ലോകമേ തറവാട്: കലയിലെ വൈവിദ്ധ്യങ്ങളുടെ മേളനം

ആന്റോ ജോർജ്

കലാസ്വാദനത്തിന്റെ പുതിയ വഴികൾ തുറന്നിടുകയാണ് ആലപ്പുഴയിൽ നടന്നുകൊണ്ടിരിക്കുന്ന ലോകമേ തറവാട് എന്ന കലാപ്രദർശനം. കൊച്ചി ബിനാലെ ഫൗണ്ടേഷന്റെയും കേരള സർക്കാരിന്റെയും നേതൃത്വത്തിൽ നടക്കുന്ന ഈ സംരംഭത്തിൽ ലോകമെമ്പാടും ചിതറിക്കിടക്കുന്ന 267 മലയാളി കലാപ്രവർത്തകരാണ് പങ്കെടുക്കുന്നത്. ഇതിൽ 56 സ്ത്രീകളും ഉണ്ട് എന്നത് വളരെ ശ്രദ്ധേയമാണ്. ഈ വർഷം ഏപ്രിൽ 12 നു ആരംഭിച്ച ഈ പ്രദർശനം കൊറോണയുടെ വിലക്കുകൾക്ക് വിധേയമായതുകൊണ്ടു നവംബർ 30 വരെ കാഴ്ചക്കാർക്കായി തുറന്നിരിപ്പുണ്ട്. ചിത്രകാരനായ ആന്റോ ജോർജ് തയ്യാറാക്കിയ പ്രത്യേക ലേഖനം.

ആന്റോ ജോർജ്
കല അടിസ്ഥാനപരമായി ഒരു ആഗോള മാധ്യമമാണ് എന്നു പറയാറുള്ളത് അത് കാഴ്ചയുടെ ഭാഷയായതുകൊണ്ട് മാത്രമല്ല, അതിലുമപ്പുറം ബൃഹത്തായ, വൈവിദ്ധ്യമാർന്ന പ്രയോഗങ്ങൾ കൊണ്ട് നിർവ്വചനങ്ങൾക്കതീതമായിരിക്കുന്നതുകൊണ്ടുകൂടിയാണ്. കല മനുഷ്യരുടെ ചിന്തകളുടെയും ആത്മഘോഷണങ്ങളുടെയും സഞ്ചിതമായ പരിശീലന ഇടമാണ്, അത് മനുഷ്യരുടെ സാമൂഹികവൽക്കരണം സാധ്യമാക്കിയ അമൂല്യമായ ഭാഷയാണ് എന്നൊക്കെ പ്രാഥമികമായി മനസ്സിലാക്കിയാൽ നമ്മുടെ മാനസിക ആരോഗ്യത്തെയും അതിലൂടെ ജീവനെ പോലും നിലനിറുത്തുന്ന പരിരക്ഷയാണ് അത് എന്ന അവബോധം ലഭിക്കും. മഹാവ്യാധിയുടെ ഇപ്പോഴത്തെ സാഹചര്യത്തിൽ ജനങ്ങളുടെ ശാരീരിക ആരോഗ്യം നിലനിറുത്തുന്നതിനു വേണ്ടിയുള്ള സംവിധാനങ്ങളും നിയന്ത്രണങ്ങളും ഉണ്ടാക്കുന്ന അസ്വാതന്ത്ര്യവും ഏകാന്തതയുമെല്ലാം ദുർബലമാക്കുന്ന നമ്മുടെ മാനസികാരോഗ്യത്തെ നിലനിറുത്തേണ്ടതായ ഭാവി വെല്ലുവിളിയെ പരിഹരിക്കുന്നതിനു വേണ്ടിയുള്ള പ്രഥമ മാധ്യമം കലയാണ്. മനുഷ്യ ചരിത്രത്തിൽ എല്ലാ മഹാവ്യാധികളുടെ കാലത്തും കല എന്തായിരുന്നു ചെയ്തിട്ടുള്ളത് എന്ന് പരിശോധിച്ചാൽ അക്കാര്യത്തിൽ വ്യക്തത ലഭിക്കും.
വിനു വി.വി.യുടെ ഒരു പ്രതിഷ്ഠാപനം.

കൊച്ചി ബിനാലെ ഫൗണ്ടേഷനും കേരള സർക്കാറും ചേർന്ന് ആലപ്പുഴയിൽ ഒരുക്കിയിട്ടുള്ള ലോകമേ തറവാട് (The world is one family) എന്ന മഹാ കലാപ്രദർശനം അത്തരത്തിലുള്ള മൂല്യവത്തായ ചില സാധ്യതകളാണ് തുറന്നിടുന്നത്. കേരളീയരായ 56 കലാകാരികൾ ഉൾപ്പെടെ 267 കലാപ്രവർത്തകരാണ് ഇതിൽ പങ്കെടുക്കുന്നത്. ആലപ്പുഴയുടെ ഹൃദയഭാഗത്ത് വിവിധ വേദികളിലായി ഒരുക്കിയിരിക്കുന്നതാണ് ഈ കലാപ്രദർശനം. ആലപ്പുഴ പോർട് മ്യൂസിയം, കേരള സംസ്ഥാന കയർ കോർപറേഷൻ, ന്യൂ മോഡൽ സൊസൈറ്റി, ഈസ്റ്റേൺ പ്രൊഡ്യൂസ് കമ്പനി ലിമിറ്റഡ്, വില്യം ഗുഡേക്കർ ആന്റ് സൺസ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങളുടെ അകത്തും പുറത്തുമായി (12 കെട്ടിടങ്ങൾ) ആറു ലക്ഷത്തോളം ചതുരശ്രഅടി വിസ്താരത്തിലാണ് ഈ പ്രദർശനം അരങ്ങേറുന്നത്.

ആഗോളതലത്തിൽ ബിനാലെ (രണ്ടു വർഷത്തിലൊരിക്കൽ), ട്രിനാലെ (മുന്നുവർഷത്തിലൊരിക്കൽ), ഡോക്യുമെൻ്റെ (അഞ്ചു വർഷത്തിലൊരിക്കൽ) മാനിഫസ്റ്റ (Manifesta-European pan-regional contemporary cultural Biennale) തുടങ്ങിയവയെപോലെ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വിപുലമായി നടത്തപ്പെടുന്ന കലാ ഉത്സവങ്ങളാണ് സാധാരണ കലയിലെ വൈവിധ്യമുള്ള പരിശീലനങ്ങളെ ഒരുമിച്ചു കൊണ്ടുവരാറുള്ളത്. അവ പ്രത്യേകമായി വിവിധ ദേശീയതകളുടെ സാംസ്ക്കാരിക ധാരകളെയും സാമൂഹിക രാഷ്ട്രീയ വ്യവസ്ഥകളെയും അടുത്തറിയുന്നതിനും സാംസ്ക്കാരിക വിനിമയം നടത്തുന്നതിനും ഉപയോഗക്ഷമമാണ്. ആഗോളതലത്തിൽ പ്രത്യേക ആശയങ്ങളുടെയും ക്യൂറേറ്റോറിയൽ സങ്കൽപ്പങ്ങളുടെയും അടിസ്ഥാനത്തിൽ കലയിലെ സമീപനങ്ങളിലുള്ള വൈവിധ്യങ്ങളെ ചേർത്തുവെക്കുന്ന തലത്തിലുമാണ് ഇത്തരം വിപുലമായ കലാ ഉത്സവങ്ങൾ നടത്തപ്പെടുന്നത്. അതുപോലെ കലയിലെ കട്ടിംഗ്-എഡ്‌ജ്‌ (cutting edge) അനുശീലനങ്ങളെ അവതരിപ്പിക്കുന്നു. കലാമേഖലയിൽ മുൻനിരയിൽ നടത്തപ്പെടുന്ന പരീക്ഷണങ്ങളെയും മറ്റൊരർത്ഥത്തിൽ വ്യവസ്ഥാപിതമായ അതിരുകളെ തള്ളിമാറ്റി വിപുലപ്പെടുത്തുന്ന പരിശീലനങ്ങളെയും ആണ് ആ പദം ഉൾക്കൊള്ളുന്നത്.

ഹെലേന ജോസഫ്

എന്നാൽ കേരളം പോലെ ചെറിയൊരു പ്രദേശത്തിലെ കലാപ്രവർത്തകരെ പ്രതിനിധീകരിച്ചുകൊണ്ട് നടത്തുന്ന ഒരു കലാപ്രദർശനം അത്തരത്തിലാവുന്നത് ആഗോളതലത്തിൽ നോക്കിയാൽ അപൂർവ്വമാണ് എന്ന് കാണാം. കാരണം മലയാളികൾ പൊതുവായി നോക്കിയാൽ ഒരേസമയം ഗ്രാമവും നഗരവും ഉള്ളിൽ കൊണ്ടുനടക്കുന്നവരാണ്. കേരളത്തിൻ്റെ സമ്പദ് വ്യവസ്ഥയുടെ വീഴ്ചകളിൽ പലപ്പോഴും ഊന്നുവടികളാവുന്നത് മലയാളികളുടെ പ്രവാസ ജീവിതമാണ്. കേരളീയ ഗ്രാമങ്ങൾ അതിവേഗം നഗരവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. എന്നാൽ കേരളീയർ മലയാളി സ്വത്വം ഉള്ളിൽ നഷ്ടപ്പെടാത്ത ജഗൻമിത്ര സ്വഭാവങ്ങൾ ഉൾക്കൊള്ളുന്നവരാണ്. അത്തരത്തിൽ ലോകത്തിലെ വിവിധ ഇടങ്ങളിൽ മലയാളി കലാകാർ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. അവരെല്ലാവരും ഈ പ്രദർശനത്തിൽ ഒത്തുചേരുന്നു. അത്തരത്തിൽ സാംസ്ക്കാരിക സമന്വയം സാധ്യമാക്കുന്ന അതിരുകളെ അലിയിച്ചു കളയുന്ന സങ്കൽപ്പമാണ് ലോകമേ തറവാട്.
ലക്ഷ്മി മാധവന്റെ ഒരു പ്രതിഷ്ഠാപനം.

കേരളത്തിൻ്റെ സവിശേഷമായ സാമൂഹിക രാഷ്ട്രീയ ചരിത്രവും സാംസ്ക്കാരിക ചരിത്രവും കേരളീയ സമകാലീന കലയിലെ ഇത്തരം പരിണാമങ്ങൾക്ക് കാരണമാവുന്നുണ്ട്. പതിനെട്ടാം നൂറ്റാണ്ടിൻ്റെ ഉത്തരാർദ്ധത്തിൽ തിരുവാതാംകൂർ ദിവാനായിരുന്ന രാജാ കേശവദാസിൻ്റെ കാലത്താണ് ആലപ്പുഴയിൽ അന്താരാഷ്ട്ര നിലവാരമുള്ള പോർട്ട് നഗരം വികസിച്ചു വന്നത്. പോർടുഗീസ് ആധിപത്യത്തെ മറികടന്ന് ഡെച്ചുകാർ മേൽക്കെ നേടുന്ന കാലവുമായിരുന്നു. കൊച്ചി തുറമുഖനഗരം ഉണ്ടാവുന്നതിനു മുമ്പ് ആലപ്പുഴ പ്രധാന കച്ചവടകേന്ദ്രമായിരുന്നു. ഗുജാറാത്തുകാരും കൊങ്കിണി ഭാഷാ വിഭാഗക്കാരും തമിഴ് നാട്ടുകാരും മേമൻമാരും മാർവാടികളും കച്ചവടത്തിനായി ഇവിടെയെത്തി തങ്ങളുടെ ആവാസസ്ഥാനങ്ങൾ ഉറപ്പിച്ചു. അനേകം സാംസ്ക്കാരികമായ കൊടുക്കൽ വാങ്ങലുകൾ നടന്നിട്ടുള്ള, കേരളത്തിൻ്റെ സാർവ്വജനീനസംസ്ക്കാരം ഊട്ടിയുറപ്പിക്കപ്പെട്ട ചരിത്രം അവകാശപ്പെടാൻ ആലപ്പുഴക്ക് കഴിയും. അതുപോലെ കാർഷിക മുന്നേറ്റങ്ങളുടെയും ജാതി വിരുദ്ധ സമരങ്ങളുടെയും നവോത്ഥാന പ്രസ്ഥാനത്തിൻ്റെയും അലയൊലികൾ… അനേകം തൊഴിലാളി പ്രസ്ഥാനങ്ങളുടെയും പുന്നപ്ര, വയലാർ പോലുള്ള രക്തരൂക്ഷിതമായ സമരങ്ങളുടെയും പാരമ്പര്യം… ചരിത്രം പിന്നേയും പുറകോട്ട് വായിക്കുമ്പോൾ മായ്ച്ചിട്ടും മായാത്ത ശ്രവണ സംസ്ക്കാരത്തിൻ്റെ അടയാളങ്ങൾ… അങ്ങനെയങ്ങനെ ആലപ്പുഴയിലെ ഭൂപ്രദേശങ്ങൾക്കും കനാലുകൾക്കും കായലുകൾക്കും ഇനിയും തകർന്നു കിടക്കുന്ന കെട്ടിടങ്ങൾക്കും അനേകം കഥകൾ പറയാനുണ്ട്.
കേരള സംസ്ഥാന കയർ കോർപറേഷനിൽ പ്രദർശിപ്പിച്ചിരിക്കുന്ന കലാസൃഷ്ടികൾ.

കലയിലെ വൈവിദ്ധ്യമുള്ള ആശയങ്ങളുടെയും പ്രയോഗരീതികളുടെയും രൂപപരമായ സമ്മേളനമാണ് ലോകമെ തറവാട്. എന്നാലവ കേരളീയ ജീവിതത്തിൻ്റെയും സ്വപ്ന പ്രതീക്ഷകളുടെയും ഉള്ളടക്കത്തിൽ നിലകൊള്ളുന്നു.

രതീഷ് ടി യു ടെ തീൻമേശയിൽ തനിച്ചിരുന്ന് നഗ്നനായി ഭക്ഷണം കഴിക്കുന്ന മനുഷ്യൻ്റെ ചിത്രം പ്രതിനിധാനം ചെയ്യുന്നത് കൊറോണാക്കാലത്തിൻ്റെ സംസർഗ്ഗ നിക്ഷിതതയിൽ അടച്ചിട്ട മുറിയിലെ സ്വാതന്ത്ര്യത്തെയും ഭീതിയെയും കുറിക്കുന്നുണ്ട്. മറ്റൊരു ചിത്രത്തിൽ പകലന്തിയോളം വീട്ടുവേല ചെയ്താൽ കൂലി യായി ലഭിക്കുന്ന തുശ്ചമായ അരിയും മുളകും പത്തു രൂപയും സ്റ്റിൽ ലൈഫ് പ്രതിനിധാനമാവുന്നു. പോയകാല ഗ്രാമീണ ജീവിത ദുരിതങ്ങളും നഗരജീവിതത്തിൻ്റെ സങ്കീർണ്ണതകളും ഒരുപോലെ സമ്മേളിച്ചിരിക്കുകയാണ് രതീഷിൻ്റെ ചിത്രങ്ങളിൽ.

രതീഷ് ടി

അരുൺ കെ.എസ് അവതരിപ്പിച്ചിട്ടുള്ള വിശാലമായ പ്രതിഷ്ഠാപനം രണ്ടാം ലോകയുദ്ധത്തിനു ശേഷം ഇറ്റലിയിൽ രൂപപ്പെട്ട ആർട്ട് പോവറെ പ്രസ്ഥാനത്തെ (Arte Povera – poor art) ഓർമ്മിപ്പിക്കുന്നു. കലാകാരർക്ക് പ്രവർത്തിക്കാൻ വ്യവസ്ഥാപിതമായ മാധ്യമങ്ങളൊന്നും ആവശ്യമില്ലെന്ന് അദ്ദേഹത്തിൻ്റെ കലാസൃഷ്ടി വെളിപ്പെടുത്തുന്നു. വരൂ നമുക്ക് മഞ്ചാടിക്കുരു പെറുക്കാം അല്ലെങ്കിൽ ആ ചെമ്മൺ പാതയിലൂടെ നടക്കാം എന്നൊക്കെ പറയും പോലെ കലയിൽ പ്രവർത്തി ചെയ്യാൻ എല്ലായിടവും അനുയോജ്യമാണ് എന്ന് കാണിച്ചുതരുന്നു.
അരുൺ കെ.എസ്.

വിവേക് വിലാസിനിയുടെ നഗരത്തിലെ പൊടി കൊണ്ട് എഴുതിയ കലണ്ടർ ചിത്രങ്ങൾ മലിനമാക്കപ്പെടുന്ന വായുവിനെക്കുറിച്ചുള്ള ഭീതിയുണർത്തുമ്പോൾ അദ്ദേഹത്തിൻ്റെ തന്നെ കടുത്ത ചായം പൂശിയ വീടുകൾ മലയാളിയുടെ അനാഥമാക്കപ്പെട്ട ഭൂതകാലം സൃഷ്ടിച്ച അരക്ഷിതബോധത്തിൽ നിന്നും ഉൽകണ്ഠകളിൽ നിന്നും ഉയിർക്കൊള്ളുന്ന സുന്ദരമായ, സുരക്ഷിത ഭവനത്തെ കുറിച്ചുള്ള സ്വപ്നങ്ങളെ നഗരവൽക്കരണത്തോടൊപ്പം മൂർത്തമാകുന്ന കാഴ്ചകളെ അടയാളപ്പെടുത്തുന്നു. അതോടൊപ്പം കേരളത്തിൻ്റെ ജനപ്രിയതയുടെ (pop culture) അതിഭാവുകത്വമുള്ള സൗന്ദര്യബോധത്തെ സമകാലീന കലാചരിത്രത്തോടൊപ്പം അനശ്വരമാക്കുന്നു.
വിവേക് വിലാസിനി.

മറ്റൊരു സവിശേഷത 56 കലാകാരികൾ ഈ പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട് എന്നതാണ്. സമീപകാലത്ത് കേരളത്തിൽ കലയിലേർപ്പെടുന്ന കലാകാരികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. എന്നാൽ എക്കാലവും കലയുടെ മുഖ്യധാരയിൽ നിന്ന് അകറ്റി നിർത്തപ്പെടുന്നവരും അദൃശ്യമാക്കപ്പെടുന്നവരുമാണ് സ്ത്രീകൾ. മറ്റ് സാമ്പത്തിക-സാമൂഹിക- രാഷ്ടീയ-ലിംഗപരമായ കാരണങ്ങളാൽ കാണപ്പെടാതെ പോകുന്നവർ ഇനിയുമുണ്ട്. കലയിലെ അക്കാദമിക്ക് പശ്ചാത്തലങ്ങൾക്കപ്പുറത്ത് ആത്മശിക്ഷണത്താൽ (Self taught) കലയിൽ കടന്നു വരുന്നവരുടെ എണ്ണം ആനുപാതികമായി കൂടുതലാണെന്നു കാണാം. കലയിലെ ഔപചാരിക വിദ്യാഭാസമുൾപ്പടെയുള്ള അതിജീവന സാധ്യതകൾ സ്ത്രീകൾക്ക് താരതമ്യേനെ ഇനിയും അപ്രാപ്യമായിരിക്കുന്നു എന്ന യാഥാർത്ഥ്യത്തെ ഇത് വെളിപ്പെടുത്തുന്നു.

മേഘ ദാക്ക താരാ (മേഘം മറച്ച നക്ഷത്രം) എന്ന സിനിമയുമായി ബന്ധപ്പെട്ട സംസാരത്തിൽ ഋതിക് ഘട്ടക് കൽക്കത്താ നഗരം ഉണ്ടാക്കിയത് പോട്ടാറായ ചെരിപ്പും പിന്നിയ വാനിറ്റി ബാഗുമായി അടുക്കളപ്പണികളെല്ലാം തിടുക്കത്തിൽ പൂർത്തിയാക്കി നഗരത്തിൽ ജോലിക്ക് പോകുന്ന സ്ത്രീകളാണ് എന്ന് പ്രസ്താവിക്കുന്നുണ്ട്. അതുപോലെ കേരളത്തിൽ ഭൂരിഭാഗം കാർഷിക തൊഴിലുകളും ചെയ്യുന്നത് സ്ത്രീകളാണ് എന്ന് തൃശൂർ ജില്ലയിലെ മണലൂർ എന്ന കാർഷിക ഗ്രാമത്തിൽ നിന്നും വരുന്ന അനിത ടി. കെ പറയുന്നത്. കാർഷികവൃത്തി ചെയ്തും മറ്റ് കൂലിപ്പണികൾ ചെയ്തും പട്ടിണിയിലും മറ്റ് കഷ്ടപ്പാടുകളിലും കഴിഞ്ഞു വന്ന തൻ്റെ ഭൂതകാല മുറിവുകളെ സ്വപ്നതുല്യമായ കടുത്ത വർണ്ണങ്ങളാൽ ഉണക്കുകയാണ് അനിത ചെയ്യുന്നത്. അതിൽ പൊൻമാനിനും മീനിനും ഇരയും ഇരപിടിയനും എന്ന ബന്ധമല്ല ഉള്ളത്. അനിതയുടെ ചിത്രങ്ങളിൽ പുരുഷന്മാർ ഇല്ല. ഗർഭിണിയായ സ്ത്രീ വിശ്രമിക്കുന്ന വീടിന് ചുമരുകളില്ല. വയലുകളാണ് പശ്ചാത്തലം. എല്ലായ്പ്പോഴും വീടകങ്ങളിൽ തളച്ചിടപ്പെട്ടവർക്ക് പ്രത്യേകിച്ചും കർഷക തൊഴിലാളികളായിട്ടുള്ള സ്ത്രീകൾക്ക് വയലാണ് തുറന്ന ലോകം എന്ന് അനിത കാണിച്ചുതരുന്നു. കാരണം അവരാണ് ഗ്രാമങ്ങളിരുന്ന് നഗരങ്ങൾ സൃഷ്ടിക്കുന്നത്.

യന്ത്രവൽക്കരണം അന്യമായിരുന്ന വ്യവസായിക പരിസരത്തിൽ മനുഷ്യനാണ് യന്ത്രം എന്ന് കാജൽ ദത്തിൻ്റെ ചക്രം തിരിക്കുന്ന വൃദ്ധൻ സൂചിപ്പിക്കുന്നു.

ഹെലന ജോസപ്പിൻ്റെ വുഡ് റിലീഫുകൾ അയയിൽ ഉണക്കാനിട്ട വസ്ത്രങ്ങളും മറ്റ് വസ്തുക്കളും അടങ്ങിയ വീടകങ്ങളിലെ ഏകാന്ത പരിസരങ്ങളുടെ ചിതറിച്ച കാഴ്ച മുന്നോട്ട് വയ്ക്കുന്നു.

അതുപോലെ അമൂർത്തതയെ ആവാഹിക്കാനുള്ള പരിശ്രമങ്ങൾ, വ്യത്യസ്ഥ മാധ്യമങ്ങളെ അന്വേഷിക്കൽ ചരിത്രാന്വേഷണം നടത്തുന്ന വീഡിയോകൾ വിവിധ മാധ്യമങ്ങളിലുള്ള ശില്പങ്ങൾ ചിത്രങ്ങൾ ഫോട്ടോഗ്രാഫുകൾ പ്രതിഷ്ഠാപനങ്ങൾ അങ്ങനെ വാഗ്മയങ്ങൾക്ക് കീഴടങ്ങാത്ത വിശാലമായ വൈവിദ്ധ്യങ്ങളാണ് പ്രദർശനത്തിലുള്ളത്.
മനുഷ്യർ ജീവിക്കുന്നത് നിയതമായ ക്രമമാതൃകകൾ പിൻതുടരുന്ന ഇടങ്ങളിലാണ്. ജാതി മത സാമൂഹിക രാഷ്ട്രീയ ബന്ധങ്ങളും അധികാരശ്രേണികളും നിർണ്ണയിക്കുന്നവയാണ് ആ ക്രമമാതൃകകൾ. എന്നാൽ സമൂഹത്തെ അധുനികമായും നവീനമായും ഉൽകൃഷ്ടമാക്കുന്നത് കലയുടെയും സാങ്കേതികവിദ്യകളുടെയും ശാസ്ത്രീയ ബോധത്തിൻ്റെയും വളർച്ചയോടെ അഭിനായകത്വം നേടുന്ന ആശയങ്ങളും പ്രവർത്തനങ്ങളും ആണ്. അത്തരത്തിൽ നവീനമായ സെക്കുലർ സാമൂഹിക ഇടങ്ങൾ സൗന്ദര്യപരമായി രൂപപ്പെടുത്തുന്നത് കലയുടെ സാമൂഹിക ധർമ്മമാണ്. കലാപ്രദർശന ഇടങ്ങളുടെ വാസ്തുശില്പപരമായ രൂപകൽപനകളും
രംഗവിതാനങ്ങളും (scenography) അതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. ക്യൂറേറ്ററും കലാകാരനുമായ ബോസ് കൃഷ്ണമചാരി പ്രദർശന ഇടങ്ങളെ രൂപകൽപന ചെയ്യുമ്പോൾ സമ്പൂർണ്ണമായി അത് തൻ്റെ കലാസൃഷ്ടി പ്രവർത്തനമായിട്ടാണ് സമീപിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കാം. അത്രയേറെ വാസ്തുശില്പപരമായി ആലപ്പുഴയിലെ പഴയ കെട്ടിട നിർമ്മിതികളെ മികച്ച ഗ്യാലറി ഇടങ്ങളാക്കി മാറ്റിയിട്ടുണ്ട്. അതുപോലെ ഈ പ്രദർശനത്തിൻ്റെ ആശയ സങ്കൽപ്പത്തെ അവതരിപ്പിച്ചിരിക്കുന്നത് സാഹിത്യ പ്രസ്താവനയ്ക്കപ്പുറം ലോകമേ തറവാട് എന്ന ശീർഷകത്തെ വ്യത്യസ്ഥ ഭാഷാ ലിപികളിൽ രൂപപരമായി സംയോജിപ്പിച്ച ചിത്ര രൂപത്തിലാണ് എന്നത് മറ്റൊരു സവിശേഷതയാണ്.
കാലമേറെ കടന്നു പോകുമ്പോൾ കലാകാരരുടെ അസ്തിത്വം കലയുടെ ചരിത്രത്തിൽ തിരിച്ചറിയപ്പെടുന്നത് അവർ കലയിലൂടെ നേടിയെടുത്ത കേവലം ഭൗതീകമായ നേട്ടങ്ങളൊ പ്രശസ്തിയൊ ഒന്നുമായിരിക്കില്ല. സമൂഹത്തിൻ്റെ മൂല്യ ബോധ നിലവാരങ്ങളിൽ ഉണ്ടാവുന്ന പരിവർത്തന പ്രക്രിയയെ സ്വാധീനിക്കാവുന്ന നിർണ്ണായകമായ സവിശേഷതകളോടെ അനുശീലനങ്ങളിൽ പരിവർത്തനങ്ങൾ സൃഷ്ടിക്കുന്ന കലാസൃഷ്ടികളാണ് അടയാളപ്പെടുന്നത്. കലാ നിർമ്മാണത്തിലേർപ്പെടുന്നവർ തങ്ങളുടെ പ്രവർത്തനങ്ങളിൽ നിരന്തരമായ തുടർച്ചകൾ സൃഷ്ടിക്കുമ്പോഴാണ് അവർ കലയിൽ അതിജീവിക്കുന്നു എന്ന് നമുക്ക് കാണാനാവുക. പ്രദർശനത്തിനു വേണ്ടിയുള്ള കലാസൃഷ്ടികളുടെ തെരഞ്ഞെടുപ്പു മാനദണ്ഡം അതാണെന്ന് ബോസ് കൃഷ്ണമാചാരി പറയുന്നു. എന്നാൽ അത് വൈവിദ്ധ്യമുള്ള വഴികളിലൂടെയാണ് യാഥാർത്ഥ്യമാവുന്നത്. അവയെ ചേർത്തുവെക്കുന്നത് കലയിലെ ജനാധിപത്യമാണ്. സമീപനത്തിൽ അത് നവീനവുമാണ്.
കലാസൃഷ്ടികളുടെ പ്രവർത്തനങ്ങളിലെ സവിശേഷമായ തുടർച്ചകൾ നമ്മെ ആകാംക്ഷാഭരിതരാക്കുകയും നമ്മുടെ (കലാകാരും ആസാദകരും എന്ന വേർതിരിവ് ഇല്ലാതെ) ഭാവനയെയും ചിന്തകളെയും വൈകാരികാവസ്ഥകളെയും സാമൂഹിക രാഷ്ട്രീയ ജീവിത വീക്ഷണങ്ങളെയും ഉത്തേജിപ്പിക്കുകയും പരിവർത്തിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം ജനാധിപത്യപരമായ സംവാദ സാധ്യതകളാണ് വൈവിദ്ധ്യങ്ങളുടെ സാന്നിദ്ധ്യവും മേളനവും നമുക്ക് നൽകുന്നത്.


Mob: 9539373222