ഇന്ന് മാസിക: അക്ഷര നിറവിന്റെ സ്‌നേഹപ്പൊരുള്‍

ജി.കെ. രാംമോഹന്‍

(മുപ്പത്തിയഞ്ചാം വയസ്സിലേക്കു കടക്കുന്ന മണമ്പൂര്‍ രാജന്‍ബാബുവിന്റെ ‘ഇന്ന്’ മാസികയെക്കുറിച്ച് ചില നിനവുകള്‍)

മാസിക എന്നു കേള്‍ക്കുമ്പോഴേക്കും നിയതവും പാരമ്പര്യബദ്ധവുമായ ഒരു പ്രസിദ്ധീകരണരൂപം നമ്മുടെ മനസ്സിലേക്കോടിയെത്തും. മള്‍ട്ടികളര്‍ പ്രിന്റിംഗില്‍ ആവശ്യമായ പരസ്യങ്ങള്‍ അനുബന്ധമായിച്ചേര്‍ത്ത് ആകര്‍ഷകമാക്കി വിവിധതരം വായനക്കാരെ പൂര്‍ണമായും മനസ്സിലുള്‍ക്കൊണ്ട് എഴുതപ്പെട്ട ലേഖനമോ കഥയോ കവിതയോ ഫീച്ചറുകളോ ഒക്കെച്ചേര്‍ത്ത് വില്പനയ്ക്കായി ഒരുക്കിയ ഒരു സൃഷ്ടി.

പക്ഷേ ഇതില്‍ നിന്ന് വിഭിന്നമായി വില്പന എന്ന ലക്ഷ്യമേ ഇല്ലാത്ത ചില മാസികകളും ഇവിടെ സ്തുത്യഹര്‍മായി ഒരു തടസ്സവുമില്ലാതെ അക്ഷരമഷി പുരണ്ട് അനുവാചകരുടെ മുന്നിലെത്തുന്നുണ്ട്. ‘ഇന്ന്’ മാസിക അതേ പോലൊരു പ്രസിദ്ധീകരണമാണ്. കേവലം ഒരിന്‍ലന്‍ഡിന്റെയത്ര മാത്രം വലിപ്പം. പക്ഷേ, ഈ മാസിക ബൃഹദാഖ്യാനങ്ങളുടെ മലവെള്ളപ്പാച്ചിലിനെയൊക്കെ അതിജീവിച്ച് തുടര്‍ച്ചയായി നാനൂറ്റിപ്പന്ത്രണ്ടാമത്തെ ലക്കത്തിലെത്തി നില്‍ക്കുന്നു എന്നതാണ് യഥാര്‍ത്ഥ്യം.

എഴുതിത്തുടങ്ങുന്നവര്‍ തൊട്ട് വിഖ്യാതര്‍ വരെ ആദ്യലക്കം മുതല്‍ ഇന്നോളം ‘ഇന്നി’ല്‍ എഴുതുന്നു. രചന പ്രസിദ്ധപ്പെടുത്താനായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഉടന്‍ രചയിതാവിനെ കത്തെഴുതി ആ വിവരം അറിയിക്കും. അച്ചടിച്ചുവരാന്‍ രചനകളുടെ ആധിക്യത്താല്‍ കാലതാമസം നേരിടുമെങ്കിലും വലിപ്പം ഇത്തിരി ചെറുതായി എന്നതുകൊണ്ട് ഇതില്‍ വിഭവങ്ങള്‍ കുറഞ്ഞുപോയി എന്നു കരുതിയെങ്കില്‍ തെറ്റി. കഥയും കവിതയും ലേഖനങ്ങളും ‘പുസ്തക വിചാരവും’ അനുഭവക്കുറിപ്പുകളും തുടര്‍പംക്തികളും ചിത്രങ്ങളും ഫോട്ടോകളും ഒക്കെയായി ഒരു മാസികയില്‍ വേണ്ടുന്ന എല്ലാ വിഭവങ്ങളും ‘ഇന്ന്’ മാസികയിലുണ്ട്. കൂടാതെ ശക്തമായ എഡിറ്റോറിയലും. പത്രാധിപര്‍ കവിയായതുകൊണ്ട് ഇതു മിക്കവാറും കവിതയിലാവും എന്നതും എടുത്തു പറയേണ്ടത്.
പത്രസ്ഥല ദാരിദ്ര്യം നിമിത്തം മൂന്നോ നാലോ വാക്യങ്ങളില്‍ പുസ്തക നിരൂപണ പംക്തി തുടങ്ങിയത് ‘ഇന്ന്’ മാസികയിലാണ്, ‘പുസ്തക വിചാരം’ എന്ന പേരില്‍. ആവോളം സ്ഥലസൗകര്യമുള്ള വന്‍ പത്രങ്ങള്‍ ഈ രീതി പില്‍ക്കാലത്ത് അനുകരിച്ചത് ചരിത്രം.

ഇങ്ങനെയും ഒരു മാസികയോ? അരാണിതിന്റെ ശില്പി? എങ്ങനെയാണീ കുഞ്ഞുമാസികയില്‍ വിഭവവൈവിദ്ധ്യം നിലനിര്‍ത്തുന്നത്? അതും ആസ്വാദനക്ഷമത ഒട്ടും ചോര്‍ന്നു പോകാതെ. ഇതിന്റെ പിന്നിലെ സാമ്പത്തിക സ്രോതസ്സ് എന്തായിരിക്കും? ഇങ്ങനെ കുറേ ചോദ്യങ്ങള്‍ ആസ്വാദക മനസ്സില്‍ ഉയര്‍ന്നുവരുമെന്നതും തീര്‍ച്ച. രചനകളെക്കുറിച്ച് പറയുമ്പോള്‍ ഒരു കാര്യം പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. ലേഖനങ്ങളും കഥയുമടക്കമുള്ള കലാസൃഷ്ടികള്‍ തീരെ ചെറുതും രണ്ടോ മൂന്നോ വാചകങ്ങളില്‍ ഒതുങ്ങുന്നതുമായിരിക്കണം. കവിതയും ഇതേപോലെ തന്നെ ഏറ്റവും ഹ്രസ്വമായിരിക്കണം എന്നുമാത്രല്ല ആശയ സംവേദനക്ഷമവുമായിരിക്കണം. ചുരുക്കത്തില്‍ ഹ്രസ്വമായിരിക്കുക എന്നതു മാത്രമല്ല ഹൃദ്യവുമായിരിക്കണം രചനകള്‍ എന്നതാണ് ‘ഇന്നി’ന്റെ നിഷ്‌കര്‍ഷ. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ആറ്റിക്കുറുക്കിയ രചനകളായിരിക്കണം ഓരോന്നും എന്നു സാരം. ഇന്നു മാസികയില്‍ ചേര്‍ക്കേണ്ടുന്ന പരസ്യങ്ങള്‍ പോലും കര്‍ശനമായി ഈ നിഷ്‌കര്‍ഷകള്‍ പാലിച്ചേ മതിയാകൂ. അങ്ങനെ വരുമ്പോള്‍ പരിമിതികളും പരാധീനതകളും ഏറുന്നു.

ഏറെ ആകര്‍ഷകമാണ് ‘ഇന്നി’ന്റെ രൂപകല്പന. പത്രാധിപര്‍ കവി മാത്രമല്ല കലാഹൃദയമുള്ള ഒരു ഡിസൈനര്‍ കൂടിയാണെന്ന് ഓരോ ലക്കവും നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. അതി മനോഹരമാണ് ‘ഇന്നി’ന്റെ ലോഗോ. ഇന്നു കാണുന്ന ലോഗോ ഒദ്യോഗികമായി നിലവില്‍ വന്നത് 1983 മാര്‍ച്ചിലിറങ്ങിയ ഇന്നിന്റെ പതിനാലാമത്തെ പതിപ്പിലൂടെയാണ്. അത് രൂപകല്പന ചെയ്തത് ലത്തീഫ് മലപ്പുറം എന്ന ചിത്രകാരനും. ഇന്നു കാണുന്ന ഇലക്‌ട്രോണിക് സാങ്കേതിക സൗകര്യങ്ങളൊന്നുമില്ലാതിരുന്ന ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളുടെ തുടക്കത്തിലാണ് ഇത്തരമൊരു ലോഗോ രൂപകല്പന ചെയ്തു കിട്ടിയത് എന്നതും പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. തുടര്‍ന്ന് എത്രയോ ലക്കങ്ങളില്‍ പ്രസിദ്ധ ചിത്രകാരന്മാരായ മദനനും പോള്‍ കല്ലാനോടും പ്രസാദും ടോംസും ദയാനന്ദനുമടക്കം ഒട്ടനവധി കലാകാരന്മാര്‍ തങ്ങളുടെ സൃഷ്ടികള്‍ ഇന്നിനു വേണ്ടി വരച്ചു.

സമൂഹത്തിന് തീര്‍ച്ചയായും ഒരു മന:സാക്ഷിയുണ്ട്. നന്മയുടെയും സ്‌നേഹത്തിന്റെയും പക്ഷത്ത് നിലയുറപ്പിക്കാനും നിലപാടുകളെടുക്കാനും സമൂഹത്തില്‍ ഒറ്റപ്പെട്ട ചിലരെയെങ്കിലും പ്രാപ്തരാക്കുന്നത് തികഞ്ഞ ഉളളുറപ്പുള്ള ആ കരുത്താണ്. ആള്‍ക്കൂട്ടത്തില്‍ ഒരാളും തനിച്ചല്ല എന്നും നമ്മുടെയോരോരുത്തരുടെയും നിലപാടുകള്‍ക്കും സമീപനങ്ങള്‍ക്കും സത്യസന്ധമായ പിന്തുണയേകിക്കൊണ്ട് ആരൊക്കെയോ ഉറച്ച കൈത്താങ്ങായി കൂടെയുണ്ട് എന്ന് നാം തിരിച്ചറിയുന്നതും അപ്പോഴാണ്.

