• About WordPress
    • WordPress.org
    • Documentation
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Premium
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    ▼
    • Writers
Skip to content

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

മല്ലു വിലാസം ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്

വിജു വി. നായര്‍ August 2, 2016 0

മഹാഭാരത റിപ്പബ്ലിക്കിലെ ലക്ഷണമൊത്ത ദ്വീപാണ് കേരളം. വെറും ദ്വീപല്ല, ഐലന്‍ഡ് നേഷന്‍. ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന് പുകഴ്ത്തിയാല്‍ ദൈ്വപായനനായ മല്ലു തല്‍ക്ഷണം വിരോധാഭാസം കൊണ്ടു കടുകുവറുത്ത് പ്രബുദ്ധത പ്രദര്‍ശിപ്പിക്കും: ”….ചെകുത്താന്റെ സ്വന്തം ജനതയും”. അട്ടപ്പാടിയിലെ സിംഗിള്‍ മദേഴ്‌സ് തൊട്ട് ആളോഹരി വെള്ളമടിയുടെ മദപുരാണം വരെ നിരത്തി ദൈവത്തെ ചമ്മിച്ച് നാറാണത്തെ ചിരി ചിരിക്കും. എന്നുകരുതി സൊമാലിയ എന്നോ മറ്റോ വിളിച്ച് ഈ ആത്മപുച്ഛത്തിന്റെ മൂടൊന്നു താങ്ങാന്‍ വല്ലവരും തുനിഞ്ഞാലോ? ടി മൂടുതാങ്ങി, രാജ്യത്തിന്റെ പ്രധാനമന്ത്രിയായാലും ശരി, അഖിലലോക മല്ലൂസ് ഒരൊറ്റ മെയ്യായിക്കൊണ്ട് പുറങ്കാലിനടിക്കും പോ മോനേ ഡാഷേ. അടുത്തിടെ നരേന്ദ്ര മോദി ഈ ചവുട്ടിന്റെ രുചി ഇരന്നുവാങ്ങി. പ്രശ്‌നം മോദിക്കാണ്. അഥവാ പുറത്തുനിന്ന് കേരളത്തെ നോക്കിക്കാണുന്നവര്‍ക്ക്. അല്ലെങ്കില്‍ സാക്ഷാല്‍ മോദിയോടുതന്നെ ചോദിച്ചുനോക്കൂ. ഗുജറാത്തിനെ ലബോറട്ടറിയാക്കി ഇന്ത്യയെ റാഞ്ചിയ ഗുജ്ജുദലാലിന്റെ ഊഹക്കച്ചോടവിരുത് മൂടോടെ പിശക്കുന്ന പ്രഹേളികയാണ് ഇന്നും ഈ കൗപീനമാത്രദേശം. മറ്റെവിടെയും കണിശതയോടെ ഇറക്കി കൂളായി ജയം കൊയ്യുന്ന വര്‍ഗീയവിഭജനസൂത്രംതന്നെയാണ് മോദി-ഷാ ടീം കേരളത്തിലുമിറക്കിയത്. ലോക്കല്‍ ഹിന്ദുത്വ ഡീലര്‍മാരെ കുറുകെ വെട്ടി പറ്റിയ ചരക്കിനെത്തന്നെ മുന്‍നിറുത്തി വെള്ളാപ്പള്ളി നടേശന്‍. ലോക്കല്‍ ദല്ലാളിനെ ശിഖണ്ഡിയാക്കിയ ദേശീയ ദല്ലാള്‍മാര്‍. വര്‍ഗീയ തീവ്രതയ്ക്ക് പുകഴ് പെറ്റ കുമ്മനത്തെ പാര്‍ത്ഥനുമാക്കി. (ഓര്‍ക്കണം, ഈ രണതന്ത്രമൊന്നും നാട്ടിലെ സ്വന്തം പാര്‍ട്ടിക്കാരോട് ചോദിച്ചിട്ടല്ല എടുത്തുപയറ്റിയത്. പാവങ്ങള്‍, പൊന്നുരുക്കില്‍ വഴിപോക്കരായിരുന്നു). എന്നിട്ടും ചതുരംഗത്തില്‍ ആകപ്പാടെ വെട്ടാനൊത്തത് ഒരേയൊരു കാലാളിനെ. ദ്വീപുദേശം ദല്ലാള്‍മാര്‍ക്ക് ഇന്നും പ്രഹേളിക.

കഴിഞ്ഞതു കഴിഞ്ഞു. ദല്ലാള്‍ നമ്പറു മാറ്റിനോക്കുന്നു. മുഖ്യമന്ത്രിയായ ഉടനെ പിണറായി വിജയന്‍ ദില്ലിയില്‍ നടത്തിയ സൗഹൃദ സന്ദര്‍ശമോര്‍ക്കുക. രാജ്‌നാഥ് സിംഗിനെപ്പോലെ ‘അക്രമരാഷ്ട്രീയ’ത്തിന്മേല്‍ കുത്തുവാക്കു പറയുകയല്ല അതിഥിയോട് മോദി, ജയ്റ്റ്‌ലി പ്രഭൃതികള്‍ ചെയ്തത്. പകരം തനി ഡീലര്‍മുറയെടുത്തു. കേരളത്തിന്റെ പ്രധാനാവശ്യങ്ങള്‍ക്കു പ്രത്യുപകാരമായി തങ്ങള്‍ക്കു കൂടി ഗുണമുള്ള മൂന്നു കാര്യങ്ങള്‍. വീടാംപ്രതി കക്കൂസ്, 100% ഡിജിറ്റല്‍ സാക്ഷരത, ചരക്കുസേവനനികുതി ബില്ലിന് ഇടതുപിന്തുണ. ഇപ്പോള്‍ത്തന്നെ 85% വീടുകള്‍ക്കും കക്കൂസും 87% ഡിജിറ്റല്‍ സാക്ഷരതയുമുള്ള നാടാണു കേരളം. വിജയന്‍ ഒന്നാഞ്ഞുപിടിച്ചാല്‍ രണ്ടു കേസിലും 100% ഒപ്പിക്കാം. മറ്റൊരു സംസ്ഥാനവും അടുത്തകാലത്തെങ്ങും ഈ നിലയിലെത്തുന്ന ലക്ഷണവുമില്ല. കേരളം കനിഞ്ഞാല്‍ മോദിക്ക് അടുത്ത തിരഞ്ഞെടുപ്പുകളിലും വിദേശടൂറിലും തന്റെ പദ്ധതിവിജയത്തിന്റെ സാക്ഷാത്കാരമായി ഈ നൂറുമേനിക്കഥ പറഞ്ഞു ഞെളിയാം. അതാണ് സൊമാലിയയെക്കൊണ്ട് ഭംഗ്യന്തരേണയുള്ള നേട്ടം.

