വീട്ടുമൃഗം

സുനിൽ ജോസ്

മലമുകളിലെ കാട്ടില്‍
ഒരു വീട് തനിച്ചു നിൽപ്പുണ്ട്
അതിനു വഴിതെറ്റിയെന്ന് തോന്നുന്നു
അത് വെളുത്ത പുകയുടെ
തൂവാല വീശുന്നുണ്ട്.

കാട്ടിലുണ്ട് പലവഴികള്‍
ഏതിലൂടെ വന്നാല്‍
അതിനു നാട്ടിലെത്താം?
റോഡരികിലോ പട്ടണത്തിലോ
കടൽത്തീരത്തോ ഗ്രാമത്തിലോ
പേടികൂടാതെ നിൽക്കാം;
ശരിക്കും ഒരു വീടാകാം.

അത് കൂടെ കൊണ്ട് പോരുമോ
കാട്ടിലെ നിലാവിനെ
കാടോച്ചകളെ
മഴയുടെ ഷവറിനെ
അരിച്ചെത്തുന്ന വെയിലിനെ
പേടിച്ച കണ്ണുള്ള ഒരു വീട്ടുമൃഗത്തെ.

വാതില്‍ ചേര്ത്തമടച്ചാല്‍
ചില വീടുകള്‍ കാടാകും.
കാട്ടിരുട്ടിന്റെ വെട്ടത്തില്‍
തിളങ്ങുന്നുണ്ട്
വീട്ടുമൃഗത്തിന്റെ കണ്ണുകള്‍.