മാപ്പ്,
എഴുതിയതിന്
എഴുതാൻ കഴിയാതിരുന്നതിന്
എഴുതാനിടയുള്ളതിന്
എഴുതാനിടയില്ലാത്തതിന്
മാപ്പ്,
മരങ്ങൾ പൂവിടുന്നതിന്
പൂ കായാവുന്നതിന്
പൊന്നും നീരും പൂക്കാലവും
മണ്ണിന്നടിയിൽ പൂഴ്ത്തിവച്ചതിന്
ചന്ദ്രന്റെ വൃദ്ധിക്ഷയത്തിന്
സൂര്യന്റെ അസ്തമയത്തിന്
ചരങ്ങളുടെ യാത്രയ്ക്ക്
അചരങ്ങളുടെ സ്ഥിരതയ്ക്ക്.
ഭൂമിയിൽ ഇത്രയേറെ നിറങ്ങൾ നിറച്ചതിന്
ചോര ഇത്രയേറെ ചുകപ്പിച്ചതിന്
ഇലയിൽ കാടും മഴയിൽ ആകാശവും
മണൽതരിയിൽ നക്ഷത്രവും
മഷിയിൽ സ്വപ്നവും നിറച്ചതിന്
വാക്കുകളിൽ ഇത്രയേറെ
അർത്ഥങ്ങൾ നിറച്ചതിന്
തിയ്യതികളിൽ ഇത്രയേറെ
ചരിത്രം നിറച്ചതിന്
ഇന്നലെയിൽ ഇന്നും ഇന്നിൽ നാളെയും
ഒളിപ്പിച്ചു വച്ചതിന്
ചേഷ്ടകളിൽ നൃത്തവും
പ്രകൃതിയിൽ പ്രതീകങ്ങളും നിറച്ച
സ്രഷ്ടാവിനെ സൃഷ്ടിച്ചതിന്.
ഭൂകമ്പങ്ങൾക്ക് മാപ്പ്
കൊടുംകാറ്റുകൾക്ക് മാപ്പ്
കാട്ടുതിയ്യിനും കടൽകോളിനും മാപ്പ്
ഭൂമി കേടുവന്ന ഒരു യന്ത്രമാണ്
അത് നന്നാക്കാൻ ഞാൻ പോരാ
ഞാൻ നാടില്ലാത്ത പെരുമാൾ
വേലില്ലാത്ത മുരുകൻ
നാവില്ലാത്ത പ്രാണൻ.
കണ്ടുപിടിക്കൂ
ബലി ചോദിക്കാത്ത ദൈവത്തെ
ഭയം തളർത്താത്ത മനുഷ്യനെ
കണ്ടുപിടിക്കൂ
ഭാഷ
അക്ഷരമാല.