ഇങ്ങനെ സാമൂഹിക സൂചികകളില്‍ മിക്കതിലും രാജ്യത്തെ ഒന്നാംലോകമായി മാറിയ ‘ദ്വീപി’ന്റെ ഉല്പാദനനിലയാണ് മറ്റൊരു വിശിഷ്ടയിനം: കാര്യമായ വ്യവസായം ജന്മനാ ഇല്ല. ഉണ്ടായിരുന്ന കൃഷി മുടിച്ചുകഴുകി. നാണ്യവിളയുടെ കേമത്തം ഏതാണ്ട് ഐതിഹ്യമാലയായി മാറുന്നു.അതേസമയം എന്തും ഏതും ‘പര്‍ച്ചേസ്’ ചെയ്യാന്‍ റെഡി. ഉപ്പു തൊട്ട് കിഡ്‌നി വരെ കാശിനെട്ടായ സമ്പൂര്‍ണ ഉപഭോഗദേശം. ബാങ്ക് കുഴലും മറ്റേ കുഴലും വഴി പ്രവാസി പുലര്‍ത്തുന്ന മണിയോര്‍ഡര്‍ സാമ്പത്തികത ഊട്ടിയുറക്കുന്ന ഈ ഉപഭോഗമാണ് കേരളത്തിന്റെ ശരിയായ ഉല്പാദനം. ടി ഇരട്ടക്കുഴല്‍ നിലനിര്‍ത്തുന്ന ഉരുപ്പടിയുടെ പേരാണ് സേവന സംസ്‌കാരം. പ്രാചീന നദീതട സംസ്‌കാരങ്ങളെ വെല്ലുന്ന ഒരാധുനിക ദ്വീപ് സംസ്‌കാരം. സേവനത്തിന്റെ വ്യാകരണമൊന്നും തിരക്കരുത്. ഇതൊരു തനതു സെറ്റപ്പാണ്. ഉദാഹരണത്തിന്, ഹാര്‍ഡ്‌വെയര്‍ എഞ്ചിനീയര്‍മാരെ കിട്ടാന്‍ മഷിയിട്ടു നോക്കണം. അതേസമയം സോഫ്റ്റ്‌വെയര്‍ ഉരുപ്പടികളുടെ അയ്യരുകളി. വച്ചുണ്ടാക്കലല്ല വല്ലവനും ഉണ്ടാക്കിയത് മറിച്ചുകൊടുക്കലാണ് കളിവിരുത്. അതിന് വിറകുവെട്ടും, വെള്ളം കോരും, ഇലയുമെടുക്കും. ഇതൊന്നും നാട്ടില്‍ പ്രതീക്ഷിക്കരുത്. സേവനം ഒരു കയറ്റുമതിച്ചരക്കാകുന്നു. മുംബൈ തൊട്ട് മന്‍ഹാട്ടന്‍ വരെ, ദൈ്വപായനന്മാരുടെ ഫിംഗര്‍പ്രിന്റ് വീഴാത്ത സേവനങ്ങള്‍ വിരളം. അക്കരെച്ചെന്ന് പത്തു പുത്തനുണ്ടാക്കിയാലോ, പിന്നെയും വൈരുദ്ധ്യാത്മകമാണ് മനോനില. യേശുദാസിന്റെ പാട്ട്, മോഹന്‍ലാലിന്റെ പടപ്പ്, കലാഭവന്‍മണിയുടെ പടപടപ്പ്…. അതൊരു വഴിക്ക്. തൃശൂരെ പൂരം, കാവിലെ പാട്ട്, പള്ളിപ്പെരുന്നാള്… അത് മറ്റൊരു വഴിക്ക്. ഇങ്ങനെ ഗൃഹാതുരത്വത്തിന്റെ തിക്കും തിരക്കും. അതേ ട്രാഫിക് ജാമില്‍ തിരതല്ലിവരും, നാഷനല്‍ ഹൈവേയിലെ ഗട്ടര്‍പൂരവും തെരുവോരത്തെ മാലിന്യക്കൂമ്പാരവും തൊട്ട് സര്‍ക്കാരാപ്പീസിലെ ചുവപ്പുനാട വരെ. ഇവിടൊന്നും ഗുണം പിടിക്കില്ലെന്ന വിധിപ്രഖ്യാപനവും ഒക്കേത്തിനും പ്‌രാക്ക് ഒടുക്കത്തെ രാഷ്ട്രീയത്തിനും. ഇതേ രാഷ്ട്രീയമാണ് കൊട്ടിഘോഷിക്കുന്ന സാമൂഹിക സൂചികകള്‍, കെട്ടിയുയര്‍ത്തിയതെന്ന നേര് തല്‍ക്ഷണം മൃതിയടയും. സ്മൃതി നിറയെ മാലിന്യസൂചികകളാവും. രസമതുമല്ല, ഇപ്പറഞ്ഞ ഒന്നാംലോകസൂചികതന്നെയാണ് നാട്ടില്‍ മാലിന്യം പെരുക്കിയതെന്നും എന്തും ഏതും വാങ്ങിക്കൂട്ടാനുള്ള മണിയോര്‍ഡര്‍ ഇക്കോണമിയാണതിന് നങ്കൂരമാകുന്നതെന്നും അന്തേവാസിയെപ്പോലെ പ്രവാസിയും മറന്നുകളയുന്നു. ചുരുക്കത്തില്‍ ഇരുകൂട്ടര്‍ക്കും ഈ ദ്വീപ് ഒരു പ്രഹേളികയായി തുടരുന്നു.
എല്ലാ കൂട്ടരുടെയും വഴിച്ചെണ്ടയായ രാഷ്ട്രീയംതന്നെയെടുക്കുക. 1956-ലെ ഹാപ്പി ബര്‍ത്‌ഡേ മുതല്‍ രണ്ടുപക്ഷത്തായാണ് സംഗതിയുടെ ഏകദേശ പൊതുനില. ആദ്യകാലങ്ങളില്‍ സുവ്യക്തമായ രണ്ടു കംപാര്‍ട്‌മെന്റുകളൊന്നും ഇല്ലായിരുന്നെങ്കിലും ഏറെക്കുറെ ആ പാതയിലേക്കാണ് വണ്ടിയുടെ പോക്കെന്ന് വ്യക്തമായിരുന്നു. കമ്മ്യൂണിസ്റ്റുകാര്‍ ഒരുവശത്തും കോണ്‍ഗ്രസുകാര്‍ മറുവശത്തും. പ്രജ സോഷ്യലിസ്റ്റുകള്‍ തൊട്ട് മുസ്ലിംലീഗ് വരെ ഇതിലേതെങ്കിലും ഒരു വള്ളത്തില്‍ സൗകര്യംപോലെ കാലുവയ്ക്കും, വലിക്കും. 1957-ല്‍ റിപ്പബ്ലിക്കിനെ ഞെട്ടിച്ചുകൊണ്ട് ഇഘ്റ്റ കുഴലിലൂടെ ദ്വീപില്‍ ചെങ്കൊടി അധികാരം പിടിച്ചു. തദ്ദേശജനത സമ്മിശ്രവികാരത്തില്‍ പുളഞ്ഞു. അനന്തരം വിമോചനസമരം എന്ന മറ്റൊരു തനതുപ്രതിഭാസം. സഖാക്കളുടെ സല്‍ഭരണവും സെല്‍ഭരണവും ചേര്‍ന്ന് അതിനുവേണ്ട പേറ്റുവട്ടമൊരുക്കി എന്നു പറഞ്ഞാല്‍ മതിയല്ലോ. നാളതുവരെ ചവിട്ടിമെതിക്കപ്പെട്ടവന് അധികാരം കിട്ടിയ വകയില്‍ സെല്‍ഭരണം ജനാധിപത്യത്തിന്റെ സ്വാഭാവിക ബാലാരിഷ്ടത മാത്രമായിരുന്നു. എന്നാല്‍ ആ താത്കാലിക ഏനക്കേടിനെ പെരുപ്പിച്ചുകാട്ടി വിമോചനസമരത്തിനിറങ്ങിയവരുടെ ശരിയായ പ്രശ്‌നം സല്‍ഭരണമായിരുന്നു. ഭൂപരിഷ്‌കരണം, വിദ്യാഭ്യാസബില്ല്, അധികാരവികേന്ദ്രീകരണനീക്കം കേരളത്തിന്റെ പരമ്പരാഗത ഫ്യൂഡല്‍, ജാതിമത കോയ്മകള്‍ക്ക് കിട്ടിയ ആഘാതങ്ങള്‍ മര്‍മവേധിയായിരുന്നു. അതൊരു ചികിത്സയാവും മുമ്പ് കരപ്രമാണികള്‍ ചാടിയിറങ്ങി. നായരും നസ്രാണിയും മാപ്പിളയും ചേര്‍ന്ന് ആട്ടക്കാടികളായ ജനസാമാന്യത്തില്‍ നിന്ന് ചെങ്കോല്‍ തട്ടിത്തെറിപ്പിച്ച കലാപരിപാടിക്കാണ് വിമോചനസമരം എന്ന പേരിട്ടത്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പുറത്താക്കുന്നതിനോട് യോജിപ്പില്ലാതിരുന്ന ജവഹര്‍ലാല്‍ വാസ്തവത്തില്‍ പുന്നാരമോളുടെ സിദ്ധാന്തംപിടിക്കലിന് വഴങ്ങിക്കൊടുക്കുകയായിരുന്നു. കാര്യം നടന്നത് ദ്വീപിലാണെങ്കിലും രാജ്യത്തിന് മൊത്തത്തിലുള്ള ഒരു ഭവിഷ്യത് സൂചനയായിരുന്നു സംഭവം. ’57-ല്‍ മുഖംകാട്ടിയ ഈ വാതക്കുരുവാണ് ’75-ല്‍ മദജലം മുറ്റി പഴുത്തുപൊട്ടിയത്. അതിലുമുണ്ട് തനി കേരളീയമായ ഒരൊത്തുപൊരുത്തം. ’57-ലെ ജനാധിപത്യവിരുദ്ധതയ്ക്കുവേണ്ടി തെരുവിലിറങ്ങിയ അതേ കൂട്ടരും ചെണ്ട കൊട്ടിയ അതേ മാധ്യമങ്ങളുമാണ് ’75-ലെ ദേശീയ ഗുണ്ടായിസത്തിനും ജയ് വിളിച്ചത്. അങ്ങനെ, അനന്തര തിരഞ്ഞെടുപ്പില്‍ രാജ്യം കോണ്‍ഗ്രസിന് കനത്ത ശിക്ഷ കൊടുത്തപ്പോള്‍ പ്രബുദ്ധദ്വീപ് ഇരുപതില്‍ ഇരുപതും കൊടുത്ത് ഓശാന പാടി. എന്തെന്നാല്‍, പള്ളിക്കൂടവും ആപ്പീസും യഥാവിധി നടക്കുന്നു, തീവണ്ടികള്‍ യഥാസമയത്ത് ഓടുന്നു, സര്‍വോപരി വാ പൂട്ടി പണിയെടുക്കുന്നതിന്റെ മഹത്വം നടമാടുന്നു. അടിയന്തരാവസ്ഥയല്ല, പട്ടാളഭരണം വന്നാലും ആദ്യാവസാനം കയ്യടിക്കുന്ന കോറസ് മലയാളീസായിരിക്കും. കണ്ട ചപ്പാത്തികളും ബട്ടൂരകളുമൊക്കെ നാവനക്കി അടി വാങ്ങി ചുരുളും, മല്ലു ഭേഷെ ഭരണകൂടപക്ഷം ചേര്‍ന്ന് മറ്റവന്മാരെ തൊഴിക്കും. ബോംബെയിലെ മണ്ണിന്റെ മക്കള്‍ കാലമെടുക്കുക. തമിഴനും കന്നഡിഗയും ശിവസൈനികന്റെ അറുമാദം ഏറ്റുവാങ്ങിയപ്പോള്‍ നല്ലപിള്ള ചമഞ്ഞ മല്ലു, താക്കറെയുടെ വാനരപ്പടയ്ക്ക് സമൗനം സേവ ചെയ്തു.

