• About WordPress
    • WordPress.org
    • Documentation
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Premium
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    ▼
    • Writers
Skip to content

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

അപ്പുറം ഇപ്പുറം: ഭക്തിയും യുക്തിയും

സജി എബ്രഹാം August 8, 2019 0

നമ്മുടെ സമകാലിക നിഘണ്ടുവിലെ ഏറ്റവും വെറുക്കപ്പെട്ട പദങ്ങളാണ് നവോത്ഥാനവും മാനവികതയും. ഈ വാക്കുകൾ ഉദിച്ചു പടർന്ന ചരിത്ര സന്ദർഭങ്ങൾ മനസ്സിലാക്കിയവർക്കറിയാം ഇപ്പോഴത്തെ വെറുപ്പിന്റെ മൂലകാരണങ്ങൾ. നെറി കെട്ട നാടുവാഴിത്തം, സുഖലോലുപതയിലും ആഡംബരത്തിലും ആറാടിയ അധീശ വർഗം, ഭൗതികതയിൽ മാത്രം തിമർത്തു മദിച്ച മതം, രതി വൈകൃതങ്ങളിൽ മുഴുകിയാടിയ പോപ്പുമാർ, ലഗാനില്ലാത്ത ലൈംഗിക അരാജകത്വം, തകർന്ന ആത്മീയത, യുക്തിബോധത്തിന്റെ വരണ്ട പാഴ്ഭൂമി, വെറുപ്പ്-പക-അക്രമം-ഹിംസ തുടങ്ങി
യവയുടെ വ്യാപക നൃത്തം, മതത്തിനു മുന്നിൽ നിലം പറ്റെ ഇഴഞ്ഞ ഭരണകൂടങ്ങൾ, മാനവസംസ്‌കാരത്തിന്റെ എല്ലാ ഈടുവയ്പുകളെയും ഇരുട്ടു കൊണ്ടു മൂടിക്കളഞ്ഞ കിരാത രാവുകൾ….

അങ്ങനെ യൂറോപ്പ് എന്ന മഹാഭൂഖണ്ഡം വലിയൊരു ഊളമ്പാറയായിത്തീർന്ന മധ്യകാലത്താണ് പെട്രാർക്കിനെയും ദാന്തെയെയും ഫ്രാൻസിസ് അസ്സീസിയെയും പോലുള്ള കവികളും ജിയോട്ടയെപ്പോലുള്ള കലാകാരന്മാരും പ്രൊമിത്യൂസിന്റെ പുനരവതാരങ്ങളായി മാനവികതയെ വീണ്ടെടുക്കാനായി പിറന്നത്. കവിതകളുടെയും ചിത്രകലയുടെയും തൊട്ടിലിലേറി വന്ന നവോത്ഥാനം പിന്നെ മനുഷ്യ ജീവിതത്തിനു നൽകിയ നന്മയുടെയും സൗഭാഗ്യത്തിന്റെയും അളവ് അതിരില്ലാത്തതായിരുന്നു. തത്വചിന്തയുടെയും യുക്തിബോധത്തിന്റെയും വളർച്ച, സാഹിത്യാദി കലാരൂപങ്ങളുടെ ശക്തമായ ഉയർത്തെഴുന്നേല്പ്, അച്ചടി വിദ്യയെന്ന മാന്ത്രികത, പൊതുവിടങ്ങളുടെ ഉത്ഭവം, ശാസ്ത്രത്തിന്റെ കുതിപ്പ്, സമത്വത്തിലും സാഹോദര്യത്തിലും ജനാധിപത്യത്തിലും അധിഷ്ഠിതമായ രാഷ്ട്രീയ ആശയങ്ങളുടെ പിറവി…. അങ്ങനെയങ്ങനെ ലോകം അതിനു മുൻപൊരിക്കലും കാണാത്ത വിധം മനുഷ്യ സമൂഹം മാറിമറിയുകയായിരുന്നു. ഷുൾസ് മിഷേൽ നിരീക്ഷിച്ചതു പോലെ മനുഷ്യൻ മനുഷ്യനെയും ലോകത്തേയും കണ്ടത്തുകയായിരുന്നു നവോത്ഥാനത്തിലൂടെ. സ്വാഭാവികമായും നവോത്ഥാനത്തിന്റെ ശത്രുപക്ഷക്കാർ പ്രബലരായിരുന്നു. വെളിച്ചത്തിന്റെ ഘനായുധങ്ങളാൽ പ്രഹരമേറ്റിട്ടും പിന്നീടുള്ള ചരിത്ര വഴികളിലൂടെ മുറിവേറ്റിഴഞ്ഞിട്ടും അവരിലെ പ്രതികാരാഗ്‌നി ശമിച്ചില്ല. മുഖ്യധാരയിലേക്ക് കൊച്ചു കൊച്ചു ഇടവഴികളിലൂടെ നൂണ്ടു കയറുവാൻ അവർ എല്ലായ്‌േപാഴും ശ്രമിച്ചിരുന്നു. ചില ഹ്രസ്വ കാലങ്ങളിലെങ്കിലും ചിലയിടങ്ങളിലൊക്കെ മാനവികതയ്ക്ക് മാരകമായ പരിക്കുകൾ ഏല്പിക്കുവാൻ അവർക്ക് കഴിഞ്ഞിട്ടുമുണ്ട്. നാമിപ്പോൾ ജീവിക്കുന്ന കാലയളവും
അത്തരം ചില നൂണ്ടുകയറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ്.

