ആള്‍ക്കൂട്ടത്തില്‍ തനിയെ!

മഹേഷ്

തന്നെ ഏറ്റവുമധികം സ്വാധീനിച്ച ആനന്ദിന്റെ ആൾക്കൂട്ടത്തെക്കുറിച്ചു മുതിർന്ന പത്രപ്രവർത്തകനായ മഹേഷ് എഴുതുന്നു. മൂന്നു പതിറ്റാണ്ടുകളോളമായി നഗരത്തിൽ ജീവിക്കുന്ന മഹേഷിന്റെ അഭിപ്രായത്തിൽ അമ്പതു കൊല്ലം പിന്നിട്ട ‘ആൾക്കൂട്ട’ത്തിന്റെ പ്രസക്തി ഇപ്പോഴും നിലനിൽക്കുന്നു.

ഏകദേശം 30 വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു പിടി അസ്തിത്വവ്യഥകളുമായി മുംബൈയിലെ വി.ടി സ്റ്റേഷനില്‍ വന്നിറങ്ങിയപ്പോള്‍ ഉണ്ടായ അമ്പരപ്പും അന്ധാളിപ്പും പറഞ്ഞറിയിക്കാവുന്നതിലും
അപ്പുറമായിരുന്നു.
‘ഇറങ്ങിയടത്തു തന്നെ നില്‍ക്കുക, ഒരു അപരിചിതനോടും സംസാരിക്കാതിരിക്കുക’. പത്രപ്രവര്‍ത്തക സുഹൃത്തിന്റെ ഈ രണ്ടു നിര്‍ദേശങ്ങള്‍ മാനിച്ചുകൊണ്ട് പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുമ്പോള്‍ കണ്ട ഒരു കാഴ്ച ഇന്നും ഓര്‍മയിലുണ്ട്.

ഇലക്ട്രിക്ക് ട്രെയിനുകളില്‍ നിന്നും ഇറങ്ങി പല വഴിക്കായി ചിതറിയോടുന്ന മനുഷ്യക്കൂട്ടങ്ങള്‍. നിമിഷങ്ങള്‍ക്കകം ഇവര്‍ അപ്രത്യക്ഷരാകുന്നു. ഒരു നെടുവീര്‍പ്പിട്ട് തീരുന്നതിനു മുമ്പേ അടു
ത്ത വണ്ടി വരുന്നതോടു കൂടി വളരെ ചെറിയ ഇടവേളകളോടെ. ഈ കാഴ്ച വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു.

ഈ ആള്‍ക്കൂട്ടങ്ങള്‍ എവിടെ നിന്ന് വരുന്നു? എവിടേക്കു പോകുന്നു? മെല്ലെ നടന്നു നീങ്ങുന്നതിന് പകരം എല്ലാവരും എന്തിനാണിങ്ങനെ ഓടുന്നത്? സുഹൃത്തിനെ കണ്ടയുടന്‍ ആദ്യം ചോദിച്ചതും ഈ ചോദ്യങ്ങളായിരുന്നു.

‘വാ, നടക്ക്’, അദ്ദേഹത്തിന്റെ പ്രതികരണം ഈ രണ്ടു വാക്കുകളിലൊതുങ്ങി.

ആനന്ദിന്റെ ‘ആള്‍ക്കൂട്ടം’ ആദ്യമായി വായിച്ചത് മുംബൈ യാത്രയ്ക്ക് മാനസികമായി തയ്യാറെടുക്കുന്ന സമയത്താണ്. തികച്ചും അപരിചിതമായ മഹാനഗരത്തെക്കുറിച്ചുള്ള ഒരു രേഖാരൂപം ‘ആള്‍ക്കൂട്ടം’ വരച്ചുകാട്ടി. മലയാള സാഹിത്യത്തിലെ ഒരു വഴിത്തിരിവെന്നു പറയാവുന്ന ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ച് അര നൂറ്റാണ്ടു പിന്നിടുമ്പോൾ ആനന്ദ് ഉയര്‍ത്തിയ പല ചിന്തകളും ഇന്നും പൂര്‍വാധികം പ്രസക്തിയോടെ നിലനില്‍ക്കുന്നു എന്നതാണ് ആള്‍ക്കൂട്ടത്തെ ഒരു വേറിട്ട സൃഷ്ടിയാക്കി മാറ്റിനിര്‍ത്തുന്നത്.

സ്വാതന്ത്ര്യാനന്തര മുംബൈയിലെ ഒരു പറ്റം മലയാളി സുഹൃത്തുക്കളുടെ വ്യഥകളും വ്യാകുലതകളും ആണ് ആള്‍ക്കൂട്ടത്തിന്റെ ഇതിവൃത്തം. വ്യവസ്ഥാപിതമായ ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഒന്നും പറയാന്‍ ആനന്ദ് ശ്രമിക്കുന്നില്ല. ഒരു കൃത്യമായ തുടക്കമോ അവസാനമോ അഥവാ കേന്ദ്ര കഥാപാത്രങ്ങളോ ആള്‍ക്കൂട്ടത്തിനൊട്ടില്ലതാനും.

ജോസഫ്, സുനില്‍, രാധ, ലളിത, പ്രേം – മഹാനഗരത്തില്‍ ഒറ്റപ്പെട്ടുപോയ സ്വന്തമെന്നു പറയാന്‍ കാര്യമായ ഒന്നുമില്ലാത്ത ഒരു പറ്റം ചെറുപ്പക്കാരാണ് കഥയുടെ ആധാരം. ഇവര്‍ പങ്കുവയ്ക്കുന്ന വ്യാകുലതകളും ഇവരുടെ നഷ്ടബോധങ്ങളും – മനുഷ്യ ജീവിതത്തിലെ ഇത്തരം അസ്തിത്വ വ്യഥകളുടെ തള്ളിക്കയറ്റമാണ് പുസ്തകത്തിലുടനീളം.

കൃത്യമായ ഇടവേളകളില്ലാതെ ഓരോരുത്തരെയും അലട്ടിക്കൊണ്ടിരിക്കുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ ഒരു സമാഹാരമാണ് മനുഷ്യന്‍. ജോസഫിന്റെയും രാധയുടെയും പ്രേമിന്റെയും വ്യാകുലതയൊക്കെയും സത്യത്തില്‍ നമ്മളിലോരോരുത്തരുടേയും പ്രശ്‌നങ്ങള്‍തന്നെയാണ്.

ലാഭനഷ്ടങ്ങള്‍ ചില കണക്കുകളിലൊതുങ്ങുന്നു. ഗ്രന്ഥകാരന്റെതന്നെ വാക്കുകളില്‍, ”കണക്കുകള്‍ ഒരിക്കലും പിഴയ്ക്കാറില്ല, പിഴയ്ക്കുന്നത് സംഖ്യകള്‍ മാത്രം!”

ഇത്തരം ഏറ്റക്കുറച്ചിലുകള്‍ക്ക് ജീവിതത്തില്‍ വലിയ പ്രസക്തിയില്ലെന്ന തിരിച്ചറിവാണ് ഈ പുസ്തകം മുന്നോട്ടു വയ്ക്കുന്ന ഏറ്റവും വലിയ തത്വചിന്ത. മഹാനഗരത്തിന്റെ യന്ത്രികതയും നിര്‍വികാരതയും പലയിടങ്ങളിലായി ആനന്ദ് കോറിയിടുന്നു.

‘ഇവിടെ വികാരങ്ങള്‍ക്ക് ഒരു സ്ഥാനവുമില്ല. എല്ലാവരും ജീവിക്കാനുള്ള തത്രപ്പാടിലാണ്’. മുംബൈ ഭീകരാക്രമണത്തിന്റെ അടുത്ത ദിവസം വി.ടി സ്റ്റേഷനിലെ തിരക്കിനെക്കുറിച്ച് സുഹൃത്തിനോട് ചോദിച്ചപ്പോള്‍ കിട്ടിയ പ്രതികരണം ഇതായിരുന്നു. പ്രേം ജോസഫിനോട് പറയുന്നതും ഇതുതന്നെയാണ്. ‘നിങ്ങള്‍ അത്ഭുതങ്ങള്‍ കാണാനിരിക്കുന്നതേ ഉള്ളൂ!’

എന്നോ ഒരിക്കല്‍ ഈ അത്ഭുതം തന്നെ തേടിവരും എന്ന പ്രതീക്ഷയാണ് എല്ലാവരെയും അടുത്ത ദിവസത്തിലേക്ക് നയിക്കുന്നത്. പക്ഷെ സത്യത്തില്‍ ഇവിടെ ഒരു അത്ഭുതവും സംഭവിക്കുന്നില്ല. ഒരു ദിവസവും മറ്റൊരു ദിവസത്തില്‍നിന്നും അല്പംപോലും വ്യത്യസ്തമല്ല. ഇലക്ട്രിക് ട്രെയിനിലെ ഇരിപ്പിടങ്ങള്‍ പോലും. ആരും ആരെയും തിരിച്ചറിയുന്നില്ല. അങ്ങനെയൊരു ആവശ്യമൊട്ട് ഇല്ലതാനും. ദിവസേന ഇടപഴകുന്നവര്‍ പോലും ഇവിടെ തികച്ചും അപരിചിതരാണ്. ഇവിടെയുള്ള മനുഷ്യര്‍ക്കൊന്നും പശ്ചാത്തലമോ, മേല്‍വിലാസമോ ഇല്ല. ആകെയുള്ളത് വീട്ടുനമ്പരും കെട്ടിടനമ്പരും മാത്രം.

സുനിലിന്റെ പുസ്തകം തിരിച്ചുകൊടുക്കാനൊരുങ്ങുമ്പോഴാണ് പ്രേമിന് തനിക്കയാളെക്കുറിച്ഛ് ഒന്നുമറിയില്ലെന്ന യാഥാര്‍ത്ഥ്യം മനസ്സിലാവുന്നത്. ‘എല്ലാവരും അപരിചിതര്‍, ആള്‍ക്കൂട്ടത്തിന്റെ
തുണ്ടുകളായാണ് കൂട്ടിമുട്ടുന്നത്,’ എന്ന പ്രേമിന്റെ നിരീക്ഷണം കാലം ചെല്ലുംതോറും കൂടുതല്‍ പ്രസക്തമാവുന്നു.

മുംബൈയുടെ മാത്രം പ്രത്യേകതകളായ ചില കാഴ്ചകളെ ആനന്ദ് ബിംബങ്ങളായി അവതരിപ്പിക്കുണ്ട്. നാലണയ്ക്കു പുണ്യം വില്‍ക്കുന്ന ‘കൗഫീഡര്‍’ ഉയര്‍ത്തുന്ന തത്വചിന്ത ജോസഫിലൂടെ ഗ്രന്ഥകാരന്‍ അനാവരണം ചെയ്യുന്നു. ഭക്തര്‍ നാലണ പശുവിന്റെ ഉടമസ്ഥന് കൊടുക്കുമ്പോള്‍ ആ വിലയ്ക്കുള്ള പുല്ല് അയാള്‍ തന്റെ വളര്‍ത്തുമൃഗത്തിനു കൊടുക്കും. ‘പുണ്യം നിങ്ങളുടേത്, പശുവും പുല്ലും അയാളുടേത്’.

യഥാര്‍ത്ഥത്തില്‍ നിറയുന്നത് പശുവിന്റെ ഉടമസ്ഥന്റെ വയറാണ്! ‘നാം മറ്റുള്ളവര്‍ക്കുവേണ്ടി ജോലി ചെയ്യുകയും മറ്റുള്ളവരുടെ വയറു നിറയ്ക്കുകയും ചെയ്യുന്നു. പുണ്യം മാത്രമാണ് നമ്മുടേത്’.

പരുക്കന്‍ ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ ഒരു കലവറയാണ് ‘ആള്‍ക്കൂട്ടം’. ‘നിങ്ങള്‍ വളരെ നല്ലവനാണ്, ആവശ്യത്തിലധികം. ജീവിതത്തില്‍ വിജയം വരിക്കാന്‍ ഇത് നിങ്ങളെ സഹായിക്കില്ല. ചിലപ്പോഴൊക്കെ നിങ്ങള്‍ക്കു ദേഷ്യം വരണം. ചിലപ്പോളെങ്കിലും നിങ്ങള്‍ ചീത്ത പറയണം…’ എന്ത് ജോലിയും ചെയ്യാനുള്ള മനക്കരുത്തോടെ തന്റെ പഴയ പണിസ്ഥലത്തെത്തുന്ന പ്രേമിന്അ പരിചിതനായ വൃദ്ധന്‍ നല്‍കുന്ന ഗുണപാഠം ശരിക്കും ഒരു ഏറ്റുപറച്ചിലാണ്.

ഈ ഭൂമിയിലെ ഏറ്റവും ഭീകരമായ അവസ്ഥ ഏകാന്തതയാണെന്ന സത്യവും ആനന്ദ് നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്. ‘എന്റെ ചുറ്റിലും ചിരിക്കുകയും തമാശ പറയുകയും ചെയ്യുന്ന ആള്‍ക്കൂട്ടമാണ്. എന്നിട്ടും എനിക്ക് ഇവിടെ ഏകാന്തത തോന്നുന്നു. എനിക്ക് ആവലാതിപ്പെടാന്‍ ഒന്നുമില്ല. എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിക്കുകയാണ്’. ലളിതയുടെ കത്തിലെ
വരികള്‍ വീണ്ടും വീണ്ടും വായിക്കാന്‍ രാധയെ പ്രേരിപ്പിക്കുന്നത് ഈ മാനസികാവസ്ഥതന്നെയാണ്.

ആനന്ദിന്റെ തീവ്രമായ അനുഭവങ്ങളും സൂക്ഷ്മമായ ജീവിത നിരീക്ഷണങ്ങളുമാണ് ആള്‍ക്കൂട്ടത്തിന് മലയാള സാഹിത്യത്തില്‍ ഒരു ‘മുംബൈ ക്രോണിക്കിള്‍’ എന്നതിലുപരിയായി ഒരു സുപ്രധാന കലാസൃഷ്ടിയെന്ന സ്ഥാനം നല്‍കുന്നത്.

ചിലപ്പോഴെങ്കിലും ആവര്‍ത്തന വിരസത കയറിവരുന്ന താരതമ്യേന നീണ്ട ഈ ഗ്രന്ഥത്തെ കാലത്തിനതീതമായ ഒരു ഉത്തമ കലാസൃഷ്ടിയായി ഉയര്‍ത്തിപ്പിടിക്കുന്നതും നമ്മോടൊട്ടിക്കിടക്കുന്ന ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍തന്നെ.

സര്‍ഗാത്മക സൃഷ്ടികളുടെ രചയിതാവ് എന്നതിലുപരി ഒരു ഹ്യൂമനിസ്റ്റ് ചിന്തകനാണ് ആനന്ദ്. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടംതന്നെ സാമൂഹിക ഉച്ചനീചത്വങ്ങള്‍ക്കും മതസ്പര്‍ദ്ധയ്ക്കും ഉല്‍പ്രേരകമായി നിലകൊള്ളുന്ന ഇത്തരമൊരു കാലഘട്ടത്തില്‍ ആനന്ദിനെപ്പോലെയുള്ള ചിന്തകരുടെ പ്രസക്തി വളരെയേറെയാണ്.
മൊബൈൽ:9833048555