കാര്യം പുരോഗമിച്ചവാറേ, രണ്ടു മുന്നണികളിലൂടെ രാഷ്ട്രീയം ഉരുത്തിരിച്ച് ദ്വീപ് വീണ്ടും ഒറ്റത്തം കാട്ടി. മുന്നണിരാഷ്ട്രീയത്തിന്റെ മുന്നോടിയായി എങ്കിലും ഇവിടുത്തെ മുന്നണി ഏര്‍പ്പാട് ഒന്നു വേറെതന്നെയായിട്ടാണ് പന്തലിച്ചത്. പറഞ്ഞുവന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസും ബിജെപിയും വരെ ഇടതുമനോഭാവപ്രകടനക്കാരാണ്. പ്രത്യയശാസ്ര്തപരമായ നൂലുകെട്ടും മുടികീറലും നടത്തി ബെടക്കാക്കരുത്. സുധീരന്റെ ഗാന്ധിസവും ശ്രീധരന്‍പിള്ളയുടെ ഹിന്ദുത്വവുമൊക്കെ ഇടതുപ്പ് ചേര്‍ത്ത സവിശേഷ ലായനികളാണ്. മധ്യ, വലതു രാഷ്ട്രീയത്തിനും ഈ ഇടതുമേമ്പൊടിയേല്‍ക്കുന്നത് ഇടതുരാഷ്ട്രീയത്തിന്റെ കോയ്മകൊണ്ടൊന്നുമല്ല. സംഗതി ഒരു പൊതു കേരളീയ മനക്കൂറാണെന്നതാണ് സരളനേര്. അതിന് ഗുണവും ദോഷവുമുണ്ട്. നാട്ടില്‍ സമത്വമില്ലെങ്കിലും സകലരും സ്ഥിതിസമത്വവക്താക്കളാണ് എന്നതാണ് ഗുണം. ഏത് മുതല്‍പക്ഷസമീപനവും ദ്വീപില്‍ വെള്ളത്തിലാവും എന്നതാണ് ചേതം. അതേസമയം, സ്ഥിതിസമത്വ വാചാടോപത്തിനിടയിലൂടെ ചങ്ങാത്തമുതലാളിത്തം വച്ചുനടത്തും. മുതലാളിത്തം വളരില്ല, ചങ്ങാതികള്‍ കൊഴുത്തുചീര്‍ക്കുകയും ചെയ്യും. അതുകൊണ്ടെന്താ, കേരളം ഏറ്റവും കേമമായി വികസിപ്പിച്ചെടുത്ത പ്രൊഫഷന്റെ പേരാണ് രാഷ്ട്രീയം. കഴിഞ്ഞ മുപ്പതു കൊല്ലത്തെ പ്രൊഫഷണല്‍ രാഷ്ട്രീയക്കാരുടെ എണ്ണവും സാമൂഹിക-സാമ്പത്തിക നിലയുമെടുക്കൂ. അതിനുംമുമ്പത്തെ 30 കൊല്ലത്തേതിന്റെ പല മടങ്ങാണ് എണ്ണം. ഒരു ഗതിയുമില്ലാത്തവന്റെയോ, സായ്പ് പറഞ്ഞ മാതിരി തെമ്മാടിയുടെ അവസാന അഭയമോ അല്ലിവിടെ രാഷ്ട്രീയം ഇപ്പറഞ്ഞ രണ്ടിനത്തിനും ദ്വീപിലെ രാഷ്ട്രീയത്തില്‍ ക്ഷാമമില്ലെങ്കിലും. മറിച്ച്, ഡോക്ടറും എഞ്ചിനീയറും ഐടിക്കാരനും ഫോലെ അതിവിടെ ലക്ഷണമൊത്ത പ്രൊഫഷനാണ്. അല്ലെങ്കില്‍ പറയൂ, ഡീന്‍ കുര്യാക്കോസുകള്‍ക്കും, ടി.എന്‍. പ്രതാപന്‍മാര്‍ക്കും വേറെന്തു പണിയറിയാം? കഷ്ടി എസ്എസ്എല്‍സി കഴിച്ചുകൂട്ടിയ ഇ.പി. ജയരാജന് വ്യവസായമന്ത്രിയാകാമെങ്കില്‍ പിള്ളേരെന്തിന് പ്ലസ്-ടുവിന് മെനക്കെടണം? മൈനസ്-ടുവിന് ഒരു മന്ത്രിപ്പണി ഗാരണ്ടിയാകുന്നെങ്കില്‍? യാതൊരു മെനക്കേടും വേണ്ടാത്ത ഭാഗ്യരാശിക്കാര്‍ വേറെയുണ്ട് ജോസ് കെ. മാണിയെപ്പോലെ. ഇനി കോളേജ് ഡിഗ്രി ഇരിക്കട്ടെ എന്നു ദുര്‍വാശിയുള്ളവര്‍ക്ക് ഏതെങ്കിലും കല്യാണക്കോഴ്‌സിന് പോയെന്നു വരുത്താം. അല്ലെങ്കില്‍ തുറന്നുകിടക്കയല്ലേ ‘സമാധാനം’ നാരായണന്‍ നായരുടെ അക്കാദമി? ഗ്രന്ഥം നോക്കണ്ട, പ്രാക്ടീസ് നടത്തണ്ട, കോട്ടുപോലും ചുറ്റണ്ട, ‘അഡ്വക്കേറ്റ്’ എന്ന മുന്‍വാലും തൂക്കി അധികാരഗോദയിലിറങ്ങാം. ചുരുക്കിയാല്‍, പഠിപ്പിന്റെ ആയാസം ഏറ്റവും കുറഞ്ഞതും ആദായം ഏറ്റവും മുന്തിയതുമായ പ്രൊഫഷനാണ് ദ്വീപുരാഷ്ട്രീയം. ഒരു ചാനല്‍ സൊറയില്‍ ടി.എന്‍. പ്രതാപന്‍ കൂളായി തട്ടിവിടുന്നതു കേട്ടു, ”ഞങ്ങളൊക്കെ സോഷ്യല്‍ സയന്റിസ്റ്റുകളാണ്” എന്ന്. കോട്ടയം നസീറിനെ വെല്ലുന്ന മിമിക്രി. ചിരിച്ച് ഊപ്പാടു വരും ഈ കഥാപാത്രങ്ങളും അവര്‍ കൈകാര്യം ചെയ്യുന്ന പ്രമേയങ്ങളും ഒന്നിരുത്തിനോക്കിയാല്‍. കടലാടിയും കടലും തമ്മിലുള്ള ഗാഢബന്ധമാണ് കുഞ്ഞുമാണിച്ചനും പബ്ലിക് ഫിനാന്‍സുമായുള്ളത്. എന്നിട്ടെന്താ, 12 ബജറ്റ് വിറ്റ് ക്ഷമിക്കണം അവതരിപ്പിച്ച് ലോകറെക്കോഡിട്ട വകയില്‍ പ്രബുദ്ധ ദ്വീപങ്ങ് മുങ്ങിപ്പോയോ? സെപ്തംബര്‍, മാര്‍ച്ച് മാസങ്ങളില്‍ ട്രഷറിസ്തംഭനം ഏറെക്കുറെ സ്ഥിരം പംക്തിയാകുന്ന നാട്ടില്‍ ജീവിതം സ്തംഭിച്ചിട്ടുണ്ടോ? ഹര്‍ത്താലു വന്നാല്‍ പത്രങ്ങളെഴുതും, ജനജീവിതം സ്തംഭിച്ചെന്ന്. നേരെന്താണ്?പീടിക തുറക്കില്ല, വണ്ടിയോടില്ല, പള്ളിക്കൂടവും പരീക്ഷയും നടക്കില്ല. പീടികക്കാരനും വണ്ടിക്കാരനും സാറന്മാരും പുരയിലിരുന്ന് വാട്ടീസടിക്കും; മുച്ചീട്ടു കളിക്കും. ആളോഹരിക്കടം കോടി കടന്നെന്ന് പ്ലാനിംഗ് ബോര്‍ഡ് കണക്കിറക്കും. മോദി ചെയ്ത മാതിരി ടി ബോര്‍ഡ് പൊളിച്ചടുക്കി നീതി ആയോഗാക്കാനുള്ള തൊലിക്കട്ടിയൊന്നും ദ്വീപുനിവാസികള്‍ക്കില്ല. കാരണം, അവര്‍ ഒരാസൂത്രണ ചെട്ടിപ്പിള്ളയെയും ഗൗനിക്കുന്നില്ല കുളമെത്ര കുണ്ടലിനി കണ്ടതാ!

ഈ വട്ടക്കുളത്തില്‍ 89% മധ്യവര്‍ഗ പൗരാവലിയാണ്. കണക്ക്, മറ്റൊരു ദ്വീപ് പ്രതിഭാസമായ ശാസ്ര്ത-സാഹിത്യ പരിഷത്തിന്റേത്. (ലേശം പഴയതാണെങ്കിലും തുടര്‍ന്നാരും കണക്കെടുത്തിട്ടില്ലാത്തതുകൊണ്ട് അതുതന്നെ ആധാരമാക്കാം). ശിഷ്ടമുള്ള 11 ശതമാനമാണ് പാര്‍ശ്വവത്കൃത ജനാവലി കിഴക്കന്‍മലയിലെ ആദിവാസികള്‍ തൊട്ട് പടിഞ്ഞാറന്‍തീരത്തെ കുടില്‍വാസികള്‍ വരെ. ഈ 11 ശതമാനത്തിന്മേലാണ് ഉദ്ധാരണമഹാമഹമത്രയും. ഇതേ ബിപിഎല്ലിനെ പിടിച്ച് ആണയിടാത്ത ‘സോഷ്യല്‍ സയന്റിസ്റ്റു’കളില്ല. ടി ആണയിടാന്‍ തുടങ്ങിയിട്ട് ദശകം പലതായി. ഉദ്ധാരണവഞ്ചി തിരുനക്കരെതന്നെ എന്ന് പെട്ടെന്നു തോന്നും. ഓക്‌സ്ഫഡിന്റെ പുതിയ 13-ഇന മാനദണ്ഡമൊന്നും വച്ച് ഇവിടെ ദാരിദ്ര്യരേഖ വരയ്ക്കാന്‍ നോക്കണ്ട. ഉദാഹരണമായി, ശംഖുംമുഖം കടപ്പുറത്തെ കുടിലുകളിലൂടൊന്നു കയറിയിറങ്ങുക. ടിപ്പിക്കല്‍ ചെറ്റക്കുടില്‍. രാജസ്ഥാന്‍ മാര്‍ബിള്‍സ് കിരീടം വയ്ക്കുന്ന കേരളത്തിന്റെ മുഖ്യധാരാ ഫ്‌ളോറിംഗില്ല, വെറും പൂഴിയാണ് അടിസ്ഥാനം. ഏസിസിയും ഡാല്‍മിയയും കാശിക്കു പോകും, ഭിത്തി കണ്ടാല്‍ അരപ്പൊക്കത്തില്‍ പൊത്തിയ ചളി. മീതെ, മെടഞ്ഞ ഓലക്കീറുകള്‍. ലാറി ബേക്കര്‍ നമിച്ചുപോവുന്ന ലാളിത്യമാണ് റൂഫിംഗില്‍ തകരഷീറ്റ് അല്ലെങ്കില്‍ ഓല. കടലമ്മ കനിഞ്ഞാല്‍ ഒരൊറ്റ കാറ്റിന് കാലിയാവുന്ന ഈ പ്രോപ്പര്‍ട്ടിക്കുള്ളിലെ പ്രോപ്പര്‍ട്ടീസ് കാണുക. എല്‍സിഡിാേ പഴയ പത്തായമോ ആയ ഒരു ടെലിവിഷന്‍ സെറ്റ് ഉറപ്പ്. പിന്നെ ഡിവിഡി പ്ലെയര്‍, മ്യൂസിക് സിസ്റ്റം ഒക്കെ തരംപോലെ. ആളാംപ്രതി മൊബൈല്‍. ഗ്യാസ് കണക്ഷനൊന്നും ഔദ്യോഗികമായി കാണണമെന്നില്ല, പക്ഷേ ഗ്യാസുണ്ട്.മിനിമം മണെണ്ണസ്റ്റൗവെങ്കിലും. ആണ്‍പ്രജകളില്‍ ആര്‍ക്കെങ്കിലുമുണ്ടാവും ഒരു ടൂ-വീലര്‍. ഉള്ളവനും ഇല്ലാത്തവനുമെല്ലാം കുപ്പിക്കു മുന്നില്‍ സ്ഥിതിസമത്വം വരിക്കുന്നു. ബെവ്‌റേജസ് സോഷ്യലിസം. പള്ളിക്കൂടത്തില്‍ പോകാനും പോകാതിരിക്കാനുമുള്ള മൗലികാവകാശത്തില്‍ പിള്ളേരും മുത്തമിടുമ്പോള്‍ അടുപ്പില്‍ തീ കെടാതിരിക്കാന്‍ പെണ്‍പിള്ളേര്‍ വാല്യപ്പണിക്കിറങ്ങും, അല്ലെങ്കില്‍ മീന്‍കുട്ട ചുമക്കും. ഈ സവിശേഷ ബിപിഎല്‍ സാമ്രാജ്യത്തിലെ അപ്രഖ്യാപിത മന്നന്‍മാരാണ് പള്ളിയും പട്ടക്കാരും. ദോഷം പറയരുതല്ലോ, മിഷനറി ആത്മീയതയ്ക്ക് നല്ല മാര്‍ക്കറ്റാ കടപ്പുറത്ത്. ഒരൊറ്റ കുഞ്ഞാടിന്റെ ഒരു നേരത്തെ കുടിപോലും കിഴിച്ചെടുക്കാന്‍ കഴിയുന്നില്ലെങ്കിലും മദ്യനിരോധനത്തിന്റെ അപ്പോസ്തലന്മാര്‍ സാധിച്ചെടുത്ത ഒരു ദിഗ്വിജയമുണ്ട് പള്ളിക്കുള്ള കിഴി കൃത്യമായി പള്ളിമേടയിലെത്തിയിരിക്കും. ഇല്ലെങ്കില്‍ പിടി മര്‍മത്തില്‍തന്നെ വീഴും മാമ്മോദീസ, മനസ്സമ്മതം, മിന്നുകെട്ട്, കുഴിമാടം. എന്നുകരുതി, ഈ പിടി വച്ച് ജീവിതനില മെച്ചപ്പെടുത്താനുള്ള മെനക്കേടൊന്നുമില്ല. ആത്മീയകോര്‍പറേറ്റുകള്‍ക്ക് ഭൗതികതയിലല്ല സുവിശേഷവേല പറഞ്ഞിട്ടുള്ളത്. ആദിവാസിമേഖലയില്‍ ഈ റോള്‍ നിര്‍വഹിക്കുന്നത് എന്‍ജിഒയും കിര്‍ത്താഡ്‌സ് പോലുള്ള സര്‍ക്കാര്‍ റാക്കറ്റുകളുമാണ്. എവിടെയും ഫണ്ടിന്റെ അയ്യരുകളി. അത് കിട്ടുന്നില്ലെന്ന മുറവിളിയുടെയും ആദിവാസികളെ നാട്ടുവാസികളുടെ സാംസ്‌കാരികനിലയിലേക്ക് ഉയര്‍ത്തുക എന്നതാണ് എല്ലാ റാക്കറ്റുകളുടെയും ആപ്തവാക്യം. ആയതിലേക്ക് ആദ്യമേതന്നെ ടിയാന്മാരുടെ ഭൂമി കവര്‍ന്ന് അവറ്റകളുടെ തനതുവേലയ്ക്കും സ്വകീയ ജീവിതത്തിനും കര്‍ട്ടനിട്ടു. കുടിയേറ്റക്കാരു തൊട്ട് പരിപോഷണക്കാര്‍ വരെ ആദിവാസികളെ വെടിപ്പായി കുടിക്കുള്ളിലിരുത്തി, കുടിയാന്മാരാക്കി. പണിയൊന്നും ചെയ്യണ്ട, എല്ലാം ക്യാഷായി കുടിയിലെത്തും. ബിപിഎല്‍ കാര്‍ഡ്, സംവരണം, കേന്ദ്ര-സംസ്ഥാന സ്‌പെഷല്‍ പാക്കേജുകള്‍, പ്രത്യേക സംരക്ഷണ നിയമാവലി… അങ്ങനെ ഉദ്ധാരണമഹാമഹത്തില്‍ ആദിവാസി ത്രിശങ്കുവിലായി.
11% പ്രാന്തവത്കൃതരുടെ ഉദ്ധാരണപ്പണി നമ്മുടെ ‘സോഷ്യല്‍ സയന്റിസ്റ്റുകള്‍’ക്കു വിടാം. ബാക്കി 89 ശതമാനത്തിന്റെ കഥയെങ്ങനെ? അല്ലറചില്ലറ ഏറ്റക്കുറച്ചിലോടെയുള്ള ഈ മദ്ധ്യവര്‍ഗവും ഒന്നുവേറെതന്നെ. മാര്‍ക്‌സിയന്‍ സംജ്ഞാവലി പ്രകാരമുള്ള മിഡില്‍ ക്ലാസല്ല കേരളീയ മദ്ധ്യവര്‍ഗം. അവരുടെ കിരാതവാഴ്ചയാണ് സാഹിത്യം തൊട്ട് സിനിമ വരെ, കല തൊട്ട് കളി വരെ, കച്ചോടം തൊട്ട് രാഷ്ട്രീയം വരെ. പിന്നെ ഇതിനെല്ലാം കണ്ണാടിയും ചൂട്ടും പിടിക്കുന്ന മാധ്യമപ്രവര്‍ത്തനത്തില്‍ വരെ. ചുരുക്കത്തില്‍, കേരളം എന്ന ദ്വീപിന്റെ പൊതുബോധം, സാമാന്യ സെന്‍സിബിലിറ്റി ഈ മദ്ധ്യവര്‍ഗത്തിന്റെ മനോപ്രകൃതമാണ്. നിശ്ചയങ്ങള്‍ അങ്കുരിക്കുക, ഈ ബോധത്തിനു നിരക്കുന്ന സമവാക്യങ്ങളായി മാത്രം ചുണയുള്ള റാഡിക്കല്‍ ചുവടുമാറ്റങ്ങള്‍ക്ക് വേറെ സ്ഥലം നോക്കണം. മാറ്റത്തിന് മുറവിളി കൂട്ടിക്കൊണ്ടിരിക്കും, സ്റ്റാറ്റസ്‌കോ വിട്ടുള്ള കളിക്ക് മദ്ധ്യവര്‍ഗം തയ്യാറല്ല. ഈ പൊതുബോധത്തിന്റെ പുരോഗമന ജൗളിയാണ് പൊതു ഇടതുഭാവം. അത് ആന്തരികവത്കരിക്കപ്പെട്ട ഒന്നാണോ, കേരളത്തില്‍?

ഇന്നു കാണപ്പെടുന്ന രാഷ്ട്രീയസ്വരൂപമായി കേരളം രൂപമെടുത്തിട്ട് ആറു പതിറ്റാണ്ട് കഷ്ടി. ജനതയുടെ പൊതുബോധത്തിന്റെ പ്രകൃതപരിണാമങ്ങള്‍ക്ക് പക്ഷേ ഒരുപാടു പഴക്കമുണ്ട്. രേഖപ്പെടുത്തിയ ചരിത്രകാലം വച്ചു പറഞ്ഞാല്‍ രണ്ടായിരം കൊല്ലം മുമ്പുണ്ടായിരുന്ന ഐന്തിണകളുടെ സംഘചേതനയിലാണ് അതിന്റെ ഉയിരെടുപ്പ്. ജാതി, മതം, പ്രത്യയശാസ്ര്ത രാഷ്ട്രീയം ഇത്യാദി വിഭാഗീയതകള്‍ ഇല്ലാതിരുന്ന പ്രാചീനമായ അഞ്ച് കാര്‍ണിവല്‍ ദേശങ്ങളില്‍ കുറിഞ്ചി, മുല്ല, പാലൈ, മരുതം, നെയ്തല്‍. അതതു ദേശത്തിന്റെ ഭൂമിശാസ്ര്തവും പരിസ്ഥിതിയും അനുസരിച്ചുള്ള പണിയും ജീവിതവും. അതു പിന്നെ പലതരം അധിനിവേശങ്ങള്‍ക്കു വിധേയമായി രൂപാന്തരപ്പെട്ടുവന്നു. നാടുവാഴിത്തവും ഫ്യൂഡലിസവും രാജവാഴ്ചയും കോളനിക്കാലവുമൊക്കെ താണ്ടി നവോത്ഥാനം എന്ന ആധുനിക ലോകത്തിലെത്തി. ജാതീയതയും അസമത്വതീവ്രതയും ഭ്രാന്താലയമാക്കിയ ദേശത്തിനുള്ള ആഘാതചികിത്സയായിരുന്നു നവോത്ഥാനം. പാരമ്പര്യവിരുദ്ധമായ ഒരു ജനായത്തബോധത്തിലേക്കുള്ള സക്രിയ പരിണാമമായിരുന്നു അതിന്റെ കാതല്‍. സത്യത്തില്‍, ഇന്ത്യന്‍ റിപ്പബ്ലിക്കിലെ ഒരു സംസ്ഥാനമായി മാറുമ്പോള്‍ കേരളത്തിന്റെ ഒസ്യത്ത് ഇപ്പറയുന്ന നവോത്ഥാനമായിരുന്നില്ല. അതിനും മുമ്പേയുള്ള ദീര്‍ഘപാരമ്പര്യം തന്നെയായിരുന്നു. ഈ പാരമ്പര്യത്തെ കാതലായി പരിഷ്‌കരിച്ച് മുന്നോട്ടുനീങ്ങാനുള്ള ഉത്തോലകം മാത്രമായിരുന്നു നവോത്ഥാനം. റിപ്പബ്ലിക് സ്വീകരിച്ച ഭരണഘടനാ ജനാധിപത്യത്തിന് അനുഗുണമായിരുന്നു ഈ ഉത്തോലകം എന്നതാണ് കേരളത്തിന് ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് അന്നുണ്ടായിരുന്ന സവിശേഷ ആനുകൂല്യം. അതുകൊണ്ടാണ് തലയെണ്ണവും പാരമ്പര്യരീതിയും വിഗണിച്ചുള്ള തുല്യതയും ജനാധിപത്യവും നടപ്പാക്കിയെടുക്കാനുള്ള ഭരണഘടനാവിവക്ഷകളുടെ തണലില്‍ കേരളത്തിന് മുന്നേറാനായത്. സാമൂഹ്യജീവിതസൂചികകളില്‍ ആ മുന്നേറ്റം വെറും മൂന്നു പതിറ്റാണ്ടിനകംതന്നെ പ്രതിഫലിക്കുകയും ചെയ്തു.

എന്നാല്‍, നാലാം പതിറ്റാണ്ടു തൊട്ട് ഈ മുന്നേറ്റത്തിന്റെ പ്രകൃതം മാറിത്തുടങ്ങി. 1990-കള്‍ എത്തിയതോടെ പ്രതിലോമപ്രവണതകള്‍ പ്രകടമായി. വാസ്തവത്തില്‍, നവോത്ഥാനത്തിന്റെ പിടി അയയുകയായിരുന്നില്ല. ഭരണഘടനാ ജനാധിപത്യത്തിന്‍ കീഴില്‍ അതിനു കിട്ടിയ മേല്‍ക്കൈ കേവലം താത്കാലികം മാത്രമായിരുന്നെന്നും കേരളീയരുടെ ചോരയില്‍ സംഗതി അലിഞ്ഞുചേര്‍ന്നിരുന്നില്ല എന്നുമാണ് തിരിച്ചറിയേണ്ടത്. അടിസ്ഥാനപരമായി പൊതുബോധം പരിഷ്‌കരിക്കപ്പെട്ടിരുന്നില്ല എന്നര്‍ത്ഥം. ജാതീയവും ലിംഗപരവുമായ ഉച്ചനീചത്തങ്ങളും മതപരമായ വിഭാഗീയതകളും അതിലംഘിച്ചുള്ള ഒരു വികാസവും നമ്മുടെ പൊതുബോധം കൈവരിച്ചിരുന്നില്ല. അതിലംഘിച്ചു എന്ന മിഥ്യാബോധത്തിന്മേല്‍ അടയിരിക്കുകയാണ് നമ്മള്‍ രാഷ്ട്രീയമായി ചെയ്തത്. ഈ അടയിരിപ്പും അതിന്റെ പുരോഗമനാട്യവും കൂടി റദ്ദാക്കുന്ന കാലത്തേക്കായി അനന്തരനീക്കം. നാരായണഗുരുവിനെപ്പോലും പച്ചയായ ജാതിചിഹ്നമാക്കാന്‍ കൂസലില്ലാത്ത നടേശന്മാരിലേക്ക് കേരളം പുരോഗമിച്ചപ്പോള്‍ പ്രൊഫഷണല്‍ രാഷ്ട്രീയക്കാര്‍ അമ്മാതിരി ദല്ലാള്‍ക്കാര്‍ക്കു പിന്നാലെ കൂടി. പേറിന് അടയിരിക്കലാണ് പെണ്ണിന്റെ പണിയെന്നു തുറന്നടിക്കുന്ന മുസലിയാര്‍മാര്‍ ഒരുവശത്ത് കടിഞ്ഞാണെടുക്കുന്നു. ദലിതനും ആദിവാസിക്കുമുള്ള അവസാന വണ്ടി തങ്ങളാണെന്ന് ഉളുപ്പിന്റെ കാല്‍ക്കഴഞ്ചില്ലാതെ തൊണ്ട കീറുന്ന നവീന മനുവാദികള്‍ മറുവശത്ത്. ചുരുക്കത്തില്‍, പാരമ്പര്യത്തിന്റെ ഹീനമായ രക്തബോധങ്ങള്‍ സടകുടഞ്ഞെണീറ്റിരിക്കുന്നു. നവോത്ഥാനവും ഭരണഘടനാജനാധിപത്യവും മുന്നോട്ടുവച്ച ബോധവും ഈ പാരമ്പര്യാധിഷ്ഠിത പ്രകൃതവും സമാന്തരങ്ങളായി കിടക്കും. ഇത്തരമൊരു പൊതുബോധം ജനതയെ ഭരിക്കുമ്പോള്‍ ഭരണഘടന വിവക്ഷിക്കുന്ന പൗരബോധം ഗ്രന്ഥപ്പശുവായി ചുരുങ്ങും. മദ്ധ്യവര്‍ഗത്തെ സംബന്ധിച്ച് തങ്ങള്‍ക്ക് പ്രിയതരവും സുഖകരവുമായ ഘടകങ്ങളെ അടര്‍ത്തിയെടുത്ത് ഉപയോഗിക്കുക എന്നതാണ് ശീലം. സന്ദര്‍ഭം തെറ്റിയുള്ള ഉദ്ധരണികള്‍ കണക്കെ വിപുലചിത്രം വിഗണിച്ചുള്ള വിനിയോഗം. ഉദാഹരണമായി ജിഷവധത്തിന്റെ പിറ്റേന്നുതൊട്ട് കേരളത്തിലുയരുന്ന പ്രതിഷേധകോലാഹലം നോക്കുക. പ്രതിയെ പിടിച്ച് ഇങ്ങോട്ടുതരിക, ഞങ്ങള്‍ ശരിപ്പെടുത്തിത്തരാം എന്നാണ് ശരാശരി മലയാളിയുടെ ആക്രോശം. വേറൊരു കൂട്ടര്‍ മെഴുകുതിരി കത്തിച്ച് നല്ലപിള്ള ചമയുന്നു. ഇനിയൊരു കൂട്ടര്‍ മാധ്യമദ്വാരാ പ്രതിഷേധവിശ്വജരന്മാരാകുന്നു. കൂട്ടത്തില്‍ ‘മന:ശാസ്ര്തജ്ഞര്‍’ എന്ന ലേബലില്‍ വിടുവായടിക്കുന്ന ഷോമാന്മാരും അവളുമാരും.

