മലയാളത്തിലെ എല്ലാ അക്ഷരങ്ങളും എനിക്ക് അറിയില്ലെന്ന് എട്ടുനാടും പൊട്ടുമാറ് വിളിച്ചു പറയാൻ തന്റേടമുണ്ടായത് വൈക്കം മുഹമ്മദ് ബഷീറിന് മാത്രമാണ്. ചരിത്രത്തിൽ ഇതിനു തുല്യം ചാർത്താൻ പിന്നെ തെളിഞ്ഞു വരുന്നത് ആംഗലേയ സാഹിത്യകാരൻ ഡോ. ജോൺസൺ മാത്രമാണ്. തന്റെ ഡിക്ഷണറിയിലെ തെറ്റ് ചൂണ്ടിക്കാട്ടിയ കുട്ടിയോട് ‘അറിവില്ലായ്മയാണ് ക്ഷമിക്കണം ‘എന്നാണ് ഡോ. ജോൺസൺ പ്രതികരിച്ചത്.
അകതാരിൽ കുടുമയുമായി അരമനക്കെട്ടുകൾക്കുള്ളിൽ ആഢ്യ ഭാവത്തോടെ ഗജരാജ വിരാചിത മന്ദഗതം കൊണ്ട മലയാള സാഹിത്യത്തെ നാട്ടിലെ തൊഴിലാളികളുടേയും കറവക്കാരന്റെയും കള്ളന്റെയും വേശ്യയുടെയുമെല്ലാം സംവേദന ഭാഷ കൂടിയാക്കി മാറ്റിയതിൽ ബഷീർ സാഹിത്യം എക്കാലത്തും ഒന്നാം സ്ഥാനത്ത് തന്നെയാണ്. പള്ളിക്കൂടത്തിൽ പോകാത്തവരും ആട്ടിടയന്മാരും അടുക്കളയിൽ കരിപുരണ്ട പാത്രങ്ങൾ കഴുകി കൈവിരലിലെ നഖം തേഞ്ഞു പോയ നാടൻ പെൺകുട്ടികളും മൂട്ടയും തേളും പൂച്ചയും എറുമ്പും എല്ലാം ഉൾപ്പെട്ട ലോകചരാചരങ്ങളെ സാഹിത്യ സിംഹാസനത്തിലേക്ക് അതിഥികളായി വിളിച്ചിരുത്തി സൽക്കരിച്ച സുൽത്താനാണ് ബഷീർ എന്നും പറയാം. സാഹിത്യ സൃഷ്ടിക്കായി കുടവയറുള്ള തമ്പ്രാക്കന്മാരെയും മുലക്കച്ചകെട്ടിയ വെൺമേനികളെയും തേടി തൂലികാകാരന്മാർ അലഞ്ഞു നടന്ന കാലത്ത് കാലിൽ തട്ടിയ കാട്ടുവള്ളിയെപ്പോലും അക്ഷരത്തിന്റെ അരഞ്ഞാണത്താൽ ഊഞ്ഞാലുകെട്ടി ആടിച്ച അര പിരാന്തനായിരുന്നു ബഷീർ.
അദ്ദേഹം ഒരിക്കലും വാക്കകൾക്കു പിന്നാലെ പോയിട്ടില്ലെന്ന് പല സാഹിത്യകാരന്മാരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പകരം ഭാഷ ബഷിറിന്റെ തൂലികത്തുമ്പിലേക്ക് ഒഴുകിയെത്തുകയായിരുന്നു.അങ്ങനെയാണ് മലയാളത്തിന്റെ പുതു ഭാഷാ ശബ്ദതാരാവലിയായി അദ്ദേഹത്തിന്റെ ഓരോ കൃതികളും മാറിയത്. ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന് എന്ന് വിളിച്ചു പറഞ്ഞപ്പോഴും മജീദിന്റെ മുഖത്തേക്ക് സുഹറ വളി വിട്ട ശബ്ദം കേൾപ്പിച്ചപ്പോഴും ഭാഷയിൽ തന്റേതായ ഒരു ഉപശാഖ തീർക്കുകയായിരുന്നു ബഷീർ. വ്യാകരണ മുക്തമായ ഒരു ഭാഷാശാസ്ത്രമായിരുന്നു അത്.
ഹാസ്യം കൊണ്ട് ആൾക്കാരെ ചിരിപ്പിക്കാൻ മാത്രമല്ല അനുവാചക ലോകത്തെ കണ്ണീരിൽ ആഴ്ത്താനും കഴിയുമെന്ന് തെളിച്ചതാണാ ശാഖ. ബഷീറിന്റെ ഈ കരവിരുതിന് പകരം വെയ്ക്കാൻ ചാർളി ചാപ്ലിനല്ലാതെ അധികം പേരെ ലോകത്തിന് പരിചയമില്ല. സമൂഹത്തിന്റെ അടിത്തട്ടിൽ അഴുക്കു ജീവിതം നയിച്ചവർക്കും ജീവനും ഭാഷയുമുണ്ടെന്ന് അദ്ദേഹം തെളിയിച്ചു. ജയിൽപ്പുള്ളികൾ, ഭിക്ഷക്കാർ, പട്ടിണിക്കാർ, സ്വവർഗ്ഗാനുരാഗികൾ തുടങ്ങിയവരെല്ലാം നിറഞ്ഞ ഒരു പാന്റമോണിയമായിരുന്നു അദ്ദേഹത്തിന്റെ സാഹിത്യ ലോകം. അങ്ങിനെയൊരു പാൻറമോണിയം തീർക്കാൻ ആംഗലേയ കവി ജോൺ മിൽട്ടനല്ലാതെ മറ്റാർക്കും കഴിഞ്ഞിട്ടില്ല.
സമൂഹത്തിൽ ഉന്നത നിലവാരത്തിൽ ജീവിക്കുന്നവരെ മാത്രം നായികാനായകന്മാരാക്കി കഥ പറഞ്ഞിരുന്ന കാലത്ത് സങ്കല്പാചാരങ്ങളുടെ താഴികക്കുടങ്ങൾ എറിഞ്ഞുടക്കുന്നതായിരുന്നു ബഷീറിയൻ സാഹിത്യങ്ങൾ. അതേസമയം സ്വന്തം സമൂഹത്തിൽ നിലനിന്നുപോന്ന മുഴുവൻ അനാചാരങ്ങൾക്കുമെതിരെ അദ്ദേഹം ശക്തമായി തന്നെ എഴുതി.
പ്രേമം ദിവ്യവും സുന്ദരവും നിർമ്മലവുമാണെന്ന് ബഷീർ ലേഖനമെഴുതിയില്ല. എന്നാൽ ഉന്നതകുലജാതനായ കേശവൻ നായരുടെയും തൊഴിൽ രഹിതയായ കൃസ്ത്യൻ യുവതി സാറാമ്മയുടെയും ജീവിതം അത് ലോകത്തോട് വിളിച്ച് പറയുന്നു. കാക്കനാടനും തകഴിയും മാധവിക്കുട്ടിയുമാണ് ബഷീറിനോളം പ്രേമത്തെ മഹത്വവത്കരിച്ച മറ്റുള്ളവരെന്ന് തോപ്പിൽ ഭാസി പറഞ്ഞിട്ടുണ്ട്. പെൺബുദ്ധി എന്ന പേരിൽ മനുഷ്യന്റെ വികാരവിചാരങ്ങൾക്ക് മസ്തിഷ്കത്തിൽ പുതിയൊരു അറ കണ്ടെത്തിയ വൈദ്യരാണ് വൈക്കം മുഹമ്മദ് ബഷീർ എന്ന് എം.എൻ.കാരശ്ശേരി പറയുന്നു. പാത്തുമ്മയുടെ ആടും,ബാല്യകാല സഖിയും, മതിലുകളും, മുച്ചീട്ടുകളിക്കാരന്റെ മകളുമെല്ലാം മലയാള സാഹിത്യത്തിൽ ഈ ബുദ്ധികേന്ദ്രങ്ങളുടെ വിളയാട്ട ഭൂമികയാണ്. മലയാളത്തിലെ ആദ്യത്തെ സ്ത്രീപക്ഷ സാഹിത്യകാരനാണ് ബഷീർ എന്ന് തന്റെ കാൽ നൂറ്റാണ്ടുകാലത്തെ സൗഹൃദത്തെ സാക്ഷിയാക്കി കാരശ്ശേരി മാഷ് വാദിക്കുന്നുണ്ട്.
ബഷീർ എന്നും ദൈവവിശ്വാസി ആയിരുന്നു. ഈ അണ്ഡകടാഹത്തിനൊരു നിയന്താവ് ഉണ്ടെന്ന് അദ്ദേഹം പലപ്പോഴും സ്ഥാപിച്ചിട്ടുണ്ട്. വെളിച്ചത്തിനെന്തൊരു വെളിച്ചം എന്ന് അദ്ദേഹം പറഞ്ഞത് ഖുർആനിലെ ‘നൂറുൻ അലാ നൂർ’ എന്ന പ്രയോഗത്തിൽ നിന്ന് ആശയം സ്വാംശീകരിച്ചാണെന്ന് യൂസഫലി കേച്ചേരി പറയുന്നു. അതേസമയം മുസ്ലിം കുടുംബ സാമുഹൃ പശ്ചാത്തലങ്ങളെ ചൂഴ്ന്ന് നിന്ന അന്ധവിശ്വാസങ്ങളെ നിഷ്കരുണം ആക്ഷേപിക്കാൻ മതത്തിലുളള തന്റെ അംഗത്വം ഫലപ്രദമായി സുൽത്താൻ ഉപയോഗിച്ചു. എല്ലാ മതങ്ങളെയും അദ്ദേഹം ആദരിച്ചു. എന്നാൽ മതങ്ങളെ ചുറ്റിപ്പറ്റിയുള്ള അനാചാരങ്ങളോട് സന്ധി ആവാൻ
ബഷീറിലെ സെക്യുലറിസ്റ്റിന് മനസ്സില്ലായിരുന്നു. ഒരു ഭഗവത് ഗീതയും കുറേ മുലകളും, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്, മാന്ത്രികപ്പൂച്ച, വിശ്വവിഖ്യാതമായ മൂക്ക് എന്നിവയിലെല്ലാം കിട്ടിയ സന്ദർഭങ്ങൾ ഉപയോഗിച്ച് മതത്തെ ഉപജീവിച്ച് അരങ്ങു വാണിരുന്ന അനാചാരങ്ങളുടെ നെട്ടപ്പുറത്ത് അക്ഷരങ്ങളുടെ ചാട്ടവാറടിക്കാൻ ബഷീറിന് കഴിഞ്ഞു.
സ്വാതന്ത്ര്യസമര സേനാനിയായിരുന്നു ബഷീർ. ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഷ്ഠിച്ചു.ആ അനുഭവം മതിലുകളുടെ രചനക്ക് മുതൽകൂട്ടായി.എന്നാൽ മഹാത്മജിയുടെ കൊലപാതകത്തോടെ അദ്ദേഹം രാഷ്ട്രീയം മതിയാക്കുകയായിരുന്നു.മഹാത്മാവിന് പോലും ജീവിക്കാൻ സ്വാതന്ത്യം നൽകാത്ത ഈ നാട്ടിൽ ഇനിയെന്ത് രാഷ്ട്രീയം എന്നാണ് ബഷീർ അതിനു നൽകിയ ന്യായം.
സംഭവലോകത്തെ സാധാരണക്കാരന്റെ നാവിൻതുമ്പിലൂടെ സാഹിത്യ സാമ്രാജ്യത്തിൽ കൊട്ടാരം തീർത്ത സുൽത്താൻ വിടവാങ്ങിയിട്ട് ഈ ജൂലൈ അഞ്ചിന് ഇരുപത്താറാണ്ട് തികഞ്ഞു.
Mobile: 94472 88081