• About WordPress
    • WordPress.org
    • Documentation
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Premium
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    ▼
    • Writers
Skip to content

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

കിന്റു: ദി ഗ്രേറ്റ് ഉഗാണ്ടൻ നോവൽ

ഫസൽ റഹ്മാൻ August 8, 2019 0

(ഉഗാണ്ടൻ സാഹിത്യം കാലങ്ങളായി കാത്തിരുന്ന നോവൽ, എന്നും ‘ദി ഗ്രേറ്റ് ഉഗാണ്ടൻ നോവൽ’ എന്നും വിളിക്കപ്പെട്ട കൃതിയാണ് ജെന്നിഫർ നാൻസുബൂഗെ മകൂംബിയുടെ Kintu. ആഫ്രിക്കൻ നോവലിനെ കുറിച്ചുള്ള യൂറോപ്പ്യൻ വാർപ്പു സങ്കൽപ്പങ്ങളെ നിഷേധിക്കുന്ന ഇതിഹാസമാനമുള്ള കൃതി, മറ്റൊരു ആഫ്രിക്കൻ നോവൽ സാധ്യമാണ് എന്ന് ബോധ്യപ്പെടുത്തുന്നു.)

ജെന്നിഫർ നാൻസുബൂഗെ മകൂംബി
ഉഗാണ്ടൻ സാഹിത്യം കാലങ്ങളായി കാത്തിരുന്ന നോവൽ, ‘ദി ഗ്രേറ്റ് ഉഗാണ്ടൻ നോവൽ’, എന്നൊക്കെ ന്യായമായും വിവരിക്കപ്പെട്ട കൃതിയാണ് ജെന്നിഫർ നാൻസുബൂഗെ മകൂംബിയുടെ Kintu’. ചിനുവ അച്ചബെയുടെ ‘തിങ്ങ്‌സ് ഫാൾ അപ്പാർട്ട്’ നൈജീരിയയ്ക്ക് എന്തായിരുന്നോ അതാണ് തന്റെ നാടിന്റെ സാഹിത്യത്തിൽ Kintuവിലൂടെ മകൂംബി അടയാളപ്പെടുത്തിയത്. എന്നാൽ, പുസ്തകത്തിന് യു.കെ.യിൽ ലഭിച്ച ‘പ്രസിദ്ധീകരണ യോഗ്യമല്ലാത്തത്’ എന്ന തിരസ്‌കാരത്തിനു പിറകിൽ സാഹിതീയ മാനദണ്ഡങ്ങൾ ആയിരുന്നില്ല. കൊളോണിയൽ-പോസ്റ്റ് കൊളോണിയൽ ആഫ്രിക്കൻ സാഹിത്യത്തിന്റെ ബാധകൾ ബോധപൂർവ്വം തിരസ്‌കരിക്കുന്നത്തിലൂടെ ഒധഭളഴ മറ്റൊരു ആഫ്രിക്കൻ നോവൽ സാധ്യമാണ് എന്ന് കൂടിയാണ് തെളിയിച്ചത്. അനേക കഥാപാത്രങ്ങളുള്ള ഇതിഹാസ മാനമുള്ള നോവലിൽ സ്ഥല നാമങ്ങൾ ഓൾഡ് ഓക്‌സ്‌ഫോർഡ് എന്നോ സതാംപ്റ്റൻ എന്നോ ആയിരുന്നെങ്കിൽ, നല്ലവരോ വില്ലൻമാരോ ആരായാലും കഥാപാത്രങ്ങളുടേത് ഇംഗ്ലീഷ് പേരുകൾ ആയിരുന്നെങ്കിൽ കഥ മാറിയേനെ എന്ന് പുസ്തകത്തിന്റെ ആമുഖ ലേഖനത്തിൽ ആരോൺ ബാഡി നിരീക്ഷിക്കുന്നു. ബുഗാണ്ടൻ പുരാണത്തിലെ ആദിപിതാവിന്റെയോ വർത്തമാന കംപാലയിലെ വലിയൊരു തറവാടിന്റെയോ താവഴിക്കഥയിൽ അവിടെയാർക്കും താത്പര്യം തോന്നേണ്ടതില്ലല്ലോ. ”നിങ്ങൾക്ക് ആഫ്രിക്കയെ കുറിച്ച് എഴുതിയേ തീരൂ എന്നുണ്ടെങ്കിൽ, എകാധിപതികളെ കുറിച്ച്, വംശീയതയെ കുറിച്ച്, യുദ്ധത്തെ കുറിച്ച് എഴുതണം; ഇവയാണ് ആളുകൾക്ക് ആഫ്രിക്കയെ കുറിച്ച് ‘അറിയാവുന്ന’ കാര്യങ്ങളെ ഉറപ്പിക്കുന്ന കഥകൾ. ഇനി ഉഗാണ്ടയെ കുറിച്ചെഴുതിയേ തീരൂ എന്നാണെങ്കിൽ, ഒരു വെള്ളക്കാരൻ കഥാപാത്രത്തെ കഥയുടെ കേന്ദ്രത്തിൽ സ്ഥാപിക്കണം. ആഫ്രിക്ക വിടുകയും അമേരിക്കയിലോ യൂറോപ്പിലോ പ്രവാസികൾ ആവുകയും ചെയ്തവരെ കുറിച്ച് എഴുതുക. കൊളോണിയലിസത്തിന്റെ പാരമ്പര്യത്തെ കുറിച്ചെഴുതുക. യൂറോപ്പിനെ കേന്ദ്ര കഥാപാത്രമാക്കാൻ കഴിയില്ലെങ്കിൽ – ഇക്കാലത്ത് അത് സാധ്യവുമല്ല – യൂറോപ്പിനെ വില്ലനെങ്കിലും ആക്കണം”.

ഈ വിധം ആവശ്യപ്പെട്ട മാറ്റങ്ങൾ വരുത്താൻ വിസമ്മതിച്ചതിന് നോവലിന്റെ പ്രതി തിരിച്ചയച്ച പത്രാധിപർ ഉണ്ടായിരുന്നു.
”നോവൽ മാറ്റം വരുത്താൻ കഴിയാത്തത്ര മികച്ചതായിരുന്നു”. മകൂംബി ജനിച്ചതും വളർന്നതും വിദ്യാഭ്യാസം നേടിയതും ഈദി അമീന്റെ ഉഗാണ്ടയിൽ ആയിരുന്നു. ജന്മനാട്ടിൽ അധ്യാപികയായി രുന്ന ഒരു കാലവും ഉണ്ടായിരുന്നു ഇംഗ്ലണ്ടിൽ ഗവേഷണം നടത്തുകയും അധ്യാപികയാകുകയും ചെയ്യും മുമ്പ് അവർക്ക്. ഏകാധിപതിയുടെ പീഡനം സഹിക്കേണ്ടി വരികയും ശാരീരികവും മാനസികവുമായ ആരോഗ്യം തകർന്നു പോവുകയും ചെയ്തയാളായിരുന്നു പിതാവ് ആന്റണി കിസിറ്റോ മകൂംബി. വിവാഹമോചിതരായി വേർപിരിഞ്ഞ മാതാപിതാക്കളുടെ എന്നതിലേറെ മുത്തച്ഛന്റെയും മറ്റു അടുത്ത ബന്ധുക്കളുടെയും സംരക്ഷണയിൽ വളർന്ന മകൂംബി, ഉഗാണ്ടൻ പാരമ്പര്യത്തിൽ കുടുംബ ബന്ധങ്ങളുടെ അപ്രമാദിത്തം അതിന്റെ ഗുണത്തിലും ദോഷത്തിലും നേരിട്ടനുഭവിച്ചതായിരുന്നു. അവരുടെ രചനകളിലെല്ലാം പഴയതും പുതിയതുമായ ഈ ഉഗാണ്ടൻ പാരമ്പര്യങ്ങളും മൂല്യങ്ങളും നിഴലിടുന്നുണ്ട്. ആഫ്രിക്കൻ വൻകരയിലെ ആദിമ ഭാഷാരൂപങ്ങളിൽ ഒന്നായ ബാന്റുവിന്റെ അനേകം ഉപഭാഷകളിൽ ഒന്നാണ് ഉഗാണ്ടയിൽ ഉപയോഗിക്കപ്പെടുന്ന ലുഗാണ്ട. ബാന്റു എന്ന പദത്തിന് ജനം എന്നേ അർഥമുള്ളു. മകൂംബിയുടെ ഇതിഹാസ മാനമുള്ള പ്രഥമ നോവൽ ഒധഭളഴ(‘ചിൻ-ടു’ എന്ന് ആഫ്രിക്കൻ മൊഴിയുടെ ഏകദേശം)വിന്റെ പദമൂലം ബുഗാണ്ടൻ പുരാണത്തിലെ ആദിമാനവന്റെ പേരാണ്. വാഗർത്ഥം ‘വസ്തു’ എന്നതാണെന്നിരിക്കെ ആദിമാനവനു ഇങ്ങനെയൊരു പേര് നൽകുന്ന പുരാണപ്രയോഗത്തിലെ വൈരുധ്യം നോവൽ ആരംഭം സ്പഷ്ടമാക്കുന്നുണ്ട് എന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. (The Great Africanstein Novel: Namwali Serpell).

വർത്തമാനത്തിൽ നിന്ന് ഭൂതകാലത്തേക്ക്‌
നോവലിന്റെ വർത്തമാന കാലമായ 2004-ലെ ഒരു സന്ദർഭമായ ജനുവരി അഞ്ചിനാണ് പുസ്തകം ആരംഭിക്കുന്നത്. ഒരു മരണത്തോടെ, അതും ആൾക്കൂട്ട ഹിംസയുടെ ഉന്മാദ ഫലമായി, നോവൽ ആരംഭിക്കുമ്പോൾ ‘ഇത് ആഫ്രിക്ക തന്നെ!’ എന്ന ചുരുട്ടിക്കെട്ടൽ അതിസാധാരണമാവാം. എന്നാൽ കൃതഹസ്തരായ എഴുത്തുകാർ ഈ മുൻവിധികളുടെ ഭാരം അതിവേഗം കുടഞ്ഞു കളയുകയും തങ്ങളുടെ സർഗാത്മക ഉത്കണ്ഠകൾ മറ്റിടങ്ങളിൽ ആണെന്ന് വായനക്കാരെ തീക്ഷ്ണമായി ബോധ്യപ്പെടുത്തുകയും ചെയ്യും. നൂറുദ്ദീൻ ഫറായുടെ ഹൈഡിങ് ഇൻ പ്ലെയ്ൻ സൈറ്റ്, യിവോനെ അദിയാംബോ ഒവൂറിന്റെ ഡസ്റ്റ് തുടങ്ങി യ നോവലുകൾ വിദഗ്ധമായി ഉപയോഗിച്ചിട്ടുള്ള ഈ ശൈലി, തികച്ചും മൗലികവും ഇതിഹാസ മാനമുള്ളതുമായ രീതിയിൽ മിത്തുകളുടെയും ചരിത്രത്തിന്റെയും ഇടപാടുകളിൽ കുടുംബ കഥ എങ്ങനെയാണ് ദേശകഥയായും തിരിച്ചും വികസിക്കുന്നത് എന്ന് പരിശോധിക്കാൻ മകൂംബി ഉപയോഗിക്കുന്നു. ദുരൂഹമായ വിധത്തിൽ ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തപ്പെട്ടു നാല് പ്രാദേശിക ഉദ്യോഗസ്ഥർക്കൊപ്പം പോകാൻ നിർബന്ധിതനാകുന്ന, സമൂഹത്തിൽ നിലയും വിലയുമുള്ള കാമു അവരോടു പ്രതിഷേധിക്കുന്നു. ‘നിങ്ങളെന്തിനാണ് എന്നെ ഒരു മോഷ്ടാവ് എന്ന മട്ടിൽ കൈകൾ ബന്ധിക്കുന്നത്?’. അയാളുടെ വാക്കുകളിലെ ‘ഒരു മോഷ്ടാവ്’ എന്ന വാക്കു മാത്രം കേൾക്കാനിടയാകുന്ന വഴിപോക്കൻ തുടങ്ങിവയ്ക്കുന്ന നായാട്ട് ആൾക്കൂട്ട ഭ്രാന്തിന്റെ ഒടുവിൽ ഒന്നിനുവേണ്ടിയുമല്ലാത്ത ഒരു നരബലിയിൽ അവസാനിക്കുന്നു. ‘താൻ സ്വപ്‌നം കാണുകയാണെന്ന് അയാൾ തീരുമാനിച്ചു. അയാൾ കാമു കിന്റു ആയിരുന്നു, മാനവൻ. അത് അവരാരിയിരുന്നു, ബാന്റു. മാനവർ. അയാൾ ഏതു നിമിഷവും ഉണർന്നേക്കും’. പക്ഷെ അത് സംഭവിക്കുന്നില്ല.

കംപാല മോർച്ചറിയിൽ ബ്യൂറോക്രാറ്റിക് അസംബന്ധങ്ങളിൽ കുരുങ്ങിപ്പോവുന്ന മൃദദേഹത്തിന്റെ ചിത്രം സമാനമോ അതിലും ദയനീയമോ ആയ വിധി പേറുന്ന മറ്റനേകം ജടങ്ങളോടൊപ്പം നോവലിന്റെ അഞ്ചു ഭാഗങ്ങളുടെയും തുടക്കത്തിൽ ഹ്രസ്വമായി കടന്നുവരുന്നുണ്ട്. കിന്റുവിന്റെ ദുർവിധിയെ കുറിച്ച് സംസാരിക്കുന്ന നാട്ടുകാരിൽ ഒരാൾ ‘ആ ശാപം’ എന്നൊരു പ്രയോഗം നടത്തുന്നത്, ആ പുരാവൃത്തങ്ങളിലേക്കും പടർന്നു പന്തലിക്കുകയും ചിതറിത്തെറിക്കുമ്പോഴും ശിഥിലമാകാതെ നിലനിൽക്കുകയും ചെയ്ത ഒരു കുടുംബ പുരാണത്തിന്റെ ഉള്ളറകളിലേക്കുള്ള താക്കോൽ ആയിത്തീരുന്നു. അതിലാദ്യം ശാപത്തിന്റെ ഉറവിടമായ കിന്റു കിഡ്ഡായുടെ തലമുറയാണ്. മൂന്നു നൂറ്റാണ്ടിനു മുമ്പ്, ബുഗാണ്ടാ സാമ്രാജ്യത്തിലെ വിദൂരസ്ഥമായ ബുദ്ദു പ്രവിശ്യയുടെ ഗവർണർ ആയിരുന്ന കിന്റു കുടുംബത്തലവൻ പരിവാരങ്ങളോടൊപ്പം സാമ്രാട്ടിനോടുള്ള ഐക്യം രേഖപ്പെടുത്താൻ വേണ്ടി ഓൽവേര മരുഭൂമിയിലൂടെ സുദീർഘവും ദുർഘടം പിടിച്ചതുമായ യാത്രയിലാണ്. വിലക്കപ്പെട്ട പാനപാത്രം ഉപയോഗിച്ചതിനു ദത്തു പുത്രൻ കലീമയെ പ്രഹരിക്കുന്ന കർക്കശക്കാരനെങ്കിലും സ്‌നേഹസമ്പന്നനായ പിതാവിന്റെ പ്രവൃത്തി, നിനച്ചിരിക്കാത്ത വിധം യുവാവിന്റെ മരണത്തിൽ കലാശിക്കുന്നു. തളർന്നു മയങ്ങിപ്പോയ കിന്റുവിന്റെ അഭാവത്തിൽ കൂട്ടാളികൾ യുവാവിന്റെ ഭൗതിക ശരീരം അലക്ഷ്യമായി അടക്കുന്നു. ”കുഴിമാടം ഇടുങ്ങിയതും ആഴം കുറഞ്ഞതും ആയിരുന്നു. കലീമയുടെ നീളം അളക്കാൻ അവരൊരു വടി ഉപയോഗിച്ചു, എന്നാൽ വടി കുഴിയിൽ ശരിക്കും കടന്നെങ്കിലും കലീമ അങ്ങനെ കടന്നില്ല.

അവരയാളെ അതിനകത്ത് കുത്തിനിറച്ചു”. തിരക്കിൽ, ചത്ത നായ്ക്കൾക്കുള്ള ചെടിയുടെ അരികിലാണ് അടക്കം നടത്തിയതെന്ന കാര്യവും അവർ ശ്രദ്ധിച്ചില്ല. വീട്ടിൽ തിരികെയെത്തുന്ന കിന്റുവിന് എങ്ങനെ കലീമയ്ക്ക് മാതാവായിരുന്ന തന്റെ ഭാര്യ ന്നകാതോയോടും ‘ഇരട്ട പിറന്ന’ സഹോദരൻ ബാലെയോടും മറ്റുള്ളവരോടും എല്ലാം പറയുമെന്ന അങ്കലാപ്പിൽ അതൊരു രഹസ്യമായിത്തീർന്നു. കുടുംബനാഥനോടുള്ള വിധേയത്വം പരമമായ ഗാന്റസംസ്‌കൃതിയിൽ അതാരും കുത്തിച്ചോദിച്ചതുമില്ല. എന്നാൽ, കലീമയുടെ യഥാർത്ഥ പിതാവായ ടുട്‌സി വംശജൻ എന്റ്‌വിറെ കാര്യം ഊഹിച്ചു. അത് ശരിയെങ്കിൽ രക്ഷപ്പെടാനാവാത്ത കൃത്യമായി നിർവചിക്കപ്പെട്ട ഒരു ശാപം കിന്റുവിനും പിൻഗാമികൾക്കും
അയാൾ കരുതി വച്ചു. ”ശാപം കണിശമായിരുന്നു: മാനസിക രോഗം, ദുർമരണം, ആത്മഹത്യയും”. ഉന്മാദത്തിന്റെ രൂപത്തിൽ ശാപം പിടികൂടുന്ന കിന്റു അപ്രത്യക്ഷനാകുന്നത് തന്നെ അതിന്റെ ആദ്യ ഇരകളിൽ ഒരാളായാണ്. ”കിന്റുവിന് ഒരു കുഴിമാടമോ അടക്കച്ചടങ്ങോ ഉണ്ടാവുകയില്ല”. പുരാണപ്രകാരം ”കിന്റു മരിച്ചപ്പോൾ അയാൾ ആത്മാക്കളുടെ കുടുംബത്തിൽ ചേർന്നില്ല. അയാളിപ്പോഴും ഇവിടെ നമുക്കിടയിൽ കുരുങ്ങിക്കിടപ്പാണ്”. നൂറ്റാണ്ടുകളിലൂടെ, താവഴികളിലൂടെ ഈ ശാപം കിന്റു കുടുംബത്തെ പിന്തുടർന്നു. ഒരർത്ഥത്തിൽ ഈ നാൾവഴിയാണ് നോവൽ പിന്തുടരുന്നത്.

ശാപവും ഗോത്രീയതയും
എന്നാൽ, ശാപമെന്ന ഗോത്രസങ്കല്പനത്തെ അതേപടി സ്ഥാപിക്കുന്ന ഒരു പ്രേതനോവൽ ഒന്നുമല്ല ‘കിന്റു.’ ഡിക്കൻസിനെയും മാർക്കേസിനെയും ഓർമിപ്പിക്കും വിധം കാലഘട്ടങ്ങൾക്കും സാമൂഹിക ശ്രേണികൾക്കും കുറുകെ സഞ്ചരിക്കുകയാണ് മകൂംബിയുടെ നോവൽ. കിന്റുവിന്റെ ആത്മസഖിയെന്നു വിശേഷിപ്പിക്കാവുന്ന ന്നകാത്തോയുടെ ഇരട്ട ബബിരിയെയെ ഗോത്രാചാരപ്രകാരം ഒപ്പം വിവാഹം ചെയ്യാൻ ഒട്ടും താത്പര്യമില്ലാതിരുന്ന കിന്റു അതിനു നിർബന്ധിതനാവുകയാണ്. നാല് ജോഡി ഇരട്ടകളെ അവൾ കിന്റുവിനു നൽകുമ്പോൾ ഏറെ നാൾ ഊഷരമായിരുന്ന ന്നകാതോയുടെ ഗർഭപാത്രം ഏറെ വൈകിയാണ് ബാലേയെന്ന ഏകപുത്രന് ജന്മം നൽകുക. അധികാരത്തിനു സ്വാഭാവിക അനന്തരാവകാശി ബാലേ ആയിരിക്കുമെന്ന ചിന്ത ബാബിരിയെയെ വിഷമിപ്പിക്കുന്നുണ്ട്. മുഴുവൻ സന്തതികളും ന്നകാതോയെ മമ്മയായി കാണുമ്പോൾ ആചാരമെന്ന നിലയിൽ മാത്രമാണ് അവർ തന്നെ മമ്മയെന്നു വിളിക്കുന്നതെന്ന അന്യതാബോധവും അവളെ വേട്ടയാടുന്നുണ്ട്. ഇരട്ട സഹോദരിയോടു തിരിച്ചറിയാൻ പറ്റാത്ത വിധം സാമ്യമുണ്ടായിരുന്നെങ്കിലും കിന്റുവിന്റെ മനസ്സിൽ താനൊരിക്കലും ന്നകാതോയ്‌ക്കൊപ്പം ഇല്ലെന്നും സഹോദരിയുടെ പരിഗണനയും നിർബന്ധ ബുദ്ധിയും ഒന്നുകൊണ്ടു മാത്രമാണ് തനിക്കിവിടെ കഴിയാനാവുന്നത് എന്നും അറിവുണ്ടെങ്കിലും, ശാപത്തിന്റെ ആദ്യ ഇരയെന്നോണം ആത്മഹത്യ ചെയ്യുന്ന ന്നകാതോയെ നഷ്ടമായ വേദനയിൽ കലങ്ങിയ മനസ്സോടെ ‘ആരാണ് യഥാർഥത്തിൽ മരിച്ചത്?’ എന്ന ഭർത്താവിന്റെ ചോദ്യത്തിന് ആൾമാറാട്ടം നടത്തി സ്വയം വേണ്ടപ്പെട്ടവൾ ആയിത്തീരാൻ ബബിരിയെ തയ്യാറല്ല. ”അവൾ ആകെ ചെയ്യേണ്ടിയിരുന്നത് കുഞ്ഞുങ്ങളില്ലാത്ത ബബിരിയേയെ കൊന്നുകളയുകയും ന്നകാത്തോയെ ഉയിർപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു, അപ്പോൾ ജീവിതം പഴയ പടിയാകും”. നോവലിൽ ഉടനീളം ഏറ്റവും പതിഞ്ഞ രീതിയിൽ മാത്രം സൂചിതമാകുന്ന, സ്ത്രീത്വം നേരിടുന്ന പുരുഷാധിപത്യ ക്രമത്തിന്റെ ആദ്യ ഇരയായി സൂക്ഷ്മാർത്ഥത്തിൽ ബബിരിയെയെ കാണാം. എന്നാൽ, ഒരു ഫെമിനിസ്റ്റ് നോവൽ എന്ന ലേബൽ പുസ്തകത്തിനു വന്നു ചേരരുതെന്ന് നോവലിസ്റ്റിനു നിഷ്ഠയുള്ളപോലെയാണ് ഒട്ടുമുക്കാലും ആഖ്യാനം പുരുഷ വീക്ഷണത്തിൽ നടത്തപ്പെടുന്നത്. മകൂംബിയുടെ ഉല്പത്തി കഥയിൽ, ബിബ്ലിക്കൽ പുരാണത്തിൽ നിന്ന് വ്യത്യസ്തമായി, ശാപം വരുന്നത് പുരുഷ ചെയ്തിയിൽ നിന്നാണ് എന്നതും ശ്രദ്ധേയമാണ്. ഒരു സ്ത്രീയും അല്ലെങ്കിൽ ജീവിയും അയാളെ അതിനു പ്രലോഭിപ്പിക്കുന്നില്ല. എന്നിരിക്കിലും ഏതെങ്കിലും ദൈവത്തിന്റെ കോപം വിളിച്ചുവരുത്തും വിധം ഒരു ദുഷ്ട കഥാപാത്രമോ എന്തെങ്കിലും വിധികല്പിത ദോഷഭാവം (തടളടഫ തഫടശ) ഉള്ളവനുമല്ല അയാൾ. അയാളുടെ പ്രവൃത്തി, സുഹൃത്ത് സമാധാനിപ്പിക്കുന്നത് പോലെ, ആത്യന്തികമായി തികച്ചും ഒരാകസ്മിക അപകടമാണ്: ”യാത്ര ചെയ്യുമ്പോൾ അങ്ങനെയാണ്. ചിലർ അനുവദിക്കപ്പെടും, ചിലർ ഇല്ല. നമ്മളൊക്കെ കുട്ടികളെ തല്ലാറുണ്ട്. അവർ മരിച്ചു വീഴാറില്ല”.

എന്നാൽ ആകസ്മികത ഒരു ശാപം പോലെ പിന്തുടരുന്നത് നോവലിൽ ആവർത്തിക്കുന്ന ആശയമാണ്. ഒരു വഴിപോക്കൻ ‘മോഷ്ടാവ്’ എന്ന വാക്കിനെ ഒരു ഞൊടിതെറ്റായി മനസ്സിലാക്കുമ്പോൾ ഒരാൾ കൊല്ലപ്പെടുന്നു. ഒരാൾ മുഖക്കുരു പൊട്ടിച്ചുകളയുന്നത് അയാളുടെ മരണത്തിൽ കലാശിക്കുന്നു. ഒരു പുരുഷനോടൊപ്പം കുറ്റിക്കാട്ടിൽ പോകുന്ന യുവതിക്ക് തുടയിൽ എന്നെന്നേക്കുമായി മുറിവടയാളം ഉണ്ടാകുന്നത് പ്രണയബന്ധത്തിൽ ഒരു പ്രശ്‌നമാകുന്നു. മറവു ചെയ്യുന്നതിലെ അശ്രദ്ധ അശാന്തമായ ആത്മാവിനെ ഉടൽരൂപിയായി പിതാവിന് മുന്നിലെത്തിക്കുന്നു. ജീവിതവും മൃത്യുവും തമ്മിലുള്ള ഇത്തരം ഇടകലരലുകൾ സുബോധത്തിനും ഉന്മാദത്തിനും ഇടയിലും ഇതുപോലെ സംഭവിക്കുന്നു എന്നതിന് നാലാം തലമുറയിലെ ബുദ്ധിജീവിയും ദുരന്തങ്ങളുടെ നിലയില്ലാക്കയത്തിൽ ഉന്മാദത്തിന്റെ പിടിയിൽ അമർന്നു പോകുന്ന പിതാവുമായ മൈസിയാണ് ഏറ്റവും മികച്ച ഉദാഹരണം. മൈസിയുടെ ജാഗ്രത്തിൽ പോലും ഒരു തേനീച്ച മനുഷ്യൻ കാഴ്ച മുച്ചൂടും മറയ്ക്കും വിധം വന്നു മൂടുന്നു. റഷ്യയിൽ നിന്നും ഇംഗ്ലണ്ടിൽ നിന്നും നേടിയ ബിരുദങ്ങൾ അയാളുടെ ‘ആഫ്രിക്കൻ, ഗാന്റ, മൺടു (വ്യക്തി-ബാന്റു എന്നതിന്റെ ഏകവചനം)’ സ്വത്വവുമായി സംഘർഷത്തിലാകുന്നത് അയാളിൽ സ്വത്വ പ്രതിസന്ധി തീർക്കുന്നു. അയാളുടെ പോസ്റ്റ്‌കൊളോണിയൽ ബൗദ്ധികതയും ‘ബ്ലാക്ക് മാൻ’ സ്വത്വവും ഒരിടത്തും നങ്കൂരമുറപ്പിക്കാൻ കഴിയാത്ത വിധം ഏറ്റുമുട്ടുന്നു. കിന്റു പുരാണം ബൈബിൾ പ്രോക്തമായ കറുത്ത തൊലി കൊണ്ട് ശിക്ഷിക്കപ്പെട്ട ഹാമിന്റെ കഥയെ അനുസ്മരിപ്പിക്കുന്നു. രണ്ടാം തലമുറയിൽ കൊടിയ പട്ടിണി അനുഭവിക്കുന്ന സൂബി കിന്റു ഒടുവിൽ ഒരു മധ്യവർഗ കുടുംബത്തിൽ എത്തിച്ചേരുമ്പോൾ, ദാരിദ്ര്യം മനുഷ്യരെ മൃഗസമാനരാക്കുന്നുവെന്നു കണ്ടെത്തുന്നു.

നഗ്‌നപാദയായി നടന്നു നടന്നു കാലിൽ വടു കെട്ടുന്നത് എലികൾ കാർന്നു തിന്നുന്നത് വിചിത്രമായ ഒരനുഭവമാണ്. കാമുവിന്റെ ദാരുണാന്ത്യത്തെ കുറിച്ച് നോവലിലെ നിരീക്ഷണം ഇതോടു ചേർത്തു വയ്ക്കാം: ”ഒരു മനുഷ്യൻ അങ്ങനെ കൊല്ലപ്പെടാമോ? ആളുകളിപ്പോൾ മനുഷ്യരേയല്ല, ബാന്റു എന്നത് തികച്ചും പൊയ്‌പ്പോയി”.

‘ആഫ്രിക്കൻസ്റ്റെയ്ൻ’
ഇവാഞ്ചലിക്കൽ ഗ്രൂപ്പിൽ അംഗങ്ങളായ കനാനി കിന്റുവും ഭാര്യ ഫൈസിയും റൂത്ത്, ജോബ് എന്നീ ഇരട്ടകൾക്ക് ജന്മം നൽ
കുന്നു. സഹോദരങ്ങൾക്കിടയിലെ വിലക്കപ്പെട്ട ബന്ധത്തിന്റെ ഫലമായി പിറക്കുന്ന പൗലോ കലീമ നോവലന്ത്യത്തിലാണ് തന്റെ പിറവിക്കു പിന്നിലെ രഹസ്യമറിയുക. താനും ഇരട്ട പിറന്ന സഹോദരൻ ജോബും ഒന്നുതന്നെയായിരുന്നു എന്ന് മമ്മ പറയുമായിരുന്നത് ഈ അർത്ഥത്തിൽ കൂടിയായിരുന്നു എന്ന അറിവ് അത്ര മഹാമനസ്‌കതയോടെയല്ല ചെറുപ്പക്കാരൻ സ്വീകരിക്കുക. ബലാത്കാരത്തിന്റെ ഫലമായി പിറന്ന ഐസക് ന്യൂട്ടൻ കിന്റുവിനു സ്വന്തം പേര് കിട്ടുന്നത് സ്‌കൂൾപഠനം ഉപേക്ഷിക്കും മുമ്പ് മമ്മ അവസാനം കേട്ട ക്ലാസ്സിന്റെ ഓർമയിൽ നിന്നാണ്. ഭാര്യ എയ്ഡ്‌സ് ബാധ സംശയിക്കപ്പെട്ടു മരിക്കുന്നതോടെ സ്വന്തം മെഡിക്കൽ റിപ്പോർട്ട് തുറന്നു നോക്കാൻ ധൈര്യപ്പെടാതെ ഐസക് ശാപത്തെ ഭയപ്പെടുന്നത് ഗോത്ര വിശ്വാസക്രമത്തിലല്ല. നാലാം തലമുറയിലെ മൈസിറായിമു കിന്റു കൊളോണിയൽ പാതിരിമാരുടെ (ശദധളണ തടളദണറല) ശിക്ഷണത്തിൽ വളർന്ന് ഇംഗ്ലണ്ടിലും മറ്റും ഉന്നത വിദ്യാഭ്യാസം നേടിയ പ്രൊഫസർ ആണ്. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം കംപാലയിൽ തിരിച്ചെത്തുന്ന മൈസി എകാധിപത്യത്തിന്റെയും ബുഷ് വാർ കലാപങ്ങളുടെയും പരിണതികൾ നേരിടേണ്ടി വരുന്നു. പന്ത്രണ്ടു മക്കളുടെ പിതാവായിട്ടും എച്ച്.ഐ.വി ഉൾപ്പടെ രോഗങ്ങൾക്കും കലാപങ്ങൾക്കും പത്തുപേരെയും നൽകേണ്ടി വന്നതിന്റെ ദു:ഖവും ബാക്കിയുണ്ടായിരുന്ന ഏക ആൺതരിയായിരുന്ന കാമുവിന്റെ ദുരന്തവും നേരിടേണ്ടി വന്ന മൈസി, പിതാമഹൻ കിന്റുവിന്റെ അതേ വിധിയിൽ, ഉന്മാദത്തിന്റെ വഴികളിൽ സ്വയം നഷ്ടപ്പെടുന്നത് അത്ര ദുരൂഹമല്ല. മരണം എന്നത്നിതാന്ത സാന്നിധ്യമാണ് നോവലിലെങ്ങും. എച്ച്.ഐ.വി സ്വയം സംശയിക്കുന്ന ഐസക് അതാണ് പറയുക: ”നമ്മളെല്ലാം മരിച്ചിരിക്കുന്നു. ആരാദ്യം പോകും എന്നേ ചോദ്യമുള്ളൂ”. യുദ്ധമുഖത്ത് ജഡങ്ങൾ കണ്ടു മടുത്ത കുട്ടി അവയെ ഉറുമ്പുകളോട് ഉപമിക്കുന്നു: ”കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടവയെ തൂത്തു മാറ്റുമ്പോൾ അടുത്ത ദിവസം മറ്റുള്ളവ പുറത്തു വരുന്നു”.

ശാപവും പരിണതികളും എന്ന രേഖീയ ആഖ്യാനത്തെ നോവൽ നിരന്തരം ഭേദിക്കുന്ന രീതി ‘ആഫ്രിക്കൻ സ്റ്റീരിയോ ടൈപ്പു’കളെ സമർത്ഥമായി മറികടക്കുന്നതിന്റെ ആവിഷ്‌കാരം കൂടിയാണ്. പതിനെട്ടാം നൂറ്റാണ്ടിലെ പരമ്പരാഗത ബഹുഭാര്യത്വത്തോട് മാനസികമായി ഒട്ടും യോജിപ്പില്ലത്തയാളാണ് കിന്റു. ആദിമ സംഘർഷം പരിഹരിക്കാനാവാത്തതു കൊണ്ടാണ് ഇരട്ടകൾ പിറക്കുന്നതെങ്കിൽ അവരെ ഒരാൾ തന്നെ വിവാഹം ചെയ്യണം എന്ന ഗാന്റ പാരമ്പര്യം തെറ്റാണെന്നാണ് കിന്റു കരുതുന്നത്. മനുഷ്യകുലം ദുരന്തോന്മുഖമാണ് എന്നതിന് തെളിവായി ഈ ആദിമ സംഘർഷം പോലും പരിഹരിക്കാനുള്ള കഴിവില്ലായ്മയെ അയാൾ കാണുന്നു. ഇരട്ടകളായ ആണുങ്ങൾ ഒരേ പെണ്ണിനെ വിവാഹം ചെയ്യണമെന്നു നിഷ്‌കർഷിക്കത്തതിൽ ഗാന്റ സംസ്‌കാരം പുരുഷാധിഷ്ഠിതമാണ് എന്ന് അയാൾ കരുതുന്നു. ‘ഉണർന്നവർ’ (ൗദണ അശടപണഭണഢ) ആയ ഇവാഞ്ചലിസ്റ്റ് ദമ്പതികൾ ആർത്തവ വിരാമത്തിനു ശേഷവും അസൂയാർഹാമാം വിധം സമ്പന്നമായ തങ്ങളുടെ ലൈംഗികതയെ പാപമായി കണ്ട് കുറ്റബോധം അനുഭവിക്കുന്നു. ”സെക്‌സ് മാത്രമായിരുന്നു മനുഷ്യനിലെ മനുഷ്യത്വത്തെ മായ്ച്ചുകളഞ്ഞു അവൻ മൃഗമായി തീരുന്ന ഏക പ്രവൃത്തി”. ഗോത്രാചാരത്തിലെ ആത്മീയ ഗുരു വല്ലാതെ ആംഗലവത്കരിക്കപ്പെട്ടവനായതുകൊണ്ട് ആളുകൾക്ക് അയാളിൽ വിശ്വാസം കുറഞ്ഞിരിക്കുന്നു. സാമൂഹിക വിഭജനത്തിനുള്ള ഉപാധി ഗോത്രീയ ശ്രേണികൾ, ഉയർച്ച എന്നതിലേറെ മാറിമറിയുന്ന സാമ്പത്തിക നില എന്നതിലേക്ക് പരിണമിച്ചിരിക്കുന്നു. വീട്ടുവേലക്കാരിയായി കഴിയുന്ന പെൺകുട്ടി ബിരുദം നേടുമ്പോൾ, പ്രൊഫസറുടെ മക്കൾ ചേരികളിൽ അടിഞ്ഞു പോകുന്നു. ദേശീയ തലത്തിൽ തന്നെ, മകൂംബിയുടെ ഉഗാണ്ട ആഫ്രിക്കയെ കുറിച്ചുള്ള നടപ്പ് സങ്കല്പങ്ങളിൽ നിന്ന് വിഭിന്നമാണ്. അത് യൂറോപ്പിന്റെയും ആഫ്രിക്കൻ തനിമയുടെയും സ്വതന്ത്ര മിശ്രിതമാണ്.

ഭക്ഷണം മുതൽ ആത്മീയത വരെ, മാനസിക ആരോഗ്യപാലന രീതികൾ മുതൽ ലൈംഗിക സങ്കല്പങ്ങൾ വരെ, തനതു ഭാഷകളോടൊപ്പം ഇംഗ്ലീഷും ഉപയോഗിക്കുന്ന രീതി വരെ, പള്ളിയിൽ പോകുമ്പോഴും ഗോത്ര ചികിത്സകനെ സമീപിക്കുന്നത് പോലെ, ശാസ്ത്രജ്ഞന്മാർ പോലും ആത്മീയ ജീവിതം നയിക്കുന്നത് പോലെ, ഈ മിശ്രിതം ഉഗാണ്ടൻ ജീവിതത്തിൽ സർവവ്യാപിയായി തുടരുന്നു. പോസ്റ്റ് കൊളോണിയൽ ആഫ്രിക്കൻ കാഴ്ചപ്പാടിനെ കുറിച്ച് മൈസി നിരീക്ഷിക്കുന്നു: ”നമുക്ക് ഒരു ശസ്ത്രക്രിയാ മേശയിൽ പോയി ആഫ്രിക്കൻ അവയവങ്ങൾ ചോദിക്കാനാവില്ല.

ആഫ്രിക്ക യൂറോപ്യൻ കാലുകളിൽ നടക്കാനും യൂറോപ്യൻ കൈകൾ കൊണ്ട് ജോലി ചെയ്യാനും പഠിക്കേണ്ടിയിരിക്കുന്നു. കാലം ചെല്ലുമ്പോൾ, പരിണമിച്ച ഉടലുകളുമായി കുട്ടികൾ ജനിക്കും”.മേരി ഷെല്ലിയുടെ ഗോഥിക് സങ്കല്പനത്തെ അധികരിച്ച് അയാൾ അതിനെ ‘ആഫ്രിക്കൻസ്റ്റെയ്ൻ’ എന്ന് വിളിക്കുന്നു.

മകൂംബിയുടെ ഇരട്ടകൾ
ഉഗാണ്ടൻ പാരമ്പര്യത്തിൽ കുടുംബം എന്നത് പരമപ്രധാനമായ സാമൂഹ്യ സ്ഥാപനമാണ്. സങ്കീർണവും കെട്ടുപിണഞ്ഞതും കൃത്യമായി നിർവചിച്ച ബന്ധങ്ങളിൽ ഒതുങ്ങാത്തത്തുമായി അത് സാമൂഹ്യ ജീവിതത്തിൽ സർവ വ്യാപിയായി വർത്തിക്കുന്നു. ബന്ധുക്കൾ/കൂടപ്പിറപ്പുകൾ, മാതാപിതാക്കൾ/വളർത്തു മാതാപിതാക്കൾ, തുടങ്ങിയ ബന്ധുതയുടെ കള്ളികൾ പരസ്പരം കൂടിക്കലരുന്നു. അമ്മാവൻ എന്ന് വിളിക്കുന്നയാൾ ചിലപ്പോൾ അച്ഛനാവാം; കസിൻ, സഹോദരനും. ഒരു കുഞ്ഞിന് അമ്മമാരുണ്ടാവാം, അതിൽ യഥാർത്ഥ അമ്മയെന്ന് കരുതുന്നവർ അതായിരിക്കണം എന്നുമില്ല. അതുകൊണ്ട് ‘കിന്റു’വിന്റെ കഥ കുടുംബങ്ങൾ മൗനത്തിന്റെയും കെട്ടുകഥകളുടെയും സൃഷ്ടിയായി എങ്ങനെയാണ് ഉരുവമെടുക്കുന്നത് എന്ന കഥ കൂടിയാണ്. അത് സ്ഥലകാലങ്ങളുടെ വിടവുകൾ ചാടിക്കടന്നു ബന്ധങ്ങൾ ഇല്ലാതിരുന്നിടത്തു അത് സ്ഥാപിക്കുകയും പഴയ കഥ/ചരിത്രം അപര്യാപ്തമായിരുന്നയിടത്തു പുതിയ സത്യങ്ങൾ കണ്ടെത്തുകയും ചെയ്യുന്നു. അത് ഒരാൾ താനെവിടെ നിന്ന് വരുന്നുവെന്ന അന്വേഷണത്തിൽ സ്ഥലകാലങ്ങൾ പിന്നിടുന്നതിന്റെ കഥയാണ്.

ഇരട്ടകൾ എന്നത് സ്വത്വത്തിനുള്ളിലെ സംഘർഷം പരിഹരിക്കാനാവാതെ വിഭജിക്കപ്പെടുകയും രണ്ടായി പിറക്കുകയും ചെയ്ത ഒരൊറ്റ ആത്മാവായി കണക്കാക്കപ്പെടുന്ന ആഫ്രിക്കൻ പാരമ്പര്യം നോവലിൽ നിർണായകമാണ്. ഇരട്ടകളിൽ മൂത്തയാൾ അസ്സലും ഇളയയാൾ അതിന്റെ പകർപ്പുമായി കണക്കാക്കപ്പെടുന്നു. അതുകൊണ്ടാണ് കിന്റു മൂത്തവളായ ബബിരിയെ അവിവാഹിതയായിരിക്കെ ഇളയവളായ ന്നകാതോയെ മാത്രം വിവാഹം ചെയ്യാൻ മുതിരുന്നത് കുടുംബത്തെ ചൊടിപ്പിക്കുന്നത്. ന്നകാതോയുടെ ആത്മഹത്യയ്ക്ക് ശേഷം കിന്റു അങ്കലാപ്പിലാകുന്നതും ഈ ആത്മ ഐക്യത്തെ കുറിച്ചുള്ള ധാരണ മൂലമാണ്. നൂറ്റാണ്ടുകൾക്കിപ്പുറം സൂബിയെ വേട്ടയാടുന്നതും ഒരു ‘ഇരട്ട’യുടെ പ്രത്യക്ഷമാണ്: തന്നെപ്പോലൊരുത്തി, തന്റെതന്നെ വസ്ത്രമണിഞ്ഞ് ഇടയ്ക്കിടെ അവൾക്ക് പ്രത്യക്ഷയാകുന്നു. പിറവിയിലേ മരിച്ച തന്റെ ഇരട്ട തന്നെ കൂട്ടിക്കൊണ്ടു പോകാൻ എത്തിയതാണെന്നു വഴിയെ അവൾ മനസ്സിലാക്കുന്നു. മലേറിയ ബാധിതയായി മരണത്തെ മുഖാമുഖം കാണുന്ന സൂബിയെ ഈ അനുഭവം കടുത്ത സ്വത്വ സംഘർഷത്തിൽ എത്തിക്കുന്നുണ്ട്. ഹെലൻ ഒയേയെമിയുടെ നോവലുകളെ ഓർമിപ്പിക്കുന്നുണ്ട് നോവലിലെ ഒരു പ്രധാന പ്രമേയം തന്നെയായ മകൂംബിയുടെ ഇരട്ടകൾ.

ക്രിസ്തുമതം, മുസ്ലിം വിരുദ്ധത, കൊളോണിയലിസം
ക്രിസ്തു മതം കൊളോണിയൽ കടന്നു കയറ്റത്തിന്റെ അടയാളമായി കാണുന്ന ഒട്ടേറെ സന്ദർഭങ്ങൾ നോവലിൽ ഉണ്ട്. ഗർ
ഭിണിയാകുന്ന റൂത്തിനെ അവർ അവിശ്വാസിനിയായ മാഗ്ദയുടെ അരികിലെത്തിക്കുന്നു. ശക്തമായ പാത്ര സൃഷ്ടിയാണ് മാഗ്ദയുടെത്. ”മുത്തച്ഛന്റെയും മുത്തശ്ശിയുടെയും അഭിപ്രായത്തിൽ വഴക്കാളിയായ അവിശ്വാസിനി, അവന്റെ അമ്മയുടെ അഭിപ്രായത്തിൽ റാഡിക്കലായ ഒരു ഒരു പാരമ്പര്യവാദി” എന്നാണു പൗലോ അവരെക്കുറിച്ച് ചിന്തിക്കുന്നത്. ക്രിസ്തുമതം സ്വീകരിക്കാതിരിക്കുന്നതിനു മാഗ്ദയ്ക്ക് കൃത്യമായ കാരണങ്ങൾ ഉണ്ട്.

”ക്രിസ്തുമതം മനസ്സിനെ കുഴമറിച്ചു; അതല്ലെങ്കിൽ അവൾക്കെങ്ങനെയാണ് സ്വന്തം മനുഷ്യത്വത്തെ മുഴുവൻ ഒരു ചലിക്കുന്ന ബൈബിൾ ആക്കി മാറ്റാൻ വേണ്ടി മരവിപ്പിച്ചു നിർത്തിയ കനാനിയെ വിശദീകരിക്കാനാകുക?” മാമോദീസയോടൊപ്പം പേരു മാറ്റുന്ന ഏർപ്പാടിനെ അതിന്റെ ശരിയായ അർത്ഥത്തിൽ മനസ്സിലാക്കുന്നുണ്ട് മാഗ്ദ: ”കിന്റു എന്നു പേരായ ഒരു വെള്ളക്കാരനെ കണ്ടുമുട്ടുന്ന ദിനം എന്നാണോ അന്നായിരിക്കും ഞാൻ എന്നെ മാഗ്ദലീന എന്നു വിളിക്കുക”. തന്റെ കുടുംബം ‘അമിത വേഗത്തിൽ, അമിത ആഴത്തിൽ ക്രിസ്തു മതത്തിലേക്ക് കൂപ്പുകുത്തി’ എന്ന് അവൾ കരുതുന്നു. മതപരിവർത്തനത്തെ ദേശത്തെ വെള്ളക്കാരന് വിറ്റുകളയലായി അവൾ തിരിച്ചറിയുന്നു. എന്നാൽ ഗാന്റ പാരമ്പര്യത്തെ ക്രിസ്തുമതത്തിലേക്ക് വിറ്റുകളയുന്നതിൽ റൂത്തിന് ഒരു കുറ്റബോധവും തോന്നുന്നില്ല. പേരുമാറ്റമോ സംസ്‌കൃതിയോ പിതാമഹൻ കിന്റുവോ അവളെ അലട്ടുന്നേയില്ല. ”അമിൻ, ഒബോട്ടെയിൽ നിന്ന് അധികാരമേറ്റ ദിനം പോലും റൂത്ത് നടക്കാൻ പോയി, ഒബോട്ടെ, കബാക്ക മുതീസ രണ്ടാമനെ നാടുകടത്തിയതിനോടുള്ള അടിച്ചമർത്തപ്പെട്ടിരുന്ന ഗാന്റ രോഷം മുഴുവൻ ഗ്രാമങ്ങളിലും വ്യാപാര കേന്ദ്രങ്ങളിലും പാട്ടുകളായും നൃത്തവും കവിതയുമായും റോഡുകളിലേക്ക് അണപൊട്ടിയൊഴുകുന്നതു റൂത്ത് അന്നു പ്രാഭതത്തിൽ കണ്ടു”. മാഗ്ദയെ സംബന്ധിച്ച് റൂത്ത്, ടുട്‌സി കുട്ടിയെ ലോകത്തെത്തിക്കാൻ തെരഞ്ഞെടുക്കപ്പെട്ട ന്നകാതോ ആയിരുന്നു. റൂത്ത് അവനു ജോബ് എന്ന് പേരിടുന്നത് വ്യക്തമായ കാരണം കൊണ്ടുതന്നെയാണ്. കനാനിയാണ് പൗലോ എന്ന് പേരിടുക. കുട്ടി സ്വയം തെരഞ്ഞെടുക്കുന്ന പേരാകട്ടെ, അവന്റെ ടുട്‌സി പിതാവെന്നു സംശയിക്കപ്പെട്ടയാളുടെ പേരിനോട് ചേർത്തു കലമെൻസിര എന്നായിരിക്കും. അതു പിന്നീട് കലീമ എന്ന് ചുരുക്കപ്പെടും.

മൈസിയുടെ സുഹൃത്ത് കലീബുവിന്റെ വാക്കുകളിൽ തെളിയുന്ന ഉഗാണ്ടയിലെ മുസ്ലിം പീഡനത്തിന്റെ ചിത്രവും ക്രിസ്തുമതത്തിന്റെ കൊളോണിയൽ മനോഗതിയെ വിളംബരപ്പെടുത്തുന്നുണ്ട്. ഏതെങ്കിലും ഒരു മുസ്ലിം തെറ്റ് ചെയ്യുമ്പോൾ അതിനു മുഴുവൻ മുസ്ലിംകളും കുറ്റവാളികളായി കണക്കാക്കപ്പെടുന്നത് അയാൾ അനുഭവിച്ചിട്ടുണ്ട്. ‘കൊളോണിയൽ കാലത്ത് മുസ്ലിംകൾ അപഹസിക്കപ്പെട്ടു, പാർശ്വവത്കരിക്കപ്പെട്ടു. സ്വാതന്ത്ര്യത്തിനു ശേഷവും ക്രിസ്ത്യാനികളായ ഉഗാണ്ടാക്കാർ കൊളോണിയലിസ്റ്റുകൾ മുസ്ലിംകളോട് കാണിച്ച അതേ നിലപാട് സ്വീകരിച്ചു. അപ്പോഴാണ് ഈദി അമീന്റെ വരവ്. അയാളുടെ കൊടും ക്രൂരതകൾ മുസ്ലിംകളുടെ ഭീകരത സംബന്ധിച്ച വിശ്വാസങ്ങളെ ഉറപ്പിക്കുകയും മുദ്ര വയ്ക്കുകയും മാത്രമല്ല, അവർക്ക് പുതിയ പേടിസ്വപ്നങ്ങൾ ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തു. മൈസിക്ക് കലീബുവിന്റെ വികാരം മനസ്സിലായി. എഴുപതുകളിലെ ബ്രിട്ടനിൽ ഒരു കറുത്തവൻ മോഷ്ടിക്കുകയോ കൊലപാതകം നടത്തുകയോ ബലാത്കാരം ചെയ്യുകയോ ചെയ്ത പത്രവാർത്ത കണ്ടാൽ താനും കുറ്റവാളിയായി കണക്കാക്കപ്പെട്ടിരുന്നു”. അമീനെ അങ്ങേയറ്റം ചെകുത്താനായി അവതരിപ്പിക്കുന്നതിനു പിന്നിൽ വേറെയും ഘടകങ്ങൾ ഉണ്ടായിരുന്നുവെന്ന് കലീബു കരുതുന്നു: അയാൾ ഏറ്റവും ചെറിയതും നിന്ദിക്കപ്പെട്ടതും ആയിരുന്ന കാക്വാ ഗോത്രജനായിരുന്നു, വടക്കൻ ദേശക്കാരൻ ആയിരുന്നു, വിദ്യാസമ്പന്നൻ ആയിരുന്നില്ല, ഒരു മുസ്ലിം ആയിരുന്നു. ”ഒബോടെ വിദ്യാസമ്പന്നരെ ഒഴിവാക്കി, കാരണം നിങ്ങളുടെ ആളുകൾ കടലുകൾക്കക്കരെയും കേൾക്കും വിധം ഉറക്കെ കരഞ്ഞു. പകരം അയാൾ ഞങ്ങൾ കർഷകരുടെ നേരെ ഭീകരത അരങ്ങേറി, ആരും ഉപരോധങ്ങൾ കൊണ്ടുവന്നില്ല”.

മൈസിയുടെ മനസ്സിൽ മതവിദ്വേഷം വളരുന്നതും വംശീയതയുമായി ബന്ധപ്പെട്ടാണ്. റഷ്യയിൽ നേരിട്ട വംശീയത മൈസി
യെ ചൊടിപ്പിച്ചില്ല. എന്നാൽ യു.കെ.യും യു.എസ്.എ.യും ‘മനുഷ്യത്വത്തിന്റെ ദേശങ്ങൾ’ എന്ന് കേളികേട്ടവയായിരുന്നു. എന്നിട്ടും ”അയാൾ ക്ഷോഭത്തോടെ മനസ്സിലാക്കി, മധ്യ-ഉപരി വർഗ കൊളോണിയലിസ്റ്റുകൾ ഒരു കൃത്രിമ മെസ്സിയാനിക് വ്യക്തിത്വം കണ്ടുപിടിക്കുകയും സ്ഥിരപ്പെടുത്തുകയും ചെയ്തിരുന്നു. അതവർ കോളനികളിൽ ധരിച്ചു, എന്നാൽ സ്വന്തം നാട്ടിൽ അവർ വേറെ മനുഷ്യരായിരുന്നു.” ഇതാണ് അയാളെ മതവിരോധിയാക്കുന്നത്, ”ദൈവം ഒരു ആശയം ആയിത്തീർന്നു; ഒരു ദൈവമുണ്ടെങ്കിൽ അയാളൊരു വംശീയവാദിയായിരുന്നു. ക്ഷോഭത്തിൽ, മൈസി മതത്തിൽ നിന്ന് നടന്നകന്നു”. 1979-ൽ നാട്ടിൽ തിരികെയെത്തുമ്പോൾ പക്ഷെ എല്ലാവരും അയാളെ മുസുംഗു (പാശ്ചാത്യർക്ക്/പാശ്ചാത്യവത്കൃതർക്ക് നാട്ടുകാരുടെ വിളിപ്പേര്) ആയി കണക്കാക്കി, മകരെക യൂണിവേഴ്‌സിറ്റിയിലെ എല്ലാ അസംബന്ധങ്ങളും കണ്ടു മടുത്ത് മൈസി രണ്ടു കൊല്ലത്തിനകം രാജി വച്ച് ജന്മഗ്രാമത്തിലേക്ക് തിരിച്ചു പോയി അയാളൊരു കർഷകനായി. അതിജീവിച്ച ഏകമകളും സൈനിക അംഗവുമായ കുസിയെ അയാൾ തന്റെ പിൻഗാമിയായി കണ്ടു. ”ഒരു മകളെ പിൻഗാമിയായി തെരഞ്ഞെടുക്കുന്ന ആദ്യ ഗാന്റ പുരുഷൻ ഞാനായിരിക്കും.

അത് ചരിത്രത്തിൽ എഴുതൂ! എനിക്കെന്റെ എല്ലാ ആൺമക്കളെയും നഷ്ടപ്പെട്ടത് അവരെക്കാളെല്ലാം മികച്ച പിൻഗാമി എന്റെ മകളാണ് എന്ന് തിരിച്ചറിയാൻ വേണ്ടിയാണ്. അവരെന്തിനു മരിച്ചു എന്ന് ഇപ്പോൾ എനിക്കറിയാം. എന്റെ ആൺമക്കൾ മരിക്കണമായിരുന്നു, അപ്പോഴേ എനിക്ക് കാണാൻ ആവുമായിരുന്നുള്ളൂ”.

തന്റെ കുലത്തിന്റെ മുഴുവൻ പാപഭാരം താൻ ചുമക്കുന്നുവെന്ന് മൈസി കരുതുന്നു: ”ഞാനാണ് കുഞ്ഞാട്, തെരഞ്ഞെടുക്കപ്പെട്ടവൻ. കുലത്തിന്റെ ശാപം മുഴുവൻ ഞാനെന്റെ ശിരസ്സിൽ വഹിക്കുന്നു. ഞാനവനു ഹാം എന്ന് പേര് നൽകി, എന്നിട്ട് അവന്റെ വിധി തീരുമാനിച്ചു. നിങ്ങൾ അറിയാത്ത കാര്യമെന്തെന്നാൽ കുട്ടികളുടെ ശിരസ്സ് രക്ഷിതാക്കൾക്ക് പാഠങ്ങൾ രേഖപ്പെടുത്താനുള്ള ഇടമാണ്”. കറുത്തവൻ കുറഞ്ഞവനാണെന്ന പൊതുബോധത്തെയും അയാൾ കളിയാക്കുന്നുണ്ട്: ”അതൊരു സങ്കടകരമായ അവസ്ഥയാണ്. ശരാശരി ഐ ക്യു: 70 തിന്നാനും തൂറാനും
അത് മതി. പരമാവധി പതിനാലു വയസ്സ്. അവരെന്നെ ഭ്രാന്തൻ എന്ന് വിളിക്കുന്നു. പക്ഷെ ആഫ്രിക്കക്കാരൻ മറ്റുള്ളവർക്ക് ഭാരമാകാൻ പിറന്നവനാണ്, എന്നിട്ടോ അതിലൊട്ടും കുറ്റബോധവുമില്ല”. സൈനികയെന്ന നിലയിൽ വലിയ കാര്യങ്ങൾ ചെയ്യുന്നു എന്ന കുസിയുടെ ബോധത്തെ കുറിച്ചും അയാൾക്ക് അത്ര മതിപ്പില്ല ”അവൾ കരുതുന്നു അവൾ എങ്ങോട്ടോ പോകുകയാണെന്ന്, പാവം കുട്ടി, യഥാർഥത്തിൽ അവൾ മരണത്തെ കാത്തിരിക്കുക മാത്രമാണ്. ഞാൻ Waiting for Godot നിർദ്ദേശിച്ചേനേ, പക്ഷെ അതും മറ്റൊരു വൃഥാ വേലയാണ്, അല്ലെ?”

ബുഗാണ്ടൻ ആത്മീയതയിലെ വിശ്വാസ ക്രമങ്ങൾ സജീവമായി നിൽക്കുന്ന ഗോത്ര പാരമ്പര്യത്തിന്റെ ബാക്കിപത്രങ്ങളും ഇവാഞ്ചലിക്കൽ ക്രിസ്തീയതയും ഏതാണ്ട് മേളിക്കുന്ന ഒരു സന്ദർഭമായാണ് നോവലന്ത്യത്തിലെ ഒത്തുചേരലിന്റെ ഭാഗം ആവിഷ്‌കരിക്കുന്നത്. ഈസ്റ്റർ ദിനങ്ങൾക്കിടെ സംഘടിപ്പിക്കപ്പെടുന്ന കുടുംബ സംഗമത്തിൽ രക്തബലിയുടെയും ഉറഞ്ഞു തുള്ളി വെളിപാടു നടത്തുന്നതിന്റെയും ആവാഹനത്തിന്റെയും കർമങ്ങൾ അരങ്ങേറുന്നുണ്ട്. ബാധ കേറുന്ന സ്ത്രീ, തലയറഞ്ഞു ചുറ്റുകയും കൈവിരലുകളും കൈപ്പത്തിയിലെ എല്ലും ഒടിക്കുകയും ഏതാണ്ട് മൃതപ്രായയായി നിലത്തു വീഴുകയും ചെയ്യുന്നു. മൈസിയുടെ ‘രണ്ടു ലോകങ്ങളിൽ പൊങ്ങിക്കിടക്കുന്ന അവസ്ഥ’ മനുഷ്യൻ/വസ്തു ദ്വന്ദ്വത്തിൽ പെട്ടുപോയ ആദിപിതാവിനെ (Kintu) ഓർമിപ്പിക്കുന്നു. ഉന്മാദിയുടെ ലോകത്തിൽ കുട്ടി/ മുതിർന്നവൻ, ഭൂതകാലം/ വർത്തമാനം, മുൺടു/ മുസുംഗു, യൂറോപ്പ്/ ആഫ്രിക്ക എന്നിങ്ങനെ ദ്വന്ദ്വങ്ങൾ ഇടകലരുന്നു. മൈസി ജീവിച്ചിരിക്കുന്ന ഏക മകളോട് പറയുന്നു: ”നമ്മൾ ഹാമിന്റെ പിൻഗാമികൾ പോലുമല്ല. നാം ബാന്റുവാണ്”. അദ്ദേഹം ഇപ്പോൾ ഒരു വ്യത്യസ്ത വ്യക്തിയാണെന്ന് അവൾ കരുതുന്നു. ജാഗ്രത്തിനും ഉന്മാദത്തിനും മധ്യലോകത്തിൽ നിവസിക്കുന്ന ഒരാൾ. ഒരു പക്ഷെ ‘കിന്റു’ ഉറ്റുനോക്കുന്നത് എല്ലാ വൈരുധ്യങ്ങളും നിലനിൽക്കുകതന്നെ ചെയ്യുന്ന ഒരു മനുഷ്യ സങ്കല്പത്തെയാണ് എന്ന് പറയാം. യു.കെ.യിൽ താമസിക്കുന്നതിനെ കുറിച്ച് മകൂംബി നടത്തിയ നിരീക്ഷണം കൂടി ഇതോടു ചേർത്തു വായിക്കാം: ”ഇവിടെ നിങ്ങൾ ഉഗാണ്ടാക്കാരിയാണ്. നാട്ടിൽ നിങ്ങൾ മനുഷ്യൻ മാത്രവും”

Related tags : BooksFazal RahmanUgandan Novel

Previous Post

പനയാൽ കഥകൾ: മൺവിളക്കുകൾ ജ്വലിക്കുേമ്പാൾ…

Next Post

നദിയുടെ അടയാളങ്ങൾ, ജീവിതത്തിന്റെയും

Related Articles

വായന

ഗൂഢലോകങ്ങൾ തുറന്നു കാട്ടുന്ന ഇന്ദുഗോപൻ കഥകൾ

വായന

അർത്ഥത്തിന് അടുത്ത് കിടക്കുന്ന അർത്ഥം

വായന

അളന്നെടുക്കുന്നവരുടെ ലോകം

വായന

ഇ.ഐ.എസ്. തിലകന്റെ കവിതകൾ

വായന

ബംഗാളി കലാപം: ഭയം ഭക്ഷിക്കുന്നവർ!

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles from

ഫസൽ റഹ്മാൻ

ടർക്കിഷ് നോവൽ: പതിതരുടെ നഗരം – മൃതിയുടെയും

കിന്റു: ദി ഗ്രേറ്റ് ഉഗാണ്ടൻ നോവൽ

ബഹുരൂപ സംഘർഷങ്ങളുടെ യുദ്ധമുഖങ്ങൾ

പുണ്യ നഗരിയുടെ പെണ്ണെഴുത്ത്

അയോബാമി അദേബായോ/ ഫസൽ റഹ്മാൻ

നരഭോജികളും കോമാളികളും – അധികാരത്തിന്റെ മുതല ജന്മങ്ങൾ

നിധിവേട്ടയുടെ ഭ്രാന്ത ലോകങ്ങൾ

ഗ്രിഗോർ സാംസ തെരുവിലിറങ്ങുന്നില്ല

ബോധാബോധങ്ങളുടെ തീരം

സമാധാനം ആവശ്യപ്പെടുന്നത്

കിഗാലിയില്‍ കേയ്ക്ക് പാകമാകുന്നു; പുതിയ ജീവിതവും

Latest Updates

  • മണിപ്പൂർ ഡയറി-2: സ്നേഹത്തിന്റെ മുഖങ്ങൾSeptember 21, 2023
    മണിപ്പൂരിനെ കൂടുതൽ അറിയാൻ അവിടുത്തെ ഭൂപ്രകൃതിയും മനസ്സിലാക്കണം. 10 ശതമാനം വരുന്ന ഇംഫാൽ […]
  • ജയന്ത മഹാപത്ര: ഒഡീഷയെ ഇംഗ്ലീഷിൽ എഴുതിയ കവിSeptember 21, 2023
    പ്രമുഖ സാഹിത്യകാരനും കവിയുമായ ജയന്ത മഹാപാത്ര കഴിഞ്ഞ മാസം അന്തരിച്ചു. ഇംഗ്ലീഷ് കവിതയ്ക്ക് […]
  • പരകായ ആവേശംSeptember 20, 2023
    ഇരുട്ടുപരന്നാൽ മാത്രംചലനാത്മകമാകുന്നചിലജീവിതങ്ങളുണ്ട്.പൊന്തക്കാടുകളിൽനൂണ്ട് നുണ്ട്വെളിച്ചത്തിന്റെഉറവ തേടിത്തേടിജീവിതംഇരുട്ട് മാത്രമാണെന്ന‘ബോധ്യത്തിൽ’വിരാമമായവർ . (പെരുച്ചാഴികളെക്കുറിച്ച്മാത്രമല്ല ) ‘സന്തോഷ’മെന്നത്തൊലിപോലെകറുത്തതാണെന്നും,വെളിച്ചംവെളിവുകിട്ടാത്തവെളുപ്പാണെന്നുംപെരുച്ചാഴികൾക്കുംതിരിച്ചറിവുണ്ടായിട്ടുണ്ട്.( മുൾക്കാടുകൾ […]
  • കരുവന്നൂർ ബാങ്ക് അന്വേഷണം ഫലം കാണുമോ?September 19, 2023
    സഹകരണ ബാങ്കുകളിലെ തട്ടിപ്പിന് ഇരയാകുന്ന മനുഷ്യരുടെ കഥകൾ പത്രവാർത്തകളിൽ ഇടം പിടിച്ചു തുടങ്ങിയിട്ട് […]
  • ചിത്ര പാടുമ്പോള്‍September 15, 2023
    ചിത്ര പാടുമ്പോള്‍വിചിത്രമാം വീണയില്‍സ്വപ്നവിരല്‍ ചേര്‍ത്തിരിപ്പൂനാദമതേതോ ശ്രുതിയിണങ്ങി,യെന്‍റെചേതനയില്‍ രാഗലോലം. ചിത്ര പാടുമ്പോള്‍സചിത്രമേതോ നിലാ_വുച്ചിയിലായ് പൂത്തിരിപ്പൂനിശ്ചലമെന്നായാക്കണ്ഠരവങ്ങങ്ങളില്‍സ്വച്ഛമാമാലാപനാര്‍ദ്രം. […]
  • ഇന്ത്യാ സഖ്യം ഹിന്ദുക്കളെ ഉന്മൂലനം ചെയ്യാൻ: ബി ജെ പിSeptember 14, 2023
    രണ്ട് ഡസനിലധികം പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടുന്ന ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് […]

About Us
mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions
Corporate Address
Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.
Regional Office
No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035
Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven