പൂനെയിലെ ഒരു ചുവന്ന തെരുവിൽ
അപരിചിതരായവർക്കിടയിലൂടെ
ഇരുണ്ട നിമിഷങ്ങളെണ്ണി നടക്കുമ്പോൾ
പിന്തുടരുന്ന കണ്ണുകളിൽ തിളയ്ക്കുന്ന
അതിതീവ്രമായ ദു:ഖമറിയാതെ
ഈ നഗരം ചിരിക്കുന്ന ഗാന്ധിയുടെ
മടിയിൽ മയങ്ങിവീഴുന്നു.
വാഹനങ്ങളുടെ ഇരമ്പലൊഴിച്ചാൽ
ഈ വീഥി ശാന്തമാണ്.
ഇരുവശങ്ങളിലെയും പീടികകൾക്ക് മുന്നിൽ
മുഖം മറച്ചു നിൽക്കുന്നവർക്കരികിലേക്ക്
ചിലർ എത്തുന്നുണ്ട്,
വിലപേശലിന് ശേഷം അപരിചിതമായ
ഇടങ്ങളിലേയ്ക്ക് അവർ സഞ്ചരിക്കുന്നു –
കാടും തൂണുകളും ഓട പോലെ
ഒഴുകുന്ന ഒരു നദിയും കടന്ന്.
ശരീരം ഒരു അളവുകോലാണ്.
ദശാബ്ദക്കാലമായ് ബീജക്കടലിൽ
നങ്കൂരമിട്ടവരുടെ തൊലിയിൽ
ചുളിവുകൾ തലപൊക്കിനോക്കുന്നുണ്ട്.
കാൽനടക്കാർ ഏറുകണ്ണിട്ട്
നോക്കാതെപോവുന്നതിലെ ആശങ്ക
അവിടുത്തെ പുതുപെണ്ണുങ്ങളുടെ
തീച്ചൂളയിലും ആളിപ്പടരുന്നു.
തുളച്ചുകയറുന്ന ആഴമേറിയ നോവിൽ
അനക്കമറ്റ് അവർ ശ്മശാനങ്ങളെ
കിനാവ് കാണുന്നു.
വലിച്ചുകീറിയ കുപ്പായങ്ങൾ
ചേർത്തുവച്ചോരു മലയുടെ മുകളിൽ നിന്ന്
സൗന്ദര്യവർണനകൾ നടത്തുന്നവർ –
നഗരമിപ്പോൾ ഉറക്കം നടിക്കുകയാണ്.
ഇനിയുമെത്രനാൾ തുടരും നാം,
രാത്രിയിലെ ഈ നായാട്ടും
നിർവികാരമായ ദേഹങ്ങൾ
കടിച്ചു മുറിക്കാനുള്ള വേട്ടക്കാരന്റെ കൊതിയും.
മൊബൈൽ: 8547547902