പ്രണയം നിലവിലില്ലാത്ത ഒരു ഭാഷയിലേക്ക് വിവർത്തനം ചെയ്യുമ്പോൾ

റിജേഷ് കാന്തള്ളൂർ

രണ്ടാണുങ്ങൾ തമ്മിൽ
പ്രേമിക്കുമ്പോൾ
അംബരചുംബികളായ രണ്ടു കെട്ടിടങ്ങൾ
ചന്ദ്രനെ തൊട്ട് തീ പാളിച്ച്
രണ്ടു പുകയെടുക്കുന്നത് പോലെ തോന്നും

രണ്ടാണുങ്ങൾ തമ്മിൽ
ഉമ്മ വെച്ച്
സ്നേഹത്താൽ ഉൾപുളകം കൊള്ളുമ്പോൾ
സദാചാരം പറയുന്നവരേ,
കണ്ണിൽ മഞ്ഞ കേറി
നാവു കൊണ്ട് മലം തുപ്പുന്നവരേ,
നിങ്ങൾക്കു നേരെ
വാക്കുകളുരഞ്ഞ് തെറിക്കാറ്റു വീശും

രണ്ടു കട്ടനെടുത്ത്
ദാ ദിങ്ങനെ
ചിയേർന്ന് പറയുമ്പോഴുണ്ടല്ലോ
ഉന്മാദങ്ങളുടെ ശരശയ്യയിൽ
ചടുല നൃത്തം ചെയ്യുകയായിരിക്കും അവർ
ആ അരണ്ട വെളിച്ചത്തിലിരുന്ന്
നീയുണ്ടായിരുന്നല്ലോ
നീയുണ്ടെന്നായിരുന്നല്ലോ
ഞങ്ങൾ ഞങ്ങളാവുന്നെടീ എന്ന് കൂവും

അതിരാവിലെ മലയുടെ
ഉച്ചിയിൽ ചെല്ലും
സന്ധ്യ മൂക്കുമ്പോൾ
വട്ടത്തിൽ ചോന്ന് കൂർത്ത സൂര്യനെ
തിരമാലകളിൽ ചവിട്ടി നിന്ന്
കണ്ണുകൊണ്ട് തൊടും
ചങ്കിലേക്ക് വലിച്ചടുപ്പിക്കും

ഓട്ടത്തിനിടയിൽ
ഹൃദയം ഒന്ന് പകച്ച് നിൽക്കുമ്പോൾ
അത് വിട്ടു കള മൈരേന്നും പറഞ്ഞ്
പൊറാട്ടേം ബീഫും കഴിച്ച്
പരസ്പരം ധ്വജപ്രണാമം പറയും
തണുത്ത കഞ്ഞി വെള്ളം കുടിക്കും

രണ്ടാണുങ്ങൾ തമ്മിൽ പ്രേമിക്കുമ്പോൾ
രണ്ടു ഗുൽമോഹർ
മരങ്ങളെ പോലെയാണ്
ഒരു വേരിൽ നിന്നുയർന്ന്
ഉച്ചയിലേക്ക് പന്തലിക്കും
ഒരു ഗ്ലാസ് നാരങ്ങാ സോഡ
രണ്ടു സ്ട്രോ വെച്ച് ഒറ്റ വലിക്കു മോന്തും

രണ്ടാണുങ്ങൾ
പാതിരാത്രി
കുളത്തിന്റെ
അക്കരെയും ഇക്കരയും പിടിക്കും
യക്ഷികളെ പാലമരത്തിൽ നിന്നിറക്കി വിടും
നക്ഷത്രങ്ങളുടെ ചൂടിലേക്ക്
പറന്ന് ചെല്ലും

രണ്ടാണുങ്ങൾ തമ്മിൽ പ്രേമിക്കുമ്പോൾ
കാമത്തിന്റെ പിടച്ചിലാണെന്ന്
ശരിക്കും ധരിക്കുന്നവരേ
മലയിടിഞ്ഞ് വീഴും എന്ന് പറയുന്നവരേ
രണ്ടാണുങ്ങൾ തമ്മിൽ പ്രേമിക്കുമ്പോൾ
നിങ്ങളെ മുക്കാലിൽ കെട്ടി ചാട്ടവാറിനടിക്കും

രണ്ടാണുങ്ങൾ തമ്മിൽ പ്രേമിക്കുമ്പോൾ
ഫാസിസത്തിനെതിരെ
കവിതയെഴുതും
കലാപങ്ങൾ നിറച്ച മഷിപ്പേന
നെറികെട്ട കാലത്തിനെതിരെ
മുഷ്ടി ചുരുട്ടും
രണ്ടാണുങ്ങൾ പ്രണയിക്കുമ്പോൾ
അത് നിങ്ങളിതുവരെ കണ്ട
പ്രേമമേ ആവില്ല

രണ്ടാണുങ്ങൾ
പർവ്വതാരോഹകരെ പോലെയാണ്
ജീവിതം മൂത്ത് നിൽക്കുമ്പോൾ
അറ്റം കാണാത്ത പ്രതിസന്ധികളിലേക്ക്
പാഞ്ഞു കേറും
ജീവിതത്തിന് ലഹരിയെന്ന് പേരിടും.

Mobile: 9995380892