മലപ്പുറത്തുനിന്നും മൂന്നു പതിറ്റാണ്ടിലധികം കാലമായി മുടങ്ങാതെ പുറത്തിറങ്ങുന്ന ഇന്ന് എന്ന കുഞ്ഞുമാസികയുടെ പ്രസക്തിയും ഇവിടെയാണ്. സംശയമില്ല ‘ഇന്ന്’ ഒരു ചെറുമാസിക തന്നെ. പക്ഷേ ഈ വലിപ്പക്കുറവ് രൂപത്തില്‍ മാത്രമേയുള്ളൂ. വിഭവസമൃദ്ധിയും നൂതനാശയങ്ങളുടെ ആവിഷ്‌കാര സമൃദ്ധിയുമുള്ള ‘ഇന്നി’ന് ധീരമായ പ്രതികരണ ശേഷിയുമുണ്ട്. അത് പലപ്പോഴും അധികാര സ്ഥാനങ്ങളെ ഞെട്ടിച്ചിട്ടുണ്ട് എന്നതും എടുത്തുപറയേണ്ടതാണ്. ഈ ഞെട്ടല്‍ അസ്വസ്ഥതയായി വളര്‍ന്ന് ‘ഇന്നി’നെ കടന്നാക്രമിക്കുക എന്ന ഉദ്യമത്തില്‍ ഇവരില്‍ പലരും എത്തിച്ചേരാറുണ്ട് എന്നതും എടുത്തു പറയേണ്ട കാര്യമാണ്. ഒരര്‍ത്ഥത്തില്‍ ഈ എതിര്‍പ്പാണ് ‘ഇന്നി’ന്റെ ശക്തി. ഇത്തരം എതിര്‍പ്പിന്റെ മുള്‍മുനയില്‍ നിന്നുകൊണ്ടാണ് ഇന്ന് ആശയസമരങ്ങളില്‍ പലതും നയിച്ചു വിജയിപ്പിച്ചത്.
ബഹുസ്വരത ഇന്നിന്റെ മുഖമുദ്രയാണ്. പാരമ്പര്യനിഷ്ഠമായ രചനകള്‍ക്കും ആധുനിക അത്യന്താധുനിക, പോസ്റ്റ് മോഡേണ്‍ രചനകള്‍ക്കുമെല്ലാം ‘ഇന്നി’ല്‍ ഇടം കിട്ടും. അവ മുന്‍ചൊന്നപോലെ സ്വാഭാവികവും ഹ്രസ്വവും ഹൃദ്യവുമാണെങ്കില്‍ മാത്രം.

എതിര്‍പ്പിന്റെയും ബഹുസ്വരതയുടെയും സ്വരം തിരിച്ചറിഞ്ഞു എന്നതാണ് ‘ഇന്നി’ന്റെ എല്ലാമായ മണമ്പൂര്‍ രാജന്‍ബാബുവിന്റെ വിജയരഹസ്യം. ഒരു കഥയെഴുതിയതിന്റെ പേരില്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിടലിന്റെ ഘട്ടം വരെയെത്തുകയും സമൂഹമന:സാക്ഷിയുടെ നേരിട്ടുള്ള ശക്തമായ ഇടപെടല്‍ കൊണ്ട് ആ നീക്കം അധികാരികള്‍ക്ക് അത്യന്തികമായി ഉപേക്ഷിക്കേണ്ടി വരികയും ചെയ്ത ഒരു ഔദ്യോഗിക ചരിത്രം ‘ഇന്നി’ന്റെ പത്രാധിപര്‍ക്കുണ്ട്. പോലീസ് വകുപ്പിന്റെ ദുശ്ശാഠ്യങ്ങള്‍ക്കും അധികാര പ്രമത്തതയ്ക്കുമൊക്കെ ശക്തമായ താക്കീതായി മണമ്പൂരിനെ തിരികെയെടുക്കുന്നതിനായി സാംസ്‌കാരിക കേരളം ഒന്നാകെ നടത്തിയ സമരം. ഇതു കൂടി ചേര്‍ത്തുവായിക്കുമ്പോള്‍ ‘ഇന്നി’ന്റെ പിന്നിലെ ശക്തിസ്രോതസ്സെന്തെന്ന് ഒന്നുകൂടി നമുക്കു വ്യക്തമാകും.
പ്രതിസന്ധികളെ അതിജീവിക്കാനുള്ള അസാമാന്യമായ മനസ്ഥൈര്യം എന്നും ‘ഇന്നി’ന്റെ പത്രാധിപരായ മണമ്പൂര്‍ രാജന്‍ബാബുവിനുണ്ടായിരുന്നു. ആത്യന്തികമായി താനൊരു കവിയാണ് എന്നു തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണ് ‘ഇന്നി’ന്റെ പത്രാധിപരുടെ ചുമതലയും അദ്ദേഹം സ്തുത്യര്‍ഹമായി നിര്‍വഹിച്ചു പോരുന്നത്. കവിയായതുകൊണ്ടാവാം ഇന്നിന്റെ എഡിറ്റോറിയലുകള്‍ പലപ്പോഴും കവിതയിലാകാറുണ്ട്.

”മരമില്ലേലും മഴ കിട്ടുമെന്നുദ്‌ഘോഷിക്കാന്‍
യൂണിവേഴ്‌സിറ്റിക്കുള്ളില്‍ ജ്ഞാനികള്‍ പിറക്കുന്നു.
പണത്തിന്‍ മീതെ പറക്കാത്തൊരിപ്പരുന്തിന്റെ
തലയില്‍ കാടുണ്ടതു വെട്ടുക മഴകിട്ടും”.

എന്ന നാലുവരി കവിതയായിരുന്നു ഒരിക്കല്‍ ‘ഇന്നി’ന്റെ എഡിറ്റോറിയല്‍. ആ നാലു വരികള്‍ മലയാള ധിഷണാ മണ്ഡലത്തിലുണ്ടാക്കിയ ചലനങ്ങള്‍ ചില്ലറയായിരുന്നില്ല. ‘മഴകിട്ടാന്‍ മരം വേണ്ട’ എന്ന് കോഴിക്കോട് സര്‍വകലാശാലയിലെ ചില ‘ജ്ഞാനികള്‍’ പ്രസ്താവനയുമായി രംഗത്തെത്തിയ കാലം. അവരോടൊപ്പം ചേരാനുമുണ്ടായി ഒട്ടസംഖ്യം പേര്‍. ചവിട്ടി നില്‍ക്കുന്ന ഇത്തിരിമണ്ണ് നശിച്ചില്ലാതായാലും നാലു കാശുണ്ടാക്കുക എന്ന ഒറ്റലക്ഷ്യത്തില്‍ ശ്രദ്ധയൂന്നിയ കുറേപ്പേരുടെ സംഘമായിരുന്നു അത്. ഒരര്‍ത്ഥത്തില്‍ ‘പണത്തിനുമീതെ പറക്കാത്ത’ പരുന്തുകളായിരുന്നു അവര്‍. അവരുടെ തലയിലാണ് യഥാര്‍ത്ഥത്തില്‍ വിവരക്കേടിന്റെ കൊടുകാട്. അതു വെട്ടുക. അപ്പോള്‍ മഴകിട്ടും, തീര്‍ച്ച. അതായിരുന്നു എഡിറ്റോറിയലിന്റെ കാതല്‍. ശാസ്ത്രസാഹിത്യപരിഷത്ത് പ്രവര്‍ത്തകര്‍ ഈ കവിത ഏറ്റെടുത്ത് പ്രചരിപ്പിച്ചു എന്നത് പില്‍ക്കാല ചരിത്രം.

കവിതയില്‍ എഡിറ്റോറിയല്‍ രേഖപ്പെടുത്തുന്ന രീതി തുടര്‍ന്നും പല സന്ദര്‍ഭങ്ങളിലും ‘ഇന്നി’ന്റെ പത്രാധിപര്‍ സ്വീകരിച്ചിട്ടുണ്ട്. മലയാളത്തിലെ മറ്റൊരു പ്രസിദ്ധീകരണത്തിലും കാണാത്തതാണിത്. മറ്റു ഭാഷകളില്‍ ഇങ്ങനെയുണ്ടാവാനുള്ള സാദ്ധ്യതയും വിരളം.

ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി നാല് ഫെബ്രുവരി മാസത്തെ (ലക്കം 26) എഡിറ്റോറിയലിന്റെ ശീര്‍ഷകം ‘ഭ്രാന്ത്’ എന്നാണ്. അതിങ്ങനെ.
”കലിയുഗത്തിന്റെ കുടില മാനസം
പുതുബോംബിനുള്ളില്‍ പതിയിരിക്കുന്നു
അതില്‍ കരിയുവാന്‍ പിറന്നതല്ല നാം
കവിത പേറിടും ഹൃദയം പേറുവോര്‍.”

എത്ര അര്‍ത്ഥവത്തായ വരികള്‍! കലിയുഗം ശരിക്കും ‘കലി’യുടെ കാലം തന്നെ. അതു കുടില തന്ത്രത്തിന്റെ കാലവും കൂടിയാണ്. കൊലയാണതിന്റെ അജണ്ട. കൊലപാതകത്തിന് ബോംബാണ് ഏറെ നല്ലത്. ബോംബിടുന്നവനും ഇരകള്‍ക്കൊപ്പം ഇല്ലാതാകും എന്നുമാത്രം. പക്ഷേ നാമതില്‍ കരിഞ്ഞു തീരുവാന്‍ വിധിക്കപ്പെട്ടവരല്ല. കാരണം കവിത പൂവിടുന്ന ഹൃദയമുള്ളവരാണു നമ്മള്‍ എന്നു ബോദ്ധ്യപ്പെടുത്തുകയാണ് പത്രാധിപര്‍ ഇവിടെ.

