കൊക്കൂൺ

ശാലിനി രാമചന്ദ്രൻ

ഒരു കുഞ്ഞുറുമ്പുകൂടി വിരുന്നെത്തിയ പകൽനേരം
കൊട്ടാരത്തിൻ ജനൽച്ചില്ലുകളിൽ വെള്ളിടിപ്പാടുകൾ വിരിഞ്ഞു.
മുറ്റത്തെ പൂച്ചെടികളിൽ പൂമ്പാറ്റകൾ പാറി
കുയിലുകൾ ഏതോ പുതിയ രാഗത്തിലാർത്തു
ഒന്നുമറിയാതെ പാൽപ്പുഞ്ചിരിക്കുഞ്ഞൻ ചുരുണ്ടുകൂടി
മഴ നനയാതെ വലിയകൊട്ടാരവാതിൽപ്പുറങ്ങൾ,
അകമേ കണ്ണുമൂടിയ അനന്തശയനങ്ങൾ.

സ്നേഹമതിലുകളുടെ വിളംബരങ്ങളിൽ ചങ്ങലകെട്ടി
സ്പർശികകൾ വിടർത്തി നീണ്ടുനിരന്നു അന്ത:പ്പുരവാസികൾ!

നാൽക്കാലിയായ പുതിയ കുഞ്ഞുറുമ്പനെ ചൊല്ലി
തമ്മിൽകാണുമ്പോഴൊക്കെയും
കണ്ണീർക്കഥകൾ പുലമ്പിവന്നുകൊണ്ടേയിരുന്നു.
കൊട്ടാരമൺചുമരുകളിൽ വെള്ളയൂറിക്കനച്ചു
നാൽക്കാലിയായ കുഞ്ഞുറുമ്പായെന്ന് ഓരോ ചുമരും വിളിച്ചാർത്തു.

പീളകെട്ടിയ കണ്ണിൽ കാഴ്ചയുറച്ചു തുടങ്ങുന്നതേയുള്ളൂ,
കുഞ്ഞുറുമ്പനെല്ലാവരേയും നോക്കി ചിരിച്ചു
നാലുകാലുകൾ തുഴഞ്ഞ് കളിച്ച്
ഒന്നുമറിയാതെ വിശന്ന് കരഞ്ഞുറങ്ങിയുണർന്നു.
നാലുകാലിൽ ജന്മമെടുത്തതുടയോനെന്നറിയാതെ, കാണാതെ
കൊട്ടാരവാതിലുകൾ പതിയേ പതിയേ അകപ്പൂട്ടുകളിലുറച്ചു.

തലക്കനമേറിയ കാരണവന്മാർ കിണ്ടിമോറിത്തിളക്കി തുപ്പി
കൊട്ടാരമാകെ കാർന്നോന്മാരുടെ മുറുക്കാൻ ചുവന്നു
സമൂഹജീവിതമെന്ന ഗോത്രമന്ത്രം ചൊല്ലി
കൊട്ടാരത്തിനകത്ത് പൂജാമുറികൾ പുകഞ്ഞു!

പുറത്തായൊരു നാലുകാലനുറുമ്പൻ
പാൽപ്പല്ലു വന്ന തിരിച്ചറിവിൻ്റെ ആദ്യദിനത്തിൽ അലറിക്കരഞ്ഞു
കണ്ണുനനഞ്ഞൂറിയ തുള്ളിയിൽ മൺതരികൾ കുതിർന്നലച്ചു
മണ്ണോട് മൺചേർന്ന് ശിലാ കാലത്തിലേക്ക് കണ്ണീർ നനവ് പടർന്നു.

അന്നാദ്യമായി ജലത്തിന് ജ്വലനമുണ്ടായി
യുഗങ്ങളോളം തിരസ്കരിക്കപ്പെട്ടവരുടെ ശബ്ദങ്ങൾ
കാറ്റിലും വേഗത്തിലിരച്ചാർത്തു.

കൊട്ടാരവാതിലുകൾക്കകത്തെ കർണപുടങ്ങളിലവ തീയായെരിഞ്ഞാളി
നാലുകാലുറുമ്പനപ്പോൾ ഏറ്റവും മധുരമായ താരാട്ട് മൂളി
പുതിയ ലോകത്തിലേക്കായുള്ള കൊക്കൂണുകൾ ആനന്ദത്താലിളകി മറിഞ്ഞു
സ്പർശികകൾ തമ്മിലുരച്ചുകൊണ്ട് ജന്മങ്ങൾക്കപ്പുറത്ത് നിന്ന് പിന്നണി ചേർന്നു,
പേരുകളില്ലാതായ അനേകമനേകമെറുമ്പുകൾ.

മൊബൈൽ: 9961609446