മതത്തെ രാഷ്ട്രീയ അധികാരത്തിലേക്കുള്ള പതിനെട്ടാംപടിയാക്കുകയും മതം അധികാരത്തെ ഭൗതിക സമൃദ്ധിക്കുള്ള സുസ്ഥിര മൂലധനമാക്കുകയും ചെയ്തുകൊണ്ട് ഇരുണ്ട യുഗം അതിന്റെ വരവറിയിച്ചു കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് നവോത്ഥാനവും മാനവികതയും ശപിക്കപ്പെട്ട പദങ്ങളായും നന്മയേക്കാൾ വിശ്വാസവും ആത്മീയതയേക്കാൾ അനാചാരങ്ങളും യുക്തിബോധത്തേക്കാൾ പൂജാവിധികളും പരമപ്രാധാന്യമുള്ളതും ആയിത്തീർന്നിരിക്കുന്നത്. നോക്കൂ, എത്ര വേഗത്തിലാണ് സമീപ കാലത്ത് ഭക്തിയുടെ വികൃതമായ തള്ളിക്കയറ്റത്തിൽ വ്യക്തികൾ വീണുപോകുന്നത്. കാരുണ്യത്തേക്കാൾ ആചാരങ്ങൾ ശ്രേഷ്ഠമായിത്തീർന്നിരിക്കുന്നത്. വർഗീയതയും ജാതീയതയും വിഭജനമതിൽ
കെട്ടുന്നത്. വെറുപ്പും പകയും കൊലയും മനുഷ്യരിൽ സന്തോഷം ഉല്പാദിപ്പിക്കുന്നത്. മതാധികാരികൾ ലൈംഗിക കേളികളിലും സാമ്പത്തിക ക്രമക്കേടുകളിലും വ്യാപരിക്കുന്നത്. ധ്യാനകേന്ദ്രങ്ങൾ വാണിജ്യകേന്ദ്രങ്ങളാകുന്നത്. വിശ്വാസത്തിന്റെ പേരിൽ ഒരു ജനതയാകമാനം ഭയങ്കരമായ മസ്തിഷ്‌ക പ്രക്ഷാളനത്തിന് അടിപ്പെട്ടിരിക്കുന്നത്. സമ്പൂർണ സാക്ഷരതക്കാർ കൃപാസനം കത്തിച്ചു കലക്കിക്കുടിച്ച് രോഗശമനം വരുത്തുന്നത്. സാധ്വിമാർ ശപിച്ചു കൊല്ലുന്നത്. കലയും സാഹിത്യവും പിന്നോട്ടടിക്കപ്പെടുന്നത്. കച്ചവടം, കാശ്, കള്ള്, കാമിനി എന്നീ നാലു ‘ക’കാരങ്ങൾ മാത്രം മതി മനുഷ്യന് എന്നൊരു വിചാരധാരയുടെ ഇരുട്ടിലേക്ക് ജനത പതിക്കുന്നത്. പോർച്ചുഗലിന്റെ മഹാനായ നോവലിസ്റ്റ് ഷുസെ സരമാഗുവിന്റെ ഒരു നോവലുണ്ട് അന്ധത. ഒരു ദേശത്തെ മനുഷ്യരെയാകമാനം അന്ധത ബാധിക്കുന്നതിനെയും തുടർന്നുള്ള അവരുടെ ദുരിതാനുഭവങ്ങളെയുമാണ് സരമാഗു ഈ നോവലിൽ പ്രശ്‌നവത്കരിക്കുന്നത്.

”ആത്മീയത ആരംഭിക്കുന്നത് എവിടെയാണ്” – ഒരു സൂഫി സാധകനോട് അന്വേഷകൻ ചോദിച്ചു. ”നമ്മിലെ കച്ചവട മനസ്സിന്റെ നേടാനുള്ള ആസക്തിയും, രാഷ്ട്രീയ മനസ്സിന്റെ അധികാരത്തിനായുള്ള ആർത്തിയും അസ്തമിക്കുമ്പോഴാണ് ആത്മീയത ഉദിക്കുന്നത്”. ഇതായിരുന്നു സൂഫിയുടെ മറുപടി. അധികാരത്തെ നിരാകരിച്ചവരും സമ്പത്ത് ഉപേക്ഷിച്ചവരുമായിരുന്നു ഭക്തിയെ മഹാപ്രസ്ഥാനമാക്കി മാറ്റിയത്. എന്നാലിപ്പോഴവർ നമ്മുടെ ഓർമകളിൽ നിന്നുപോലും പിഴുതെറിയപ്പെടുന്നു. നമ്മുടെ പാരമ്പര്യത്തെക്കുറിച്ചുള്ള പ്രഘോഷണങ്ങളിൽ അവരുടെ പേരുകളാരും ഉച്ചരിക്കുന്നില്ല. കാരണം ലളിതമാണ്. അവർ വെളിച്ചത്തിന്റെ സന്തതികളായിരുന്നു. അവർ കാഴ്ചയുള്ളവരായിരുന്നു. അവർ എല്ലാം സുവ്യക്തമായി കണ്ടു. അതവർ ലോകത്തോടു പറഞ്ഞു ”…ഒരു യോനി, ഒരാകാരമൊരുഭേദവുമില്ലതിൽ”. തമസ്സ് സുഖപ്രഥമാണെന്ന് വിശ്വസിക്കുന്നവർക്ക്, കരുണയല്ല ബലിയാണ് മഹത്തരം എന്ന് കരുതുന്നവർക്ക്, നിന്റെ മതമല്ല എന്റെ മതമാണ് കേമം എന്ന് ഉറച്ച് വിശ്വസിക്കുന്നവർക്ക് പ്രകാശം പരത്തുന്നവർ ശത്രുക്കളാണ്.

ഇരുട്ടിൽ ജീവിക്കുകയും വെളിച്ചത്തെക്കുറിച്ച് അറിയാതിരിക്കുകയും ചെയ്യുന്ന ആളുകളെപ്പറ്റി ഡാനിയേൽ ഗലൂയേയുടെ ‘Dark Universe’ എന്ന നോവലിനെ ഈ ഇരുണ്ട ഘട്ടം അനുസ്മരിപ്പിക്കുന്നു.

യഹോവ ഭക്തി ജ്ഞാനത്തിന്റെ ആരംഭമാണ് എന്നൊരു സൂക്തമുണ്ട് ബൈബിളിൽ. സെയിന്റ് പോളിന്റെ ലേഖനങ്ങളിലെ ങ്ങും യുക്തിയുടെയും ഭക്തിയുടെയും സമന്വയമുണ്ട്. ഞാൻ ആത്മാവു കൊണ്ടും പാടും ബുദ്ധി കൊണ്ടും പാടുമെന്നാണ് ഒരിക്കലദ്ദേഹം എഴുതിയത്. ഭക്തിയിൽ നിന്നും യുക്തി ഉരുത്തിരിയുന്നൊരു തലം നവോത്ഥാന നിർമിതിയിൽ കാണാം; ഭക്തിയും യുക്തിയും ദർശനമായി രൂപപ്പെടുന്നതും. ഓർമിക്കുക, നവോത്ഥാന നായകരിലേറെയും കവികളായിരുന്നു. ഭക്തിപ്രസ്ഥാനത്തിന്റെ അമരക്കാരും കവികളായിരുന്നു. ഭക്തിപ്രസ്ഥാനകവികൾ പോരാളികളും സാമൂഹ്യ പരിഷ്‌കർത്താക്കളുമായിരുന്നു. ഇറ്റലിയിലും ഇന്ത്യയിലും മാത്രമല്ല, നമ്മുടെ ചെമ്പഴന്തിയിൽ പോലും കവിയായിരുന്നു നവോത്ഥാന നായകൻ. അതെ, ഭാരതം കണ്ട എക്കാലത്തെയും വലിയ സാമൂഹ്യ പരിഷ്‌കർത്താവും ആത്മീയനേതാവുമായ ശ്രീനാരായണഗുരുദേവൻ. അരുൺ ഷൂറിയെപ്പോലുള്ള ആഢ്യന്മാരാൽ വിമർശിക്കപ്പെടുകയും ജാതിചിന്തകളുടെ
പ്രധാനാചാര്യന്മാരാൽ നിന്ദിക്കപ്പെടുകയും ഫ്യൂഡൽപ്രഭുക്കളാൽ പരിഹസിക്കപ്പെടുകയും, സ്വാതന്ത്ര്യം, സമത്വം സാഹോദര്യം എന്ന ഫ്രഞ്ചുവിപ്ലവ മുദ്ര്യാവാക്യത്തെയൊക്കെ മറികടന്നു കൊണ്ട് ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്……. എന്ന ആത്മീയ സാമൂഹ്യ മുദ്രാവാക്യം ലോകത്തിനു സമ്മാനിക്കുകയും ചെയ്ത ഈ വലിയ താപസനെപ്പോലും കേവലം വോട്ടു ബാങ്ക് രാഷ്ട്രീയത്തിനപ്പുറം മനസ്സിലാക്കാനും ആദരിക്കാനും സാധ്യമാകാത്ത വിധം ഇരുൾ പടർന്ന ഈ കാലത്തെക്കുറിച്ച് ലജ്ജ തോന്നുന്നു.

ദാർശനികതയാലും ആത്മീയതയാലും നവ്യമായ സാമൂഹ്യവീക്ഷണത്താലും സമ്പന്നമായ ഗുരുദേവന്റെ കവിതകൾ എന്തുകൊണ്ടാണ് തമസ്‌കരിക്കപ്പെട്ടതെന്ന് അന്വേഷിക്കുന്ന മൂന്ന് ശ്രദ്ധേയമായ ലേഖനങ്ങൾ 2019 മേയ് 5-നു പുറത്തിറങ്ങിയ മാതൃഭൂമി വാരികയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ഗുരുകാവ്യങ്ങളിലെ മനുഷ്യോത്സവം’ (ഡോ. എം.എ. സിദ്ദീഖ്), ‘കാല്പനികതയുടെയും മഹാഗുരു’ (കവിതാരാമൻ), ‘ശ്രീനാരായണഭാവുകത്വം നവോത്ഥാനകവിതകളിൽ’ (പി.എസ്. ശ്രീകല) എന്നിവരാണ് രചയിതാക്കൾ. വിഭിന്നമായ മൂന്ന് വീക്ഷണകോണുകളിലൂടെ ഗുരുദേവ കവിതകളിലെ ആന്തരികശോഭയെ ഈ എഴുത്തുകാർ പകർന്നുതരുന്നു. കവിതകളിലെ ആത്മീയ സാമൂഹ്യ ദാർശനിക കാല്പനിക തലങ്ങൾ സുവ്യക്തതയോടെ വ്യാഖ്യാനിക്കപ്പെടുന്നു.

ഞാൻ നടേ സൂചിപ്പിച്ചതു പോലെ കപട ഭക്തിയുടെ ഘോഷയാത്രകൾക്കിടയിൽ ഒലിച്ചുപോകുന്ന യുക്തിചിന്തയുടെ വിളക്കുമരങ്ങളെക്കുറിച്ചുള്ള ഖേദം പെരുകുമ്പോൾ ഭക്തിയിൽ യുക്തിയും യുക്തിയിൽ ഭക്തിയും സമഞ്ജസമായി ലയിപ്പിച്ച ഒരു മഹായോഗിയുടെ രചനകളുടെ വ്യാഖ്യാനനിർമിതി വലിയൊരു സാംസ്‌കാരിക കർമം തന്നെയാണ്.