രാഷ്ട്രീയബിസിനസുകാര്‍ക്കും പോലീസുകാര്‍ക്കുമാകട്ടെ പ്രതിയെ പിടിച്ച് ശിക്ഷിച്ചാല്‍ മാത്രം മതി. എല്ലാവരും ഒരുപോലെ വ്യഗ്രതപ്പെടുന്നത്, ഈ കുറ്റകൃത്യത്തില്‍ നിന്ന് കൈകഴുകി തങ്ങളെ മാന്യമഹാമതികളാക്കി രക്ഷിച്ചുനിര്‍ത്താനാണ്. അഥവാ തങ്ങളും പേറുന്ന പൊതുബോധമാണ് ഈ കൃത്യത്തിലെ പങ്കാളി എന്ന നേര് ആര്‍ക്കും വേണ്ട. അതവരെ കുത്തിനോവിക്കും. അമ്മാതിരി അസ്വസ്ഥതകളില്ലാത്ത ടിപ്പിക്കല്‍ മദ്ധ്യവര്‍ഗ കംഫര്‍ട് സോണിലാണ് ദ്വീപുനിവാസി. അതുകൊണ്ടാണവനും അവളും ദ്വീപിലായിപ്പോകുന്നത്. അപ്പോള്‍പിന്നെ പ്രതിഷേധങ്ങളും സമരജാടയുമൊക്കെ? ഇതേ കംഫര്‍ട് സോണില്‍ നിന്ന് ഇടയ്ക്കിടെ ആവശ്യമായ വിരേചനക്രിയ മാത്രമാണത്. ചില്ലറ നേരത്തെ വിരേചനശേഷം ആള്‍ വീണ്ടും പഴയ സുഖരാശിയിലേക്കുതന്നെ മടങ്ങിക്കൂടും പൊതുബോധത്തിലേക്ക്. ടി കംഫര്‍ട് സോണിന്റെ ഭാഗമാണ് തങ്ങള്‍ പുരോഗമന രാഷ്ട്രീയം പേറുന്ന കൂട്ടരാണെന്ന വിചാരഗതിയും. അതില്ലെങ്കില്‍ മല്ലുവിന്റെ ഈഗോയ്ക്ക് ഇപ്പറഞ്ഞ സോണ്‍, കംഫര്‍ട് സോണാവില്ല. അഥവാ മദ്ധ്യവര്‍ഗ മലയാളികള്‍ കക്ഷിഭേദമെന്യേ പേറുന്ന ഇടതുഭാവം ആന്തരികവത്കരിക്കപ്പെട്ട ഒന്നല്ല, സൗകര്യാനുസൃതം വിനിയോഗിക്കാനുള്ള ഒരാവരണമാണെന്നു സാരം. അതിന്റെ ലാക്ഷണിക സാക്ഷ്യമാണ് ഇക്കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പ്.

സാധാരണയുള്ള മദ്ധ്യവര്‍ഗശൈലി ഭരണവിരുദ്ധ വിധിയെഴുത്താണല്ലോ. മുന്‍വട്ടം തങ്ങള്‍തന്നെ ജയിപ്പിച്ചവനെ അടുത്തവട്ടം നിലത്തിറക്കുക. റാഡിക്കല്‍ പരിഷ്‌കരണങ്ങള്‍ക്ക് സമ്മതമില്ലാത്തതുകൊണ്ട് ഭരണപരിപാടി ഉപരിപ്ലവ അഭ്യാസമാവുകയും മദ്ധ്യവര്‍ഗത്തിന് സംഗതി ബോറടിക്കുകയും ചെയ്യും. ബോറടി മാറ്റാനുള്ള ഇടക്കാല വിരേചന പ്രക്രിയയാണ് ഈ വര്‍ഗത്തെ സംബന്ധിച്ച് പോളിംഗ്. ഈ പ്രക്രിയ അഭംഗുരം പുരോഗമിക്കുമ്പോഴാണ് വലതുപക്ഷരാഷ്ട്രീയത്തിന്റെ രംഗപ്രവേശം. മുമ്പും ബിജെപി കളത്തിലുണ്ടായിരുന്നു എങ്കിലും സ്വന്തം രാഷ്ട്രീയത്തിന്റെ പ്രകൃതമുഖം കാട്ടിയുള്ള പയറ്റിനിറങ്ങിയിരുന്നില്ല. എന്നാല്‍, മോദി എന്ന വിരാട് പുരുഷനിര്‍മിതിയുടെ മറയില്‍ കേന്ദ്രം പിടിച്ചപ്പോള്‍ അവര്‍ക്ക് ഒരു ചുണയും മൂച്ചുമൊക്കെ കൈവന്നു. കേരളത്തിലും മുഖംമൂടിയില്ലാതൊന്നു പയറ്റിയാലോ? ആ ലൈനില്‍ പ്രചരണം പ്രചണ്ഡമായതോടെ ദ്വീപുണര്‍ന്നു. പൊതുബോധത്തിന്റെ പ്രവര്‍ത്തനം പ്രധാനമായും രണ്ടു റൂട്ടിലായി. ന്യൂനപക്ഷമല്ലുവിനെ ഭരിച്ചത് വലതുപക്ഷ രാഷ്ട്രീയത്തിന്റെ മതമുഖമാണ്. അവന്‍ തല്‍ക്ഷണം സ്വന്തം മതത്തിലേക്ക് ഒട്ടിക്കൊണ്ട് പോംവഴി തേടി. പരമ്പരാഗതമായി വോട്ടു കുത്തിപ്പോന്ന യുഡിഎഫ് കൂടാരം അത്ര ശക്തമല്ല, ഈ വലതുപക്ഷത്തെ നേരിടാന്‍ എന്നൊരു തോന്നല്‍. ശേഷിക്കുന്ന ചോയ്‌സ് ഇടതുപക്ഷമുന്നണി. അവരാകട്ടെ ബീഫ് ഫെസ്റ്റിവല്‍ തൊട്ട് മതേതരത്വം വരെ നിരത്തി പ്രലോഭിപ്പിക്കുന്നു. ന്യൂനപക്ഷമല്ലുവിന്റെ നിശ്ചയം എളുപ്പമായി സ്വന്തം മതകക്ഷിയുള്ളിടത്ത് അതിനെ തുണയ്ക്കുക; ഇല്ലാത്തിടത്തൊക്കെ ഇടതുപക്ഷത്തെയും. അങ്ങനെയാണ് മലപ്പുറത്ത് ലീഗും മദ്ധ്യകേരളത്തില്‍ കേരളാകോണ്‍ഗ്രസും മാനം കാത്തത്.

സവര്‍ണമല്ലുവിന്റെ ഊഴമാണ് അടുത്തത്. വെള്ളാപ്പള്ളിയുടെ കെയറോഫിലുള്ള ഹിന്ദുത്വം നായര്‍ക്ക് സുഖിക്കുന്നില്ല. അതുകൊണ്ട് പലേടത്തും നായര്‍വോട്ട് ഇടത്തേക്കു ചാഞ്ഞു. ഈഴവവോട്ട് ഒട്ടൊന്നു പിളര്‍ന്നു. വെള്ളാപ്പള്ളി ദേ മോദിഭായി വഴി തങ്ങളെ ഉദ്ധരിക്കാന്‍ പോകുന്നു എന്ന തോന്നല്‍ ഒരു കൂട്ടരെ ദല്ലാള്‍പ്പടയ്ക്കു കീഴില്‍ നിര്‍ത്തി. മറ്റൊരു കൂട്ടര്‍ ഈ ഉഡായിപ്പിന് വയ്ക്കാതെ തല അരിവാള്‍ ചുറ്റികയ്ക്ക് അടിയറ വച്ചു.
ഇങ്ങനെ മദ്ധ്യവര്‍ഗം രണ്ടു വഴിക്ക് ഇടതുപക്ഷത്തെ തുണച്ചെങ്കിലും ടി ചേതോവികാരത്തില്‍ പറയത്തക്ക ഇടതുരാഷ്ട്രീയമൊന്നുമുണ്ടായിരുന്നില്ല. ഇതേ സമീപനം തുടരുമെന്ന പ്രതീക്ഷയും വേണ്ട. വെറും രണ്ടരക്കൊല്ലം അപ്പുറമുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദിപക്ഷവും മോദിവിരുദ്ധരും എന്ന ചേരിതിരിവ് ഉറപ്പ്. ഇതില്‍ ന്യൂനപക്ഷ മല്ലു മോദിക്കെതിരുതന്നെ എന്നുറപ്പിക്കാമോ? മുസ്ലിങ്ങളുടെ കാര്യത്തില്‍ ഓക്കെ. ക്രിസ്ത്യന്‍മല്ലുവോ? അങ്ങനെ യാതൊരുറപ്പും ആര്‍ക്കും വേണ്ട. ബാര്‍കോഴ എന്നൊന്നില്ലായിരുന്നെങ്കില്‍ സാക്ഷാല്‍ മാണി കോണ്‍ഗ്രസ് നിസ്സാരമായി എന്‍ഡിഎയുടെ വിശുദ്ധ ഘടകകക്ഷിയായേനേ. വര്‍ണമല്ലുവിന്റെ കാര്യത്തിലും ഗാരണ്ടിയൊന്നുമില്ല. ഇന്ന രീതിയില്‍ പ്രതികരിക്കും എന്ന് പ്രവചിക്കാനാവാത്ത ജാതകനില. ഈ അപ്രവചനീയതയുടെ പര്യായപദമാണ് അവസരവിരുത്. മദ്ധ്യവര്‍ഗമല്ലു അതിന്റെ പ്രയോഗവിന്യാസം കൊണ്ട് കലയും കളിയും തീര്‍ക്കുമ്പോള്‍ കേരളം മറ്റിടങ്ങളില്‍ നിന്ന് സ്വകീയതയോടെ വേറിടുന്നു. റിപ്പബ്ലിക് നീണാള്‍ വാഴട്ടെ. പക്ഷേ ദ്വീപിലെ സൂചികകള്‍ വേറിട്ടു വാഴും.

Related tags : KeralaPolitical PartiesViju V Nair

Previous Post

നാളെയുടെ നിരൂപണ വഴികള്‍

Next Post

ഉന്മാദത്തിന്റെ ഒരു വിചിത്ര പുസ്തകം

Related Articles

ലേഖനം

പുനത്തിലുമൊത്തൊരു പാതിരാക്കാലം

ലേഖനം

പിന്നിൽ മുളച്ച പേരാലിന്റെ തണലിൽ

ലേഖനം

തുള്ളൽപ്പനിക്കാലത്തെ നീതിന്യായം

ലേഖനം

നവോത്ഥാനം 2.0

ലേഖനം

ഓഖികാലത്തെ വർഗശത്രു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles from

വിജു വി. നായര്‍

രൂപാന്തര പരീക്ഷണത്തിന് ബഹുമാനപ്പെട്ട കൂട്ടുപ്രതി

പ്രതിപക്ഷത്തിന്റെ ‘മൻ കീബാത്’

നഗ്നൻ മാത്രമല്ല രാജാവ് പൊട്ടനുമാണ്

പ്രൊഫഷണൽ കുറുക്കനും ബ്രോയ്‌ലർ കോഴിയും

ഭരണകൂട തരവഴിക്ക് കാവൽ നായ്ക്കളുടെ കുരവ

നവോത്ഥാനം 2.0

എക്കോ-ചേംബർ ജേണലിസം

അസംബന്ധങ്ങളുടെ രാഷ്ട്രീയപൂരം

ചെങ്ങന്നൂർ വിധി

ഓഖികാലത്തെ വർഗശത്രു

മയക്കുവെടിക്കാരുടെ റിയൽ എസ്റ്റേറ്റ് പോര്

ദൈവത്തിന്റെ സ്വന്തം ട്രാക്കിൽ

കോമാളികൾ ഹൈജാക്ക് ചെയ്ത കേരളം

നുണയുടെ സ്വർഗരാജ്യത്ത്

കാക്കയ്ക്ക്, പശു എഴുതുന്നത്..

ദൈവത്തിന്റെ സ്വന്തം ട്രാക്കിൽ

രാഷ്ട്രീയ പരിണാമത്തിന് ഒരു ചാവി

ആരാച്ചാർ ഇവിടെത്തന്നെയുണ്ട്

മല്ലു വിലാസം ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്

ഒരു കൊച്ചു വാക്കിന്റെ പ്രശ്‌നം

ബാറും കാശും പിന്നെ ലവളുടെ അരക്കെട്ടിലെ ചാവിക്കൂട്ടവും

പിന്നിൽ മുളച്ച പേരാലിന്റെ തണലിൽ

കാക്ക മലന്നും പറക്കും

മലയാളിയുടെ പ്രബുദ്ധമായ കള്ളവാറ്റ്

ദേശാഭിമാനം മഹാശ്ചര്യം… അടിയനെ അകത്താക്കരുത്

തുള്ളൽപ്പനിക്കാലത്തെ നീതിന്യായം

‘അവിഹിത’ ചാർച്ചയുടെ ജാതകം

Latest Updates

  • ജെ.പിയെ ഉപയോഗിച്ച് ആർഎസ്എസ് ദേശീയ ശക്തിയായി: ആനന്ദ് പട്വർദ്ധൻ-2October 1, 2023
    (ആനന്ദ് പട്വർധന്റെ സിനിമകൾ കാലത്തിന്റെ പരീക്ഷണങ്ങളെ ആത്മവിശ്വാസത്തോടെ നേരിട്ടു. അസ്വസ്ഥമായ അധികാര വർഗത്തിന് […]
  • ഫ്രാൻസ് കാഫ്‌കOctober 1, 2023
    (കഥകൾ) ഫ്രാൻസ് കാഫ്‌കവിവർത്തനം: ബി നന്ദകുമാർ മാതൃഭൂമി ബുക്‌സ് വില: 152 രൂപ. […]
  • ചിത്ര ജീവിതങ്ങൾOctober 1, 2023
    (ഫിലിം/ജനറൽ) ബിപിൻ ചന്ദ്രൻ ലോഗോഡ് ബുക്‌സ് വില: 480 രൂപ. പ്രമേയപരമായി ഭിന്നമായിരിക്കെത്തന്നെ […]
  • ഇന്‍ഗ്‌മര്‍ ബെർഗ്മാൻOctober 1, 2023
    (ജീവിതാഖ്യായിക) എസ് ജയചന്ദ്രൻ നായർ പ്രണത ബുക്‌സ് വില: 250 രൂപ. അന്യാദൃശ്യമായിരുന്നു […]
  • മുക്തകണ്ഠം വികെഎൻOctober 1, 2023
    (ജീവിതാഖ്യായിക) കെ. രഘുനാഥൻ ലോഗോസ് ബുക്‌സ് വില: 500 രൂപ. ശരിക്കു നോക്ക്യാ […]
  • ലവ്ജിഹാദിലെ മുസ്ലിം വിദ്വേഷംOctober 1, 2023
    (കേരള സ്റ്റോറി, ഹിന്ദുത്വ, പിന്നെ മലയാളി സ്ത്രീയും എന്ന ലേഖനത്തിന്റെ രണ്ടാം ഭാഗമാണിത്.) […]

About Us
mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions
Corporate Address
Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.
Regional Office
No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035
Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven