മൈന

സിനി കെ.എസ്.

പ്രസവ വാർഡിൻ്റെ ജനലിനപ്പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു.

രണ്ടു മഴകൾക്കിടയിൽ ആകാശം എത്രമാത്രം നിശബ്ദവും കനപ്പെട്ടതുമായിരിക്കുമോ അത്രത്തോളം നിറം മങ്ങിയതായിരുന്നു മൈനയുടെ അമ്മയുടെ മനസ്

പെട്ടെന്ന്, പെയ്യുന്ന മഴ കടന്ന് ഒരാൾ മൈനയുടെ അടുത്ത് വന്നു. അവളുടെ മുഖത്ത് മഴക്കുഞ്ഞുങ്ങളെ വീഴ്ത്തി കുനിഞ്ഞ് ഉമ്മ വച്ചു. കിടന്ന് ഉലഞ്ഞു പോയ മൈനയുടെ അമ്മയുടെ മുടി ഒതുക്കി, മുറുക്കി അടച്ച കൈ തുറന്ന് ഒരു വെളിച്ചം അവളുടെ വിളറിയ കൈകളിൽ വച്ചു.

‘അമ്പിളിമാമൻ’

“മൈനയെ എനിക്ക് തന്നതിന്, ഞാൻ വാഗ്ദാനം പാലിക്കുന്നു”.

മൈനയുടെ അമ്മ ഒരല്പം കുനിഞ്ഞ് ജനലിലൂടെ പുറത്തേക്ക് നോക്കി. മഴ കൊണ്ട് കുതിർന്ന രാത്രി
നിലാവില്ലാത്ത ആകാശം നോക്കി പെട്ടെന്ന് അന്ധയായവളെപ്പോലെ പകച്ച് നിന്നു.

മഴയെ പകുതിയിൽ മുറിച്ച് മുറിച്ചെറിഞ്ഞ് അയാൾ നടന്നകന്നപ്പോൾ അമ്മ കൈ തുറന്നു നോക്കി. അവിടെ ആ വെളിച്ചം ഇല്ലായിരുന്നു. ഒരു പൊള്ളിയ പാടു മാത്രം.

എല്ലാം തോന്നലായിരുന്നു.
മൈനയുടെ അച്ഛൻ വന്നില്ല.
അവളെ ഒന്നു കാണാൻ…
അമ്മയുടെ ഉള്ളും ഉള്ളംകൈയും ഒരു പോലെ നീറി.

അവളുടേതാണോ എന്ന് തീരുമാനിക്കാനായിട്ടില്ലാത്ത ഒരാകാശം ആശുപത്രിയ്ക്കു മീതെ കലങ്ങിക്കിടന്നു. പൊടിഞ്ഞു വീഴാനൊരുങ്ങി ഒരു മഴയും.