ഇരുപത്തേയേഴാം ലക്കത്തിലെത്തുമ്പോഴോ പത്രാധിപര്‍ വിരല്‍ ചൂണ്ടുന്നത് വളരെ വ്യത്യസ്തമായ ഒന്നിന്റെ നേര്‍ക്കും ആ വരികള്‍ ഇങ്ങനെ.
”ബാംഗ്ലാവുമേതാനും നക്ഷത്ര ഹോട്ടലു-
മില്ലാതെയിന്നെന്തു മുഖ്യമന്ത്രി?
കള്ളം നിരന്തരം നാവില്‍ കളിക്കണേ-
യെന്നു പ്രാര്‍ത്ഥിക്കുന്ന മുഖ്യമന്ത്രി!”
പോരേ, എന്തു മൂര്‍ച്ചയാണിതിനുള്ളിലെ ആക്ഷേപ ഹാസ്യത്തിന്. അതു തിരിച്ചറിയാവുന്നവരുടെ ഉള്ളില്‍ ഒരു ഞെട്ടലുണ്ടാവുമെന്നും, തീര്‍ച്ച.
ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിനാല് സെപ്തംബര്‍ ലക്കം ‘ഇന്നി’ന്റെ എഡിറ്റോറിയല്‍ ശീര്‍ഷകം ‘കവിതയും സുഗതയും’ എന്നാണ്. അതിങ്ങനെ:
”മരവും സിമന്റും മൗഢ്യവും മാത്രം
കയറിക്കൂടിയ തലകള്‍ക്കുള്ളിലും
കവിത താക്കീതായ് കടന്നു ചെല്ലുന്നു
കവിജന്മം വീണ്ടും സഫലമാകുന്നു!”

സ്‌നേഹാക്ഷരങ്ങളുടെ ആയുധവുമായി അനീതിക്കെതിരെ പട നയിക്കുന്ന സുഗതകുമാരി ടീച്ചറോട് ഇതിനപ്പുറമൊരാദരവ് എങ്ങനെയാണു പ്രകടിപ്പിക്കുക. സീതിഹാജി, സുഗതകുമാരി ടീച്ചറെ അധിക്ഷേച്ച ശേഷം യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് തെറ്റു തിരുത്തിയതാണു പശ്ചാത്തലം.

എണ്‍പത്തിനാല് ഡിസംബര്‍ ലക്കം ഇന്ദിരാഗാന്ധിക്കുള്ള തിലോദകമായിരുന്നു. ‘ഇന്ദിര’ എന്നു പേരിട്ട ആ എഡിറ്റോറിയല്‍ ഇങ്ങനെ:
”മതഭ്രാന്തിന്നാമോ വെടിയുണ്ടയ്ക്കാമോ

ഒരു വ്യക്തിത്വത്തിന്‍ തിരികെടുത്തുവാന്‍?” എന്ന്. എത്ര ശ്രദ്ധേയമായ വരികള്‍. മതഭ്രാന്തിനും തോക്കിനും വെടിയുണ്ടയ്ക്കും തകര്‍ക്കാന്‍ പറ്റുന്നതാണോ ഇന്ദിരയെപ്പോലൊരു നേതാവിന്റെ ഉരുക്കു വ്യക്തിത്വം. തീര്‍ച്ചയായുമല്ല. അത്ര ദൃഢമായിരുന്നു അവരുടെ ഓരോ നീക്കങ്ങളും. രാജ്യദ്രോഹികളോട് ഒരു ദാക്ഷിണ്യവുമില്ലായിരുന്നു അവര്‍ക്ക്. ശക്തമായൊരിന്ത്യ എന്നതായിരുന്നു അവരുടെ ലക്ഷ്യം. ആ നിശ്ചയദാര്‍ഢ്യത്തെ തോക്കിനും വെടിയുണ്ടയ്ക്കും ഭേദിക്കാനാവില്ല എന്നതാണു യാഥാര്‍ത്ഥ്യം.

1999 ഡിസംബറിലെ 216-ാം ലക്കം പുതുയുഗത്തിനു സ്വാഗതമോതിക്കൊണ്ടാണു പുറത്തിറങ്ങിയത്. ‘പുതുയഗത്തിനു സ്വാഗതം’ എന്ന ശീര്‍ഷകത്തിലുള്ള അതിലെ എഡിറ്റോറിയലില്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു:
”പുതുയുഗത്തിന്റെ
കിനാവിന്‍ ചില്ലയില്‍
കിളി വിളിക്കുന്നു
ഉണരൂ, സ്വാഗതം!”

ഇതിനപ്പുറം എങ്ങനെയാണ് പുതുയുഗത്തെ ഒരു കവിതയിലൂടെ വരവേല്‍ക്കാനാവുക. ഓരോ പുതുയുഗപ്പിറവിയും അനന്യമായൊരു പ്രതീക്ഷയാവുമ്പോള്‍ പ്രത്യേകിച്ചും.
കണ്ണൂര്‍ എന്നും മലയാള മന:സാക്ഷിയുടെ നൊമ്പരമായിരുന്നു. അവിടെയുള്ള അമ്മമാരുടെ ഉള്ളിലെ വ്യഥയായിരുന്നു 1999 നവംബറിലെ 214-ാം ലക്കത്തിന്റെ പ്രമേയം. അത് ഒരര്‍ത്ഥത്തില്‍ ഒരപേക്ഷ കൂടിയായിരുന്നു.

”കണ്ണൂരിന്‍ നിറകണ്ണുകളൊപ്പാന്‍
കഴുകിക്കൂപ്പുക കൈയുകള്‍ നാം”

എന്നായിരുന്നു അതില്‍ രേഖപ്പെടുത്തിയിരുന്നത്. ഇവിടെ നിറകണ്ണൊപ്പാന്‍ കഴുകിത്തുടച്ച കൈകളുമായി വരുവാനാണ് പത്രാധിപര്‍ അപേക്ഷിക്കുന്നത്. അതായത് കാപട്യത്തിന്റെ, കാലുഷ്യത്തിന്റെ കറുത്ത മൂടുപടം വലിച്ചെറിഞ്ഞ് തികഞ്ഞ ശുദ്ധമായ മനസ്സോടെ.

എഡിറ്റോറിയല്‍ ചിലപ്പോള്‍ ശക്തമായ താക്കീതും മുന്നറിയിപ്പുമാവാറുണ്ട്. 2003 ഡിസംബര്‍ മാസത്തെ 216-ാം ലക്കത്തിന്റെ എഡിറ്റോറിയല്‍ അത്തരത്തിലുള്ള ഒന്നായിരുന്നു. കുഞ്ഞുങ്ങളെ അരുംകൊല ചെയ്യാന്‍ ഒരുമ്പെട്ടുവരുന്ന പൂതനമാരെ കരുതിയിരിക്കുക എന്നതായിരുന്നു അതിന്റെ ഉള്ളടക്കം. അതിങ്ങനെ:
”ലളിതയല്ലിവള്‍
നെറിയെ, നേരിനെ
മുലയൂട്ടിക്കൊല്ലാന്‍
മദിക്കും പൂതന”.
”പരമാര്‍ത്ഥങ്ങളെ
വധിക്കാന്‍ വന്നവള്‍
ജനനാവൊക്കെയും
അരിയാന്‍ മോഹിപ്പോള്‍”
എത്ര സുവ്യക്തമായ കണ്ടെത്തല്‍. അതില്‍ തുളുമ്പുന്ന ആത്മാര്‍ത്ഥതതന്നെ മുന്നറിയിപ്പിനു ശക്തമായ പിന്തുണയേകുന്നു.
കേരളം ഒരു തിരഞ്ഞെടുപ്പിന്റെ ചൂടിലകപ്പെട്ട കാലമാണിത്. പുതുവാഗ്ദാനങ്ങളുമായി ‘ജനസേവകര്‍’ അരങ്ങത്തെത്തുന്ന കാലം. ഇല്ലാക്കഥകളും വയ്യാക്കഥകളുമൊക്കെയായി പലരും വരും. സത്യം മൂടി വച്ച് അസത്യത്തെ തിളങ്ങുന്ന പുത്തനുടുപ്പണിയിച്ചു മുന്‍ നടത്തി. അങ്ങനെയങ്ങനെ. 2004 ഫെബ്രുവരി മാസത്തെ 265-ാം ലക്കം ‘ആള്‍മാറാട്ടം’ എന്ന എഡിറ്റോറിയലോടുകൂടിയാണു പുറത്തിറങ്ങിയത്. അതിങ്ങനെ:
”അരുതിനി ചൊല്ലാന്‍
പരമ സത്യങ്ങള്‍
തിരഞ്ഞെടുപ്പിന്റെ
തിരയടുക്കയായ്
പഴയ ക്ഷേത്രത്തില്‍
പണി തീരാപ്പാട്ട്
പൊടി തട്ടി വീണ്ടും
തിളക്കം കൂട്ടട്ടെ”.
നല്ല രസമുണ്ടല്ലേ കവിയുടെ നിരീക്ഷണത്തിന്! അതൊരു പച്ചപ്പരമാര്‍ത്ഥത്തില്‍ ഊന്നിയാവുമ്പോള്‍ പ്രത്യേകിച്ചും.
‘തിരഞ്ഞെടുപ്പു പനി’യെ മാത്രമല്ല ‘കളിപ്പനിയേയും’ പത്രാധിപര്‍ കണക്കിനു കളിയാക്കിയിട്ടുണ്ട്. എഡിറ്റോറിയലിലൂടെ 2006 ജൂണ്‍ ലക്കം ‘ഇന്ന്’ അങ്ങനെയൊന്നാണ്.
”സുനാമിയും പക്ഷിപ്പനിയും വിട്ടപ്പോള്‍
പടര്‍ന്നു കാല്‍പ്പന്തു പനി നാടൊട്ടാകെ
ചിരട്ട പോലുമേ ഉടയ്ക്കാനില്ലാത്തോര്‍
നിഴല്‍ക്കളി കാണും വിപണിക്കോലങ്ങള്‍!”
‘തേങ്ങ’ പോയിട്ട് ഒരു ‘ചിരട്ട’ പോലും ഉടയ്ക്കാനില്ലാത്തോരും ടി.വി.യിലെ ‘നിഴല്‍ക്കളിക്കു’ മുന്നിലാണ്. കാരണം എല്ലാവരും ‘വിപണി’യുടെ പിടിയിലകപ്പെട്ടിരിക്കുന്നു. സുനാമിയും പക്ഷിപ്പനിയുമൊക്കെ തന്ന മുന്നറിയിപ്പുകള്‍ ഒട്ടും വക വയ്ക്കാതെ സ്വന്തം നിലനില്‍പ്പു പോലും അപകടത്തിലാവുന്ന സാമ്പത്തിക പരാധീനത ചുമലില്‍ വന്നു വീഴുന്നുവെന്ന് അശേഷം ഓര്‍ക്കാതെ ‘കാല്‍പ്പന്തു കളിയുടെ’ ‘പനി’യിലകപ്പെട്ട ഒരു ജനത. അവരോട് ഈ യഥാര്‍ത്ഥ്യം എങ്ങനെയാണ് സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു പത്രാധിപര്‍ക്ക് പറയാതിരിക്കാനാവുക.
ലീഡര്‍ കരുണാകരനെ ആശയപരമായി എതിര്‍ത്തിരുന്നു പലപ്പോഴും ‘ഇന്നി’ന്റെ പത്രാധിപര്‍. പക്ഷേ, ലീഡര്‍ ഈ ലോകത്തു നിന്നു വിടവാങ്ങിയപ്പോള്‍ 2011 ജനുവരിയിലെ 349-ാം ലക്കത്തിലൂടെ സ്മരണാഞ്ജലി അര്‍പ്പിക്കാന്‍ ഒട്ടും മടികാട്ടിയില്ല അദ്ദേഹം. ഇതേപോലെ ‘മലയാള മനോരമയുടെ’ പല നിലപാടുകളേയും വിമര്‍ശനബുദ്ധിയോടെ നോക്കിക്കണ്ടിരുന്നുവെങ്കിലും 2010 ഓഗസ്റ്റിലെ 344-ാം ലക്കത്തിലൂടെ ‘മനോരമയുടെ, എല്ലാമായിരുന്നു കെ.എം. മാത്യുവിന് ആദരമര്‍പ്പിക്കാനും ‘ഇന്നി’ന്റെ പത്രാധിപര്‍ മറന്നില്ല.
‘ഇന്നി’ന്റെ എഡിറ്റോറിയല്‍ അനന്തമായ പ്രതീക്ഷയുണര്‍ത്തുന്നതായിരുന്നു പലപ്പോഴും. ‘പുതുപ്പിറവി’ എന്ന ശീര്‍ഷകത്തില്‍ 2007 ജനുവരിയിലെ 300-ാം ലക്കത്തില്‍ കുറിച്ചിട്ട എഡിറ്റോറിയല്‍ നോക്കൂ. അതിങ്ങനെ:
”ഇരുള്‍ക്കയങ്ങളില്‍
ഇടര്‍ച്ച വേണ്ടിനി
പുതുവര്‍ഷം തരും
പ്രകാശ ഹസ്തങ്ങള്‍”.
‘ഇന്നി’ന്റെ ചില എഡിറ്റോറിയല്‍ കുറിപ്പുകള്‍ മുന്നറിയിപ്പുകളായിട്ടാവും പ്രത്യക്ഷപ്പെടുക എന്നു സൂചിപ്പിച്ചുവല്ലോ. 2008 മാര്‍ച്ചിലെ 314-ാം ലക്കത്തിന്റെ എഡിറ്റോറിയല്‍ അത്തരത്തിലൊന്നാണ്. ‘മനുഷ്യ ജീവിതങ്ങള്‍’ എന്നു ശീര്‍ഷകം നല്‍കിയിട്ടുള്ള അതില്‍ ഇങ്ങനെ കുറിക്കുന്നു:
”പലേ മതപ്പേരില്‍
പലേ പാര്‍ട്ടിപ്പേരില്‍
പൊലിഞ്ഞുപോകുന്ന
സഹോദരങ്ങളേ
മരണദേവന്റെ
കണക്കില്‍ നില്‍പ്പുണ്ടീ
കൊലചെയ്യിക്കുന്ന
മഹാപ്രതിഭകള്‍!”
രാഷ്ട്രീയ വൈരങ്ങളെ, മതഭ്രാന്തിനെ, അതിന്റെയൊക്കെപ്പേരില്‍ പൊലിഞ്ഞുപോകുന്ന ജീവിതങ്ങളെയൊക്കെ ഓര്‍മിക്കുക. ഒപ്പം ഈ അരുംകൊലയ്ക്കു കാരണക്കാരായവര്‍ മരണദേവന്റെ കണക്കു പുസ്തകത്തിന്റെ കള്ളിയിലുണ്ടാവുമെന്ന് ശക്തമായി അവരെ ബോദ്ധ്യപ്പെടുത്തുകയും ചെയ്യുക. അതാണീ കവിതയിലൂടെ കവിയായ പത്രാധിപര്‍ നിര്‍വഹിച്ചിരിക്കുന്നത്.
2011 ഫെബ്രുവരിയിലെ 350-ാം ലക്കം മൂന്നു വ്യത്യസ്ത എഡിറ്റോറിയല്‍ കൊണ്ടു സമ്പന്നമായിരുന്നു. അതിങ്ങനെ
(1) പെണ്ണിന്റെ കണ്ണീര്‍
ഇത്, റെയിലില്‍, കെട്ട മനുഷ്യനാല്‍ അപമാനിതയായി മരണം വരിച്ച സൗമ്യ എന്ന പെണ്‍കുട്ടിക്ക്.
(2) ശ്രേഷ്ഠഭാഷ
മലയാളം ശീലമാക്കുവാനുള്ള ആഹ്വാനം. ഒപ്പം ഡോ. പുതുശ്ശേരി രാമചന്ദ്രന്റെ മലയാള ഐക്യവേദിക്കു പിന്തുണ.
(3) കൊഞ്ഞ മലയാളം
സ്ഫുടമായി ഉച്ചരിക്കേണ്ടുന്ന മലയാളഭാഷ. അംഗലേയത്തില്‍ കൊഞ്ഞമലയാളം ഛര്‍ദിക്കുന്നവരുടെ സംഗീത പരിപാടി. അര്‍ദ്ധ നഗ്ന അവതാരക. തുഞ്ചത്താചാര്യന്‍ ഈ മകളോടു പൊറുക്കട്ടേ, എന്ന സ്വഗതവും.
എത്ര ശക്തമായ നിലപാടുകള്‍. ഒരു പക്ഷേ ‘ഇന്നി’ന്റെ പത്രാധിപര്‍ക്കു മാത്രം കഴിയുന്നതാണിത്. അതായത് വാക്കും പ്രവൃത്തിയും ഒരുപോലെയായിരിക്കുന്നവര്‍ക്കു മാത്രം സാധിക്കുന്ന ഒന്ന്. അല്ലെങ്കിലും ‘ഇന്നി’ല്‍ പ്രസിദ്ധീകരിച്ചു വന്നിട്ടുള്ള ചില സൃഷ്ടികള്‍ തന്നെ സമൂഹത്തിനൊരു താക്കീതും മുന്നറിയിപ്പുമായിട്ടുണ്ട് പലപ്പോഴും.
1984 ജൂലൈയിലെ 31-ാം ലക്കത്തില്‍ അത്തരമൊന്നുണ്ടായിരുന്നു. അത് മലയാളത്തിന്റെ ഒരേയൊരു ‘കുഞ്ഞുണ്ണിമാഷി’ന്റേതായിരുന്നുവെന്നും അറിയുക. അതിങ്ങനെ:
”എം.എല്‍.എയമ്മയാകേണം
അമ്മയെമ്മല്ലെയാകൊല”.
അമ്മയെന്ന പദം. അതിന്റെ അര്‍ത്ഥവ്യാപ്തി. സഹനവും സ്‌നേഹവും കരുതലും വാത്സല്യവും ഉള്‍ച്ചേര്‍ന്നതാണത്. ലോകത്ത് മറ്റേതൊരു ബന്ധത്തേക്കാളും ദൃഢതയാര്‍ന്നതും അതാണ്. ‘നൊന്തുപെറ്റ വയറിന്റെ’ ആത്മസത്തയാണത്. സൃഷ്ടികള്‍ തിരഞ്ഞെടുക്കുന്നതിലെ സൂക്ഷ്മത നിലനിര്‍ത്തി ഒരളവോളം ഇത്തരം രചനകളുടെ പ്രസിദ്ധീകരണത്തിലൂടെ സ്വയം അര്‍ത്ഥപൂര്‍ണമാകാനും ‘ഇന്നി’ന് പലപ്പോഴും സാധിച്ചിട്ടുണ്ട്.
‘ഇന്നി’ന്റെ പ്രഥമ ലക്കത്തില്‍ കുഞ്ഞുണ്ണിമാഷ് എഴുതിയ ഒരു കവിതയുണ്ട്. ‘സംസ്‌കാരം’ എന്ന പേരില്‍.
”ചാലിയാറല്ലോ ചാവാറായി
മാവൂരിനും മാവു വെട്ടാറായി…”
എത്ര അര്‍ത്ഥവത്തായ വരികള്‍. തികഞ്ഞ ദീര്‍ഘദര്‍ശിത്വത്തോടെ കവി കാണുന്ന ഒരു ജീവിതയഥാര്‍ത്ഥ്യമായിരുന്നുവല്ലോ അത്.
നമുക്ക് എഡിറ്റോറിയലിലേക്കു തന്നെ മടങ്ങി വരാം.
തീക്ഷ്ണമാണ് ‘ഇന്നി’ലെ ഏതാണ്ടെല്ലാ എഡിറ്റോറിയലുകളും. ധീരമായ നിലപാടുകള്‍ കൊണ്ടു ശ്രദ്ധേയവും. അഭിപ്രായ സ്വാതന്ത്ര്യം ആര്‍ക്കും അറിയറവു വയ്ക്കുവാന്‍ ‘ഇന്നി’ന്റെ പത്രാധിപര്‍ തയ്യാറല്ല എന്നു സാരം. തുടക്കത്തിലേ എടുത്ത ഈ നിലപാട് പ്രസിദ്ധീകരണത്തിന്റെ മുപ്പത്തിയഞ്ചാം വര്‍ഷത്തിലേക്കു കടക്കുമ്പോഴും ‘ഇന്ന്’ നിലനിര്‍ത്തുന്നു എന്നതാണ് എടുത്തു പറയേണ്ട വസ്തുത.
2016 ജനുവരിയിലെ 409-ാം ലക്കം രണ്ട് എഡിറ്റോറിയല്‍ കൊണ്ടു സമ്പന്നമായിരുന്നു. അതിങ്ങനെ:
(1) ഗോഡ്‌സേ
ഗോഡ്‌സേ എന്നും ഓര്‍മിക്കപ്പെടും. കാരണം അയാള്‍ മറ്റൊരു ഗോഡ്‌സേയുടെ ഘാതകനല്ല. ഗാന്ധിയെന്ന ലോകമഹാത്മാവിന്റെയാണ്.
(2) ശവസേന
നടന്‍ അമീര്‍ഖാനെ തല്ലുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വാദ്ഗാനം ചെയ്യുന്ന സംഘടനയുടെ പേര് ‘ശവസേന’ എന്നായിരിക്കും.
‘ശിവസേന’ ‘ശവസേന’യായി പരിവര്‍ത്തനം ചെയ്യപ്പെടുന്നതിലെ ആക്ഷേപ ഹാസ്യം ശ്രദ്ധിച്ചു നോക്കൂ. ഒപ്പം ‘ഗോഡ്‌സേ’ എന്ന കുറിപ്പിലെ ശാശ്വത സത്യവും. അതേ, ഒരു കുഞ്ഞുമാസികയ്ക്കും ധിഷണാമണ്ഡലത്തില്‍ ശക്തമായ ഇടമുണ്ട് എന്നും, സ്വന്തമായ നിലപാടുണ്ട് എന്നും കാണിച്ചു തരികയാണിവിടെ.
കക്ഷി രാഷ്ട്രീയത്തിനും ജാതി മത വര്‍ഗീയ ചിന്തകള്‍ക്കും അതീതമായ ഒരു സമൂഹ മന:സാക്ഷി എന്നും നമുക്കുണ്ടായിരുന്നു. സമ്പത്തും പണവും സൃഷ്ടിക്കുന്ന പ്രലോഭനങ്ങളെ ഏറെക്കുറെ ചെറുത്തു നില്‍ക്കുവാന്‍ നമ്മെ പ്രാപ്തരാക്കിയത് മന:സാക്ഷി നല്‍കിയ ഈ കരുത്തിന്റെ പിന്‍ബലം ഒന്ന് മാത്രമായിരുന്നു. സഹനവും ത്യാഗവും നിസ്വാര്‍ത്ഥതയും കൊടിയടയാളമാക്കിയ ഒരുപറ്റം മനുഷ്യര്‍ എക്കാലവും നന്മയുടെ പക്ഷത്തു നിലയുറപ്പിക്കാറുണ്ട്. ഈ ലോകം ഇങ്ങനെ നിലനില്‍ക്കുവാന്‍ കാരണവും ഇതാണ്.
1982 മാര്‍ച്ചിലെ മൂന്നാം ലക്കത്തിലെ എഡിറ്റോറിയലിനെക്കുറിച്ച് ഒന്നു പരാമര്‍ശിക്കാതെ കടന്നു പോകുന്നത് ശരിയല്ല എന്നു തോന്നുന്നു. അതിങ്ങനെ:
”കഥയും കവിതയും കത്തും
വ്യഥയാണിന്നു കൂട്ടരേ
‘തപാല്‍ക്കൂലി’ തകര്‍ക്കുന്നൂ
അക്ഷരസ്‌നേഹ നിഷ്ഠകള്‍”.
ഇതൊരു ആത്മാലാപമാണ്. ഉള്ളം നൊന്ത ഒരു കരച്ചില്‍. തപാല്‍കൂലി വര്‍ദ്ധനവിനെതിരെ അക്ഷരസ്‌നേഹിയായ പത്രാധിപര്‍ക്ക് ഇങ്ങനെയല്ലാതെ മറ്റെങ്ങനെയാണു പ്രതികരിക്കാനാവുക. ഇതെഴുതിയത് വര്‍ഷങ്ങള്‍ക്കു മുമ്പ് ആയിരത്തിതൊള്ളായിരത്തി എണ്‍പത്തി രണ്ടിലാണെന്നും ഓര്‍ക്കുക.
”അകത്തുള്ളതു പുറത്താകും
പുറത്തുള്ളതകത്താകും
അകത്തും പുറത്തുമില്ലാത്തതു
കവിതയിലാകും”
എന്ന് കുഞ്ഞുണ്ണിമാഷുടെ കവിതകൂടി ഉള്‍ക്കൊണ്ട ഒരു ലക്കമാവുമ്പോള്‍ പത്രാധിപരുടെ എഡിറ്റോറിയല്‍ കുറിപ്പ് കുറേക്കൂടി അര്‍ത്ഥവത്താവുകയാണ്.
ആ വര്‍ഷം ഏപ്രില്‍ മാസത്തിലാകട്ടേ
”ഞാനൊരു കശുമാങ്ങ
പോലെയാണഹോ കഷ്ടം
മനസ്സു മുഴുവനും
പുറത്തായിട്ടങ്ങനെ”
എന്ന കുഞ്ഞുണ്ണിക്കവിതയും ഉണ്ട്.
ഒമ്പതാം ലക്കത്തിലാകട്ടെ എം. മുകുന്ദന്റെ ഒരു കത്തു ചേര്‍ത്തിട്ടുണ്ട്, തുടക്കത്തില്‍ത്തന്നെ. ഈ കത്തില്‍ മുകുന്ദന്‍ ‘ഇന്നി’നെ വിശേഷിപ്പിക്കുന്നത് ‘ഒരു തുള്ളിമാസിക’ എന്നാണ്. ആ വലിയ എഴുത്തുകാരന്‍ പത്രാധിപരെ സംബോധന ചെയ്യുന്നതു തന്നെ ‘ചങ്ങാതീ’ എന്നാണ്. അദ്ദേഹമെഴുതുന്നു. ”ഇന്ന് കിട്ടുന്നുണ്ട്. നന്ദി. ‘ഇന്ന്’ ‘എന്നു’മായി മാറുന്ന വിധം നിങ്ങളുടെ ഈ തുള്ളി മാസിക കരുത്താര്‍ജിക്കട്ടെ. ഒരു പ്രവാഹമായി അലറട്ടേ. നമുക്ക് ഇന്ന് എല്ലാമുണ്ട്. ഇല്ലാത്തതു കരുത്താണ്”.

എത്ര അര്‍ത്ഥവത്തായ വാക്കുകള്‍! ആ വാക്കുകള്‍ പൊന്നായിത്തീര്‍ന്നുവെന്ന് ‘ഇന്നി’ന്റെ അനുസ്യൂതിയും വളര്‍ച്ചയും ബോദ്ധ്യമാക്കിത്തരുന്നു. അമേരിക്ക, ഇംഗ്ലണ്ട്, ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങി മലയാളി ഉള്ളിടത്തെല്ലാം ‘ഇന്ന്’ എത്തുന്നു. വിദേശീയരായ വരിക്കാര്‍ വായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു ഈ കുഞ്ഞുമാസികയെ.

മനുഷ്യസമൂഹത്തിന് നന്മയുടെ പക്ഷത്തേക്കുള്ള ഒരു ചായ്‌വുണ്ട് എക്കാലവും. ഈ നന്മയാണ് എന്നും ‘ഇന്നി’നെ വളര്‍ത്തിയത്. മേല്‍പ്പറഞ്ഞ ഉദാഹരണങ്ങളിലൂടെ പ്രിയപ്പെട്ട വായനക്കാര്‍ക്ക് അത് ഏറെക്കുറെ വ്യക്തമായിട്ടുണ്ടാവും. ഈ ലോകം അര്‍ത്ഥവത്തായി നിലനില്‍ക്കുന്നതുതന്നെ മേല്‍സൂചിപ്പിച്ച സ്‌നേഹപക്ഷം ഉള്ളതുകൊണ്ടു തന്നെയാണ്. ‘വിയോജിച്ചുകൊണ്ടും’ നമുക്കു ചിലപ്പോള്‍ ‘യോജിക്കാമെന്ന്’ ഇതു നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. ഇതുകൂടിയില്ലായിരുന്നുവെങ്കില്‍ മനുഷ്യകുലം ‘സെക്‌ടേറിയനിസ’ത്തിന്റെ അഴുക്കുചാലില്‍ എന്നേ ഒതുങ്ങിപ്പോകുമായിരുന്നു. ഒരാള്‍ ബോധപൂര്‍വം തെറ്റു ചെയ്യുന്നു. അതു നമ്മള്‍ കാണുന്നു. പക്ഷേ ‘എന്തെങ്കിലുമായിക്കോട്ടേ’ എന്ന നിസ്സംഗ സമീപനയാണു നമ്മളില്‍ പലരും കൈക്കൊള്ളുക. പക്ഷേ, ചിലരങ്ങനയെല്ല. ‘ചെയ്തത് തെറ്റാണ്’ എന്ന് ഉറക്കപ്പറയാന്‍ ഇവര്‍ മടിക്കുകയില്ല. കൂടെ തിരുത്താനുള്ള അവസരം ഒരു ലോഭവും കൂടാതെ നല്‍കുകയും ചെയ്യും ഇവര്‍. ‘ഇന്നും’ അതേപോലെയാണ്. അതാണ് ‘ഇന്നിന്റെ’ ആത്മബലം. നിറക്കുട്ടുകളുടെ കെട്ടിയാഘോഷങ്ങള്‍ക്കിടയില്‍ കരുത്തിന്റെ നാമ്പായി ഇന്നിനു പിടിച്ചു നില്‍ക്കാന്‍ കഴിയുന്നതും അതുകൊണ്ടാണ്.

