ഓർമ: മഹേഷ് ഭായ് എന്ന പുണ്യം

ശബരീനാഥ്. എം

അടുത്തകാലത്ത് കോവിഡ് ബാധിച്ച് അന്തരിച്ച തന്റെ ഗുരുവും ഗുജറാത്തി മാധ്യമ പ്രവർത്തകനുമായിരുന്ന മഹേഷ് ത്രിവേദിയെ അനുസ്മരിക്കുകയാണ് ലേഖകൻ.

ഫിനാൻഷ്യൽ എക്‌സ്പ്രസ് ദിനപത്രത്തിലെ പഴയ സഹപ്രവർത്തകരുടെ വാട്ട്‌സ് ആപ്പ് കൂട്ടായ്മയിൽ കണ്ട സുപരിചിതമായ ചിത്രം അവിചാരിതമായാണ് കണ്ണിലുടക്കിയത്. പ്രസിദ്ധ ഗുജറാത്തി മാധ്യമ പ്രവർത്തകൻ മഹേഷ് ത്രിവേദി കോവിഡ് ബാധിച്ച് അന്തരിച്ച വാർത്തയായിരുന്നു അത്. ഓരോ മരണത്തിന്റെ പിന്നിലും ജീവിതം സമ്മാനിച്ച കാരുണ്യത്തിന്റെ നിറക്കൂട്ടുകൾ ഒളിഞ്ഞ് കിടക്കുന്നു എന്നത് കണ്ണീരിന്റെ ഒരു നനവുള്ള യാഥാർത്ഥ്യമാണ്.

ശബരിനാഥ്. എം.
മഹേഷ് ത്രിവേദിയുടെ നാല് പതിറ്റാണ്ട് നീണ്ടു നിന്ന പത്രപ്രവർത്തന ജീവിതം ഈ യാഥാർത്ഥ്യത്തെ അക്ഷരാർത്ഥത്തിൽ അടയാളപ്പെടുത്തുന്നുണ്ട്. 90-കളുടെ ആദ്യ പകുതിയിൽ മുംബൈയിലെ പ്രമുഖ പത്രങ്ങളുടെ ന്യൂസ് റൂമുകളിൽ ഒരു സൗമ്യ സാന്നിധ്യമായിരുന്നു മഹേഷ് ത്രിവേദി എന്ന മഹേഷ് ഭായ്. വാർത്തകളുടെ കടലിരമ്പങ്ങളുടെ നടുവിൽ സമ്മർദ്ദങ്ങൾ കൊണ്ട് വലയുന്ന ഞങ്ങൾ ചെറുപ്പക്കാർക്ക് ആശ്വാസത്തിന്റെ മധുരമൊഴിയുമായി എപ്പോഴും കൂടെയുണ്ടായിരുന്നു അദ്ദേഹം.

മഹേഷ് ഭായ് മുംബൈയിൽ ജോലി ആരംഭിച്ചപ്പോൾ പ്രായം ഏകദേശം 50 വയസ്സ്. അതുവരെ അഹമ്മദാബാദിൽ ഇന്ത്യൻ എക്‌സ്പ്രസിലും ടൈംസ് ഓഫ് ഇന്ത്യയിലും ദീർഘനാളത്തെ സേവനം.
പ്രതീഷ് നന്തി എന്ന അതികായനായ എഡിറ്ററുടെ നാളുകൾ അസ്തമിച്ചതിന് തൊട്ടുപിന്നാലെയാണ് മഹേഷ് ഒബ്‌സർവർ പത്രത്തിൽ എത്തുന്നത്. ബിസിനസ് ഒബ്‌സർവറിൽ ന്യൂസ് എഡിറ്ററായി അദ്ദേഹം ചാർജെടുത്തു. ഏതാണ്ട് ഇതേ സമയത്താണ് ഫ്രീപ്രസ് ജേർണലിൽ ഞാൻ ഒരു ട്രെയിനിയായി കയറിക്കൂടിയത്. ശിവറാമും പോത്തൻ ജോസഫും ഉൾപ്പെടെയുള്ള മലയാളി പത്രപ്രവർത്തകർ അക്ഷരങ്ങൾ കൊണ്ട് അത്ഭുതങ്ങൾ കാണിച്ച സ്ഥലം. പക്ഷേ ഞാൻ എത്തിയപ്പോഴേക്കും ഗതകാലത്തിന്റെ പ്രൗഡിയും ഭംഗിയും ഫ്രീപ്രസിന് നഷ്ടപ്പെട്ടിരുന്നു. കാര്യങ്ങളൊക്കെ പഠിച്ച് കഴിഞ്ഞ് അവിടെ നിന്ന് ചാടാൻ തക്കം പാർത്തിരുന്ന എന്റെ മുന്നിലേക്ക് പഴയ സുഹൃത്തായ മധു ഒരു നിയോഗം പോലെ അവതരിച്ചു; എത്രയും വേഗം ഒബ്‌സർവർ ന്യൂസ് എഡിറ്റർ മഹേഷ് ത്രിവേദിയെ കാണണമെന്ന് മധുവിന്റെ ഉത്തരവ്. പിറ്റേദിവസം തന്നെ ഞാൻ മഹേഷ് ഭായിയുടെ മുന്നിൽ ഹാജരായി.

നീണ്ട കുർത്തയിട്ട് മുടിയൊക്കെ അലസമായി വെച്ച വേഷഭൂഷാദികളോട് കൂടിയ ആളെയാണ് ഞാൻ പ്രതീക്ഷിച്ചത്. മുംബൈയിലെ നരിമാൻ പോയിന്റിലുള്ള പ്രശസ്തമായ തുൾസ്യാനി ചേംമ്പേഴ്‌സിന്റെ പത്താം നിലയിൽ കൂടി നടന്ന് വന്ന മനുഷ്യൻ എന്റെ പ്രതീക്ഷയെ തകിടം മറിച്ചു. മുടി വ്യത്തിയായി ഒതുക്കിവെച്ച് തിളങ്ങുന്ന ഷൂസും ഫുൾസ്ലീവ് ഷർട്ടുമായി വെളുത്ത് തുടുത്ത സുന്ദര രൂപം. ജോലിസംബന്ധമായ ഒന്നോ രണ്ടോ ചോദ്യങ്ങളിൽ ഒതുക്കി ആദ്യത്തെ കൂടിക്കാഴ്ച. വാക്കുകളിൽ നിന്ന് ഉതിർന്ന് വീഴുന്ന സ്‌നേഹത്തിന്റെ മഴവിൽ ചാരുത. എത്രയും പെട്ടെന്ന് ജോലിയിൽ പ്രവേശിക്കണമെന്ന് പറഞ്ഞ് മഹേഷ് ത്രിവേദിയുടെ വിളി വന്നത് രണ്ട് ദിവസം കഴിഞ്ഞാണ്. വ്യവസ്ഥാപിത ജോലികളെ നിരാകരിച്ച് പത്രപ്രവർത്തനം തലയ്ക്ക് പിടിച്ച് മുംബൈയിലെത്തിയ എന്നെപ്പോലുള്ള യുവാവിന് കിട്ടുന്ന ആദ്യത്തെ സുവർണ്ണാവസരം.
ഒബ്‌സർവ്വറിൽ തന്നെ മഹേഷ് ത്രിവേദി കൈപിടിച്ച് കയറ്റിയ മലയാളികൾ നിരവധിയാണ്.

മഹേഷ് ഭായിയോടൊത്തുള്ള ഒബ്‌സർവ്വറിലെ ദിനങ്ങൾ ആഹ്‌ളാദഭരിതമായിരുന്നു. ഞാനും പൂർണ്ണിമയും രജ്‌വന്തും അരുൺഘോഷുമടങ്ങുന്ന ടീം മൂന്ന് മണിക്ക് ന്യൂസ് ഏജൻസിയിൽ നിന്ന് വാർത്തകൾ എടുത്ത് പണി തുടങ്ങും. മഹേഷ് ഭായ് എത്തിയാൽ പിന്നെ ന്യൂസ് റൂം പേജുകളുടെ പിറവിയിലേക്ക് കൂപ്പ് കുത്തും. ക്യാമറാ ഫിലിമിനെ അനുസ്മരിക്കുന്ന പേജുകളാണ് അക്കാലത്ത് ഉണ്ടായിരുന്നത്. തലക്കെട്ടെല്ലാം ഭംഗിയായി അടുക്കിവെച്ച പേജിന്റെ പ്രിന്റ് ഔട്ട് മഹേഷ് ഭായ് ഒന്നു ഉയർത്തി നോക്കും. വർഷങ്ങളുടെ പരിജ്ഞാനം കണ്ണടക്കിടയിലൂടെയുള്ള നോട്ടത്തിൽ ഒളിഞ്ഞ് കിടപ്പുണ്ട്. തെറ്റുണ്ടെങ്കിൽ ഉടൻ കണ്ടുപിടിക്കും. ഭാഷയും ഗ്രാമറുമൊക്കെ കൈവെള്ളയിൽ കാത്തു സൂക്ഷിക്കുന്ന വേറിട്ട ഗുജറാത്തിയായിരുന്നു മഹേഷ് ഭായ്. ധനസമ്പാദനം ഒരു ജീവിത സപര്യയായി കാണുന്ന ഗുജറാത്തികൾക്കിടയിൽ വ്യത്യസ്തമായ അനുഭവങ്ങളുടെ കരുത്തുമായി മഹേഷ് ഭായി മുന്നേറി.

എന്റെ ഒബ്‌സർവ്വർ ദിനങ്ങൾക്ക് കൗതുകം പകർന്നത് മഹേഷ് ഭായിയുടെ കഥകളാണ്. 23ാം വയസിൽ മുബൈയിലെത്തിയ ഞാൻ ഈ കഥകളൊക്കെ ഒരു അത്ഭുത മനസ്സുമായിട്ടാണ് ശ്രവിച്ചത്. കിട്ടുന്ന കാശൊക്കെ കുതിരപ്പന്തയത്തിൽ കൊണ്ട് കളയുന്ന കാര്യവും ലിഫ്റ്റിൽ വെച്ച് ഭാര്യയ്ക്ക് ചുംബനം നൽകിയ കഥകളുടെയുമെല്ലാം പെരുമഴക്കാലം. ഫിനാൻഷ്യൽ എക്‌സ്പ്രസിലേക്ക് ന്യൂസ് എഡിറ്ററായി മഹേഷ് ത്രിവേദി മാറാൻ അധിക നാൾ വേണ്ടിവില്ല. കൂടെ എന്നെയെും അരുൺഘോഷിനെയും കൊണ്ടുപോയി.

ഞാൻ എക്‌സ്പ്രസിന്റെ ഭാഗമായത് 1995ൽ ൽ. അന്ന് പ്രഭു ചൗളയാണ് എഡിറ്റർ. മുംബൈയിലെ റസിഡന്റ് എഡിറ്റർ ശ്യാമൾ മജുംദാർ. ഹിന്ദുസ്ഥാൻ ലിവറിലെ ജോലി രാജിവെച്ച് അക്ഷരങ്ങളുടെ സൂര്യ ശോഭയിലേക്ക് എത്തപ്പെട്ട ജാംഷെഡ്പൂരിലെ പ്രശസ്തമായ സേവ്യർ ലേബർ ഇൻസ്റ്റിറ്റ്യൂട്ടിലെ എം.ബി.എ ബിരുദധാരി. ക്ഷിപ്രകോപിയായിരുന്നു ശ്യാമൾ. മഹേഷ് സൗമ്യതയുടെ ആൾരൂപവും. ഇവരുടെ ഇടയിൽ ഞങ്ങളെപ്പോലെ ചില ചെറുപ്പക്കാർ. പ്രഭു ചൗളയ്ക്കും ശ്യാമളിനും വേണ്ടത് ചൂടുള്ള വാർത്തകളായിരുന്നു. അതുകൊണ്ട് തന്നെ ആറ് മണി കഴിഞ്ഞാൽ ന്യൂസ് റൂമിൽ സമ്മർദ്ദങ്ങളുടെ ഉഷ്ണമാപിനി ഉയരുമായിരുന്നു. ഉയരുന്ന ഹൃദയമിടിപ്പുകളെ സ്‌നേഹസമൃണമായ വാക്കുകളിൽ പൊതിഞ്ഞ് ശാന്തമാക്കാൻ മഹേഷ് ഭായിക്കൊരു പ്രത്യേക വൈദഗ്ധ്യമുണ്ടായിരുന്നു. വിശക്കുന്നുവെങ്കിൽ പോയി കഴിച്ചിട്ട് വരൂവെന്ന് അദ്ദേഹം എന്റെ ചെവിയിൽ വളരെ രഹസ്യമായി പറയും. ജോലിത്തിരക്കിനിടയിൽ വയറു തണുപ്പിക്കാൻ തൈര് സാദം കഴിക്കാൻ കാന്റീനിലേക്ക് ഒരു ഓട്ടമാണ്. ഈ കഥകളൊക്കെ ഞാൻ ഇന്നും ഓർക്കുന്നു.
എഡിഷൻ കഴിഞ്ഞാൽ നരിമാൻ പോയന്റിലെ കടലിനഭിമുഖമുള്ള എകസ്പ്രസ് ടവേഴ്‌സിൽ നിന്ന് താഴെയിറങ്ങി കടൽക്കരയിലൂടെ വീണ്ടും കഥകളുടെ സാഗരം തീർത്ത് മഹേഷ് ഭായിയുമൊത്തു ഞങ്ങൾ നടക്കും.

പെട്ടെന്നൊരു ദിവസം മഹേഷ് ഭായി എക്‌സ്പ്രസിൽ നിന്ന് വിടവാങ്ങി. കുടുംബപരമായ കാരണങ്ങളാൽ അഹമ്മദാബാദിലേക്ക് തിരിച്ചു പോകുന്നുവെന്നാണ് പറഞ്ഞത്. വീണ്ടും മൂന്ന് വർഷം കൂടി ഞാൻ എക്‌സ്പ്രസിൽ ഉണ്ടായിരുന്നുവെങ്കിലും അഹമ്മദാബാദിൽ നിന്ന് മഹേഷ് ത്രിവേദിയുടെ വിളികൾ വന്നില്ല. ഒരു ഗൾഫ് പത്രത്തിന്റെ അഹമ്മദാബാദ് ലേഖകനായി പ്രവർത്തിച്ചിരുന്നു എന്ന് അറിയാൻ കഴിഞ്ഞു.

ഞാൻ എക്‌സ്പ്രസ് വിട്ട് ഇക്കണോമിക്‌സ് ടൈംസിൽ ജോയിൻ ചെയ്തപ്പോൾ ഒരിക്കൽ എന്റെ ലേഖനം കണ്ട് മഹേഷ് ഭായി വിളിച്ചിരുന്നു. ആദ്യ ദിവസം കണ്ടപ്പോളുള്ള അതേ സ്‌നേഹ വാത്സല്യങ്ങൾ പൊതിഞ്ഞ ശബ്ദത്തിൽ കുശലാന്വേഷണം. ലേഖനങ്ങൾ നന്നാവുന്നുണ്ട് എന്ന ഓർമ്മപ്പെടുത്തൽ. അകലെ നിന്ന് ശിഷ്യന് ഗുരുവിന്റെ അനുഗ്രഹാശിസുകൾ. പിന്നീട് രണ്ട് പ്രവശ്യം രാവേറെ നീണ്ടു നിന്ന മുബൈ പ്രസ്‌ക്ലബ് ആഘോഷങ്ങളുടെ സ്‌നേഹത്തിമർപ്പിൽ വർഷങ്ങൾ നീണ്ട അകലം അലിഞ്ഞുപോയി.

എനിക്ക് മാത്രമല്ല എന്റെ തലമുറയിൽ പെട്ട പല പത്രപ്രവർത്തകർക്കും മഹേഷ് ഭായ് സാധ്യതകളുടെ പരവതാനി വിരിച്ചുകൊടുത്ത മനുഷ്യ സ്‌നേഹിയായിരുന്നു. ഞാൻ മനസ്സിലാക്കുന്നത് അദ്ദേഹത്തെപ്പോലെ ഒരാളെ ജീവിതത്തിൽ കണ്ടുമുട്ടുന്നത് ഒരു നിയോഗമാണ്. നമ്മുടെ ജീവിത ലക്ഷ്യത്തെ സാധൂകരിക്കാൻ ഒരുക്കിവെച്ചിരിക്കുന്ന ഗുരുസാഗരം. ഈ ഗുരുവിന്റെ മുന്നിൽ എന്റെ പ്രണാമം.

ലേഖകൻ മുംബൈയിലെ മുതിർന്ന പത്രപ്രവർത്തകനും മാധ്യമ സംരംഭകനുമാണ്.

മൊബൈൽ: 9819160980