നഗരത്തിരക്കിൽ

സിന്ദുമോൾ തോമസ്

നഗരത്തിരക്കിലൂടെ നടന്നു പോകുമ്പോഴാണ് അയാൾക്ക് അവളെ ചുംബിക്കണമെന്നു ആദ്യമായി തോന്നിയത്.

“നമുക്ക് കടൽത്തീരത്ത് പോയാലോ?” അവർ നടന്നു.

കടൽത്തീരത്തു നിറയെ ജലക്രീഡയ്ക്ക് വന്നവർ. പാതി നഗ്നർ. അവൾക്കു നാണമായി.

“നമുക്ക് പൂന്തോട്ടത്തിൽ പോകാം”. അയാൾ നടന്നു, അവളും.

പൂന്തോട്ടത്തിൽ പൂക്കളേയില്ല. എങ്ങും കാടും പടലും. തീറ്റിയും കുടിയുമായി നടക്കുന്ന യുവാക്കൾ. ചപ്പുചവറുകൾ ദാക്ഷിണ്യമില്ലാതെ വലിച്ചെറിയുന്ന ആൾക്കൂട്ടം. അവർ തിരിച്ചു നടന്നു.

അയാൾ അവളെ വഴിയരികിൽ കണ്ട ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിലേക്ക് ആനയിച്ചു. പൊടിയും ചിലന്തിവലയും. പഴക്കു ഗന്ധം. അവൾക്കു ശ്വാസം മുട്ടി.

“ഇത്ര വൃത്തിഹീനമായ ചുറ്റുപാടിലാണോ നീയെന്നെ ചുംബിക്കേണ്ടത്? പിറക്കാൻ പോകുന്ന ആ ചുംബനം ഈ ലോകത്തെ അത്രമേൽ നിരാശാജനകമായി മനസ്സിലാക്കുകയില്ലേ?” അവൾ ആശങ്കപ്പെട്ടു.

“പിന്നെ?” അയാൾ ആരാഞ്ഞു.

“നിറയെ പൂക്കളുള്ള ഒരു ഉദ്യാനത്തിൽ, അല്ലെങ്കിൽ കാറ്റു കൂടു കൂട്ടുന്ന ഒരു കുന്നിൻ മുകളിൽ, അതുമല്ലെങ്കിൽ ഒരു തെളിനീർത്തടത്തിനരികെ, മഞ്ഞപ്പൂക്കൾ വിടർന്നു നിൽക്കുന്ന ഒരു താഴ്‌വരയിൽ, ഒരു വെള്ളച്ചാട്ടത്തിനു താഴെയും ആവാം. ചുരുങ്ങിയപക്ഷം ഒരു മരത്തണലിൽ എങ്കിലും.”

അവൾ പ്രതീക്ഷയോടെ അയാളുടെ മുഖത്തേക്ക് നോക്കി.

അവർ വീണ്ടും തിരക്കേറിയ തെരുവിൽ എത്തി. പെട്ടെന്നൊരു മഴ പെയ്തു. ജനസഞ്ചയം മഴയിൽ നിന്നോടിക്കയറാൻ വെമ്പുന്ന വേളയിൽ അയാൾ അവളെ ചേർത്ത് നിർത്തി നഗരമധ്യത്തിലെ തിരക്കിട്ട പൊതുവഴിയിൽ വെച്ച് ആദ്യമായി ചുംബിച്ചു.

ഘടികാരങ്ങൾ നിശ്ചലമായ ആ ഒരു നിമിഷത്തിൽ അവിടെ പൂക്കൾ വിരിയുകയും വെള്ളച്ചാട്ടങ്ങൾ രൂപപ്പെടുകയും കാറ്റു കാവൽ നിൽക്കുകയും മഴവില്ലു പ്രത്യക്ഷമാവുകയും ചെയ്തു. പിന്നെ അവർ കൈകോർത്തു നടന്നു പോയി.