പലരേയും വായനയുടേയും എഴുത്തിന്റേയും ലോകത്തേക്കു കൂട്ടിക്കൊണ്ടു പോയിട്ടുണ്ട് ‘ഇന്ന്’. അതില്‍ പത്രപ്രവര്‍ത്തകരുണ്ടായിരുന്നു. സര്‍ക്കാര്‍ ജീവനക്കാരുണ്ടായിരുന്നു. വെറും സാധാരണക്കാരായ കൃഷിക്കാരും കൂലിപ്പണിക്കാരും തൊഴിലാളികളുമൊക്കെയുണ്ടായിരുന്നു. അക്കൂട്ടത്തില്‍ ഒരാളാണ് മാത്യു കദളിക്കാട്. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍. ഫീച്ചറുകളെക്കുറിച്ചു കേട്ടുകേള്‍വി പോലുമില്ലാതിരുന്ന ഒരു കാലത്ത് കേരളത്തിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ഗോത്രവര്‍ഗമായ നിലമ്പൂരിലെ ചോലനായ്ക്കന്മാരെ കുറിച്ച് ഹൃദയസ്പൃക്കായി എഴുതിയ ആള്‍. ജനസമ്പര്‍ക്കമില്ലാതെ ഉള്‍ക്കാട്ടിലെ ഗുഹകളില്‍ താമസിച്ചിരുന്ന ഇവരെ പൊതുസമൂഹം അറിഞ്ഞതങ്ങനെ. പക്ഷേ ഒരിക്കല്‍ ‘അച്ഛന്‍’ എന്ന സര്‍ഗാത്മക രചനയ്ക്കായി തന്റെ തൂലിക ചലിപ്പിച്ചു മാത്യു കദളിക്കാട്. ആ കവിത ഇങ്ങനെ:
”എന്റെയച്ഛന്‍ മഹാവീരന്‍
വിരുതന്‍
അദ്ദേഹമെന്നിച്ഛവിട്ടിതേവരെ
പെരുമാറിയിട്ടില്ല.
കൊല്ലാന്‍ ഭാവിക്കും പിന്നെ തല്ലാന്‍ തുടങ്ങും
പക്ഷേ
തെല്ലും വേദനിപ്പിക്കയില്ലിരുത്തി മൂളിത്തീര്‍ക്കും
ആ മൂളലൊരു തേങ്ങലായെന്നിലിന്നും നില്‍പ്പൂ”.
ഈ വരികള്‍ പത്രപ്രവര്‍ത്തന രംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച മാത്യു കദളിക്കാടിന്റേതാണെന്നറിയുമ്പോള്‍ അതിശയം തോന്നും നമുക്ക്.

‘ഇന്നിന്റെ’ വിജയത്തിനു പിന്നിലെ രഹസ്യമെന്ത് എന്ന് കവി മണമ്പൂര്‍ രാജന്‍ബാബുവിനോട് ചോദിച്ചു നോക്കൂ. ഒട്ടും മടിയില്ലാതെ അദ്ദേഹം പറയും. അതൊരു കൂട്ടായ്മയുടെ വിജയമാണെന്ന്. പക്ഷേ ഈ മാസിക അതിന്റെ ‘സര്‍ഗാത്മക ഗൗരവം’ കാത്തു സൂക്ഷിക്കുന്നതു കൂടാതെ മൂല്യം ഒട്ടും ചോര്‍ന്നു പോകാതെ തന്നെ ആയിരക്കണക്കായ അക്ഷരസ്‌നേഹികള്‍ക്ക് യഥാസമയം എത്തിച്ചു നല്‍കുകയും ചെയ്യുന്നതിനു പിന്നില്‍ ‘മണമ്പൂര്‍ രാജന്‍ബാബു’വെന്ന പത്രാധിപരുടെ അക്ഷീണ പ്രവര്‍ത്തനവും കുറ്റമറ്റ പ്ലാനിംഗും കഠിനാദ്ധ്വാനവും പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. ഇതിനൊക്കെപ്പുറമെ അദ്ദേഹത്തിന്റെ കുടുംബം പ്രത്യേകിച്ചും സഹധര്‍മിണി സുമ ടീച്ചര്‍ നല്‍കുന്ന ധാര്‍മികമായ പിന്തുണ പ്രത്യേകം എടുത്തു പറയാതെ വയ്യ. എന്നിരുന്നാലും മാസികയുടെ ‘ലേ ഔട്ട്’ തയ്യാറാക്കി കാര്‍ട്ടൂണുകളും ഫോട്ടോകളും അത്യാവശ്യം പരസ്യങ്ങളും മറ്റു വിഭവങ്ങളും സൃഷ്ടികളുമൊക്കെ മനോഹരമായി ഇണക്കിച്ചേര്‍ത്ത് അടുത്ത ലക്കത്തിലെ വിഭവങ്ങളിലേക്ക് ഒരു ‘കണ്ണോട്ടം’ കൂടി നടത്തി മാസിക പുറത്തിറക്കുന്ന അക്ഷീണ യത്‌നത്തിനുള്ള ഒന്നാം സ്ഥാനം തീര്‍ച്ചയായും ‘ഇന്നി’ന്റെ പത്രാധിപര്‍ക്കു തന്നെ. അതിനദ്ദേഹത്തിന്റെയുള്ളിലെ കലാകാരനും ഏറെ സഹായിക്കുന്നുണ്ട്. കവിതയെഴുത്തു പോലെ തന്നെ ഗൗരവമേറിയതാണ് ‘ഇന്നി’ന്റെ പ്രസിദ്ധീകരണവും മണമ്പൂരിന്. കഴിഞ്ഞ നാലു പതിറ്റാണ്ടിലധികമായി മണമ്പൂര്‍ രാജന്‍ബാബുവെന്ന ജ്യേഷ്ഠകവിയെ അടുത്തും അകലെയും നിന്നു മനസ്സിലാക്കിയ ഇതെഴുതുന്നയാള്‍ക്ക് ശരിക്കും ബോദ്ധ്യമായതാണിത്. ഇന്ന് കാത്തിരിക്കുന്ന അനുവാചകര്‍ക്ക് വെറും കൗതുകത്തിനപ്പുറം കാര്യകാരണങ്ങളുടെ വലിയൊരു ലോകം തുറന്നു കിട്ടുന്നതും അതുകൊണ്ടു തന്നെയാണ്.

‘ഇന്ന്’ എന്തുകൊണ്ട് ഇന്‍ലന്റിന്റെ വലിപ്പമുള്ള ഈ രൂപം സ്വീകരിച്ചുവെന്ന് പലപ്പോഴും അത്ഭുതം തോന്നിയിട്ടുണ്ട്. വാരികകള്‍ക്കും മാസികകള്‍ക്കും മറ്റും നിയതമായ ചട്ടങ്ങളും, വലിപ്പവും, വിഭവ സമൃദ്ധിയും, വൈവിദ്ധ്യവുമൊക്കെ വേണമെന്ന ശാഠ്യം വച്ചു പുലര്‍ത്തുന്ന ഒട്ടനവധിപേര്‍ അക്ഷര ലോകത്തുള്ളപ്പോള്‍ പ്രത്യേകിച്ചും. പക്ഷേ ‘ഇന്നി’ന്റെ ഇന്നു കാണുന്ന രൂപവും ഭാവവും അതു സ്വയം സ്വീകരിച്ചതാണ്.

മലയാള സാഹിത്യത്തിലെ അനന്യമായൊരു മഹാപ്രസ്ഥാനമാണ് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘവും അതിന്റെ ആഭിമുഖ്യത്തിലുള്ള പ്രസിദ്ധീകരണ സ്ഥാപനമായ എന്‍.ബി.എസ്. അഥവാ നാഷണല്‍ ബുക്ക് സ്റ്റാളും. യശ:ശരീരികളായ ഡി.സി. കിഴക്കേമുറിയും തകഴിയും കാരൂരും കേശവദേവും സി.പി. ശ്രീധരനും ജീയും ലളിതാംബിക അന്തര്‍ജനവും ഒപ്പം പേരറിയാത്ത നൂറുകണക്കിന് എഴുത്തുകാരും ചേര്‍ന്ന് വളര്‍ത്തി വലുതാക്കിയതാണ് ഏഷ്യയിലെതന്നെ ഏറ്റവും വലിയ പുസ്തക പ്രസിദ്ധീകരണ സ്ഥാപനങ്ങളിലൊന്നായ എന്‍.ബി.എസ്. ഈ മഹാ പ്രസ്ഥാനത്തിന്റെ മുഖപത്രമായ എന്‍.ബി.എസ്. ബുള്ളറ്റിന്റെ 1982-ലെ ഡിസംബര്‍ ലക്കത്തില്‍ ‘ഇന്‍ലന്റ്’ മാഗസിനുകളെക്കുറിച്ചെഴുതിയ ശ്രദ്ധേയമായൊരു ലേഖനമുണ്ട്. അതില്‍ പറയുന്നു: ”വാരികകള്‍ക്കും മാസികകള്‍ക്കും മറ്റും ക്ലിപ്തമായ രൂപവും ചട്ടക്കൂടും വേണമെന്നു വാദിക്കുന്നതില്‍ അര്‍ത്ഥമില്ല. പേജുകളെത്ര വേണമെങ്കിലും കൂട്ടുകയും കുറയ്ക്കുകയം ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം അതാതു പ്രസിദ്ധീകരണക്കാര്‍ക്കുള്ളതാണ്. പുതുമയ്ക്കു വേണ്ടി നടത്തുന്ന മാറ്റങ്ങളും നല്ലതുതന്നെ. പുതുമയെ ആവോളം ഉള്‍ക്കൊണ്ടുകൊണ്ട് മലപ്പുറത്തു നിന്ന് ‘ഇന്ന്’ എന്നൊരു മാസിക പ്രസിദ്ധീകരിക്കുന്നു. ‘ഇന്ന്’ ഒരിന്‍ലന്റ് മാസികയാണ്. ലേഖനങ്ങളും കവിതകളും കഥകളും എഡിറ്റോറിയലും കൂടാതെ വായനക്കാരുടെ കത്തുകളും ഈ ചെറിയ മാസികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മണമ്പൂര്‍ രാജന്‍ബാബുവിന്റെ പത്രാധിപത്യത്തില്‍ നടത്തുന്ന ഈ മാസികയ്ക്ക് വരിസംഖ്യയോ വിലയോ ഇല്ല. മാസിക അയച്ചു കിട്ടുവാന്‍ മതിയായ തപാല്‍ സ്റ്റാമ്പ് അയയ്ക്കണമെന്നു മാത്രം”. നോക്കൂ, എത്ര ശ്രദ്ധേയമായ വിലയിരുത്തലാണിത്.

ഏറെ രസകരമായി തോന്നാം, സവിശേഷതയാര്‍ന്നൊരു സമ്മാനപദ്ധതിയും ‘ഇന്ന്’ ആവിഷ്‌കരിച്ചു നടപ്പാക്കിയിട്ടുണ്ട്. അതിങ്ങനെയാണ്: ‘ഇന്നി’ന്റെ വരിക്കാരിലൊരാളെ ഒരു പ്രശസ്ത വ്യക്തി നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും. അങ്ങനെ തിരഞ്ഞെടുക്കപ്പെടുന്നയാള്‍ ‘കുടുംബതാരം’ ആകും. കുടുംബതാരത്തിന്റെ ഫോട്ടോയും പേരും ‘ഇന്നി’ല്‍ പ്രസിദ്ധീകരിക്കും. കൂടെ അദ്ദേഹത്തെ തിരഞ്ഞെടുത്ത പ്രശസ്ത വ്യക്തിയുടെ പേരും ചിത്രവും അതേ ലക്കത്തില്‍തന്നെ ഉണ്ടാകും. വരിക്കാര്‍ ‘താര’മാകുന്ന ഈ അപൂര്‍വത ഒരു പക്ഷേ ‘ഇന്നി’ന്റെ മാത്രം പ്രത്യേകതയാവും.
അതി ഭീകരമാണ് ആധുനിക വിപണി. തികഞ്ഞ കച്ചവട താല്‍പര്യങ്ങള്‍ മാത്രമാണിതിനെ ഭരിക്കുന്നത്. അതുകൊണ്ട് ‘ലാഭ’ മെന്നത് ഏറെ പ്രധാനമാവുന്നു. ഈ ലാഭം പണമായോ പ്രശസ്തിയായോ മൂല്യവര്‍ദ്ധനവായോ ഒക്കെയാവാം. എന്തായാലും ലാഭത്തിനെതിരെ നിലപാടുകളെടുക്കുക എന്നാല്‍ ഒഴുക്കിനെതിരെ നീന്തുക എന്നര്‍ത്ഥം. ഇങ്ങനെ നീന്തി ഒരു ലക്ഷ്യത്തിലെത്തണമെന്നുണ്ടെങ്കില്‍ അനുഭവങ്ങളുടെ ചൂടും അതു പകര്‍ന്നു നല്‍കുന്ന ആത്മവിശ്വാസവും കൂടിയേ തീരു. ‘ഇന്നി’ന്റെ പത്രാധിപര്‍ക്കു വേണ്ടുവോളമുണ്ട് ഇതു രണ്ടും.

എന്നും സ്‌നേഹപക്ഷത്തായിരുന്നു ‘മണമ്പൂര്‍’. ‘മൃതിക്കുമായ്ക്കാനരുതാ സ്മൃതിയുടെ മൃണാള വാത്സല്യ’മായി ഗുരുസ്ഥാനത്ത് അച്ഛനുണ്ടായിരുന്നു, അദ്ദേഹത്തിന്. കൂടെ ‘നിസ്സഹായന്റെ നിരാലംബ മാനസം’ എത്തിപ്പിടിക്കുന്ന, അവസാനിക്കാത്ത പ്രത്യാശയും സ്‌നേഹവായ്പും ഉള്‍വെളിച്ചവും പകര്‍ന്നേകിയ അമ്മയും. ഇതിനു പുറമേയാണ് കുടുംബാംഗങ്ങള്‍, പ്രത്യേകിച്ച് സഹധര്‍മിണി കവിക്കു പകര്‍ന്നു നല്‍കുന്ന ആത്മബലം. അധികാരത്തിന്റെയും ഏകാധിപത്യത്തിന്റെയും ഭീഷണികള്‍ക്കു മുന്നില്‍ ചൂളാതെ നില്‍ക്കാന്‍ കവിയെയും കവിയിലെ പത്രാധിപരെയും പ്രാപ്തനാക്കിയത് അഛ്ഛനും അമ്മയും ഗുരുവും പാതിമെയ്യുമൊക്കെ പകര്‍ന്ന് നല്‍കിയ ധൈര്യം ഒന്നു കൊണ്ടു മാത്രമാണെന്നത് പരമമായ സത്യം.

‘വായന മരിക്കുന്നു’ എന്ന വായ്ത്താരി ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളുകളായി. ദൃശ്യശ്രാവ്യ മാദ്ധ്യമങ്ങളുടെ കടന്നുകയറ്റത്തോടെ വായനയും പുതിയ തലത്തിലേക്കെത്തി എന്നതാണ് യാഥാര്‍ത്ഥ്യം. ‘ഇ’ റീഡിംഗ് പോലെയുള്ള സമ്പ്രദായങ്ങള്‍, ലോകത്തിന്റെ ഏതു കോണിലിരുന്ന് ഏതു വിവരവും ഇന്റര്‍നെറ്റുവഴി ശേഖരിക്കാനും വായിക്കാനുമുള്ള സൗകര്യങ്ങള്‍. ഇതൊക്കെ വായനയെ മറ്റൊരു വഴിയിലേക്കു തിരിച്ചു വിട്ടു എന്നും സമ്മതിച്ചേ തീരു. പക്ഷേ എന്തിനും ഏതിനും കംപ്യൂട്ടറിനേയും അതിന്റെ സൗകര്യങ്ങളേയും ഉപയോഗിക്കുമ്പോള്‍ അതൊരുതരം ആശ്രിതത്വമല്ലേയെന്ന സ്വഭാവികമായ ചോദ്യവും ഇവിടെ ഉയര്‍ന്നുവരുന്നുണ്ട് എന്നും നാം മറന്നുകൂടാ. മറ്റൊന്നുള്ളത് കംപ്യൂട്ടര്‍ ‘വിവര’ങ്ങളിലെ ആധികാരികതയാണ്. ‘ഡൗണ്‍ലോഡു’ ചെയ്യപ്പെടുമ്പോഴും വിവരങ്ങള്‍ ‘ഫീഡു’ ചെയ്തു നല്‍കുമ്പോഴുമൊക്കെ അതു ചെയ്യുന്നയാളുടെ മാനസികനിലയും വളരെ പ്രധാനമാണ്. ‘വിവരങ്ങള്‍’ ‘വളച്ചൊടിക്കാനും’ വേണ്ടാത്തതു പലതും കൂട്ടിച്ചേര്‍ക്കാനും എളുപ്പമുണ്ട് എന്നും മനസ്സിലാക്കണം. അച്ചടിച്ച ഒരു പുസ്തകത്തില്‍ അഥവാ രേഖയില്‍ മേല്‍സൂചിപ്പിച്ച ‘കടന്നു കയറ്റം’ അസാദ്ധ്യം.

‘ഇന്ന്’ മാസികയുടെ പുസ്തക പ്രസാധന സംരഭമാണ് ‘ഇന്ന്’ ബുക്‌സ്. എഴുത്തുകാരുടെ കന്നിക്കൃതി അവരുടെ ചെലവില്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധപ്പെടുത്തുന്ന സംരംഭം. അശോകന്‍ ചരുവില്‍, എസ്.ഭാസുരചന്ദ്രന്‍, ടി.കെ. ശങ്കരനാരായണന്‍ തുടങ്ങി 10 പേരുടെ പുസ്തകങ്ങള്‍ ഇങ്ങനെ പ്രസിദ്ധപ്പെടുത്തി. ഇതിന്റെ ‘ലാഭവും നഷ്ടവു’മെല്ലാം രചയിതാക്കള്‍ക്ക്. ഇന്നിന്റെ ‘ലാഭം’ അഭിമാനം മാത്രം. മാസികയുടെ തിരക്കേറിയപ്പോള്‍ ‘ഇന്ന് ബുക്‌സ്’ ഇപ്പോള്‍ നിശ്ചലമാണ്.

‘ഇന്നി’ല്‍ ആരൊക്കെ എഴുതി എന്നതിനേക്കാള്‍ ആരാണ് എഴുതാത്തത് എന്നു ചോദിക്കയാണ് എളുപ്പം.
എം.ടി., ഒ.എന്‍.വി., ഒ.വി. വിജയന്‍, അക്കിത്തം, അഴീക്കോട്, മാധവിക്കുട്ടി, സുഗതകുമാരി, ടി. പത്മനാഭന്‍, സി. രാധാകൃഷ്ണന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങി എല്ലാവരും ‘ഇന്നി’ന്റെ കൂടി എഴുത്തുകാരാണ്.
സാധാരണ ലക്കങ്ങള്‍ക്കു പുറമേ ഒട്ടേറെ സ്‌പെഷ്യല്‍ പതിപ്പുകളുമിറക്കാന്‍ ധൈര്യം കാണിച്ചിട്ടുണ്ട് ‘ഇന്നി’ന്റെ പത്രാധിപര്‍. അതിന്റെ ഒരേകദേശ രൂപം താഴെ.
1982-83 കവിതാപതിപ്പ്
1985-86 കഥാപതിപ്പ്
1987- 88 6-ാം പിറന്നാള്‍പതിപ്പ്
1989-90 8-ാം പിറന്നാള്‍പതിപ്പ്
1992-93 കഥാപതിപ്പ്
1994-95 കവിതാപതിപ്പ്
1997, 98, 99 3 ഓണക്കാഴ്ചകള്‍,
സ്‌പെഷ്യല്‍ പതിപ്പുകള്‍.
2001-2002 കഥക്കുടന്ന
2006-2007 കവിതക്കുടന്ന
ആദ്യമിറക്കിയത് ഒരു കവിതാ സ്‌പെഷ്യല്‍ പതിപ്പാണ്. 1982-83 ല്‍. അതും ‘ഇന്ന്’ പിറവിയെടുത്ത് ഒരു വര്‍ഷത്തിനുള്ളില്‍. ചടങ്ങും പൊതുയോഗവുമൊന്നുമില്ലാതെ ‘സ്വയം പ്രകാശിത’മാവുകയായിരുന്നു അത്. അതിന്റെ വിലയോ വെറും മൂന്നു രൂപ മാത്രം. ലാഭവും നഷ്ടവുമില്ലാത്ത കച്ചവടം. ആരവങ്ങളുടെയും ആഘോഷങ്ങളുടെയും നടുവില്‍ നിന്നുകൊണ്ടുള്ള നിശ്ശബ്ദ പ്രാര്‍ത്ഥനയായിരുന്നു അതിന്റെ ‘സ്വയം പ്രകാശനം’. തുടര്‍ന്ന് വന്ന 21-ാം ലക്കം വനിതാപതിപ്പായിരുന്നു. സാധാരണ വലിപ്പം. അതില്‍ പി. വത്സല, ജാനമ്മ കുഞ്ഞുണ്ണി, എം.എം. പ്രഭാവതി, ആശ പോള്‍, ജാനകിക്കുട്ടി, കെ. ദേവസേന, ഷൈല ബിനോയ്, പി. സുശീല, പി.ഇ. ഉഷ അലനല്ലൂര്‍, എം. സുമ തുടങ്ങിയവരായിരുന്നു എഴുത്തുകാര്‍.

തപാലും കത്തെഴുത്തുമൊക്കെ അന്യമായിക്കൊണ്ടിരിക്കുന്ന ഈ സവിശേഷ കാലഘട്ടത്തില്‍ കേവലം ഒരിന്‍ലന്റിലൊതുങ്ങുന്ന വിഭവങ്ങളുമായെത്തുന്ന ഈ മാസികയ്ക്ക് എന്തു പ്രസക്തി എന്ന് ഇനിയും സംശയിക്കുന്നവരോട് ഒരു വാക്ക്. മത്സരങ്ങളുടെ കാലമാണിത്. ഉള്ളവന്‍ ഇല്ലാത്തവനോടും വിവരമുള്ളവന്‍ വിവരദോഷിയോടും ഉടമ അടിമയോടുമൊക്കെ നിരന്തരം കലഹിക്കുന്ന കാലം. ഓരോ ചോദ്യങ്ങള്‍ക്കും ഉത്തരങ്ങളുമുണ്ട് ഇരുകൂട്ടര്‍ക്കും. പക്ഷേ പതറാതെ ഉത്തരം നല്‍കണമെങ്കില്‍ അക്ഷരം പകര്‍ന്നു നല്‍കുന്ന ആത്മവിശ്വാസം കൂടിയേ തീരു. മനുഷ്യ മനസ്സിലേക്ക് ഒരു കുഞ്ഞുതിരിനീട്ടി അക്ഷര വെളിച്ചം പകര്‍ന്നു നല്‍കുകയാണ് ‘ഇന്ന്’ ചെയ്യുന്നത്.

‘ഇന്ന്’ അനുവാചകര്‍ക്കു മുന്നിലെത്തിയിട്ട് ഏതാണ്ട് നാലു പതിറ്റാണ്ടോടടുക്കുന്നു. മികച്ച അച്ചടിക്കും രൂപകല്പനയ്ക്കുമുള്ള കേരള സര്‍ക്കാര്‍ മലയാളം ബുക്ക് ഡവലപ്‌മെന്റ് കൗണ്‍സില്‍ പുരസ്‌കാരം ‘ഇന്നി’നെ തേടിയെത്തി എന്ന് അറിയുക. ‘ഇന്നി’ല്‍ എഴുതിത്തുടങ്ങി അക്ഷരത്തിന്റെ അനന്തവിഹായസ്സിലേക്കുയര്‍ന്നുപോയവരും നിരവധി. ഇന്നൊരു നിമിത്തമാവുകയായിരുന്നു അവര്‍ക്ക്. മലപ്പുറത്തിന്റെ ഹൃദയവിശുദ്ധിക്കു നേരെ പിടിച്ച ഒരു ‘നേര്‍ക്കണ്ണാടി’. അതാണ് ശരിക്കും ‘ഇന്ന്’.

ടാര്‍ റോഡ് അവസാനിക്കുന്നിടത്ത് ‘കൊട്ടാരം പണിയിച്ച’ മുനിസിപ്പല്‍ കൗണ്‍സിലറെ ശങ്കരനാരായണന്‍ മലപ്പുറം കണ്ടെത്തിയത് ആ ഹൃദയവിശുദ്ധികൊണ്ട്.
”ഭൂവില്‍പ്പുണ്യം മനുഷ്യന്നു
പിറക്കാതെയിരിക്കുക.
കെട്ടുനാറുന്നൊരിക്കാലം
മറ്റെന്തുണ്ടാഗ്രഹിക്കുവാന്‍?”
എന്ന് കവി കെ.വി. രാമകൃഷ്ണന്‍ ചോദിക്കുന്നതും മറ്റൊന്നും കൊണ്ടല്ല.
മേല്‍ജാതിക്കാര്‍ പെണ്ണുങ്ങളെ ‘അടയാളപ്പെടുത്തുന്ന’ ഒരു കാലമുണ്ടായിരുന്നു ഇവിടെ. ജന്മികള്‍ മേല്‍ച്ചാര്‍ത്തു ചാര്‍ത്തി വഴിയാധാരമാക്കിയ നിശ്ശബ്ദ ജന്മങ്ങളുമുണ്ടായിരുന്നു ധാരാളം. മനുഷ്യന്റെ വീഴ്ചയും ഉയര്‍ച്ചയും നിസ്സഹായതയും പാരവശ്യവുമുള്‍ച്ചേര്‍ന്ന ദേശത്തിന്റെ കഥയായ യു.കെ. കുമാരന്റെ ‘തക്ഷന്‍കുന്ന് സ്വരൂപം’ എന്ന നോവലിനെക്കുറിച്ച് അനുവാചക ലോകം കൂടുതലറിഞ്ഞതും ‘ഇന്നി’ ലെ പുസ്തക വിചാരത്തിലൂടെ.

‘ഇന്ന്’ അതിന്റെ യാത്ര തുടരുകയാണ്. ഭയലേശമില്ലാതെ. ഉറച്ച കാല്‍വയ്പുകളോടെ. 2014 നവംബര്‍ മാസത്തിലെ ‘ഇന്നി’ന്റെ 394-ാം ലക്കത്തില്‍ കഥാകാരി ഗ്രേസിയുടെ ‘മര(ക)ക്കാന’ എന്നൊരു കഥയുണ്ട്. വെറും രണ്ടു വാചകങ്ങള്‍ മാത്രമുള്ള പ്രസ്തുത കഥ ഇന്നത്തെ ‘കാലത്തെ’ ഓര്‍മിപ്പിക്കുന്നു. കഥയിതാണ്:
”പുനര്‍വായനയില്‍ മുന്നേപോയ എഴുത്തുകാരെയൊക്കെ ചുരുട്ടിക്കൂട്ടി പന്താക്കി നിരൂപകന്‍ ചവിട്ടിത്തെറിപ്പിച്ചു. പിന്നെ ഒറ്റയ്ക്കും കളം നിറഞ്ഞ് കളിക്കാന്‍ തുടങ്ങി”.
നോക്കൂ, ഇതാണ് ഇന്നത്തെ ലോകം. എന്തും വെടക്കാക്കി തനിക്കാക്കാന്‍ തക്കം പാര്‍ത്തു നടക്കുന്ന കുറേപ്പരുടെ ലോകം. ഇതിനിടയിലും സത്യം ജീവിച്ചിരിക്കണം. പ്രതിഷേധിക്കാനും പ്രതിരോധിക്കാനുമുള്ള സ്വാതന്ത്ര്യവും ഇവിടെ നിലനില്‍ക്കണം. അതുണ്ടാവണമെങ്കില്‍ ഇരുളില്‍ ഒരു കുഞ്ഞുവെളിച്ചവും കൈത്താങ്ങും കൂടിയേ തീരൂ. അത് ആശ്രയിക്കാവുന്നതും സത്യസന്ധവുമായിരിക്കണമെന്ന കാര്യത്തിലും തര്‍ക്കമില്ല.
‘ഇന്നൊ’രു പ്രതീക്ഷയാണ്. പ്രത്യാശയും. ഇനി വരാന്‍ പോകുന്ന പ്രഭാതങ്ങളുടെ ജീവത്തുടിപ്പിലും ‘ഇന്നു’ണ്ടാകും.