”പഴകിയ പഴന്തുണിക്കെട്ടുകളുടെ വാടയാണീ നഗരത്തിന്
പുഴുത്ത മുലപ്പാലിന്റെ ചുവയാണീ നഗരത്തിന്
ഐസുകട്ടയിൽ സൂക്ഷിക്കുന്ന
മീൻകണ്ണിന്റെ കാഴ്ചയാണീ നഗരത്തിന്”
കടമ്മനിട്ട രാമകൃഷ്ണൻ 1979ൽ എഴുതിയ ‘നഗരത്തിൽ പറഞ്ഞ സുവിശേഷം’ എന്ന കവിതയിലെ വരികളാണിവ. ഗ്രാമത്തോടുള്ള അടങ്ങാത്ത മമതയിൽ നിന്നുകൊണ്ട് നഗരത്തെ നോക്കുന്ന ദ്വന്ദ്വാത്മകതയുടെ കാഴ്ചകളായിരുന്നു ആധുനിക കവിതകളിൽ കടന്നുവന്ന നഗരാവിഷ്‌കാരത്തിലുള്ളത്. ഇതിൽ നിന്നു തികച്ചും വ്യത്യസ്തമായി താൻ അടിമുടി നഗരമനുഷ്യനാണെന്ന തിരിച്ചറിവിൽ നിന്നുകൊണ്ട് രചിക്കുന്ന വ്യഥയുടെ ഗാഥകളാണ്
ടി.കെ. മുരളീധരന്റെ ‘അഴൽ നദികൾ’ എന്ന സമാഹാരത്തിലുള്ളത്.
നഗരത്തിന്റെ പച്ചയായ അനുഭവ സീമകളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടു നടക്കുന്ന കവിതകളാണിവ. പ്രവാസി കവിതയുടെ ഏകതാനസ്വരത്തെ ഈ വരികൾ മറികടന്നിരിക്കുന്നു. നിരവധി ഫ്രെയ്മുകൾ ചേർത്തുവച്ച് നഗരത്തിന്റെ അകംപുറം കാഴ്ചകൾ ചിത്രപ്രദർശനത്തിലെന്നവണ്ണം അഴൽനദിക്കരയിൽ അടുക്കിവച്ചിരിക്കുന്നു. എത്രയോ വട്ടം കാണുകയും കേൾക്കുകയും ചെയ്ത ജീവിതചിത്രങ്ങൾക്ക് പുയൊരു മാനം നൽകുന്ന കവി
തകളാണിവ. മഴയും നദിയും ട്രെയിനും മനുഷ്യനുമൊക്കെയുൾപ്പെടുന്ന പതിവുചിത്രങ്ങൾ പുതിയ വർണത്തിലാണീ ചിത്രകാരനായ കവി രചിച്ചിരിക്കുന്നത്.
നഗരജീവിതത്തിന്റെ സുപ്രധാന അടയാളമെന്നോണം യാത്ര ഈ കവിതകളിലുടനീളം ചിതറിക്കിടക്കുന്നു. ട്രെയിനുകളും, ഇലക്ട്രിക് ട്രെയിനുകളും, മോട്ടോർ സൈക്കിളും, ആംബുലൻസും, തിങ്ങിനിറയുന്ന ആൾക്കൂട്ടത്തിന് നടുവിലെ സഞ്ചാരവുമൊക്കെ
പല മാനങ്ങളിലുള്ള നഗരജീവിതത്തെ ആവിഷ്‌കരിക്കുന്നു. ചലനാത്മകതയെ നഗരജീവിതത്തിന്റെ കേന്ദ്രസ്വഭാവമായി അടയാളപ്പെടുത്തുമ്പോഴും നിശ്ചലമായിപ്പോകുന്ന ജീവിതത്തെ അതിനോട് ഇഴപിരിച്ചവതരിപ്പിക്കുന്നു.
മുംബൈ നഗരത്തിലെ യാത്രകളുടെയെല്ലാം പ്രഭവസ്ഥാനമെന്ന നിലയ്ക്ക് റെയിൽവേസ്റ്റേഷനും ട്രെയിനുകളും നിരവധി കവിതകളിൽ കടന്നുവരുന്നുണ്ട്. കുളിച്ചൊരുങ്ങി യാത്രയ്ക്ക് തയ്യാറായി പുറപ്പെടുന്ന ‘നേത്രാവതി’ക്ക് ഒരു പെൺഭാവമാണ് കവിതയിലുടനീളം കല്പിക്കുന്നത്. ”ഇപ്പോൾ മുകൾ ബർത്തിൽ മലർന്നുകിടക്കുന്ന അവളുടെ കിതപ്പിന് പണ്ട് അമ്മയുടെ നെഞ്ചിൽ ചെവി ചേർത്ത് കിടന്നപ്പോൾ കേട്ട അതേ ഹൃദയതാളം” എന്നെഴുതുമ്പോൾ തീവണ്ടിക്ക് പ്രിയതരമായ ഭാവം കൈവരുന്നു. റെയിൽ
വേസ്റ്റേഷനിലെ ഇരുമ്പുപടികൾക്കരികിൽ വർഷങ്ങളായി ഇരിക്കുന്ന അന്ധയായ പിച്ചക്കാരി കരുതാൻ ആരുമില്ലാതെ വിസർജ്യങ്ങൾക്കും പൊടിപടലങ്ങൾക്കുമിടയിൽ കിടന്നു മരിച്ചുപോകുന്ന ചിത്രം ‘നേത്രാവതി’യിലുണ്ട്.
”എപ്പോഴാണാവോ അവൾക്കുള്ള വണ്ടി വന്നത്” എന്നാണ് മരണത്തെ കവി എഴുതുന്നത്. എപ്പോൾ വിളിച്ചാലും തിരക്കിലായിരുന്ന കൂട്ടുകാരന്റെ ഫോൺ എടുത്ത് മറ്റൊരാൾ റെയിൽവെ ലൈനിൽ നടന്നൊരു പൊട്ടിത്തെറിയിൽ ചിതറിവീണ ശരീരങ്ങൾക്കിടയിൽനിന്ന് കിട്ടിയ ഫോണാണിതെന്നു പറയുന്നിടത്തുവരെ നീളുന്ന റെയിൽ അനുഭവങ്ങൾ നേത്രാവതിയിൽ കോറിയിടുന്നുണ്ട്. പ്ലാറ്റ്‌ഫോമിലെ തിരക്കും പ്ലാറ്റ്‌ഫോം മതിലിലെ പൊത്തിലെ കിളിക്കൂടിൽനിന്നു മിഴിക്കുന്ന കുഞ്ഞുകിളിക്കണ്ണിൽ വിരിയുന്ന ട്രെയിനുകളും ആൾക്കൂട്ടവുമൊക്കെ യാത്രയുടെ വിവിധ ഭാവങ്ങളായി കടന്നുവരുന്നു. റെയിൽവെ ലൈനിൽ നടന്നൊരു പൊട്ടിത്തെറിയിൽ ചിതറിവീണ ശരീരങ്ങൾക്കിടയിൽ നിന്നുകിട്ടിയ ഫോണാണിതെന്നു പറയുന്നിടത്തുവരെ നീ ളുന്ന റെയിലനുഭവങ്ങൾ ‘നേതാവതി’യിൽ കോറിയിടുന്നുണ്ട്. നഗരത്തിലെ തിരക്കുപിടിച്ച ജീവിതത്തിന്റെ അടയാളമായി വേഗതയുടെ ചെറുയാത്രകൾ നിരന്തരം ഈ കവിതകളിൽ പ്രത്യക്ഷമാകുന്നു.
പ്രണയിനിയുടെ ഉടലിനോടൊട്ടി ചാറ്റൽമഴയത്തു ഹൈവേയിലൂടെ മോട്ടോർ സൈക്കിൾ പറത്തിപ്പോയവനെ ആംബുലൻസ് അതേവഴിയിലൂടെ കൊത്തിവലിച്ച് സർക്കാരാശുപത്രിയി
ലെ മോർച്ചറിക്കു മുന്നിൽ കൊണ്ടുപോയി തളയ്ക്കുന്നു എന്ന് ‘മഴ’ എന്ന കവിതയിലെഴുതുമ്പോൾ രതിയും മൃതിയും ഇടകലരുന്ന നഗരചിത്രങ്ങളാണ് തെളിഞ്ഞുവരുന്നത്. തോരാമഴയ്ക്കുള്ളിലൂടെ എപ്പോഴും ഒരു ആംബുലൻസ് ചുറ്റിത്തിരിയുന്നുണ്ടെന്നും രാത്രിമഴയുടെ ഉലയുന്ന ചുമരുകളിൽ ചെവി ചേർത്താൽ നിങ്ങൾ
ക്ക് ആ തേങ്ങൽ വ്യക്തമാകുമെന്നും എഴുതുമ്പോൾ എല്ലാ ചലനങ്ങളിലും മൃതിയുടെ അദൃശ്യസാന്നിദ്ധ്യം പതിഞ്ഞിരിക്കുന്നുവെന്ന ഓർമപ്പെടുത്തലാണുള്ളത്. പെരുമഴയിൽ കുടുങ്ങിപ്പോയ ട്രെയിൻ റദ്ദാക്കപ്പെടുന്നതും അനാഥമായ യാത്രകൾക്കു മുകളിൽ ഒഴുകിനടക്കുന്ന റെയിൽവെ അറിയിപ്പുമൊക്കെ യാത്രയുടെ, ജീവിതത്തിന്റെ വിവിധ അടരുകളെയാണുൾക്കൊള്ളുന്നത്.
നഗരചിത്രങ്ങളിലെ വ്യത്യസ്തമായൊരേടാണ് മഴക്കാഴ്ചകൾ തുറക്കുന്നത്. ‘മഴയെക്കുറിച്ച് കിനാവ് പറയുന്നവരെ കാണിക്കുവാൻ’ കുറെ വ്യത്യസ്ത ചിത്രങ്ങളാണ് ‘മഴ’ എന്ന കവിതയിൽ കരുതിവയ്ക്കുന്നത്. ഒഴിഞ്ഞ റോഡുകളും ഗലികളുമെല്ലാം മഴ കയ്യേറിയതിനെക്കുറിച്ചെഴുതുമ്പോൾ പ്രളയസമാനമായ മഴക്കെടുതിയാണ് കവിതയിൽ നിറയുന്നത്. കാല്പനികഭംഗി തുളുമ്പുന്ന മഴക്കാഴ്ചകൾ പരിചയിച്ച വായനക്കാരനു മുമ്പിൽ നഗരത്തെ വിഴുങ്ങുന്ന മഴപ്പെയ്ത്തിന്റെ ഭയാനക ദൃശ്യങ്ങൾ കോറിയിടുന്നു. പെരുമഴയിൽ കുടുങ്ങിപ്പോയ ട്രെയിനുകളും സ്‌കൂൾ ബസ്സുകളും കാറും വിമാനവുമൊക്കെ ജീവന്റെ മിടിപ്പുകളിൽ നിന്നു സ്വതന്ത്രമാക്കി ദൈവം ഒരു പച്ചക്കുപ്പിക്കുള്ളിൽ ശേഖരിച്ചുവയ്ക്കുന്നതായി കവി എഴുതുന്നു. നനഞ്ഞുകുതിർന്ന ഓരോ കാഴ്ചകളും പിടയ്ക്കുന്ന ജീവനെയാണ് ആവിഷ്‌കരിക്കുന്നത്.
”പുക പിടിച്ച ആകാശത്തിന്റെ അടിവയറ്റിൽ ആരോ പേനാക്കത്തികൊണ്ട് നന്നായൊന്ന് കോറി മഴ പെയ്യാൻ തുടങ്ങി” എന്നെഴുതിക്കൊണ്ട് മഴയെക്കുറിച്ചുള്ള കാല്പനിക സങ്കല്പങ്ങളെ തകർക്കുന്ന ചിത്രം വരച്ചുചേർക്കുന്നു. ”പ്രിയപ്പെട്ട കവീ, താങ്കളുടെ ഗ്രാമത്തിനു മോളിലൂടെ നിർത്താതെ പോയ ആ ലിമിറ്റഡ് സ്റ്റോപ്പ് മേഘം ഈ നഗരത്തിലെ ഇരുപത്തൊന്നാം നിലയിൽ തട്ടിത്തകർന്നു. ഇവിടെ പെരുമഴയാണ്” എന്നു ‘സെക്കന്റ് ഷോ’ എന്ന കവിതയിലെഴുതുമ്പോൾ കാളിദാസന്റെ മേഘസന്ദേശത്തിലൂടെ ആറ്റൂരിന്റെ നഗരത്തിൽ ഒരു
യക്ഷനിലൂടെ സഞ്ചരിച്ച് മലയാളഭാവനയുടെ പുതിയ ആകാശത്തുവന്ന് അകാല്പനികഭാഷയിൽ കവിത സംവദിക്കുന്നു. മരണവും മഴയും ഇഴപിരിയുന്ന അനുഭവസഞ്ചയം ഈ മഴക്കവിതകളുടെ മുഖമുദ്രയാണ്.
നഗരജീവിതത്തിന്റെ വിവിധ ഭാവങ്ങളിലൂടെ തെന്നിനീങ്ങുന്ന കാഴ്ചകളാൽ സമ്പന്നമാണ് ഈ സമാഹാരം. ചേരിയിലെ തകരക്കൊട്ടാരങ്ങൾക്കു മറുപുറമായി ആകാശംമുട്ടെ ഉയരുന്ന വീടുകൾ നഗരജീവിതത്തെ വൈരുദ്ധ്യത്തിന്റെ പ്രതീകമായി അഴൽനദികളിൽ അവതരിപ്പിക്കുന്നു. പന്നിക്കുട്ടികളോടൊപ്പം കുത്തിമറിയുകയും ആക്രിക്കൂമ്പാരങ്ങളിൽ ചിക്കിച്ചികയുകയും ചെയ്യുന്ന ചേരിയുടെ മക്കൾ ബാല്യത്തിന്റെ മറ്റൊരു മുഖത്തേയ്ക്കു കാഴ്ചകളുടെ ജാലകം തുറക്കുന്നു. ”നഗരത്തിന്റെ തീ പിടിച്ച മുതുക് ആളിക്കൊണ്ടേയിരിക്കുന്നു” (സെക്കന്റ് ഷോ) എന്ന വരികൾ നഗരാനുഭവത്തിന്റെ വേവുകളെയാണ് ആവിഷ്‌കരിക്കുന്നത്.
വിജനമായ ചന്തയുടെ മൂലയിൽ ആർക്കും വിൽക്കാൻ താത്പര്യമില്ലാതെ മാതളനാരങ്ങകളുമായിരിക്കുന്ന കച്ചവടക്കാരൻ, ഇരകളെ കുടുക്കുവാൻ കെണിവച്ചിരിക്കുകയാണെന്ന തിരിച്ചറിയൽ (കെണി) നഗരത്തിന്റെ ഭീകരമുഖത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്.
‘ഒരു ഫ്രിഡ്ജിന്റെ ഓർമ’ എന്ന കവിത വാടകവീട് തോറും മാറിനടക്കുന്ന നഗരമനുഷ്യന്റെ ഒഴുക്കുജീവിതത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ചുമരിലേക്ക് ആഴ്ന്നിറങ്ങിയ വേരുകൾ അറുത്തുമാറ്റിയാണ് ആക്രിക്കാരൻ പയ്യൻ ഫ്രിഡ്ജ് വേർപെടുത്തുന്നത്. ”പരസ്പരം ആഴ്ന്നിറങ്ങിയ ഞരമ്പുകൾ മുറിച്ചുമാറ്റണം, വേരുകൾ പിഴുതെടുക്കണം, ഓർമകളൊക്കെ ചിതലും പൊടിയും തട്ടി തൂക്കിവിൽക്കണം ഉപേക്ഷിക്കണം” എന്ന് വീടുമാറ്റത്തെക്കുറി
ച്ചെഴുതുമ്പോൾ വീടനുഭവം വിഭിന്നമായ ആവിഷ്‌കാരമാകുന്നു.
കൽബാദേവി തുണിമാർക്കറ്റിന്റെ പൂർവപ്രതാപവും ഇന്നത്തെ തകർന്ന അവസ്ഥയും എഴുതുമ്പോൾ (കൽബാദേവി) അനുദിനം മാറുന്ന നഗരചിത്രത്തിന്റെ മുഖമാണ് വരച്ചുകാട്ടുന്നത്. വേസ്റ്റുകൂനയിൽ തുരുമ്പെടുത്ത്, പഴകി ഒടിഞ്ഞുതൂങ്ങിക്കിടക്കുന്ന പടുകൂറ്റൻ യന്ത്രം (യന്തിരൻ) ഉപയോഗിച്ച് ഉപേക്ഷിക്കുന്ന സംസ്‌കാരത്തിന്റെ പ്രതിരൂപമാകുന്നു.
മൃഗങ്ങളും മരങ്ങളും ചെടികളും പൂക്കളും നഗരക്കാഴ്ചയിൽ മറ്റൊരു രൂപത്തിലാണ് കടന്നുവരുന്നത്. കരിങ്കൽലോറി കുന്നിറങ്ങിവരുന്നത് ഒറ്റയാൻ കൊമ്പുകുലുക്കി വരുന്നതുപോലെയാണെന്നു കവി സങ്കല്പിക്കുന്നു. ഈ ലോറി മുനിസിപ്പാലിറ്റിയുടെ ചവറുവണ്ടിയായി മാറിയേക്കാമെന്നും ദുർഗന്ധത്തിൽ, കനത്ത ഇരുട്ടിൽ എല്ലാം ആണ്ടുപോയേക്കാമെന്നും (പൊടിക്കാറ്റിൽ) കവിതാവസാനം കവി തിരിച്ചറിയുന്നു. ചെടികളും പൂക്കളും പൂമ്പാറ്റകളുമുള്ള പൂന്തോട്ടം കവിയുടെ ഓർമകളിലെ അമ്മയുടെ ഷിഫോൺ
സാരിയിലൂടെയാണ് കടന്നുവരുന്നത്. നഗരത്തിന്റെ ആൾക്കൂട്ടപ്പെരുവഴിയിലൂടെ ഒഴുകുമ്പോൾ ആകാശത്തുകൂടി പറന്നുപോകുന്ന പഴയ ഷിഫോൺ സാരിയാണ് കവിയെ ഓർമകളുടെ പൂന്തോട്ടത്തിലേക്ക് ആനയിക്കുന്നത്.
സഹതാപത്തിന്റെയോ ദൈന്യതയുടെയോ കണ്ണീർക്കൂട്ടുകളില്ലാതെ, നഗരജീവിതത്തിന്റെ ഓരം ചേർന്നു നടക്കുന്ന ഒട്ടനവധി പെൺജീവിതങ്ങൾ ഈ കവിതകളിലുണ്ട്. ആശുപത്രി മാലിന്യ
ങ്ങൾ വെളുപ്പിച്ച് വെളുപ്പിച്ച് മരണത്തിന്റെ കറുത്ത കയത്തിലേക്ക് ആണ്ടുപോയ മൗസിയും (മൗസി) ചേരികൾക്കു നടുവിലെ കറുത്ത നദിക്കരയിലെ ഒറ്റമുറി വീട്ടിൽ തീരാത്ത വീട്ടുപണികളിൽ കുരുങ്ങിക്കിടക്കുന്ന കൂട്ടുകാരിപ്പെണ്ണും താൻ നിർമിച്ച വീടിനു കേടുപറ്റാതിരിക്കുവാൻ അതിനെ നെഞ്ചോടു ചേർത്തുനടക്കുന്ന സ്‌കൂൾ കുട്ടിയും. നഗരാരവങ്ങൾക്കു നടുവിൽ അഭ്യാസം ചെയ്തു പുലരുന്ന നാടോടി പെൺകുട്ടിയും റോഡരുകിലെ അടുപ്പിൽ ഓടക്കുഴലൂതി കണ്ണുനിറയ്ക്കുന്ന സ്ത്രീയും (അഴൽനദി) നഗരത്തി
ന്റെ അരികുജീവിതങ്ങളിലേയ്ക്കു മിഴി നീട്ടുന്ന കാഴ്ചകളാണ്.
നഗരത്തിലെ സമ്പന്നരുടെ പ്രഭാതസവാരിക്കിടയിൽ നുഴഞ്ഞുകയറിയ ഭ്രാന്തിത്തള്ളയുടെ കീറത്തുണികൾ കൊണ്ടുള്ള ചുറ്റിക്കെട്ടും ദുർഗന്ധവും (മോണിങ് വാക്ക്) പെൺജീവിതത്തിന്റെ നാനാവിധ കാഴ്ചകളിലേക്കു നയിക്കുന്നു. മുഖത്ത് ഒരു കമ്പിളിപ്പുഴു ഉള്ളി
ലേക്കു പുളഞ്ഞുകയറുന്നതിന്റെ പൊടിപ്പുമായി പെരുമഴയത്ത് ഒറ്റയ്ക്ക് വഴിക്കണ്ണുമായി നിൽക്കുന്ന പെൺകുട്ടി ആഴമുള്ള ഒറ്റ ദൃശ്യത്തെയാണു പ്രതിഫലിപ്പിക്കുന്നത്.
കവിയുടെ എഴുത്തുകടലാസും ചിത്രകാരന്റെ ക്യാൻവാസുംഒന്നായി മാറുന്ന രാസവിദ്യയാണ് മുരളീധരന്റെ കവിതകളെ സവിശേഷമാക്കി മാറ്റുന്നത്. ചിത്രപ്രദർശനത്തിന്റെ ഓർമയെ ഉണർ
ത്തുന്ന വ്യത്യസ്ത ചിത്രങ്ങൾ നിറഞ്ഞ നിരവധി ഖണ്ഡങ്ങളുള്ള കവിതകളാണ് അഴൽനദി, മഴ, മോണിങ് വാക്ക്, സെക്കന്റ്‌ഷോ,നേത്രാവതി, ടാറിൽ മുക്കി ഉണക്കിയവ തുടങ്ങിയവ. ‘സെക്കന്റ്‌ഷോ’ എന്ന കവിതയിൽ ആർട്ട്ഗാലറിയിലെ ചിത്രങ്ങൾതന്നെയാണ് കവിതാരൂപത്തിൽ വാർന്നുവീഴുന്നത്. ചോദ്യപ്പേപ്പറുകൾ ആകാശത്തേക്ക് വലിച്ചെറിയുന്ന കുട്ടികളും, ഇരുട്ടിലേക്ക് എഴുന്നുനിൽക്കുന്ന നിരാശയുടെ എല്ലിൻകൂടുപോലെയുള്ള റെയിൽ
വേയുടെ നരച്ച ഇരുമ്പുപാലവും, മാനത്തേക്ക് മുഖം കൂർപ്പിച്ചുനിൽക്കുന്ന ഫ്‌ളാറ്റുകളും, തെരുവുനായ്ക്കൾ കടിച്ചുപറിച്ച് റോഡരുകിൽ തള്ളിയ ഒരു കുഞ്ഞു പിങ്ക് ഷൂസും ഉൾപ്പെടെ എത്രയോ ചിത്രങ്ങളാണ് ഈ കവിതയിൽ വാർന്നുവീഴുന്നത്.
‘മഴ’ എന്ന കവിതയിൽ മഴച്ചിത്രങ്ങൾ ക്യാൻവാസിലെന്നവണ്ണം വരച്ചിട്ടിരിക്കുന്നു. വഴിക്കച്ചവടക്കാരും, പച്ചക്കറിക്കാരികളും, മീൻകാരികളുമൊക്കെ മഴയുടെ ഭീകരതയിൽ ചുരുങ്ങിക്കൂടുന്ന മനുഷ്യരായി വഴിയോരത്തുണ്ട്. സെൽഫോൺ വള്ളികൾ കാതിൽ തിരുകി സിമന്റുബഞ്ചിലിരിക്കുന്ന പുതുകാല യോഗികളെ ‘മോണിങ് വാക്കിൽ’ അവതരിപ്പിക്കുമ്പോൾ സാധാരണ കാഴ്ചകൾക്ക് അസാധാരണതനൽകുവാനുള്ള കവിയുടെ കൃതഹസ്തതയാണ് പ്രകടമാകുന്നത്. ‘കടൽമണങ്ങളുടെ നൂറുപുറങ്ങൾ’ എന്ന കവിത ചിത്രകാരന്റെ അനുഭവസഞ്ചയങ്ങളാണ്. ചായക്കാടിന്റെ താഴ്‌വരകളും നേർത്ത മഞ്ഞിന്റെ മൂടുപടത്തിനുള്ളിൽ ഒതുങ്ങിയിരുന്നുറങ്ങുന്ന പാടികളും നിന്നുറങ്ങുന്ന ഓക്കുമരവുമുള്ള, മിന്നലിൽ തെളിയുന്ന ഒറ്റച്ചിത്രം ചിത്രകാരനു മാത്രം വരച്ചുചേർക്കാവുന്ന സൂക്ഷ്മതയോടെ എഴുതിച്ചേർത്തിരിക്കുന്നു. മോർച്ചറിയിലെ ചുവന്ന ഐസ്‌കട്ടകൾ വൃത്തിയാക്കി കൂൾഡ്രിങ്ക്‌സ് കടകളിൽ കൃത്യമായി എത്തിച്ചുകൊടുക്കുന്ന മോർച്ചറി സൂക്ഷിപ്പുകാരനും (ചുവന്ന ഐസ്‌കട്ടകൾ) ജുഗുപ്‌സയുണർത്തുന്ന മുംബൈ സ്‌കെച്ചുകളെയാണ് ഉൾക്കൊള്ളുന്നത്.
‘നഗരവും ഞാനും’ എന്ന കവിതയോടെയാണ് ‘അഴൽനദികൾ’ അവസാനിക്കുന്നത്. ”ഏതുമാവട്ടെ പ്രിയതമേ നിന്നിലെവിടെയാണ് എന്റെയിടം?” എന്ന അവസാന വരി അഴൽ ദിയിലെ മുഴുവൻ കവിതകളുടെയും സാരത്തെ ഉൾക്കൊള്ളുന്നതാണ്. തെന്നിത്തെന്നി മാറുന്ന, നടുക്കുന്ന നഗരക്കാഴ്ചകൾക്കു നടുവിൽ തന്റെ ഇടം എവിടെയാണെന്നുള്ള വ്യാകുലത പേറുന്ന നഗരമനുഷ്യനാണീ കവിതകളിലുടനീളമുള്ളത്.
നഗരത്തിലെ മഹാമനുഷ്യസമുദ്രത്തിൽ ഓരോരുത്തരും എത്ര നിസ്സാരജീവിയാണെന്ന തി
രിച്ചറിവിന്റെ പാഠം ഈ കവിതകളുടെ ദാർശനികപരിസരമാണ്. വ്യഥയുടെ നേർത്ത നൂലിഴകൾ പാകിയൊരുക്കിയ ഈ കാവ്യശയ്യയെ ഈടുറ്റതാക്കുന്നത് ഈ തിരിച്ചറിവിന്റെ പാഠമാണ്.