10. പുതുമണം മാറാത്ത വീട്

ബാലകൃഷ്ണൻ

കല്യാണം കഴിഞ്ഞപ്പോള്‍ ഞാന്‍ നിസ്വനായിരുന്നു. അതിന് മുമ്പ് പണം ഉണ്ടായിരുന്നു എന്ന് ഇതിനര്‍ത്ഥമില്ല. എന്റെ സുഹൃത്ത് രാഘവന്‍ പറയാറുള്ളത് ഓര്‍ക്കുന്നു. നമ്മുടെ കയ്യില്‍ തെളിഞ്ഞു കിടക്കുന്ന ഒരേ ഒരു രേഖയേ ഉള്ളു ലോണാര്‍ ലൈന്‍ കടരേഖ. ക്രെഡിറ്റ് സൊസൈറ്റിയില്‍ നിന്ന് എടുത്ത ലോണ്‍ തീരാറാവുമ്പോഴേക്കും പ്രൊവിഡന്റ് ഫണ്ടില്‍ നിന്ന് എടുക്കും. അത് തീരാറാവുമ്പോഴേക്കും വീണ്ടും ക്രെഡിറ്റ് സൊസൈറ്റി. അങ്ങനെ ചെപ്പും പന്തും കളിച്ചുള്ള ജീവിതം. ഇതില്‍ പ്രോവിഡന്റ് ഫണ്ടില്‍ നിന്ന് അഡ്വാന്‍സ് എടുക്കാന്‍ മതിയായ കാരണങ്ങള്‍ വേണം. സഹോദരിമാരുടെ വിവാഹം, മാതാപിതാക്കളുടെ തീര്‍ത്ഥയാത്ര, വീട് പുതുക്കിപ്പണിയല്‍, മുണ്ഡന്‍ സെറിമണി (മുടിമുറിക്കല്‍) തുടങ്ങി പലതും. രാഘവന്‍ പല കാരണങ്ങള്‍ക്കും വേണ്ടി സ്ഥിരമായി ലോണ്‍ എടുക്കാറുണ്ടായിരുന്നു. എല്ലാ കാരണങ്ങളും എഴുതി തീര്‍ന്നപ്പോള്‍ മുണ്ഡന്‍ സെറിമണി എന്ന് എഴുതി. തൃശ്ശൂര്‍ക്കാരനായ പേഴ്‌സണല്‍ ഓഫീസര്‍ ചോദിച്ചു.
”മലയാളിക്ക് എവിടെയാഡോ മുണ്ഡന്‍ സെറിമണി?”
”ഉണ്ട് സാര്‍, ഞങ്ങളുടെ നാട്ടിലുണ്ട്”.
അദ്ദേഹം ചിരിയമര്‍ത്തി ഒപ്പിട്ടു കൊടുത്തുവത്രെ!
കല്യാണത്തിന് മുമ്പ് ചെമ്പൂരിലെ പെസ്റ്റം സാഗറില്‍ മുരളി എന്ന കെട്ടിടത്തിലെ ഒരു മുറിയും അടുക്കളയുമുള്ള ഫഌറ്റിലായിരുന്നു താമസം. നാല് അവിവാഹിതരും ഒരു പാചകക്കാരനും. നാല്‍വര്‍, വീട്ടുടമസ്ഥനും എന്റെ സഹപ്രവര്‍ത്തകനുമായ ചേലക്കരക്കാരന്‍ സൂര്യനാരായണന്‍, കൊടുങ്ങല്ലൂര്‍ക്കാരന്‍ വിശ്വനാഥപ്രഭു, ആലപ്പുഴ കുത്തിയതോട്ടുകാരന്‍ രവീന്ദ്രനാഥപ്രഭു, പിന്നെ ഈ ഞാനും. ഭക്ഷണം പാകം ചെയ്യാന്‍ കൊടകരക്കാരന്‍ ചന്ദ്രന്‍. പ്രഭുക്കന്മാര്‍ക്ക് ഭാണ്ടൂപിലെ ഹിന്ദുസ്ഥാന്‍ ഫെറഡോ എന്ന വിദേശ കമ്പനിയിലായിരുന്നു ജോലി.
ചന്ദ്രന്റെ ചിരിക്ക് മൂന്ന് സ്റ്റേജുകളുണ്ടെന്ന് കണ്ടുപിടിച്ചത് വിശ്വനാഥ പ്രഭു.
ആദ്യത്തെ സ്റ്റേജ്, ”ചായ വേണംല്ലേ, ഇപ്പൊ ശര്യാക്കിത്തരാം” എന്ന കുതിരവട്ടം പപ്പുവിന്റെ ഡയലോഗ്.
രണ്ടാമത്തെ സ്റ്റേജ്, ചായ തൊണ്ടേന്ന് എറങ്ങീട്ടില്ലിലോ. അയിന് മുമ്പ്. മൂന്നാം സ്റ്റേജ്, ഇനി ചായയില്ല. ഊണ് കഴിക്കാറായി. അതാണ് മറുപടിയെങ്കില്‍, ഉറങ്ങാന്‍ കിടക്കുമ്പോള്‍ വിശ്വനാഥ പ്രഭു കിടയ്ക്കയിലിരുന്ന് ചായ കുടിക്കും. ബീഡിയും വലിക്കും. കൊടുങ്ങല്ലൂര്‍ മാധവപ്രഭു വിശ്വനാഥപ്രഭു അങ്ങിനെയാണ്. ഗാര്‍മെന്റില്‍ അലക്കി തേച്ച് വടി പോലെയാക്കിയ വെള്ളഷര്‍ട്ടും പാന്റും ധരിച്ചാണ് ഓഫീസിലേക്ക് പോവുക. ഗാര്‍മെന്റില്‍ വസ്ത്രം അലക്കുന്നതിന് മുടിഞ്ഞ ചാര്‍ജ് കൊടുക്കണം. വിശ്വനാഥ പ്രഭുവിന്റെ ശമ്പളത്തില്‍ നല്ലൊരു വിഹിതം അതിന് പോകും. എങ്ങനെയായാലും പത്താം തിയ്യതി ആകുമ്പോഴേക്കും ബ്രോക്ക്. അപ്പോള്‍ സ്‌നേഹിതന്മാരുടെ മുമ്പില്‍ കൈ നീട്ടും. തടഞ്ഞില്ലെങ്കില്‍ ‘ഫൂദറാന്’ (ഫാദര്‍) എഴുതും.
വൈകുന്നേരം ഓഫീസു വിട്ടു വന്നാല്‍ പിന്നെ വിശ്വനാഥന് വിശ്രമമില്ല. ക്ലാസ്സില്‍ പോകാത്ത ദിവസങ്ങളില്‍, (അതാണ് അധികം) ബഹുവിധ പരിപാടികളാണ്. വെല്‍ഫയര്‍ ക്ലബിന്റെ വാര്‍ഷികം, ഓണാഘോഷം, സാമൂഹ്യപ്രവര്‍ത്തനങ്ങള്‍, നാടകക്കളരികള്‍, നൃത്ത-സംഗീത ക്ലാസുകള്‍ തുടങ്ങിയതിന്റെയെല്ലാം മുന്‍നിരയില്‍ സുമുഖനും സുന്ദരനുമായ വിശ്വനാഥപ്രഭു സജീവസാന്നിദ്ധ്യമാണ്. അതുകൊണ്ട് എല്‍എല്‍ബി പരീക്ഷയില്‍ ആദ്യത്തെ പരിശ്രമത്തില്‍തന്നെ പൊട്ടി. പിന്നെ തൃശ്ശൂര്‍ പൂരത്തിന്റെ അമിട്ടുകള്‍ പോലെ തുടര്‍ച്ചയായി പൊട്ടലുകള്‍തന്നെ. ബോംബെയൂണിവേഴ്‌സിറ്റി തോല്‍ക്കുകയും വിശ്വനാഥപ്രഭു ജയിക്കുകയും ചെയ്യുന്നതു വരെ ഈ അങ്കം തുടര്‍ന്നുകൊണ്ടിരിക്കും എന്ന് വിശ്വനാഥപ്രഭു ശപഥം ചെയ്തു.
അവസാനം എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷം ബോംബെ യൂണിവേഴ്‌സിറ്റി തോല്‍വി സമ്മതിച്ച് വിശ്വനാഥ പ്രഭുവിന് നിയമബിരുദം നല്‍കി. അത് കേട്ടപ്പോള്‍ ഫൂദറാന്‍ പറഞ്ഞത് അവന്‍ പരീക്ഷയ്ക്ക് ചെലവാക്കിയ പണം കൊണ്ട് ഈ കൊടുങ്ങല്ലൂരില്‍ ഒരെല്ലെല്‍ബി കോളേജ് തുടങ്ങാമായിരുന്നു എന്നാണ്.
ഡിഗ്രി കിട്ടിയതും വിശ്വനാഥ പ്രഭു പെട്ടിയും കിടക്കയുമെടുത്ത് കൊടുങ്ങല്ലൂര് പോയി വക്കീല്‍ പണി തുടങ്ങി. പിന്നീട് കുറെ കൊല്ലങ്ങള്‍ക്ക് ശേഷം ഞാന്‍ കേട്ടത് അദ്ദേഹത്തിന്റെ പെട്ടെന്നുള്ള മരണ വാര്‍ത്തയാണ്. അത് ഞങ്ങളെ എത്രത്തോളം വേദനിപ്പിച്ചു എന്ന് പറഞ്ഞറിയിക്കാനാവില്ല. ഞങ്ങളുടെ അവിവാഹിത ജീവിതത്തിലെ ചിരിയും വെളിച്ചവും പ്രസരിപ്പുമായിരുന്നു, ആ കൊടുങ്ങല്ലൂര്‍ക്കാരന്‍.
രവി എന്ന് ഞങ്ങള്‍ വിളിക്കാറുള്ള രവീന്ദ്രനാഥ പ്രഭു വിശ്വനാഥപ്രഭുവിനെപ്പോലെ വാചകമടിക്കാറില്ല. മിതഭാഷിയും ഗൗരവക്കാരനുമായിരുന്നു. വിശ്വനാഥപ്രഭുവിനോട് അപൂര്‍വമായി മാത്രം ‘മക്ക നക്കാ തുക്ക നക്കാ’ എന്ന രൂപത്തിലുള്ള കൊങ്ങിണി സംസാരവും പതിവുണ്ട്. ഞങ്ങളപ്പോള്‍ ‘തിരുമല്‍ദേവാ’ എന്ന് നീട്ടി വിളിക്കും.
‘തിരുമല്‍ ദേവാ’ എന്ന് നീട്ടി വിളിക്കാന്‍ പ്രഭുക്കന്‍മാരുടെ സഹപ്രവര്‍ത്തകനും രവിയുടെ നാട്ടുകാരനുമായ കുഞ്ഞുകുട്ടനും (വി.പി. രാമചന്ദ്രന്‍നായര്‍ എന്ന ഞങ്ങളുടെ മീശനായര്‍) പലപ്പോഴും വന്നു ചേരാറുണ്ട്. കുഞ്ഞുകുട്ടന്‍ പല പരസ്യചിത്രങ്ങള്‍ക്കും ശബ്ദം നല്‍കിയിട്ടുണ്ട്. ബോംബെയിലെ പ്രസിദ്ധ നാടക പ്രവര്‍ത്തകനും സംവിധായകനുമായ നാണപ്പന്റെ കൂടെ ഏറെക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. എം.ടി. വാസുദേവന്‍നായരുടെ കഥയെ ആസ്പദമാക്കി നിര്‍മ്മിച്ച ദയ എന്ന ചിത്രത്തിലും മുഖം കാണിക്കാന്‍ കുഞ്ഞുകുട്ടന് അവസരം ലഭിച്ചു. സംഘര്‍ഷങ്ങളെ നര്‍മബോധത്തോടെ നേരിടാനും കൈകാര്യം ചെയ്യാനുമുള്ള കുഞ്ഞുകുട്ടന്റെ കഴിവ് അപാരമാണ്.
കല്യാണം കൊണ്ട് എനിക്ക് നഷ്ടപ്പെടാന്‍ പോകുന്നത് ഈ രസങ്ങളൊക്കെയായിരുന്നു.
ഏപ്രില്‍ 17ന് കല്യാണം കഴിഞ്ഞ ഞങ്ങള്‍ ഏപ്രില്‍ 26ന് തിരിച്ച് പോരാനുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. യാത്രാച്ചെലവ് സര്‍ക്കാര്‍ തരുന്നതുകൊണ്ട് രാജകീയമായി സെക്കന്‍ഡ് ഏസി കൂപ്പേയിലാണ് സഞ്ചരിച്ചത്.
വണ്ടിയിറങ്ങിയപ്പോള്‍ ഞങ്ങളെ സ്വീകരിക്കാന്‍ വിശ്വനാഥപ്രഭുവും മറ്റൊരു സുഹൃത്തും വന്നിരുന്നു. എന്നാല്‍ ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി കൂടെ താമസിപ്പിക്കാന്‍ പാകത്തില്‍ രുഗ്മിണിയുടെ രണ്ടാമത്തെ ചേച്ചിയുടെ ഭര്‍ത്താവായ മണിയേട്ടനും ദാദര്‍ സ്റ്റേഷനില്‍ വന്നിരുന്നു. മണിയേട്ടന്‍ എന്ന് വിളിക്കുന്ന പ്രഭാകരന്‍നായര്‍ക്ക് നേവല്‍ ഡോക്ക് യാര്‍ഡിലായിരുന്നു ജോലി. ജോലിയുടെ ഭാഗമായി പുള്ളി കുറെക്കാലം റഷ്യയിലുണ്ടായിരുന്നു. മോസ്‌ക്കോയിലും ലെനിന്‍ഗ്രാഡിലും കമ്പിളി ഉടുപ്പുകളും രോമത്തൊപ്പിയും വെച്ച് നില്‍ക്കുന്ന മണിയേട്ടന്റെ ഫോട്ടോകള്‍ നാട്ടില്‍ വച്ച് തന്നെ ഞാന്‍ കണ്ടിരുന്നു. രുഗ്മിണിയുടെ മൂത്തചേച്ചിയുടെ ഭര്‍ത്താവ് ഭാസ്‌കരന്‍ നായര്‍ക്ക് ജപ്പാന്‍ എക്‌സ്റ്റേണല്‍ ട്രെയ്ഡ് ഓര്‍ഗനൈസേഷനിലായിരുന്നു (ഏഋൗുെ) ജോലി. അദ്ദേഹവും ഫോട്ടോയില്‍ ത്രീപീസ് സ്യൂട്ടാണ് ധരിച്ചിരുന്നത്. കൂട്ടത്തില്‍ സര്‍ക്കാരുദ്യോഗസ്ഥനായിരുന്ന ഞാനാണ് ഊച്ചാളി എന്ന് അന്നു തന്നെ മനസ്സില്‍ കുറിച്ചിട്ടു.
മണിയേട്ടനും കുടുംബവും താമസിച്ചിരുന്നത് ഭാണ്ടൂപിലെ ഡോക്‌യാര്‍ഡ് കോളനിയിലായിരുന്നു. ഞങ്ങള്‍ ഒരു ടാക്‌സിയില്‍ ഭാണ്ടൂപിലേക്ക് പോയി. മണിയേട്ടനേയും തങ്കച്ചി(തങ്കമണി)യേയും അവരുടെ രണ്ടു കുട്ടികളേയും (സുഷമ, സുധീര്‍) ഞാനാദ്യമായി കാണുകയായിരുന്നു. ഒരാഴ്ച ഞങ്ങള്‍ അവിടെ താമസിച്ചു. അതിനിടെ ഞങ്ങള്‍ക്ക് താമസിക്കുവാനുള്ള ഒരു കൂട് എന്റെ സുഹൃത്ത് രഘു കണ്ടുപിടിച്ചിരുന്നു.
രഘുവിനെ പൂജയ്ക്കറിയില്ല. രഘു എന്റെ സഹപാഠിയായിരുന്നു എന്ന് മുന്നേ സൂചിപ്പിച്ചിട്ടുണ്ട്. വല്ലപ്പോഴും വീട്ടില്‍ വരാറുണ്ട്. അന്ന് ഞങ്ങളൊക്കെ നിലത്തിരുന്നാണ് ഊണ് കഴിക്കാറ്. ഇരിക്കുമ്പോള്‍ മുണ്ടില്‍ ചളി പറ്റാതിരിക്കാന്‍ അവന്‍ മുണ്ട് ഉയര്‍ത്തിപ്പിടിച്ചാണ് ഇരിക്കുക. എന്റെ അമ്മ പലപ്പോഴും അത് പറഞ്ഞ് ചിരിക്കാറുണ്ട്.
തൊട്ടിപ്പാള്‍ പുള്ളിശ്ശേരി രഘു എന്ന പി. രഘുനന്ദനന്‍ എന്നേക്കാള്‍ സമര്‍ത്ഥനും ബുദ്ധിശാലിയുമായിരുന്നു. അതുകൊണ്ട് അവന്‍ കോളേജില്‍ ഫസ്റ്റ് ഗ്രൂപ്പാണെടുത്തത്. പഠിക്കുന്ന കാലത്ത് ഞങ്ങള്‍ ഒരുമിച്ച് താമസിച്ചിട്ടുണ്ട്. തൃശ്ശൂരില്‍ പൂത്തോളിലെ ഒരു വീട്ടില്‍ ഒരു മുറിയില്‍ ഞങ്ങള്‍ രണ്ടു പേരും, എതിര്‍വശത്തെ മുറിയില്‍ കലക്റ്ററേറ്റില്‍ ജോലി ചെയ്തിരുന്ന അഷ്ടമിച്ചിറക്കാരന്‍ ശ്രീധരനും, കായംകുളത്തുകാരന്‍ സദാശിവന്‍ പിള്ളയും. അവര്‍ ശമ്പളം കിട്ടുന്ന ദിവസം ഞങ്ങള്‍ക്ക് നേരെ എറിയുന്ന ഒരു ചോദ്യമുണ്ട്.
”സിനിമകാണാന്‍ വരുന്നോടാ പിള്ളേരെ?”
ചോദ്യം കേള്‍ക്കേണ്ട താമസം, ഞങ്ങള്‍ റെഡി. തൃശ്ശൂര്‍ റൗണ്ടിലെത്തുമ്പോള്‍ രഘുവിന്റെ മനസ്സിനൊരു ചാഞ്ചാട്ടം.
”നിങ്ങള്‍ പോയി സിനിമ കണ്ടു വരീന്‍. എനിക്ക് കുറച്ച് പഠിക്കാനുണ്ട്”.
”ശരി, നീ പൊക്കോ” എന്ന് സദാശിവന്‍ പിള്ള.
”അത് പറ്റില്ല. സിനിമാ ടിക്കറ്റിന്റെ കാശ് താ. എനിക്ക് വിശക്കുന്നു…”
രഘു കാശ് വാങ്ങി ‘പത്തന്‍സി’ല്‍ കയറി ഒരു മസാലദോശയടിച്ച് മൂളിപ്പാട്ടും പാടി തിരിച്ചു പോരും.
(ബോംബെയില്‍ വന്നതിനു ശേഷവും ചെമ്പൂരിലെ സര്‍വോദയ കോളനിയില്‍ ഞങ്ങളൊരുമിച്ച് താമസിച്ചിട്ടുണ്ട്. അന്ന് അവന് ലൂബ്രിസോള്‍ (ഇന്ത്യ) എന്ന കമ്പനിയിലായിരുന്നു ജോലി. രഘു എപ്പോഴും അക്ഷമനും അസ്വസ്ഥനുമായിരുന്നു. എന്നും പുതിയ ജോലികള്‍ക്ക് അപേക്ഷകള്‍ അയച്ചുകൊണ്ടേയിരിക്കും. ഓരോ അപേക്ഷയിലും അവന്‍ ഇംഗ്ലീഷ് ഭാഷയിലെ നൂതനപ്രയോഗങ്ങളും ശൈലിയും ഉപയോഗിക്കും. അവന് ഇംഗ്ലീഷ് ഭാഷയോട് അനുരാഗമായിരുന്നു. ധാരാളം വായിക്കും. ഇംഗ്ലീഷില്‍ എന്തെങ്കിലും എഴുതാന്‍ ശ്രമിക്കും. അത്തരം ഒരു ശ്രമത്തിലായിരുന്നു, നഗരത്തിന്റെ മുഖം എന്ന എന്റെ നോവലിനെ ഇംഗ്ലീഷിലാക്കിയത്. ഞങ്ങള്‍ക്ക് വേണ്ടത്ര പിടിപാടുകളോ പരിചയങ്ങളോ ഇല്ലാതിരുന്നതുകൊണ്ട് അത് വെളിച്ചം കണ്ടില്ല. അപ്പോഴേക്കും രഘു സീബ എന്ന പ്രസിദ്ധ കമ്പനിയില്‍ ഡെവലപ്‌മെന്റ് ഓഫീസറായി ഗോവയിലേക്ക് പോയി. പിന്നീട് ഞങ്ങള്‍ കണ്ടുമുട്ടുന്നത് അപൂര്‍വമായി. സ്വിറ്റ്‌സര്‍ലണ്ടില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് പോകുമ്പോഴാണ് അവസാനമായി ഞങ്ങള്‍ കണ്ടത്. അന്ന് അണുശക്തിനഗറില്‍ എന്റെ കൂടെ ഒരു ദിവസം താമസിച്ചാണ് പോയത്. തൊണ്ണൂറുകളുടെ ആരംഭത്തിലെന്നോ.
അതിനു ശേഷം ഞങ്ങള്‍ തമ്മില്‍ കണ്ടിട്ടില്ല. രണ്ടു കൊല്ലം മുമ്പ് (2013) രഘുവിന്റെ അനിയന്‍ ശങ്കരന്‍കുട്ടി എന്നെ വിളിച്ച് രഘുവിന്റെ മരണവൃത്താന്തം അറിയിച്ചപ്പോള്‍ ഞാന്‍ നടുങ്ങിപ്പോയി. മസ്‌ക്കുലര്‍ ഡിസ്‌ട്രോഫി എന്ന മാരകമായ രോഗമാണത്രെ രഘുവിന്റെ ജീവനപഹരിച്ചത്.
ഏറ്റവും ചുരുങ്ങിയത് ഒരു മുറിയും അടുക്കളയുമുള്ള ഒരു ഫ്‌ളാറ്റ് രഘു അന്വേഷിച്ചെങ്കിലും കിട്ടിയത് ഒരു മുറി മാത്രമായിരുന്നു. അടുക്കളയും കുളിമുറിയും മറ്റും വീട്ടുടമസ്ഥരുമായി ഷെയര്‍ ചെയ്യുന്നത് ഒട്ടും സുഖകരമായിരുന്നില്ല. വീട്ടുടമസ്ഥനായ ജഗ്ത്യാനിയുടെ കുടുംബത്തില്‍ അയാളും ഭാര്യയും കുഞ്ഞും മാത്രമേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് മറ്റൊരു ഫ്‌ളാറ്റ് ഒത്തുകിട്ടുന്നതുവരെ അവിടെതന്നെ കൂടാമെന്ന് വച്ചു. രുഗ്മിണി പണ്ടെന്നോ ചേച്ചിയുടെ കൂടെ വന്ന് താമസിച്ചിട്ടുള്ളതുകൊണ്ട് ബോംബെ ജീവിതത്തിലെ അസൗകര്യങ്ങള്‍ കുറച്ചൊക്കെ മനസ്സിലാക്കിയിരുന്നു. എന്തായാലും രണ്ട് മാസം കഴിഞ്ഞപ്പോഴേക്കും ഞാന്‍ മുമ്പ് താമസിച്ചിരുന്ന കെട്ടിടത്തില്‍തന്നെ ഒരു ഫ്‌ളാറ്റ് കിട്ടി. ശമ്പളത്തിന്റെ പകുതിയോളം വാടക കൊടുക്കേണ്ടി വന്നെങ്കിലും സ്വതന്ത്രമായ ജീവിതത്തിന് അത് അനാവശ്യച്ചെലവായി തോന്നിയില്ല.
പക്ഷികള്‍ ചുള്ളികള്‍ ശേഖരിച്ച് കൂടു കെട്ടുന്നതു പോലെയാണ് ഞങ്ങളും ജീവിക്കാന്‍ തുടങ്ങിയത്. ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ഇവിടെ വരെ എത്തിയല്ലോ എന്ന ആശ്വാസമാണ് ഞങ്ങള്‍ക്ക്. ഉത്തരവാദിത്വങ്ങള്‍ ഒരു വിധം ഭംഗിയായി നിറവേറ്റി എന്ന ചാരിതാര്‍ത്ഥ്യവും.
ഏതാണ്ട് ഒരു കൊല്ലമായപ്പോഴേക്കും രുഗ്മിണി ഗര്‍ഭവതിയായി. ആദ്യത്തെ പ്രസവം നാട്ടില്‍ അമ്മയുടെ ശുശ്രൂഷയിലും പരിചരണത്തിലും വേണമെന്നായിരുന്നു തീരുമാനം. അതുകൊണ്ട് ഞാന്‍ അവരെ നാട്ടില്‍ കൊണ്ടു ചെന്നാക്കി തിരിച്ചു പോന്നു. അപ്പോഴേക്കും ഫ്‌ളാറ്റ് തിരിച്ച് നല്‍കേണ്ട സമയമായി. സ്വന്തമായി താമസസ്ഥലമില്ലാത്തതുകൊണ്ട് ഞങ്ങള്‍ ഫര്‍ണീച്ചറും വീട്ടുസാധനങ്ങളും വാങ്ങിക്കൂട്ടിയിരുന്നില്ല. അത്യാവശ്യത്തിന് ഉണ്ടായിരുന്ന സാധനങ്ങള്‍ രഘു താമസിച്ചിരുന്ന സര്‍വോദയയിലെ ഫ്‌ളാറ്റില്‍ കൊണ്ടുചെന്നിട്ടു. ഞാന്‍ രഘുവിനൊപ്പം താമസിച്ചു. അവന്‍ കുഴിമടിയനായിരുന്നതുകൊണ്ട് എല്ലാ കാര്യത്തിനും കുറുക്കുവഴികള്‍ കണ്ടുപിടിച്ചിരുന്നു. ഉദാഹരണത്തിന് ചോറും കൂട്ടാനും മറ്റും വെവ്വേറെ പാകം ചെയ്ത് കൂടുതല്‍ പാത്രങ്ങള്‍ കഴുകുന്നത് ഒഴിവാക്കാന്‍ ഒരു പാത്രത്തില്‍ തന്നെ അരിയും പരിപ്പും പച്ചക്കറികളും ഇട്ട് വേവിച്ച് ആ പാത്രത്തില്‍ നിന്നുതന്നെ ഭക്ഷണം കഴിക്കുന്ന വീരന്‍. ആ പതിവ് ഞാന്‍ വിഘ്‌നപ്പെടുത്തി. ഞങ്ങള്‍ വിധിയാംവണ്ണം ഭക്ഷണം പാകം ചെയ്ത് കഴിക്കാന്‍ തുടങ്ങി.
1970 ജൂലൈ ഒന്നിന് രുഗ്മിണി ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു. പ്ലെയിന്‍ ടിക്കറ്റെടുത്ത് നാട്ടില്‍ പോയി മകളെ കാണാന്‍ അന്നത്തെ പരിത:സ്ഥിതികള്‍ അനുവദിച്ചില്ല. നാട്ടില്‍ നിന്ന് തപാലില്‍ അയച്ച ഫോട്ടോ കിട്ടിയത് നാലോ അഞ്ചോ ദിവസം കഴിഞ്ഞിട്ടാണ്. ഞങ്ങള്‍ക്ക് ജനിക്കുന്നത് പെണ്‍കുട്ടിയാണെങ്കില്‍ സംഗീത എന്ന് പേരിടണമെന്ന് മുന്നേ നിശ്ചയിച്ചിരുന്നു. ഒരു ദമ്പതികളുടെ ജീവനസംഗീതമായി മാറുന്ന മകളെപ്പറ്റി സംഗീത എന്ന ഒരു ചെറുകഥ വിവാഹത്തിന് വളരെ മുമ്പ് ഞാന്‍ ജയകേരളത്തില്‍ എഴുതിയിരുന്നു. ആ പേര് അന്ന് മുതല്‍ മനസ്സില്‍ സൂക്ഷിച്ചിരുന്നു.
ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും കാരണം കണ്ടുപിടിക്കാനോ ശാസ്ത്രീയമായ നിഗമനങ്ങളിലെത്താനോ പറ്റിയെന്ന് വരില്ല. ചിലപ്പോഴൊക്കെ രണ്ടും രണ്ടും കൂട്ടി നമുക്ക് അഞ്ച് എന്ന് ഉത്തരം എഴുതേണ്ടി വരാം. പിന്നെ അതെങ്ങനെ സംഭവിച്ചു എന്നാലോചിക്കാം.
എന്റെ മകളെ പ്രസവിച്ച കുന്നംകുളത്തെ നഴ്‌സിങ്‌ഹോമില്‍ രുഗ്മിണിയോടൊപ്പം കേച്ചേരിക്കാരിയായ മറ്റൊരു സ്ത്രീയും പ്രസവത്തിനെത്തിയിരുന്നു. അവര്‍ രണ്ടുപേരും ഒരേ മുറിയിലായിരുന്നു. ആ സ്ത്രീക്ക് ജനിച്ചത് ഒരാണ്‍കുട്ടി. അതിനുശേഷം അവര്‍ തമ്മില്‍ കണ്ടിട്ടില്ല. വിശേഷങ്ങള്‍ കൈമാറിയിട്ടില്ല. എങ്കിലും രുഗ്മിണി അവരുടെ വീട്ടുപേര് പറഞ്ഞപ്പോള്‍ എന്റെ മനസ്സില്‍ ഒരു വെളിച്ചം മിന്നി കെട്ടു. ഞാന്‍ കേച്ചേരിയില്‍ ഇറങ്ങി കാണാതെ പോയ പെണ്‍കുട്ടിയായിരുന്നു, അത്.
പിന്നീട് തൊണ്ണൂറുകളില്‍ എനിക്ക് കേച്ചരിക്കാരനായ ഒരു സുഹൃത്തുണ്ടായി. ഒരു ദിവസം ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ അദ്ദേഹം തന്റെ വീട്ടുപേര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ സഹോദരിയാണ് രുഗ്മിണിയോടൊപ്പം കുന്നംകുളത്തെ നഴ്‌സിങ് ഹോമിലുണ്ടായിരുന്നത്. അവരെക്കുറിച്ച് സ്വാഭാവികമായും ഞങ്ങളന്വേഷിച്ചു. എന്റെ സുഹൃത്ത് അകത്തേക്ക് നോക്കി ഒരാണ്‍കുട്ടിയെ വിളിച്ചു. അവന്‍ വന്നപ്പോള്‍ അയാള്‍ പറഞ്ഞു. അന്ന് ജനിച്ച ആണ്‍കുട്ടിയാണിവന്‍. അവന് സംഗീതയുടെ പ്രായംതന്നെ. എന്റെ ശ്രീമതി അയാളുടെ സഹോദരിയെക്കുറിച്ച് അന്വേഷിച്ചു. അയാള്‍ തെല്ലിട നിരുദ്ധകണ്ഠനായി. പിന്നെ പറഞ്ഞു, അവള്‍ വീട്ടിലെ കുളത്തില്‍ കുളിക്കാന്‍ പോകുമ്പോള്‍ പാമ്പു കടിയേറ്റ് മരിച്ചു. ഇപ്പോള്‍ ഇവന്‍ ഞങ്ങളുടെ കൂടെയാണ്. എനിക്ക് പിന്നെ ഒന്നും പറയാനായില്ല. ഒരു പക്ഷേ ഞാന്‍ കുന്നംകുളത്ത് പോകാതെ കേച്ചേരിയില്‍ ബസ്സിറങ്ങിയിരുന്നെങ്കില്‍ ആ കുട്ടി മരണത്തില്‍ നിന്ന് രക്ഷപ്പെടുമായിരുന്നോ? അതിന് ഉത്തരമില്ല.
‘അനന്തമജ്ഞാതമവര്‍ണനീയം ഈ ലോകഗോളം തിരിയുന്ന മാര്‍ഗം
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്ന് നോക്കുന്ന മര്‍ത്യന്‍ കഥയെന്തറിഞ്ഞു…’
എന്ന കവി വാക്യം മാത്രം ഞാനോര്‍ത്തു.
എന്റെ മകള്‍ ജനിച്ചു എന്നറിഞ്ഞപ്പോള്‍ മുതല്‍ അവരെ കൊണ്ടുവന്നാല്‍ എവിടെ താമസിക്കും എന്ന ഭീഷണമായ ചോദ്യം സദാസമയവും എന്നെ തുറിച്ചു നോക്കി. ഭാര്യയേയും കുട്ടിയേയും നാട്ടില്‍തന്നെ നിര്‍ത്തിയാല്‍ അത് പല തരം ചോദ്യങ്ങളും ഉയര്‍ത്തും. ഊഹാപോഹങ്ങള്‍ക്ക് വിത്തിടും.
എന്നാല്‍ 1970 ജൂലൈ മാസത്തില്‍ തന്നെ അണുശക്തി നഗറില്‍ ഡിപ്പാര്‍ട്ടുമെന്റ് വക ക്വാര്‍ട്ടേഴ്‌സ് അനുവദിച്ചു കൊണ്ടു വന്ന ഉത്തരവ് എന്നെ വിസ്മയിപ്പിച്ചു. ആ ഭാഗ്യം എന്റെയാവാന്‍ വഴിയില്ല. പുതു ജന്മത്തിന്റെയാവാം.
സംഗീതയ്ക്ക് രണ്ടുമാസം പ്രായമായപ്പോഴേക്കും ഞാനവര്‍ക്കുള്ള പ്ലെയിന്‍ ടിക്കറ്റ് അയച്ചു കൊടുത്തു. പുതുമണം വിട്ടുമാറാത്ത ഇന്ദ്രപ്രസ്ഥയിലെ ഫ്‌ളാറ്റില്‍ ഞങ്ങള്‍ കുടുംബ ജീവിതം ആരംഭിച്ചു
(തുടരും)