കഠോരമായ നക്‌സേലിയൻ സാഹിത്യം

നക്‌സലൈറ്റുകളും മലയാള സാഹിത്യവും തമ്മിലെന്ത് എന്ന് സാമാന്യ വിവരമുള്ളവരാരും ചോദിക്കാനിടയില്ല. രാഷ്ട്രീയത്തിലും സാമൂഹ്യജീവിതത്തിലും നക്‌സലൈറ്റ് പ്രത്യയശാസ്ത്രം ഭീതിയുടെ സുവിശേഷമാണ് ഘോഷിച്ചിരുന്നതെങ്കിലും അറുപതുകളിലെയും എഴുപതുകളിലെയും സാഹിത്യത്തിലത് വസന്തത്തിന്റെ ചില ഇടിയൊച്ചകൾ ഉണ്ടാക്കിയിരുന്നു. ‘ബംഗാൾ’ തീവ്രാനുഭവങ്ങളുടെ തീ സർഗാത്മകതയുടെ ധമനികളിലേക്ക് ആളിപ്പടർത്തി. കവിതകളും നാടകങ്ങളും ചെറുകഥകളും പുതിയൊരു ഭാവുകത്വ തീവ്രത നിർമിച്ചെടുത്തു. അരാജകത്വത്തിന്റെ ചില കൃത്രിമ ഭാവങ്ങളെ ഒഴിച്ചുനിർത്തിയാൽ, തീവ്ര ഇടതുപക്ഷക്കാരായ എഴുത്തുകാർ ആത്മാർത്ഥത നിറഞ്ഞവരായിരുന്നു. ഭീമാകാരം പൂണ്ടു നിന്ന ആധുനികതയെ ചെറുത്തു നിൽക്കാൻ അല്പമെങ്കിലും ധീരത കാട്ടിയത് അവർ മാത്രമായിരുന്നു. എന്നാലിപ്പോൾ അവരെഴുതുന്നത് അത്യാസന്ന നിലയിൽ കഴിയുന്ന ഒരു രോഗിയുടെ ജല്പനങ്ങൾ പോലെ അരോചകമായിരിക്കുന്നു. അവരുടെ വരട്ടു സിദ്ധാന്തങ്ങളെപ്പോലെ പഴഞ്ചൻ സാഹിത്യ ബോധവും കാലഹരണപ്പെട്ടിരിക്കുന്നു. മാറി മാറി വരുന്ന പുതിയ ഭാവുകത്വത്തിന്റെ സൗന്ദര്യാത്മകലോകം അവരുടെ വരണ്ട പ്രത്യയശാസ്ത്രങ്ങളുടെ വൻമതിലുകൾക്ക് പുറത്താണ്. നക്‌സലൈറ്റ് രാഷ്ട്രീയ ജീവികൾ എന്ന നിലയ്ക്കും അവർ വമ്പൻ പരാജയങ്ങളായിരുന്നു. അവരിൽ മഹാഭൂരിപക്ഷത്തിന്റെയും അനന്തര രാഷ്ട്രീയ ജീവിതങ്ങൾ ലക്കില്ലാത്ത വികട സവാരികളായിരുന്നു. എന്നാൽ ഇടക്കാലത്ത് വച്ച് അവരുടെ പഴയ കാല ജീവിതങ്ങൾ നമ്മുടെ മുഖ്യധാരാമാധ്യമങ്ങൾക്ക് വേണ്ടത്ര അന്നം നൽകി. അവരുടെ ഓർമക്കുറിപ്പുകളും ആത്മകഥകളും വായനക്കാരെ മുച്ചൂടും ചെടിപ്പിച്ചു തകർക്കുന്നതു വരെ തുടർന്നു കൊണ്ടേയിരുന്നു.

ഏതോ അത്ഭുത ഭാഗ്യത്താൽ അതൊക്കെ അവസാനിച്ചല്ലോ എന്നോർത്ത് സമാധാനപ്പെട്ട് കഴിഞ്ഞിരുന്ന ഇക്കാലത്തിതാ വീണ്ടും പ്രണയത്തിന്റെ ചതുര നെല്ലിക്കകളുമായി പണ്ട് ‘സങ്കടൽ’ എന്ന നല്ല നാടകമെഴുതിയ ജോയി മാത്യു കടന്നു വന്നിരിക്കുന്നു. സിനിമാതാരങ്ങളും മുൻ നക്‌സലൈറ്റുകളും എന്തെഴുതിയാലും സംഗതി ക്ലിക്കാവുന്ന കാലം വീണ്ടും അങ്ങനെ വന്നണഞ്ഞിരിക്കുന്നു. ആട്ടോ ഫിക്ഷന്റെ നാണം കെട്ട നാൾവഴികൾ തിരിച്ചു വരുന്നു. മാധവിക്കുട്ടിയുമായുള്ള എണ്ണമറ്റ കൂടിക്കാഴ്ചാവേളകളിലെ അനുഭവങ്ങളും തന്റെ ജീവിതത്തിലെ കഴിഞ്ഞ കാലങ്ങളും ഓർത്തെടുത്തെഴുതിയ പുസ്തകമാണ് ജോയി മാത്യുവിന്റേത്. സ്വകാര്യമായ അനുഭവങ്ങളുടെ എഴുത്താഘോഷങ്ങളുടെ അരോചകത തന്നെയാണ് ഈ പുസ്തകവും നൽകുന്നത്. സാരി, ഭക്ഷണം, കള്ള്, ദാസേട്ടൻ, പ്രണയം, നീർമാതളം തുടങ്ങിയ ക്ലീഷേകളും തനി പൈങ്കിളിത്തവും നിറച്ചു വച്ച ഈ പുസ്തകം വിപണിയിൽ വിറ്റഴിയപ്പെടും. എന്നാൽ നമ്മുടെ സാഹിത്യ ബോധത്തെ വികസ്വരമാക്കുന്നതിലും സാംസ്‌കാരിക ജീവിതത്തെ ധനികമാക്കുന്നതിലും ഒരു സംഭാവനയും നൽകാത്ത കനത്ത പരാജയം എന്ന നിലയിലാവും ഇത് വിലയിരുത്തപ്പെടുക. ഇത്തരം പുസ്തകങ്ങളിലൂടെ മാധവിക്കുട്ടി അപമാനിതയാകുന്നോ എന്ന് കൂടി സന്ദേഹിക്കുകയാണ്. ജീവിതത്തിന്റെ അന്ത്യനാളുകളിൽ ബഷീറിനാണ് ഇത്തരം ദുരന്താനുഭവങ്ങൾ നേരിടേണ്ടി വന്നത്. കണ്ണിൽ കണ്ടവനും വഴിയേ പോകുന്നവനുമെല്ലാം ബേപ്പൂരിലെ വൈലാലിലേക്ക് അതിക്രമിച്ചു കയറുകയും ബേപ്പൂർ സുൽത്താൻ, സുൽത്താൻ എന്നൊക്കെ ലേശം പോലും ലജ്ജയില്ലാതെ വിളിച്ചും മാങ്കോസ്റ്റയിനെക്കുറിച്ചും സൈഗാളിനെക്കുറിച്ചും അരോചകമായ ക്ലീഷേകൾ ഉണ്ടാക്കിയും മുഖ്യധാരാ അച്ചടി മാധ്യമങ്ങളിലെങ്ങും ബഷീറിനെ നാണം കെടുത്തി. ഇതിനെതിരെ ഇത്തിരി ദയാവായ്‌പോടെ പ്രതികരിച്ച പുനത്തിൽ കുഞ്ഞബ്ദുള്ളയെ ബേപ്പൂർ തീർത്ഥാടകർ ഓടിച്ചിട്ടടിച്ചു. അപക്വമായ വൈകാരികതയുടെ ജഡിലപ്രകടനങ്ങളായിരുന്നു ഇതൊക്കെ. ഇതിന്റെ വികൃതത്തുടർച്ചയാണ് പ്രണയത്തിന്റെ ‘ചതുര നെല്ലിക്കകൾ’.

പേനയുടെ ധീരശബ്ദങ്ങൾ

സദാ പ്രതികരണസന്നദ്ധമായ മനസ്സാണ് ആനന്ദിന്റേത്. ആ ധൈഷണികതയുടെ ഊർജപ്രവാഹം വല്ലാതെ കെട്ട ഈ കാലത്ത് അനുഗ്രഹത്തിന്റെ കുളിർമഴയാവുന്നു. ഭരണകൂടത്തിന്റെയും മതത്തിന്റെയും ധാർഷ്ട്യവും പരമാധികാരവും നിസ്സഹായനും ദരിദ്രനുമായ പ്രജയെ ഏതെല്ലാം പീഡാനുഭവങ്ങളിലൂടെയാണ് കടത്തിക്കൊണ്ടു പോകുന്നത് എന്നത് അദ്ദേഹത്തിന്റെ രചനാലോകത്തിലെ കേന്ദ്രവിഷയമാണ്. തന്റെ ശിരസ്സിനെ ഒരു പ്രത്യയശാസ്ത്രത്തിനും രാഷ്ട്രീയ മത നേതൃത്വത്തിനും അടിയറവ് വയ്ക്കാതെ കഴിഞ്ഞ അരനൂറ്റാണ്ടായി അദ്ദേഹം ധീരവും സ്വതന്ത്രവുമായി നമ്മുടെ സാഹിത്യകലയേയും സാമൂഹ്യചിന്തയേയും ബലപ്പെടുത്തിക്കൊണ്ടിരിക്കുന്നു. പലരും പലപല വിധേയത്വത്താൽ നിശ്ശബ്ദരാവുേമ്പാഴും, പലരും പലതരം ഭയങ്ങളാൽ ചകിതരാവുമ്പോഴും, പലരും ഒഴിഞ്ഞുമാറൽ എന്ന മഹത്തായ കലയിൽ നിഷ്ണാതരാവുമ്പോഴും ആനന്ദ് തനിച്ച് തന്റെ കാലടിവച്ച് വിശുദ്ധി നിറഞ്ഞ തന്റേടത്തോടെ എഴുതിമുന്നേറുന്നു. അതുകൊണ്ടുതന്നെയാണ് ഫാസിസത്തിന്റെ ക്രൂരതയെക്കുറിച്ച് എഴുതുന്ന അതേ തീവ്രതയോടേ സ്റ്റാലിനിസത്തിന്റെ നിഷ്ഠൂരതയെപ്പറ്റിയും ഈ ഗോവിന്ദശിഷ്യന് എഴുതാൻ കഴിയുന്നത്. നമ്മുടെ ചെറുപ്പക്കാർ പലരും വയോവൃദ്ധരെപ്പോലെ അവനവൻ കിടക്കകളിലേക്കൊതുങ്ങുമ്പോൾ, എൺപത് പിന്നിട്ട അേദ്ദഹം ഏറ്റവും ബലവാനായ യുവയോദ്ധാവിനെപ്പോലെ അനീതിക്കെതിരെ, സവർണ ഫാസിസത്തിനെതിരെ, ഭരണകൂട തിന്മകൾക്കെതിരെ, ഈ കൊടിയ കാലത്തിന്റെ എല്ലാവിധ ജീർണതകൾക്കുമെതിരെ പേന കൊണ്ട് പൊരുതിക്കൊണ്ടിരിക്കുന്നു. ഇക്കഴിഞ്ഞ ജൂൺ 2-ന് പുറത്തിറങ്ങിയ മാതൃഭൂമി വാരികയിൽ എഴുതിയ ‘രാഷ്ട്രപരിണാമത്തിന്റെ നൂറു വർഷങ്ങൾ’, ജൂലൈ ലക്കം പച്ചക്കുതിരയിൽ എഴുതിയ ‘ജനാധിപത്യത്തിന്റെ രണ്ടാം വരവ്’ എന്നീ ലേഖനങ്ങൾ ആനന്ദിന്റെ ധൈഷണികലോകത്തിന്റെ ഊർജസ്വലതയെ പ്രഖ്യാപിക്കുന്നു. ജീർണിച്ചതും കാലഹരണപ്പെട്ടതുമായ എല്ലാത്തിനെയും പുന:പ്രതിഷ്ഠിക്കുന്ന, മന്ത്രങ്ങളാലും ഏലസ്സ് കിലുക്കങ്ങളാലും ശബ്ദായമാനമായ കാലത്ത് മാനുഷികതയോടുള്ള അപാരമായ പ്രതിബദ്ധതയാൽ നിറഞ്ഞ പേനയിലൂടെ അദ്ദേഹം ശബ്ദിച്ചുകൊണ്ടേയിരിക്കുന്നു.

ശ്രദ്ധിക്കുക, അരുന്ധതി സംസാരിക്കുന്നു.

എഴുത്തുകാർക്കു വേണ്ടിയുള്ള മനുഷ്യാവകാശസംഘടനയായ പെൻ ഇന്റർനാഷണലിനുവേണ്ടി ന്യുയോർക്കിലെ അപ്പോളൊ തിയറ്ററിൽ അരുന്ധതി റോയ് നടത്തിയ ഈ വർഷത്തെ ആർതർ മില്ലർ പ്രഭാഷണത്തിന്റെ മലയാളപരിഭാഷ പൂർണരൂപത്തിൽ ജൂലൈ ലക്കം പച്ചക്കുതിരയിൽ ‘ഫാസിസവും സാഹിത്യവും’ എന്ന ശീർഷകത്തോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമേരിക്കയിൽ പോയി അമേരിക്കയെയും മുതലാളിത്തത്തെയും വിമർശിക്കുന്നതിൽ ഒട്ടും വിട്ടുവീഴ്ച വരുത്താത്ത അരുന്ധതിയുടെ ബുദ്ധിപരമായ സത്യസന്ധത ഈ ദീർഘമായ പ്രഭാഷണത്തിലും രത്‌നം പോലെ തിളങ്ങുന്നു. ഇന്ത്യയിലെ ദേശവിരുദ്ധരുടെ പട്ടികയിൽ മുൻപന്തിയിലാണ് തന്റെ സ്ഥാനമെന്ന് ഓർമപ്പെടുത്തിക്കൊണ്ട് തുടങ്ങുന്ന പ്രഭാഷണം സ്വേച്ഛാധിപതികൾക്കും നിയോനാസികൾ ക്കുമെതിരെ ആഞ്ഞടിക്കുന്നു. ”മറ്റൊരു ലോകം സാധ്യമാണ് എന്നു നമ്മളിൽ പലരും സ്വപ്‌നം കാണുന്നു…” അരുന്ധതി റോയ് പറഞ്ഞുതുടങ്ങുന്നു: ”സ്വേച്ഛാധിപതികളും നവനാസികളുമടങ്ങുന്ന ഈ കൂട്ടവും അതുതന്നെയാണ് സ്വപ്‌നം കാണുന്നത്. അവരുടെ സ്വപ്‌നവും നമ്മുടെ ദുസ്വപ്‌നവും സാക്ഷാത്കരിക്കപ്പെടാൻ ഇനിയധികം സമയം വേണ്ട. മുതലാളിത്തം സൗജന്യമായിത്തന്ന യുദ്ധങ്ങളും കല്പിച്ചനുവദിച്ച ദുരാഗ്രഹങ്ങളും ഈ ഭൂമിയെ അപകടത്തിലാക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അതിന്റെ
അനന്തരഫലമായി ഈ ലോകം അഭയാർത്ഥികളെക്കൊണ്ടു നിറഞ്ഞുകവിയുകയും ചെയ്തിരിക്കുന്നു. ഇങ്ങനെയെല്ലാം ലോകത്തു സംഭവിച്ചതിന് സ്പഷ്ടമായും അമേരിക്കൻ ഗവൺമെന്റിനു വലിയ ഉത്തരവാത്വമുണ്ട്”. പിന്നെയവർ സമീപനാളുകളിൽ അമേരിക്ക നടത്തിയ അതിക്രമങ്ങളെയും പാപങ്ങളെയും എണ്ണിയെണ്ണിപ്പറഞ്ഞുകൊണ്ട് ഈ ലോകക്രമത്തിന്റെ താളം അതിഭയങ്കരമായി തെറ്റിച്ചുകൊണ്ടിരിക്കുന്നതിന് അതിരൂക്ഷമായി കുറ്റപ്പെടുത്തുന്നു. ”യുദ്ധങ്ങളിലും ഉപരോധങ്ങളിലും പെട്ടു ലക്ഷക്കണക്കിനു പേർക്കു ജീവഹാനി സംഭവിച്ചു. ആ പ്രദേശങ്ങൾ മുഴുവൻ അലങ്കോലമാക്കി. പുരാതന നഗരങ്ങൾ മണ്ണടിഞ്ഞു. വിജനമാക്കപ്പെട്ട ഇടങ്ങളിലെ നാശാവശിഷ്ടങ്ങൾക്കിടയിൽ ISIS-ന്റെ ഭീകരജീവി മുട്ടയിടാനാരംഭിച്ചു. ലോകം മുഴുവനും അതു വ്യാപിച്ചുതുടങ്ങിയിരിക്കുന്നു. അമേരിക്കയുടെ യുദ്ധങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത നിരപരാധികളായ നിരവധി മനുഷ്യരെ അതു വിവേചനരഹിതമായി കൊന്നുതള്ളി”.

സ്‌നേഹിതരെ, ലോകമെങ്ങും ബുദ്ധിജീവികൾ നിശ്ശബ്ദരായി ഇരിക്കുന്നില്ല. അവർ രൂക്ഷമായി പ്രതികരിച്ചുകൊണ്ടേയിരിക്കുന്നു. മരണമില്ലാത്ത മനുഷ്യമന:സ്സാക്ഷിയുടെ ഈ കാതരമായ ഇമ്പസ്വരത്തിലേക്കു ഭാരതം നൽകുന്ന പങ്കാണ് അരുന്ധതി റോയ്. മോഹനകൃഷ്ണൻ കാലടി തന്റെ ഒരു ചെറുകവിതയിൽ കുറിച്ചിട്ട പോലെ അമേരിക്കയോടൊപ്പം മണ്ണപ്പം ചുട്ടുകളിക്കാൻ ഇവിടെപ്പലരും വല്ലാതങ്ങാവേശപ്പെട്ടുയരുമ്പോൾ നാമിത്തരം ബുദ്ധിജീവികളുടെ ശബ്ദത്തിനു കാതു കൊടുക്കുക. ആസന്ന നിലയിലായ ഭൂമിക്കാത്മശാന്തി നേരുകയല്ല, അതിനെ ഏതുവിധത്തിലും രക്ഷിക്കാൻ ശ്രമിക്കുകയാണ് ഒരു ജനതയെന്ന നിലയിൽ നമ്മുടെ പരമപ്രധാനമായ കർത്തവ്യം. ബുദ്ധിജീവികൾ ആ ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നത്. നമ്മുടെ ദേശത്തു നിന്ന് ആ ശബ്ദം ഒട്ടും പേടി ബാധിക്കാതെ നിരന്തരം മുഴക്കുന്നു അരുന്ധതി റോയ്.

പ്രതീക്ഷയുടെ തുരുത്തുകൾ

ഇക്കഴിഞ്ഞ ദിവസങ്ങളിൽ വായിച്ച മൂന്നു കഥാഗ്രന്ഥങ്ങളാണ് സോക്രട്ടീസ് കെ.വാലത്ത് എഴുതിയ ”വെറോണിക്ക@15′, എൻ. പ്രദീപ്കുമാറിന്റെ ‘തിരഞ്ഞെടുത്ത കഥകൾ’, പി.വി. ഷാജികുമാർ രചിച്ച ‘ഉള്ളാൾ’ എന്നിവ. തികച്ചും കാലികമായ പ്രമേയങ്ങൾ ചാരുതയാർന്ന ആക്ഷേപഹാസ്യത്തോടെ അവതരിപ്പിക്കുന്ന ഈ യൗവനക്കാരുടെ കഥകൾ നല്ല വായനക്കാരുടെ ശ്രദ്ധ ആകർഷിക്കുന്നു. ഈ മൂന്നു പേരുടേയും മിക്ക കഥകളിലും, മലയാളിയുടെ ലൈംഗിക അരാജകത്വം കേന്ദ്രപ്രമേയമായി കടന്നുവരുന്നതും ഏറെക്കുറെ മുഴുനീളെ പരിഹാസ്യം നിറച്ചുവച്ച
ഭാഷയാൽ അതിനെ പുറത്തിട്ടലക്കുന്നതും കൗതുകകരമായ കാഴ്ചയാണ്. മാറിമറിഞ്ഞ ലോകക്രമവും നവമാധ്യമസ്വതന്ത്രലോകവും കേരളത്തെ ഞരമ്പുരോഗികളുടെ ഒരു വലിയ പറുദീസയാക്കി മാറ്റിയിരിക്കുന്നു. ഇത്തരക്കാരെക്കുറിച്ചുള്ള വാർത്താവിശേഷങ്ങളില്ലാത്ത ഒറ്റ ദിവസം പോലും നമ്മെ കടന്നുപോകുന്നില്ല. ഈയിടെ ഒരാൾ പറഞ്ഞ ഫലിതം താൻ പത്രത്തിൽ ആകെ വായിക്കുന്നത് ഇത്തരം വാർത്തകൾ മാത്രമാണെന്നാണ്. അപകടകരമാംവിധം തകർച്ചയിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നു മലയാളിയുടെ ലൈംഗിക സാംസ്‌കാരികത. ഈ തകർച്ചയെക്കുറിച്ചുള്ള സങ്കടവും ഭയവും ഈ കഥാകാരന്മാരെ മഥിക്കുന്നു. തങ്ങളുടെ മാധ്യമത്തിലൂടെ അവരതിനെ പകർത്തുന്നു. രാഷ്ട്രീയക്കാരനോ മതനേതാവിനോ സയന്റിസ്റ്റിനോ നമ്മുടെ നാടിന്റെ ഈ പോക്കിൽ ഒരു വ്യസനവും തോന്നുന്നില്ല. പക്ഷേ എഴുത്തുകാർ, അതേ എഴുത്തുകാർ, ഇതിൽ ഖിന്നരാണ്. അതുകൊണ്ട് സകലതും തകിടം മറിയുമ്പോഴും, പ്രതീക്ഷയുടെ തുരുത്തായി എഴുത്തുകാർ നിലകൊള്ളുന്നു. അവർക്കെന്റെ നമോവാകം.

Related tags : AnandArundhati RoyJoy MathewSaji AbrahamSocretes

Previous Post

ജീവിതത്തിലേക്ക് തുറന്നുവെച്ച ആകാശങ്ങൾ

Next Post

പി.വി.കെ. പനയാൽ: എഴുത്തിന്റെ രസതന്ത്രം

Related Articles

Saji

വീണ്ടും കുഞ്ഞുകാര്യങ്ങളുടെ തമ്പുരാട്ടി

Sajiവായന

സംയമനത്തിന്റെ സൗന്ദര്യശില്പം

Saji

മരിച്ചവരുമൊത്തുള്ള യാത്രകൾ

Sajiവായന

സെന്നിന്റെ ശുഭ്ര പഥങ്ങളിൽ

Saji

നിരാശാഭരിതനായ സിസെക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles from

സജി എബ്രഹാം

മരിച്ചവരുമൊത്തുള്ള യാത്രകൾ

അകത്തുള്ള വൈറസ്, പുറത്തുള്ള വൈറസ്

അപ്പുറം ഇപ്പുറം: ചരിത്രരചനയിലൊരു ചങ്ങമ്പുഴ

അപ്പുറം ഇപ്പുറം: ഭക്തിയും യുക്തിയും

അപ്പുറം ഇപ്പുറം: മൗനത്തിന്റെ ധനതത്വശാസ്ത്രം

അപ്പുറം ഇപ്പുറം: കഥയിലെ മധുര നാരങ്ങകൾ

അപ്പുറം ഇപ്പുറം: വീണ്ടും ചില ലുത്തിനിയകൾ

നിരാശാഭരിതനായ സിസെക്

കറുപ്പും വെളുപ്പും: മരണമില്ലാത്ത മാധ്യമങ്ങൾ

സെന്നിന്റെ ശുഭ്ര പഥങ്ങളിൽ

കഥയിലെ നവോദയങ്ങൾ

കറുത്ത പൊട്ടിച്ചിരി

ദു:ഖത്തിന്റെ മൊത്തവ്യാപാരി

പുനർവായന: തീവ്രാനുഭവങ്ങളുടെ കല

സംയമനത്തിന്റെ സൗന്ദര്യശില്പം

ആടിന്റെ വിരുന്ന്: ചരിത്രത്തെ വീണ്ടെടുക്കുന്ന നോവൽ

Latest Updates

  • മണിപ്പൂർ ഡയറി-2: സ്നേഹത്തിന്റെ മുഖങ്ങൾSeptember 21, 2023
    മണിപ്പൂരിനെ കൂടുതൽ അറിയാൻ അവിടുത്തെ ഭൂപ്രകൃതിയും മനസ്സിലാക്കണം. 10 ശതമാനം വരുന്ന ഇംഫാൽ […]
  • ജയന്ത മഹാപത്ര: ഒഡീഷയെ ഇംഗ്ലീഷിൽ എഴുതിയ കവിSeptember 21, 2023
    പ്രമുഖ സാഹിത്യകാരനും കവിയുമായ ജയന്ത മഹാപാത്ര കഴിഞ്ഞ മാസം അന്തരിച്ചു. ഇംഗ്ലീഷ് കവിതയ്ക്ക് […]
  • പരകായ ആവേശംSeptember 20, 2023
    ഇരുട്ടുപരന്നാൽ മാത്രംചലനാത്മകമാകുന്നചിലജീവിതങ്ങളുണ്ട്.പൊന്തക്കാടുകളിൽനൂണ്ട് നുണ്ട്വെളിച്ചത്തിന്റെഉറവ തേടിത്തേടിജീവിതംഇരുട്ട് മാത്രമാണെന്ന‘ബോധ്യത്തിൽ’വിരാമമായവർ . (പെരുച്ചാഴികളെക്കുറിച്ച്മാത്രമല്ല ) ‘സന്തോഷ’മെന്നത്തൊലിപോലെകറുത്തതാണെന്നും,വെളിച്ചംവെളിവുകിട്ടാത്തവെളുപ്പാണെന്നുംപെരുച്ചാഴികൾക്കുംതിരിച്ചറിവുണ്ടായിട്ടുണ്ട്.( മുൾക്കാടുകൾ […]
  • കരുവന്നൂർ ബാങ്ക് അന്വേഷണം ഫലം കാണുമോ?September 19, 2023
    സഹകരണ ബാങ്കുകളിലെ തട്ടിപ്പിന് ഇരയാകുന്ന മനുഷ്യരുടെ കഥകൾ പത്രവാർത്തകളിൽ ഇടം പിടിച്ചു തുടങ്ങിയിട്ട് […]
  • ചിത്ര പാടുമ്പോള്‍September 15, 2023
    ചിത്ര പാടുമ്പോള്‍വിചിത്രമാം വീണയില്‍സ്വപ്നവിരല്‍ ചേര്‍ത്തിരിപ്പൂനാദമതേതോ ശ്രുതിയിണങ്ങി,യെന്‍റെചേതനയില്‍ രാഗലോലം. ചിത്ര പാടുമ്പോള്‍സചിത്രമേതോ നിലാ_വുച്ചിയിലായ് പൂത്തിരിപ്പൂനിശ്ചലമെന്നായാക്കണ്ഠരവങ്ങങ്ങളില്‍സ്വച്ഛമാമാലാപനാര്‍ദ്രം. […]
  • ഇന്ത്യാ സഖ്യം ഹിന്ദുക്കളെ ഉന്മൂലനം ചെയ്യാൻ: ബി ജെ പിSeptember 14, 2023
    രണ്ട് ഡസനിലധികം പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടുന്ന ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് […]

About Us
mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions
Corporate Address
Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.
Regional Office
No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035
Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven