ ഇരുട്ടുകളിലെ ഒളിഞ്ഞു കിടക്കുന്ന ചില ഭൂദേശങ്ങളിലോട്ട് വിളക്കുമര വെളിച്ചം
പായിക്കുമ്പോൾ അലസ വായനക്കാരന്റെ ആദരം എഴുത്തുകാരനിലോട്ട് പൂക്കുട മറിച്ചിടും പോലെ സമൃദ്ധമാകുമെന്ന് പുതിയ എല്ലാ എഴുത്തുകാർക്കും അറിയാം. ഗൂഗിൾ എന്നത് ഏഴു സമുദ്രവും അളന്നു തീർക്കാത്ത അറിവിന്റെ കടലാഴമാണ്. അതിൽ നിന്ന് കൊരുത്തെടുക്കുന്ന മീനുകളും, പെറുക്കി കൂട്ടുന്ന പവിഴപ്പുറ്റുകളും, കോരിയെടുക്കുന്ന ഉപ്പുവെള്ളവും സമയവും സ്ഥലവും മാറുന്നതിനനുസരിച്ച് വ്യതിരിക്തതയുണ്ടാകും. അത്തരം ചരിത്രാവശിഷ്ടങ്ങളിൽ മൗലികമായ ഭാവനകൂടി വിളക്കിച്ചേർക്കുന്ന സർഗ്ഗാത്മകത, എഴുത്തുകാരൻ ഇന്ന് സ്ഥിരം എടുത്തുപയോഗിക്കുന്ന രീതി കൂടിയാണ്.

പുതഞ്ഞുപോയ ചിലത് ചികഞ്ഞെടുത്ത് അടുക്കോടുകൂടി കാലഗണനവെച്ചു അദ്ദേഹം അവതരിപ്പിക്കുന്നു. ജീവിച്ചിരുന്ന മഹാന്മാർ നടത്തിയ വഴി സഞ്ചാരങ്ങളും പരിഷ്‌ക്കാരങ്ങളും സംഭാവനകളും അടുക്കി വെച്ച് പുതുക്കിയെടുക്കുന്ന എടുപ്പും മേലാപ്പുമാണ് ചരിത്ര നിർമ്മിതിയുടെ കാതൽ. അറിഞ്ഞും പറഞ്ഞും കേൾക്കാത്തതിനെമനസ്സിലാക്കാൻ അല്പം പ്രയാസം വായനക്കാരന് കാണും. അത്തരമൊന്ന് നവ്യമായ ഒരു കാര്യജ്ഞാനമായിരിക്കും വായിക്കുന്നയാൾക്ക് പകർന്നു
നല്കുക. മനുഷ്യചരിത്രത്തെ തെട്ടറിഞ്ഞ ഭൂതകാലം വായനക്കാരിൽ അനുഭവിപ്പിക്കാൻ ഡയറിക്കുറിപ്പുകളിലെയും കത്തുകളിലെയും വിവരങ്ങൾ എഴുത്തുകാരൻ സമൃദ്ധമായുപയോഗിക്കുന്നുണ്ടല്ലോ. ‘നല്ലഭൂമി’ എന്ന നോവലിനെക്കുറിച്ച,് പി
ന്നെ ‘ഹിറ്റ്‌ലറിനെ’ ആരാധ്യനായി ടൈംമാഗസിൻ തിരഞ്ഞെടുത്തതിനെക്കുറിച്ചുമെല്ലാം എഴുതി വെയ്ക്കുന്നുമുണ്ട്.

ഈ നോവൽ പൂർത്തീകരിക്കുന്ന അടച്ചിരുപ്പ് കാലം മനുഷ്യകുലത്തിന് മുൻപും പരിചിതമായിരുന്നുവെന്ന് സൂചിപ്പിക്കുന്ന പരാമർശങ്ങളും അതിലുൾപ്പെടുത്തിയിട്ടുണ്ട്.
ചരിത്രത്തിൽ നിന്നടർന്നുപോയ കല്ലുകൾ പെറുക്കിയെടുത്താണ് ബെന്യാമിൻ പുതിയ മിന്നാരങ്ങൾ പടുത്തുയർത്തുന്നത്. ടാൻസാനിയായിൽ പോയ മനുവും കരുതലോടെ ശേഖരിക്കുന്നത് ടാൻസാനിയായുടെ പൂർവ്വ ചരിത്രം മാത്രമല്ല. പ്രൗഡി പേറിയ ചില ടാൻസാനിയൻ ചക്രവർത്തിമാരും കേരള ക്രിസ്തീയ സമൂഹവും തമ്മിലുള്ള അടുപ്പത്തെക്കുറിച്ചും കൂടിയാണ്. പതിറ്റാണ്ടുകൾക്ക് മുൻപേ തന്നെ വെളിച്ചം അറച്ചു നിൽക്കുന്ന ഇരുണ്ട ഭൂഖണ്ഡത്തിലെ പല ദേശങ്ങളിലേക്കും മലയാളികൾ കടന്നുചെല്ലുകയും ആ നാട്ടുകാരുടെ ആദരവ് പിടിച്ചു പറ്റുകയും ചെയ്തിട്ടുണ്ട് എന്ന ചരിത്ര വസ്തുത നമുക്കാകെ അഭിമാനകരമാണ്.

ഇരുത്തം വന്ന ഒരു യാത്രാ വിവരണമെഴുത്തിന്റെ നിയതമായ നൈതിക ഭാഷ നോവൽ ഘടനയെ ചിലപ്പോഴൊക്കെ വന്ന് പിച്ചി നോവിക്കുന്നുമുണ്ട്. എന്നിരുന്നാലും മനുഷ്യ ഗോത്ര ചരിത്രത്തിന്റെ തലമുറപ്പടികൾ ചവിട്ടി ഭൂതകാലത്തിന്റെ ഇരുട്ടിലേക്ക് കൈവെട്ടം തെളിക്കുന്ന ഭാഷയുടെ സാമർത്ഥ്യമാണ് ആ നുള്ളി നോവലിനെമറികടക്കാൻ നോവലിസ്റ്റ് തേക്കുന്ന മറു മരുന്ന്. ഒരു ചലനചിത്രം പോലെ വന്നു മറയുന്ന സ്ഥലനാമങ്ങളും, ആശുപത്രി പരിസരങ്ങളും, ചരിത്ര സന്ദർഭങ്ങളും, യാത്രാവഴികളും, അധികാര പദത്തിലിരുന്ന അതിപ്രശസ്തരല്ലാത്ത വ്യക്തി വിശേഷങ്ങളുമെല്ലാം അരനേരം കൊണ്ടു തന്നെ വായനക്കാരനും തുറന്നുവെച്ചിരിക്കുന്ന കംപ്യൂട്ടറോ മൊബൈലോ വഴി കണ്ടെത്താനും എഴുത്തു വഴിയുടെ നിതാന്ത നൈതികത അപ്പപ്പോൾ പരിശോധിക്കാനും കഴിയുന്നു. ഇവിടെ നോവലാസ്വാദനത്തിനുവേണ്ടി വായനക്കാരനും സൈബർ സഹായം സ്വീകരിക്കുന്നുവെന്ന് സാരം. വായനക്കാരന്റെ ഈ നിതാന്ത ജാഗ്രത ഇന്നത്തെ എഴുത്തുകാരന്റെ ഉത്തരവാദിത്തം വർദ്ധിപ്പിക്കുന്നു. വാക്കുകൾ കൊണ്ടു കടഞ്ഞിട്ടിരിക്കുന്ന രൂപ ശില്പങ്ങൾക്ക് മിഴിവേറാൻ വായനക്കാരന്റെ മിഴികൾ തന്നെ വസ്തുതകളെ വിലയിരുത്തുന്ന തരത്തിലേക്ക് പുതിയ വായനനീങ്ങുന്നു. തികച്ചും, അറിയപ്പെടാതെ അതുവരെ കിടന്ന ഇരുണ്ട ഭൂഖണ്ഡങ്ങൾക്ക് മേൽ തെളിഞ്ഞ അരുണനെപ്പോലെ എഴുത്തുകാരനെ വായനക്കാരൻ തിരിച്ചറിയുകയും ചെയ്യുന്നു.

എഴുത്തിന്റെ മാന്ത്രികത കൈമുതലായ ബെന്യാമിൻ ഈ നോവൽ രചനയുടെ കഠോരവേളകളിൽ വിവരങ്ങൾ വിവരണങ്ങളാക്കാൻ ചിക്കുപായിൽ കോഴിയെന്ന പോലെ സൈബറിടങ്ങളിൽ വിരൽ പരതി എത്രയോ നടന്നിട്ടുണ്ടാകും? ‘കുഴിച്ചു മൂടപ്പെട്ട ചരിത്രത്തെ പ്രകോപനപരമായി ഭാവനചെയ്തു കൊണ്ടുള്ള കഥാസൃഷ്ടികൾ വരാൻ പോകുന്ന നൂറ്റാണ്ടിന്റെ തുടക്കത്തിലെങ്കിലും പ്രധാനപ്പെട്ട സാഹിത്യ ശൈലിയായി മാറും. സിവി ചരിത്രത്തെ കണ്ടതുപോലെയല്ല അടുത്ത നൂറ്റാണ്ടിലെ നോവലിസ്റ്റ്. ചരിത്രത്തെ കാണാൻ പോകുന്നത്’ എന്ന കെ പി അപ്പന്റെ ഉൾക്കാഴ്ച, പൂർണ്ണമായും ശരിവെക്കുകയാണ് ഈ നോവൽ. ‘കഥയുടെ ഭാവിയിൽ ഖനനം ചെയ്യുമ്പോൾ’ എന്ന അദ്ദേഹത്തിന്റെ തന്നെ മറ്റൊരു ലേഖനത്തിൽ ‘കഥാകാരൻ ചരിത്രത്തെ അതിന്റെ ശവക്കുഴിയിൽ നിന്ന് പുറത്തെടുത്ത് പ്രകോപനപരമായ വീക്ഷണത്തിലൂടെ പുനരാഖ്യാനം ചെയ്യും’ എന്ന വാചകം വാച്യാർത്ഥത്തിൽ പോലും യാഥാർത്ഥ്യമാക്കുന്ന ഒരു ഉദ്യമമാണ് ‘നിശബ്ദ സഞ്ചാര’ങ്ങൾ എന്ന കൃതി.

എഴുത്തുകാരന്റെ കൈയ്യൊപ്പ്
കഥയുടെ ആഖ്യാനം മുഴുവൻ വർത്തമാനകാലത്തിന്റെ ഒരു ചെറിയ ഇടവേളയിലാണൊതുക്കിയതെന്ന് സാങ്കേതികമായി പറയാം. കാരണം കോവിഡു മഹാമാരി പൊട്ടിപ്പുറപ്പെടുന്നതിന് ഏതാനും മാസങ്ങൾക്ക് മുൻപുള്ള ആശുപത്രി വാസത്തിനിടയ്ക്ക് തനിക്ക് ലഭിച്ച പരിചരണമാണ് മനു എന്ന കഥാപാത്രത്തിന്റെ ചില തിരിച്ചറിവുകളായി കഥ പറച്ചിലിന്റെ ജോലി. എന്നാൽ കാലത്തിന്റെ അതിരുകൾ തിരിക്കാനുള്ള നാട്ടക്കല്ലുകൾ ഒന്നും തന്നെ നോവലിൽ കാണുന്നുമില്ല. അത് ഭൂതകാലത്തേക്ക് ഇടയ്ക്കിടയ്ക്ക് ഇറങ്ങിയും കയറിയും പോയാണ് വികസിക്കുന്നത്. വായനക്കാരനെഒരു യാത്രക്കാരനും കൂടിയാക്കുകയാണ് ഇവിടെ. പിന്നാക്കം പോക്കിലോരോന്നിലും അനവധി അനർഘ നിമിഷങ്ങളുടെ തിളക്കം പേറിയ സംഭവങ്ങളാണ് അവൻ പരിചയപ്പെടുന്നത്. വായക്കാരന് അധികം പരിചയമില്ലാത്ത കാലവും ദേശവുമാണ് അത്തര
ത്തിൽ അനാവരണം ചെയ്യപ്പെടുന്നതു. അനുഭവങ്ങളുടെ തിക്കിഞ്ഞെരുക്കത്തിൽ, പല കാലങ്ങളുടെ, പല ദേശങ്ങളുടെ, പല വ്യക്തികളുടെ, ഉള്ളു നോവിക്കുന്ന പല അനുഭവങ്ങളാണ് ഈ നോവൽ നമുക്ക് പകർന്നു നല്കുന്നത്. ആ ഭാഷാ സരണിയെ ഹൃദയപൂർവ്വം ഉൾച്ചേർക്കാൻ വായനക്കാർക്കാകുകയും ചെയ്യുന്നു.

നോവലുടനീളം ഓരോ കഥാപാത്രവും ഒന്നിന് പിറകേ ഒന്നായിട്ടാണ് കടന്നുവരുന്നത്. തുടക്കം തൊട്ടു തന്നെ പ്രധാനപ്പെട്ട ചിലരെ അരണ്ട വെളിച്ചത്തിൽ കൊണ്ടു വന്നു നിറുത്തുന്നു അവരെ ജീവിതത്തിന്റെ കടും ചായങ്ങൾ വാരിപ്പൂശിപെട്ടെന്ന് രംഗത്തേക്ക് വിടുന്നില്ല. അവരെക്കുറിച്ചു കൂടുതൽ അറിഞ്ഞിരുന്നെങ്കിൽ എന്ന ആഗ്രഹത്തിന്റെ കാഞ്ചിവലിക്കുകയാണ് നോവലിസ്റ്റ് ചെയ്യുന്നത്. എന്നാൽ ഒരുതരത്തിലുള്ള ഊഹങ്ങൾക്കും സാധ്യമായ നിരത്തിലൂടെയല്ല കഥയുടെ ഓരോ കവലയിലും യാത്ര മുന്നോട്ടു പോകുന്നതു താനും. കൊല ചെയ്തവനാര് എന്ന ചോദ്യത്തിന്റെ അറ്റത്ത് കൊളുത്തി വായനക്കാരെ കെട്ടിവലിക്കുന്ന കുറ്റാന്വേഷണ കഥയുടെ വഴിയിലൂടെയല്ലാതെ തന്നെ ഈ കഥാപാത്രത്തിനറെ പിന്നാമ്പുറമെന്ത് എന്ന് അറിയാനുള്ള ഒരു പിന്നോട്ട് പായലാണ് ഈ നോവലിന്റെ ഘടനയിലെ രാസക്കൂട്ട്.

ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് തൊടുവിച്ചു കഥാകാരൻ നടത്തിയ യാത്രയാണ് ആദ്യന്തം ഈ നോവൽ. അന്വേഷിക്കുന്നത് ഏതോ അത് അടുത്തു തന്നെ ഉണ്ട് എന്ന് തോന്നൽ ഉളവാക്കുക; അടുത്തെത്തുമ്പോൾ അത് പൊള്ളയായിരുന്നു എന്ന് മനസ്സിലാക്കുക; നിരാശയിൽ നിന്നും വീണ്ടും പിടിച്ചു കയറാൻ ഒരു തുരുമ്പു നീട്ടീകൊടുക്കുക, ഇത്തരത്തിലുള്ള ഒരു ഘടനയിലൂടെയാണ് നോവൽ മുന്നോട്ടു പോകുന്നത്. പരത്തി പറയാൻ ഒരുപാട് ഉണ്ടായിട്ടും ചെറിയ പറച്ചിലുകളുടെ ഒതുക്കം കൊണ്ട് പല ഭാഗങ്ങളും അതിസാധാരണത്വത്തിന്റെ നിലയിൽ തന്നെ നിൽക്കുന്നുണ്ടുതാനും. ഇടയ്ക്കിടയ്ക്ക് നോവൽ എത്തി നില്ക്കുന്ന കഥാസന്ദർഭം വരെയുള്ളത് അലസ വായനക്കാരന്റെ മനസ്സിലേക്ക് ഒരു ചുരുക്ക ഖണ്ഡികയിലൊതുക്കിപ്പറയുന്നതും ബെന്യാമിന്റെ മറ്റൊരു വിരുതാണ്. വായനക്കാരൻ അക്ഷരങ്ങളിൽ നിന്ന് വിടുതൽ നേടി കടലാസടുക്കിൽ നിന്ന് പുറത്ത് പോകുന്നില്ല എന്നതിന്റെ വിജയമാണല്ലോ 150-ാം പതിപ്പുകഴിഞ്ഞു നില്ക്കുന്ന ആടുജീവിതാഖ്യാതാവിന്റെ എഴുത്തിന്റെ മെച്ചം.

ആടുജീവിതത്തിൽ പരീക്ഷിച്ചു വിജയിച്ച ഒരു പ്രമാണ സൂത്രം അതിവിദഗ്ദ്ധമായി ബെന്യാമിൻ
‘നിശബ്ദ സഞ്ചാരങ്ങളി’ലും സങ്കേതികമായി സന്നിവേശിപ്പിക്കുന്നു. വ്യക്തികൾ, ജീവിതവുമായി നടത്തിയ നേർയുദ്ധത്തിന്റെ മരുച്ചൂട് വായനക്കാർക്ക് പകർന്നു കൊടുക്കുന്നു. ആ ദുരിതനോവിന്റെ ആത്മാംശങ്ങൾ വായനക്കാരന്റെ ഹൃത്ഭിത്തികളിൽ കോറി ചോര കിനിയുന്നു. ജീവിതമെന്നത് വെറുതേ ജീവിച്ചു തീർക്കലോ ആർമ്മാദിച്ചൊടുങ്ങലോ അല്ല എന്നും അന്യന്റെ ജീവിതത്തെ അടുത്തറിയാനുള്ള മഹത്തായ അവസരമാണ് എന്നും ഉള്ള തിരിച്ചറിവ് പ്രധാനമാണ്. മുൻതലമുറയുടെ വിശുദ്ധിയേറിയ ഭൂതകാലത്തിന്റെ അനുഭവ സമൃദ്ധിയെ, വളമാക്കി മാറ്റി വർത്തമാനകാലത്തെ ഹരിതാഭമായി മാറ്റുകയാണ് മനുഷ്യൻ ചെയ്യേണ്ടത് എന്ന ആദർശ സൂക്തമാണ് നോവലിന്റേത്. കൈവിട്ടുപോയി എന്ന് കരുതുന്ന ജീവിതങ്ങളെ കരളുറപ്പോടെ കൈപിടിച്ചുയർത്തുന്ന മാസ്മരികാനുഭവങ്ങളാണ് ഏതൊരു നേഴ്‌സിന്റെയും ജീവിതത്തെ വ്യത്യസ്തമാക്കുന്നത്. രോഗം ഭേദമാക്കുന്നതിൽ അവരുടെ പങ്ക് വലുതാണ്. അത്, രോഗിയോടു പറയുന്ന ഒരു കളിവാക്കാകാം. വാർഡിലൂടെ, മുറിവരാന്തയിലൂടെ, കടന്നുപോകുമ്പോൾ കിടക്കനോക്കി കാട്ടുന്ന ഒരു ചെറുചിരി ആകാം; നമ്മുടെ ആകുലതകൾ കേൾക്കാനായി ചരിച്ചു വെക്കുന്ന ഒരു കാതായിരിക്കും; മേലനങ്ങാതെ വേദനപൂണ്ട് കിടക്കുമ്പോൾ ദേഹം തുടച്ചെടുക്കുന്ന സ്‌നേഹസാമീപ്യത്തിന്റെ ഈർപ്പമായിരിക്കും; അരുതാത്തത് ചെയ്യുമ്പോൾ കാട്ടുന്ന കാർക്കശ്യം പേറിയ ഒരു താക്കീതായിരുക്കും; രോഗാവസ്ഥയ്ക്ക് മാറ്റം വരുത്താൻ നമ്മെ മാനസികമായി ഉണർത്തുന്ന ഒരു തോൾ തലോടലും ആകാമത്. ഏതുതരത്തിലും രോഗിയെ വീണ്ടെടുക്കാനൊപ്പം നിന്ന് രോഗത്തെ ഒഴിവാക്കാൻ രാപകൽ നേഴ്‌സുമാർ ചാരത്തു നിന്ന് കർമ്മോത്സുകതയോടെ നടത്തുന്ന ഇടപെടലുകൾ ഇതര ജോലികളിൽ നിന്ന് അതിന് ഒരു വ്യത്യാസപ്പൊലിമ പകരുന്നു.

‘നിശബ്ദ സഞ്ചാര’ങ്ങളിലെ നേഴ്‌സനുഭവങ്ങളിൽ നിന്ന് നമുക്ക് ഉൾക്കൊള്ളാൻ കഴിയുക നേഴ്‌സുമാരുടെ മനസ്സിലെ അപര സ്‌നേഹത്തിന്റെ അപാരമായ മൗലിക പ്രേരണകളാണ്. ദൈവത്തിന്റെ വാതിലിന് തൊട്ടടുത്താണ് അവരുടെ ഇരിപ്പിടങ്ങൾ. ചരിത്രത്തിന്റെയും സംസ്‌കൃതിയുടെയും മഹായാത്രയിൽ നമ്മുടെ കൊച്ചു കേരളത്തിലെ ചുണയുള്ള കുറച്ച് പെൺകുട്ടികൾ നടത്തിയ കാൽവെയ്പുകളുടെ മുദ്രകളാണ് ഈ നോവൽ നിറയെ. മലയാളി ലോകത്തിന് നല്കിയ അമൂല്യമായ സംഭാവനയിൽ കീരീടം പേറി നില്ക്കുന്നത് ആതുരശുശ്രൂഷയുടെ വെള്ളിവെളിച്ചമാണ് എന്ന തുറന്നു പറച്ചിലാണീനോവൽ.

Mob:8848621545