സ്നേഹത്തിന്റെ സുവിശേഷം

ജോയ് വാഴയിൽ

സ്നേഹത്തിന്റെ സംഗീതം ശ്രവിക്കുവാൻ
ആകാശത്തിലേക്കു
ചിറകുവിരുത്തുന്നതിനു മുമ്പ്
ആത്മാവിൽ ദാരിദ്ര്യം ഏറ്റുവാങ്ങുക.
സ്നേഹത്തിന്റെ അഗ്നിനാളം
കൊളുത്തുവാൻ കൈ നീട്ടും മുമ്പ്,
അതിന്റെ സാമീപ്യം വിരലുകൾ
പൊള്ളിക്കുമെന്ന്‌ അറിയുക.
സ്നേഹത്തിന്റെ കിരീടം അണിയുവാൻ
ശിരസ്സുയർത്തുന്നതിനുമുമ്പ്
ആ മുൾക്കിരീടം നെറ്റിത്തടം തുളച്ച്
ചോരയിറ്റിക്കുമെന്നും,
സ്നേഹത്തിന്റെ പാത
അടയാളപ്പെടുത്തുമെന്നും
തിരിച്ചറിയുക.

മൃദുവായൊരു ഹംസതൂലികാശയ്യയിൽ
നിദ്രാവിഹീനതയുടെ അസ്വസ്ഥതയിൽ
സ്നേഹം നെടുവീർപ്പിടുന്നു.
ശരത് കാലത്തിന്റെ പൂഴിമണ്ണിൽകിടന്ന്
അത് പാട്ടുപാടി ആനന്ദിക്കുകയും
മേഘമാർഗങ്ങളിലൂടെ
സഞ്ചരിക്കുകയും ചെയ്യുന്നു.
സ്വർണത്തിന്റെ തിളക്കത്തിൽ
കെട്ടുപോവുന്ന അതിന്റെ പ്രഭ
പൂവിതളിന്റെ പരിശുദ്ധിയിലേക്കു
അടർന്നു വീഴുന്ന മഞ്ഞുതുള്ളിയിൽ
പ്രകാശിക്കുന്നു.

കാലാതിവർത്തിയായ സ്നേഹത്തിന്റെ
തോരാമഴക്കു വേണ്ടിയാണ്
പ്രപഞ്ചം കാത്തിരിക്കുന്നത്.
അപാരത പുണരുന്ന സ്നേഹത്തിന്റെ
ഈണങ്ങൾക്കു വേണ്ടിയാണ്‌
സമയം സ്പന്ദിക്കുന്നത്.
സൂക്ഷ്‌മതയുടെ ആകാശത്തിൽ
സ്നേഹം നിർവൃതിയുടെ
സ്വപ്നച്ചിറകുകൾ വിരുത്തുന്നു.
അഭൗമസംഗീതത്തിന്റെ അമൃതബിന്ദുവായി
സ്നേഹം ആത്മാവിന്റെ ആഴങ്ങളിലേക്ക്
കിനിഞ്ഞിറങ്ങുന്നു.

പോരാട്ടത്തിന് തയ്യാറാണെന്ന്
ധാർഷ്ട്യത്തോടെ സ്നേഹം പ്രഖ്യാപിക്കുന്നില്ല.
അതു വിനയപൂർവം ഒതുങ്ങിനിന്ന്
രാജവീഥിയിലൂടെ കടന്നു പോവുന്ന
പടച്ചട്ടയണിഞ്ഞ യുദ്ധവീരന്മാരെ നോക്കി
നെടുവീർപ്പിടുന്നു.
പിന്നീട് അവർ മ്യതദേഹങ്ങളായി
തിരികെയെത്തുന്ന വിലാപയാത്രയിൽ
വിതുമ്പലിന്റെ മൗനമായി
അലിഞ്ഞു ചേരുന്നു.

വാളുകളുടെ അധികാരം സൃഷ്ടിക്കുന്നത്
കബന്ധങ്ങളുടെ ഞരക്കം.
സ്നേഹത്തിന്റെ പൂമ്പാറ്റയുടെയോ
ചിറകടിയുടെ നനുത്ത മർമരം.
അത് അജ്ഞാതമാർഗ്ഗങ്ങളിലൂടെ
കാലത്തിന്റെ ശക്തിയും ചൈതന്യവുമായി
പുനർജനിച്ചു പടരുന്നു.
സ്നേഹത്തിന്റെ സുവിശേഷമാണിത്.
നന്മയുടെയും.

Mob: 9999614441